Monday, December 2, 2013

ഓര്‍മ്മകളുടെ മാമ്പഴക്കാലം


​ കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോഴാണ് വര്‍ഷ (കൃഷി ഭവനില്‍ ജോലി ചെയ്യുന്ന എന്റെ സഹധര്‍മ്മിണി) പറഞ്ഞത് വൈകാതെ  അവരുടെ ഓഫീസില്‍ നിന്ന് എന്തോ ആവശ്യത്തിനായി ഞങ്ങളുടെ സ്കൂളിലേയ്ക്ക് പോകേണ്ടി വരും എന്ന്. സേവനവാരം വരികയല്ലേ, സ്കൂളിന്റെ പരിസരങ്ങളില്‍ എന്തെങ്കിലും ചെടിയോ വിത്തോ പച്ചക്കറികളോ ഒക്കെ നടാന്‍ സ്കൂള്‍ അധികൃതര്‍ക്ക് പ്ലാനുണ്ടാകും എന്ന് ഞാനും പറഞ്ഞു.

പതിനഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞു, അവിടെ നിന്ന് പഠിച്ച് ഇറങ്ങിയിട്ട്... അന്നത്തെ അദ്ധ്യാപകരില്‍ എത്ര പേര്‍ ഇന്നും അവിടെ പഠിപ്പിയ്ക്കുന്നുണ്ട് എന്നറിയില്ല. അപ്പോഴാണ് ദീപു മാഷ് ആണല്ലോ ഇപ്പോഴത്തെ ഹെഡ് മാസ്റ്റര്‍ എന്നോര്‍ത്തത്. ഒരിയ്ക്കല്‍ പോലും ഞങ്ങളെ പഠിപ്പിച്ചിട്ടില്ലെങ്കിലും (ഞങ്ങള്‍ സംസ്കൃതം ബാച്ച് ആയിരുന്നതിനാല്‍ ) മലയാളം അദ്ധ്യാപകനായ ദീപു മാഷുമായി ഹൈ സ്കൂള്‍ കാലഘട്ടത്തില്‍ നല്ല അടുപ്പമായിരുന്നു. അന്നെല്ലാം യുവജനോത്സവത്തിനും ആനിവേഴ്സറി ആഘോഷങ്ങള്‍ക്കുമെല്ലാമുള്ള പരിപാടികളുടെ മേല്‍നോട്ടം ദീപു മാഷിനായിരുന്നു. അങ്ങനെ മാഷുമായി നല്ല അടുപ്പം ഉണ്ടായിരുന്നു.എങ്കിലും ഇത്രയധികം വര്‍ഷങ്ങള്‍ കഴിഞ്ഞില്ലേ, ഇതിനകം എത്രയോ ശിഷ്യര്‍ അവിടെ നിന്നും പഠിച്ചിറങ്ങിക്കാണും... അതിനിടയില്‍ എന്നെ ഒരാളെ മാഷ് ഓര്‍ത്തിരിയ്ക്കണമെന്നില്ലല്ലോ. അങ്ങനെ ഒരു സന്ദേഹം മനസ്സില്‍ വച്ചു കൊണ്ട് വൈഫിനോട് പറഞ്ഞു... "ഇനി പോകുമ്പോള്‍ ദീപു മാഷെ കണ്ടു സംസാരിയ്ക്കാന്‍ ഒരു അവസരം കിട്ടുകയാണെങ്കില്‍ എന്റെ പേര് ഒന്ന് സൂചിപ്പിച്ചു നോക്കൂ. ഒരു പക്ഷേ മാഷിന് ഓര്‍മ്മയുണ്ടെങ്കിലോ..."

​നഴ്സറി മുതല്‍ ബിരുദാനന്തര ബിരുദം വരെ ഉള്ള  എന്റെ 18 വര്‍ഷത്തെ വിദ്യഭ്യാസ ജീവിതം അഞ്ചാറു സ്ഥലങ്ങളിലായിട്ടാണ് പൂര്‍ത്തിയാക്കിയതെങ്കിലും പഠന കാലയളവിലെ ഏറ്റവും മനോഹരമായ നാളുകള്‍ 4 മുതല്‍ 10 വരെ പഠിച്ച നാട്ടിലെ വാളൂര്‍‌ സ്കൂളിലേയും പിന്നെ  ബിരുദപഠനം നടത്തിയ ബിപിസിയിലേതും ആയിരുന്നു.
പഠനം എന്ന പരിപാടി ആദ്യമൊക്കെ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി എന്ന പോലെ പഠിച്ചു തീര്‍ത്ത പ്രൈമറി ക്ലാസ്സുകള്‍ക്ക് ശേഷം സ്വയം തോന്നി പഠിയ്ക്കാന്‍ തുടങ്ങിയത് എന്റെ ഈ സ്കൂളില്‍ വച്ചായിരുന്നു.

ഞങ്ങളുടെ NSHS വാളൂര്‍‌ സ്കൂളിലേക്ക് ഞാന്‍‌ വന്നു ചേരുന്നത് നാലാം ക്ലാസ്സു മുതലാണ്. മൂന്നാം ക്ലാസ്സു വരെ കൊരട്ടി ലിറ്റില്‍‌ ഫ്ലവര്‍‌ L P സ്കൂളിലായിരുന്നു പഠനം. സ്കൂള്‍‌ ജീവിതത്തിലെ ഓര്‍‌മ്മകള്‍‌ തുടങ്ങുന്നത് അവിടെ നിന്നുമാണെങ്കിലും ആസ്വദിച്ച പഠന കാലം വാളൂര്‍ സ്കൂളിലെ ഹൈസ്കൂള്‍ കാലമായിരുന്നു.

നാലാം ക്ലാസ്സിലെ ക്ലാസ്സ് ടീച്ചറായിരുന്ന സുമതി ടീച്ചറില്‍ നിന്നും തുടങ്ങുന്നു, വാളൂര്‍ സ്കൂളിലെ ഓര്‍മ്മകള്‍. സ്നേഹിയ്ക്കാന്‍ മാത്രം അറിയുമായിരുന്ന സുമതി ടീച്ചര്‍ ആരെയെങ്കിലും തല്ലിയിരുന്നത് വളരെ അപൂര്‍വ്വമായിരുന്നു. ഒപ്പം മക്കളെ പോലെ ഞങ്ങളെ സ്നേഹിച്ചിരുന്ന മാലതി ടീച്ചറും രൂപം കൊണ്ടും ശബ്ദം കൊണ്ടും ചിലപ്പോഴൊക്കെ വടി കൊണ്ടും കുട്ടികളെ ഭയപ്പെടുത്തിയിരുന്ന, എന്നാല്‍ വാത്സല്യമയിയായ റസിയ ടീച്ചറും (ചുരുങ്ങിയ പക്ഷം എന്നോടെങ്കിലും - കാരണം ഒരിയ്ക്കല്‍ പോലും ടീച്ചര്‍ എന്നോട് ദേഷ്യപ്പെടുകയോ തല്ലുകയോ ചെയ്തിട്ടില്ല) അന്നത്തെ പ്രൈമറി സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന സരസ്വതി ടീച്ചറും എല്ലാ ദിവസവും വടിയും കൊണ്ട് ക്ലാസ്സില്‍ വരാറുള്ള നാണികുട്ടി ടീച്ചറും സ്വല്‍പ്പം മുന്‍കോപിയെന്ന് തോന്നിപ്പിയ്ക്കാറുള്ള തുന്നല്‍ ടീച്ചറുമൊക്കെ ആയിരുന്നു ആദ്യ കാലങ്ങളിലെ അദ്ധ്യാപകര്‍.

അപ്പര്‍ പ്രൈമറി ക്ലാസ്സുകളിലേയ്ക്ക് കടന്നപ്പോള്‍ വ്യത്യസ്തമായ മറ്റൊരു അനുഭവമാണ് കാത്തിരുന്നത്. നാലാം ക്ലാസ്സില്‍ രണ്ടു ക്ലാസ്സുകളിലായിരുന്ന കുട്ടികളെ സംസ്കൃതം, മലയാളം, അറബി എന്നിങ്ങനെ മൂന്ന് ഭാഷകളുടെ അടിസ്ഥാനത്തില്‍ തിരിച്ച് മലയാളം കുട്ടികള്‍  A ഡിവിഷനിലും  എണ്ണത്തില്‍ കുറവായ സംസ്കൃതവും അറബിയും B ഡിവിഷനിലുമായി വേര്‍തിരിയ്ക്കപ്പെട്ടു. പഠിയ്ക്കാന്‍ കൂടുതല്‍ വിഷയങ്ങളും വെവ്വേറെ അദ്ധ്യാപകരുമൊക്കെ വന്നു. അഞ്ചിലെ ക്ലാസ്സ് ടീച്ചറും അന്നത്തെ കണക്ക് അദ്ധ്യാപികയുമായിരുന്ന മാലതി ടീച്ചര്‍ (ആ വര്‍ഷാവസാനം ടീച്ചര്‍ റിട്ടയര്‍ ചെയ്തു), ദേഷ്യം വന്നാല്‍ കുട്ടികളെ തല്ലുകയും എന്നാല്‍ അതേ സമയം കുട്ടികളോടൊത്ത് കണ്ണു തുടയ്ക്കുകയും ചെയ്യുമായിരുന്ന ഹിന്ദി അദ്ധ്യാപികയും ആറാം ക്ലാസ്സിലെ ക്ലാസ്സ് ടീച്ചറുമായിരുന്ന കല ടീച്ചര്‍, കുസൃതി കാണിയ്ക്കുന്നവരുടെ ചെവിയ്ക്കു പിടിയ്ക്കുകയും അതേ സമയം ഒരമ്മയുടെ വാത്സല്യത്തോടെ പെരുമാറുകയും ചെയ്തിരുന്ന ഏഴാം ക്ലാസ്സിലെ കണക്ക് അദ്ധ്യാപിക + ക്ലാസ്സ് ടീച്ചര്‍  നാരായണി ടീച്ചര്‍ (ആ വര്‍ഷാവസാനം നാരായണി ടീച്ചറും റിട്ടയര്‍ ചെയ്തു)  എന്നിവരെയൊക്കെ എങ്ങനെ മറക്കാനാണ്.

