Monday, January 7, 2013

കള്ളന്‍ പത്രോസ് സ്വാമി

ഇതു ഞങ്ങളുടെ അയല്‍നാട്ടില്‍ നടന്ന സംഭവമാണ്. ഏതൊരു നാട്ടിലും എന്ന പോലെ ആ നാട്ടിലുമുണ്ടായിരുന്നു ഒരു കൊച്ചു കള്ളന്‍. പേര് പത്രോസ് (യഥാര്‍ത്ഥ പേരല്ല). കള്ളന്‍ എന്നു വച്ചാല്‍ ജഗജില്ലിയായ പെരുങ്കള്ളനൊന്നുമല്ല, ഒരു പാവം സാധാ കള്ളന്‍. അതായതു വിയര്‍പ്പിന്റെ അസുഖമുള്ളതു കൊണ്ട് പണിയെടുക്കാന്‍ മടിച്ച് കൊച്ചു കൊച്ചു മോഷണങ്ങളുമായി ജീവിയ്ക്കുന്ന ഒരു കുഞ്ഞു കള്ളന്‍. മീശമാധവന്‍ എന്ന ചിത്രത്തിലെ ദിലീപിനെ പോലെ ആ നാടിന്റെ സ്വന്തം കള്ളന്‍.

പക്ഷേ, അവിടെയും വ്യത്യാസമെന്തെന്നാല്‍ പത്രോസ് ഒരിയ്ക്കലും വലിയ വലിയ മോഷണങ്ങള്‍ക്ക് പോകാറില്ല. വീടോ കടയോ മറ്റോ കുത്തിത്തുറക്കാനോ ഓട് പൊളിച്ച് അകത്തു കയറാനോ ആള്‍ക്കാരെ ഉപദ്രവിച്ച് സ്വര്‍ണ്ണവും മറ്റും മോഷ്ടിയ്ക്കാനോ ഒന്നും പത്രോസ് മുതിരാറില്ല. പകരം ആരെങ്കിലുമൊക്കെ രാത്രി കാലങ്ങളില്‍ മുറ്റത്തു ബാക്കി വച്ചിട്ടു പോകുന്ന ചെറിയ ചെമ്പുകള്‍, കിണ്ടികള്‍, കിണ്ണങ്ങള്‍ അങ്ങനെയങ്ങനെ സ്വന്തം കൊക്കിലൊതുങ്ങുന്ന സാധങ്ങളുമെടുത്ത് അന്നന്നത്തെ ചിലവിനുള്ള വക തേടാനുള്ളത്ര ചില്ലറ മോഷണങ്ങള്‍ മാത്രമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന സാധാരണ നാടന്‍ മോഷ്ടാവായിരുന്നു പത്രോസ്.

ഇതിന്റെ ഗുണമെന്തെന്നാല്‍ ആദ്യമൊക്കെ  ചില്ലറ മോഷണങ്ങളായതു കൊണ്ടോ വല്ല ചെമ്പോ ഉരുളിയോ കിണ്ടിയോ മോഷണം പോയെന്നു പറഞ്ഞ് പോലീസില്‍ പരാതിപ്പെടാനുള്ള നാട്ടുകാരുടെ മടി കൊണ്ടോ ഒക്കെ പത്രോസ് പലപ്പോഴും വലിയ പരിക്കുകള്‍ പറ്റാതെ രക്ഷപ്പെട്ടു പോന്നു. മോഷ്ടിയ്ക്കുന്ന സാധനങ്ങള്‍ പാത്രങ്ങളും മറ്റുമായതിനാല്‍ പത്രോസിന് അതെല്ലാം എളുപ്പത്തില്‍ വിറ്റു കാശാക്കാനും കഴിഞ്ഞു. മേലനങ്ങാതെ തിന്നാന്‍ മോഷണം ഒരു എളുപ്പവഴിയാണെന്നു കണ്ട പത്രോസാകട്ടെ തരം കിട്ടുമ്പോഴെല്ലാം ഈ പരിപാടി ആവര്‍ത്തിയ്ക്കാനും തുടങ്ങി. ചുരുക്കിപ്പറഞ്ഞാല്‍ നാട്ടുകാര്‍ക്ക് പാത്രങ്ങളും മറ്റും വിശ്വസിച്ച് വീടിനു പുറത്തു വച്ച് ഉറങ്ങാന്‍ പോകാനുള്ള ധൈര്യം നഷ്ടമായി. എന്നാലും പലയിടത്തു നിന്നായി തന്റെ ആവശ്യങ്ങള്‍ക്കുള്ളതെല്ലാം സംഘടിപ്പിയ്ക്കാന്‍ പത്രോസിന് കഴിഞ്ഞിരുന്നു.

'പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍' എന്നാണല്ലോ. ഈ മോഷണങ്ങള്‍ ഒരു തുടര്‍ക്കഥയായപ്പോള്‍ പത്രോസിനും അക്കിടി പറ്റി. ഒരിയ്ക്കല്‍ നാട്ടുകാര്‍ ആശാനെ കയ്യോടെ പിടി കൂടി ചില 'കാര്യപരിപാടി'കള്‍ക്ക് ശേഷം പോലീസിലേല്‍പ്പിച്ചു. പോലീസുകാരുടെ കയ്യില്‍ നിന്ന് ആദ്യത്തെ ഇടി കിട്ടിയ ആ നിമിഷം തന്നെ നമ്മുടെ പത്രോസ് എല്ലാ കുറ്റവും ഏറ്റു പറഞ്ഞു. എന്നു മുതല്‍, എന്തൊക്കെ, എവിടെ നിന്നൊക്കെ മോഷ്ടിച്ചു എന്നതിന്റെ സ്ഥിതി വിവരക്കണക്കുകള്‍ അണുവിട തെറ്റാതെ പോലീസുകാരോട് പറഞ്ഞു കൊടുത്തു.

സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയ ഉടനേ പത്രോസ് തീരുമാനിച്ചു. ഇനി ഈ പരിപാടിയ്ക്കില്ല. അടുത്ത ദിവസം പത്രോസ് പതിവു പോലെ പണിയ്ക്കു പോകുകയും ചെയ്തു. പക്ഷേ, അപ്പോഴേയ്ക്കും നാട്ടുകാര്‍ പത്രോസിന് 'കള്ളന്‍ പത്രോസ്' എന്ന വിളിപ്പേര് ചാര്‍ത്തിക്കൊടുത്തു കഴിഞ്ഞിരുന്നു. പണിയ്ക്കു പോകുമ്പൊഴും വരുമ്പോഴുമെല്ലാം ആളുകള്‍ ഒളിഞ്ഞും തെളിഞ്ഞും പത്രോസിനെ കള്ളന്‍ എന്ന് വിളിയ്ക്കാനും തുടങ്ങി. അങ്ങനെ കുറച്ചു നാള്‍ തുടര്‍ന്നപ്പോള്‍ പത്രോസിന് വീണ്ടും തോന്നി. എന്തായാലും കള്ളന്‍ എന്ന പേര് വീണു. മാത്രമല്ല, വീണ്ടും പണിയെടുക്കാന്‍ മടി തോന്നിത്തുടങ്ങി. മോഷ്ടിച്ച് ജീവിയ്ക്കുന്നതിന്റെ സുഖമാണെങ്കില്‍ ഒരിയ്ക്കല്‍ അനുഭവിച്ചതുമാണല്ലോ. പതിയെ പതിയെ
പത്രോസ്  മോഷണത്തിലേയ്ക്ക് തന്നെ മടങ്ങി.

ഇത്തവണ ആളുകള്‍ അറിയുമെന്നുള്ള ചമ്മലൊന്നും ആശാനെ അലട്ടിയില്ല. അതു കൊണ്ട് തരം കിട്ടുമ്പോഴൊക്കെ മോഷണം തുടര്‍ന്നു. ഇടയ്ക്കിടെ പിടിയ്ക്കപ്പെടും, നാട്ടുകാര്‍ പിടിച്ച് പോലീസിലേല്‍പ്പിയ്ക്കും. പതിവു പോലെ ആദ്യ ഇടിയ്ക്കു തന്നെ സത്യമെല്ലാം പറഞ്ഞ് തൊണ്ടി (വിറ്റു കാശാക്കിയിട്ടില്ലെങ്കില്‍) കയ്യോടെ പോലീസിനോ ഉടമസ്ഥനോ കൈമാറി തിരിച്ച് ഇറങ്ങും. വൈകാതെ വീണ്ടും ഇതേ പരിപാടികള്‍ ആവര്‍ത്തിയ്ക്കും.

