Sunday, February 8, 2015

സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങളും അറിഞ്ഞിരിയ്ക്കേണ്ട കാര്യങ്ങളും

ഇന്നത്തെ കാലത്ത് ഇന്റര്‍നെറ്റിനെ കുറിച്ച് അറിവില്ലാത്തവരും ഇന്റര്‍നെറ്റ് ഉപയോഗിച്ചു പരിചയമില്ലാത്തവരും വളരെ കുറഞ്ഞു കൊണ്ടിരിയ്ക്കുകയാണ്. ഇന്റര്‍നെറ്റ് നിലവില്‍ വന്നിട്ട് വര്‍ഷം ഒരുപാടായെങ്കിലും ഈ മാസ്മരിക മായാലോകം ഉലകം മുഴുവന്‍ കീഴടക്കാന്‍ ആരംഭിച്ചിട്ട് അധികനാളായിട്ടില്ല. രണ്ടു മൂന്നു വയസ്സായ കുട്ടികള്‍ മുതല്‍ വന്ദ്യ വയോധികരായ വൃദ്ധജനങ്ങള്‍ വരെ ഇന്ന് ഇന്റര്‍നെറ്റിന്റെ ലോകത്ത് വിലസി നടക്കുന്നു.

എന്തിനും എന്ന പോലെ ഇന്റര്‍നെറ്റിനും നല്ലതും ചീത്തയുമായ വശങ്ങള്‍ ഉണ്ട്.  ഇന്ന് എന്തു വിവരങ്ങള്‍ അറിയണമെങ്കിലും ആരോടെങ്കിലും ചോദിയ്ക്കാനോ പണ്ടത്തെ പോലെ ഗ്രന്ഥപുരകളിലും നിഘണ്ടുക്കളിലും കുത്തിയിരുന്ന് തിരഞ്ഞു കണ്ടു പിടിയ്ക്കുന്നതിനോ ആരും മിനക്കെടാറില്ല. എല്ലാ ഉത്തരങ്ങളും വിരല്‍ത്തുമ്പില്‍ എത്തിയ്ക്കാന്‍ അതും നിമിഷനേരം കൊണ്ടെത്തിയ്ക്കാന്‍ ഇന്റര്‍നെറ്റിനു കഴിയും. അതേ പോലെ തന്നെ യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരിടത്തേയ്ക്ക് പോകേണ്ടി വന്നാല്‍ പോലും അവിടെ ഇന്റര്‍നെറ്റ് ഉപയോഗിയ്ക്കാന്‍ പറ്റുമോ എന്ന് മാത്രം ആലോചിച്ച് തല പുകച്ചാല്‍ മതിയെന്നായിരിയ്ക്കുന്നു. ഗൂഗിള്‍ മാപ്പു പോലുള്ള ആപ്ലിക്കേഷനുകള്‍ ആരുടേയും സഹായമില്ലാതെ നമ്മെ വേണ്ട സ്ഥലത്ത് കൃത്യമായി എത്തിച്ചിരിയ്ക്കും. ഇതു പോലെ ഒട്ടനവധി നല്ല ഗുണങ്ങള്‍ നമുക്ക് എടുത്തു കാട്ടാനാകും, ഈ അത്ഭുത പ്രതിഭാസത്തെ പറ്റി.

എന്നാല്‍ അതേ സമയം തന്നെ, ഒരുപാട് ചതിക്കുഴികളും കെണികളും ഇന്റര്‍നെറ്റിന്റെ കാണാപ്പുറങ്ങളില്‍ പതിയിരിയ്ക്കുന്നുണ്ടെന്നത് പലര്‍ക്കും അത്ര പിടിയുണ്ടാകില്ല. ഇനി അറിവുള്ളവര്‍ക്ക് തന്നെ വ്യക്തമായ ഒരു രൂപമുണ്ടാകണമെന്നില്ല, പലപ്പോഴും ചതിയില്‍ പെട്ടു കഴിഞ്ഞ ശേഷമാകും പലര്‍ക്കും തിരിച്ചറിവുണ്ടാകുക. ഒരൊറ്റ ക്ലിക്കില്‍ ലോകം മാറുന്ന ഈ സൈബര്‍ ലോകത്ത് അപ്പോഴേയ്ക്കും നമ്മുടെ തലവിധി തന്നെ മാറി മറിഞ്ഞിട്ടുണ്ടാകും.  സൈബര്‍ കെണികളില്‍ വീഴുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നതേയുള്ളൂ. സൈബര്‍ ലോകത്തുള്ളവരില്‍ 60-70 % പേരും അറിഞ്ഞോ അറിയാതെയോ സൈബര്‍ കെണികളില്‍ പെടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്.

 ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് വ്യക്തമായ ധാരണകളില്ലത്തതാണ് ഇതിനൊക്കെ പ്രധാന കാരണം. ഇന്റര്‍നെറ്റ് ആദ്യമായി ഉപയോഗിയ്ക്കുന്നവര്‍ക്കു മാത്രമേ ഇത്തരം അബദ്ധങ്ങള്‍ പറ്റാറുള്ളൂ എന്ന് പലരും കരുതുന്നുണ്ടാകും. എന്നാല്‍ ആ ധാരണ തെറ്റാണ്. വര്‍ഷങ്ങളായി സ്ഥിരമായി ഇന്റര്‍നെറ്റ് ഉപയോഗിയ്ക്കുന്നവര്‍ പോലും സൈബര്‍ ക്രൈമുകള്‍ക്ക് ഇരയാകാറുണ്ട്. അശ്ലീല ചാറ്റിങ്ങുകളും, അക്കൌണ്ട് ഹാക്കിങ്ങുകളും ബ്ലാക്ക് മെയിലിങ്ങും ഉള്‍പ്പെടെ നിരവധി കേസുകളാണ് ദിവസവും റെജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. റെജിസ്റ്റര്‍ ചെയ്യപ്പെടുന്നവയേക്കാള്‍ ആരുമറിയാതെ പോകുന്നവയുടെ എണ്ണം അതിന്റെ എത്രയോ ഇരട്ടി വരും. സൈബര്‍ ക്രൈമുകള്‍ക്ക് ഇരയാകേണ്ടി വരുന്നവര്‍ പലപ്പോഴും എന്തു ചെയ്യണമെന്ന സംശയം കൊണ്ടും അറിവില്ലായ്മ കൊണ്ടും പലപ്പോഴും കേസുകള്‍ക്കു പുറകേ പോകാന്‍ മിനക്കെടാറില്ല. പേടി കൊണ്ടോ നാണക്കേടുകള്‍ കൊണ്ടോ ആരോടും പറയാതെ മിണ്ടാതിരിയ്ക്കുന്നതു കൊണ്ടോ ഒക്കെ കുറ്റവാളികള്‍ക്ക് വീണ്ടും കുറ്റം ചെയ്യാന്‍ പ്രേരണ കൂടുന്നതായാണ് കാണുന്നത്.

ഒരാള്‍ മറ്റൊരാളുടെ അനുവാദം കൂടാതെ അയാളുടെ പേരോ ചിത്രങ്ങളോ അനുവാദമില്ലാതെ ഉപയോഗിയ്ക്കുന്നതും മറ്റുള്ളവരുമായി ഷെയര്‍ ചെയ്യുന്നതും പോലും കുറ്റകൃത്യങ്ങളില്‍ പെടുന്നു. എന്തിന്,  അനാവശ്യമായി അപരിചിതരില്‍ നിന്നു ലഭിയ്ക്കുന്ന മിസ്സ്‌ഡ് കോളുകള്‍ക്കെതിരെ പോലും കേസ് കൊടുക്കാന്‍ നമ്മുടെ നിയമത്തില്‍ വകുപ്പുണ്ടെന്ന് ഓര്‍മ്മിയ്ക്കുക. മൊബൈല്‍ ഫോണുകളില്‍ പോലും ഇന്റര്‍നെറ്റ് കണക്ഷനുകള്‍ സുലഭമായതോടെ ആര്‍ക്കും (പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്)  പുറത്തിറങ്ങി നടക്കുമ്പോള്‍ വളരെയധികം ജാഗരൂകരായിരിയ്ക്കണം എന്നായിക്കഴിഞ്ഞു. തമാശയ്ക്കു വേണ്ടിയോ മറ്റൊരാളെ താറടിച്ചു കാണിയ്ക്കാന്‍ മന:പൂര്‍വ്വമായോ ഒരാളുടെ ചിത്രങ്ങളും മറ്റും എഡിറ്റു ചെയ്ത് പേരു മാറ്റി പ്രൊഫൈലുണ്ടാക്കിയും പോസ്റ്റുകള്‍ ഇട്ടും ഫെയ്സ്‌ബുക്കിലൂടെയും വാട്ട്സ്‌ആപ്പിലൂടെയും മറ്റും ഷെയര്‍ ചെയ്യുമ്പോള്‍ അവരറിയുന്നില്ല ഒരു പക്ഷേ അത് എത്ര മാത്രം ആ വ്യക്തിയെ, അവരുടെ ജീവിതത്തെ ബാധിച്ചേക്കാമെന്ന്. 

