Monday, July 2, 2007

തീറ്റപ്പന്തയം - പൊരിച്ച കോഴി1




ഞങ്ങള്‍‌ തഞ്ചാവൂര്‍‌ പഠിക്കുന്ന സമയം. അന്ന് എല്ലാവരും എപ്പോഴും റൂമില്‍‌ തന്നെ ഉണ്ടായിരിക്കുന്ന സമയമായിരുന്നു സ്റ്റഡി ലീവിനു കിട്ടുന്ന ഒരു മാസം. അപ്പോഴാണ് ഞങ്ങളെല്ലാവരും പഠിക്കാനുള്ള എല്ലാ സാമഗ്രികളും (ലൈബ്രറിയില്‍‌ നിന്നുള്ള ബുക്സും ഫോട്ടോകോപ്പികളും എല്ലാം) സംഘടിപ്പിച്ചു തുടങ്ങുക. അതിനിടയില്‍‌ തന്നെയാവും എല്ലാവരും പൂര്‍‌ണ്ണ മനസ്സോടെ പാചകത്തിലും ശ്രദ്ധ വയ്ക്കുക. (അങ്ങനെയെങ്കിലും കുറച്ചു സമയം മാറിക്കിട്ടുമല്ലോ)

അങ്ങനെ ഒരു സ്റ്റ്ഡിലീവു കാലം. അന്നും എല്ലാ ശനിയാഴ്ചകളിലും ഞങ്ങള്‍ അവിടെ കുറച്ചകലെയുള്ള ഒരു ക്ഷേത്രത്തില്‍‌ (പെരിയ കോവിലില്‍‌) പോകുക പതിവായിരുന്നു. എല്ലാ തവണ പോകുമ്പോഴും പകുതി ദൂരം കഴിയുമ്പോള്‍‌ ഒരു ചെറിയ ടൌണിലെത്തും. അപ്പോള്‍‌ എല്ലാവരും ഇടത്തു വശത്തേയ്ക്കു നോക്കും. (തിരിച്ചു വരും വഴി, ഇതേ സ്റ്റോപ്പിലെത്തുമ്പോള്‍‌ വലത്തോട്ടും). മറ്റൊന്നുമല്ല, അവിടെ ഒരു സ്റ്റാളില്‍‌ വൈകുന്നേരങ്ങളില്‍‌ നല്ല ഭംഗ്ഗിയായി കോഴികളെ തൂക്കിയിട്ടിരിക്കുന്നുണ്ടാകും.പീസുകളായും മുഴുവനായും നന്നായി പൊരിച്ച് തിളങ്ങുന്ന കടലാസു കൊണ്ടെല്ലാം പൊതിഞ്ഞ് ഒരു വശത്തും പൊരിക്കാന്‍‌ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന അവസ്ഥയില്‍‌ മറ്റൊരു വശത്തും. നാം ആവശ്യപ്പെടുന്ന കോഴിയോ പീസോ അപ്പോള്‍‌ തന്നെ പാകം ചെയ്ത് റെഡിയാക്കി കയ്യില്‍‌ തരും. [ഇന്നത്തെ കാലത്ത് ഇതൊരു പതിവു കാഴ്ചയാണെങ്കിലും അന്ന് അത് അത്യപൂര്‍വ കാഴ്ചയായിരുന്നു]. അന്നത്തെ അവസ്ഥയില്‍‌ അതു ഞങ്ങള്‍ മന:പ്പൂര്‍‌വ്വം ഒഴിവാക്കിയിട്ടിരിക്കുകയായിരുന്നു. എന്നാലും കോഴ്സ് എല്ലാം കഴിഞ്ഞ് തിരിച്ചു പോകും മുന്‍പ് അവിടെ നിന്നും ലാവിഷായി ഒരിക്കലെങ്കിലും കോഴി വാങ്ങി കഴിച്ചിട്ടേ പോകൂ എന്നും എല്ലാവരും തീര്‍‌ച്ചപ്പെടുത്തിയിരുന്നു. അതു കൊണ്ടാ‍ണ്‍ എല്ലാ ആഴ്ചയും അവിടെയെത്തുമ്പോള്‍‌ ആ ഒരു ദിവസത്തെക്കുറിച്ചുള്ള ഓര്‍‌മ്മകളില്‍‌ എല്ലാവരും അതും നോക്കി വെള്ളമിറക്കാറുള്ളത്.
 
