Wednesday, December 20, 2017

ക്രിസ്തുമസ് ആശംസകള്‍


ഡിസംബര്‍ മാസം ഓര്‍മ്മകളുടെ മാസമാണ്. ഒരു വര്‍ഷത്തിന്റെ അവസാനത്തെ ഓര്‍മ്മിപ്പിയ്ക്കുന്ന, നമ്മുടെയെല്ലാം ജീവിതത്തില്‍ നിന്ന് ഒരു കലണ്ടര്‍ വര്‍ഷം കൂടെ നഷ്ടപ്പെടുകയാണ് എന്ന് ഓര്‍മ്മിപ്പിയ്ക്കുന്ന മാസം. നമ്മെ കാത്തിരിയ്ക്കുന്ന പുതിയൊരു വര്‍ഷത്തിന്റെ പ്രതീക്ഷകള്‍ ഉള്ളിലുണ്ടാകുമെങ്കിലും നഷ്ടങ്ങളുടെ സ്വന്തം കൂട്ടുകാരനാണ് എന്നും ഡിസംബര്‍...

എങ്കിലും ഈ ഡിസംബറിനെ പരമാവധി ആഘോഷത്തോടെ യാത്രയാക്കുന്നതില്‍ നമ്മള്‍ ഒരിയ്ക്കലും പിശുക്കു കാണിയ്ക്കാറില്ല എന്ന തും ശ്രദ്ധേയമാണ്. ക്രിസ്തുമസ്സ് നാളുകള്‍ എന്നും ഡിസംബറിന് ഒരു ഉത്സവച്ഛായ തന്നെ പ്രദാനം ചെയ്യാറുണ്ട്.

നമ്മള്‍‌ ഏവരുടെയും ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ എന്നും രസകരവും ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്നവയും ആയിരിയ്ക്കും എന്നുറപ്പാണ്. പ്രത്യേകിച്ചും കുട്ടിക്കാലത്തെ ഓര്‍‌മ്മകള്‍.

കരോള്‍ ഗാനത്തിന്റെ അകമ്പടിയോടെ ചുവന്ന വസ്ത്രവും തൊപ്പിയുമായി കടന്നുവരുന്ന ക്രിസ്മസ് പാപ്പ തന്നെയാണ് ക്രിസ്തുമസ്സ് ദിനങ്ങളുടെ ഹൈലൈറ്റ്! സമ്മാനപ്പൊതികളുമായി നമ്മെ കാണാന്‍ വരുന്ന സാന്താക്ലോസ്!!!

ക്രിസ്തുമസ് ഒരു വികാരമാണ്... സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും പ്രതീക്ഷകളുടെയും... ഒപ്പം ആരൊക്കെയോ നമ്മെ ഓര്‍‌മ്മിയ്ക്കാനും സ്നേഹിയ്ക്കാനും ഉണ്ട് എന്ന ഒരു ഓര്‍‌മ്മപ്പെടുത്തലും ...

കഴിഞ്ഞു പോയ ക്രിസ്തുമസ് നാളുകള്‍‌ നമ്മുടെ മനസ്സിലെ മായാത്ത ഓര്‍‌മ്മകളായി മാറിക്കഴിഞ്ഞു. ഇനി വരാനിരിയ്ക്കുന്ന ക്രിസ്തുമസ് നാളുകള്‍ വരും നാളുകളിലേയ്ക്ക് ഓര്‍‌ത്തു വയ്ക്കാനുതകുന്ന നിറമുള്ള ഓര്‍‌മ്മകളാക്കി മാറ്റാന്‍ നമുക്ക് ഒരുമിച്ചു ശ്രമിയ്ക്കാം.

എല്ലാവര്‍‌ക്കും സന്തോഷപ്രദമായ ഒരു ക്രിസ്തുമസ് ആശംസിയ്ക്കുന്നു.


Thursday, July 20, 2017

കന്നഡ ഗൊത്തില്ല


ഓരോ നാട്ടിലും ചെന്ന് താമസിയ്ക്കുമ്പോള്‍ അവിടുത്തെ ഭാഷ അറിഞ്ഞിരുന്നാലത്തെ സൌകര്യം... അതൊന്ന് വേറെ തന്നെയാണ്. അതേ സമയം ഭാഷ അറിയാത്ത ഒരാളുടെ കാര്യം പലപ്പോഴും പരിതാപകരവുമാണ്.

പഠന കാലത്ത് വെറും രണ്ടു വര്‍ഷമേ തമിഴ് നാട്ടില്‍ താമസിച്ചിരുന്നുള്ളൂവെങ്കിലും ആ രണ്ടു വര്‍ഷം കൊണ്ട് തമിഴ് അത്യാവശ്യം കൈകാര്യം ചെയ്യാന്‍ പഠിച്ചെടുത്തു. വേറെ നിവൃത്തി ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഒരുമാതിരി അദ്ധ്യാപകരുള്‍പ്പെടെ 90% പേരും തമിഴ് മാത്രമേ സംസാരിയ്ക്കൂ എന്ന് വന്നപ്പോള്‍ ഞങ്ങളെല്ലാവരും അത് പരിചയിയ്ക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

എന്നാല്‍ ബാംഗ്ലൂരിലെ കാര്യം നേരെ മറിച്ച് ആണ്. ഇവിടെ വന്നിട്ട് ഇപ്പോ വര്‍ഷം 10 ആയി. പറയുന്നത് കേട്ടാല്‍ ഒരു വിധമൊക്കെ മനസ്സിലാകും എന്നതൊഴിച്ചാല്‍ ആ ഭാഷ നേരാം വണ്ണം ഉപയോഗിയ്ക്കാന്‍ ഞാന്‍ ഇതു വരെ പ്രാപ്തനായിട്ടില്ല. ഞാന്‍ മനസ്സിലാക്കിയിടത്തോളം അതിന് ഒരു കാരണവും ഉണ്ട്. കന്നട അറിഞ്ഞില്ലെങ്കിലും ബാംഗ്ലൂര്‍ നഗരത്തില്‍ ജീവിയ്ക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല എന്നത് തന്നെ കാര്യം. ഇവിടെ ഉള്ള നാട്ടുകാരും കച്ചവടക്കാരും ഉള്‍പ്പെടെയുള്ളവരില്‍ സിംഹഭാഗവും പല ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരാണ്. ബാംഗ്ലൂരില്‍ വന്ന കാലത്ത് അത്യാവശ്യം സാധനങ്ങളുടെയും നിത്യോപയോഗവസ്തുക്കളുടെയും പേരുകള്‍ ഒക്കെ കന്നടയില്‍ പഠിച്ചു തുടങ്ങിയതാണ്. പക്ഷേ, അത് എങ്ങുമെത്തിയില്ല. കാരണം അത് ഉപയോഗിയ്ക്കേണ്ടി വരുന്നില്ല എന്നതു തന്നെ.

ഒരു സാധനം വാങ്ങാനായി ഒരു കന്നടക്കാരന്റെ കടയില്‍ ചെന്ന് അത് വേണം എന്ന് കന്നടയില്‍ പറഞ്ഞു മനസ്സിലാക്കാന്‍ തുടങ്ങുമ്പോഴേ കടക്കാരനു മനസ്സിലാകും, നമ്മള്‍ ഈ നാട്ടുകാരനല്ല എന്ന്. അപ്പോള്‍ അയാള്‍ നമ്മളെ സഹായിയ്ക്കാനായി നമ്മള്‍ ഉദ്ദേശിയ്ക്കുന്നത് എന്താണെന്ന് ഹിന്ദിയിലോ ഇംഗ്ലീഷിലോ ഒക്കെ തിരിച്ചു ചോദിയ്ക്കും. അങ്ങനെ നമ്മുടെ കന്നട പഠിയ്ക്കാനുള്ള ശ്രമം അവര്‍ മുളയിലേ നുള്ളിക്കളയും (ദുഷ്ടന്മാര്‍). പിന്നെ പിന്നെ, അയാള്‍ക്ക് കന്നട ഇല്ലാതെയും  കാര്യം മനസ്സിലാകുമെന്ന് തിരിച്ചറിയുന്ന നമ്മള്‍ ആ കടയില്‍ നമ്മുടെ പൊട്ടക്കന്നട പരീക്ഷിയ്ക്കാതെയുമാകും. ഇത് ഒക്കെ തന്നെയാകും മറ്റൂ പലയിടങ്ങളിലും അനുഭവം.

