Monday, June 10, 2013

ഒരു ആന്‍ഡ്രോയിഡ് (കദന) കഥ


ജിബീഷ് ചേട്ടനെ ഓര്‍മ്മയുണ്ടോ??? ഞാന്‍ മുന്‍പും പലപ്പോഴായി അദ്ദേഹത്തെ പറ്റി എഴുതിയിട്ടുണ്ട്. ജിബീഷേട്ടന്‍ നാട്ടില്‍ ഞങ്ങളുടെ ഏറ്റവും അടുത്ത വീട്ടുകാരനാണ്. എന്റെ ചേട്ടന്റെ പ്രായമുള്ളതു കൊണ്ടും ചേട്ടന്റെ സഹപാഠി ആയിരുന്നതു കൊണ്ടും ജിബീഷ് ചേട്ടന്‍ എന്ന് വിളിയ്ക്കുന്നു എന്നേയുള്ളൂ. സ്വഭാവം കൊണ്ടും പക്വത, എടുത്തു ചാട്ടം അങ്ങനെ ഉള്ള കാര്യങ്ങളിലും ഞാനും ജിബീഷ് ചേട്ടനും ആണ് കൂടുതല്‍ ചേര്‍ച്ച.  അതു കൊണ്ടു തന്നെ എന്തെങ്കിലും കുരുത്തക്കേടുകള്‍ ഒപ്പിയ്ക്കാനുണ്ടെങ്കില്‍ എന്റെ സ്വന്തം ചേട്ടനെ ഒഴിവാക്കി ഞാനും ജിബീഷേട്ടനുമാണ് ഒത്തു ചേരാറുള്ളത്.
പലപ്പോഴും മുന്നും പിന്നും നോക്കാതെ സന്ദര്‍ഭം ആലോചിയ്ക്കാതെ ഓരോന്ന് ചെയ്തു കൂട്ടുന്നതിനാല്‍ പറ്റിയിട്ടുള്ള അമളികള്‍ക്ക് കണക്കില്ല. രണ്ടു മൂന്നു പോസ്റ്റുകള്‍ (ഇവിടെയും ഇവിടെയും) കക്ഷിയെക്കുറിച്ച് ഞാന്‍ മുന്‍പും എഴുതിയിട്ടുണ്ട്.


കുറച്ചു നാള്‍ മുന്‍പ് എനിയ്ക്ക് ജിബീഷ് ചേട്ടന്റെ ഒരു കോള്‍ വന്നു. ​
കക്ഷിയ്ക്ക് ഒരു പുതിയ ഫോണ്‍ വാങ്ങണമത്രെ. മാക്സിമം 10000-12000 രൂപ വരെ മുടക്കാം, പക്ഷേ സാംസങ്ങ് തന്നെ വേണം.
​അതു കേട്ടപ്പോള്‍ എനിയ്ക്കും അത്ഭുതമായി. ഇത്രയും നാളിനിടെ മൂന്നു നാലു മൊബൈല്‍ ഫോണുകള്‍ ആശാന്‍ വാങ്ങിയിട്ടുണ്ടെങ്കിലും വേണ്ട പോലെ ഉപയോഗിയ്ക്കാന്‍ പറ്റുന്ന ഒന്നും തന്നെ ഒരു സമയത്തും ആളുടെ കയ്യില്‍ കാണില്ല.​

​അക്കാര്യം പറഞ്ഞ് ഞാന്‍ തന്നെ കക്ഷിയെ പല തവണ കളിയാക്കാറുമുണ്ട്. പക്ഷേ, മൊബൈല്‍ ഫോണ്‍ എന്നു വച്ചാല്‍ വെറുതെ ആരെയെങ്കിലും വിളിയ്ക്കാന്‍ മാത്രം മതി എന്ന ന്യായം പറഞ്ഞ് എന്നും കക്ഷി തലയൂരും. ​
പിന്നെ എന്തു പറ്റി ഇപ്പോ ഇങ്ങനെ മാറി ചിന്തിയ്ക്കാന്‍?

വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ ആശാന്‍ സത്യം പറഞ്ഞു. നാട്ടില്‍ അറിയപ്പെടുന്ന ഒരു അദ്ധ്യാപകനായിട്ടും ഇപ്പോഴും സാധാരണ മൊബൈലും കൊണ്ട് നടക്കുന്നതു കണ്ട് സഹപ്രവര്‍ത്തകരും, എന്തിന് സ്വന്തം വിദ്യാര്‍ത്ഥികള്‍ വരെ കക്ഷിയെ കളിയാക്കുന്നുവത്രെ. അങ്ങനെ കളിയാക്കലുകള്‍ സഹിയ്ക്കാന്‍ വയ്യാതായപ്പോള്‍ 'എന്നാല്‍ പിന്നെ ഇനി നല്ലൊരു മൊബൈല്‍ വാങ്ങിയിട്ടു തന്നെ ബാക്കി കാര്യം' എന്ന തീരുമാനത്തിലെത്തുകയായിരുന്നു, ജിബീഷേട്ടന്‍.

ഇപ്പോള്‍ പുറത്തിറങ്ങിയ സാംസങ്ങ് ന്റെ ഗാലക്സി ഗ്രാന്റ് നല്ല ഫോണാണെന്നും ഒരു 21000 മുടക്കാന്‍ റെഡിയാണെങ്കില്‍ അതു വാങ്ങാമെന്നും പറഞ്ഞപ്പോള്‍ 'അത്രയും നല്ലത്' തനിയ്ക്കു വേണ്ടെന്നും ഒരു മാക്സിമം 12,000 നുള്ളില്‍ നില്‍ക്കുന്ന ഒരു ആന്‍ഡ്രോയിഡ് മതി എന്നും ആശാന്‍ ഉറപ്പിച്ചു പറഞ്ഞു. അതിനുള്ളില്‍ വാങ്ങാന്‍ പറ്റുന്ന നല്ല നാലഞ്ചു മോഡലുകള്‍ പറഞ്ഞു കൊടുക്കാനും പറഞ്ഞു. കക്ഷിയ്ക്ക് ഫോണുകളെയും അതിന്റെ മോഡലുകളെയും ഓരോന്നിന്റെയും ഫീച്ചേഴ്സും ഗുണങ്ങളും ഒന്നും തന്നെ വലിയ പിടിയില്ല. അപ്പോള്‍ ഞാന്‍ അന്വേഷിച്ച് തപ്പിയെടുത്ത് ആ റേഞ്ചില്‍ വരുന്ന നാലഞ്ചു ഫോണുകള്‍ പറഞ്ഞു കൊടുക്കണം.
​അതാണ് കാര്യം.​


ഞാന്‍ അപ്പോള്‍ തന്നെ എനിയ്ക്കറിയാവുന്ന മൂന്നു നാലു മോഡലുകള്‍ പറഞ്ഞു കൊടുക്കാന്‍ ശ്രമിച്ചെങ്കിലും കക്ഷി ആ മോഡലുകളൊന്നും കേട്ടിട്ടു പോലുമില്ല; അല്ലെങ്കില്‍ ശ്രദ്ധിച്ചിട്ടു പോലുമില്ല.
​അതു കൊണ്ട് കമ്പനി-മോഡല്‍-ഉദ്ദേശ വില എന്നിവ ഞാനൊരു മെസ്സേജ് ആയി അയച്ചു കൊടുത്താല്‍ ഉപകാരമായിരിയ്ക്കും എന്ന് പറഞ്ഞതിനാല്‍ അതു ഞാന്‍ സമ്മതിച്ചു.​
  ​അങ്ങനെ അന്നു വൈകുന്നേരത്തിനുള്ളില്‍ തന്നെ ഞാന്‍ സാംസങ്ങ്, സോണി, എല്‍ജി, മൈക്രോമാക്സ്, കാര്‍ബണ്‍ എന്നിങ്ങനെ നാലഞ്ചു മോഡലുകള്‍ (അവയുടെ വില, പ്രധാന ഫീച്ചേഴ്സ്  എന്നിവ) മെസ്സേജായി അയച്ചു കൊടുത്തു.

അങ്ങനെ അടുത്ത ദിവസം കക്ഷി കൊടുങ്ങല്ലൂര്‍ക്ക് പോകും വഴി അവിടെയുള്ള ഒരു മൊബൈല്‍ കടയില്‍ കയറി. കടയില്‍ കയറി നാലുപാടും നോക്കുന്നതു കണ്ട അവിടുത്തെ സെയില്‍സ്‌ പയ്യന്‍ കക്ഷിയുടെ അടുത്തേയ്ക്ക് വന്നു, എന്താണ് വേണ്ടത് എന്നു ചോദിച്ചു.

യാതൊരു സംശയവും കൂടാതെ ജിബീഷേട്ടന്‍ മറുപടി പറഞ്ഞു - "ഒരു മൊബൈല്‍ വേണം".