അങ്ങനെയങ്ങനെ നാട്ടില്‍ ചില്ലറ മോഷണങ്ങള്‍ എന്തു നടന്നാലും നാട്ടുകാരും പോലീസും കള്ളന്‍ പത്രോസിനെ പിടി കൂടാന്‍ തുടങ്ങി. എവിടെ നിന്നെങ്കിലും പാത്രങ്ങളോ മറ്റോ കളവു പോയി എന്ന് ആരെങ്കിലും പോലീസില്‍ പരാതി പറഞ്ഞാല്‍ ഉടനേ ഒരു പോലീസ് ജീപ്പ് പത്രോസിന്റെ വീടിനു മുന്നിലെത്തും. ആശാനെയും പൊക്കിയെടുത്ത് തിരിച്ചു പോകും. പോലീസ് സ്റ്റേഷനിലെത്തി രണ്ട് ഇടി കൊണ്ടു കഴിഞ്ഞാല്‍ സാധനവും തിരിച്ചേല്‍പ്പിച്ച് പത്രോസ് തിരിച്ച് വീട്ടിലെത്തും. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഇതൊരു പതിവു കാഴ്ചയായിരുന്നു.

അങ്ങനെയിരിയ്ക്കെ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു മണ്ഡലമാസക്കാലം. നാടു മുഴുവനുമുള്ള വിശ്വാസികള്‍ മാലയിട്ട് നോമ്പെടുത്ത് ശബരിമലയ്ക്ക് പോകുന്ന സമയം. ആയിടെ ഒരു രാത്രി ആ നാട്ടിലെ ഒരു കല്യാണ വീട്ടില്‍ നിന്ന് രണ്ടു മൂന്ന് വലിയ ബിരിയാണി ചെമ്പുകള്‍ മോഷണം പോയി. കല്യാണ സദ്യയൊരുക്കാന്‍ കൊണ്ടു വന്ന ചെമ്പുകളാണ് നഷ്ടപ്പെട്ടത്. അതും നല്ല വില വരുന്ന വലിയ ചെമ്പു പാത്രങ്ങള്‍... പിറ്റേന്ന് നേരം വെളുത്തപ്പോള്‍ വീട്ടുകാര്‍ സംഭവമറിഞ്ഞു. സംഗതി നാട്ടുകാര്‍ അറിഞ്ഞപ്പോള്‍ ആളുകള്‍ എല്ലാവരും ഒരേയൊരു കാര്യം  തന്നെ പറഞ്ഞു ''മോഷണം പോയത് പാത്രങ്ങളാണെങ്കില്‍ അതിനു പിന്നില്‍ കള്ളന്‍ പത്രോസ് തന്നെ''!

വൈകാതെ പോലീസ് സ്റ്റേഷനിലേയ്ക്ക് പരാതിയുമായി ആളു പോയി. പതിവിന്‍ പടി പോലീസ് ജീപ്പ് നേരെ പത്രോസിന്റെ വീട്ടിലേയ്ക്ക് പറന്നു. അധികം വൈകാതെ നാട്ടുകാരെല്ലാവരും കണ്ടു, പത്രോസിനെയും പൊക്കിയെടുത്ത് ജീപ്പ് തിരിച്ചു പോകുന്നത്. പക്ഷേ, ഇത്തവണ സ്റ്റേഷനിലെത്തി എത്ര ഇടി കിട്ടിയിട്ടും പത്രോസ് കുറ്റം സമ്മതിച്ചില്ല. കാരണം ഇത്തവണത്തെ കളവില്‍ പത്രോസിന് യാതൊരു പങ്കും ഉണ്ടായിരുന്നില്ല എന്നതു തന്നെ. ഓരോ ഇടി കിട്ടുമ്പോഴും പത്രോസ് കരഞ്ഞു പറഞ്ഞു, അത്രയും വലിയ മോഷണങ്ങള്‍ താന്‍ ചെയ്യാറില്ല എന്ന്. പോലീസുകാര്‍ക്കും സംശയം തോന്നാതിരുന്നില്ല. ചെറിയ കളവുകളേ പത്രോസ് ചെയ്യാറുള്ളൂ എന്നത് മാത്രമല്ല, ആദ്യത്തെ ഇടിയ്ക്കു തന്നെ ആശാന്‍ സത്യം പറയാറുമുണ്ടല്ലോ. എന്തായാലും ഒരു തീരുമാനമാകാത്തതിനാല്‍ തല്‍ക്കാലം പോലീസുകാര്‍ പത്രോസിനെ ലോക്കപ്പില്‍ തന്നെ ഇടാന്‍ തീരുമാനിച്ചു.