എന്നാലും ചില സാഹചര്യങ്ങളില്‍ വേണ്ട പോലെ ഭാഷ പ്രയോഗിയ്ക്കാനറിയാതെ പൊട്ടന്മാരാകേണ്ടി വരുന്ന സാഹചര്യങ്ങളും തീരെ കുറവല്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരിയ്ക്കല്‍ ഞാനും സുഹൃത്തും മജെസ്റ്റിക്കില്‍ നിന്ന് മഡിവാളയ്ക്ക് തിരിച്ചു വരുകയാണ്. ഞങ്ങള്‍ അന്ന് താമസിയ്ക്കുന്നത് മഡിവാളയില്‍ ആണ്. മജെസ്റ്റിക്കിലേയ്ക്ക് പോകുന്ന ബസ് നമ്പറും തിരിച്ച് മഡിവാള വഴി പോകുന്ന ബസ് നമ്പറും മാത്രം അറിയാം. (അല്ലാതെ എങ്ങോട്ട് പോകുന്ന ബസ് ആണെന്ന് കന്നടയില്‍ എഴുതിയിരിയ്ക്കുന്നത് വായിയ്ക്കാന്‍ അറിയില്ല - അന്നും ഇന്നും). അങ്ങനെ ഞാനും സുഹൃത്തും മജെസ്റ്റിക്കില്‍ നിന്ന് തിരിച്ച് മഡിവാള വഴി പോകുന്ന ബസ്സില്‍ കയറി. എനിയ്ക്ക് ബസ്സിന്റെ ഏതാണ്ട് പുറകിലായി ഒരു സൈഡ് സീറ്റ് ആണ് കിട്ടിയത്. ബസ്സ് പുറപ്പെട്ടു, കുറച്ചു ദൂരം കഴിഞ്ഞപ്പോ റോഡില്‍ ചെറിയൊരു ബ്ലോക്കില്‍ പെട്ടു കിടക്കുകയാണ്.

പെട്ടെന്ന് റോഡ് സൈഡില്‍ നിന്ന ഒരാള്‍ ബെസ്സിനടുത്തേയ്ക്ക് വന്നു. ഞാന്‍ ഇരുന്നിരുന്ന സീറ്റിനടുത്താണ് അയാള്‍ എത്തിയത്. അയാളോട് ഏറ്റവും അടുത്ത്  കിട്ടിയ ആള്‍ ഞാനായതു കൊണ്ടും ബസ്സിന്റെ മുന്‍പില്‍ പോയി അതെങ്ങോട്ട് പോകുന്നതാണെന്ന് മനസ്സിലാക്കാനുള്ള സമയം കിട്ടിയേക്കില്ല എന്നുള്ളതു കൊണ്ടും അയാള്‍ ധൃതിയില്‍ എന്നോട് ചോദിച്ചു... ഈ ബസ് "......" എന്ന സ്ഥലത്തേയ്ക്ക് പോകുമോ എന്ന്... (ഏതോ ഒരു സ്ഥലപ്പേര്... ഞാന്‍ മുന്‍പ് കേട്ടിട്ടു പോലുമില്ല). ഞാന്‍ കണ്ണു മിഴിച്ചു. എന്നിട്ട് "അറിയില്ല" എന്ന ഭാവത്തില്‍ തലയാട്ടി. ഒരു നിമിഷം ആലോചിച്ച ശേഷം അയാള്‍ ചോദ്യം ഒന്ന് മാറ്റി... "ശരി, ഇത് എങ്ങോട്ടേയ്ക്ക് പോകുന്ന ബസ് ആണ്?"  ചോദ്യങ്ങള്‍ കന്നടയില്‍ ആയിരുന്നെങ്കിലും അത്രയൊക്കെ ആര്‍ക്കും മനസ്സിലാകുമല്ലോ.

ഞാന്‍ പിന്നെയും ഒന്ന് പരുങ്ങി. അതും എനിയ്ക്കറിയില്ലല്ലോ. ഞാന്‍ പിന്നെയും നിസ്സഹായാവസ്ഥയില്‍ അറിയില്ലെന്ന് തല കുലുക്കി.  സഹി കെട്ട് അയാള്‍ അടുത്തതായി ചോദിച്ചത് ഇത് എവിടെ നിന്ന് വരുന്ന ബസ് ആണെന്നാണെന്ന് തോന്നുന്നു. ആ ചോദ്യം തന്നെ എനിയ്ക്ക് ശരിയ്ക്ക് മനസ്സിലായില്ല. ഞാന്‍ ആകെ ചമ്മലിലായി. അയാളോട് എന്ത് പറയണം എന്നറിയാതെ ഞാന്‍ എനിയ്ക്ക് ആകെ അറിയാവുന്ന കന്നട അങ്ങ് പ്രയോഗിച്ചു "ഗൊത്തില്ല". എന്റെ പ്രതികരണം കണ്ട് അയാള്‍ ആകെ ഷോക്ക്‍ഡ് ആയ പോലെ. "ഇവന്‍ എന്ത് മനുഷ്യനാണ്? എവിടുന്ന് വരുന്ന ബസ്സ് ആണെന്നറിയില്ല. എങ്ങോട്ട് പോകുന്നു എന്നും അറിയില്ല. എന്നിട്ട് ബസ്സില്‍ കയറി ഞെളിഞ്ഞിരിയ്ക്കുകയും ചെയ്യുന്നു" എന്ന അതിശയം അയാളുടെ മുഖത്ത് തെളിഞ്ഞു നിന്നു. ആ ഒരു ഷോക്കില്‍ കണ്‍ഫ്യൂഷനടിച്ച് അയാള്‍ നിന്ന സമയം കൊണ്ട് ബസ്സ് ബ്ലോക്ക് ഒക്കെ മാറി നീങ്ങി തുടങ്ങിയതിനാല്‍ ഞാന്‍ രക്ഷപ്പെട്ട ആശ്വാസത്തോടെ ഒരു ദീര്‍ഘശ്വാസവും വിട്ട് എന്റെ യാത്ര തുടര്‍ന്നു.

"എന്റെ പൊന്നു ചേട്ടാ... ഞാന്‍ മജസ്റ്റിക്കില്‍ പോയിട്ട് മഡിവാളയ്ക്ക് തിരിച്ചു പോകുന്ന വഴിയാണ്. ഈ ബസ്സ് മഡിവാളയില്‍ പോകും എന്ന് മാത്രമേ എനിയ്ക്ക് അറിയൂ" എന്നൊക്കെ അദ്ദേഹത്തോട് ഒന്ന് പറഞ്ഞു മനസ്സിലാക്കണം എന്നു ഒരാഗ്രഹം എനിയ്ക്കുണ്ടായിരുന്നു (സത്യം പറഞ്ഞാല്‍ ഇപ്പോഴും ഉണ്ട്) പക്ഷേ, അതൊക്കെ എങ്ങനെ പറഞ്ഞ് ഒപ്പിയ്ക്കും എന്ന് അറിയാതെ നിസ്സഹായനായി മണ്ടനെ പോലെ ഇരിയ്ക്കേണ്ടി വന്നു, അന്ന്.

കുറച്ചു നാള്‍ മുന്‍പ്  ഒരു സഹപ്രവര്‍ത്തകന്‍ സനോജ് കാറില്‍ ഓഫീസിലേയ്ക്ക് വരുകയായിരുന്നു. വരും വഴി പുറകേ ഒരുത്തന്‍ ഒരു ബൈക്കില്‍ നിര്‍ത്താതെ ഹോണടിച്ച് വരുന്നത് കണ്ടപ്പോള്‍ എന്തോ കാര്യം ഉണ്ട് എന്ന് മനസ്സിലാക്കി കക്ഷി കാര്‍ സ്ലോ ചെയ്തു. പ്രതീക്ഷിച്ചതു പോലെ തന്നെ പിറകേ വന്നവന്‍ നേരെ വന്ന് ഓവര്‍ടേക്ക് ചെയ്ത് വണ്ടി ചവിട്ടി നിര്‍ത്തി എന്റെ സുഹൃത്തിനോട് ശബ്ദമുയര്‍ത്തി കന്നടയില്‍ കുറേ ചീത്ത പറഞ്ഞു. എന്തിനാണ് അയാള്‍ വന്ന് ചീത്ത പറഞ്ഞത് എന്നോ എന്താണ് ആ രണ്ടു മിനിട്ട് അയാള്‍ പറഞ്ഞതെന്നോ സനോജിന് മനസ്സിലായില്ല. അതു കൊണ്ടു തന്നെ തന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടായിട്ടുണ്ടോ ഇല്ലയോ എന്നു പോലും മനസ്സിലാക്കാതെ കക്ഷി അയാളോട് "സോറി" എന്ന് മാത്രം പറഞ്ഞ് അവിടെ നിന്ന് ഊരി പോരുകയായിരുന്നു.

