Friday, April 12, 2013

ഓര്‍മ്മകളില്‍ ഒരു വിഷുക്കണി

കുട്ടിക്കാലത്തെ വിഷു ആഘോഷങ്ങളിലെ മായാതെ നില്‍ക്കുന്ന ചില ഓര്‍മ്മകളുണ്ട്.  വാര്‍ഷിക പരീക്ഷകളെല്ലാം കഴിഞ്ഞ് മദ്ധ്യവേനലവധി തുടങ്ങിക്കഴിഞ്ഞാല്‍ തിരക്കു പിടിച്ച് വിശ്രമമില്ലാതെ ഒരോ ദിവസത്തിലെയും മാക്സിമം മണിക്കൂറുകള്‍ കളിച്ചു തീര്‍ക്കാന്‍ പരിശ്രമിയ്ക്കുന്ന കാലമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ആദ്യ അവധി നാളുകള്‍. കുറച്ചു നാളുകള്‍ കഴിഞ്ഞാല്‍ അയല്‍പക്കങ്ങളിലെ സുഹൃത്തുക്കളൊക്കെ ബന്ധുവീടുകളില്‍ പോകും, പിന്നെ കളിയ്ക്കാന്‍ കൂട്ടിന് ആരുമുണ്ടാകില്ല. മിക്കവാറും വിഷു കഴിയുമ്പോഴേയ്ക്കും ആയിരിയ്ക്കും ഇതൊക്കെ സംഭവിയ്ക്കുക. അതു കൊണ്ടൊക്കെ തന്നെ വിഷു വരെയുള്ള അവധിക്കാലം തന്നെയായിരിയ്ക്കും ഏറ്റവും രസകരം.

​ അത് മാത്രമല്ല, വിഷു ഏപ്രില്‍ പകുതിയിലേ ഉണ്ടാകുകയുള്ളൂ എങ്കിലും അതിനുള്ള തയ്യാറെടുപ്പുകളൊക്കെ അവധി തുടങ്ങുമ്പോഴേ ആരംഭിച്ചിരിയ്ക്കും.  വിഷുക്കൈനേട്ടത്തെ പറ്റി മനോരാജ്യം കണ്ട്, വിഷു വിഭവങ്ങളുടെ സ്വാദെല്ലാം മനസ്സിലോര്‍ത്ത്, വിഷുവിന് അച്ഛന്‍ വാങ്ങിത്തരുന്ന പടക്കവും കമ്പിത്തിരിയും മറ്റും കിട്ടുന്ന നാളിനു വേണ്ടിയുള്ള കാത്തിരിപ്പും കൂടിയാണ് ആ നാളുകള്‍. വിഷു എന്ന ഓര്‍മ്മ മന്സ്സില്‍ വരുമ്പോളെല്ലാം അടുത്ത വീടുകളിലെ സുഹൃത്തുക്കളുമൊത്ത് മത്സരിച്ചു പടക്കം പൊട്ടിച്ചിരുന്ന നാളുകളാണ് ഇന്നും ആദ്യം ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നത്. ഞങ്ങളുടെ വീട്ടില്‍ ഞാനും ചേട്ടനും, അപ്പുറത്തെ വീട്ടില്‍ സുധീഷും സുജിത്തും, തൊട്ടപ്പുറത്ത് ജിബീഷേട്ടനും ജിബി ചേച്ചിയും, അതിനു പിന്നില്‍ സലീഷേട്ടനും സാബു ചേട്ടനും... അങ്ങനെ ഏതാണ്ട് സമപ്രായക്കാരായ കുട്ടികളുള്ള ഓരോ വീട്ടുകാരും ഒന്നിനു പുറകെ മറ്റൊന്ന് എന്ന നിലയില്‍ പടക്കം മത്സരിച്ച് പൊട്ടിയ്ക്കുമായിരുന്നു.

ഏപ്രില്‍ ആദ്യ വാരം മുതലേ അച്ഛന്റെ പുറകേ നടന്ന് പടക്കം, കമ്പിത്തിരി, മേശപ്പൂ, മത്താപ്പൂ, ചക്രം... അങ്ങനെയങ്ങനേ അപേക്ഷകള്‍ ഓരോന്നായി കൊടുത്തു തുടങ്ങിയിട്ടുണ്ടാകും. എല്ലായ്പ്പോഴുമെന്ന പോലെ അച്ഛന്‍ അത്തരം അപേക്ഷകളൊന്നും തള്ളുകയോ കൊള്ളുകയോ ചെയ്യാറില്ല. വാങ്ങിത്തരാമെന്നോ തരില്ലെന്നോ പറയാറില്ലെങ്കിലും വിഷുവിന് രണ്ടു മൂന്നു ദിവസം മുന്‍പ് എന്തായാലും അച്ഛന്‍ വരുമ്പോള്‍ കയ്യില്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ആ പൊതി ഉണ്ടായിരിയ്ക്കും. അത് ഒരിയ്ക്കലും ഞങ്ങള്‍ ആവശ്യപ്പെടുന്ന ലിസ്റ്റ് അനുസരിച്ച് ആയിരിയ്ക്കില്ല, പകരം സ്വന്തം പോക്കറ്റിന്റെ കനമനുസരിച്ച് അച്ഛന്‍ സ്വന്തമായി തിരഞ്ഞെടുക്കുന്നവയായിരിയ്ക്കും എന്നു മാത്രം. പക്ഷേ, എന്തു കൊണ്ടോ അതില്‍ ഞങ്ങള്‍ക്കൊരിയ്ക്കലും പരിഭവം ഉണ്ടാകാറുമില്ല.