പ്രേമാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ വ്യാജ പ്രൊഫൈലുണ്ടാക്കി അവളെ അസഭ്യം പറഞ്ഞ് പോസ്റ്റിട്ടതില്‍ ബന്ധുക്കളും നാട്ടുകാരും കുറ്റപ്പെടുത്തിയതില്‍ മനം നൊന്ത് ആ കുട്ടിയും കുടുംബവും കൂട്ട ആത്മഹത്യ ചെയ്ത വാര്‍ത്ത പുറത്തു വന്നിട്ട് അധിക നാളായിട്ടില്ല. പത്രങ്ങളിലും ന്യൂസ് മീഡിയകളിലും ഇപ്പോള്‍ സ്ഥിരമായി കേള്‍ക്കുന്ന/കാണുന്ന ആത്മഹത്യാ കേസുകളിലേയ്ക്ക് വിശദമായ ഒരന്വേഷണവുമായി ഇറങ്ങിച്ചെന്നാല്‍ അതില്‍ അധികവും ചെന്നെത്തുന്നത് അധികമാരും അറിയാതെ പോകുന്ന സൈബര്‍ ക്രൈമുകളുടെ ഉള്ളറകളിലേയ്ക്കായിരിയ്ക്കും. 

ഓരോ വര്‍ഷവും സൈബര്‍ കുറ്റകൃത്യങ്ങളില്‍ 40-50% വരെ വര്‍ദ്ധനവുണ്ടെന്നാണ് പഠനങ്ങള്‍ കാണിയ്ക്കുന്നത്. 2015 ഇല്‍ അത് 3 ലക്ഷം വരെ ആയേക്കാമെന്ന് പറയപ്പെടുന്നു. കുറച്ചു കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍ സൈബര്‍ ലോകത്തെ ക്രിമിനലുകളുടെ ഇരയാകാതിരിയ്ക്കാന്‍ ഒരു പരിധി വരെ നമുക്കു കഴിയും. അതിനായി:

* ഫേസ്‌ബുക്ക്, ട്വിറ്റര്‍, പ്ലസ്സ്, വാട്ട്‌സ്‌ആപ്പ് മുതലായ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് മീഡിയകളില്‍ നിങ്ങള്‍ക്ക് പരിചയമുള്ളവരെ മാത്രം സുഹൃദ് വലയങ്ങളിലേയ്ക്ക് ചേര്‍ക്കുക.
* വ്യകതിപരമായ വിവരങ്ങള്‍ അപരിചിതരോട്  വെളിപ്പെടുത്താതിരിയ്ക്കുക.
* സ്വന്തം പ്രൊഫൈലില്‍ അനാവശ്യമായി മൊബൈല്‍ നമ്പറും മെയില്‍ ഐഡികളും നല്‍കാതിരിയ്ക്കുക; ഇനി അത്യാവശ്യ വിവരങ്ങള്‍ നല്‍കണമെന്നുണ്ടെങ്കില്‍ അത് പരിചയമുള്ളവര്‍ക്ക് മാത്രം കാണാന്‍ കഴിയാവുന്ന വിധം സെറ്റ് ചെയ്യുക.
* അപരിചിതരില്‍ നിന്നു വരുന്ന ഫ്രണ്ട് റിക്വസ്റ്റുകളോ മെയില്‍/ഫോര്‍വേഡ് മുതലായവയോ പൂര്‍ണ്ണമായും ഒഴിവാക്കുക.
* പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നുള്ള മിസ്സ്‌ഡ് കോളുകളെ തീര്‍ത്തും അവഗണിയ്ക്കുക
​* ബന്ധുമിത്രാദികളെ പറ്റിയുള്ള വിവരങ്ങള്‍ അപരിചിതരുമായി പങ്കു വയ്ക്കാതിരിയ്ക്കുക.
* സ്വന്തം ഫേസ്‌ബുക്ക്/വാട്ട്‌സ്‌ആപ്പ് തുടങ്ങിയവയിലേയ്ക്ക് വരുന്ന അനാവശ്യമായ കമന്റുകളും ചിത്രങ്ങളും വീഡിയോകളും ഉടനടി നശിപ്പിച്ചു കളയുക​. (അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും സ്വന്തം കമ്പ്യൂട്ടറുകളിലും മൊബൈലുകളിലും സൂക്ഷിയ്ക്കുന്നതു പോലും കുറ്റകൃത്യമാണ്).
* തുടര്‍ച്ചയായി മെയിലുകള്‍, മെസ്സേജുകള്‍, എന്തിന് മിസ്സ്‌ഡ് കോളുകള്‍ വഴിയായാല്‍ പോലും ശല്യം നേരിടേണ്ടി വന്നാല്‍ സൈബര്‍ വിങ്ങില്‍ പരാതി പെടാന്‍ മടി കാണിയ്ക്കാതിരിയ്ക്കുക. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതിരിക്കുന്ന മേഖലകളിലാണ് കുറ്റകൃത്യം വര്‍ദ്ധിയ്ക്കുന്നത്. സൈബര്‍ ലോകവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതാണ്.
 * സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് തീവ്രതയനുസരിച്ച് പത്തു വര്‍ഷം വരെ തടവും അഞ്ചു കോടി വരെ പിഴയും ലഭിയ്ക്കാവുന്നതാണ്.


