Sunday, December 21, 2014

ഒരു ക്യാമ്പും ക്രിസ്മസ് കാലവും

ലോകം മുഴുവന്‍ മതിമറന്നാഘോഷിയ്ക്കുന്ന സമയമാണ് ഡിസംബര്‍ മാസം. അഥവാ ഒന്നൂടെ സ്പഷ്ടമാക്കി പറഞ്ഞാല്‍ ക്രിസ്തുമസ്സ്-പുതുവത്സര കാലം. ഒരു വര്‍ഷം മുഴുവന്‍ നീണ്ടു നില്ക്കുന്ന... നല്ലതും ചീത്തയുമായ... ഓര്‍ത്തു വയ്ക്കേണ്ടതും മറക്കേണ്ടതുമായ... സന്തോഷം പകരുന്നതും സങ്കടപ്പെടുത്തുന്നതുമായ... അങ്ങനെയങ്ങനെ എല്ലാത്തരം ഓര്‍മ്മകളെയും മനസ്സില്‍ നിന്ന് മാറ്റി നിര്‍ത്തി, ഇനി വരാന്‍ പോകുന്ന പുതുവര്‍ഷത്തെ എല്ലാം മറന്ന് സ്വീകരിയ്ക്കാന്‍ തയ്യാറെടുക്കുന്നതിനും ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ നമ്മെ വലിയൊരു അളവില്‍ സഹായിയ്ക്കുന്നുണ്ട്.

​ മനസ്സിന്റെയും ഉത്സവകാലമാണ് ക്രിസ്തുമസ്സ് കാലം. മറ്റെല്ലാ വിഷമതകളെയും മറന്ന് മനസ്സ് സന്തോഷം കൊണ്ട് നിറയ്ക്കാന്‍ ഒരു പ്രത്യേക കഴിവുണ്ട് ക്രിസ്തുമസ്സ് നാളുകള്‍ക്ക്. എവിടെ തിരിഞ്ഞു നോക്കിയാലും പുല്‍ക്കൂടും, ക്രിസ്തുമസ്സ് ട്രീയും, തോരണങ്ങളും, പള്ളികളിലെ സ്പെഷല്‍ പ്രാര്‍ത്ഥനകളും കുര്‍ബാനകളും, ക്രിസ്മസ് കരോളുകളും, പടക്കം, കമ്പിത്തിരി തുടങ്ങി കുട്ടികളുടെ ആഘോഷങ്ങളും, എല്ലാത്തിനും പുറമേ ക്രിസ്മസ്സ് കേക്കുകളും... അങ്ങനെ പകരം വയ്ക്കാനില്ലാത്ത ഒരുപാടു പ്രത്യേകതകള്‍ ഉണ്ട് ക്രിസ്മസ്സ് നാളുകള്‍ക്ക്. പരസ്പരം സമ്മാനങ്ങളും ആശംസകളും കൈമാറി, ബന്ധങ്ങളും പരിചയങ്ങളും പുതുക്കാനും ക്രിസ്തുമസ്സ് നാളുകള്‍ നമ്മെ സഹായിയ്ക്കുന്നു.

എന്റെ മനസ്സിലുമുണ്ട് ഒരുപാട് ക്രിസ്തുമസ്സ് സ്മരണകള്‍. എങ്കിലും മനസ്സില്‍ ഏറ്റവും തെളിമയോടെ നില്‍ക്കുന്നത് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ ഒരു ക്രിസ്തുമസ്സ് കാലമാണ്. ബിരുദ പഠനത്തിനായി ഞാന്‍ പിറവം ബി പി സി കോളേജില്‍ ചേര്‍ന്ന ആദ്യ വര്‍ഷത്തെ ക്രിസ്തുമസ്സ് കാലം.

