Wednesday, August 2, 2023

കലാലയ വര്‍ണ്ണങ്ങള്‍

ഇരുപത്തി നാലു വര്‍ഷങ്ങള്‍... അതെ, ഇരുപത്തി നാലു വര്‍ഷങ്ങള്‍ തികയുകയാണ്  പിറവത്തെ ബിപിസി എന്ന കലാലയത്തില്‍ ഞങ്ങളുടെ ബാച്ചിന്റെ ആദ്യ അദ്ധ്യയന ദിവസം തുടങ്ങിയിട്ട്. ബിരുദ പഠനത്തിനായി ചിലവിട്ട വെറും മൂന്നു വര്‍ഷങ്ങളേ അവിടെ പഠിച്ചുള്ളൂ എങ്കിലും ജീവിതത്തില്‍ ഏറ്റവുമധികം ആസ്വദിച്ച കാലമായിരുന്നു അത്. കോളേജ് ലൈഫ് ശരിയ്ക്ക് ആഘോഷിച്ചത് അവിടെ വച്ചായിരുന്നു.

1999 ല്‍ ഞങ്ങളുടെ ബാച്ച് ആരംഭിയ്ക്കുമ്പോള്‍ ബി പി സി കോളേജ് അതിന്റെ ബാല്യം പിന്നിട്ടിരുന്നില്ല. 1995 ല്‍ മാത്രം ആരംഭിച്ച ആ കൊച്ചു കോളേജ് സ്വന്തം കെട്ടിടത്തിലേയ്ക്ക് മാറി പ്രവര്‍ത്തനം ആരംഭിച്ചിട്ടേയുണ്ടായിരുന്നുള്ളൂ. മുഴുവനായും പണി പൂര്‍ത്തിയാകാത്ത കെട്ടിടം. താഴെ ബസ് സ്റ്റോപ്പില്‍ നിന്നും മുകളില്‍ കോളേജിന്റെ മുറ്റം വരെ മെറ്റല്‍ വഴി. ഒരു ഗേറ്റോ മതിലോ ഇല്ല. ചുറ്റിനും റബ്ബര്‍ കാട്. ഇതായിരുന്നു അന്നത്തെ ബിപിസി. ഒരു തനി നാട്ടിന്‍ പുറമായിരുന്ന പിറവം എന്ന ഗ്രാമം ഒരു കോളേജിന്റെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയിട്ടുണ്ടായിരുന്ന നാളുകളായിരുന്നു അത്. റബ്ബര്‍ മരങ്ങള്‍ നിറഞ്ഞതാണെങ്കിലും സ്വച്ഛമായ ഒരു ഗ്രാമം. ശബ്ദങ്ങളോ ബഹളങ്ങളോ ഇല്ലാത്ത ചുറ്റുപാടുകള്‍. 'കന്നീറ്റുമല' എന്നറിയപ്പെട്ടിരുന്ന ചെറിയ ഒരു കുന്ന്. അതിന്റെ ഒത്ത മുകളില്‍ ഒറ്റയ്ക്ക് ഒരു കോളേജ്. അതായിരുന്നു ഞങ്ങളുടെ ബിപിസി.

ആകെ മൂന്ന് ബാച്ച് മാത്രം (BCA, BSc Electronics, BBA). എല്ലാത്തിലും കൂടി 500 ല്‍ താഴെ മാത്രം വിദ്യാര്‍ത്ഥികള്‍. ചെറുപ്പക്കാരായ, ചുറുചുറുക്കുള്ള അദ്ധ്യാപകര്‍.  കേവലം അദ്ധ്യാപകരും സഹപാഠികളും എന്നതിലുപരി ബിപിസി ഞങ്ങളുടെ കുടുംബമായിരുന്നു. ഒരു സൌഹൃദ കുടുംബം. ക്ലാസ്സെടുക്കുന്ന സമയങ്ങളില്‍ മാത്രം അദ്ധ്യാപകര്‍, അല്ലാത്തപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍. അതായിരുന്നു ബിപിസിയിലെ അദ്ധ്യാപകരുടെ നയം. ഞങ്ങളുടെ മൂന്നു വര്‍ഷത്തിനിടയ്ക്ക് ഒരിയ്ക്കല്‍ പോലും സമരമോ പഠിപ്പു മുടക്കോ ഉണ്ടായിട്ടില്ല എന്ന് പറയുമ്പോള്‍ തന്നെ ആ കലാലയാന്തരീക്ഷം എല്ലാവര്‍ക്കും ഊഹിയ്ക്കാവുന്നതേയുള്ളൂ. അതിന്റെ ആവശ്യം വന്നിട്ടില്ല എന്നതാണ് സത്യം. തിരഞ്ഞെടുപ്പുകാലങ്ങള്‍ പോലും തികച്ചും ശാന്തമായിരുന്നു.

