Tuesday, May 17, 2016

ജനാധിപത്യം



തിരഞ്ഞെടുപ്പുകളും പ്രകടന പത്രികകളും വാഗ്ദാനപ്പെരുമഴകളും കണ്ടും കേട്ടും മടുത്തു. എന്നിട്ടോ ഭരണം കയ്യില്‍ കിട്ടിയാല്‍ എല്ലാം വെറും പുക!  ഇത്തവണയും സ്ഥിതിഗതികള്‍ വ്യത്യസ്തമാകുമെന്ന് കരുതുന്നില്ല, നോക്കാം...

എന്നാലും കുറച്ചു വേറിട്ട രീതിയില്‍ നാം ചിന്തിച്ചു തുടങ്ങേണ്ട സമയമായില്ലേ? അങ്ങനൊരു ചിന്ത പങ്കു വയ്ക്കുകയാണ് ഇവിടെ.

ജനങ്ങള്‍ വാഗ്ദാനങ്ങള്‍ കേട്ട് വോട്ട് ചെയ്യുന്ന ശീലം ഒഴിവാക്കേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു. ചുരുങ്ങിയ പക്ഷം വോട്ട് ചെയ്ത് ഭരണത്തിലേയ്ക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതു പോലെ തന്നെ, അഞ്ചു വര്‍ഷം ഭരിച്ചവരുടെ ഭരണം വിലയിരുത്തി, ഏറ്റവും മോശം ഭരണാധികാരികളെ മിനിമം പത്തു വര്‍ഷത്തേയ്ക്കെങ്കിലും സജീവ രാഷ്ട്രീയത്തില്‍ നിന്നും ഡീബാര്‍ ചെയ്യാനുമുള്ള അധികാരം മറ്റൊരു വോട്ടിങ്ങിലൂടെ രേഖപ്പെടുത്താനും നടപ്പില്‍ വരുത്താനുമുള്ള നിയമം വേണം. അങ്ങനെ ഡീബാര്‍ ചെയ്യപ്പെടുന്ന പ്രതിനിധികള്‍ അധികാരങ്ങളില്ലാതെ ജനങ്ങള്ക്കിടയില്‍ പ്രവര്‍ത്തിച്ച് വീണ്ടും 10 വര്‍ഷം കഴിഞ്ഞിട്ടു മാത്രം വീണ്ടും മത്സരിയ്ക്കട്ടെ. അപ്പോള്‍ കാണാം, കുറേയെങ്കിലും അഴിമതി കുറയുമോ എന്ന്.

അതു പോലെ ജനപ്രതിനിധികള്‍ ആകാന്‍ ചില യോഗ്യതകളും നിര്‍ബന്ധമാക്കണം - മിനിമം ഇത്ര വിദ്യാഭ്യാസ യോഗ്യത, മിനിമം ഇത്ര പ്രായം, മാക്സിമം ഇത്ര പ്രായം... ഇങ്ങനെയൊക്കെ. എങ്കിലേ ഭരണം കയ്യില്‍ കിട്ടിയാല്‍ വോട്ട് ചെയ്ത് ജയിപ്പിച്ച പൊതുജനങ്ങളെന്ന കഴുതകളോടുള്ള പുച്ഛം അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് ഇല്ലാതിരിയ്ക്കൂ... ഇതിപ്പോ വോട്ട് ചെയ്യാന്‍ മാത്രം മതിയല്ലോ ജനങ്ങളെ. അതു കഴിഞ്ഞാല്‍ പുല്ലുവില...