ഇടയ്ക്ക് എപ്പോഴെങ്കിലും ഈ ടോപ്പിക്ക് സംസാരിയ്ക്കേണ്ടി വരുമ്പോള്‍ "എന്നാലും എന്തിനായിരുന്നു അയാള്‍ അന്ന് ചീത്ത പറഞ്ഞത്" എന്നും പറഞ്ഞ് സനോജ് ചിന്താമഗ്നനായി ഇരിയ്ക്കുന്നത് ഇപ്പോഴും കാണാറുണ്ട്.

കഴിഞ്ഞ വര്‍ഷം മറ്റൊരു സഹപ്രവര്‍ത്തകന്‍ ആയ ഇജാസ് ഓഫീസില്‍ നിന്ന് താമസ സ്ഥലത്തേയ്ക്ക് ബസ്സില്‍ പോകുകയായിരുന്നു. ഇടയ്ക്ക് ഓഫീസില്‍ വീണു കിട്ടുന്ന ഇടവേളകളില്‍ കന്നടക്കാരായ സഹപ്രവര്‍ത്തകരോട് ചോദിച്ച് കുറച്ചെന്തെങ്കിലും കന്നട വാക്കുകള്‍ പഠിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ഒരു സ്വഭാവവും കക്ഷിയ്ക്ക് ഉണ്ടായിരുന്നു. അങ്ങനെ ഒരിയ്ക്കല്‍ കന്നടക്കാര്‍ സംസാരിയ്ക്കുന്നതു പോലെ തന്നെ കണ്ടക്ടറോട് ചോദിയ്ക്കുവാനായി എന്തോ ഒന്നു രണ്ടു വാചകങ്ങള്‍ (വേറേ ഏതോ സ്ഥലത്തെ കുറിച്ചോ, അങ്ങോട്ട് ഏത് ബസ്സ് കിട്ടുമെന്നോ എത്ര സമയമെടുക്കുമെന്നോ അങ്ങനെ എന്തൊക്കെയോ രണ്ടു മൂന്നു വാചകങ്ങള്) നല്ല ഫ്ലുവന്റ് ആയി പറയാന്‍ പഠിച്ച് (അത് പ്രാക്ടീസ് ചെയ്ത് കന്നട സഹപ്രവര്‍ത്തകര്‍ സര്‍ട്ടിഫൈ ചെയ്ത ശേഷം)കക്ഷി ബസ്സില്‍ കയറി.

മുന്‍ നിശ്ചയപ്രകാരം ഇജാസ് കണ്ടക്ടറുടെ കയ്യില്‍ നിന്ന് ടിക്കറ്റ് എടുത്ത ശേഷം അയാളെ ഒറ്റയ്ക്ക് കിട്ടിയ ഗ്യാപ്പില്‍ തന്നെ കന്നട പരിജ്ഞാനം പരീക്ഷിയ്ക്കാന്‍ തീരുമാനിച്ചു. അയാളോട് താന്‍ പഠിച്ചു വച്ച കന്നട വാചകങ്ങള്‍ വളരെ നാച്ചുറലായി അവതരിപ്പിച്ചു. അവന്റെ ഉച്ചാരണവും ശൈലിയുമെല്ലാം കേട്ട് ഇവന്‍ ഒരു കന്നടക്കാരനായിരിയ്ക്കും എന്ന് ധരിച്ച കണ്ടക്ടര്‍ നല്ല കന്നടയില്‍ കക്ഷിയുടെ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി മറുപടി പറയുകയും ചെയ്തു. അവിടം വരെ കഥ സ്ക്രിപ്റ്റ് അനുസരിച്ചു തന്നെ നീങ്ങി.

എന്നാല്‍ അതിനു ശേഷമാണ് കഥ മാറിയത്. ഇവന്‍ ഏതോ കന്നടക്കാരനാണെന്ന് ധരിച്ച കണ്ടക്ടര്‍ ഇവനോട് തിരിച്ച് വേറെ എന്തൊക്കെയോ കന്നടയില്‍ ചോദിച്ചു. എന്നാല്‍ പഠിച്ചു വച്ചിരിയ്ക്കുന്ന കന്നട അതേ പോലെ പ്രയോഗിയ്ക്കാന്‍ മാത്രമാണല്ലോ എന്റെ സുഹൃത്ത് പഠിച്ചിരുന്നത്. അതു കൊണ്ടു തന്നെ, അയാള്‍ എന്താണ് ചോദിച്ചത് എന്നു മനസ്സിലാക്കാതെ ഇവന്‍ അന്തം വിട്ട് മിണ്ടാതെ വായും പൊളിച്ച് നിന്നു. അയാള്‍ പിന്നെയും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഉത്തരം പറയാതെ തനിയ്ക്ക് പറ്റിയ അമളി ഓര്‍ത്ത് അവന്‍ അയാളുടെ മുന്നില്‍ നിന്ന്ചിരിച്ചു പോകുകയും ചെയ്തു. അയാള്‍ ചോദിച്ചത് സീരിയസ് ആയ എന്തോ കാര്യമായിരുന്നതിനാല്‍ ഇവന്‍ മറുപടി പറയാതെ ചിരിച്ചു കൊണ്ടിരുന്നത് അയാളെ പ്രകോപിപ്പിയ്ക്കുകയും അയാള്‍ ശബ്ദമുയര്‍ത്തി കക്ഷിയെ ചീത്ത പറയാന്‍ തുടങ്ങി.

പിന്നെ ഒരു വിധത്തില്‍ അവന്‍ അയാളോട് തനിയ്ക്ക് കന്നട ശരിയ്ക്ക് അറിയില്ലെന്നും മറ്റും ഒരു വിധം പറഞ്ഞ് മനസ്സിലാക്കി അവിടെ നിന്ന് തടിയൂരുകയായിരുന്നു. എന്തായാലും അതോടെ കന്നട പഠിയ്ക്കാനുള്ള പ്ലാനും കക്ഷി ഉപേക്ഷിച്ചു.

ഇതു പോലെ നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിലെ ഏറ്റവും അവസാനത്തേതായിരുന്നു മറ്റൊരു സുഹൃത്തായ സുദിന് ഈ അടുത്ത കാലത്ത് നേരിട്ട സംഭവം. കക്ഷി ഹൂഡി സര്‍ക്കിളില്‍ നിന്ന് ഹോപ്ഫാം പോകുന്ന ബസ്സില്‍ ITPL ഉള്ള ഓഫീസിലേയ്ക്ക് വരാനായി കയറിയതായിരുന്നു. കുറച്ചു ദൂരം കഴിഞ്ഞ് ബിഗ് ബസാര്‍ സിഗ്നല്‍ എത്താറായപ്പോള്‍ ബാംഗ്ലൂര്‍ നിവാസി അല്ലാത്ത ഒരു കന്നടക്കാരന്‍ വൃദ്ധന്‍ സുദിന്റെ അടുത്ത് വന്ന് കന്നടയില്‍ ചോദിച്ചു.

"സത്യ സായി ഹോസ്പിറ്റല്‍ ഗേ ഹോഗ ബേകാന്ത്രെ എല്ലി ഇലി ബേക്കു" [ സത്യസായി ഹോസ്പിറ്റല്‍ ലേയ്ക്ക് പോകാനായി എവിടെയാണ് ഇറങ്ങേണ്ടത്?]

ചോദ്യം എന്താണെന്ന് സുദിന് കൃത്യമായി മനസ്സിലായി. സത്യ സായി ഹോസ്പിറ്റല്‍ വേറെ റൂട്ടില്‍ ആണ്. അങ്ങോട്ട് പോകണമെങ്കില്‍ ബിഗ് ബസാര്‍ സ്റ്റോപ്പില്‍ തന്നെ ഇറങ്ങണം. അവിടെ നിന്ന് വൈദേഹി ഹോസ്പിറ്റല്‍ വഴി പോകുന്ന ഏതെങ്കിലും ബസ്സില്‍ മാറി കേറണം.