അന്ന് കോളേജിനു സ്വന്തമായി ഒരു ബോയ്‌സ് ഹോസ്റ്റല്‍ ഉണ്ടായിരുന്നില്ല. എന്നെ പോലെ ദൂരദേശങ്ങളില്‍ നിന്നും വന്നിരുന്നവര്‍ കോളേജിനടുത്ത് കിട്ടിയിരുന്ന ഒഴിഞ്ഞ വീടുകളില്‍ വാടകയ്ക്ക് താമസിയ്ക്കുകയായിരുന്നു പതിവ്.  എന്നാല്‍ മറ്റൊരു നാട്ടിലാണ് എന്ന തോന്നല്‍ പോലും ഉണ്ടാകാത്തത്ര സൌഹാര്‍ദ്ദപരമായ അന്തരീക്ഷമായിരുന്നു അവിടെ. ആ നാട്ടിലെ ഒരാളെ എന്ന പോലെ നാട്ടുകാരും ഞങ്ങളെ സ്നേഹിച്ചു, പരിഗണിച്ചു. എല്ലാം കൊണ്ടും നല്ല ഓര്‍മ്മകള്‍ മാത്രം നിറഞ്ഞ മൂന്നു വര്‍ഷം.

ഇപ്പൊഴും ബി പി സി കോളേജിന്റെ ആ ഗ്രൌണ്ട് കാണുമ്പോള്‍ അല്ലെങ്കില്‍ അതെപ്പറ്റി ഓര്‍ക്കുമ്പോള്‍ തന്നെ ഒരു അഭിമാനമാണ്... ഞങ്ങളുടെ പഠനകാലത്ത്, NSS ക്യാമ്പിന്റെ ഭാഗമായി കാടു വെട്ടിത്തെളിച്ച് ഗ്രൌണ്ട് നിര്‍മ്മാണത്തിന് തുടക്കമിട്ടത് ഞങ്ങളായിരുന്നു. കാടും പടലും വെട്ടിത്തെളിയ്ക്കുന്ന കൂട്ടത്തില്‍ നായ്‌ക്കുരണ ചെടികള്‍ തിങ്ങി നിന്നിരുന്ന ഒരു സ്ഥലമുണ്ടായിരുന്നു. അത് എന്താണെന്ന് മനസ്സിലാക്കിയപ്പോഴേയ്ക്കും ഞങ്ങള്‍ മൂന്നു നാലു പേര്‍ (ഞാനും സുധിയപ്പനും ജെയ്‌സണ്‍ ചേട്ടനുമെല്ലാം) അതു മുഴുവന്‍ വെട്ടി വെളുപ്പിയ്ക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. കാര്യം മനസ്സിലാക്കിയപ്പോഴേയ്ക്കും വൈകിപ്പോയിരുന്നു. ദേഹത്തെല്ലാം പൊടി വീണു കഴിഞ്ഞു. എങ്കിലും ഞങ്ങള്‍ പിന്മാറിയില്ല. എന്തായാലും ഞങ്ങളുടെ ദേഹത്ത് പൊടി പറ്റിക്കഴിഞ്ഞു. ഞങ്ങള്‍ ഉടനെ മറ്റെല്ലാവരേയും അവിടെ നിന്നും മാറ്റി. എന്നിട്ട് യുദ്ധകാലാടിസ്ഥാനത്തില്‍ ആ ഏരിയ മുഴുവന്‍ വെട്ടിവെളുപ്പിച്ചു. എന്നിട്ട് വെട്ടി മാറ്റിയ നായ്ക്കുരണ ചെടികള് എല്ലാം ദൂരെ കൊണ്ടു കളഞ്ഞ ശേഷമാണ് ഞങ്ങള്‍ പിന്മാറിയത്. (പിന്നെ അന്നത്തെ ദിവസം മുഴുവന്‍ ചൊറിച്ചിലായിരുന്നു. ഒന്നര മണിക്കൂര്‍ പൈപ്പിന്‍ ചുവട്ടില്‍ തന്നെ നിന്ന് കുളിച്ച ശേഷമാണ് ചെറിയൊരു ആശ്വാസം കിട്ടിയത്).