അങ്ങനെ ഒരിക്കല്‍‌ അതു പോലെ ക്ഷേത്രത്തില്‍‌ നിന്നും തിരിച്ചെത്തി, അതിന്റെ അടുത്ത ദിവസം പഠനത്തിനിടയ്ക്കുള്ള ഒരു ഇടവേളയില്‍‌ എല്ലാവരും സംസാരിച്ചിരിക്കുകയായിരുന്നു.അതിനിടയിലെപ്പോഴോ ഈ കോഴി പൊരിച്ചത് സംഭാഷണത്തിനിടയ്ക്കു കടന്നു വന്നു.അതിനെപ്പറ്റിയുള്ള കൊതിയൂറുന്ന വര്‍‌ണ്ണനകളുമായി മാഷും (അല്ലെങ്കിലും ഏതൊരു വസ്തുവിനെപ്പറ്റിയും പ്രത്യേകിച്ചും ഭക്ഷണ പദാര്‍‌ത്ഥങ്ങളേപ്പറ്റി, വര്‍‌ണ്ണനകളിലൂടെയും സ്വത സിദ്ധമായ ചില ശാരീരിക ചലനങ്ങളിലൂടെയും മാത്രം മറ്റൊരാളെ കൊതി പിടിപ്പിക്കാന്‍‌ മാഷിനു ഒരു പ്രത്യ്യേക കഴിവു തന്നെയുണ്ട്.), ആ ചിക്കന്‍‌ വാങ്ങിയാല്‍‌ എങ്ങനെ തിന്നണമെന്നുള്ള കമന്ററിയുമായി ബിമ്പുവും, അതല്ല, അത് ഒരാള്‍‌ക്ക് (എന്നു വച്ചാല്‍‌ തനിക്കു തന്നെ) എത്ര തിന്നാലാണ്‍ മതിയാവുക എന്ന സന്ദേഹവുമായി സുധിയപ്പനും, സാമ്പത്തിക സ്ഥിതികളുടെ കണക്കു കൂട്ടലുകളുമായി ഞാനും (എനിക്കായിരുന്നു അവിടെ സാമ്പത്തിക വകുപ്പിന്റെ, എന്നു വച്ചാല്‍‌ കണക്കു നോക്കുന്ന ചുമതല),അതല്ല, ഒരു ജോലി കിട്ടുമ്പോള്‍‌ അതു പോലുള്ള ഒരു പത്തു ചിക്കന്‍‌ സ്റ്റാളെങ്കിലും വാങ്ങിയിടണമെന്നുള്ള അത്യാഗ്രഹവുമായി മത്തനും, ചിക്കന്‍‌ ഇപ്പോഴായാലും അപ്പോഴായാലും തിന്നാന്‍‌ ഞാനെന്നേ തയ്യാറാണെന്ന സ്ഥിരം തണുപ്പന്‍‌ ഭാവവുമായി ബിട്ടുവും, നല്ല കാര്യങ്ങള്‍‌ നമ്മളൊരിക്കലും മാറ്റി വയ്ക്കരുതെന്നും അതു കൊണ്ട് നമുക്ക് ചിക്കന്‍‌ വാങ്ങാനുള്ള തീരുമാനം പിന്നത്തേയ്ക്കു വയ്ക്കേണ്ടതില്ലെന്നും ഇപ്പോള്‍‌ തന്നെ ആയാലോ എന്നും പറഞ്ഞു മറ്റുള്ളവരെ പ്രലോഭിപ്പിക്കാനുള്ള ശ്രമവുമായി ജോബിയും,അല്ലാ, നിങ്ങളെല്ലാവരും ചിക്കന്‍‌ തിന്നുന്നുണ്ടെങ്കില്‍‌ മാത്രം ഞാനും തിന്നേയ്ക്കാം എന്ന അറിയിപ്പുമായി പിള്ളേച്ചനും ആ ചര്‍‌ച്ചയില്‍‌ പങ്കു കൊണ്ടു.
അതിനിടെ ആ ചിക്കന്‍‌ വാങ്ങിയാല്‍‌ ഒരെണ്ണം എത്ര പേര്‍‌ക്കു തികയുമെന്ന ശങ്ക സുധിയപ്പന്‍‌ പിന്നേയും എടുത്തിട്ടു. മറ്റൊന്നുമാലോചിക്കാതെ ജോബി ചാടിപ്പറഞ്ഞു. ആകെ രണ്ടെണ്ണം മതി. ഒരെണ്ണം എനിക്കും മറ്റേത് നിങ്ങള്‍‌ക്കെല്ലാവര്‍‌ക്കും.
 