അതേ പോലെ നാലാം ക്ലാസ്സ് വരെ അദ്ധ്യാപികമാര്‍ മാത്രമായിരുന്നു പഠിപ്പിച്ചതെങ്കില്‍ ആദ്യമായി എന്നെ പഠിപ്പിച്ച അദ്ധ്യാപകന്‍ എന്ന ബഹുമതി അഞ്ചു മുതല്‍ ഏഴു വരെ സയന്‍സ് മാഷ് ആയിരുന്ന ഗോവിന്ദന്‍ കുട്ടി മാഷിന് ആയിരുന്നു [പഠന കാല ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ അനുഭവമായിരുന്നു ഗോവിന്ദന്‍ കുട്ടി മാഷുടെ ക്ലാസ്സുകള്‍. സയന്‍സിലെ ഏറ്റവും പുതിയ ടെക്നോളജികള്‍ എല്ലാം ലളിതമായി കൊച്ചു കുട്ടികള്‍ക്ക് പോലും മനസ്സിലാകുന്ന രീതിയില്‍ കഥ പോലെ പറഞ്ഞു തരാനുള്ള മാഷിന്റെ കഴിവുകള്‍ അധികം പേര്‍ക്കും കാണുമെന്ന് തോന്നുന്നില്ല. Blue Eye/Blue Tooth Technology കളുടെ സാധ്യതകള്‍ ഞങ്ങള്‍ ആറാം ക്ലാസ്സിലായിരിയ്ക്കുമ്പോള്‍ മാഷ് പറഞ്ഞു തന്നത് ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്]. ഒപ്പം കുറച്ചു ചൂടനായ, ഞങ്ങളുടെ ഡ്രില്‍ മാഷ് കൂടി ആയ സന്തോഷ് മാഷ് (ഏഴാം ക്ലാസ്സിലെ ഇംഗ്ലീഷ് അദ്ധ്യാപകനും മാഷ് തന്നെ ആയിരുന്നു) ഡ്രോയിങ്ങ് മാഷ് ആയിരുന്ന കാര്‍ത്തികേയന്‍ മാഷ് (മാഷിന് കമലദളത്തിലെ മോഹന്‍ലാലിന്റെ ഒരു ച്ഛായ തോന്നിയിരുന്നു അക്കാലത്ത് ) എന്നിവരും.

ഇവരെ രണ്ടു പേരെയും കുറച്ച് ഭയത്തോടെയാണ് അന്ന് ഭൂരിഭാഗം കുട്ടികളും കണ്ടിരുന്നത്. കാരണം, ബൈക്കിന്റെ കീ കുട്ടികളുടെ ചെവിയില്‍ അഥവാ കൈത്തണ്ടയില്‍ ചേര്‍ത്ത് സന്തോഷ് മാഷുടെ ഒരു പ്രത്യേക തരം ശിക്ഷാമുറ ഉണ്ട്. ആ പിച്ച് അനുഭവിച്ചവര്‍ മാത്രമല്ല, കാണുന്നവര്ക്ക് പോലും ആ വേദന മറക്കാന്‍ കഴിയില്ല എന്നതിന് ഞാന്‍ തന്നെ ഗ്യാരണ്ടി. (കാരണം ഒരിയ്ക്കല്‍ പോലും മാഷിന്റെ കൈയില്‍ നിന്ന് പിച്ച് കിട്ടിയിട്ടില്ലെങ്കിലും ആ പിച്ച് കൊണ്ട് പുളയുന്ന സുഹൃത്തുക്കളുടെ ദൈന്യ ഭാവം ഇന്നും മനസ്സിലുണ്ട്).  അതേ പോലെ ഡ്രോയിങ്ങ് മാഷുടെ വടി പ്രയോഗവും. ആരോഗ്യം മുഴുവനുമെടുത്ത് വടി ആഞ്ഞു വീശിയ ശേഷം അണച്ചു കൊണ്ട് 'ഇത്തവണ ഞാന്‍ പതുക്കെയേ അടിയ്ക്കുന്നുള്ളൂ, അടുത്ത തവണ ഇങ്ങനെയാകില്ല' എന്ന് പറയുന്ന ഞങ്ങളുടെ കാര്‍ത്തികേയന്‍ മാഷ്... [സന്തോഷ് മാഷ് ഏഴാം ക്ലാസ്സിലെ അവസാന നാളുകള്‍ ആകുമ്പോഴേയ്ക്ക് ഞങ്ങളുമായി കുറേക്കൂടി സൌഹൃദത്തിലായിക്കഴിഞ്ഞിരുന്നു].

ഇതിനേക്കാളൊക്കെ എടുത്തു പറയേണ്ട ഒരു കാര്യും 5 മുതല്‍ 10 വരെയുള്ള സംസ്കൃതം ക്ലാസ്സുകള്‍ ആയിരുന്നു. അന്നത്തെ ഏറ്റവും രസകരമായ, റിലാക്സ്‌ഡ് ആയ ക്ലാസ്സുകള്‍ പാര്‍വ്വതി ടീച്ചറുടെ സംസ്കൃതം ക്ലാസ്സുകള്‍ ആയിരുന്നു. വളരെ കുറച്ചു മാത്രം കുട്ടികള്‍... വളരെ കുറച്ചു മാത്രം പഠിയ്ക്കാന്‍... ചീത്ത പറച്ചിലും അടിയും തീര്‍ത്തും വിരളം. ഇതായിരുന്നു സംസ്കൃതം ക്ലാസ്സ് [ഞങ്ങള്‍ എട്ടാം ക്ലാസ്സിലായിരിയ്ക്കുമ്പോള്‍ പാര്‍വ്വതി ടീച്ചര്‍ ഹെഡ് മിസ്ട്രസ്സ് ആയതിനെ തുടര്‍ന്ന് തുടര്‍ന്നുള്ള 2 വര്‍ഷങ്ങള്‍ മനോജ് മാഷ് ആയിരുന്നു സംസ്കൃതം പഠിപ്പിച്ചത്].

തുടര്‍ന്ന് ഹൈസ്കൂള്‍ പഠനകാലമായി. എട്ടാം ക്ലാസ്സിലെ ക്ലാസ്സ് ടീച്ചര്‍ ഇംഗ്ലീഷ്/കണക്ക് അദ്ധ്യാപിക കൂടിയായിരുന്ന ഗീത ടീച്ചറായിരുന്നു. ഒന്‍പതില്‍ കുറച്ചു കാലം ചരിത്രം- ഭൂമിശാസ്ത്രം  അദ്ധ്യാപികയായിരുന്ന ഷൈലജ ടീച്ചറായിരുന്നെങ്കില്‍ കുറച്ചു കാലം സയന്‍സ് ടീച്ചറായിരുന്ന സുജാത ടീച്ചറായിരുന്നു ഞങ്ങള്‍ക്കൊപ്പം. പത്താം ക്ലാസ്സില്‍ കണക്ക്/ഇംഗ്ലീഷ് ടീച്ചര്‍ കൂടിയായ ഇന്ദിര ടീച്ചറായിരുന്നു ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍.

ഏറ്റവും കൂടുതല്‍ പഠിയ്ക്കാനുണ്ടായിരുന്ന സമയമാണ് ഹൈസ്കൂള്‍ കാലഘട്ടം എങ്കിലും ബുദ്ധിമുട്ട് തോന്നിയത് എട്ടാം ക്ലാസ്സില്‍ മാത്രമായിരുന്നു. 12 വിഷയങ്ങളെ ഉള്‍ക്കൊള്ളാന്‍ കുറച്ചധികം സമയമെടുത്തു. ഇഷ്ട വിഷയമായിരുന്ന കണക്കിലെ തന്നെ ത്രികോണമിതിയും മറ്റും ആദ്യം കുറച്ച് പ്രശ്നം സൃഷ്ടിച്ചിരുന്നെങ്കിലും പതിയെ അവരും വഴിയ്ക്കു വന്നു. 