ഇന്ന് കോളേജിനു മുന്‍‌പില്‍ കാണുന്ന ഒട്ടു മിക്ക മരങ്ങളും ചെടികളും ഞങ്ങളുടെ കയ്യൊപ്പു പതിഞ്ഞവയാണ്. അന്നത്തെ പ്രിന്‍‌സിപ്പാള്‍ ആയിരുന്ന ബേബി എം  വര്‍ഗ്ഗീസ് സാറിനും  തുടര്‍ന്നു വന്ന കെ എം കുര്യാക്കോസ് സാറിനും വളരെ ഇഷ്ടമായിരുന്നു മരം വച്ചു പിടിപ്പിയ്ക്കുന്നത്. അവരുടെ നേതൃത്വത്തില്‍ ഞങ്ങള്‍ നട്ടു പിടിപ്പിച്ച മരങ്ങള്‍ മിക്കതും ഇന്നും അവിടെ തലയുയര്‍ത്തി നില്‍ക്കുന്നു. വെറുതേ നടുക മാത്രമല്ല, ഞങ്ങള്‍ പോരുന്ന കാലം വരെ അവധി ദിവസങ്ങളിലെല്ലാം ഇടയ്ക്ക് കോളേജില്‍ പോയി ആ ചെടികളും മരങ്ങളുമെല്ലാം നനയ്ക്കാന്‍ ഞങ്ങള്‍ അക്കാലത്ത് സമയം കണ്ടെത്തിയിരുന്നു, കേട്ടോ. എല്ലാത്തിനും പിന്തുണയായി ബിജു സാറും ടിജി സാറും (NSS)  എന്നുമുണ്ടായിരുന്നു.

അതേ പോലെ ഒന്നാം സെമസ്റ്റര്‍ ക്ലാസ്സിലെ രണ്ടു സീലിങ്ങ് ഫാനുകള്‍ ഇന്നും ഞങ്ങളുടെ സ്വകാര്യ സന്തോഷമാണ്. ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് പിരിവിട്ട് വാങ്ങിയതായിരുന്നു അവ. അന്ന് അവ ഫിറ്റ് ചെയ്ത ദിവസം ഫിസിക്സ് വാദ്ധ്യാര്‍ ആയിരുന്ന സന്തോഷ് സാര്‍ ഞങ്ങളെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു. “നിങ്ങള്‍ ഈ കോളേജില്‍ നിന്നും പോയാലും വര്‍ഷങ്ങളോളം നിങ്ങളുടെ ഓര്‍മ്മയ്ക്കായി ഇവ ഇവിടെയുണ്ടാകും”. അത് സത്യമാണെന്ന് ഇപ്പോള്‍ മനസ്സിലാകുന്നു.

ഇപ്പോള്‍ ആലോചിയ്ക്കുമ്പോള്‍ എന്തെല്ലാം ഓര്‍മ്മകള്‍...