ലോക്കപ്പില്‍ കിടക്കുമ്പോള്‍ പത്രോസ് ആലോചിച്ചു. പല തവണ മോഷണം നടത്തിയിട്ടുണ്ടെങ്കിലും ഈയൊരു അനുഭവം ഇതാദ്യമാണ്. ഇങ്ങനെ ലോക്കപ്പില്‍ കിടക്കേണ്ടി വന്നിട്ടുമില്ല, ഇത്രയധികം ഇടിയും കൊള്ളേണ്ടി വന്നിട്ടില്ല. അതും ചെയ്യാത്തെ കുറ്റത്തിന്. അങ്ങനെ ലോക്കപ്പില്‍ ഇടി കൊണ്ട വേദനയുമായി കിടക്കുമ്പോള്‍ പത്രോസ് മനം നൊന്ത് പ്രാര്‍ത്ഥിച്ചു....  ഈ ചെയ്യാത്ത കുറ്റത്തില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തേണമേ എന്ന്. ഒപ്പം പത്രോസിന് മറ്റൊരു വഴി കൂടി തോന്നി. ഇത് ഇപ്പോള്‍ മണ്ഡലമാസമല്ലേ? ഇവിടെ കിടക്കുമ്പോള്‍ തന്നെ യഥാര്‍ത്ഥ മോഷ്ടാവിനെ അയ്യപ്പ സ്വാമിയുടെ കൃപ കൊണ്ട് പോലീസുകാര്‍ക്ക് കണ്ടെത്താനായാലോ? അങ്ങനെയാണെങ്കില്‍ ചെയ്യാത്തെ കുറ്റത്തിനു താന്‍ ലോക്കപ്പില്‍ കിടക്കേണ്ടല്ലോ. അങ്ങനെ ആ യഥാര്‍ത്ഥ മോഷ്ടാവിനെ ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ ഇവര്‍ക്ക് കണ്ടു പിടിയ്ക്കാനായാല്‍ ഇത്തവണ തനിയ്ക്കും നോമ്പ് നോറ്റ് ശബരിമലയ്ക്ക് പോകണം.

യാദൃശ്ചികമോ ശരിയ്ക്കും സ്വാമി കടാക്ഷമോ എന്നറിയില്ല, എന്തായാലും തൊട്ടടുത്ത ദിവസം തന്നെ പോലീസിന് മറ്റൊരു കള്ളനെ കിട്ടി. ചോദ്യം ചെയ്യലിനിടയില്‍ ആ കല്യാണ വീട്ടിലെ ചെമ്പുകളും മറ്റും മോഷ്ടിച്ചത് അയാളാണെന്നും പാത്രങ്ങള്‍ എവിടെ, ആര്‍ക്ക് വിറ്റു കാശാക്കി എന്നുമെല്ലാം അയാള്‍ സമ്മതിച്ചു. അങ്ങനെ നമ്മുടെ പത്രോസിനെ പോലീസ് വിട്ടയയ്ക്കുകയും ചെയ്തു.