അന്നെല്ലാം  എനിയ്ക്കും ചേട്ടനുമെല്ലാം അച്ഛന്‍ വാങ്ങിത്തന്ന പടക്കങ്ങളും മറ്റും പൊട്ടിച്ച് അടിച്ചു പൊളിച്ചു ന്നാല്‍ മാത്രം മതി. വിഷുക്കണി ഒരുക്കലും മറ്റും അച്ഛന്റെ ഡ്യൂട്ടിയാണ്. ഞങ്ങള്‍ക്ക് വിഷുവിന്റെ അന്ന് അച്ഛനും അമ്മയും രാവിലെ വിളിച്ചെഴുന്നേല്‍പ്പിയ്ക്കുമ്
പോള്‍ എഴുന്നേറ്റ് വന്ന് കണി കണ്ടാല്‍ മാത്രം മതി.

എന്നാല്‍ എന്റെ ചേട്ടന്റെ സഹപാഠികളും അയല്‍ക്കാരുമായ ജിബീഷ് ചേട്ടനും സലീഷ് ചേട്ടനുമെല്ലാം ചേര്‍ന്ന് അന്നെല്ലാം വിഷുക്കാലങ്ങളില്‍ വിഷുക്കണി ഒരുക്കുന്ന പതിവുണ്ടായിരുന്നു. കണി വയ്ക്കേണ്ട സാമഗ്രികളെല്ലാം സംഘടിപ്പിച്ച് എല്ലാം കൂടെ സാമാന്യം വലിപ്പമുള്ള ഒരു ഉരുളിയിലാക്കി വിഷു തലേന്നു തന്നെ ഒരുക്കി വയ്ക്കും. എന്നിട്ട് വിഷുവിന്റെ അന്ന് അതി രാവിലെ (മിക്കവാറും ഒരു 3 മണി - 4 മണി )ആ ഭാഗത്തുള്ള എല്ലാ വീടുകളിലും ഇതുമായി കയറിയിറങ്ങും. ഇതിന്റെ പിന്നില്‍ രണ്ട് ഉദ്ദേശ്ശമുണ്ട്. ഒന്ന്, എല്ലാവര്‍ക്കും കണി കാണാന്‍ ഒരു അവസരം ഒരുക്കുക - പ്രത്യേകിച്ചും കണി വയ്ക്കാത്തവര്‍ക്ക്. രണ്ട്, കണി കാണിയ്ക്കുന്നതിന്റെ ഭാഗമായി കിട്ടുന്ന കൈനേട്ടം മുഴുവനും എടുത്ത് അടുത്ത രണ്ടു മൂന്നു ദിവസം ഭേഷായി പുട്ടടിയ്ക്കുക. (രണ്ടാമത്തെ ഉദ്ദേശ്ശത്തിനാണ് ഇവര്‍ മുന്‍ഗണന കൊടുത്തിരുന്നത് എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ).