1999 ല്‍ ആദ്യമായി ആ കലാലയത്തിന്റെ പടിയ്ക്കല്‍ ബസ്സിറങ്ങി പകച്ചു നിന്നതും... ഇളകിക്കിടക്കുന്ന വലിയ മെറ്റല്‍ പാകിയ, ഇരു വശങ്ങളിലും റബ്ബര്‍ മരങ്ങള്‍ മാത്രം വളര്‍ന്നു നില്‍ക്കുന്ന വഴിയിലൂടെ കുറച്ച് ആയാസപ്പെട്ട് കോളേജ് സ്ഥിതി ചെയ്യുന്ന കന്നീറ്റുമല എന്നറീയപ്പെടുന്ന ആ കുന്നു കയറിയതും... മറ്റു വമ്പന്‍ കോളേജുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ താരതമ്യേന ചെറുതായ ആ കോളേജ് കെട്ടിടം കണ്ട് അതിശയിച്ചതും... അദ്ധ്യാപകരുള്‍പ്പെടെയുള്ള അന്നാട്ടുകാരുടെയും അതിനു തെക്കുള്ളവരുടെയും  പരിചിതമല്ലാത്ത ഭാഷ കേട്ട് അന്തം വിട്ടതും (അതേ പോലെ എന്റെ ചാലക്കുടി ഭാഷ കേട്ട് അവരും)... താമസിയ്ക്കാനായി ഒരു വീട് നോക്കി കുറേ ദൂരം അലഞ്ഞു നടന്നതും... വീട്ടുകാരെയും ബന്ധുക്കളെയും എല്ലാം വിട്ട് ആദ്യമായി മാറി താമസിച്ചതും... പതുക്കെ പതുക്കെ ആ നാടിനെയും നാട്ടുകാരെയും കോളേജിനെയും ആ ചുറ്റുപാടുകളെയും ഇഷ്ടപ്പെട്ടതും... പിന്നീടുള്ള 3 വര്‍ഷക്കാലം ജീവശ്വാസം പോലെ ഞങ്ങളുടെ ബി പി സി കോളേജിനെ സ്നേഹിച്ചതും... അവിടത്തെ ഓരോ ആഘോഷ ദിവസങ്ങളുടെയും തലേന്ന് ഉറക്കമിളച്ച്  കവല മുതല്‍ കോളേജിന്റെ മുറ്റം വരെ കുഴിയെടുത്ത്, പോസ്റ്റുകള്‍ നാട്ടി,  തോരണങ്ങള്‍ കെട്ടാറൂള്ളതും, കിഴക്കു വെള്ള കീറൂം വരെ കോളേജു മൊത്തം അലങ്കരിയ്ക്കാറുള്ളതും അതു കഴിഞ്ഞ് പിറ്റേ ദിവസം ആഘോഷപരിപാടികള്‍ അവസാനിയ്ക്കുമ്പോഴേയ്ക്കും ക്ഷീണം കാരണം ഉറക്കം തൂങ്ങി തളര്‍ന്ന് ഇരിയ്ക്കേണ്ടി വരാറുള്ളതും... അവിടുത്തെ അവസാന സെമസ്റ്റര്‍ കഴിയുന്നത്ര ആസ്വദിച്ച് അവിസ്മരണീയമായ ദിവസങ്ങളാക്കി മാറ്റിയതും... എല്ലാം... എല്ലാം ഇന്ന് സുഖമുള്ള ഓര്‍മ്മകള്‍!

ഇപ്പോള്‍ ഇരുപത്തി നാലു വര്‍ഷങ്ങള്‍ തികയുകയാണ്. ഇന്ന് ആ പഴയ നിലയില്‍ നിന്നും ഞങ്ങളുടെ ബിപിസി ഒട്ടേറെ വളര്‍ന്നു കഴിഞ്ഞു. രൂപവും ഭാവവും എല്ലാം മാറി. എങ്കിലും എത്രയൊക്കെ മാറിയാലും ഞങ്ങളുടെ മനസ്സില്‍ ബിപിസി എന്നും പഴയ ബിപിസി തന്നെ. വലിയ ടാര്‍ റോഡും നാലഞ്ചു നിലകളുള്ള വലിയ കെട്ടിടവും മതില്‍‌ക്കെട്ടും ഇരുമ്പു ഗേറ്റും വമ്പന്‍ ഗ്രൌണ്ടും ഒരുപാടു കോഴ്സുകളും എല്ലാമായി ബിപിസി വളര്‍ന്നു. പഴയ സഹപാഠികളില്‍ ഭൂരിഭാഗം പേരും ഈ കാലയളവിനുള്ളില്‍ കുടുംബസ്ഥരായിക്കഴിഞ്ഞു. നല്ലൊരു ശതമാനം പേരും ഇന്ന് നാട്ടിലില്ല. അടുത്ത സുഹൃത്തുക്കളെ അടിയ്ക്കടി കാണാറുണ്ടെങ്കിലും സോഷ്യൽ മീഡിയകളിലൂടെ ഉള്ള ചാറ്റും ഫോൺ സംഭാഷണങ്ങളിലും മാത്രമായി ബാക്കിയുള്ളവരുമായുള്ള ബന്ധം ചുരുങ്ങി.

എങ്കിലും, വര്‍ഷം എത്ര കഴിഞ്ഞാലും വേറെ എത്രയെത്ര സൌഹൃദങ്ങള്‍ ലഭിച്ചാലും ഞങ്ങള്‍ക്കെല്ലാം ഏറ്റവും പ്രിയപ്പെട്ട കലാലയവും സൌഹൃദവും തന്ന ആ നാടും അവിടത്തെ ആ കലാലയവും എന്നും മനസ്സില്‍ ഒളി മങ്ങാതെ നിലനില്‍ക്കും എന്നുറപ്പാണ്. ഞങ്ങളുടെ ബാച്ചിന്റെ ആദ്യ അദ്ധ്യയന ദിവസത്തെ സ്മരിച്ചു കൊണ്ട്... ഒരുപാട് സൌഹൃദങ്ങള്‍ തന്ന പിറവം കന്നീറ്റുമലയിലുള്ള ആ കൊച്ചു കലാലയത്തെ സ്മരിച്ചു കൊണ്ട്... ഈ പോസ്റ്റ് ഞങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകര്‍ക്കും അന്നത്തെ എല്ലാ സഹപാഠികള്‍ക്കുമായി സമര്‍പ്പിയ്ക്കുന്നു.