ഹൈസ്കൂള്‍ ക്ലാസ്സുകളിലെ ഹിന്ദി അദ്ധ്യാപിക ലീലാവതി ടീച്ചര്‍ ആണ് ഹിന്ദിയെ ഇഷ്ടപ്പെടാന്‍ പഠിപ്പിച്ചത്. അതേ പോലെ ഊര്‍ജ്ജ തന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങള്‍ ഞങ്ങളുടെ സുജാത ടീച്ചറെ പോലെ കൈകാര്യം ചെയ്തിരുന്ന വേറൊരാളെ കണ്ടിട്ടില്ല(പിന്നീട് പ്രീഡിഗ്രിയ്ക്ക് പഠിയ്ക്കുമ്പോള്‍ കെമിസ്ട്രി എന്ന വിഷയത്തോടുള്ള ഇഷ്ടം കുറഞ്ഞു കുറഞ്ഞ് വന്നു). ബയോളജി ടീച്ചറായ ശ്രീലത ടീച്ചര്‍ ഇടയ്ക്ക് കുറച്ചു നാള്‍ ഇംഗ്ലീഷ് ടീച്ചറായും വന്നിരുന്നു.  ഏഴാം ക്ലാസ്സ് അല്ലെങ്കില്‍ എട്ടാം ക്ലാസ്സ് വരെ ഇംഗ്ലീഷ് പരീക്ഷയ്ക്ക് കാണാതെ പഠിച്ച് ഉത്തരമെഴുതുന്ന ശീലം പതുക്കെ മാറ്റിത്തുടങ്ങിയത് അക്കാലത്താണ്. [മലയാളം മീഡിയം ആയിരുന്ന സ്കൂളിലെ ഇംഗ്ലീഷ് പഠനം ഭൂരിഭാഗവും കാണാതെ പഠിച്ച് എഴുതുക എന്നതായിരുന്നു]  പാഠപുസ്തകം വായിച്ച് സ്വന്തം രീതിയില്‍ ഉത്തരങ്ങള്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ വ്യാകരണ തെറ്റുകള്‍ ഉണ്ടെങ്കിലും അത് കാര്യമാക്കേണ്ടതില്ലെന്ന് പറഞ്ഞ് ആ ശ്രമത്തെ പ്രോത്സാഹിപ്പിച്ചത് ശ്രീലത ടീച്ചറായിരുന്നു. അതേ പോലെ കണക്ക് എന്ന വിഷയം ലളിതമാക്കി തീര്‍ക്കാന്‍ സഹായകമായത് ഇന്ദിര ടീച്ചറുടെ ക്ലാസ്സുകള്‍ ആയിരുന്നു. [SSLC പരീക്ഷയ്ക്ക് കണക്കിന് അമ്പതില്‍ അമ്പത് എന്ന മാര്‍ക്ക് കിട്ടിയത് ടീച്ചറുടെ ശിക്ഷണം ഒന്നു കൊണ്ടു മാത്രമായിരിയ്ക്കും എന്ന് എനിയ്ക്കുറപ്പുണ്ട്].

ഞങ്ങള്‍ പത്താം ക്ലാസ്സിലായപ്പോഴേയ്ക്കും അന്നത്തെ അദ്ധ്യാപകരെല്ലാം ഞങ്ങളോട് വളരെ അടുപ്പത്തിലായി കഴിഞ്ഞിരുന്നു. ആ വര്‍ഷം സ്കൂളില്‍ ഒരു സമരം പോലും ഉണ്ടായിരുന്നില്ല. അതിനു മുന്‍പുള്ള വര്‍ഷങ്ങളിലെല്ലാം വര്‍ഷത്തില്‍ മിനിമം രണ്ട് സമരമെങ്കിലും പതിവായിരുന്നു. [എന്തിന്, ആ വര്‍ഷം തിരഞ്ഞെടുപ്പ് പോലും ഉണ്ടായിരുന്നില്ല. പത്താം ക്ലാസ്സുകാരായ ഞങ്ങള്‍ക്കിടയില്‍ നിന്ന് മത്സരിയ്ക്കാന്‍ വേണ്ടി രണ്ടു പേരെ എങ്കിലും കിട്ടിയിട്ടു വേണ്ടേ സ്കൂള്‍ ലീഡറെ എങ്കിലും തിരഞ്ഞെടുക്കാന്‍? അവസാനം പത്താം ക്ലാസ്സുകാരെല്ലാവരും കൂടി ഏകകണ്ഠേന എന്റെ സുഹൃത്ത് അജീഷിനെ തിരഞ്ഞെടുക്കുകയായിരുന്നു]. അവസാനം ആ സ്കൂളിന്റെ അന്നു വരെയുള്ള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാര്‍‌ജ്ജിനിലുള്ള വിജയവുമായി ഞങ്ങളുടെ ബാച്ച് പടിയിറങ്ങി. അതു കൊണ്ടെല്ലാം തന്നെ അദ്ധ്യാപകര്‍‌ക്കും ഞങ്ങളുടെ ബാച്ചിനെ ഇഷ്ടമായിരുന്നു.



സ്കൂള്‍ പഠനകാലത്തിനു ശേഷം വളരെ വിരളമായേ ഞങ്ങളുടെ സ്കൂളിലേയ്ക്ക് പോകേണ്ടി വന്നിട്ടുള്ളൂ... അന്നത്തെ സഹപാഠികളില്‍ പലരെയും കണ്ടിട്ട് വര്‍ഷങ്ങള്‍ പലതായി. സ്ഥിരമായി സമ്പര്‍ക്കമുള്ള ഉപാസനയെ പോലുള്ളവര്‍ വളരെ കുറവ്. അന്നത്തെ സ്നേഹസമ്പന്നരായ അദ്ധ്യാപകര്‍ പലരും പിരിഞ്ഞു പോയിക്കഴിഞ്ഞു. ബാക്കിയുള്ളവരുടെ ഓര്‍മ്മകളില്‍ ഞങ്ങളോ ഞങ്ങളുടെ ബാച്ചോ കാണുമോ എന്നുമറിയില്ല. എങ്കിലും സുന്ദരമായ കലാലയ സ്മരണകള്‍ സമ്മാനിച്ച ഞങ്ങളുടെ ആ വിദ്യാലയം ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു... ഓര്‍മ്മകളിലെ സുന്ദരമായ ഒരു മാമ്പഴക്കാലം പോലെ...

********************


​ കഴിഞ്ഞ ദിവസം വീട്ടിലേയ്ക്ക് വിളിച്ച് സംസാരിയ്ക്കുന്ന കൂട്ടത്തില്‍ വര്‍ഷ പറഞ്ഞു, വീണ്ടും ഒരിയ്ക്കല്‍ ഞങ്ങളുടെ സ്കൂളില്‍ പോയിരുന്നു എന്നും ദീപു മാഷിനെയും ചില അദ്ധ്യാപികമാരെയും കണ്ട് സംസാരിയ്ക്കാനുള്ള അവസരം കിട്ടി എന്നും. ദീപു മാഷ് മാത്രമല്ല, അവിടെയുള്ള പഴയ അദ്ധ്യാപകര്‍ പലരും എന്നെ ഇന്നുമോര്‍ക്കുന്നുണ്ട് എന്നും എന്റെ വിശേഷങ്ങള്‍ തിരക്കി എന്നുമൊക്കെ പറഞ്ഞപ്പോള്‍ പറഞ്ഞറിയിയ്ക്കാനാകാത്ത സന്തോഷം തോന്നി.​


മനസ്സിലെ പൊട്ടിപ്പോയ സ്ളേറ്റു കഷ്ണങ്ങളില്‍ കല്ലു പെന്‍സില്‍ കൊണ്ട് വരഞ്ഞിട്ട മായാത്ത ഓര്‍മ്മകളില്‍ ചിലത് ഇവിടെ കോറിയിടുന്നു...​ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു തന്ന എല്ലാ ഗുരുക്കന്മാരുടെയും ഓര്‍മ്മകള്‍ക്ക് മുമ്പില്‍ സമ്ര്‍പ്പിയ്ക്കുന്നു, ഈ ഓര്‍മ്മക്കുറിപ്പ്...​

Download 2014 Malayalam PDF Calendar

Thursday, November 14, 2013

​സച്ചിന്‍: ആദ്യത്തെ ഓര്‍മ്മ


വര്‍ഷം 1990-91. ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിയ്ക്കുന്ന കാലം. ഞങ്ങളുടെ വാളൂര്‍ നായര്‍ സമാജം ഹൈസ്കൂളിന്റെ ആ വര്‍ഷത്തെ വാര്‍‌ഷികത്തോടനുബന്ധിച്ചു കലാ പരിപാടികളും മത്സരങ്ങളും നടക്കുന്ന സമയം. 

അന്നത്തെ മത്സര ഇനം - പൊതുവിജ്ഞാനം. മത്സരത്തില്‍‌ വിഭാഗത്തില്‍ ഞാനും പങ്കെടുത്തു. പറഞ്ഞ സമയത്ത് തന്നെ മത്സരം നടക്കുന്ന ക്ലാസ്സ് മുറിയില്‍‌ ഞാനും എന്റെ കുറച്ചു സഹപാഠികളും എത്തി. നോക്കിയപ്പോള്‍‌ ക്ലാസ്സ് മുറി ഒരു വിധം നിറഞ്ഞിരിയ്ക്കുന്നു, കൂടുതലും  ചേട്ടന്‍‌മാര്‍! ( കൂടുതല്‍‌ പേരും എങ്ങനെയെങ്കിലും ഒന്നോ രണ്ടോ പിരിയഡ് ഒഴിവാക്കാമല്ലോ എന്നു കരുതി വന്നവരാണെന്ന് അവരുടെ ഭാവങ്ങളില്‍‌ നിന്നു തന്നെ മനസ്സിലാക്കാം). ഞങ്ങളും അവിടെ ആസനസ്ഥരായി.

വൈകാതെ, ക്വിസ്സ് മാസ്റ്റര്‍‌ ലീലാവതി ടീച്ചര്‍‌ ക്ലാസ്സിലെത്തി. ടീച്ചര്‍‌ ഞങ്ങള്‍‌ ചെറിയ ക്ലാസ്സുകാരെ അവിടെ പ്രതീക്ഷിച്ചിരുന്നില്ലെന്നു തോന്നി. എന്നാല്‍‌ ഞങ്ങള്‍‌ അഞ്ചാറു പീക്കിരികള്‍‌ക്കു വേണ്ടി വീണ്ടും മിനക്കെടേണ്ടല്ലോ എന്നു കരുതിയാകാണം, ഞങ്ങളോടും സീനിയേഴ്സിന്റെ കൂടെ തന്നെ ഇരിക്കാന്‍‌ പറഞ്ഞു. എല്ലാവര്‍‌ക്കും ഒരേ ചോദ്യങ്ങള്‍‌ തന്നെ മാര്‍‌ക്കിടുമ്പോള്‍‌ മാത്രം ഞങ്ങളെ പ്രത്യ്യേകം തരം തിരിച്ച് നോക്കിയാല്‍‌ മതിയല്ലോ.