അതു മത്തനു പിടിച്ചില്ല. അവന്‍‌ ജോബിയെ വെല്ലു വിളിച്ചു ജോബീ, നിനക്ക് ഒറ്റയടിയ്ക്ക് ഒരിക്കലും ഒരു ഫുള്‍‌ ചിക്കന്‍‌ തിന്നാന്‍‌ പറ്റില്ല. എന്തിന്‍, കിടക്കുന്ന സുധിയപ്പനു പോലും പറ്റില്ല. അവനല്ലേ, നമ്മുടെ അടുക്കളയുടെ അവസാന വാക്ക്അതു കേട്ട് സുധിയപ്പന്‍‌ മത്തനെ ഒന്നു നോക്കിയത് മത്തന്‍‌ കാണാത്ത ഭാവം നടിച്ചു. എന്നാല്‍‌ ജോബി ആ വെല്ലുവിളി ഏറ്റെടുത്തു. ഒരു മണിക്കൂര്‍‌ സമയം തന്നാല്‍‌ അതിനുള്ളില്‍‌ ഒരു ഫുള്‍‌ ചിക്കന്‍‌ തിന്നാം
മത്തന്‍‌ സമ്മതിച്ചു. ഒരു മണിക്കൂറിനുള്ളില്‍‌ ജോബി ഒരു ഫുള്‍‌ ചിക്കന്‍‌ തിന്നാമെങ്കില്‍‌ ആ ചിക്കന്റെ കാശ് മത്തന്‍‌ കൊടുക്കും. പറ്റിയില്ലെങ്കില്‍‌ ജോബി അതിന്റെ കാശും കൊടുക്കണം, ഒരു ചിക്കന്‍‌ മത്തന്‍ വാങ്ങിക്കൊടുക്കയും വേണം. ആ പന്തയം എല്ലാവരാലും അംഗീകരിക്കപ്പെട്ടു.

പക്ഷേ, ഒരു പ്രശ്നം! ഇവന്‍‌ ഈ പന്തയം ജയിക്കുകയോ തോല്‍‌ക്കുകയോ ആയ്ക്കോട്ടെ. പക്ഷേ, നമ്മുടെ മുന്‍പില്‍‌ വച്ച് അങ്ങനെയൊരു അതിക്രമം നടക്കുമ്പോള്‍‌ നമ്മളെല്ലാവരും വെറും കാഴ്ചക്കാരായി നില്‍‌ക്കേണ്ടതൂണ്ടോ?” സുധിയപ്പന്‍‌ തന്റെ സംശയം മുന്നോട്ടു വച്ചു.
അതിന്റെ യാതൊരു ആവശ്യവുമില്ല. അവന്‍‌ കോഴിയെ തിന്നുന്നുണ്ടോ എന്നും നോക്കി നമ്മളെന്തിനു വെള്ളമിറക്കി ഇരിക്കണം. അതു കൊണ്ടു ഒരു കോഴി കൂടി വാങ്ങി നമ്മളെല്ലാവരും കൂടി അത് തിന്നു കൊണ്ട് ഈ പന്തയത്തിനു സാക്ഷ്യം വഹിക്കും, എന്താ?” ബിട്ടു തന്റെ നയം വ്യക്തമാക്കി.
 