പക്ഷേ, എന്റെയും മറ്റു സുഹൃത്തുക്കളുടെയും കാര്യം പറഞ്ഞതു പോലെ തന്നെ സുദിനും കന്നട കേട്ടാല്‍ കുറേയൊക്കെ മനസ്സിലാകുമെന്നല്ലാതെ തിരിച്ച് പറയാന്‍ ബുദ്ധിമുട്ടാണ്. ബസ് ആണെങ്കില്‍ കൃത്യം ആ സിഗ്നലില്‍ എത്തിയിരിയ്ക്കുകയാണ്. അങ്ങോട്ട് പോകണമെങ്കില്‍ അയാള്‍ അപ്പോള്‍ തന്നെ അവിടെ ഇറങ്ങുകയും വേണം. അതു കൊണ്ട് അറിയാവുന്ന കന്നട വച്ച് സുദിന്‍ ധൃതിയില്‍ പറഞ്ഞ് ഒപ്പിച്ചു.
 "ഇല്ലി കുത്ത്‌കൊള്ളി"

അവന്‍ ഉദ്ദേശ്ശിച്ചത് "വേഗം ഇവിടെ ഇറങ്ങിക്കോ" എന്ന് ആയിരുന്നു. പക്ഷെ, പറഞ്ഞതിന്റെ അര്‍ത്ഥമാണെങ്കില്‍ "ഇവിടെ ഇരുന്നോളൂ" എന്നും . സ്ഥലം ഉടനെ ഒന്നും എത്തില്ല എന്നും എത്തുമ്പോള്‍ എഴുന്നേറ്റാല്‍ മതിയാകും എന്നും ആണ് സുദിന്റെ മറുപടിയില്‍ നിന്ന് ആ പാവം വൃദ്ധന്‍ മനസ്സിലാക്കിയത്. സ്ഥലം ആകുമ്പോള്‍ കക്ഷി അദ്ദേഹത്തെ വിളിച്ച് ഇറക്കിക്കോളുമായിരിയ്ക്കും എന്നും ആ പാവത്തിന് തോന്നിക്കാണും. ആ ആശ്വാസത്തില്‍ അയാള്‍ അടുത്ത് ഒഴിഞ്ഞു കണ്ട സീറ്റില്‍ കയറി സമാധാനത്തോടെ ഇരുപ്പായി.

വണ്ടി ആണെങ്കില്‍ ആ ജങ്ങ്ഷന്‍ കഴിഞ്ഞ് അവിടെ നിന്ന് നീങ്ങാനും തുടങ്ങി. പണി പാളി എന്ന് മനസ്സിലാക്കിയ സുദിന്‍ ആ വൃദ്ധനെ "താന്‍ ഉദ്ദേശ്ശിച്ചത് അവിടെ ഇരിയ്ക്കാനല്ല, അവിടെ ഇറങ്ങാനാണ്" എന്ന് എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നറിയാതെ കുഴങ്ങി. പിന്നെ അത് തന്നെക്കൊണ്ട് പറഞ്ഞു മനസ്സിലാക്കാനൊക്കില്ല എന്ന നഗ്ന സത്യം മനസ്സിലാക്കി, രണ്ടും കല്പിച്ച് പെട്ടെന്ന് ഒരു തീരുമാനമെടുത്തു. തൊട്ടടുത്ത സ്റ്റോപ്പില്‍ തന്നെ, ITPL ഓഫീസ് സ്റ്റോപ്പിനും മുന്‍പേ സുദിന്‍ ചാടിയിറങ്ങി. എന്നിട്ട് ഓഫീസിലേയ്ക്കുള്ള ബാക്കി ദൂരം കഷ്ടപ്പെട്ട് നടന്നു.

ആ പാവം ബസ്സിന്റെ ലാസ്റ്റ് സ്റ്റോപ്പ് (അവിടുന്ന് രണ്ട് സ്റ്റോപ്പ് അകലെ) വരെ പോയിട്ട് തിരിച്ചു വന്നു കാണുമോ അതോ വേറെ ആരോടെങ്കിലും ചോദിച്ച് അതിനു മുന്‍പേ ഇറങ്ങിക്കാണുമോ എന്നറിയില്ലെങ്കിലും വഴി തെറ്റിച്ചു പറഞ്ഞതിന് തന്നെ പ്രാകി കാണും എന്ന് മാത്രം സുദിന് ഉറപ്പാണ്.

Saturday, June 3, 2017

ജൂണ്‍ മാസത്തിലെ മഴയോര്‍മ്മകള്‍


ജൂണ്‍ മാസങ്ങള്‍ എന്നും മനസ്സിലുണര്‍ത്തുന്നത് തകര്‍ത്തു പെയ്യുന്ന ഇടവപ്പാതിയുടെ ഓര്‍മ്മകളാണ്.  ഒപ്പം പുസ്തകങ്ങളെ മാറോടടക്കിപ്പിടിച്ച് ഒരൊറ്റ കുടയില്‍ രണ്ടും മൂന്നും ചങ്ങാതിമാരോടൊപ്പം നനഞ്ഞൊട്ടിയ സ്കൂള്‍ യൂണിഫോമും ധരിച്ച് പള്ളിക്കൂടത്തിലേയ്ക്കുള്ള യാത്രകളും.

ഓരോ വര്‍ഷത്തെയും ആദ്യത്തെ അദ്ധ്യയന ദിവസം മഴയുടെ അകമ്പടിയോടെയായിരിയ്ക്കും... ഒന്നാം ക്ലാസ്സുകളില്‍ ആദ്യമായി ചേരാന്‍ വരുന്നവരാണെങ്കില്‍ അച്ഛനമ്മമാരെ കാണാതാകുമ്പോള്‍  മഴയോടും മത്സരിച്ച് ക്ലാസ്സ് മുറികളില്‍ ആര്‍ത്തലച്ച് ' പെയ്യാന്‍ ' തുടങ്ങിക്കാണും.

ഞാന്‍‌ ഒന്നാം ക്ലാസ്സു മുതല്‍‌ മൂന്നാം ക്ലാസ്സു വരെ പഠിച്ചിരുന്ന കൊരട്ടി കോണ്‍‌വെന്റ് സ്കൂളിന്റെ ജൂണ്‍ മാസ ഓര്‍മ്മകളിലായാലും അതിനു ശേഷം നാലു മുതല്‍ പത്തു വരെ പഠിച്ചിരുന്ന വാളൂര്‍ സ്കൂളിന്റെ ജൂണ്‍ മാസ ഓര്‍മ്മകളിലായാലും മഴ ഒഴിച്ചു കൂടാനാകാത്ത കൂട്ടുകാരനായിരുന്നു. തകര്‍ത്തു പെയ്യുന്ന മഴയില്‍ സ്കൂള്‍ ഗേറ്റ് കടക്കുമ്പോഴേയ്ക്കും കാണാം, നിരവധി കുടകള്‍ മുട്ടിയുരുമ്മി പല ക്ലാസ്സുകളിലേയ്ക്കായി വഴി തിരിഞ്ഞു പോകുന്നത്... ഇടയ്ക്കിടെ ഓരോ വര്‍ണ്ണക്കുടകളും. എനിയ്ക്ക് ഒരിയ്ക്കലും വര്‍ണ്ണക്കുടകള്‍ ഉണ്ടായിരുന്നില്ല. (2 ഫോള്‍ഡ് 3 ഫോള്‍ഡ് കുടകളും അക്കാലത്ത് ആര്‍ക്കും ഉണ്ടായിരുന്നില്ല).  ചില്ലു കൊണ്ടുള്ള പിടിയുള്ള, തുണി കൊണ്ടുള്ള ശീലയില്‍ അച്ഛന്‍ എന്റെ പേര് വെളുത്ത നൂലില്‍ തുന്നിത്തന്ന, നരച്ചു തുടങ്ങിയ ഒരു കുടയാണ് എന്റെ സ്വന്തം കുടയായി മനസ്സില്‍ ആദ്യമെത്തുന്നത്. 