28 comments:

  1. ശ്രീ said...

    ഞങ്ങളുടെ ക്യാമ്പസ് എന്ന് എന്നും സ്നേഹത്തോടെ ഓര്‍ക്കാറുള്ള ബി പി സി കോളേജില്‍ ഞങ്ങളുടെ ബാച്ചിന്റെ ആദ്യ അദ്ധ്യയന ദിവസം 1999 ആഗസ്ത് 2 നായിരുന്നു.

    പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഓര്‍മ്മക്കുറിപ്പ്...

    ബി പി സി യിലെ എല്ലാ സുഹൃത്തുക്കള്‍ക്കും അദ്ധ്യാപകര്‍ക്കും അവിടത്തെ നാട്ടുകാര്‍ക്കുമായി ഈ പോസ്റ്റ് സമര്‍പ്പിയ്ക്കുന്നു

  2. വിനുവേട്ടന്‍ said...

    മധുരിക്കും ഓർമ്മകൾ... അല്ലേ ശ്രീ...?

    കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി അവിടെ പഠിച്ച് ഇറങ്ങിപ്പോയ ഓരോ വിദ്യാർത്ഥിയും ഇത് വായിച്ചിരിക്കേണ്ടതാണ്...

    പിന്നെ വിദ്യാലയത്തിന് സമർപ്പിച്ച ആ ഗാനം... ഗംഭീരം... ശ്രീയുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന കവിയ്ക്ക് ലാൽ സലാം...

  3. Unknown said...

    ഓർമ്മകൾക്കെന്ത് സുഗന്ധം..
    ഗാനവും മനോഹരമായി.
    ആശംസകൾ ശ്രീ.

  4. Pradeep Kumar said...

    പാരടി ഗംഭീരമായി .....
    ജീവിതത്തിലെ ഏറ്റവും നല്ല കാലത്താണ് ബിരുദപഠനത്തിനായി കലാലയങ്ങളിലെത്തുന്നത്. ആ ഓർമ്മകൾ ഇടക്കിടക്ക് അയവിറക്കുന്നത് സുഖമുള്ള അനുഭവമാണ്.....

  5. Muralee Mukundan , ബിലാത്തിപട്ടണം said...

    ‘പേരു കേട്ട നാട്ടില്‍ നിന്നുയര്‍ന്നു വന്നൊരാലയം
    വേദനയിൽ നൂറു നൂറു വാക്കുകള്‍ പൊഴിയ്ക്കവേ
    ഓർക്കുവിൻ സതീർത്ഥ്യരേ നമ്മൾ വാണ വേദിയിൽ
    ആരവങ്ങൾ കയ്യൊഴിഞ്ഞു ബാക്കിയായ ബഞ്ചുകൾ...

    ബി പി സീ... ബി പി സീ...

    പച്ച മണ്ണു വെട്ടി മാറ്റി നട്ടു നമ്മളീ മരം
    ആഴ്ചയിൽ നനയ്ക്കുവാൻ മത്സരിച്ചനാളുകൾ
    പൂവുകൾ പറിച്ചിടാതെ കാത്തിരുന്നതോർക്കണം
    ക്യാമ്പസ്സിന്റെ മോടി കൂട്ടി മാറ്റിടുന്ന ക്യാമ്പുകൾ

    കട്ടിമണ്ണു വെട്ടി മാറ്റി കണ്ടെടുത്ത ഗ്രൗണ്ടിതിൽ
    മത്സരിച്ചു മതി വരാതെ പടിയിറങ്ങി ബാച്ചുകൾ
    സ്വന്ത ജീവിതത്തിൽ നിന്നു മാറ്റി വച്ച രാത്രികൾ
    നടു കഴച്ചു കുഴിയെടുത്തു നാട്ടിയെത്ര തോരണം...

    സ്മരണകൾക്കു തീ പിടിച്ചു നീറിടുന്ന ക്യാമ്പസ്സിൽ
    ചോദ്യമായി വന്നലച്ചു 'നിങ്ങളെന്നെ ഓർക്കുമോ?'“


    ഇതിൽ പരം എങ്ങിനെയാണ് ആ കലാലയത്തെ സ്മരിക്കുക അല്ലേ..