എങ്ങനെ പരാതിപ്പെടാം ?

കേരള പോലീസിന്റെ വെബ് സൈറ്റില്‍ വിശദമായി പരാതിപ്പെടാന്‍ കഴിയുന്ന നമ്പറുകള്‍, മെയില്‍ ഐഡികള്‍ എന്നിവ എല്ലാം നല്‍കിയിട്ടുണ്ട്. രേഖാമൂലം പരാതി എഴുതി അയക്കുന്നതാണ് ഏറെ ഫലപ്രദം. സൈബര്‍ കേസുകളില്‍ പരാതിക്കാരെക്കുറിച്ച വിവരങ്ങള്‍ പൊലീസ് രഹസ്യമായി സൂക്ഷിക്കും. അതിനാല്‍ പരാതിപ്പെടുന്നവര്‍ ഒരു കാരണവശാലും പേടിക്കേണ്ടതില്ല.

അതു പോലെ ഗൂഗിളിന്റെ വെബ്‌സൈറ്റുകളില്‍ മെയിലും മറ്റ് സോഷ്യല്‍ അക്കൌണ്ടുകളും സംരക്ഷിയ്ക്കേണ്ടതിനെ പറ്റി വിവരിയ്ക്കുന്നുണ്ട്

29 comments:

  1. ശ്രീ said...

    ഒരു സുഹൃത്തിന്‌ ഫേസ്‌ബുക്കിലൂടെ അപരിചിതമായ ചില വ്യാജ പ്രൊഫെയിലുകളിൽ നിന്ന് തുടർച്ചയായി ഫ്രണ്ട്‌ റിക്വസ്റ്റുകൾ വരുന്നതിന്റെ പശ്ചാത്തലത്തിൽ കക്ഷി സൈബർ സെല്ലിൽ പരാതിയുമായി പോകാൻ ഒരുങ്ങുകയാണ്‌…

    അപ്പോൾ അറിഞ്ഞ ചില കാര്യങ്ങൾ പങ്കു വയ്ക്കുന്നു.

  2. വിനുവേട്ടന്‍ said...

    ഒരു ഗവേഷണം തന്നെ നടത്തിയ മട്ടുണ്ടല്ലോ ശ്രീ...

  3. Anoop Technologist (അനൂപ് തിരുവല്ല) said...

    നല്ലവിവരങ്ങൾ.

  4. Appu Adyakshari said...

    ശ്രീ, നല്ല കുറിപ്പ്, നന്ദി.

    "വന്ധ്യ' വയോധികർ എന്നത് വന്ദ്യവയോധികർ എന്നു തിരുത്തുമല്ലോ ?

  5. ശ്രീ said...

    വിനുവേട്ടാ...
    ആദ്യ കമന്റിനു നന്ദി.

    അനൂപേട്ടാ...
    കുറേ നാളുകൾക്കു ശേഷമുള്ള സന്ദർശ്ശനത്തിനു നന്ദി.

    അപ്പുവേട്ടാ...
    വീണ്ടും കണ്ടതിൽ സന്തോഷം. തെറ്റ്‌ തിരുത്തിയിട്ടുണ്ട്‌

  6. പട്ടേപ്പാടം റാംജി said...

    ഇടക്കിടെ ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ വളരെ നല്ലതാണ്.

  7. സുധി അറയ്ക്കൽ said...