അങ്ങനെ മത്സരം തുടങ്ങി. ചോദ്യങ്ങള്‍‌ വന്നു അറിയാവുന്നത് എഴുതിയും അറിയാത്തവയ്ക്ക് അന്തം വിട്ടിരുന്നും ഞാന്‍‌ സമയം കളഞ്ഞു. ഇടയ്ക്കിടെ ചില നേരമ്പോക്കുകളെല്ലാം പറഞ്ഞ് ടീച്ചര്‍‌ സന്ദര്‍‌ഭത്തിന്റെ പിരിമുറുക്കം കുറയ്ക്കാന്‍‌ ശ്രമിക്കുന്നുണ്ടായിരുന്നു.

വൈകാതെ ചോദ്യങ്ങളെല്ലാം കഴിഞ്ഞു. അപ്പോള്‍ തന്നെ മൂല്യനിര്‍‌ണ്ണയം തുടങ്ങി. ചോദ്യങ്ങളില്‍‌ ഒന്ന് ഇതായിരുന്നു - ”ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് കളിക്കാരന്‍‌ ആര്?” 

അന്ന് ക്രിക്കറ്റ് എന്നു വച്ചാല്‍‌ എനിക്കറിയാവുന്നത് കപില്‍‌ ദേവിനെ മാത്രം. ഞാന്‍‌ അതായിരുന്നു എഴുതി വച്ചതും. ആ ഉത്തരം തെറ്റാണ് എന്ന് പെട്ടെന്ന് തന്നെ മനസ്സിലായി.

മറ്റു ചോദ്യോത്തരങ്ങള്‍ക്ക് വിപരീതമായി ഇത്തവണ ടീച്ചര്‍ ആ ചോദ്യത്തിന് ഉത്തരം അവതരിപ്പിച്ചത് മറ്റൊരു വിധത്തിലായിരുന്നു. എന്റെ ചേട്ടന്റെ അടുത്ത സുഹൃത്തും ക്രിക്കറ്റ് കമ്പക്കാരനുമായ സലീഷ് ചേട്ടന്റെ നേരെ തിരിഞ്ഞ് ചിരിച്ചു കൊണ്ട് ടീച്ചര്‍ ചോദിച്ചു "എന്താ സലീഷേ, അതിന്റെ ഉത്തരം അറിയാതിരിയ്ക്കില്ലല്ലോ അല്ലേ?ആരാ അത്??? "

സലീഷ് ചേട്ടന്‍ അന്ന് ആവേശത്തോടെ വിളിച്ചു പറഞ്ഞ ആ മറുപടി ഇന്നും ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. "അത് ഒരിയ്ക്കലും തെറ്റില്ല ടീച്ചര്‍! സച്ചിന്‍! സച്ചിന്‍ ടെണ്ടുല്‍ക്കര്‍!!!"
അത് ശരിയാണെന്ന് ചിരിച്ചു കൊണ്ട് സമ്മതിച്ച് ടീച്ചര്‍ അടുത്ത ചോദ്യത്തിന്റെ ഉത്തരത്തിലേയ്ക്ക് കടന്നു. അന്നായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന പേര് ഞാന്‍ ആദ്യമായി ശ്രദ്ധിയ്ക്കുന്നത്. ഒന്നു കൂടി വ്യക്തമാക്കി പറഞ്ഞാല്‍ എന്റെ ജീവിതത്തില്‍ "സച്ചിന്‍ ടെണ്ടുല്‍ക്കര്‍" എന്ന പേര് നിരാശയോടെ കേട്ട ആദ്യത്തെയും അവസാനത്തേയും ഒരേയൊരു സന്ദര്‍ഭമായിരുന്നു അത്.

പിന്നെയും ഒന്നു രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞ് (92 ലെ ലോകകപ്പോടെ) സച്ചിന്‍ എന്ന പ്രതിഭ മനസ്സില്‍ ചിര പ്രതിഷ്ഠ നേടുകയും ആ പേര് പോലും എന്റെ മാത്രമല്ല 100 കോടി ഇന്ത്യാക്കാരുടെ ഒരാവേശമായി മാറുകയും ചെയ്തത് ചരിത്രം.


Thursday, October 10, 2013

പ്രേംജി ഭായ് റോക്കിങ്ങ്...


​ ബിപിസി കോളേജിലെ ലാസ്റ്റ് സെമസ്റ്ററിലെ ഞങ്ങളുടെ ഇലക്ട്രോണിക്സ് ക്ലാസ്സ് റൂം. ക്ലാസ്സ് മൊത്തത്തില്‍ ശബ്ദമുഖരിതമാണ്. ഒരു വശത്ത് എന്തോ ഒരു സര്‍ക്യൂട്ട് ബോര്‍ഡും കയ്യില്‍ പിടിച്ച് സഞ്ജുവിന് എന്തോ പറഞ്ഞു കൊടുക്കുന്ന ജോബി. പതിവു നിസ്സംഗതയോടെ സഞ്ജു അതും കേട്ടു തല കുലുക്കി കൊണ്ട് നില്‍ക്കുന്നു. അപ്പുറത്ത് സുധിയപ്പന്റെ തോളിലൂടെ കയ്യിട്ട് ക്ലാസ്സിലെ പെണ്‍ പ്രജകളോട് എന്തൊക്കെയോ വിവരിയ്ക്കുന്ന ബിബിന്‍. ഒപ്പം സുമേഷുമുണ്ട്. അവര്‍ പറയുന്നത് വ്യക്തമല്ലെങ്കിലും ഇടയ്ക്കിടെ സുധിയപ്പന്റെ ട്രേഡ് മാര്‍ക്ക് അട്ടഹാസം മുഴങ്ങിക്കേള്‍ക്കാം.

BCA ക്ലാസ്സില്‍ നിന്നും ഞങ്ങളെ കാണാനെത്തിയ കുല്ലുവിനെ പിടിച്ചിരുത്തി പാട്ടു പാടിയ്ക്കുന്ന മൂവര്‍ സംഘം 'സുമ - അമ്പിളി - അഞ്ജു'. തൊട്ടപ്പുറത്തെ ബഞ്ചിലിരുന്ന് പുസ്തകത്തില്‍ നോക്കി ജയശ്രീയ്ക്കും ജോക്കിന്‍സിനും എന്തോ പറഞ്ഞു കൊടുക്കുന്ന സ്വീറ്റി. ഇതിനിടെ തന്നെ എന്തോ പറഞ്ഞ് കളിയാക്കിയതു കൊണ്ടാകണം തോമയെ തല്ലാനോടിയ്ക്കുന്ന രൂപ.

"അളിയാ, ഒരു ചെറിയ പ്രശ്നമുണ്ട്... നീയിങ്ങു വന്നേ" പെട്ടെന്ന് എവിടെ നിന്നെന്നില്ലാതെ മത്തന്‍ പ്രത്യക്ഷപ്പെട്ടു.

"എന്താടാ, എന്തു പ്രശ്നം?" ആ ഡയലോഗ് മിക്കപ്പോഴും മത്തന്റെ പതിവു പല്ലവി ആണെന്നറിയാവുന്ന ഞാന്‍ നിര്‍വ്വികാരതയോടെ ചോദിച്ചു.

"നീയിങ്ങു വന്നേ. ആ പരട്ട പ്രേംജി നമുക്കിട്ട് ഒരു പണി തന്നെന്നാ തോന്നുന്നേ. നീയൊന്നു വേഗം വന്നേ" മത്തന്റെ സ്വരം മാറി.

"ആര്? പിള്ളേച്ചനോ? എന്താ എന്തു പറ്റി? പുതിയതായി ഇപ്പോ അവനെന്താ ചെയ്തത്?" എനിയ്ക്ക് കാര്യം പിടി കിട്ടിയില്ല.

"പിന്നല്ലാതാര്? ഇന്നാ, നീ അവനെയൊന്ന് വിളിയ്ക്ക്. അപ്പോ മനസ്സിലാകും കാര്യം. ഞാന്‍ വിളിച്ചാല്‍ വല്ലോം പറഞ്ഞു പോകും" മത്തന്‍ അവന്റെ ഫോണ്‍ എനിയ്ക്കു നീട്ടി.

ആപ്പിള്‍ ഐ ഫോണ്‍! ഇവന്‍ ഈ ഫോണ്‍ എപ്പോ വാങ്ങി എന്ന അത്ഭുതത്തോടെ ഞാന്‍ അതും നോക്കി നില്‍ക്കവേയാണ് പെട്ടെന്ന് ഡിസ്പ്ലേയില്‍ "Pillechan Calling" എന്ന് തെളിഞ്ഞുവന്നതും ഒപ്പം അരോചകമായ ശബ്ദത്തില്‍ അത് റിങ്ങ് ചെയ്തതും.


+++++


ഞാന്‍ ഞെട്ടിയുണര്‍ന്നു. ക്ലാസ്സുമില്ല, മത്തനുമില്ല, ആപ്പിളുമില്ല. എന്റെ പാവം സാംസങ്ങ് അവിടെക്കിടന്ന് അലമുറയിടുന്നുണ്ട്... അത്ര തന്നെ. ഞാന്‍ കയ്യെത്തിച്ച് അലാറം ഓഫാക്കി. മണി ആറായിരിയ്ക്കുന്നു.  വെളുപ്പിനേ കണ്ട ആ സുഖമുള്ള സ്വപ്നത്തിന്റെ ആലസ്യത്തില്‍ അല്പ നേരം കൂടെ അങ്ങനെ കിടന്നു. ആ പഴയ കാലം വീണ്ടും ഒരല്പ നേരത്തേയ്ക്കെങ്കിലും സ്വപ്നത്തിലൂടെയെങ്കിലും തിരികേ ലഭിച്ച സന്തോഷവും ഒപ്പം അക്കാലത്ത് മത്തന്റെ കയ്യില്‍ ഐ ഫോണ്‍ കണ്ടതിലെ വൈരുദ്ധ്യവും ഓര്‍ത്തപ്പോള്‍ ചുണ്ടിലൊരു നേര്‍ത്ത ചിരി വിടര്‍ന്നു.