  6. ajith said...

    പാട്ട് സൂപ്പര്‍ ആയിട്ടുണ്ട് കേട്ടോ!
    പിറവത്തിനടുത്ത് ഓണക്കൂര്‍ എന്ന ഗ്രാമത്തിലാണ് എന്റെ അമ്മവീട്. ഇക്കഴിഞ്ഞ അവധിയ്ക്ക് കൂടെ ഞാന്‍ പിറവം വഴി പോയിരുന്നു.

  7. ശ്രീ said...

    വിനുവേട്ടാ

    ആദ്യ കമന്റിനും പ്രോത്സാഹനത്തിനും നന്ദി :)

    കമന്റിടാന്‍ പറ്റാത്തതിനാല്‍ മെയിലയച്ച പണിയ്ക്കര്‍ മാഷിനും നന്ദി.

    Gireesh KS ...
    സന്തോഷം, വളരെ നന്ദി.

    Pradeep Kumar...
    വളരെ ശരിയാണ് മാഷേ.

    മുരളി മാഷേ...
    അതെ, അതിനപ്പുറം ഒന്നുമില്ല, പറയാന്‍...
    വളരെ സന്തോഷം :)

    അജിത്തേട്ടാ...
    പാട്ടും ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. പിന്നെ, ഓണക്കൂര്‍ എനിയ്ക്ക് നന്നായറിയാവുന്ന സ്ഥലമാണ്. എന്റെ അടുത്ത സുഹൃത്തിന്റെ നാടാണ് അത്. :)

  8. ഫൈസല്‍ ബാബു said...

    ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടേ ,,, എന്നാലും ആ നായ്ക്കുരണ പൊടി എന്തോരം ചൊറിച്ചില്‍ തന്നിട്ടുണ്ടാവും അല്ലെ ? പാരഡി സൂപ്പര്‍ ശ്രീ ,, വല്ല പൂര്‍വ വിദ്യാര്‍ഥി സംഗമവും ഇനി അവിടെ ഉണ്ടാവുകയാണേല്‍ തീര്‍ച്ചയായും ഇത് അവിടെ അവതരിപ്പിക്കൂ ..

  9. കുഞ്ഞന്‍ said...

    മാതാപിതാക്കൾക്ക് തങ്ങളുടെ കുഞ്ഞ് വളർന്ന് വലുതായാലും അവരെ കുട്ടിയായി കാണുന്നതുപോലെയാണ് ശ്രീയുടെ ഈ അനുഭവവും..

    കോളേജിനെപ്പറ്റി എഴുതിയ പദ്യം ഹൃദ്യമായി..

  10. ജിമ്മി ജോണ്‍ said...

    ബീ.പി.സീ... ബീ.പി.സീ..

    ഒറിജിനലിനെ വെല്ലുന്ന പാരഡി! (പാരഡി രചനയിൽ ശ്രീക്കുട്ടന്റെ വൈഭവം മുൻപേ ബോധ്യമായിട്ടുള്ളതാണ്.. :) )

    മനോഹരമായി ഈ ഓർമ്മക്കുറിപ്പ്.. അറിയാതെ പഴയ യു.പി സ്കൂളിലും ഹൈസ്കൂളിലും കോളേജിലുമൊക്കെ പോയി വന്നു..

  11. വിനുവേട്ടന്‍ said...

    അതെ... ആ ബീ പീ സീ യ്ക്ക്‌ കൊടുക്കണം കാശ്‌...

  12. Sudheer Das said...

    കലാലയജീവിതത്തെ ഹൃദയത്തോടു ചേര്‍ത്തുവെക്കുന്നതുകൊണ്ട് ഈ ഓര്‍മ്മകുറിപ്പ് ഏറെ ഇഷ്ടപ്പെട്ടു. ആ വരികളില്‍ എല്ലാമുണ്ട്. ആശംസകള്‍.

  13. പാവത്താൻ said...

    ഏറെക്കാലത്തിനു ശേഷം വന്നതാണ്
    ആശംസകൾ

  14. ബഷീർ said...