സെയില്‍സ്‌മാന് ഉത്സാഹമായി. ചെറിയ കസ്റ്റമര്‍ ഒന്നുമല്ലല്ലോ. "എത് ഫോണാണ് വേണ്ടത് ചേട്ടാ?"

"സാംസങ്ങ് ഗ്യാലക്സി തന്നെ... ആന്‍ഡ്രോയിഡ് ഫോണ്‍"

പയ്യന്റെ മുഖം ഒന്നു കൂടി വികസിച്ചു. "സാംസങ്ങ് ഗ്യാലക്സി... ഏത് മോഡലാ ചേട്ടാ?"

അത്രയും നേരം ആത്മവിശ്വാസത്തോടെ നിന്ന ജിബീഷേട്ടന്‍ ഒന്ന് പതറി. . (മോഡലൊന്നും കക്ഷിയ്ക്ക് കാണാതെ അറിയില്ലല്ലോ). എന്നാല്‍ പെട്ടെന്ന് തന്നെ ഞാന്‍ ഡീറ്റയിത്സ് മെസ്സേജായി അയച്ചത് മൊബൈലില്‍ കിടപ്പുണ്ടല്ലോ എന്ന കാര്യം ആശാന് ഓര്‍മ്മ വന്നു. വേഗം മൊബൈല്‍ എടുത്ത് മെസ്സേജ് നോക്കി, നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചെടുത്ത് ജിബീഷേട്ടന്‍ പറഞ്ഞു. " മോഡല്‍ ... സാംസങ്ങ് 11000"

ഇത്തവണ സെയിത്സ്‌മാന്‍ ആണ് പതറിയത്. "11000? സാംസങ്ങ് തന്നെ ആണോ? സാംസങ്ങ് ഗ്യാലക്സി  S11000?"

"അതെയതെ. സാംസങ്ങ് ഗ്യാലക്സി തന്നെ". ജിബീഷേട്ടന് യാതൊരു ഭാവ വ്യത്യാസവും ഉണ്ടായില്ല.

സെയിത്സ്‌മാന്‍ പയ്യന്റെ മുഖം മങ്ങി. ഒരു സന്ദേഹത്തോടെ അവന്‍ പറഞ്ഞു "സാംസങ്ങ് ഗ്യാലക്സിയുടെ S11000 എന്ന മോഡല്‍? അങ്ങനെ ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടോ? ഇല്ലല്ലോ ചേട്ടാ?"

ജിബീഷ് ചേട്ടന്റെ ശബ്ദം കുറച്ച് ഉയര്‍ന്നു. "ആരു പറഞ്ഞു അങ്ങനെ ഒരു മോഡല്‍ ഇല്ലെന്ന്. സാംസങ്ങ് ഗ്യാലക്സി തന്നെ. മോഡല്‍ നമ്പര്‍ 11000. ആന്‍ഡ്രോയിഡ് ഫോണ്‍ ആണ്. ബാംഗ്ളൂര്‍ ഉള്ള എന്റെ ഒരു സുഹൃത്ത് ആണ് ഈ മോഡല്‍ പറഞ്ഞു തന്നത്. അവിടെ അവനും സുഹൃത്തുക്കളുമെല്ലാം  ഉപയോഗിയ്ക്കുന്ന മോഡലാണ് ഇത് "

പയ്യന്റെ മുഖം ദയനീയമായി. അവന്‍ നിസ്സഹായനായി ഒരു നിമിഷം നിന്നു. അത്രയും നേരം ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ട് ക്യാഷ് കൌണ്ടറില്‍ ഇരിയ്ക്കുകയായിരുന്ന ആ കടയുടെ ഉടമസ്ഥന്‍ എഴുന്നേറ്റ് അങ്ങോട്ടു വന്നു. എന്നിട്ട് വളരെ വിനയത്തോടെ ജിബീഷേട്ടനോട് ചോദിച്ചു "എന്താ സാര്‍? എന്താ കാര്യം?ഏതു ഫോണാണ് വേണ്ടത്?"