അപ്പോഴാണ് പിള്ളേച്ചന്റെ മിസ്സ്ഡ് കോളോ മെസ്സേജോ വന്നിട്ടുണ്ടോ എന്ന് നോക്കിയത്. ഇല്ല, ഒന്നുമില്ല. തലേന്ന് രാത്രി ട്രെയിന്‍ കയറും മുന്‍പ് വിളിച്ചതാണ്. രണ്ടു ദിവസത്തെ ബാംഗ്ലൂര്‍ വിസിറ്റിനായി വരുന്നതാണ് കക്ഷി. ഇവിടെ എത്തി, KR പുരത്ത് ഇറങ്ങിയ ശേഷം വരേണ്ട റൂട്ടും ബസ്സ് നമ്പറും ഇറങ്ങേണ്ട സ്ഥലവുമെല്ലാം പറഞ്ഞു കൊടുത്തിട്ടുണ്ട്. എങ്കിലും ആവശ്യമെങ്കില്‍ വിളിയ്ക്കാമെന്ന് പറഞ്ഞിരുന്നു. ഇനിയും അധികം സമയം കളയേണ്ട എന്ന് കരുതി എഴുന്നേറ്റു. പ്രാഥമിക കൃത്യങ്ങളെല്ലാം തീര്‍ത്ത് കുളിയും കഴിഞ്ഞ് ടി വി ഓണാക്കി വാര്‍ത്തകളും കണ്ടു കൊണ്ട് കുറച്ചു നേരം അവിടെ തന്നെ ഇരുന്നു.

ടിവിയിലേയ്ക്കാണ് നോക്കിക്കൊണ്ടിരുന്നതെങ്കിലും മനസ്സ് കൊച്ചു വെളുപ്പാന്‍ കാലത്ത് തന്നെ കണ്ട ആസ്വപ്നത്തിനെ ചുറ്റിപ്പറക്കുകയായിരുന്നു.  മത്തന്‍ പറഞ്ഞതിലെ "പിള്ളേച്ചന്‍ എന്തോ പണി തന്നു എന്ന് തോന്നുന്നു" എന്ന അവസാന വാചകം വീണ്ടും ഓര്‍മ്മയിലെത്തി. അവന്‍ അക്കാലത്ത് (അതിനു ശേഷവും) പതിവായി എല്ലാവര്‍ക്കും മനപ്പൂര്‍വ്വമോ അല്ലാതെയോ ഓരോ പണി തരാറുണ്ടായിരുന്നെങ്കിലും ഇപ്പഴെന്തേ അങ്ങനെ സ്വപ്നം കാണാന്‍ എന്നാലോചിയ്ക്കുകയായിരുന്നു. മനസ്സ് ഒരു പത്തു വര്‍ഷം പുറകിലേയ്ക്ക് പായുന്നത് ഞാനറിഞ്ഞു... അവിടെ ഒരു ക്ലാസ്സ് റൂം തെളിഞ്ഞു വന്നു, സ്വപ്നത്തില്‍ ഞാന്‍ കണ്ട അതേ ക്ലാസ്സ് റൂം.


+++++


പത്തു വര്‍ഷം മുന്‍പ് ഒരു ഏപ്രില്‍ മാസാവസാനമാണ് കാലം. ഞങ്ങളുടെ  അവസാന സെമസ്റ്ററിലെ അവസാന നാളുകളാണ് കഴിഞ്ഞു പോയ്ക്കൊണ്ടിരിയ്ക്കുന്നത്. എല്ലാവരും കളിയും ചിരിയും തമാശകളുമെല്ലാം മാറ്റി വച്ച് Main Project നെ പറ്റിയും വരാനിരിയ്ക്കുന്ന Course Viva യെ പറ്റിയും തുടര്‍ന്ന് വരുന്ന Last Semester Exam നെ പറ്റിയുമെല്ലാമുള്ള ചര്‍ച്ചകളിലാണ്. Main Project ആണ് പ്രധാന വിഷയം. കാരണം ഭൂരിഭാഗം പേരും പ്രൊജക്റ്റ് വര്‍ക്കിന്റെ പാതി വഴി പോലുമായിട്ടില്ല. സര്‍ക്യൂട്ട് ഡയഗ്രം വരച്ചുണ്ടാക്കുക, അതിനനുസരിച്ച് സര്‍ക്യൂട്ട് ബോര്‍ഡ് ചെയ്തെടുക്കുക, ആവശ്യമായ components എല്ലാം വാങ്ങി ബോര്‍ഡ് റെഡിയാക്കി കൃത്യമായ output കണ്ടെത്തുക തുടങ്ങിയ പണികള്‍ കഴിഞ്ഞിട്ടു വേണം Project Record എഴുതിയുണ്ടാക്കി, അത് ടൈപ്പ് ചെയ്ത പ്രിന്റെടുത്ത് Record Book തയ്യാറാക്കാന്‍. അങ്ങനെ തീര്‍ത്താല്‍ തീരാത്തത്ര പണികളുണ്ട് മിക്കവാറും എല്ലാവര്‍ക്കും.

വളരെ ചുരുക്കം വരുന്ന ചില വിദ്വാന്‍മാര്‍ മാത്രം ഇതിനൊന്നും മിനക്കെടാന്‍ തുനിയാതെ കാശു കൊടുത്ത് project ശരിയാക്കി വച്ചിട്ടുണ്ട്. അന്നെല്ലാം എറണാകുളത്ത് ചില institute കളില്‍ പണം വാങ്ങി project work ചെയ്തു കൊടുക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു (ഇന്ന് അങ്ങനെ ഉണ്ടോ എന്നറിയില്ല). അങ്ങനെ ഉള്ളവര്‍ പോലും Record Work തീര്‍ത്തിട്ടുണ്ടായിരിയ്ക്കില്ല. ചുരുക്കി പറഞ്ഞാല്‍ എല്ലാവരും ഒരു വിധം തിരക്കിലാണെന്ന് സാരം.

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു.  ക്ലാസ്സില്‍ അദ്ധ്യാപകരാരും എത്തിയിട്ടില്ല. അല്ലെങ്കിലും അവസാന ദിവസങ്ങളായതിനാല്‍ ആയിടയ്ക്ക് പലപ്പോഴും ക്ലാസ്സുണ്ടാകാറില്ല. അപ്പോഴാണ് ജോബിന്‍ സാര്‍ ക്ലാസ്സിലേയ്ക്ക് കയറി വന്നത്.  അന്ന് ഞങ്ങളുടെ അവസാന അദ്ധ്യയന ദിവസമാണെന്നും ഇനിയുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ കോളേജിലേയ്ക്ക് വരേണ്ടതില്ലെന്നും സാര്‍ പറഞ്ഞു. ജൂണില്‍ നടക്കാനിരിയ്ക്കുന്ന അവസാന സെമസ്റ്റര്‍ എക്സാമിന് തയ്യാറാകുക. അതിനു മുന്‍പ് മെയ് മാസത്തിലെപ്പോഴെങ്കിലും കോഴ്സ് വൈവ ഉണ്ടായിരിയ്ക്കും. അന്ന് Main Project ഉം Project Record ഉം സബ്‌മിറ്റു ചെയ്യണം. അത് എന്ന് വേണമെന്ന് ഞങ്ങള്‍ക്ക് തീരുമാനിയ്ക്കാം (മെയ് മാസത്തില്‍ തന്നെ - അതും എത്രയും വേഗം പറ്റുമോ അത്രയും വേഗം - വേണമെന്ന് മാത്രം). വേഗം എല്ലാവരുമായി ആലോചിച്ച് തീരുമാനിച്ച് തീയ്യതി തന്നെ വന്ന് അറിയിയ്ക്കാന്‍ ക്ലാസ്സ് ലീഡറായിരുന്ന തോമയെ ചുമതലപ്പെടുത്തി സാര്‍ പോയി.

എല്ലാവര്‍ക്കും ആധിയായി. എന്നത്തേയ്ക്ക് പണികളെല്ലാം തീര്‍ക്കാന്‍ പറ്റും? തോമ എല്ലാവരോടുമായി ചോദിച്ചു.എന്തായാലും ഒരു മാസം കഴിഞ്ഞ് മെയ് അവസാന ആഴ്ചയോടെ മതി എന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. ആദ്യം പറഞ്ഞ ചുരുക്കം ചിലര്‍ക്ക് മാത്രം എപ്പോഴായാലും കുഴപ്പമില്ല എന്ന ഭാവമാണ്.

തോമയ്ക്കും മെയ് അവസാനം മതി എന്നാണ് ആഗ്രഹം. ഞങ്ങള്‍ തോമയുമായി അതെപ്പറ്റി പറഞ്ഞു കൊണ്ടിരിയ്ക്കുമ്പോള്‍ പിള്ളേച്ചന്‍ അങ്ങോട്ട് വന്നു. "എന്തിന് അത്രയും വൈകിയ്ക്കണം? എത്രയും വേഗം അതങ്ങ് നടത്തുന്നതല്ലേ നല്ലത്" എന്നാണ് പിള്ളേച്ചന്റെ ചോദ്യം. ഭൂരിപക്ഷാഭിപ്രായത്തിനെതിരായതിനാല്‍ ആ അഭിപ്രായം ഞങ്ങള്‍ മുഖവിലയ്ക്കെടുത്തില്ല.