സാധാരണ കണിയുമായ് വരുന്ന ടീമുകളെ എല്ലാം പോലെ ഇവരും പിന്തുടര്‍ന്നിരുന്ന ഒരു രീതി ഉണ്ടായിരുന്നു. ആദ്യം തന്നെ ഏതെങ്കിലും വീട്ടു മുറ്റത്തേയ്ക്ക് കണി സാമഗ്രികളും മറ്റുമായി എത്തും. ശബ്ദമുണ്ടാക്കാതെ കണി ഒരുക്കി വാതില്‍ തുറന്ന് വരുമ്പോള്‍ തന്നെ ആ വീട്ടുകാര്‍ക്ക് കാണാനാകുന്ന തരത്തില്‍ അത് ശരിയാക്കി വയ്ക്കും. എന്നിട്ട് മുറ്റത്തിന്റെ ഇരുട്ടു വീണ ഏതെങ്കിലും ഒരു കോണിലേയ്ക്ക് മാറി നില്‍ക്കും (ആ വീട്ടുകാര്‍ കതകു തുറന്ന് വരുമ്പോള്‍ കണി കാണുന്നത് ഇവരെ ആകരുതല്ലോ). എന്നിട്ട് വീട്ടുകാരെ ഉണര്‍ത്താനും കണി തയ്യാറായി എന്നറിയിക്കാനുമായി രണ്ടോ മൂന്നോ പടക്കങ്ങള് അവരുടെ മുറ്റത്തു തന്നെ പൊട്ടിയ്ക്കും. പടക്കം പൊട്ടുന്ന ശബ്ദം കേട്ട് കണി കൊണ്ടുവന്നിട്ടുണ്ട് എന്നു മനസ്സിലാക്കുന്ന വീട്ടുകാര്‍ എഴുന്നേറ്റ് വന്ന് ഭക്തിയോടെ കണി കണ്ട് തൊഴുത്, സന്തോഷത്തോടെ ആ പാത്രത്തിലേയ്ക്ക് അവരുടെ വകയായി ചില്ലറകളെന്തെങ്കിലും നിക്ഷേപിയ്ക്കും. അപ്പോഴേയ്ക്കും കണിയുമായി വന്നവര്‍ ഇരുട്ടത്തു നിന്നും പുറത്തു വന്ന് അവര്‍ക്ക് നല്ലൊരു വിഷു ആശംസിച്ച് കണി സാമഗ്രികളും മറ്റും തിരിച്ചെടുത്ത് അടുത്ത വീട്ടിലേയ്ക്കു പോകും... ഈ പരിപാടി ഓരോ വീടുകളിലും ആവര്‍ത്തിയ്ക്കും. അങ്ങനെ രണ്ടു മണിക്കൂറു കൊണ്ട് ഇവര്‍ക്ക് മിക്കവാറും ആ ഏരിയ മുഴുവനും 'കവര്‍' ചെയ്യാന്‍ സാധിച്ചിരുന്നു. മാത്രമല്ല, അപ്പോഴേയ്ക്കും കണിപാത്രത്തില്‍ നല്ലൊരു തുക കൈനേട്ടമെന്ന പേരില്‍ സമ്പാദിയ്ക്കാനും കഴിഞ്ഞിരുന്നു.


അങ്ങനെ, ഒരു പത്തിരുപത്തി രണ്ട് വര്‍ഷം മുന്‍പത്തെ മദ്ധ്യ വേനലവധിയിലെ ഒരു വിഷുക്കാലം. ഞാന്‍ മൂന്നാം ക്ലാസ്സോ നാലാം ക്ലാസ്സോ കഴിഞ്ഞു നില്ക്കുന്ന സമയം. ആ വര്‍ഷത്തെ വിഷു ദിനം പുലര്‍ന്നു. ഏതാണ്ട് 3 മണി ആയപ്പോഴേയ്ക്കും പതിവു പോലെ എന്നെയും ചേട്ടനേയും അച്ഛന്‍ വിളിച്ചുണര്‍ത്തി, കണി കാണിച്ചു. കണ്‍ കുളിര്‍ക്കെ, മനം നിറയെ കണി കണ്ട്, ഞാനും ചേട്ടനും അതി രാവിലെ തന്നെ ബാക്കി വന്ന പടക്ക സാമഗ്രികളില്‍ ചിലതെടുത്ത് പ്രയോഗിച്ച് വിഷുപ്പുലരി ആഘോഷങ്ങള്‍ തുടങ്ങി.

അപ്പോഴാണ് ജിബീഷേട്ടനും സലീഷേട്ടനുമെല്ലാം അവരുടെ കണി തയ്യാറാക്കി അങ്ങോട്ട് വരുന്നത്. ഞങ്ങള്‍ കണി കണ്ടു കഴിഞ്ഞിരുന്നെങ്കിലും അച്ഛന്‍ അവരെ നിരാശരാക്കാതെ അവരുടെ കണിയും കണ്ടു തൊഴുത്, അവരുടെ ഉരുളിയിലും കുറച്ച് ചില്ലറ നിക്ഷേപിച്ച് അവരെ സന്തോഷത്തോടെ പറഞ്ഞയച്ചു.

അടുത്തതായി കണിയുമായി പോകുന്നത് ഞങ്ങളുടെ തറവാട്ടിലേയ്ക്ക് ആയതു കൊണ്ടായിരിയ്ക്കണം, ജിബീഷ് ചേട്ടന്‍ എന്റെ ചേട്ടനേയും കൂടെ വിളിച്ചു. അവിടെ കുഞ്ഞച്ഛന്‍ ഗള്‍ഫില്‍ പോയ സമയമാണ്. അമ്മൂമമാരും ചിറ്റയും കണ്ണനും മാത്രമേ അന്ന് അവിടെയുള്ളൂ. കണ്ണനാണെങ്കില്‍ മൂന്നു വയസ്സ് പ്രായവും. അതു കൊണ്ട് ചിറ്റ അവിടെ കണി ഒരുക്കിയിട്ടുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ, കണിയുമായി അവിടെ എന്തായാലും രാവിലെ ചെല്ലണം എന്ന് തലേന്നു തന്നെ ചിറ്റ ജിബീഷേട്ടനെ പറഞ്ഞേല്‍പ്പിച്ചിരുന്നു.