ജിബീഷേട്ടന്‍ തന്റെ ആവശ്യം ചുരുക്കി വിവരിച്ചു. വിവരം മുഴുവന്‍ കേട്ടു കഴിഞ്ഞപ്പോള്‍ ഉടമസ്ഥന്‍ സെയിത്സ്‌മാന്റെ നേരെ തിരിഞ്ഞു. അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. "കുറേ നാളായില്ലേ നീ ഇവിടെ ഫോണ്‍ എടുത്തു കൊടുക്കാന്‍ നില്‍ക്കുന്നു, ഇത്രയും നാളായിട്ടും കസ്റ്റമേഴ്സിനോട് വേണ്ട പോലെ പെരുമാറാന്‍ പഠിച്ചില്ലേ? നിനക്ക് അറിയാത്ത ഫോണ്‍ ലോകത്ത് ഇല്ല എന്നും പറഞ്ഞ് അവരോട് തര്‍ക്കിക്കുകയാണോ? അല്ല, ഏതാ ഈ സാംസങ്ങ് ഗ്യാലക്സി S11000 ഫോണ്‍? ഈ സാര്‍ പറഞ്ഞതു കേട്ടില്ലേ ബാംഗ്ലൂരൊക്കെ ആ ഫോണ്‍ ഉണ്ടെന്ന്? അത് നമ്മുടെ കടയില്‍ ഇല്ലേ? ഇത്ര നാളായിട്ടും വിപണിയില്‍ ഇറങ്ങുന്ന പുതിയ മോഡലുകളെ പറ്റി ഒന്നും നിനക്ക് അറിയില്ലെങ്കില്‍ നീയൊക്കെ എന്തിനാ ഇവിടെ നില്‍ക്കുന്നത്?"

ഇതും കൂടി കേട്ടപ്പോള്‍ പയ്യന്റെ മുഖം കൂടുതല്‍ വിവര്‍ണ്ണമായി. ഒരു നിമിഷം ആലോചിച്ച ശേഷം അവന്‍ മറുപടി പറഞ്ഞു. "സാര്‍, ആ മോഡല്‍ ഏതാണെന്ന് എനിയ്ക്കു മനസ്സിലായി. എന്റെ ഒരു സുഹൃത്തു പറഞ്ഞ് കേട്ടിരുന്നു. സാംസങ്ങിന്റെ ഒരു പുതിയ മോഡലാണ് അത്. സാംസങ്ങ് ഗ്യാലക്സി S11000. അത് ഇപ്പോള്‍ ഇറങ്ങിയിട്ടേയുള്ളൂ. കേരളത്തില്‍ അതു വന്നു തുടങ്ങുന്നേയുള്ളൂ. മാത്രമല്ല അതിന് ഉദ്ദേശ്ശം 30,000 രൂപ വില വരും"

ഇതു കേട്ടപ്പോള്‍ ഉടമസ്ഥന്‍ ഒന്നു തണുത്തു. അയാള്‍ വീണ്ടും ജിബീഷേട്ടന്റെ നേരെ തിരിഞ്ഞു, എന്നിട്ട് പറഞ്ഞു. "അതു ശരി, സാറേ... അത്രയും കൂടിയ മോഡലാണല്ലേ... അങ്ങനെ ആണെങ്കില്‍ അത് ഇവിടെ കാണില്ല കേട്ടോ. ഞങ്ങളുടേത് ഒരു ഇടത്തരം ഷോപ്പല്ലേ? ഇവിടെ 15000-20000 രൂപ റേഞ്ചില്‍ വരുന്നതേ മാക്സിമം കാണൂ. ഇവിടെ കൂടിയ മോഡലുകളൊക്കെ കൊണ്ടു വച്ചാല്‍ ചിലവാകാന്‍ ബുദ്ധിമുട്ടാണ്, അതു കൊണ്ടാണ്. സാര്‍ ടൌണിലുള്ള സാംസങ്ങ് ഷോറൂമില്‍ ഒന്നു ചോദിച്ചു നോക്കൂ"

ഇത്രയും വില കൂടിയ ഒരു കസ്റ്റമറെ നഷ്ടപ്പെടുത്തേണ്ടി വന്നല്ലോ എന്ന വിഷമത്തോടെ ഉടമസ്ഥനും സെയിത്സ്‌മാന്‍ പയ്യനും ജിബീഷേട്ടനെ അവിടെ നിന്ന് യാത്രയാക്കി. അവിടെ നിന്ന് ഇറങ്ങുമ്പോള്‍ അവര്‍ പറഞ്ഞ വില കേട്ട് ഞെട്ടി, ജിബീഷേട്ടന്‍ ഒന്നും മിണ്ടാതെ അവിടെ നിന്നിറങ്ങി.