    >>നല്ല സൗഹൃദങ്ങളോ മരിയ്ക്കുകില്ലൊരിയ്ക്കലും
    നമ്മളൊന്നു തന്നെ സത്യം അന്നുമിന്നുമെന്നുമേ << ഏറെ നാളുകൾക്ക് ശേഷം ഇന്ന് ബ്‌ളോഗിൽ വന്നു. ചിലത് വായിച്ചു കമന്റിട്ടു ..ശ്രിയുടെ ബ്‌ളോഗിൽ വന്ന് വായിച്ചു മനസ് നിറഞ്ഞു. ഒരു കലാലയത്തെ ഇത്രയധികം നെഞ്ചിലേറ്റിയതിന് അതിലൂടെ നല്ല നല്ല ഓർമ്മകൾ ഞങ്ങൾക്ക് സമ്മാനിച്ചതിനു വളരെ നന്ദി.. ഇല്ല നല്ല സൌഹൃദങ്ങൾക്ക് മരണമില്ല. ആശംസകൾ

  15. kochumol(കുങ്കുമം) said...

    ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം ല്ലേ ശ്രീ!
    പാട്ട് കൊള്ളാം ട്ടോ ..

  16. ശിഖണ്ഡി said...

    റബ്ബര്‍ തോട്ടം ക്യാമ്പസിന്റെ ഒരു അഭിഭാജ്യ ഘടകം തന്നെയാണ് എന്ന് തോനുന്നു. പലതും ഓര്‍ത്തു പോകുന്നു... പാരഡി ഗാനങ്ങള്‍ ഉള്‍പെടെ.... താങ്ക്സ്

  17. വീകെ said...

    “നല്ല സൗഹൃദങ്ങളോ മരിയ്ക്കുകില്ലൊരിയ്ക്കലും
    നമ്മളൊന്നു തന്നെ സത്യം... അന്നുമിന്നുമെന്നുമേ...”

    പാരടിയുണ്ടാക്കാ‍ൻ ആളു വിരുതനാണല്ലെ...
    പാട്ട് നന്നായി.
    ആശംസകൾ...

  18. Echmukutty said...

    എന്തൊരു നല്ല ഓർമ്മക്കുറിപ്പ്...
    പാരഡി അതിലും ഉഷാർ..
    ശ്രീ വേഗം കവിത എഴുതിക്കോളൂ..
    പിറവം റോഡ് സ്റ്റേഷൻ ട്രെയിനിൽ പോവുമ്പോ കാണാറുണ്ട്.പിന്നെ സിനിമാതാരം ലാലു അലക്സിന്റെ നാടാണു പിറവം എന്ന് കേട്ടിട്ടുണ്ട്.. ശ്രീയുടെ കോളേജ് അവിടെ ആയിരുന്നൂന്നും എനിക്കറിയാം..

    എന്താല്ലേ ജനറൽ നോളജ്..

    കുറിപ്പ് അതിസുന്ദരം ശ്രീ..

  19. കുഞ്ഞൂസ് (Kunjuss) said...

    കലാലയ ജീവിതം സുഖമുള്ള ഓർമ്മകൾ തന്നെ ....!

    നാട്ടിൽ പോയപ്പോൾ ഞങ്ങൾ, കുറച്ചു കൂട്ടുകാർ ചേർന്ന്‌ കോളേജിൽ പോയിരുന്നു .... ആ ഓർമ്മകൾ പോലും ഒരു പോസിറ്റീവ് എനർജി നൽകുന്നു ...!!


    ആ, പാരഡി നന്നായിട്ടുണ്ട് ട്ടോ .... ��

  20. ശ്രീ said...

    ഫൈസല്‍ ബാബു ...
    വളരെ നന്ദി മാഷേ. ഹോ! ആ നായ്‌ക്കുരണച്ചെടിയുടെ ചൊറിച്ചില്‍ ഓര്‍മ്മയില്‍ നിന്ന് മായില്ല.

    കുഞ്ഞന്‍ ചേട്ടാ...
    കുറേക്കാലം കൂടി ഇവിടെ സന്ദര്‍ശിച്ചതില്‍ വളരെ സന്തോഷം :)

    ജിമ്മിച്ചാ...
    ഈ പോസ്റ്റു മൂലം പഴയ പഠനകാലമെല്ലാം ഓര്‍മ്മിച്ചുവെങ്കില്‍ അതാണ് ഏറ്റവും വലിയ സന്തോഷം :)

    സുധീര്‍ ഭായ്...
    വളരെ സന്തോഷം :)

    പാവത്താൻ...
    വളരെ നാളിനു ശേഷമുള്ള വരവാണല്ലോ, സന്തോഷം.

    ബഷീര്‍ക്കാ...
    വളരെ ശരിയാണ്, നന്ദി.

    kochumol(കുങ്കുമം) ...
    അതെയതെ, നന്ദി.