പ്രത്യേകം പറഞ്ഞേല്‍പ്പിച്ചിരുന്നതു കൊണ്ടു തന്നെ അവിടെ നിന്ന് കാര്യമായി എന്തെങ്കിലും തടഞ്ഞേക്കും എന്ന സന്തോഷത്തോടെ തന്നെയാണ് ഇവര്‍ അന്ന് അങ്ങോട്ടു വച്ചടിച്ചത്. അങ്ങനെ അവര്‍ തറവാടിന്റെ മുറ്റത്തെത്തി.  പതിവു പോലെ, ശബ്ദമുണ്ടാക്കാതെ കണി സാമഗ്രികളെല്ലാം ഉരുളിയില്‍ ശരിയാക്കി വച്ചു. എന്നിട്ട് അത് നേരെ പടിക്കെട്ടിനു മുന്നില്‍ തന്നെ കൊണ്ടു വച്ചു, വിളക്കെല്ലാം തെളിച്ച് തയ്യാറായ ശേഷം എല്ലാവരും ഇരുട്ടത്തേയ്ക്ക് ഒതുങ്ങി നിന്നു. അടുത്തതായി സലീഷേട്ടന്‍ കയ്യില്‍ കരുതിയിരുന്ന ഓലപ്പടക്കം എടുത്ത് പൊട്ടിച്ചു. വീട്ടിനകത്തു നിന്ന് അനക്കമൊന്നും കേള്‍ക്കാതായപ്പോള്‍ അടുത്തത് എടുത്ത് വീടിനടുത്ത് തന്നെ ഇട്ടു ഒന്നു കൂടെ പൊട്ടിച്ചു.

ഇത്തവണത്തെ പടക്കം ഏറ്റു. അകത്ത് നിന്ന് വാതില്‍ തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍ എല്ലാവരും ശബ്ദമടക്കി ഇരുട്ടത്ത് ചേര്‍ന്നു നിന്നു. ആദ്യം അമ്മൂമ്മമാരും പുറകേ ചിറ്റയും വാതില്‍ തുറന്ന് ഉമ്മറത്തേയ്ക്ക് എത്തി. എന്നിട്ട് കണി കണ്ട് ഭക്തിയോടെ തൊഴുതു. അതിനു ശേഷം ചിറ്റ ഉറങ്ങിക്കിടന്ന കണ്ണനെ കൂടെ വിളിച്ചുണര്‍ത്തി കണി കാണിയ്ക്കാനായി അകത്തേയ്ക്കു പോയി. അപ്പോള്‍ തന്നെ കണ്ണനെ ചുമലിലിട്ട് വീണ്ടും തിരിച്ചു വന്നു. ഉറക്കത്തില്‍ നിന്നും കണ്ണനെ പതുക്കെ ചുമലില്‍ നിന്നെടുത്ത്, നേരെ കണിയ്ക്കു മുന്നില്‍ കൊണ്ടു നിര്‍ത്തി.എന്നിട്ട് പതുക്കെ കുലുക്കി വിളിച്ച് പറഞ്ഞു... "കണ്ണാ... കണ്ണു തുറക്ക്... ദാ നോക്ക്, വിഷുക്കണി. ശരിക്കു കണ്ണു തുറന്ന് കണ്ട് പ്രാര്‍ത്ഥിയ്ക്ക്"

കണ്ണന്‍ നല്ല ഉറക്കത്തിലായിരുന്നു. ഉറക്കത്തില്‍ നിന്നും എടുത്ത് കണിയ്ക്കു മുന്നില്‍ നിര്‍ത്തി, വിളിച്ചുണര്‍ത്തിയതും ആശാന്‍ വൈകിച്ചില്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും മനസ്സിലാകും മുന്‍പ്, തടുക്കാനാകും മുന്‍പ് അവന്‍ അതു ചെയ്തു. ഉറക്കച്ചടവില്‍ കണ്ണു തുറന്നു നോക്കാനൊന്നും മിനക്കെടാതെ യാന്ത്രികമായെന്നോണം സ്വന്തം ട്രൌസര്‍ വലിച്ചു താഴ്ത്തി, മൂത്രമൊഴിയ്ക്കാന്‍ തുടങ്ങി... അതും നേരെ കണി വച്ച ഉരുളിയിലേയ്ക്ക് തന്നെ. നിമിഷങ്ങള്‍ക്കകം അതില്‍ കത്തിച്ചു വച്ചിരുന്ന വിളക്കിന്റെ തിരികള്‍ കെടാന്‍ തുടങ്ങി.

