Thursday, January 16, 2014

ദൃശ്യാനുഭവം

ഒരു ഇടവേളയ്ക്കു ശേഷമാണ് മലയാളത്തില്‍ ഒരു സൂപ്പര്‍ താര ചിത്രം തീയറ്ററില്‍ കാണുന്നത്. കുറച്ചു വര്‍ഷങ്ങളായി സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാറില്ലാത്തതിനാല്‍ നല്ല പോലെ കേട്ടറിഞ്ഞ ശേഷമേ (കഥയല്ല) അങ്ങനെ ഒരു ചിത്രം കാണാന്‍ പോകൂ എന്നുറപ്പിച്ചിരുന്നു.

ഇത്തവണത്തെ ക്രിസ്തുമസ്സ് - ന്യൂ ഇയര്‍ അവധിയ്ക്ക് നാട്ടിലെത്തുമ്പോഴും ഒരു സിനിമ മനസ്സില്‍ ഇല്ലായിരുന്നു. കുറച്ചു ദിവസം അവധി ഉള്ളതിനാല്‍ ഒത്തു വന്നാല്‍കുടുംബാംഗങ്ങളോടെല്ലാം ചേര്‍ന്ന് ചെറിയ ഒരു യാത്ര പോയാല്‍ കൊള്ളാമെന്ന് ഉണ്ടായിരുന്നു. പക്ഷേ, നാട്ടിലെ കാലാവസ്ഥാ വ്യതിയാനം കൊണ്ടോ എന്തോ മോള്‍ക്ക് നല്ല സുഖമില്ലാതായതോടെ ആ പ്ലാന്‍ പൊളിഞ്ഞു. അപ്പഴേയ്ക്കും എല്ലാരുടേയും അവധിയും തീര്‍ന്നു.

അപ്പോഴാണ് എല്ലാവര്‍ക്കും കൂടി ഒരു സിനിമയ്ക്ക് പോയാലോ എന്ന ഐഡിയ ചേട്ടന്‍ മുമ്പോട്ടു വച്ചത്. ഏതു സിനിമ എന്ന് ചോദിയ്ക്കേണ്ട ആവശ്യമില്ലായിരുന്നു. കാരണം റിലീസ് ചെയ്ത ദിവസം മുതല്‍ ഏതാണ്ട് ഒരു മാസമായിട്ടും നല്ല അഭിപ്രായങ്ങള്‍ മാത്രം കേള്‍ക്കുന്നത് ഒരേ ഒരു സിനിമയ്ക്ക് മാത്രമായിരുന്നു. എന്തായാലും അച്ഛനെയും അമ്മയെയും അവരുടെ പൂര്‍ണ്ണ സമ്മതമില്ലാതെ തന്നെ കൂടെ കൂട്ടി. (അവര്‍ 17 വര്‍ഷം മുന്‍പാണ് ഒരു ചിത്രം തീയറ്ററില്‍ കണ്ടത്).

അങ്ങനെ എല്ലാവരും കൂടി തീയറ്ററില്‍ എത്തി. 9 മാസം പ്രായമായ മോളും രണ്ടര വയസ്സുകാരനായ ചേട്ടന്റെ മോനും ഞങ്ങള്‍ക്ക് പാരയായേക്കുമോ എന്ന പേടി ഉണ്ടായിരുന്നു. ഒപ്പം അങ്ങനെയിങ്ങനെ ഒന്നും സിനിമ ഇഷ്ടപ്പെടാത്ത അച്ഛനെ നിര്‍ബന്ധിച്ചു കൊണ്ടു വന്നിട്ട് അച്ചന് കഥ ഇഷ്ടപ്പെടാതിരിയ്ക്കുമോ എന്ന സംശയവും.