    ശിഖണ്ഡി...
    പഠന കാലഘട്ടം ഓര്‍ത്തെടുക്കുവാന്‍ ഈ പോസ്റ്റ് സഹായിയ്ക്കുന്നു എന്നറിയുന്നതില്‍ സന്തോഷം :)

    വീകെ മാഷേ...
    കുറച്ചൊക്കെ ശ്രമിച്ചു നോക്കാമെന്നേയുള്ളൂ, സന്തോഷം :)

    Echmu ചേച്ചീ...
    അതെ ചേച്ചീ, അതു തന്നെ സ്ഥലം (യഥാര്‍ത്ഥത്തില്‍ അത് കൃത്യം പിറവമല്ല, അവിടുന്ന് 10-15 കിമീ ദൂരെയാണ് പിറവം)
    വളരെ നന്ദി.

    കുഞ്ഞൂസ് (Kunjuss) ...
    കുറേക്കാലം കൂടിയുള്ള വരവിനു നന്ദി, ചേച്ചീ :)

  21. Appu Adyakshari said...

    ശ്രീക്കുട്ടോ, ഒരുപാടുനാളായല്ലോ ശ്രീയുടെ ഒരു ഓർമ്മക്കുറിപ്പ് വായിച്ചിട്ട്. നന്നായിരിക്കുന്നു :-)

  22. ramanika said...

    കോളേജ് ജീവിതം എന്നും ഒരു അനുഭവമാണ് ഇന്ന് ഇത് വായിച്ചപ്പോള്‍ കൂടെ പഠിച്ച സുഹൃത്തുക്കളേയും ഞങ്ങളെ പഠിപിച്ച അദ്ധ്യാപകന്മാരേയും ഓര്‍ത്തു
    ഓര്‍മിപ്പിച്ചതിനുനന്ദി ................

  23. അനശ്വര said...

    ഓര്‍മ്മക്കുറിപ്പ് എഴുതുമ്പോള്‍ അത് എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും ഒരുപോലെ സന്തോഷം തരുന്നൂ ശ്രീ.. നായ്ക്കുരണ ചെടികള്ടെ ഭാഗം നന്നായ് പിടിച്ചു..ആ പാട്ടും...

  24. Cv Thankappan said...

    ലളിതസുന്ദരമായ ശൈലി.
    രസകരമായ വിവരണം.
    ഇഷ്ടപ്പെട്ടു.
    ആശംസകള്‍

  25. ശ്രീ said...

    അപ്പുവേട്ടാ...

    അതേയതെ, ഒരുപാട് നാലായല്ലോ ഈ വഴിയൊക്കെ വന്നിട്ട്... സന്തോഷം :)

    ramanika ...
    വളരെ സന്റ്ഃഒസം, മാഷേ

    അനശ്വര ...
    പോസ്ട്ടും വരികളും ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ‌ സന്തോഷം :)

    വരികള്‍ക്കിടയില്‍ ...
    ഈ പോസ്റ്റിനെക്കുറിച്ച് അവിടെ പരാമർ‌ശിച്ചതിൽ‌ വളരെ സന്തോഷം...

    Cv Thankappan ...

    വളരെ നന്ദി, മാഷേ

  26. റോസാപ്പൂക്കള്‍ said...

    ഓര്‍മ്മകള്‍ മരിക്കുമോ..?

  27. നളിനകുമാരി said...

    ഞാനും വർഷങ്ങൾ പുറകിലേക്ക് പോയി.
    മതിലുകൾ ഇല്ലാത്ത മരങ്ങളും പൂക്കളുമില്ലാത്ത ഞങ്ങളുടെ കോഴിക്കോടെ ആർട്സ് ആൻഡ്‌ സയൻസ് കോളേജ് ദിവസങ്ങളിലേക്ക്...
    നന്ദി ശ്രീ

  28. ചച്ചു said...

    ഇപ്പോഴാണ് ശ്രീയുടെ എല്ലാ പോസ്റ്റുകളും വായിച്ചു തീരാൻ കഴിഞ്ഞത്, എല്ലാ പോസ്റ്റുകളും വളരെ നന്നായിട്ടുണ്ട്. അവതരണ രീതിയും ഇഷ്ടപ്പെട്ടു. ശ്രീയുടെ പോസ്റ്റുകളിൽ നിന്നും വളരെ നല്ല ഒരു മനസിന്റെ ഉടമയാണെന്നു മനസിലായി. ആശംസകൾ...