ആര്‍‌ക്കും യാതൊരു വിധ എതിര്‍‌പ്പുമില്ലാതെ ആ തീരുമാനം അംഗീകരിക്കപ്പെട്ടു. അങ്ങനെ എല്ലാവരും പൊരിച്ച കോഴി വരുന്നതു കാത്ത് സ്വീകരിക്കാന്‍‌ തയ്യാറെടുത്ത് ഇരിപ്പായി. ജോബിയാണെങ്കില്‍‌ പന്തയം വച്ചും പോയി, ഇനിയിപ്പോ തോറ്റാല്‍‌ മാനവും പോകും കാശും പോകുമെന്ന പേടി കാരണം തന്റെ പഴയ ബോഡി ബില്‍‌ഡിങ്ങിന്റെ ബാലപാഠങ്ങള്‍‌ വീണ്ടും പരിശീലിക്കാന്‍‌ തുടങ്ങി. കോഴി എത്തുമ്പോഴേയ്ക്കും നല്ല പോലെ വിശപ്പുണ്ടാകണമല്ലോ. അവസാ‍നം ആ ശുഭമുഹൂര്‍‌ത്തം സമാഗതമായി.
 
ആര്‍‌പ്പുവിളിയും കുരവയുമായി സുധിയപ്പനും മത്തനും പൊരിച്ച കോഴിയുമായി എത്തി.ഞങ്ങള്‍‌ സമയമെല്ലാം നോക്കി ജോബിയ്ക്കു സ്റ്റാര്‍‌ട്ട് പറഞ്ഞു. അവന്‍‌ എല്ലാ തയ്യാറെടുപ്പുകളോടും കൂടി കോഴിയെ കൈ വച്ചു. എല്ലാവരും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. ജോബിയുടെ കൈകളും വായും അതിവേഗം പ്രവര്‍‌ത്തിച്ചു. 1,2,3… മിനുട്ടുകള്‍‌ അനൌണ്‍സ് ചെയ്തു കൊണ്ട് അടുത്തു തന്നെ മത്തനും നിലയുറപ്പിച്ചു.
 
പക്ഷേ…. 15 മിനിട്ടു തികഞ്ഞില്ല, ആ കോഴി വെറും അസ്ഥികൂടം മാത്രമായി ഞങ്ങള്‍‌ക്കു മുന്‍പിലെ പാത്രത്തില്‍‌ ബാക്കിയായി.( കഷ്ടം! സത്യത്തില്‍‌ ആ കിടപ്പു കണ്ടാലേ അറിയാം, അതിന്റെ ആത്മാവിനു പോലും മോക്ഷം കിട്ടാനിടയില്ല). ഒരു കള്ളച്ചിരിയുമായി ബാക്കിയായ ഒരു എല്ലിന്‍‌ കഷ്ണവും പിടിച്ച് തല ചൊറിഞ്ഞു കൊണ്ട് ജോബി മത്തനോടു പറഞ്ഞു ശ്ശെ, മത്താ, 2 കോഴിയ്ക്കു പന്തയം വയ്ക്കാമായിരുന്നു
 
മത്തന്‍‌ കുറച്ചു നേരത്തേയ്ക്ക് മിണ്ടാന്‍‌ പോലും വയ്യാതെ കണ്ണൂം തള്ളി നില്‍‌ക്കുകയായിരുന്നു. കാശു പോയെന്നു മാത്രം മിച്ചം. അപ്പോഴേയ്ക്കും ഞങ്ങള്‍‌ക്കായി വാങ്ങിയ കോഴിയുമായി ഞങ്ങള്‍‌ മല്‍‌പ്പിടുത്തം തുടങ്ങിയിരുന്നു. മത്തന്റെ പങ്ക് അവനു കൊടുത്തെങ്കിലും അതവനു വേണ്ട പോലെ ആസ്വദിച്ചു കഴിക്കാനായില്ല. വിശപ്പില്ലെന്നാണ്‍ അവന്‍‌ പറഞ്ഞത്.( എങ്ങനെ വിശപ്പുണ്ടാകാന്‍‌? അവന്‍‌ ആ ഷോക്കില്‍‌ നിന്നും വിമുക്തനാകാന്‍‌ കുറച്ചു ദിവസമെടുത്തു.).അതേ സമയം, എന്തായാലും കാശു ചിലവാക്കാതെ ഒരു ഫുള്‍‌ ചിക്കന്‍‌ ആസ്വദിച്ചു(?) കഴിക്കാന്‍‌ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ജോബി. ആ ചിക്കനാണ്‍ തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നു ജോബി അവകാശപ്പെടുമ്പോഴെല്ലാം ആ തടി തനിക്കു കൂടി അവകാശപ്പെട്ടതാണെന്ന അവകാശവാദം കൊണ്ട് സമാധാനിക്കാന്‍‌ ശ്രമിക്കുകയായിരുന്നു മത്തന്‍‌.