​ ആ വര്‍ഷത്തെ NSS ദശദിന ക്യാമ്പ് നിശ്ചയിച്ചിരുന്ന സമയത്ത് സംഘടിപ്പിയ്ക്കാന്‍ സാധിയ്ക്കാതെ, അതിനുള്ള സമയം ഒത്തു കിട്ടിയത് ഡിസംബര്‍ അവസാനത്തോടെയായിരുന്നു. അതായത് കൃത്യം ക്രിസ്തുമസ്സ് നാളുകള്‍ക്കിടയില്‍. ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍മാരായ ബിജു സാറും ടിജി സാറും ഇക്കാര്യം NSS മീറ്റിങ്ങില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ ഭൂരിഭാഗം പേരുടേയും മുഖം വാടി. വീട്ടുകാരോടും കൂട്ടുകാരോടുമൊപ്പം സ്വന്തം വീട്ടിലും നാട്ടിലും ക്രിസ്മസ്സ് ആഘോഷിയ്ക്കാന്‍ തന്നെയായിരിയ്ക്കുമല്ലോ എല്ലാവര്‍ക്കും ഇഷ്ടം. പക്ഷേ ബിജു സാറിന്റെയും ടിജി സാറിന്റെയും സ്നേഹപൂര്‍വ്വമായ നിര്‍ബന്ധം മൂലം അവസാനം കുറച്ചു പേരെങ്കിലും  അവസാനം ക്യാമ്പില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചു.

ആദ്യം ഈ വാര്‍ത്ത കേട്ടപ്പോള്‍ ഞങ്ങള്‍ക്കും താല്പര്യം തോന്നിയിരുന്നില്ല. പക്ഷേ, ഒരു വ്യത്യസ്തതയ്ക്കു വേണ്ടി അക്കൊല്ലം കോളേജില്‍ NSS ക്യാമ്പില്‍ അവിടത്തെ സുഹൃത്തുക്കളോടും നാട്ടുകാരോടുമൊപ്പം ക്രിസ്മസ് ആഘോഷിച്ചാലെന്ത് എന്ന ആശയം ഞങ്ങളുടെ കൂട്ടത്തിലേയ്ക്ക് ആദ്യം മുന്നോട്ടു വച്ചത് സുധിയപ്പനായിരുന്നു. ഞങ്ങളുടെ ടീമിലെ ആരെങ്കിലും പങ്കെടുക്കാമെന്നുണ്ടെങ്കില്‍ ഞാനും തയ്യാറാണെന്ന് ഞാന്‍ അപ്പഴേ പറഞ്ഞു. ആദ്യം ഒന്ന് സംശയിച്ചെങ്കിലും ജോബിയും ബിബിനും സഞ്ജുവും മത്തനും ഞങ്ങളുടെ ഒപ്പം നില്‍ക്കാമെന്ന് സമ്മതിച്ചു. അങ്ങനെ ആവര്‍ഷത്തെക്രിസ്മസ് കാലം NSS ക്യാമ്പില്‍ തന്നെ ആകാമെന്ന് ഞങ്ങള്‍ ഉറപ്പിച്ചു. പതുക്കെ പതുക്കെ NSS അംഗങ്ങളില്‍ പലരും തീരുമാനം മാറ്റി, ക്യാമ്പില്‍ പങ്കെടുക്കാമെന്ന്  സമ്മതം മൂളി.

അങ്ങനെ ആളില്ലാതെ ക്യാമ്പ് വേണ്ടെന്ന് വയ്ക്കേണ്ടി വരുമോ എന്ന് സംശയിച്ചിടത്തുനിന്ന് 60 ലധികം പേര്‍ പങ്കെടുക്കാന്‍ പേരു കൊടുത്തതോടെ ബിജു സാറും ടിജി സാറും ആവേശത്തിലായി. ആ വര്‍ഷത്തെ ക്രിസ്തുമസ്, ക്യാമ്പിനിടയില്‍ ആയതു കൊണ്ടു തന്നെ ക്രിസ്തുമസ് ദിനം ആഘോഷങ്ങള്‍ക്കായി മാത്രം മാറ്റി വയ്ക്കാനും തീരുമാനമായി. കാരണം ഈ അറുപതു പേരും വീട്ടുകാരോടൊത്തുള്ള ആഘോഷം മാറ്റി വച്ച് വന്നിരിയ്ക്കുകയാണല്ലോ.