യാദൃശ്ചികമായാലും അല്ലെങ്കിലും ആ കള്ളനെ തൊട്ടടുത്ത ദിവസം തന്നെ പിടികൂടാനായത് അയ്യപ്പ സ്വാമിയുടെ കൃപ കൊണ്ടാണെന്ന് തന്നെ പത്രോസ് ഉറച്ചു വിശ്വസിച്ചു. അതു കൊണ്ടു തന്നെ വീട്ടിലെത്തിയ ഉടനെ പത്രോസ് അക്കാര്യം വീട്ടിലെ മറ്റംഗങ്ങളോടായി വെളിപ്പെടുത്തി."ഞാന്‍ ഇത്തവണ ശബരിമലയ്ക്ക് പോകുന്നു. ഇന്നു തന്നെ വ്രതം തുടങ്ങുകയാണ്". ഇതു കേട്ട് പത്രോസിന്റെ അപ്പനുമമ്മയും സഹോദരങ്ങളും എന്നു വേണ്ട ഭാര്യ പോലും പുച്ഛിച്ചു ചിരിച്ചു. പോലീസിന്റെ ഇടി കൊണ്ടതിന്റെ ആ ഒരു ഹാങ്ങ് ഓവര്‍ ആയിരിയ്ക്കും എന്നേ അവര്‍ കരുതിയുള്ളൂ. പക്ഷേ, പത്രോസ് അപ്പോള്‍ തന്നെ കുളിച്ചു വന്ന് വീടും പരിസരവും സ്വന്തം മുറിയുമെല്ലാം വൃത്തിയാക്കുന്നതു കണ്ടപ്പോള്‍ വീട്ടുകാരുടെ ചിരി മാഞ്ഞു, അമ്പരപ്പായി. അടുത്തതായി ടൌണില്‍ പോയി അയ്യപ്പ സ്വാമിയുടെ ചില്ലിട്ട വലിയ ഒരു ചിത്രവും അതിനു മുന്നില്‍ തിരിയിട്ടു കത്തിയ്ക്കാന്‍ ഒരു കൊച്ചു നിലവിളക്കും ചന്ദനത്തിരിയുമെല്ലാമായി അയാള്‍ വീണ്ടുമെത്തിയപ്പോള്‍ എല്ലാവര്‍ക്കും അമ്പരപ്പായി. അന്നുച്ചയ്ക്ക് ചോറിനു കറിയായി വീട്ടില്‍ നിന്നും കൊടുത്ത മീന്‍കറി പത്രോസ് തൊട്ടില്ല. മാത്രമല്ല, ഇനി ഒരു പത്തു നാല്പതു ദിവസത്തേയ്ക്ക് വീട്ടിലെല്ലാവരും നോണ്‍ വെജിറ്റേറിയന്‍ ഉപേക്ഷിയ്ക്കണമെന്നും ശുദ്ധിയോടെ വീടും പരിസരവും നോക്കണമെന്നും കൂടി പറഞ്ഞപ്പോള്‍ എല്ലാവരുടെയും മുഖം ചുളിഞ്ഞു.

തൊട്ടടുത്ത ദിവസം രാവിലെ തന്നെ പത്രോസ് പുഴയില്‍ പോയി കുളിച്ച് ശുദ്ധിയായി തിരിച്ചു വീട്ടിലെത്തി തന്റെ മുറിയില്‍ ആണിയടിച്ച് തൂക്കിയ അയ്യപ്പ സ്വാമിയുടെ ചിത്രത്തിനു മുന്നില്‍ തിരി തെളിച്ച് തനിയ്ക്കറിയാവുന്ന രീതിയിലെല്ലാം ശരണം വിളിച്ച് തന്റെ വ്രതം തുടങ്ങി. എന്നിട്ട് രാവിലെ തന്നെ മടിയെല്ലാം മാറ്റി പഴയതു പോലെ കൂലിപ്പണിയ്ക്ക് പോയി. പക്ഷേ, വീട്ടിലാര്‍ക്കും പത്രോസിന്റെ ഈ മാറ്റം ദഹിച്ചില്ല. അവരാരും തന്നെ അയാള്‍ പറഞ്ഞതൊന്നും മുഖവിലയ്ക്കെടുത്തില്ല. അവര്‍ പതിവു പോലെ മീനും ഇറച്ചിയുമെല്ലാം വാങ്ങി പാകം ചെയ്ത് കഴിച്ചു, വൈകുന്നേരം പത്രോസിന് ചോറിനൊപ്പം അതൊക്കെ വിളമ്പുകയും ചെയ്തു. ഇതു കണ്ട്  വിഷമത്തിലായ അയാള്‍ വീണ്ടും ഭാര്യയോടും അമ്മയോടുമെല്ലാം തല്കാലത്തേയ്ക്ക് മത്സ്യമാംസങ്ങള്‍ ഉപേക്ഷിയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചു എങ്കിലും അവരത് കേട്ടതായി പോലും നടിച്ചില്ല.