ഏതാനും നിമിഷങ്ങള്‍ വേണ്ടി വന്നു, ചിറ്റയ്ക്കോ ഇരുളില്‍ മാറി നിന്നിരുന്നവര്‍ക്കോ എന്താണ് സംഭവിയ്ക്കുന്നത് എന്ന് മനസ്സിലാക്കാന്‍... കാര്യം മനസ്സിലായതും "അയ്യോ കണ്ണാ... ഞങ്ങളുടെ കണി കുളമാക്കല്ലേ" എന്നും പറഞ്ഞ് സലീഷേട്ടന്‍ ഓടിച്ചെന്ന് ഉരുളി എടുത്തു മാറ്റി. അപ്പോഴേയ്ക്കും കാര്യം മനസ്സിലാക്കിയ ചിറ്റയും കണ്ണന്റെ നില്‍പ്പിന്റെ പൊസിഷന്‍ മാറ്റിപ്പിടിച്ചു. പക്ഷേ അപ്പോഴേയ്ക്കും മൂത്രം വീണ് വിളക്കു കെടുകയും ഉരുളിയിലെ സാധന സാമഗ്രികളും മറ്റുമെല്ലാം  ഒരു വിധം നാശമായിക്കഴിയുകയും ചെയ്തിരുന്നു. എന്തിന്, കൃഷ്ണ വിഗ്രഹം പോലും ഒരു മൂത്രാഭിഷേകം കഴിഞ്ഞ അവസ്ഥയിലായിരുന്നു.

അപ്പോഴേയ്ക്കും ഇതൊന്നും അറിയാതെ, മൂത്രമൊഴിച്ച് കഴിഞ്ഞിരുന്ന കണ്ണന്‍ വീണ്ടും ചിറ്റയുടെ ചുമലില്‍ വീണ് ഉറക്കം പുനരാരംഭിച്ചിരുന്നു. കണി കുളമായല്ലോ എന്ന വിഷമത്തില്‍ ചിറ്റ നില്‍ക്കുമ്പോള്‍ "അതു സാരമില്ല, ചേച്ചീ,എന്തായാലും ഉണ്ണി മൂത്രം പുണ്യാഹം എന്നല്ലേ, സാരമില്ല" എന്നും പറഞ്ഞ് ചിരിച്ചു കൊണ്ട് ജിബീഷേട്ടനും സലീഷുമെല്ലാം ആ വര്‍ഷത്തെ കണി പരിപാടി അതോടെ നിര്‍ത്താന്‍ തീരുമാനിച്ചു.

എങ്കിലും അത് അവര്‍ക്ക് സാമ്പത്തികമായി ഒരു നഷ്ടം വരുത്തിയില്ല. കാരണം കണ്ണന്‍ അറിയാതെ ചെയ്തതാണെങ്കിലും അതു കാരണം ആ വര്‍ഷത്തെ അവരുടെ കണികാണിയ്ക്കല്‍ പരിപാടി തടസ്സപ്പെട്ട വിഷമം കൂടി കണക്കിലെടുത്ത് ചിറ്റ അവര്‍ക്ക് നല്ലൊരു തുക തന്നെ കൈനേട്ടം എന്ന പേരില്‍ നല്‍കി. അതു കൊണ്ടു തന്നെ അവരും സന്തോഷമായി തന്നെയാണ് മടങ്ങിയതും. അതിനാല്‍ പതിവിലും ഗംഭീരമായി അവര്‍ക്ക് ആ വിഷു ആഘോഷിയ്ക്കാനും അതു കൊണ്ട് കഴിഞ്ഞു.

പക്ഷേ, എന്തു കൊണ്ടോ, അതിനു ശേഷം ഒരൊറ്റ വിഷുവിനും അവര്‍ കണിയുമായി ഇറങ്ങിയിട്ടില്ല. പിന്നീട് അവരെപ്പോലെ, പല ടീമുകളും തുടര്‍ന്നുള്ള വര്‍ഷങ്ങളിലായി ഇതു പോലെ കണികളുമായി വരുകയും പോകുകയും ചെയ്യുന്നുണ്ടെങ്കിലും അന്നത്തെ ആ വിഷുക്കണി ഞങ്ങള്‍ക്കെല്ലാവര്‍ക്കും  എക്കാലത്തേയും വിഷുദിന ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ പറഞ്ഞു ചിരിയ്ക്കാന്‍ പറ്റുന്ന ഒന്നായിത്തീര്‍ന്നു.

ഇന്ന് സലീഷേട്ടനും കണ്ണനും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നു. എങ്കിലും വല്ലപ്പൊഴും അവധിയ്ക്ക് നാട്ടിലെത്തുമ്പോള്‍ ഇരുവരും ഒരുമിച്ചു കാണുന്ന അവസരങ്ങളില്‍ സലീഷേട്ടന്‍ ചിരിച്ചു കൊണ്ട് പറയും "എങ്കിലും കണ്ണാ... അന്നത്തെ ഞങ്ങടെ വിഷുക്കണി"

30 comments:

  1. ശ്രീ said...