ഓരോ ക്ലാസ്സ് റൂമിന്റെയും വാതില്‍ക്കല്‍ നനഞ്ഞൊലിയ്ക്കുന്ന കുടകളെല്ലാം ചാരി വച്ചിട്ടുണ്ടാകും. ക്ലാസ്സ് റൂമിനകത്തും ബഞ്ചുകളിലും ഡസ്കുകളിലുമെല്ലാം ചാറ്റല്‍മഴ പാടുകള്‍ കാണാം. അവിടവിടെയായി ഓടിനിടയില്‍ കൂടി മഴത്തുള്ളികളും വീഴുന്നുണ്ടാകും... മഴശല്യം കാരണം ബഞ്ചും ഡസ്കുമെല്ലാം നിര തെറ്റിച്ച് ഇടുന്നതും ഒരൊറ്റ ബഞ്ചില്‍ അഞ്ചാറു പേര്‍ വരെ തിക്കിത്തിരക്കി ഇരിയ്ക്കേണ്ടി വരുന്നതുമെല്ലാം മഴക്കാലത്തിന്റെ മാത്രം പ്രത്യേകതകളായിരുന്നു. ഒപ്പം, കുറച്ചു നേരം വൈകി ക്ലാസ്സിലെത്തുന്നതിന്റെ പേരില്‍ കുട്ടികള്‍ക്ക് ടീച്ചര്‍മാരുടെ ചീത്ത കേള്‍ക്കാതെ രക്ഷപ്പെടാന്‍ പറ്റുന്നതും യൂണിഫോം (ഉണങ്ങാത്തതു കൊണ്ട്) നിര്‍ബന്ധമല്ലാതാകുന്നതും പലപ്പോഴും ശക്തമായ മഴയുടെ ചറപറ ശബ്ദവും ഇടി മുഴക്കങ്ങളും കാരണം ക്ലാസ്സെടുക്കാന്‍ പോലുമാകാതെ അദ്ധ്യാപകര്‍ ചില പിരിയഡുകളില്‍ പഠിപ്പിയ്ക്കാതെ വെറുതേയിരിയ്ക്കാറുള്ളതും എല്ലാം പലപ്പോഴും  മഴയുടെ പേരില്‍ കിട്ടാറുള്ള സൌജന്യങ്ങളില്‍ പെടാറുണ്ട്.

മഴക്കാലത്തെ കളികളെ കുറിച്ചാണെങ്കില്‍ പെരുമഴയത്ത് ഗ്രൌണ്ടിലിറങ്ങിയുള്ള ഒരു ഫുട്‌ബോള്‍ കളിയുണ്ട്. അതാണ് ഏറ്റവും ആവേശകരമായ ഓര്‍മ്മകളിലൊന്ന്. ചെളിവെള്ളത്തിലും മറ്റും അറിഞ്ഞും അറിയാതെയും തെന്നി വീണും സുഹൃത്തുക്കളെ തള്ളിവീഴ്ത്തിയും മറ്റും കളിച്ചിരുന്ന ആ കളിയോളം ആസ്വാദ്യകരമായി മറ്റൊന്നും തോന്നിയിട്ടില്ല.

അപൂര്‍വ്വമായാണെങ്കിലും ചില മഴക്കാലങ്ങളില്‍ ആലിപ്പഴം പെയ്യാറുണ്ടായിരുന്നു. കയ്യിലെടുക്കുമ്പോഴേയ്ക്കും അലിഞ്ഞു പോകാവുന്നത്ര ചെറിയ ഐസുകട്ടകള്‍... [ആലിപ്പഴം പെയ്യുന്നത് നല്ല പോലെ കാണാനും കയ്യിലെടുത്ത് പരിശോധിയ്ക്കാനും സാധിച്ചത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവിടെ ബാംഗ്ലൂര്‍ വന്നതിനു ശേഷമാണ്]

അതു പോലെ മറക്കാനാകത്ത ഒന്നാണ് വീട്ടില്‍ നിന്ന് സ്കൂളിലേയ്ക്കും തിരിച്ചുമുള്ള നടത്തം.  മഴ വെള്ളത്തില്‍ കളിച്ചും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഓടി വന്ന് ഒരു കാലു കൊണ്ട് തടുത്ത്, അതേ സമയം തന്നെ മറ്റേ കാലു കൊണ്ട് പടക്കം പൊട്ടിയ്ക്കുന്നതും കെട്ടി നില്‍ക്കുന്ന വെള്ളം ചാലു കീറി കണ്ട പറമ്പിലേയ്ക്കൊഴുക്കുന്നതും റോഡരുകില്‍ കാണുന്ന തവളകളുടേയും മറ്റും പുറകേ പോകുന്നതും യാത്രയ്ക്കിടെ കാണുന്ന പാടശേഖരത്തില്‍ വെള്ളം കയറുന്നതിന്റെ അളവ് നോക്കാന്‍ പോകുന്നതും അക്കൂട്ടത്തില്‍ മീനോ മറ്റോ ഉണ്ടോ എന്ന് നോക്കിയിരിയ്ക്കുന്നതും അങ്ങനെയങ്ങനെ എന്തെല്ലാം ഓര്‍മ്മകള്‍...

വെള്ളം കയറി റോഡു ഗതാഗതം തടസ്സപ്പെട്ട് ഒന്നോ രണ്ടോ ദിവസങ്ങള്‍ വിദ്യാലയങ്ങള്ക്ക്  അവധി കിട്ടാറുള്ളതെല്ലാം ഉത്സവക്കാലം പോലെയാണ്. അതിനു വേണ്ടി കാത്തിരിയ്ക്കാറുണ്ടെന്നതാണ് സത്യും. അന്നേരം വീട്ടില്‍ വെള്ളം കയറി കഷ്ടപ്പെടുന്ന പാവങ്ങളെ കുറിച്ച് ആലോചിയ്ക്കാനോ അവരുടെ കഷ്ടപ്പാടുകളെ കുറിച്ച് ചിന്തിയ്ക്കാനോ ഒന്നുമുള്ള അറിവില്ലായിരുന്നു.

പിന്നീട് വളര്‍ന്ന് വരും തോറും മഴയുടെ കൂടെ കളിയ്ക്കാന്‍ പറ്റാതായി. സ്കൂള്‍ പഠനകാലത്തിനു ശേഷം പ്രിഡിഗ്രി കാലത്തും മഴയും നനഞ്ഞ് ക്ലാസ്സില്‍ പോകേണ്ടി വന്നിട്ടുണ്ടെങ്കിലും ഒന്നര മണിക്കൂര്‍ നനഞ്ഞ് ബസ്സിലിരിയ്ക്കേണ്ടി വരുന്നതും മറ്റും ആസ്വദിയ്ക്കാന്‍ പറ്റിയിട്ടില്ല. പിറവത്ത് പഠിയ്ക്കുന്ന കാലത്ത്  മഴ നനഞ്ഞ് ക്ലാസ്സില്‍ പോകേണ്ടി വന്നിട്ടില്ലെങ്കിലും പലപ്പോഴും മഴയത്ത് ക്രിക്കറ്റ് കളിയ്ക്കാറുണ്ട്. തഞ്ചാവൂരെ രണ്ടു വര്‍ഷത്തെ പഠനകാലത്തും മഴയെക്കാള്‍ പൊരിവെയിലായിരുന്നു പലപ്പോഴും കൂട്ട്.

ഇപ്പോള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വല്ലപ്പോഴും നാട്ടില്‍ പോകുമ്പോള്‍ വീടിന്റെ ടെറസ്സില്‍ കയറി നിന്ന് മഴയും നനഞ്ഞ് കുറച്ചു നേരം കിടക്കാറുള്ളതോ പറമ്പിലോ പാടത്തോ നടക്കുമ്പോള്‍ ചാറ്റല്‍ മഴ ആസ്വദിയ്ക്കാറുള്ളതോ ഒക്കെയായി ആ ശീലങ്ങള്‍ ചുരുങ്ങിക്കഴിഞ്ഞു.

എങ്കിലും, മനസ്സില്‍ ഓര്‍മ്മകളുടെ പെരുമഴക്കാലം സമ്മാനിച്ചിട്ട് കടന്നു പോയ ആ കുട്ടിക്കാലം ഇന്നും അതേ മിഴിവോടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ഇന്നും തകര്‍ത്തു പെയ്യുന്ന ജൂണ്‍ മാസത്തിലെ മഴ എന്നെ ആ പഴയ കാലത്തിന്റെ ഇളം ചൂടു പകരുന്ന സുഖമുള്ള ഓര്‍മ്മകളിലേയ്ക്ക് കൊണ്ടു പോകുന്നു...