നിവൃത്തിയില്ലാതായപ്പോള്‍ പിറ്റേന്ന് മുതല്‍ പത്രോസ് വീട്ടില്‍ നിന്നും ഭക്ഷണം കഴിയ്ക്കാതായി. രാവിലെയും ഉച്ചയ്ക്കും വൈകീട്ടുമെല്ലാം പണിയ്ക്കു പോകുന്ന സുഹൃത്തുക്കള്‍ക്കൊപ്പമായി ഭക്ഷണം. അവരില്‍ തന്നെ മലയ്ക്കു പോകാന്‍ മാലയിട്ട ചില സ്വാമിമാരുമുണ്ടായിരുന്നു. അവരോട് ചോദിച്ച് വ്രതാനുഷ്ഠാനത്തിന്റെ രീതികളെല്ലാം മനസ്സിലാക്കി, കൂടുതല്‍ ശരണമന്ത്രങ്ങള്‍ പഠിച്ചു.
അവരുടെ സഹായത്തോടെ ഒരു രുദ്രാക്ഷമാല വാങ്ങി പൂജിച്ച് മാലയിട്ടു. പതിവില്ലാതെ ജീവിതത്തില്‍ ഒരു അടുക്കും ചിട്ടയുമെല്ലാം പത്രോസിന് അനുഭവപ്പെട്ടു. മോഷണ ചിന്തകള്‍ മുഴുവനായും മാറി നിന്നു.

പക്ഷേ, വീട്ടില്‍ പത്രോസിന് പരീക്ഷണ കാലമായിരുന്നു. ഒരു ദിവസം പത്രോസ് പണി കഴിഞ്ഞ് സന്ധ്യയ്ക്ക് വീട്ടിലെത്തിയ ശേഷം കുളിച്ച് ശരണം ജപിയ്ക്കാന്‍ മുറിയിലെത്തിയപ്പോള്‍ അയ്യപ്പ സ്വാമിയുടെ ഫോട്ടോ അപ്രത്യക്ഷമായിരിയ്ക്കുന്നു. അന്വേഷിച്ചിട്ടും വീട്ടില്‍ ആരും മറുപടി പറഞ്ഞില്ല. കുറേ നേരത്തെ അന്വേഷണത്തിനൊടുവില്‍ അയാള്‍ക്ക് ആ ഫോട്ടോ അടുക്കളയിലെ സ്റ്റോര്‍ റൂമില്‍ മീന്‍കറി പാത്രത്തിനടിയില്‍ നിന്ന് കിട്ടി. മീന്‍ ചട്ടി വച്ചിരുന്നത് ഈ ചിത്രത്തിനു മുകളിലായിരുന്നു. പിന്നീടൊരിയ്ക്കല്‍ വ്രതത്തിന് ഒരു ബലം കൂട്ടാനോ എന്തോ ഒരു തുളസീ മാല കൂടി വാങ്ങി വച്ചിരുന്നു. അത് ഇടാന്‍ തീരുമാനിച്ചതിന്റെ തലേന്ന് വീണ്ടും ആ ചിത്രവും ആ മാലയും മുറിയില്‍ നിന്ന് കാണാതായി. പഴയതു പോലെ തന്നെ സ്റ്റോര്‍ റൂമില്‍ പരതിയെങ്കിലും പരാജയപ്പെട്ട് അടുക്കളയിലെത്തിയ പത്രോസ്
അടുക്കളയിലേയ്ക്ക് അന്വേഷിച്ചു ചെന്നപ്പോള്‍ അടുക്കളയില്‍ കോഴിക്കറി പാചകം ചെയ്തു കൊണ്ടിരിയ്ക്കുന്ന പെങ്ങളെ  കണ്ടു. പെങ്ങളോട്  അതെപ്പറ്റി ചോദിച്ചെങ്കിലും അറിയില്ല എന്ന മറുപടി ആണ് കിട്ടിയത്. എന്നാല്‍ ആ മറുപടിയില്‍ വിശ്വാസം വരാതെ അവിടെ എല്ലയിടത്തും ഒന്നു കൂടി നടന്നു നോക്കിയ അയാള്‍ കാണുന്നത് തിളയ്ക്കുന്ന കോഴിക്കറി പാത്രത്തിനരികിലുള്ള ആണിയില്‍ പുകയും കരിയും  ചൂടുമേറ്റ് കിടക്കുന്ന തന്റെ അയ്യപ്പ സ്വാമിയെയാണ്. ഒപ്പം, ഇടാനായി മാറ്റി വച്ച ആ തുളസീമാലയും. ആ കാഴ്ച കണ്ട് പത്രോസിന്റെ കണ്ണു നിറഞ്ഞു. കറി പാകം ചെയ്തു കൊണ്ടിരുന്ന പെങ്ങളോട് അങ്ങനെ ചെയ്യരുത്, പാപമാണ്, ഈശ്വരന്‍ ഏതായാലും അവരെ പരീക്ഷിയ്ക്കരുത് എന്നൊക്കെ പറഞ്ഞേങ്കിലും അവിടെയും പുച്ഛത്തോടെയുള്ള ഒരു ചിരിയായിരുന്നു പത്രോസിനുള്ള മറുപടി. പത്രോസ് ആ ചിത്രവും മാലയും തിരിച്ചെടുത്ത് കഴുകി വൃത്തിയാക്കി. ചിത്രം വീണ്ടും മുറിയില്‍ വച്ച്  മാല കഴുത്തിലിട്ടു വീണ്ടും പണിയ്ക്കു പോയി.