    ഈ വര്‌ഷത്തെ വിഷു ഇതാ ഇങ്ങ് വന്നെത്തിക്കഴിഞ്ഞു. നാട്ടില്‍ അവിടവിടെയായി പടക്കം പൊട്ടിയ്ക്കുന്നതിന്റെയും മറ്റും ശബ്ദങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും കേട്ടു തുടങ്ങി. ഇടവഴികളിലെല്ലാം വിഷുവിന്റെ വരവറിയിച്ചു കൊണ്ട് കണിക്കൊന്നകള്‍ പൂവിരിച്ചു നില്‍ക്കുന്നു. കടകളിലെല്ലാം പടക്കങ്ങളുടെയും മറ്റും തകൃതിയായ വില്‍പന. ഈ വര്‍ഷത്തെ വിഷു ആഘോഷിയ്ക്കാനായി നാട്ടിലെത്തിയപ്പോള്‍ കാണുന്ന കാഴ്ചകള്‍ ഇതാണ്.

    ഇതൊരു പഴയ വിഷു ഓര്‍മ്മയാണ്. ഏതാണ്ട് പത്തിരുപത്തിരണ്ട് വര്‍ഷം മുന്‍പത്തെ, രസകരമായ ഒരു വിഷു ഓര്‍മ്മ.

    എല്ലാ ബൂലോക സുഹൃത്തുക്കല്‍ക്കും വിഷു ആശംസകള്‍!

  2. Deepu George said...

    ഓര്മകളുടെ വിഷു ക്കുറിപ്പ്‌ നന്നായിട്ടുണ്ട് ഐശ്വര്യതിന്റെയും സമൃദ്ധിയുടെയും വിഷു ആശംസകൾ നേരുന്നു .. സ്നേഹപൂർവ്വം

  3. Unknown said...

    പ്രിയപ്പെട്ട സുഹൃത്തെ,
    ഓർമ കുറിപ്പ് ഏറെ ഹൃദ്യമായി !
    ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു.
    സ്നേഹത്തോടെ,
    ഗിരീഷ്‌

  4. ദിവാരേട്ടN said...

    കണി കുളമാക്കാൻ അന്നും ആളുകൾ ഉണ്ടായിരുന്നു, അല്ലേ? എന്തായാലും ചിരിക്കാൻ വകുപ്പുണ്ട് ..

    ശ്രീ യ്ക്കും കുടുംബത്തിനും !! വിഷു ആശംസകൾ !!

  5. Areekkodan | അരീക്കോടന്‍ said...

    ഇന്നുവരെ വിഷുകൈനീട്ടം എന്നേ കേട്ടിരുന്നുള്ളൂ...ഇപ്പോള്‍ വിഷു കൈനേട്ടം കൂടി ആയി.നല്ല ഓര്‍മ്മ.വിഷു ആശംസകള്‍.

  6. Rare Rose said...

    നല്ല ഓർമ്മകൾ ശ്രീ..
    വിഷു ആശംസകള്‍. :)

  7. Pheonix said...

    നന്നായിട്ടുണ്ട്. താങ്കളുടെ പ്രൊഫൈല്‍ പോലെ തന്നെ നന്മ നിറഞ്ഞ എഴുത്താണ് എന്നെ കൂടുതല്‍ ആകര്‍ഷിക്കുന്നത്.

  8. drpmalankot said...

    വിഷുവുമായി ബന്ധപ്പെട്ട ഓർമ്മക്കുറിപ്പ്‌ വളരെ നന്നായി.
    വിഷു ആശംസകൾ.

  9. Devadas said...

    vishuvarum...varsham varum....
    your memories are quite sweet.
    Vishu asamsakal

    DEVADAS MATHATH
    Peringathur,Thalassery

  10. Anonymous said...

    very nice ,dear friend

  11. ശ്രീ said...

    Deepu George ...
    ആദ്യ കമന്റിനു വളരെ നന്ദി.
    ആദ്യമായി നീര്‍മിഴിപ്പൂക്കള്‍ സന്ദര്‍ശിച്ചതിലും സന്തോഷം.

    Gireesh KS...
    വളരെ സന്തോഷം.
    വായനയ്ക്കും കമന്റിനും നന്ദി :)

    ദിവാരേട്ടN ...
    അതെ ദിവാരേട്ടാ. :) ഒരുപാടു നാളുകള്‍ക്കു ശേഷമുള്ള ഈ വരവിനു നന്ദി

    അരീക്കോടന്‍ മാഷേ...
    കൈനീട്ടം എന്നും കൈനേട്ടം എന്നും പറയാറുണ്ട്. രണ്ടും ശരിയാണല്ലോ.