ആ വര്‍ഷത്തെ ക്യാമ്പ് ഡിസംബര്‍ 17 മുതല്‍ 26 വരെ ആയിരുന്നു. 17 ന് ക്രിസ്മസ്സ് ആഘോഷങ്ങള്‍ക്ക് ശേഷം കോളേജ് 10 ദിവസത്തേയ്ക്ക് അടച്ച് എല്ലാവരും ക്രിസ്മസ് അവധിയ്ക്കായി പോകുമ്പോള്‍ ഞങ്ങള്‍ 60 പേര്‍ ആ വര്‍ഷത്തെ ദശദിന ക്യാമ്പ് "മനസ്സു നന്നാകട്ടെ* ..." എന്ന് തുടങ്ങുന്ന NSS ഗാനത്തോടെ അന്ന് വൈകുന്നേരം ആഘോഷപൂര്‍വ്വം ആരംഭിയ്ക്കുകയായിരുന്നു. ആദ്യത്തെ അഞ്ചു ദിവസങ്ങള്‍ സ്ഥിരം NSS ക്യാമ്പിന്റെ രീതികളില്‍ തന്നെ നാടും റോഡും ക്യാമ്പസ്സും മറ്റും വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള സേവന പ്രവൃത്തികളും, ദിവസവും ഉച്ചയ്ക്കു ശേഷം നടത്താറുള്ള സെമിനാറുകളും, ശേഷം രാത്രി വൈകും വരെ തുടരാറുള്ള കലാപരിപാടികളും, ദിവസം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന തമാശകളും കുസൃതികളും ഒക്കെയായി കടന്നു പോയി.

എന്നാല്‍ ഡിസംബര്‍ 22 മുതല്‍ എല്ലാവരും ക്രിസ്തുമസ്സ് ആഘോഷമാക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു. ക്യാമ്പിലെ അംഗങ്ങളില്‍ നിന്നു തന്നെ ഒരു കരോള്‍ സംഘത്തെ തട്ടിക്കൂട്ടിയെടുത്തു. തരക്കേടില്ലാതെ പാടാനറിയുന്നവരെ തിരഞ്ഞെടുത്ത് കരോള്‍ ഗാനങ്ങള്‍ പ്രാക്ടീസ് ചെയ്യിച്ചു. ക്യാമ്പസ്സും കോളേജ് ജംഗ്ഷനുമെല്ലാം തോരണങ്ങളും മറ്റുമായി മോടി പിടിപ്പിച്ചു. ഇതിനിടെ കോളേജിന്റെ മ്യൂസിക് ട്രൂപ്പിന്റെ തന്നെ ഉപയോഗിയ്ക്കാതെ കിടന്നിരുന്ന ഒരു ട്രിപ്പിള്‍ ഡ്രം ജോബി എവിടുന്നോ തപ്പിയെടുത്തു. അത് നേരാം വണ്ണം ഉപയോഗിയ്ക്കാനറിയാവുന്ന ആരും തന്നെ ഇല്ലായിരുന്നെങ്കിലും ആ ചുമതലയും അവന്‍ തന്നെ ധൈര്യപൂര്‍വ്വം ഏറ്റെടുത്തു.

അങ്ങനെ അങ്ങനെ പ്രാക്ടീസ് എല്ലാം കഴിഞ്ഞ് ഡിസംബര്‍ 22 വൈകുന്നേരം ഇരുള്‍ പരക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ കോളേജിലെ NSS കരോള്‍ സംഘമായി കോളേജിനു സമീപത്തുള്ള വീടുകളിലേയ്ക്കിറങ്ങി. "യഹൂദിയായിലെ ഒരു ഗ്രാമത്തില്‍...", "പുല്‍ക്കുടിലില്‍, കാലിത്തൊട്ടിലില്‍...", "ദൈവം പിറക്കുന്നു മനുഷ്യനായ് ബെത്‌ലഹേമില്‍..."  എന്നീ കരോള്‍ ഗാനങ്ങളായിരുന്നു ഞങ്ങളുടെ ഹൈലൈറ്റ്. "ഹലേലൂയ... ഹലേലൂയ" എന്ന വരികളുടെ മാന്ത്രികത ശരിയ്ക്കും വിവരണാതീതമായിരുന്നു. അതിലേറെ അത്ഭുതം തോന്നിയത് കോളേജില്‍ വച്ച് കരോള്‍ പ്രാക്ടീസിനു പോലും ഇറങ്ങാതിരുന്ന പലരും ആവേശത്തോടെ പാട്ടുപാടാന്‍ തയ്യാറായി എന്നതും അവരെല്ലാവരും അതിമനോഹരമായി തന്നെ ഒരുമിച്ചു പാടി പരിപാടി കൊഴുപ്പിച്ചു എന്നതുമാണ്. സ്വയം മറന്ന് ഡ്രമ്മില്‍ താളമിട്ട് ജോബിയുടെ പെര്‍ഫോമന്‍സും ശ്രദ്ധ പിടിച്ചു പറ്റി. പ്രതീക്ഷിച്ചതിലും നല്ല പ്രതികരണമായിരുന്നു ഞങ്ങള്‍ക്ക് കിട്ടിയത്. കോളേജില്‍ നിന്നു വന്ന കരോള്‍ സംഘത്തെ പിറവത്തെ സ്നേഹധനരായ എല്ലാ വീട്ടുകാരും അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചു.