Wednesday, January 4, 2017

ചിക്കമംഗളൂരുവിലെ നായ്ക്കള്‍

ഓഫീസില്‍ നിന്ന് എല്ലാവരും കൂടെ ഒരു യാത്ര പോകാം എന്ന പ്ലാന്‍ ഞങ്ങള്‍ പലപ്പോഴായി പ്ലാന്‍ ചെയ്തിട്ടും നടക്കാതെ പോകുകയാണ് പതിവ്. അവസാനം അത് സാധിച്ചു. ഞങ്ങളുടെ മാനേജര്‍ ബെസന്ത് പ്രൊജക്റ്റ് മാറി പോകുന്നത് ഉറപ്പായ സാഹചര്യത്തില്‍ അതിനു മുന്‍പായി... മുപ്പതോളം പേര്‍ ചേര്‍ന്ന് ചിക്കമംഗളൂര്‍ക്ക് ഒരു രണ്ടു ദിവസത്തെ യാത്ര. രണ്ട് പകലും ഒരു രാത്രിയും അവിടെ തങ്ങേണ്ടി വരും എന്നുള്ളതിനാല്‍ ചിക്കമംഗളൂര്‍ നിന്ന് 20 കിലോമീറ്റര്‍ ഉള്ളിലേയ്ക്ക് മാറി മല്ലന്തുര്‍ എന്ന സ്ഥലത്തെ Jungle greens എന്ന റിസോര്‍ട്ട് ബുക്ക് ചെയ്തു. മിനിമം  24 പേര്‍ ഉണ്ടെങ്കില്‍ കോട്ടേജ് മുഴുവനായും ഞങ്ങള്‍ക്ക് തരാം എന്ന് അവര്‍ ഏറ്റിരുന്നു. ഞങ്ങള്‍ ആണെങ്കില്‍ ആഗസ്ത് 27 ശനിയാഴ്ച അതിരാവിലെ തന്നെ എത്തും എന്നും അവരെ അറിയിച്ചിരുന്നു. എന്നാലല്ല്ലേ ആ ഒരു ദിവസം മുഴുവന്‍ ചിലവഴിയ്ക്കാന്‍ കിട്ടൂ...

മുന്‍ നിശ്ചയ പ്രകാരം ബാംഗ്ലൂരില്‍ നിന്ന് 26 ന് രാത്രി 10 മണിയ്ക്ക് തന്നെ ഞങ്ങള്‍ പുറപ്പെട്ടു. അതു കൊണ്ട് പറഞ്ഞതു പോലെ തന്നെ അതി രാവിലെ 4 മണി കഴിഞ്ഞപ്പോഴേയ്ക്കും ഞങ്ങള്‍ ചിക്കമംഗളൂര്‍ കഴിഞ്ഞ് മല്ലന്തുര്‍ എന്ന സ്ഥലത്തെത്തിച്ചേര്‍ന്നു. റിസോര്‍ട്ടിലേയ്ക്ക് ചെല്ലുന്നതിന്റെ മുന്‍പേ മെയില്‍ വഴിയും ഫോണ്‍ വഴിയും contact ചെയ്തിരുന്നതാണ്. അപ്പോള്‍ അവര്‍ റൂട്ട് മാപ്പും വിവരങ്ങളും തരികയും ചെയ്തിരുന്നു. റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് ബസ് ചെല്ലില്ല എന്നും ഏതാണ്ട് ഒരു കിലോമീറ്ററോളം ദൂരം ജീപ്പ് മാത്രമേ പോകൂ എന്നും അത് അവര്‍ തന്നെ അറേഞ്ച് ചെയ്തോളാം എന്നും ആയിരുന്നു പറഞ്ഞിരുന്നത്. അവര്‍ പറഞ്ഞത് കറക്റ്റ് ആണെന്ന് അവിടെ എത്തിയപ്പോള്‍ മനസ്സിലായി, മല്ലന്തുര്‍ നിന്ന് Jungle Green ന്റെ ബോര്‍ഡ് വച്ചിരിയ്ക്കുന്ന വഴിയിലേയ്ക്ക് ഞങ്ങളുടെ ബസ് തിരിയുക പോലും ഇല്ല. ഒന്ന് ശ്രമിച്ചു നോക്കിയിട്ട് ബസ്‌ ഡ്രൈവറും ആ ശ്രമം ഉപേക്ഷിച്ചു.

അതു കൊണ്ട് അപ്പോള്‍ തന്നെ ഞങ്ങള്‍ റിസോര്‍ട്ടിലേയ്ക്ക് വിളിച്ചു കാര്യം പറഞ്ഞു. അവിടെ ആകെ ഒരു ജീപ്പ് മാത്രമേ ഉള്ളൂ എന്നും രണ്ടു മൂന്ന് ട്രിപ്പ് ആയി എല്ലാവരെയും കൊണ്ടു പോകാം എന്നും അല്‍പ സമയം കാത്തു നില്‍ക്കണമെന്നും അവിടെ നിന്നും അറിയിപ്പു കിട്ടി. ഈ കാത്തു നില്‍പ്പ് ബസ്സിനകത്തു തന്നെ വേണമെന്നില്ലല്ലോ എന്നും പറഞ്ഞ് സുജിത്ത് എന്നെയും വിളിച്ചു കൊണ്ട് ബസ്സില്‍ നിന്ന് താഴെയിറങ്ങി.

നോക്കുമ്പോള്‍ തനി കാട് തന്നെ. അടുത്ത് ഏതോ ഒരു കോഫി എസ്റ്റേറ്റ് മാത്രം, അതിന്റെ അടച്ചിട്ടിരിയ്ക്കുന്ന കൂറ്റന്‍ ഇരുമ്പു ഗേറ്റിന്റെ മുന്നില്‍ ആയിട്ടാണ് ഞങ്ങള്‍ ബസ്സ് നിര്‍ത്തിയിട്ടിരിയ്ക്കുന്നത്. അടുത്തെങ്ങും ഒരു മനുഷ്യ ജീവിയെയോ വീടോ കാണാനില്ല... കുറച്ചു ദൂരെ പട്ടികളുടെ കുര മാത്രം കേള്‍ക്കാം. ഞങ്ങള്‍ അതൊന്നും ഗൌനിയ്ക്കാതെ റോഡില്‍ ഇറങ്ങി നില്‍പ്പായി. അപ്പോഴേയ്ക്കും ഒപ്പം ദിലീപും സനോജും പ്രവീണും വിശാലും ഒപ്പം ഇറങ്ങി വന്നു. എന്തായാലും റിസോര്‍ട്ടില്‍ നിന്ന് വണ്ടി അയയ്ക്കാം എന്ന് പറഞ്ഞതാണല്ലോ. അവര്‍ ഉടനെ വരുമായിരിയ്ക്കും എന്ന് കരുതി ഞങ്ങള്‍ അവരെയും കാത്ത് നില്‍പ്പായി. ബസ്സ് സൈഡിലേയ്ക്ക് ഒതുക്കിയിട്ട് ബസ് ഡ്രൈവറും അപ്പോഴേയ്ക്കും ഞങ്ങളുടെ കൂടെ ഇറങ്ങി വന്നു.

അകലെയെങ്ങോ കേട്ടു കൊണ്ടിരുന്ന പട്ടികളുടെ കുരയുടെ ശബ്ദം അടുത്തടുത്ത് വരുന്നുണ്ടെന്നത് അപ്പോഴാണ് ഞങ്ങള്‍ ശ്രദ്ധിച്ചത്. ആ അടച്ചിട്ടിരിയ്ക്കുന്ന ഗേറ്റ് ഉള്ള എസ്റ്റേറ്റില്‍ നിന്നാണ് പട്ടികള്‍ കുരയ്ക്കുന്നത്. ഒന്നു കൂടെ സൂക്ഷിച്ചു നോക്കിയപ്പോള്‍ അകത്ത് കുറച്ച് ദൂരെയായി രണ്ടു കൂറ്റന്‍ പട്ടികള്‍ പ്രത്യക്ഷപ്പെട്ടു. ജര്‍മ്മന്‍ ഷെപ്പേഡ് ആണ്. പതിവില്ലാതെ, നേരം കെട്ട ആ നേരത്ത് അവിടെ വണ്ടിയുടെയും ഞങ്ങള്‍ ആളുകളുടെയും ശബ്ദം കേട്ടതിന്റെ അസ്വസ്ഥത ആണ് ആ പട്ടികള്‍ക്ക് എന്നു തോന്നുന്നു. അവറ്റകള്‍ ഗേറ്റിനടുത്തേയ്ക്ക് സംശയിച്ച് സംശയിച്ച് നീങ്ങുന്നുമുണ്ട്. എങ്കിലും ഗേറ്റ് അടച്ചു പൂട്ടിയിട്ടിരിയ്ക്കുന്നതിനാല്‍ ഞങ്ങള്‍ അപ്പോഴും അതത്ര കാര്യമാക്കിയില്ല.