അവസാനം മെയ് അവസാനം നടത്താനായി സാറിനോട് പറയാം എന്ന് തീരുമാനമായി. പക്ഷേ അത്രയും നീട്ടാന്‍ സാര്‍ സമ്മതിച്ചില്ലെങ്കിലോ എന്ന് തോമയ്ക്ക് സംശയം. സാറിനെ പറഞ്ഞു സമ്മതിപ്പിയ്ക്കേണ്ടതിന് ഒരു കൂട്ടിനായി അവന്‍ ഞങ്ങളെക്കൂടെ വിളിച്ചു. അങ്ങനെ തോമയും ഗിരീഷും ഞാനും മത്തനും ബിബിനും കൂടി സ്റ്റാഫ് റൂമിലേയ്ക്ക് തിരിച്ചു. സാറിനെ കാണാന്‍ ക്ലാസ്സ് റൂം വിട്ട് പുറത്തേയ്ക്ക് ഇറങ്ങുകയായിരുന്ന ഞങ്ങളുടെ അടുത്തേയ്ക്ക് "മെയ് ആദ്യ വാരം തന്നെ അതങ്ങ് വച്ചോളാന്‍ പറയെടാ" എന്നും പറഞ്ഞ് വീണ്ടും അങ്ങോട്ട് വന്ന പിള്ളേച്ചനെ പിന്നാലെ ഓടിയെത്തിയ ക്യാപ്റ്റന്‍ എല്‍ദോയും ജേക്കബും ആട്ടിപ്പായിച്ചു.

സ്റ്റാഫ് റൂമിലെത്തി, സാറിനോട് ഞങ്ങള്‍ തീരുമാനിച്ച തീയ്യതിയെ പറ്റി പറഞ്ഞു. മെയ് അവസാനം എന്ന് പറഞ്ഞപ്പോള്‍ അത്രയും നീണ്ടു പോകുന്നതില്‍ സാര്‍ എതിര്‍പ്പ് പറഞ്ഞെങ്കിലും അവസാനം ഞങ്ങളെല്ലാവരും ചേര്‍ന്ന് സാറിനെക്കൊണ്ട് ഒരു വിധത്തില്‍ മെയ് 24 എന്ന തീയ്യതി സമ്മതിപ്പിച്ചു. അങ്ങനെ സമാധാനത്തോടെ ഞങ്ങള്‍ തിരികേ ക്ലാസ്സിലേയ്ക്ക് തിരിച്ചു. പോകും മുന്‍പ് സാര്‍ ഒരു കാര്യം കൂടെ ഞങ്ങളെ പറഞ്ഞേല്‍പ്പിച്ചു - അന്ന് ഉച്ചയ്ക്ക് ശേഷം ക്ലാസ്സുണ്ടായിരിയ്ക്കുന്നതല്ല എന്ന് ക്ലാസ്സില്‍ എല്ലാവരോടും പറയണം. സന്തോഷത്തോടെ ഞങ്ങള്‍ സമ്മതിച്ചു.

ഞങ്ങള്‍ നേരെ ക്ലാസ്സിലെത്തി തീയ്യതി എല്ലാവരോടുമായി അനൌണ്‍സ് ചെയ്തു. എല്ലാവര്‍ക്കും സമാധാനമായി. ഒപ്പം ഇനി ആരും ശ്രദ്ധിയ്ക്കാതെ പോകണ്ട എന്നു കരുതി തോമ ബോര്‍ഡില്‍ വലിയ അക്ഷരത്തില്‍ "Project Submission Date: May 24" എന്ന് എഴുതി വയ്ക്കുകയും ചെയ്തു. (മാത്രമല്ല, അന്നത്തെ ദിവസം ക്ലാസ്സില്‍ വരാത്തവര്‍ ആരെങ്കിലും ഇതിനിടയ്ക്ക് എന്നെങ്കിലും വീണ്ടും ക്ലാസ്സില്‍ വന്നാല്‍ അവര്‍ക്ക് അറിയുകയും ചെയ്യാം).

​ഒരു മാസം കൂടി സമയം കിട്ടിയ ആശ്വാസത്തില്‍ എല്ലാവരും അന്ന് ബാക്കിയുള്ള സമയം ചിരിയും കൊച്ചുവര്‍ത്തമാനങ്ങളുമായി സമയം കളയുന്നതില്‍ മുഴുകിയിരിയ്ക്കേ ബെല്ലടിച്ചു, സമയം ഉച്ചയായി. ദൂരസ്ഥലങ്ങളില്‍ നിന്നും വരുന്നവരെല്ലാം അപ്പോള്‍ തന്നെ ബാഗുമെടുത്ത് യാത്രയായി, എത്രയും വേഗം അവര്‍ക്ക് വീട്ടിലെത്താമല്ലോ. ഞങ്ങള്‍ കുറച്ചു പേര്‍ താമസിയ്ക്കുന്നത് കോളേജിന് അടുത്തു തന്നെ ആയിരുന്നതിനാല്‍ സാധാരണയായി എല്ലാവരും പോയ ശേഷമേ ഞങ്ങള്‍  ക്ലാസ്സില്‍ നിന്നും (കോളേജ് പരിസരത്തു നിന്നു തന്നെയും) പോകാറുമുള്ളൂ. മനസ്സമാധാനത്തോടെ എല്ലാവരും കാന്റീനില്‍ ഭക്ഷണം കഴിയ്ക്കാനായി ഇറങ്ങി. ​


​ ഭക്ഷണമെല്ലാം കഴിഞ്ഞ് തിരികേ ക്ലാസ്സിലെത്തുമ്പോള്‍ ക്ലാസ്സ് മുറി ഒരു വിധം ശൂന്യമായിക്കഴിഞ്ഞു. അമ്പതു പേരുണ്ടായിരുന്ന ക്ലാസ്സില്‍ ബാക്കിയുള്ളത് മൂന്നു നാലു പെണ്‍കുട്ടികളുള്‍പ്പെടെ ആകെ പത്തു പന്ത്രണ്ടു പേര്‍. ​

അവരും പോകാനൊരുങ്ങുകയാണ്. എന്തായാലും ഒരു മാസത്തോളം ഗ്യാപ്പ് കിട്ടിയ സ്ഥിതിയ്ക്ക് മൂന്നു നാലു ദിവസം വീട്ടില്‍ പോയി നിന്നിട്ട് തിരിച്ചെത്തി, ബാക്കി Project works തീര്‍ത്താല്‍ മതിയല്ലോ എന്നായിരുന്നു അപ്പോള്‍ ഞാനാലോചിച്ചു കൊണ്ടിരുന്നത്. അക്കാര്യം ഞാന്‍ എന്റെ ടീമിലുള്ളവരോട് സംസാരിയ്ക്കുകയായിരുന്നു. (മെയിന്‍ പ്രൊജക്റ്റ് നാലു പേരടങ്ങുന്ന ഓരോ ടീമുകളായിട്ടാണ് ചെയ്യേണ്ടിയിരുന്നത്).​


​ അവര്‍ക്കും അങ്ങനെ ഒരു ആലോചന ഇല്ലാതിരുന്നില്ല. അങ്ങനെയാണെങ്കില്‍ അന്ന് വൈകീട്ട് നാട്ടില്‍ പോയി മൂന്നാലു ദിവസത്തിനു ശേഷം എല്ലാവരും തിരിച്ചെത്തി, വീണ്ടും ഒരുമിച്ചു കൂടാം എന്ന് ഞങ്ങള്‍ പറഞ്ഞുകൊണ്ടിരിയ്ക്കെ പെട്ടെന്ന് പിള്ളേച്ചന്‍ ക്ലാസ്സിലേയ്ക്ക് കയറി വന്നു. ​കഴുകിയ  ചോറ്റു പാത്രം കയ്യില്‍ കണ്ടതിനാല്‍ ഭക്ഷണം കഴിച്ച് തിരിച്ചെത്തിയതാണെന്ന് വ്യക്തം.

​ വന്ന പാടേ പിള്ളേച്ചന്‍ ആരെയും ശ്രദ്ധിയ്ക്കാതെ നേരെ പ്ലാറ്റ് ഫോമിലേയ്ക്ക് കയറി മേശപ്പുറത്തു നിന്ന് ചോക്കെടുത്ത് ബോര്‍ഡിലെ "മെയ് 24" എന്ന തീയ്യതി മായ്ച്ച് "മെയ് 2" എന്നാക്കി. എന്നിട്ട് തിരിച്ചിറങ്ങി, അവന്റെ ബാഗിനടുത്തേയ്ക്ക് നടന്നു.


​​"ഡാ ലൂണേ... എന്തുവാടാ ഈ കാണിയ്ക്കുന്നത്? നീയെന്തിനാ ആ ഡേറ്റ് മാറ്റി എഴുതി വച്ചത്?" ജോബി അവനോട് ചോദിച്ചു [ഈ "ലൂണ" എന്ന വിളി അക്കാലത്ത് ഞങ്ങളുടെ കോളേജിലെ ചിരപരിചിതമായ ഒരു വാക്കായിരുന്നു. മണ്ടന്‍ എന്നര്‍ത്ഥം].