എന്തായാലും എല്ലാ സംശയങ്ങളും അസ്ഥാനത്താക്കി, നല്ലൊരു ദൃശ്യാനുഭവം ഉള്‍ക്കൊണ്ടു കൊണ്ടാണ് ഞങ്ങളെല്ലാവരും തീയറ്ററില്‍ നിന്നിറങ്ങിയത്. ഒരുമാതിരി സമീപകാല ചിത്രങ്ങളോടൊന്നും ഇഷ്ടം കാണിക്കാത്ത അച്ഛന്‍ പോലും സംതൃപ്തിയോടെയാണ് ചിത്രം കണ്ടിറങ്ങിയത്. ഏതാണ്ട് ഒരു മാസത്തിനു ശേഷവും നിറഞ്ഞ തീയറ്ററും, അതില്‍ തന്നെ 90% കുടുംബ പ്രേക്ഷകരും എന്നിവയെല്ലാം തന്നെ ആ ചിത്രത്തിന്റെ വിജയത്തിന്റെ തെളിവായിരുന്നു.

സിനിമ തുടങ്ങി ആദ്യ പത്തു പതിനഞ്ചു മിനിട്ടുകള്‍ക്കിടയില്‍ മുന്‍ നിരകളിലെങ്ങോ സിനിമാ ഡയലോഗിനൊപ്പം ആരോ എന്തോ തമാശ പറഞ്ഞ് ചിരിച്ചു എന്നതു മാറ്റി നിര്‍ത്തിയാല്‍ ചിത്രം അവസാനിയ്ക്കുന്നതു വരെ ഇടയ്ക്കിടെ കേട്ട കയ്യടികള്‍ മാത്രമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും കേള്‍ക്കാനായത്. അവസാനം പുറത്തിറങ്ങുമ്പോള്‍ സ്ത്രീ പ്രേക്ഷകരില്‍ ചിലര്‍ കണ്ണു തുടയ്ക്കുന്നത് ശ്രദ്ധിച്ചതായി വര്‍ഷയും ചേച്ചിയും പറയുന്നുമുണ്ടായിരുന്നു.

വ്യത്യസ്തമായ കഥ എന്നോ വ്യത്യസ്തമായ അവതരണം എന്നോ അതുമല്ലെങ്കില്‍ ഇതു വരെ കണ്ടിട്ടില്ലാത്ത അഭിനയത്തികവ് എന്നോ ഒന്നും അവകാശവാദങ്ങള്‍ ഉന്നയിയ്ക്കാതെ (പക്ഷേ ഒരാള്‍ ഇക്കാര്യത്തില്‍ വേറിട്ടു നില്‍ക്കുന്നു - ഷാജോണിന്റെ പോലീസ് കഥാപാത്രം) തികച്ചും സാധാരണമായ ഒരു കഥ, മലയാളികള്‍ക്ക് സുപരിചിതമായ സാഹചര്യങ്ങളിലും സന്ദര്‍ഭങ്ങളിലും ചിത്രീകരിച്ച്, അസാധാരണമായ കയ്യടക്കത്തോടെ സംവിധാന മികവിലൂടെ അമിതാഭിനയങ്ങളില്ലാതെ കൃത്യമായ, കഥാപാത്രങ്ങള്‍ക്ക് ചേര്‍ന്ന നടീനടന്മാരിലൂടെ നമുക്കു മുന്നില്‍ അവതരിപ്പിച്ചു ഫലിപ്പിയ്ക്കാന്‍ സാധിച്ചു എന്നതിലാണ് ചിത്രത്തിന്റെ വിജയം.

അഭിനയത്തിന്റെ കാര്യത്തിലാണെങ്കില്‍ സമീപ കാല സിനിമകളില്‍ നിന്നും വ്യത്യസ്തമായി, എല്ലാമറിയുന്ന അതി മാനുഷനായ സൂപ്പര്‍ സ്റ്റാറിനെ അല്ല, സൂക്ഷ്മാഭിനയം കൊണ്ട് പണ്ട് നമ്മെ വിസ്മയിപ്പിച്ചിട്ടുള്ള ഒരു മികച്ച നടനെയാണ് ഈ ചിത്രത്തിലൂടെ നമുക്ക് കാണാനാകുന്നത്. ഒപ്പം നായികാ വേഷങ്ങളില്‍ നിന്നും മാറി, പ്ലസ്സ് ടു ക്കാരിയായ പെണ്‍കുട്ടിയുടെ അമ്മയായി മികച്ച അഭിനയം കാഴ്ച വച്ച മീന, സ്ഥിരം വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായ വേഷങ്ങളില്‍ തിളങ്ങിയ കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ് തുടങ്ങിയവരും... അതില്‍ തന്നെ ഷാജോണിന്റെ കരിയറിലെ തന്നെ ഇതുവരെ കിട്ടിയതില്‍ വച്ച് ഏറ്റവും മികച്ച വേഷമാണ് ഇതിലെ സഹദേവന്‍ എന്ന് നിസ്സംശയം പറയാം.