വോട്ട് ചെയ്ത് അഞ്ചു വര്‍ഷത്തേയ്ക്ക് അധികാരമേല്‍പ്പിയ്ക്കുന്ന ജനങ്ങള്‍ക്ക് തന്നെ വര്‍ഷത്തിലൊരിയ്ക്കലോ രണ്ടു വര്‍ഷം കൂടുമ്പോഴോ ഒരു "അപ്രൈസല്‍ വോട്ടിങ്ങ്" പോലെ നടത്തി,  കാലാവധി കഴിയും വരെ ഇവര്‍ തന്നെ തുടരണോ വേണ്ടയോ എന്ന് തീരുമാനിയ്ക്കാനുള്ള അവകാശം കൂടി കൊടുത്താല്‍ എങ്ങനെയിരിയ്ക്കും എന്ന ഒരു ആലോചന... അത്ര മാത്രം

ഇനി അഴിമതി കുറഞ്ഞാലോ, നാടിനു നേട്ടം വല്ലതും ഉണ്ടായാലോ എന്നൊക്കെ ഒരതിമോഹം

​ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്ന് ചോദിച്ചാല്‍... എനിയ്ക്കറിയില്ല. :(

Monday, May 9, 2016

നിശാസ്വപ്നമായ് ഈ സൌഹൃദം



ഒരു നിശാസ്വപ്നമായ് തിരിച്ചു കിട്ടീ
എന്റെ ഓര്‍‌മ്മകളുറങ്ങുന്ന ബാല്യകാലം…
ബാല്യവും കൌമാരകാലവും പിന്നെ
എന്നെ ഞാനാക്കിയ നാളുകളും…

അന്നൊരു നാളില്‍‌ നാം കണ്ടുമുട്ടി
പിന്നെ, ആരാണെന്നറിയാതെ കൂട്ടുകൂടി…
തോളോടു തോള്‍‌ ചേര്‍‌ന്നു മല കയറി
ആ കലാലയത്തില്‍ കാലു കുത്തീ…

കന്നീറ്റുമലയുടെ മുകളില്‍‌ നാമൊരു
കൂട്ടായ സ്നേഹത്തിന്‍‌ കൂടു കൂട്ടി, പിന്നെ
പിരിയാത്ത ചങ്ങാതിക്കൂട്ടമായി…
ഇന്നും പിരിയാത്ത ചങ്ങാതിക്കൂട്ടമായി…

കൊച്ചു തമാശയും കളിവാക്കുകളും
കുസൃതിത്തരങ്ങളും കുറുമ്പുകളും
നാം ഈ കലാലയത്തില്‍ പങ്കു വച്ചൂ…
ഈ കലാലയത്തില്‍ പങ്കു വച്ചൂ…

ജന്മദിനങ്ങളും വിജയങ്ങളും നാം
ഉത്സവമെന്ന പോല്‍ ചിലവഴിച്ചൂ
ഉറ്റ ചങ്ങാതി തന്‍‌ വേദനയില്‍‌ നാം
എന്തിനെന്നറിയാതെ മിഴി നിറച്ചൂ…

കൂട്ടു പഠനവും താമസവും
പറയാത്ത പ്രണയവും സൌഹൃദവും
ഓര്‍‌മ്മയിലിന്നും ബാക്കി വച്ചൂ…
നാം ഓര്‍‌മ്മയിലെന്നും ബാക്കി വച്ചൂ…

പിരിയുന്ന നേരം മനം വിതുമ്പി
നാമൊരു വാക്കും മിണ്ടാതെ മുഖം കുനിച്ചൂ…
ചിരി കൊണ്ടു ദുഖങ്ങള്‍‌ മൂടി വച്ചൂ, പിന്നെ
ആരാരും കാണാതെ മിഴി നനച്ചൂ…

പിന്നെയും വര്‍‌ഷങ്ങള്‍‌ കടന്നു പോയീ
ഞാനിന്നീ മറുനാട്ടില്‍ തനിച്ചുമായി…
എങ്കിലും പിരിയാത്ത സൌഹൃദത്തിന്‍‌
തണലേറ്റു ഞാനിന്നും മയങ്ങിടുന്നു…
നിശാസ്വപ്നങ്ങളില്‍ നാമൊരുമിക്കുന്നു…