{
ഈ പന്തയക്കഥ ഇവിടെ അവസാനിക്കുന്നില്ല. ഇതിന്റെ ബാക്കി ഇവിടെ വായിയ്ക്കാം}

23 comments:

  1. ശ്രീ said...

    ഇതൊരു പന്തയക്കഥ...

  2. G.MANU said...

    panthayam kasari

  3. ശാലിനി said...

    എന്നിട്ട്.. ബാക്കി എഴുതൂ

  4. ഉറുമ്പ്‌ /ANT said...

    പന്തായം പന്തായി.............................

  5. ശ്രീ said...

    മനുച്ചേട്ടാ...
    നന്ദി.

    അഞ്ചല്‍‌ക്കാരന്‍,
    :)

    അഗ്രജന്‍‌,
    :)

    ശാലിനീ...
    എഴുതാം... നന്ദി...

    ഉറുമ്പ്...
    :)

  6. ജോബി|| Joby said...

    കൂട്ടുകാരേ.....
    ഈ കഥയിലെ നായകനാണ് ഞാന്‍......ഇതിന്റെ ബാക്കി ഞാന്‍ പറയാം...... ഞാ‍ന്‍ പന്തയം ജയിച്ചു....അത്ര തന്നെ!

  7. ശ്രീ said...

    ഹ ഹ...
    ജോബീ... അതു സമ്മതിച്ചു. പക്ഷേ, ഇവിടം കൊണ്ട് അത് അവസാനിച്ചിരുന്നോ????

  8. സു | Su said...

    കൂട്ടുകാരോടൊത്തുള്ള ഇത്തരം അനുഭവങ്ങള്‍ എഴുതൂ. വായിക്കുമ്പോള്‍ സന്തോഷമുണ്ട്.

    ജോബി പിറ്റേ ദിവസം കിടപ്പിലായോ? ;)

  9. ശ്രീ said...

    സൂവേച്ചി....
    സത്യത്തില്‍‌ വളരെ സന്തോഷമുണ്ട്.... ഇതെല്ലാം പറഞ്ഞാല്‍‌ ബൂലോകര്‍‌ക്കു രസിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു. പ്രോത്സാഹനത്തിനു ഹൃദയം നിറഞ്ഞ നന്ദി.
    :)

    പിന്നെ, ജോബിയ്ക്ക് എന്തു സംഭവിച്ചു എന്നല്ലേ? അത് ഇക്കഥയുടെ ബാക്കിയായി മറ്റൊരു പോസ്റ്റാക്കി ഉടനേ ഇടാം.

  10. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: അമ്പലത്തില്‍ പോവുമ്പോഴും വരുമ്പോഴും പൊരിച്ചകോഴിയെ നോക്കി വെള്ളമിറക്കുന്നത് നന്നല്ല മോനെ ദിനേശ്..വേറേ എത്ര സമയമുണ്ട്!!!

    ഒരു കോഴിയെ ഫുള്ളാ തട്ടുന്ന കാര്യം ഓകെ.. ബട്ട് വണ്‍ കണ്ടീഷന്‍ തൊട്ടു നക്കാന്‍ വല്ല ചോറോ ചപ്പാത്തിയോ വേണം.. അതു പാടില്ലാ വെറും കോഴിയേ പറ്റൂളൂന്നൊന്നും ബെറ്റു വച്ചു കളയരുത്..

  11. ബഷീർ said...

    ശ്രീ...

    കാണാതായപ്പോള്‍ അന്വഷിച്ചിറങ്ങിയതാണ്‌.

    അപ്പോള്‍ ഈ പഴയ പോസ്റ്റ്‌ വായിച്ചു..
    ഇനി പന്തയം വെക്കാന്‍ ഉദ്ധേശമുണ്ടെങ്കില്‍ അറിയിക്കണേ..