അന്ന് വൈകുന്നേരം പണി കഴിഞ്ഞ് തിരിച്ചെത്തിയ പത്രോസിനെ ഒരു വാര്‍ത്ത കാത്തിരിപ്പുണ്ടായിരുന്നു. അന്നുച്ചയ്ക്ക് ഭക്ഷണം കഴിയ്ക്കുന്നതിനിടെ ഇറച്ചിയുടെ എല്ല് തൊണ്ടയില്‍ കുടുങ്ങി പെങ്ങളെ ആശുപത്രിയില്‍ അഡ്മിറ്റ് ആക്കിയിരിയ്ക്കുകയാണ് എന്ന്. സംഗതി സീരിയസ് അല്ലെങ്കിലും ഒരു മൈനര്‍ ഓപ്പറേഷന്‍ വേണ്ടി വന്നത്രെ. കാര്യം അതത്ര നല്ല വാര്‍ത്ത അല്ലെങ്കിലും ഈ സംഭവം പത്രോസിന്റെ ഭക്തി വര്‍ദ്ധിപ്പിച്ചു. അയാള്‍ അത് ഒരു മുന്നറിയിപ്പ് എന്ന പോലെ വീട്ടുകാരെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു.

അയാള്‍ പറഞ്ഞതു പോലെ ഇനിയൊരു പരീക്ഷണം വേണ്ട എന്നു കരുതിയിട്ടോ കുറച്ചൊക്കെ വിശ്വാസം വന്നിട്ടോ എന്തോ പിന്നീട് ആരും പത്രോസിനെ ശല്യം ചെയ്യാന്‍ മുതിര്‍ന്നില്ല. രണ്ടു മൂന്നു ദിവസത്തിനു ശേഷം കെട്ടു നിറച്ച് ഇരുമുടിക്കെട്ടുമേന്തി, കന്നി അയ്യപ്പനായി പത്രോസ് തന്റെ സ്വാമിമാരായ സുഹൃത്തുക്കള്‍ക്കൊപ്പം ശബരിമലയിലേയ്ക്ക് തിരിച്ചു. അങ്ങനെ പമ്പയിലെത്തിയ പത്രോസ് എല്ലാവരെയും പോലെ പമ്പയാറില്‍ മുങ്ങിക്കുളിയ്ക്കാനിറങ്ങി. മൂന്നു തവണ മുങ്ങി പൊങ്ങിക്കഴിഞ്ഞ  ശേഷമാണ് പത്രോസ് അക്കാര്യം ശ്രദ്ധിച്ചത്. കഴുത്തില്‍ ഒരൊറ്റ മാലയില്ല! അത് മുങ്ങലിനിടയിലെങ്ങനെയോ അവ നഷ്ടപ്പെട്ടിരിയ്ക്കുന്നു.