അവിടെ നിന്നിറങ്ങിയതും ജിബീഷേട്ടന്‍ അപ്പോള്‍ തന്നെ എന്നെ വിളിച്ചു ചീത്ത പറയാന്‍ തുടങ്ങി. കാരണം കക്ഷി എന്നോട് ആവശ്യപ്പെട്ടത് മാക്സിമം 12,000 രൂപ വരെ വില വരാവുന്ന നല്ലൊരു ഫോണ്‍ വേണമെന്നായിരുന്നല്ലോ. പിന്നെ ഞാനെന്തിനാണ് 30,000 രൂപയുടെ ഫോണിന്റെ ഡീറ്റയിത്സ് അയച്ചു കൊടുത്തത് എന്നും പറഞ്ഞു കൊണ്ടായിരുന്നു ചീത്ത വിളി.

ആദ്യം എനിയ്ക്ക് ഒന്നും മനസ്സിലായില്ല. ഞാന്‍ കാര്യം വിശദമായി ചോദിച്ചു. അപ്പോള്‍  നടന്ന സംഭവങ്ങളെല്ലാം ജിബീഷേട്ടന്‍ വള്ളിപുള്ളി വിടാതെ വിവരിച്ചു. മുഴുവന്‍ കേട്ടു കഴിഞ്ഞപ്പോള്‍ എനിയ്ക്ക് സംഗതിയുടെ കിടപ്പുവശം പിടികിട്ടി.

ഞാന്‍ സാവകാശം പറഞ്ഞു. "ആദ്യം തന്നെ ജിബീഷേട്ടന്‍ ഞാന്‍ അയച്ചു തന്ന മെസ്സേജ് ഒന്നു കൂടെ വിശദമായി എടുത്തു നോക്ക്. എന്നിട്ട് തിരിച്ചു വിളിയ്ക്ക്. ബാക്കി അപ്പോ പറയാം". ഇത്രയും പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ടു ചെയ്തു. എന്നിട്ട് ജിബീഷേട്ടന്റെ വിളി വീണ്ടും വരാനായി കാത്തു നിന്നു.

അധികം കാത്തിരിയ്ക്കേണ്ടി വന്നില്ല, ഒരു മിനിട്ടിനകം വീണ്ടും വിളി വന്നു. ഫോണ്‍ എടുത്തപ്പോള്‍ ആദ്യത്തെ ഒരു മിനിട്ട് ജിബീഷേട്ടന്റെ ചിരി മാത്രമാണ് കേട്ടത്. അതിനു ശേഷം കക്ഷി പറഞ്ഞു. "ഇപ്പോള്‍ എനിയ്ക്ക് കാര്യം മനസ്സിലായെടാ. ഞാന്‍ മൊബൈലിലെ മെസ്സേജ് ഒന്നു കൂടെ എടുത്തു നോക്കി. എന്നാലും ആ പയ്യനെ സമ്മതിയ്ക്കണം, അവന്‍ അങ്ങനെ ഒരു മോഡലുണ്ടെന്ന് സമ്മതിച്ചല്ലോ. അവന്‍ അതിനെ പറ്റി കേട്ടിട്ടുമുണ്ടത്രെ. അതും പോരാഞ്ഞ് അതിന്റെ വിലയും അവന്‍ പറഞ്ഞു"

അത് ഞാനും സമ്മതിച്ചു. "അതേയതെ, അവന്‍ ആളു കൊള്ളാം. സ്വന്തം നിലനില്‍പ്പിനു വേണ്ടി ആണെങ്കിലും അത്രയും വേഗം അവന്‍ അങ്ങനെ ഒരു വഴി കണ്ടെത്തിയല്ലോ"

സംഗതി ഇതായിരുന്നു. ഞാന്‍ ജിബീഷേട്ടന് അയച്ചു കൊടുത്ത മെസ്സേജില്‍ ഉണ്ടായിരുന്നത് മൊബൈല്‍ ഫോണ്‍ കമ്പനിയുടെ പേരും മോഡല്‍ നമ്പറും ഉദ്ദേശ്ശ മാര്‍ക്കറ്റ് വിലയും ആയിരുന്നു. അതില്‍ ഇങ്ങനെ ആണ് എഴുതിയിരുന്നത് - "Samsung Galaxy - ACE S6802 - 11,000"

ആ കടയില്‍ കയറി തിരക്കു പിടിച്ച് മോഡല്‍ നമ്പര്‍ നോക്കി പറഞ്ഞു കൊടുത്തപ്പോള്‍ മോഡല്‍ നമ്പറിനു പകരം ജിബീഷേട്ടന്‍ പറഞ്ഞത് മോഡലിനു നേരെ ഞാന്‍ എഴുതിയ മാര്‍ക്കറ്റ് വില (11000/-) ആയിരുന്നു എന്ന് മാത്രം.