    ഓ.ടോ.. സുഖമെന്ന് കരുതട്ടെ...

  12. പൈങ്ങോടന്‍ said...

    കോഴി വായീന്നിറങ്ങാന്‍ വേണ്ടി കുടിച്ച വെള്ളത്തെപ്പറ്റി എന്താ ഒന്നും പറയാത്തേ :)?

  13. Muralee Mukundan , ബിലാത്തിപട്ടണം said...

    ജോബിയുടെ അഭിപ്രായമടക്കം
    പന്തയത്തിന്റെ രണ്ട് വേർഷൻസും വായിച്ചു..
    ഇപ്പോ‍ൾ ഓർക്കുമ്പോഴാണ് ആയതിനൊക്കെ ഇരട്ടി
    മധുരം വരുന്നത് അല്ലേ കൂട്ടുകാരെ

  14. ajith said...

    ജോബീ, ഭയങ്കരാ!! ഞാന്‍ നോക്കിയാല്‍ വളരെ കഷ്ടപ്പെട്ട് ഹാഫ് കോഴിയൊക്കെ തീര്‍ക്കാം. അതുക്കും മേലേ രക്ഷയില്ല

  15. വിനുവേട്ടന്‍ said...

    ഇത്തവണ പിള്ളേച്ചനു പകരം ജോബിയാണല്ലോ താരം... :)

  16. വിനുവേട്ടന്‍ said...

    പന്തയം വച്ചാൽ ജയിച്ചിരിക്കണം... അല്ലേ ജോബീ...? കൊട്‌ കൈ...

  17. സുധി അറയ്ക്കൽ said...

    എന്നാലും ജോബീ...

    പഴയത്‌ ഒന്നൂടെ ചെയ്തെങ്കിലും ഒന്ന് അനങ്ങിക്കിട്ടിയല്ലോ അല്ലേ ശ്രീ??എഴുതാനും നോക്കൂ.

  18. ശ്രീ said...

    ചാത്താ...
    നന്ദി

    ബഷീര്‍ക്കാ...
    വളരെ നന്ദി.

    പൈങ്ങോടന്‍ ...
    :)

    മുരളി മാഷേ...
    സത്യം തന്നെ.

    അജിത്തേട്ടാ...
    എനിയ്ക്കും അതെ. മാക്സിമം പകുതി വരെ പറ്റും. :)

    വിനുവേട്ടാ...
    ജോബിയുടെ കഥകളും കുറേയുണ്ട് :)

    സുധി അറയ്ക്കൽ ...
    വളരെ നന്ദി, മടിയും സമയക്കുറവും... രണ്ടും കാരണമാണ് :)

  19. Typist | എഴുത്തുകാരി said...

    അതെ, പന്തയം വച്ചാല്‍ ജയിക്കണം. അതാണ്‌ ജോബിയുടെ പോളിസി.

  20. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    As usual beautiful narration Sree

    I am seeing this post only today in my blogger Dashboard. Post Date July 2 2015 But comments -- even from 2007 !!!!!
    പൈങ്ങോടന്‍ said...
    കോഴി വായീന്നിറങ്ങാന്‍ വേണ്ടി കുടിച്ച വെള്ളത്തെപ്പറ്റി എന്താ ഒന്നും പറയാത്തേ :)?

    MAY 12, 2008 AT 6:08 PM

    What happened to mozhi malayalam transliteration demo which was available , and I used to type malayalam with. It is not seen now a days

  21. ശ്രീ said...

    എഴുത്തുകാരി ചേച്ചീ...

    നന്ദി.

    പണിയ്ക്കര്‍ മാഷേ...

    പഴയ പോസ്റ്റ് ആണ്. ഒന്നു പൊടി തട്ടി ഇട്ടെന്നേയുളളൂ

  22. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    Thanks for reposting. I had somehow missed this earlier
    :)

  23. Sukanya said...

    ശ്രീയുടെ തഞ്ചാവൂര്‍ വിശേഷം വായിച്ചിട്ട് തഞ്ചാവൂര്‍ എന്ന് കേട്ടാല്‍ ശ്രീയെ ഓര്‍ക്കും.