ഞങ്ങള്‍ റിസോര്‍ട്ടില്‍ നിന്ന് വണ്ടി വരാന്‍ എന്താണ് ഇത്ര താമസം എന്നതിനെ പറ്റി കൂലംകഷമായി ചര്‍ച്ച ചെയ്തു കൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ കൂടെ ഇറങ്ങിയ പ്രവീണ്‍ മാത്രം ഞങ്ങളുടെ കൂടെ കൂടാതെ ആ പട്ടികളുടെ നീക്കം ആയിരുന്നു ശ്രദ്ധിച്ചു കൊണ്ടിരുന്നത്. പൊതുവേ കക്ഷി പട്ടികളുമായി അത്ര രസത്തിലല്ല. സനോജിന്റെ വീട്ടില്‍ വളര്‍ത്തുന്ന, പഞ്ചപാവമായ ശ്യാം എന്ന വളര്‍ത്തു പട്ടി പോലും തന്റെ അടുത്തു വരുന്നത് പേടിയാണ് പ്രവീണിന്. അതു കൊണ്ടു തന്നെ അവന്‍ കുറച്ച് ആശങ്കയോടെ ആയിരുന്നു ആ പട്ടികള്‍ ഗേറ്റിനടുത്തേയ്ക്ക് അടുത്തടുത്ത് വന്നു കൊണ്ടിരുന്നത് നിരീക്ഷിച്ചു കൊണ്ടിരുന്നത്.

പട്ടികള്‍ ഗേറ്റിനടുത്ത് എത്തിയപ്പോഴാണ് മറ്റൊരു കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. ആ ഗേറ്റ് അടച്ചു പൂട്ടി ഇട്ടിരുന്നു എന്നതും അതിന്റെ കമ്പികള്‍ക്കിടയിലൂടെ ഒരു പട്ടിയ്ക്ക് കടന്നു പോകാനാകില്ല എന്നതും ശരിതന്നെ ആയിരുന്നെങ്കിലും മറ്റൊരു അപകടം ഉണ്ടായിരുന്നു...  ആ ഗേറ്റും അത് ഉറപ്പിയ്ക്കാനുള്ള മതിലിന്റെ ഒരു ഭാഗവും ഉണ്ടെന്നല്ലാതെ ആ എസ്റ്റേറ്റിന് ചുറ്റു മതില്‍ എന്നൊരു സാധനമേ ഉണ്ടായിരുന്നില്ല. പകരം അവിടെ നിറയെ കുറ്റിച്ചെടികള്‍ മാത്രമാണ് മതിലിന്റെ രൂപത്തില്‍ ഉണ്ടായിരുന്നത്. പട്ടിയ്ക്ക് മാത്രമല്ല, ഒരു പശുവിന് പോലും അതിനിടയിലൂടെ കടന്നു വരാന്‍ സാധിയ്ക്കുമായിരുന്നു!!!

പട്ടികള്‍ ഗേറ്റിനടുത്ത് എത്തി, ആ കുറ്റിച്ചെടികള്‍ക്കിടയിലൂടെ റോഡിലേയ്ക്ക് ഇറങ്ങാന്‍ ഭാവിയ്ക്കുന്നതു കണ്ട ഉടനെ പ്രവീണ്‍ അപകടം മണത്തു. അവന്‍ തന്നെ ആയിരുന്നു ആ ഗേറ്റിന് ഏറ്റവും അടുത്തായി നിന്നിരുന്നതും. തൊട്ടടുത്ത് ഞങ്ങളുടെ ഡ്രൈവര്‍, അതിനടുത്ത് ഞാനും സനോജും വിശാലും. വണ്ടിയുടെ പിന്‍ ഭാഗത്തോട് ചേര്‍ന്ന് ദിലീപും സുജിത്തും. ബസ് നിര്‍ത്തിയിട്ടിരുന്നത് റോഡിന്റെ ഇടതു വശത്തേയ്ക്ക് ചേര്‍ന്നായിരുന്നു, അതും ബസിന്റെ മുന്‍വശം ആ ഗേറ്റിനോട് ചേര്‍ന്നും.  ഞങ്ങള്‍ എല്ലാവരും നിന്നിരുന്നത് റോഡിന്റെ വലതു വശത്തും. [അവിടെ നിന്ന് പെട്ടെന്ന് ഓടി വണ്ടിയില്‍ കയറുക എന്നത് അസംഭവ്യം എന്ന് സാരം].

ഞാന്‍ നോക്കുമ്പോള്‍ കാണുന്നത് പട്ടികള്‍ റോഡിലേയ്ക്ക് പതിയെ ഇറങ്ങാന്‍ ഭാവിയ്ക്കുന്നതും അതോടൊപ്പം പട്ടികളെ ശ്രദ്ധിച്ചു നില്‍ക്കുകയായിരുന്ന പ്രവീണ്‍ വെട്ടിത്തിരിഞ്ഞ് ഓടാന്‍ തുനിയുന്നതും ആണ്. അതു വരെയും എന്തു കൊണ്ടോ അത്ര അക്രമണ ഭാവത്തോടെ ആയിരുന്നില്ല ആ പട്ടികള്‍ കുരച്ചു കൊണ്ടിരുന്നത്. [അവയുടെ സ്വാഭാവികമായ ജീവിത ശൈലിയില്‍ അന്ന് മാറ്റം വരുത്തുന്ന എന്തൊക്കെയോ ഒച്ചപ്പാടും ആള്‍പ്പെരുമാറ്റവും അവയെ അസ്വസ്ഥരാക്കിക്കാണും, അതിന്റെ ഒരു പ്രതിഷേധം അവ കുരച്ച് അറിയിയ്ക്കുന്നു, അത്രേ ഉണ്ടായിരുന്നുള്ളൂ...] എന്നാല്‍ പ്രവീണിന്റെ പെട്ടെന്നുള്ള പിന്മാറ്റം  അവറ്റകളെയും ചൊടിപ്പിച്ചതു പോലെ... അവന്‍ തിരിഞ്ഞ് ഓടാന്‍ ഒരുങ്ങിയതും അതു മനസ്സിലാക്കിയതു പോലെ, പതുക്കെ റോഡിലേയ്ക്ക് ഇറങ്ങുകയായിരുന്ന ആ രണ്ടു പട്ടികളും അവയുടെ ഗിയര്‍ മാറ്റി അതി വേഗം അവനെ പിന്‍തുടരാന്‍ ഒരുങ്ങിയതും ഒരേ നിമിഷത്തില്‍ ആയിരുന്നു.

ഇതെല്ലാം കണ്ടു കൊണ്ടിരുന്ന ഞാന്‍ ആ സമയം കൊണ്ട് ചില കണക്കു കൂട്ടലുകള്‍ നടത്തിക്കഴിഞ്ഞിരുന്നു. ഗേറ്റിനോട് അത്ര അടുത്തായിരുന്നതിനാല്‍ തിരിഞ്ഞോടിയാല്‍ പ്രവീണിനോ ഞങ്ങള്‍ക്കോ എങ്ങോട്ടെങ്കിലും രക്ഷപ്പെടാന്‍ സാധിയ്ക്കുന്നതിലും മുന്‍പ് ആ പട്ടികള്‍ ചുരുങ്ങിയ പക്ഷം പ്രവീണിന്റെ അടുത്തെങ്കിലും എത്തും എന്നത് ഉറപ്പായിരുന്നു. അതു കൊണ്ടു തന്നെ "എടാ, ഓടരുത്" എന്നു ഞാന്‍ അവനോട് വിളിച്ചു കൂവി, എങ്കിലും അവന്‍ പ്രാണരക്ഷാര്‍ത്ഥം ഓടാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ഒപ്പം ആ പട്ടികള്‍ പിന്‍തുടരാനും.