    നന്ദി :)

    Rare Rose...
    സന്തോഷം, കുറേ നാളായല്ലോ കണ്ടിട്ട്? :)

    ഫിയൊനിക്സ് ...
    വളരെ സന്തോഷം മാഷേ :)

    ഡോ. പി. മാലങ്കോട് ...
    ആശംസകള്‍ക്കും കമന്റിനും നന്ദി മാഷേ

    Devadas Mathath ...
    സ്വാഗതം മാഷേ. വായനയ്ക്കും കമന്റിനും നന്ദി :)

    Anonymous ...
    വായനയ്ക്കും കമന്റിനും നന്ദി. :)

    എല്ലാവര്‍ക്കും വിഷു ആശംസകള്‍!

  12. പട്ടേപ്പാടം റാംജി said...

    പഴയ ഓര്‍മ്മകളില്‍ ഇപ്പോഴും ഒരു ചടങ്ങുപോലെ തുടരുന്നത് വിഷുക്കണി കൊണ്ടു നടക്കല്‍ തന്നെയാണെന്നു തോന്നുന്നു. ഈ ഓര്‍മ്മകളൊക്കെ എനിക്കും സ്വന്തം.

  13. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    ഹ ഹ ഹ അങ്ങനാ ഈ ഉണ്ണിമൂത്രം പുണ്യാഹം എന്ന ചൊല്ലുണ്ടായത് അല്ലെ?

  14. Sukanya said...

    ഒരുഗ്രന്‍ കണി വിശേഷം ഞങ്ങളുമായി പങ്കിട്ടു ചിരിപ്പിച്ചു.

  15. ശ്രീനന്ദ said...

    ഉണ്ണിമൂത്രം പുണ്യാഹം!!

    അങ്ങനെ അതൊരു ‘വിഷുക്കെണി’ ആയി അല്ലേ??

  16. ദൃശ്യ- INTIMATE STRANGER said...

    സെയിം പിഞ്ച് .. എന്റെ വിഷു പോസ്ടിന്റെം പേര് ഇത് തന്ന ഒരു കുഞ്ഞു വെത്യാസം ഉണ്ടെന്നെ ഒള്ളു ..
    കണ്ണന്റെ വക ഉള്ള വിഷു കൈനീട്ടം കലക്കി .. അധികം ആര്ക്കും ഇങ്ങനൊരു വിഷു കൈനീട്ടം കിട്ടിയിട്ടുണ്ടാവില്ല ..:)

  17. khader patteppadam said...

    .)

  18. khader patteppadam said...

    .)

  19. Echmukutty said...

    ഇത്ര കേമമായ ഒരു വിഷുക്കൈനീട്ടം ആര്‍ക്കും കിട്ടിട്ടുണ്ടാവില്ല...
    രസകരമായി എഴുതി.. അഭിനന്ദനങ്ങള്‍.

  20. വിനുവേട്ടന്‍ said...

    ബാല്യത്തിന്റെ ശീതളതയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന എഴുത്ത്...

    ഇത്തരം അനുഭവങ്ങളൊക്കെ ഇന്നത്തെ തലമുറയിലെ കുട്ടികൾക്കുണ്ടാവുമോ? സംശയമാണ്...

    ഈ വായന പതിവ് പോലെ രസരകരവും ഗൃഹാതുരവുമായി ശ്രീ...

    എല്ലാവിധ നന്മകളും ആശംസകളും...

    ഓഫ് : ഉണ്ണിമൂത്രം പുണ്യാഹമായി ആവോളം ഏറ്റുവാങ്ങാനുള്ള സമയം അടുത്തില്ലേ? :)

  21. ചിതല്‍/chithal said...

    ഈ കഥ ഗംഭീരമായി, ശ്രീ!

  22. ശ്രീ said...

    റാംജി മാഷേ...
    ശരിയാണ് മാഷേ... സന്തോഷം :)

    ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage...

    ഞങ്ങളെ സംബന്ധിച്ചിടത്തോളം 'അതെ' എന്ന് പറയാം എന്ന് തോന്നുന്നു.

    നന്ദി പണിയ്ക്കര്‍ സാര്‍ :)

    Sukanya ചേച്ചീ...
    വായിച്ച് ചിരിയ്ക്കാന്‍ സാധിച്ചു എന്നറിഞ്ഞതില്‍ സന്തോഷം :)

    ശ്രീനന്ദ ...
    സത്യം തന്നെ ചേച്ചീ :)

    ദൃശ്യ- INTIMATE STRANGER ...
    ശരിയാ,അധികം ആര്ക്കും ഇങ്ങനൊരു വിഷു കൈനീട്ടം കിട്ടിയിട്ടുണ്ടാവില്ല
    വായനയ്ക്കും കമന്റിനും നന്ദി.

    khader patteppadam ...