തൊട്ടടുത്ത ദിവസവും (ഡിസംബര്‍ 23) ഞങ്ങള്‍ കരോള്‍ ഗാനങ്ങളുമായി ഇറങ്ങി. ആദ്യ ദിവസത്തെ കോളേജ് കരോള്‍ സംഘത്തെ കുറിച്ച് കേട്ടറിഞ്ഞ നാട്ടുകാരില്‍ പലരും രണ്ടാമത്തെ ദിവസം ഞങ്ങളെ അവരുടെ വീടുകളിലേയ്ക്ക് ക്ഷണിച്ചിരുന്നു. കുറച്ചു ദൂരം നടക്കേണ്ടിയിരുന്നെങ്കിലും ഞങ്ങള്‍ അവരില്‍ പലരുടേയും ക്ഷണം സ്വീകരിച്ച് അവിടെയെല്ലാം പോയി, പാട്ടുപാടി. അവരെല്ലാവരും തന്നെ കേക്കുകളും പലഹാരങ്ങളും നല്ല തുക വീതം സംഭാവനകളും തന്നിട്ടായിരുന്നു ഞങ്ങളെ സ്വീകരിച്ചത്. പല സ്ഥലത്തു നിന്നും വയറു നിറഞ്ഞ കാരണം ഒരു വസ്തു പോലും തിന്നാന്‍ പറ്റാതെ ഇറങ്ങുമ്പോള്‍ അവരില്‍ പലരും കേക്കുകള്‍ ഞങ്ങള്‍ക്ക് സ്നേഹപൂര്‍വ്വം നിര്‍ബന്ധത്തോടെ പൊതിഞ്ഞു തന്ന് ഞങ്ങളെ യാത്രയാക്കി. ‌അങ്ങനെ കൊട്ടും പാട്ടും മറ്റുമായി ആഘോഷപൂര്‍വ്വം തിരിച്ചു കോളേജില്‍ തിരിച്ചു കയറുമ്പോഴേയ്ക്കും അന്ന് രാത്രി വളരെ വൈകിയിരുന്നു. പാടിയും നടന്നും അവശരായെങ്കിലും എല്ലാവരും ആവേശത്തിമര്‍പ്പിലായിരുന്നു.