രാജാക്കാട് നിവാസിയായ, വെറുമൊരു നാലാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള ജോര്‍ജ്ജുകുട്ടിയുടെ കുടുംബത്തില്‍ അവര്‍ നേരിടേണ്ടി വരുന്ന ഒരു അപ്രതീക്ഷിതമായി വന്നു ചേരുന്ന ഒരു ദുരന്തം/ക്രൈം. അതില്‍ നിന്നും രക്ഷപ്പെടുവാനായി ജീവിതാനുഭവങ്ങളില്‍ നിന്നും നേടിയെടുത്ത അറിവുകളുമായി ജോര്‍ജ്ജുകുട്ടിയുടെ നേതൃത്വത്തില്‍ ആ കുടുംബം ശക്തരായ നിയമപാലകരോടു നടത്തുന്ന ചെറുത്തു നില്‍പ്പ്... അതാണ് ഈ ചിത്രം.

അസാമാന്യമായ വൈദഗ്ദ്യത്തോടെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നത് എന്നത് വിമര്‍ശന ബുദ്ധിയോടെ മാത്രം സിനിമയെ സമീപിയ്ക്കുന്നവര്‍ പോലും സമ്മതിച്ചു തരുമെന്നാണ് തോന്നുന്നത്. കഥാരംഭം മുതല്‍ കാണിയ്ക്കുന്ന/പറയുന്ന അപ്രധാനമെന്ന് തോന്നിയേക്കാവുന്ന പല സീനുകളും കഥ പുരോഗമിയ്ക്കുന്തോറും പ്രാധാന്യം നേടുന്നതും അവസാന സീന്‍ വരെ (മുന്‍പ് കഥ കേട്ടിട്ടില്ലാത്ത) പ്രേക്ഷകന് ഊഹിയ്ക്കാന്‍ കഴിയാത്ത സസ്പെന്‍സ് നിലനിര്‍ത്താനായി എന്നതുമെല്ലാം ജിത്തുവിന്റെ തിരക്കഥയുടെ ആഴമാണ് സൂചിപ്പിയ്ക്കുന്നത്.

ചിത്രത്തില്‍ കുറച്ചെങ്കിലും കുറ്റം പറയാനായി എന്തെങ്കിലും കണ്ടെത്തണമെങ്കില്‍ എനിയ്ക്ക് പറയാനാകുന്നത് - റാണി എന്ന വീട്ടമ്മയായി അഭിനയിച്ച മീനയുടെ മേക്കപ്പും 'ആന്റണി' എന്ന പോലീസുകാരനായി വരുന്ന ആന്റണി പെരുമ്പാവൂരിന്റെ ഡയലോഗ് ഡെലിവറിയില്‍ തോന്നിയേക്കാവുന്ന നേരിയ കൃത്രിമത്വവും വേണമെങ്കില്‍ ഒഴിവാക്കാമായിരുന്ന ചില പൈങ്കിളി രംഗങ്ങളും മാത്രമാണ്.

തീര്‍ച്ചയായും മലയാളികള്‍ക്ക് ഒരു പുതിയ 'ദൃശ്യാനുഭവം' സമ്മാനിച്ചു കൊണ്ടു തന്നെയാണ് "മലയാള സിനിമ 2013" അവസാനിയ്ക്കുന്നത് എന്നത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് മുഴുവനും അഭിമാനിയ്ക്കാം...