    ലോലത്തുള്ളവർ എന്നത്‌ തിരുത്തണം.


    ശ്രീ, ഒരു ആലോചനയും ചർച്ചയും കൂടാതെ പാസായ ഒരു നശിച്ച നിയമം.ഗുണത്തേക്കാളേറെ ദോഷം.ലൈക്‌ ചെയ്താൽ പോലും കുറ്റം ആകുന്നതെങ്ങനെയെന്ന് മനസിലാകുന്നില്ല.

    ഒരിക്കൽ ഞാൻ 123 matrimony എന്ന മാര്യജ്‌ സൈറ്റിൽ എന്റെ പ്രൊഫൈൽ ചെയ്തു.പിന്നെ നെല്ലിക്കക്കൊട്ട മറിച്ചിട്ടതു പൊലെയാണു മെയിൽ വന്നിരുന്നത്‌....അതും സെനഗൽ എന്ന രാജ്യത്തു നിന്നും...അവിടെ വെള്ളപ്പൊക്കത്തിൽ കൃഷി നശിച്ചു എന്നും,അനാഥ ആയെന്നും,കേരളത്തിലേക്ക്‌ വരാൻ താത്പര്യം ഉണ്ടെന്നുമൊക്കെ പറഞ്ഞു എത്രയെത്ര മെയിലുകൾ.അങ്ങനെ ഞാൻ ആ ഇമെയിൽ ഐഡി കളഞ്ഞു.രസം എന്താണെന്ന് വെച്ചാൽ ഒരേ ഐ.പി അഡ്രസിൽ നിന്നും.
    ഇന്നലത്തെ ന്യൂസിൽ കുറച്ചു നൈജീരിയക്കാരെ അറസ്റ്റ്‌ ചെയ്ത വാർത്ത കണ്ടിരുന്നു.

  8. Sudheer Das said...

    തമാശ കളിക്കരുതെന്ന് ചുരുക്കം. അല്ലേ. ഉപകാരപ്രദമായ പോസ്റ്റ്.

  9. ശ്രീ said...

    Sudheesh Arackal...

    നന്ദി, തിരുത്തിയിട്ടുണ്ട്.
    മാട്രിമോണിയല്‍ പ്രൊഫൈലുകളില്‍ ഇങ്ങനെ നിരന്തരം റിക്വസ്റ്റുകള്‍ കിട്ടിക്കൊണ്ടിരിയ്ക്കുന്ന വിവരം പലരും പറഞ്ഞു കേട്ടിട്ടുണ്ട്...

    സുധീര്‍ഭായ്...
    അതെയതെ :)

  10. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    പടച്ചോനെ പലയിടത്തും പണ്ട് എഴുതി വച്ച നമ്പരും മെയിൽ ഐ ഡിയും ഇനി എന്ത് ചെയ്യും?

    അല്ല ഈ വയസന്മാർക്ക് എന്നാ പേടിക്കാൻ !!!!

  11. ramanika said...

    highly useful
    Thanks

  12. Muralee Mukundan , ബിലാത്തിപട്ടണം said...

    വിജ്ഞാനപ്രദമായ കാര്യങ്ങൾ...

    പിന്നെ
    ലിങ്ക്-കൾ ഇങ്ങിനെ ഡയറക്റ്റായി കൊടുക്കുന്നതോടൊപ്പം ഡാഷ് ബോർഡിലെ
    ലിങ്ക് ഓപ്ഷ്ണിൽ പോയി , അതാത് ലിങ്കുകൾ
    കോപ്പി ചെയ്താൽ വായനക്കൊപ്പം , ആ ലിങ്കിലും
    സന്ദർശിക്കുവാൻ പറ്റുന്ന രീതി സ്വീകരിക്കണം കേട്ടൊ ശ്രീ

  13. ശ്രീ said...

    പണിയ്ക്കര്‍ മാഷേ...

    ഹഹ, അങ്ങനൊന്നുമില്ലെന്നേ...

    രമണിക മാഷേ...
    സന്തോഷം

    മുരളി മാഷേ...
    ഒറ്റയടിയ്ക്ക് എഴുതി പോസ്റ്റ് ചെയ്തതാണ്, പിന്നെ എഡിറ്റു ചെയ്യാന്‍ നിന്നില്ല. ശരിയാക്കിയിട്ടുണ്ട്, നന്ദി :)

  14. കൊച്ചു ഗോവിന്ദൻ said...