സാധാരണയായി എല്ലാ ദിവസങ്ങളിലും എന്തൊക്കെ പരിപാടികള്‍ കഴിഞ്ഞാലും കോളേജില്‍ തിരിച്ചു പോയി പിറ്റേ ദിവസത്തെ പ്രോഗ്രാംസ് പ്ലാന്‍ ചെയ്ത് രാത്രി പ്രാര്‍ത്ഥനയും കഴിഞ്ഞ് പെണ്‍കുട്ടികളെ ഹോസ്റ്റലിലേയ്ക്ക് പറഞ്ഞയച്ച ശേഷമാണ് ഞങ്ങള്‍ ആണ്‍കുട്ടികള്‍ ഉറങ്ങാന്‍ കിടക്കാറുള്ളത്. ആണ്‍കുട്ടികളെല്ലാവരും കോളേജിലെ ഏതെങ്കിലും ക്ലാസ്സ് റൂമുകളില്‍ (മിക്കവാറും അവരവരുടെ ക്ലാസ് റൂമുകളില്‍)കിടക്കുമ്പോള്‍ ഞങ്ങളുടെ ഒപ്പം തന്നെയായിരുന്നു (തൊട്ടപ്പുറത്തെ ഓഫീസ് ബ്ലോക്കില്‍)ക്യാമ്പ് കോ ഓര്‍ഡിനേറ്റേഴ്സ് ആയിരുന്ന ബിജു സാറും ടിജി സാറും കോളേജിലെ പ്യൂണ്‍ (പ്യൂണ്‍ എന്നതിനേക്കാള്‍ ഞങ്ങളെല്ലാം ഒരു മുതിര്‍ന്ന ചേട്ടനെ പോലെ കണ്ടിരുന്ന) ബെന്നിച്ചേട്ടനും കിടന്നിരുന്നത്. എന്നാല്‍ അന്നത്തെ ദിവസം ഒരുപാട് വൈകിയതിനാല്‍ കോളേജിലേയ്ക്ക് പോകും വഴിയുള്ള ഹോസ്റ്റലിലേയ്ക്ക് തിരിയും വഴിയില്‍ വച്ച് തന്നെ കുറച്ചു നേരം എല്ലാവരും ഒത്തു കൂടി, പിറ്റേന്നത്തെ പ്ലാനുകള്‍ തയ്യാറാക്കി പ്രാര്‍ത്ഥനാഗാനവും ചൊല്ലി പെണ്‍കുട്ടികളെ ഹോസ്റ്റലിലേയ്ക്ക് കൊണ്ടു വിട്ട് മഞങ്ങള്‍ കോളേജിലേയ്ക്ക് തിരിച്ചു. അന്ന് രാത്രി ആ നിലാവില്‍ കോളേജിലേയ്ക്കുള്ള വഴിയില്‍ നിന്ന് എല്ലാവരും ഒരുമിച്ച് "ഞാനുറങ്ങാന്‍ പോകും മുന്‍പായ്... നേരുന്നിതാ നന്ദി നന്നായ് ... ഇന്നു നീ കാരുണ്യ പൂര്‍വ്വം തന്ന നന്മകള്‍ ഒക്കേക്കുമായി..." എന്ന ഗാനത്തിന്റെ മാസ്മരികത ഇന്നും മനസ്സില്‍ ഒരു കുളിര്‍മ്മയോടെ നില നില്‍ക്കുന്നു.

അടുത്ത ദിവസം ഡിസംബര്‍ 24 ന് ക്യാമ്പില്‍ അനുവദിച്ചു കിട്ടാറുള്ള തുകയും കരോളിനു പോയപ്പോള്‍ കിട്ടിയ സംഭാവനയും ചേര്‍ത്ത് ഞങ്ങള്‍ ക്യാമ്പംഗങ്ങളെല്ലാവരും കോളേജ് ബസ്സില്‍ വാഗമണ്ണിലേയ്ക്ക് ഒരു യാത്രയും തരപ്പെടുത്തി. അങ്ങനെ അടുത്ത ദിവസം ആ വര്‍ഷത്തെ ക്രിസ്തുമസ് ദിവസവും വന്നെത്തി. ഒരിയ്ക്കലും മറക്കാന്‍ പറ്റാത്ത ഒന്നായിരുന്നു ആ ദിവസം. ക്രിസ്തുമസ് ആരവങ്ങളോടെ പരസ്പരം ആശംസകള്‍ നേര്‍ന്നു കൊണ്ടും കേക്കു മുറിച്ചും ആഘോഷത്തോടെ അന്നത്തെ ദിവസം ഉച്ച വരെ ഞങ്ങള്‍ ചിലവിട്ടു.

എന്നാല്‍ അതിലേറെ ഹൃദ്യമായ, മനസ്സിനെ സ്പര്‍ശിച്ച ഒരനുഭവമായിരുന്നു അന്ന് ഉച്ചയ്ക്ക് ശേഷം ഞങ്ങളെ കാത്തിരുന്നത്.  അവിടെ അടുത്തുള്ള ഒരു വൃദ്ധ സദനം സന്ദര്‍ശിയ്ക്കാം എന്ന തീരുമാനം ആദ്യം ഞങ്ങളെ നിരാശപ്പെടുത്തിയെങ്കിലും അവിടെ എത്തിയതോടെ എല്ലാവരുടേയും മനസ്സു മാറി. ആരുമില്ലാതെ വാര്‍ദ്ധക്യം ഏകാന്തതയോടെ നിശ്ശബ്ദമായി അനുഭവിയ്ക്കുന്നവരെ മാത്രമല്ല, എല്ലാവരും ഉണ്ടായിട്ടും ആര്‍ക്കും വേണ്ടാതെ പുറത്താക്കപ്പെട്ടവരും മക്കളും കൊച്ചു മക്കളും അമേരിയ്ക്കയിലും മറ്റും ആയതിനാല്‍ നോക്കാന്‍ ആളില്ലാതെ അവിടെ എത്തിപ്പെട്ടവരുമായ കുറേ വൃദ്ധ ജനങ്ങളെ ഞങ്ങളവിടെ കണ്ടു. ലോകം മുഴുവനും അന്നേ ദിവസം ക്രിസ്മസ്സ് ആഘോഷിയ്ക്കുമ്പോള്‍ മറ്റേതൊരു ദിവസവും എന്ന പോലെ യാതൊരു പ്രത്യേകതകളുമില്ലാതെ അന്നേ ദിവസത്തെ തള്ളി നീക്കുകയായിരുന്നു, അവിടുത്തെ അന്തേവാസികള്‍.