മാല നഷ്ടപ്പെട്ടതറിഞ്ഞ പത്രോസിന് പരിഭ്രാന്തിയായി. തന്റെ വ്രതമെടുക്കലില്‍ പറ്റിയ വീഴ്ച കൊണ്ടാകുമോ അവ നഷ്ടപ്പെട്ടത്. എന്തു ചെയ്യും എന്നറിയാതെ പകച്ചു നില്‍ക്കുമ്പോള്‍ പെട്ടെന്ന് പമ്പയാറിന്റെ കരയില്‍ നില്‍ക്കുന്ന ഒരു വൃദ്ധ സ്വാമി തന്റെ നേരെ നോക്കുന്നത് പത്രോസിന്റെ ശ്രദ്ധയില്‍ പെട്ടു. അങ്ങോട്ടൊന്നും ചോദിയ്ക്കാതെ തന്നെ അയാള്‍ പത്രോസിനോട് പറഞ്ഞു. "പേടിയ്ക്കണ്ട, നഷ്ടപ്പെട്ട ആ  മാലകള്‍ക്ക് ശുദ്ധിയില്ല, അതാണ് അത് നഷ്ടപ്പെട്ടത്. അതു സാരമാക്കണ്ട, ഇതാ ഈ മാലയിട്ട് മുങ്ങിക്കുളിച്ച് മല കയറിക്കോളൂ" ഇതും പറഞ്ഞ് അയാള്‍ മറ്റൊരു മാല പത്രോസിനു നേരെ നീട്ടി. ആശ്വാസത്തോടെ പത്രോസ് ആ മാല വാങ്ങി പ്രാര്‍ത്ഥനയോടെ കഴുത്തിലണിഞ്ഞ് വീണ്ടും മുങ്ങി നിവര്‍ന്ന് കരയ്ക്കു കയറി. നന്ദി പറയാനായി ആ വൃദ്ധ സ്വാമിയെ തിരഞ്ഞെങ്കിലും അയാള്‍ ആള്‍ക്കൂട്ടത്തിലെങ്ങോ അപ്രത്യക്ഷനായിരുന്നു.

തുടര്‍ന്ന് ശരണം വിളികളോടെ മറ്റു സ്വാമിമാര്‍ക്കൊപ്പം പത്രോസ് സ്വാമിയും മല കയറി. പതിനെട്ടാം പടിയും കടന്ന് അയ്യപ്പ സ്വാമിയെ ആദ്യമായി ദര്‍ശിച്ച് അഭിഷേകങ്ങളെല്ലാം കഴിഞ്ഞ് സാവധാനം മലയിറങ്ങി. തിരിച്ച് വീട്ടിലെത്തുമ്പോഴേയ്ക്കും മനസ്സു കൊണ്ട് പത്രോസ് ഒരു പ്രതിജ്ഞ എടുത്തിരുന്നു. ഇനിയൊരിയ്ക്കലും താന്‍ മോഷ്ടിയ്ക്കില്ല. അറിയാവുന്ന പോലെ മാന്യമായ് തൊഴിലെടുത്ത് ഇനിയുള്ള കാലം ജീവിയ്ക്കും. മാത്രമല്ല, പറ്റുമ്പോഴെല്ലാം ശബരിമലയ്ക്ക് പോകുകയും ചെയ്യും.

ആ സംഭവത്തിനു ശേഷം ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു. പത്രോസ് കൂലിപ്പണിയെടുത്താണെങ്കിലും ഇന്ന് സംതൃപ്തനായി, സുഖമായി ജിവിയ്ക്കുന്നു. പത്രോസിന് ഇന്ന് ആ നാട്ടില്‍ മാന്യമായ് ഒരു സ്ഥാനമുണ്ട്. കള്ളന്‍ പത്രോസ് എന്ന പേര് ഇന്ന് നാട്ടുകാര്‍ മറന്നു കഴിഞ്ഞ മട്ടാണ്. പകരം പലര്‍ക്കും അയാള്‍ ഇന്ന് പത്രോസ് സ്വാമിയാണ്. പല തവണ മലയ്ക്കു പോയതിനാല്‍ എങ്ങനെയോ വന്നു പോയ പേര്. അന്നത്തെ സംഭവങ്ങളെ കുറിച്ച് ചോദിയ്ക്കുന്നവരോട് പത്രോസ് ഇന്നും ഉറപ്പിച്ചു പറയുന്നു... അന്ന് പമ്പയില്‍ വച്ച് തനിയ്ക്കു മാല തന്ന് സമാധാനിപ്പിച്ച് അപ്രത്യക്ഷനായത് മറ്റാരുമല്ല, അയ്യപ്പ സ്വാമി തന്നെ ആണെന്ന്.

പത്രോസിന്റെ ധാരണ സത്യം തന്നെ ആയാലും അല്ലെങ്കിലും ഇന്ന് പത്രോസ് സന്തോഷവാനാണ്. അതു പോലെ അയാളുടെ കുടുംബവും സുഹൃത്തുക്കളും നാട്ടുകാരും.