    An informative piece of writing :)
    വസ്തുതകൾക്ക് നിരക്കാത്ത പല കാര്യങ്ങളും (Hoax) ഷെയർ ചെയ്യപ്പെടുന്നതും സ്വകാര്യതയെ കുറിച്ച് ചിന്തിക്കാത്തതും ഓണ്‍ലൈൻ നിരക്ഷരതയുമായി കൂട്ടി വായിക്കാൻ സാധിക്കും. അതുകൊണ്ട്, സ്കൂളുകളിലെ കമ്പ്യൂട്ടർ പഠനത്തിൽ സൈബർ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനസ്വഭാവങ്ങളും ശരിയായ ഓണ്‍ലൈൻ സംസ്കാരവും കൂടി പഠിപ്പിക്കേണ്ടതുണ്ട്.

  15. ജ്യുവൽ said...

    വിജ്ഞാനപ്രദമായ പോസ്റ്റ്‌.
    ഒരു സംശയം ചോദിച്ചോട്ടെ.സ്വകാര്യത സംരക്ഷിക്കാൻ 'virtual proxy network' ഉപയോഗിക്കുന്ന പല ആപ്പുകളും കണ്ടിട്ടുണ്ട്.അവ എത്രത്തോളം ഉപയോഗപ്രദമാണ്?

  16. Pradeep Kumar said...

    നഷ്ടപ്പെടാൻ കാര്യമായി ഒന്നും ഇല്ലാത്തതുകൊണ്ട് ഇത്തരം കാര്യങ്ങളിലൊക്കെ വളരെ അശ്രദ്ധ പുലർത്തുന്ന ഒരാളാണ് ഞാൻ. ഈ പോസ്റ്റ് എനിക്ക് പല പുതിയ ഉൾക്കാഴ്ചകളും തരുന്നു....

  17. ജിമ്മി ജോൺ said...

    സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട, അല്ലേ ശ്രീ... :)

  18. വീകെ said...

    വളരെ വിജ്ഞാനപ്രദം ശ്രീ.
    ഒരു പെണ്ണ് കുറേനാളായി എന്നെ വിളി തുടങ്ങിയിട്ട്. എന്റെ ഗുണകെണങ്ങളൊക്കെ അവൾക്ക് നല്ല പിടിവാടാ.. അവൾക്ക് എന്റെയൊരു മറുപടി മാത്രം മതീത്രെ. ബാക്കിയൊക്കെ ഓള് നോക്കിക്കോളാന്നു...!!?

  19. മിനി പി സി said...

    നന്നായി ശ്രീ .വളരെ പ്രയോജനകരമായ ലേഖനം .

  20. jyo.mds said...

    ശ്രീ,കണ്ടിട്ട് കുറെ കാലമായി.
    പോസ്റ്റ് വളരെ informative ആയി.ആശംസകള്‍.

  21. Augustine said...

    Hi Sree, Nice post and its very useful.

  22. Areekkodan | അരീക്കോടന്‍ said...

    Nice Description. But my experience is here.
    http://abidiba.blogspot.in/2014/12/blog-post_16.html

  23. sanjus said...

    Nice da sree...

    Congrats..

    I saw something with Binny's FB ID.........

  24. സുധി അറയ്ക്കൽ said...

    പുതിയ പോസ്റ്റ്‌ എവിടെ ശ്രീ???

  25. Geetha said...


    വളരെ പ്രയോജനപ്രദമായ ഒരു ലേഖനം.

  26. മുബാറക്ക് വാഴക്കാട് said...

    വളരെ ഉപകാരപ്രദമായ പോസ്റ്റ്...
    പല ആളുകളും പറ്റിക്കപ്പെടുന്നതായി കേള്‍ക്കാറുണ്ട്..
    ഇനിയത് ഇല്ലാതിരിക്കട്ടെ...
    ആശംസകള്‍

  27. വിനോദ് കുട്ടത്ത് said...

    വളരെ വലിയൊരു കാര്യമാണ് പറഞ്ഞത് ....
    വലുതായൊരു ക്ലേശം തന്നെയാണ് ഈ ലേഖനത്തിനു പിന്നില്‍ അതിനേ ഹാര്‍ദ്ദവമായി അനുമോദിക്കുന്നു..

  28. Devarenjini... said...

    വളരെ helpful പോസ്റ്റ്...നന്ദി :)

  29. Unknown said...

    https://www.facebook.com/BGmatrimonycom/photos/a.602991276400622.1073741827.548057155227368/1071341936232218/?type=3