എന്നാല്‍ കോളേജില്‍ ഞങ്ങള്‍ തയ്യാറാക്കിയ ബിരിയാണിയും കരോളിനു പോയപ്പോള്‍ സമ്മാനമായി കിട്ടിയ കേക്കുകളും പലഹാരങ്ങളും ഒക്കെയായി ഞങ്ങള്‍ ചെന്നപ്പോള്‍ അത് അവര്‍ക്കും പ്രതീക്ഷിയ്ക്കാതെ കിട്ടിയ ഒരു ക്രിസ്മസ്സ് സമ്മാനമായി മാറുകയായിരുന്നു. അവസാനം, രണ്ടു മൂന്നു മണിക്കൂറുകള്‍ക്ക് ശേഷം വൈകുന്നേരത്തോടെ അവിടുന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഞങ്ങള്‍ കണ്ടത് നിര്‍വ്വികാരതയോടെ ഞങ്ങളെ സ്വികരിച്ച അവരുടെ മുഖങ്ങളായിരുന്നില്ല, മറിച്ച് ചിരിയ്ക്കുന്ന മുഖത്തോടെയാണ് അവരെല്ലാവരും ഞങ്ങള്‍ക്ക് യാത്ര പറഞ്ഞത്. അതേ സമയം മനസ്സില്ലാ മനസ്സോടെ അവിടേയ്ക്ക് യാത്ര തിരിച്ച ഞങ്ങളാണെങ്കില്‍ നിറഞ്ഞ മനസ്സോടെയായിരുന്നു കോളേജിലേയ്ക്ക് മടങ്ങിയത്. ഞങ്ങളുടെ എല്ലാവരുടേയും ജീവിതത്തിലെ തന്നെ ഒരിയ്ക്കലും മറക്കാന്‍ പറ്റാത്ത ഒരു ക്രിസ്തുമസ് ദിനം ആയിരുന്നു അത്.

പിറ്റേ ദിവസത്തെ കലാശ പരിപാടികളോടെ ആ ദശദിന ക്യാമ്പ് അവസാനിച്ചു. എങ്കിലും എന്നെന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരുപാടു നല്ല മുഹൂര്‍ത്തങ്ങള്‍... ഇന്നും ജീവിതത്തിലെ ഏറ്റവും നല്ല ക്രിസ്തുമസ്സ് നാളുകള്‍ എന്ന് മനസ്സു നിറഞ്ഞ് ഓര്‍ക്കാന്‍ കഴിയുന്ന ദിവസങ്ങള്‍... അതായിരുന്നു ആ ദശദിന ക്യാമ്പ് സമ്മാനിച്ചത്.
*********
​*മനസ്സു നന്നാവട്ടേ
മതമേതെങ്കിലുമാവട്ടേ
മാനവഹൃത്തിന്‍ ചില്ലയിലെല്ലാം
മാമ്പൂക്കള്‍ വിരിയട്ടേ... (മനസ്സു നന്നാവട്ടെ...)​

സൗഹൃദ സിദ്ധികള്‍ പൂത്താല്‍

സുവര്‍ണ്ണ നാഭ പരന്നാല്‍
സുരഭില ജീവിത മാധുരി വിശ്വം
സമസ്തമരുളുകയല്ലോ... (മനസ്സു നന്നാവട്ടെ...)

സത്യം ലക്ഷ്യമതാവട്ടേ

ധര്‍മ്മം പാതയതാവട്ടേ
ഹൈന്ദവ ക്രൈസ്തവ  ഇസ്ലാമികരുടെ
കൈകളിണങ്ങീടട്ടേ... (മനസ്സു നന്നാവട്ടെ...)​