ആ ചോദ്യം അത്ര ഇഷ്ടപ്പെടാതിരുന്നിട്ടോ എന്തോ പിള്ളേച്ചന്‍ പ്രതികരിച്ചില്ല.​ അവന്‍  പുസ്തകവും ചോറ്റുപാത്രവുമെല്ലാം ബാഗില്‍ വയ്ക്കുന്ന തിരക്കിലാണ്.​

 "എടാ നിന്നോടല്ലേ ചോദിച്ചത്? നിനക്ക് മറുപടി പറഞ്ഞു കൂടേ? എന്തിനാടാ ബോര്‍ഡിലെ ഡേറ്റ് മായ്ച്ച് എഴുതിയത്? ബാക്കിയുള്ളവരെ കണ്‍ഫ്യൂഷനാക്കാനോ?"​ മത്തന്‍ ശബ്ദമുയര്‍ത്തി ചോദിച്ചു.​


​"അതേടാ, അതിനു തന്നെയാ... എന്തേയ്?" പിള്ളേച്ചന്‍ അതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചു.​


​ 'ഇവനെ എന്താ ചെയ്യണ്ടേ' എന്നും പറഞ്ഞ് എഴുന്നേല്‍ക്കാനൊരുങ്ങിയ മത്തനെ സുമയും സ്വീറ്റിയുമെല്ലാം ചേര്‍ന്ന് തടഞ്ഞു. അവരിലാരോ ബോര്‍ഡിനടുത്തു തന്നെ നിന്നിരുന്ന തോമയോട് പറഞ്ഞു "എടാ തോമാ, അത് വീണ്ടും തിരുത്തി 24 എന്നു തന്നെ ആക്കിയേക്ക്. ഇല്ലെങ്കില്‍ അടുത്ത ദിവസം എങ്ങാനും ഇവിടെ വരുന്നവര്‍ക്ക് ചിലപ്പോള്‍ കണ്‍ഫ്യൂഷനാകും"

​"ശരിയാ" ഞാനും അവരെ പിന്തുണച്ചു.

​ തോമ വീണ്ടും ബോര്‍ഡ് മായ്ച്ച് എഴുതാന്‍ തുനിയുന്നത് കണ്ട്​​ പിള്ളേച്ചന്‍ പെട്ടെന്ന് വിളിച്ചു പറഞ്ഞു "എടാ, അത് മായ്ക്കരുത്. ഞാനെഴുതിയത് നേരാണ്. Project Submission Date മെയ് 2 ന് തന്നെയാണ്".

"എന്ത്? മെയ് 2 എന്ന് ആരു പറഞ്ഞു?" പെണ്‍കുട്ടികളുള്‍പ്പെടെ എല്ലാവരും കോറസ്സായി ചോദിച്ചു.

"ഞാന്‍ പറഞ്ഞു... എന്താ പോരേ? വേണമെങ്കില്‍ എല്ലാവരും മര്യാദയ്ക്ക് അന്ന് വന്ന് Project സബ്‌മിറ്റ് ചെയ്ത് വൈവയും അറ്റന്റ് ചെയ്ത് പൊയ്ക്കോ. അവസാനം ഞാന്‍ പറഞ്ഞില്ല എന്നു വേണ്ട" പിള്ളേച്ചന്റെ സ്വരത്തില്‍ പുച്ഛ രസം.

"പിന്നെ... അത് നീയാണോ തീരുമാനിയ്ക്കുന്നത്? നീയെന്താ ഞങ്ങളെ കളിയാക്കുകയാണോ?" സുധിയപ്പന്‍ ദേഷ്യത്തോടെ ചാടിയെഴുന്നേറ്റു.

"ഞാനല്ല, ജോബിന്‍ സാര്‍ തന്നെയാണ് പറഞ്ഞത്. എന്നോട് എല്ലാവരോടും പറയാന്‍ പറഞ്ഞു. ഇനി ഞാന്‍ പറഞ്ഞില്ല എന്ന് പറയരുത്"

പിള്ളേച്ചന്റെ മറുപടി കേട്ട് എല്ലാവരും അമ്പരന്നു. 'ഇവനെന്താണ് ഈ പറയുന്നത്. കുറച്ചു മുന്‍പല്ലേ ഞങ്ങള്‍ സാറിനെ കണ്ട് മെയ് 24 എന്ന തീയതി ഉറപ്പിച്ചത്.' ഞങ്ങള്‍ ആകെ ആശയക്കുഴപ്പത്തിലായി.

മറ്റുള്ളവര്‍ പിള്ളേച്ചനുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ സുമ വന്ന് ഞങ്ങളുടെ അടുത്തെത്തി പറഞ്ഞു - 'എടാ, നിങ്ങള്‍ വേഗം സാറിനെ കണ്ട് ഒന്നു ചോദിയ്ക്ക്... ഇവനെന്തൊക്കെയാണ് ഈ പറയുന്നത് എന്ന്" 

​"ശരിയാ... വാടാ" ഞാന്‍ തോമയെയും മത്തനെയും പിടിച്ചു വലിച്ച് താഴേയ്ക്ക് ഓടി.​
​ നേരെ സ്റ്റാഫ് റൂമിലെത്തി സാറിനെ കണ്ടു. ഞങ്ങളുടെ മുഖത്തെ പരിഭ്രമമെല്ലാം കണ്ട് സാര്‍ കാര്യമന്വേഷിച്ചു. ​


ഞാന്‍ സാറിനോട് ചോദിച്ചു "സാര്‍ മെയ് 24 ന് തന്നെയല്ലേ Project Submission Date?"

​ സാറിനും ആശയക്കുഴപ്പം പോലെ. ഞങ്ങളെ മാറി മാറി നോക്കി സാര്‍ പറഞ്ഞു - "അല്ലടോ നിങ്ങളുടെ ക്ലാസ്സിലെ ആ കണ്ണട വച്ച കുട്ടിയില്ലേ, അയാള്‍ വന്നു പറഞ്ഞു, മെയ് 24 മിക്കവര്‍ക്കും സമ്മതമല്ല എന്ന്, മാത്രമല്ല എല്ലാവരും പ്രൊജക്റ്റ് വര്‍ക്കെല്ലാം കഴിഞ്ഞ് ഇരിയ്ക്കുകയാണ്, എത്രയും വേഗം അത് സബ്‌മിറ്റ് ചെയ്ത് വൈവയും കഴിഞ്ഞാല്‍ പിന്നെ ബാക്കി സമയം ഫൈനല്‍ എക്സാമിനു വേണ്ടി തയ്യാറെടുക്കാം എന്നൊക്കെ. ​​ക്ലാസ്സിലെ എല്ലാവരും സമ്മതിച്ച പുതിയ തീയതി എന്നും പറഞ്ഞ് 'മെയ് 2' എന്ന ദിവസം അയാള്‍ തന്നെയാണ് എന്നോട് പറഞ്ഞത്"​


​ ഇതു കേട്ട് ഞങ്ങള്‍ ഞെട്ടി. "അയ്യോ സാര്‍, അത് ക്ലാസ്സിലെ എല്ലാവരും എടുത്ത തീരുമാനമല്ല, അവന്റെ മാത്രം തീരുമാനം ആയിരിയ്ക്കും. അവിടെ ഭൂരിഭാഗം പേരുടേയും പകുതി പണിയേ കഴിഞ്ഞിട്ടുള്ളൂ. ​​ഞങ്ങള്‍ക്ക് മെയ് 24 നു തന്നെ മതി.​​" ഞങ്ങള്‍ ഒരുമിച്ച് പറഞ്ഞു.

​​ ഒരു നിമിഷം മിണ്ടാതെ ഇരുന്ന ശേഷം സാര്‍ പറഞ്ഞു "എന്ത്? ശരിയാണോ? എന്നാല്‍ അബദ്ധം പറ്റിയല്ലോ. മെയ് 2 എന്ന തീയ്യതി ഓകെയാണ് എന്നെഴുതി ഞാന്‍ റിപ്പോര്‍ട്ട് യൂണിവേഴ്സിറ്റിയിലേയ്ക്ക് കൊടുത്തു വിട്ടു കഴിഞ്ഞു.ഇനി അത് മാറ്റാന്‍ പറ്റില്ല. നിങ്ങളെന്താ ഇത്രയും ലേറ്റായത്? ഉച്ചയ്ക്ക് മുന്‍പ് തന്നെ പറയാമായിരുന്നില്ലേ?​​"

ഞങ്ങള്‍ സ്തബ്ദരായി. " അതിന് അവന്‍ ഇപ്പോഴാണ് ക്ലാസ്സില്‍ വന്ന് കാര്യം പറഞ്ഞത്. മാത്രമല്ല, ഒരു വിധം എല്ലാവരും പോയിക്കഴിഞ്ഞു."

​​ "ങ് ഹേ! അതെന്താ അയാള്‍ അങ്ങനെ ചെയ്തത്? അയാള്‍ കുറേ മുന്‍പാണല്ലോ ഇവിടെ വന്ന് അതെല്ലാം പറഞ്ഞിട്ട് പോയത്. എല്ലാവരേയും അപ്പോള്‍ തന്നെ അറിയിയ്ക്കാം എന്ന് ഏറ്റിട്ടാണ് അയാള്‍ പോയതും. ഇനി ഇപ്പോള്‍ ഒന്നും ചെയ്യാനില്ല. മാസാവസാനമായതിനാല്‍ റിപ്പോര്‍ട്ട് വേഗം കൊടുത്തയച്ചതാണ്. ഇനി തിരുത്താന്‍ നിവൃത്തിയില്ല. നിങ്ങള്‍ എങ്ങനെയെങ്കിലും എല്ലാവരെയും മെയ് 2 എന്ന പുതിയ ദിവസം അറിയിയ്ക്ക്. എന്നിട്ട് അന്നേ ദിവസം Project ഉം Record ഉം എല്ലാം തയ്യാറാക്കി വരാന്‍ പറയൂ".

​​ഞങ്ങള്‍ ഒന്നും മിണ്ടാനാകാതെ കുറച്ചു നിമിഷങ്ങള്‍ അവിടെ നിന്നു. പിന്നീട് പതുക്കെ തിരിച്ചു നടന്നു.​​ ക്ലാസ്സിലെത്തുമ്പോള്‍ വീട്ടില്‍ പോകാനൊരുങ്ങി നിന്ന പിള്ളേച്ചനെ തടഞ്ഞു നിര്‍ത്തി,  വാദപ്രതിവാദങ്ങളിലേര്‍പ്പെട്ടിരിയ്ക്കുകയായിരുന്ന ജോബിയും സുധിയുമെല്ലാം കാര്യമറിയാന്‍ ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. ​


​ഞങ്ങള്‍ ആരെങ്കിലും എന്തെങ്കിലും പറയും മുന്‍പ് മത്തന്‍ മുന്നോട്ടാഞ്ഞ് പിള്ളേച്ചന്റെ മുഖത്ത് ഒന്നു പൊട്ടിയ്ക്കുകയാണ് ചെയ്തത്. ​​ഞാനവനെ പിടിച്ചു മാറ്റിയെങ്കിലും ആ അടി ചെറുതായി പിള്ളേച്ചന് ഏറ്റു. മത്തന്‍ ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു.