    സന്ദര്‍ശനത്തിനു നന്ദി മാഷേ

    Echmu ചേച്ചീ...
    ഹഹ, അതെയതെ
    നന്ദി ചേച്ചീ

    വിനുവേട്ടാ...
    വളരെ ശരിയാണ്. കമന്റിനു നന്ദി.

    ഓഫ് ടോപ്പിക്കിലെ ചോദ്യം വെറുതെയായില്ല ട്ടോ. വിശദമായി വൈകാതെ അറിയിയ്ക്കാം :)

    ചിതല്‍/chithal ...
    വളരെ സന്തോഷം മാഷേ :)

  23. Muralee Mukundan , ബിലാത്തിപട്ടണം said...

    എങ്കിലും..കണ്ണാ
    വിഷുക്കണ്ണനെ നീ അഭിഷേകം ചെയ്തുവല്ലോ..
    നന്നായി എഴുതി..കേട്ടൊ ശ്രീ

    പിന്നെ ശ്രീശോഭാണ്
    നമ്മുടെ ബൂലോഗത്തിലെ
    അഭിപ്രായതൊട്ടപ്പൻ എന്നുള്ള രഹസ്യം.. ഞാനെന്റെ പുതിയ പോസ്റ്റിലൂടെ പാട്ടാക്കീ..ട്ടാ

  24. Typist | എഴുത്തുകാരി said...

    എന്നാലും കണ്ണന്‍ പറ്റിച്ച ഒരു പണിയേയ്. ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു ഇതുപോലെ കണി കൊണ്ടുവരല്‍. ഇക്കൊല്ലം എന്തോ ഉണ്ടായിരുന്നില്ല.

  25. വിനുവേട്ടന്‍ said...

    ശ്രീ.... ചെലവ് വേണം ട്ടോ... :)

  26. വീകെ said...

    ശ്രീയുടെ വിഷുക്കണി ഞാൻ കാണാൻ വൈകി. നാട്ടിലെത്തിയതുകൊണ്ട് ബ്ലോഗുപെട്ടി തുറക്കാനായില്ല.
    എനിക്കുമുണ്ട് ഇതുപോലൊരു വിഷുക്കണിയുടെ കഥയെഴുതാൻ.. ജീവിതത്തിൽ ഇന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന ഒരേയൊരു വിഷുക്കണി..! ഒരിക്കലെഴുതണം.
    ഉണ്ണിമൂത്രം പുണ്യാഹം തന്നെയെന്നു അന്നു തെളിഞ്ഞുവല്ലെ. രസകരമായി.. ആശംസകൾ...

  27. ബഷീർ said...

    കുറെ നാളുകൾക്ക് ശേഷം ഇവിടെയെത്തി കണി കണ്ടു. ഉഷാറ് കണി തന്നെ .. ബാക്കിയൊക്കെ വായിക്കണം.. വീണ്ടും വരാം

  28. കാസിം തങ്ങള്‍ said...

    ഞാനും ഇവിടെയെത്തുന്നത് കുറേ നാളുകള്‍ക്ക് ശേഷം. എന്തായാലും കണിക്ക് കെണിയൊരുക്കിയ പോസ്റ്റ് നന്നായി ശ്രീ.

  29. ശ്രീ said...

    മുരളി മാഷേ...
    നന്ദി. പിന്നെ, ആ പോസ്റ്റ് ഞാനും വായിച്ചു ട്ടോ :)

    എഴുത്തുകാരി ചേച്ചീ...
    ഇപ്പോഴത്തെ കുട്ടികള്‍ക്കൊന്നും കണിയുമായി നടക്കാന്‍ സമയമില്ലാതായി, ചേച്ചീ :(
    ഈ വര്‍ഷം ഞങ്ങളുടെ നാട്ടിലും ആരെയും കണ്ടില്ല.

    വിനുവേട്ടാ...
    പിന്നെന്താ :)

    വീ കെ മാഷേ...
    നന്ദി മാഷേ. അപ്പോ സമയം പോലെ ആ കഥയുമെഴുതൂ... :)

    ബഷീര്‍ക്കാ...
    വളരെ നന്ദി.

    കാസിം തങ്ങള്‍ ...
    വളരെ നന്ദി മാഷേ

  30. ബൈജു മണിയങ്കാല said...

    ഞാൻ കണ്ണനെ കുറ്റം പറയില്ല, നിങ്ങൾക്ക് നല്ലൊരു കണി യും അറിയാതെ ഒരു പണിയും തന്ന കണ്ണൻ അത് തന്നെ അല്ലെ നിഷ്കളങ്കതയുടെ പൊൻ കണി

    നന്നായി എഴുതി ഒരു വെള്ളി തിളക്കം ശരിക്കും സുസ്പെന്സേ ആയി ഫീൽ ചെയ്തു ആ ഉറക്കച്ചടവുള്ള കണ്ണനെ നന്നായി വരച്ചു കാട്ടി