അപ്പോഴേയ്ക്കും ഇതെല്ലാം കണ്ടു കൊണ്ടു നില്‍ക്കുകയായിരുന്ന ബസ്‌ ഡ്രൈവര്‍ അപകടം മണത്തു, തുറന്നു കിടക്കുകയായിരുന്ന ഡ്രൈവര്‍ സീറ്റിലേയ്ക്ക് ചാടിക്കയറുകയും ആ ഡോര്‍ വലിച്ചടട്ക്കുകയും ചെയ്തു(ദുഷ്ടന്‍!). ബസ്സിന്റെ ഏതാണ്ട് പിന്‍വശത്തോട് ചേര്‍ന്നു നിന്നിരുന്ന ദില്ലുവും സുജിത്തും അന്നേരം കൊണ്ട് ബസ്സിന് പുറകില്‍ കോണി ഉണ്ടോ എന്ന് നോക്കി ഇല്ലെന്ന് മനസ്സിലായി പിറകിലൂടെ മറ്റേ വശത്തുള്ള ഡോറു വഴി അകത്തേയ്ക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ഇത്രയും സംഭവിച്ചത് സെക്കന്റുകള്‍ക്കുള്ളിലായിരുന്നു .

എന്നാല്‍ മുന്‍പില്‍ ഡ്രൈവറുടെ  തൊട്ടടുത്ത് നിന്നിരുന്ന എനിയ്ക്കും സനോജിനും വിശാലിനും രക്ഷപ്പെടാന്‍ വേറെ ഒരവസരവും ഇല്ലായിരുന്നു. പട്ടികള്‍ പിന്‍തുടരുന്ന പ്രവീണിനും.എന്തായാലും ഓടി രക്ഷപ്പെടാനുള്ള സമയം ഇല്ല. പട്ടികള്‍ ആണെങ്കില്‍ കുതിച്ചെത്തിക്കൊണ്ടിരിയ്ക്കുകയാണ് താനും.

വേറെ വഴിയൊന്നും ഇല്ലാത്തതിനാല്‍ ഞാന്‍ രണ്ടും കല്‍പ്പിച്ച് സനോജിനോട് പറഞ്ഞു... " സനോജേ, അനങ്ങരുത്... അങ്ങനെ തന്നെ നില്‍ക്ക്".

അപ്പോഴേയ്ക്കും അതിവേഗം പ്രവീണിനടുത്തേയ്ക്ക് പാഞ്ഞടുക്കുകയായിരുന്ന പട്ടികള്‍ ഒരു മിന്നായം പോലെ ഞങ്ങളെ കടന്നു പോകുകയായിരുന്നു. തൊട്ടടുത്ത നിമിഷം അവ പ്രവീണെ ചാടിപ്പിടിച്ചേക്കും എന്ന് തോന്നിയ ആ നിമിഷം തന്നെയാണ് അവ അനങ്ങാപ്പാറ പോലെ നില്‍ക്കുകയായിരുന്ന ഞങ്ങള്‍ മൂന്നു പേരെ ശ്രദ്ധിയ്ക്കുന്നത്. (ഞാനും സനോജും അനങ്ങാതെ നില്‍ക്കുന്നതു കണ്ട വിശാല്‍ ഞങ്ങളുടെ പുറകില്‍ അതേ പോലെ അനങ്ങാതെ നില്‍പ്പുണ്ടായിരുന്നു എന്നത് ഞാനും അപ്പോഴാണ് ശ്രദ്ധിച്ചത്). ഞങ്ങള്‍ ഓടാതെ അനങ്ങാതെ നില്‍ക്കുന്നതു കണ്ടതു കൊണ്ടോ എന്തോ അവയും പെട്ടെന്ന് ഭാവം മാറി. അതു വരെ കുരച്ച് പിന്നാലെ പാഞ്ഞ ആ രണ്ടു കൂറ്റന്‍ പട്ടികളും വാലാട്ടിക്കൊണ്ട് ഞങ്ങളുടെ മൂവരുടെയും ചുറ്റും മണത്തു കൊണ്ട് ദേഹം ഉരുമ്മി ചുറ്റി നടക്കാനാരംഭിച്ചു.

സൌഹൃദ ഭാവത്തോടെ അവ ഞങ്ങളെ മുട്ടിയുരുമ്മി എങ്കിലും അവിടം മുഴുവന്‍ ചെളിയായിരുന്നതിനാല്‍ അവയെ തൊടാന്‍ ശ്രമിയ്ക്കണ്ട എന്ന് ഞാന്‍ സനോജിനോട് പറയുമ്പോഴേക്കും വിശാല്‍ അതിലൊന്നിനെ വാത്സല്യത്തോടെ തഴുകുകയും അതേ സമയം ആ പ്ട്ടി സ്നേഹം മൂത്ത് ചെളിയില്‍ പുതഞ്ഞ അതിന്റെ രണ്ടു മുന്‍കാലുകളും ഉയര്‍ത്തി വിശാലിന്റെ നെഞ്ചില്‍ വയ്ക്കുകയും ചെയ്തത് ഒരുമിച്ചായിരുന്നു. രണ്ട് കാലില്‍ നില്‍ക്കുമ്പോള്‍ ഏതാണ്ട് വിശാലിന്റെ തോളൊപ്പം പൊക്കം വരുന്ന അത്രയ്ക്ക് വലുപ്പം ഉണ്ടായിരുന്നു അവയ്ക്ക്. ദേഹം മൊത്തം ചെളി ആയെങ്കിലും വിശാല്‍ ചിരിച്ചു കൊണ്ട് നിന്നു. (ഞാനും സനോജും മലയാളത്തില്‍ 'തൊടരുത്' എന്ന് പറഞ്ഞത് കന്നഡിഗ ആയ വിശാലിനു മനസ്സിലായില്ലായിരുന്നു).

അപ്പോഴേയ്ക്കും അന്തരീക്ഷത്തിന്റെ ഘനം കുറഞ്ഞു. ഞങ്ങളെ ബസ്സിലെ ജനലുകളിലൂടെ ശ്രദ്ധിയ്ക്കുകയായിരുന്ന സഹപ്രവര്‍ത്തകര്‍ എല്ലാം ഈ പട്ടികളുടെ മാറ്റം ആസ്വദിയ്ക്കാനും ചിരിച്ച് പ്രോത്സാഹിപ്പിയ്ക്കാനും ഒക്കെ തുടങ്ങി. ആ പട്ടികള്‍ ആണേല്‍ ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏവരെയും അതിശയിപ്പിച്ചു കൊണ്ട് നമ്മുടെയൊക്കെ വീടുകളിലെ പട്ടികള്‍ എന്ന പോലെ ഞങ്ങളോട് വളരെയധികം അടുത്തു. മാത്രമല്ല, അവ റിസോര്‍ട്ട് എത്തും വരെ ഞങ്ങളെ അനുഗമിയ്ക്കുകയും പിന്നെയും തിരിച്ച് പോകാന്‍ മടിച്ച് അവിടെ കുറേ നേരം കൂടെ തങ്ങുകയും ചെയ്തു.

അതിനിടയില്‍ വിശാല്‍ എന്റെയും സനോജിന്റെയും അടുത്തു വന്ന് അഭിനന്ദിയ്ക്കുന്ന മട്ടില്‍ പറഞ്ഞു "പ്രവീണ്‍ ഓടാന്‍ തുടങ്ങിയപ്പോ ഞാനും പേടിച്ച് പോയതായിരുന്നു. ഓടിയാലോ എന്ന് കരുതുമ്പോഴാണ് ശ്രീയും സനോജും ധൈര്യപൂര്‍വ്വം ഓടാതെ നില്‍ക്കുന്നത് ശ്രദ്ധിച്ചത്. അതു കൊണ്ടാണ് ഞാനും ഓടാതിരുന്നത്" എന്ന്... [ബസ്സിലുണ്ടായിരുന്ന മറ്റു ചില സുഹൃത്തുക്കളും എന്റെയും  സനോജിന്റെയും ധൈര്യത്തെ പുകഴ്ത്തി പറയുന്നുണ്ടായിരുന്നു]

എവിടെ! വേറെ ഒരു നിവൃത്തിയും ഇല്ലാത്ത ഒറ്റക്കാരണം കൊണ്ടാണ് ഞാന്‍ ഓടാതിരുന്നത് എന്ന് ആരറിയാന്‍...! അതേ പോലെ "സനോജെ, ഓടരുത്" എന്ന് പറഞ്ഞപ്പോള്‍ സനോജ് പറഞ്ഞ മറുപടി "ഓടില്ല, ഓടണമെന്ന് കരുതിയാലും പറ്റുകേമില്ല. പക്ഷേ, ഞാന്‍ പേടിച്ച് മുള്ളിപ്പോയോ" എന്ന് സംശയമുണ്ട് എന്നായിരുന്നു എന്നും ഞങ്ങള്‍ക്ക് മാത്രമല്ലേ അറിയൂ...