"​​ ഇവനാടാ... ഇവനാണ് ഈ പണി മുഴുവന്‍ ഒപ്പിച്ചത്. മെയ് 24 എന്ന് സാര്‍ സമ്മതിച്ച ദിവസം മാറ്റി, നമ്മളെല്ലാം മെയ് 2 എന്ന ദിവസത്തേയ്ക്ക് റെഡിയാണ് എന്ന് ഇവനാണ് സാറിനെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചത്. ഈ &$@;%$#@... ഇവനെ ഇന്ന് ഞാന്‍..."​​ മത്തന്റെ കലിയടങ്ങുന്നില്ല.

​​ വീണ്ടും പിള്ളേച്ചനെ അടിയ്ക്കാനോങ്ങിയ മത്തനെ ഒരു വിധട്ത്തില്‍ അവിടെ നിന്ന് പിടിച്ചു മാറ്റി തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് ഭീകര്‍ജി എന്ന് ഞങ്ങള്‍ (സ്നേഹത്തോടെ) വിളിയ്ക്കുന്ന അനൂപും തോമയും സുധിയും ജോബിയും എല്ലാം പിള്ളേച്ചനോട് തട്ടിക്കയറുന്നതാണ്. ​
​ രംഗം പന്തിയല്ല എന്ന് കണ്ട ഞാന്‍ അപ്പോള്‍ തന്നെ സുമേഷിന്റെയും ക്യാപ്റ്റന്റെയും  സഹായത്തോടെ അവരെ പിടിച്ച് മാറ്റി. പിള്ളേച്ചനോട് തല്‍ക്കാലം എങ്ങും തങ്ങാതെ വേഗം വീട്ടില്‍ പൊയ്ക്കോളാന്‍ പറഞ്ഞയച്ചു.​


​ ഏറെ നേരം വേണ്ടി വന്നു എല്ലാവര്‍ക്കും ആ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍... അവസാനം ഇനിയെന്തു വേണം എന്നാലോചിയ്ക്കാന്‍ തുടങ്ങി. അന്നത്തെ കാലത്ത് മൊബൈലുകള്‍ ചിത്രത്തിലേയില്ല, ലാന്റ് ഫോണില്‍ ഓരോരുത്തരെയായി വിളിച്ച് കാര്യം പറയാതെ മറ്റു മാര്‍ഗ്ഗമില്ല.​​ ഭാഗ്യത്തിന് എല്ലാവരുടെയും അഡ്രസ്സും ഫോണ്‍ നമ്പറും എന്റെ കയ്യിലുണ്ടായിരുന്നു [കോളേജില്‍ നിന്ന് വിട പറയും മുന്‍പ് ഒരു അഡ്രസ്സ് ഡയറക്റ്ററി തയ്യാറാക്കാനായി എല്ലാവരുടെയും അഡ്രസ്സും കോണ്ടാക്റ്റ് നമ്പറും ശേഖരിച്ചത് ഉപകാരമായി]. ​


അങ്ങനെ താഴെ കോളേജ് ജംക്ഷനില്‍ പോയി രണ്ടു സെറ്റായി തിരിഞ്ഞ് മണി ചേട്ടന്റെയും ഷാലി ചേട്ടന്റെയും കടകളിലെ ബൂത്തില്‍ നിന്നായി എല്ലാവരെയും പുതുക്കിയ തീയതി വിളിച്ചു പറയാനായി ഞങ്ങള്‍ പുറപ്പെട്ടു. ലേഡീസ് ഹോസ്റ്റലില്‍ അറിയിയ്ക്കുന്ന കാര്യം ക്ലാസ്സിലുണ്ടായിരുന്ന സ്വീറ്റിയെ ഏല്‍പ്പിച്ചു. അങ്ങനെ സംഭവം എല്ലാവരെയും ഒരു വിധം അറിയിച്ചു. ​​ഇതില്‍ പലരും ആദ്യം തട്ടിക്കയറിയത് വിളിച്ചു വിവരം പറഞ്ഞ ഞങ്ങളോടായിരുന്നു എന്നതാണ് ഞങ്ങള്‍ നേരിട്ട മറ്റൊരു വിഷമം [ഇന്ന് ആലോചിയ്ക്കുമ്പോള്‍ രസകരമായി തോന്നുന്നുവെങ്കിലും].

​എന്തായാലും പിന്നീടങ്ങോട്ടുള്ള ഒരാഴ്ച വിശ്രമമില്ലാതെ കഷ്ടപ്പെട്ട്, ഒരുമിച്ച് പരിശ്രമിച്ച് എല്ലാവരും യുദ്ധകാലാടിസ്ഥാനത്തില്‍ Project Work മുഴുമിപ്പിച്ചു. ​ഞങ്ങളെല്ലാം നാട്ടില്‍ പോകുന്ന പ്ലാനെല്ലാം ഉപേക്ഷിച്ചു എന്ന് മാത്രമല്ല, ശനിയും ഞായറും പോലും വിടാതെ തുടര്‍ന്നുള്ള ഒരാഴ്ച മുഴുവനും കോളേജിലെത്തി ഒരുമിച്ച് ശ്രമിച്ചിട്ടാണ് സമയത്ത് project ഉം record ഉം submit ചെയ്യാന്‍ സാധിച്ചത്.​​ അങ്ങനെ മെയ് 2 ന് Project Submission നും വൈവയും കഴിഞ്ഞ ശേഷമാണ് ഞങ്ങളെല്ലാം ഒന്നു നേരെ ശ്വാസം വിട്ടത്.​



അന്ന് ഒരാഴ്ചയ്ക്ക് ശേഷം പിള്ളേച്ചനുമായി സംസാരിയ്ക്കാന്‍ കിട്ടിയ ഒരു അവസരത്തിലാണ് ഞാന്‍ ഒരു കാര്യം മനസ്സിലാക്കുന്നത്.​​ പിള്ളേച്ചന്‍ അതിനടുത്ത ദിവസം പൂനെ യ്ക്ക് പോകുകയാണത്രെ. അവിടെ അവന് എന്തോ exam ഉണ്ടു പോലും. അവന്റെ ചേട്ടന്‍ പറഞ്ഞിട്ട് പോകുന്നതാണ്. പോകേണ്ട തീയതിയും കാര്യങ്ങളുമെല്ലാം മുന്‍പേ അറിഞ്ഞിരുന്നു. മെയ് 3 ന് പോകാനായി ടിക്കറ്റു പോലും എടുത്തു കഴിഞ്ഞു. അപ്പോള്‍ മെയ് 2 ന് കോളേജിലെ ഇടപാടുകളെല്ലാം തീര്‍ത്തു പോയാല്‍ സമാധാനമായി അവന് പൂനെയ്ക്ക് പരീക്ഷ എഴുതാന്‍ പുറപ്പെടാമല്ലോ.​ ചുരുക്കി പറഞ്ഞാല്‍ അവന്റെ ഒരൊറ്റയാളുടെ സ്വാര്‍ത്ഥ താല്പര്യം മാത്രം നോക്കിയായിരുന്നു ക്ലാസ്സിലെ ബാക്കി 49 പേര്‍ക്കും പിള്ളേച്ചന്‍ അങ്ങനെ ഒരു പാര വച്ചത്.​

 ഞാന്‍  തല്‍ക്കാലം അത് ആരോടും പറഞ്ഞുമില്ല. അന്നത്തെ അവസ്ഥയില്‍ ഈ വിവരം കൂടെ അറിഞ്ഞാല്‍ ക്ലാസ്സിലെ മറ്റുള്ളവര്‍ എങ്ങനെയാകും അവനോട് പ്രതികരിയ്ക്കുക എന്ന് ഏതാണ്ട് ഒരു ഊഹമുണ്ടായിരുന്നു. അതു കേട്ടപ്പോള്‍ എനിയ്ക്കും അവനോടുള്ള ദേഷ്യം ഇരട്ടിച്ചുവെങ്കിലും ഞാന്‍ ഒന്നും പറഞ്ഞില്ല.


+++++​


​ ഇന്ന് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ആ സംഭവം ഓര്‍മ്മ വന്നപ്പോള്‍ അന്ന് ആലോചിച്ച് ടെന്‍ഷന്റിച്ചതും ശ്വാസം പോലും വിടാന്‍ സമയമ്ല്ലാതെ ഓടി നടക്കേണ്ടി വന്ന ആ ഒരാഴ്ചക്കാലം ഓര്‍മ്മ വരുന്നത് ചുണ്ടിലൊരു പുഞ്ചിരിയോടെയാണ്. ഒന്നുമില്ലെങ്കിലും ഒരാഴ്ച ക്ലാസ്സിനെ മുഴുവനും കഷ്ടപ്പെടുത്താന്‍ കാരണക്കാരനായെങ്കിലും ആ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് എല്ലാവര്‍ക്കും പ്രൊജക്റ്റ് മുഴുമിപ്പിയ്ക്കാന്‍ സാധിച്ചത് അവന്റെ ആ ഇടപെടലുകള്‍ കൊണ്ടായിരുന്നല്ലോ.​

അങ്ങനെ ഓരോന്ന് ഓര്‍ത്തിരിയ്ക്കുമ്പോഴേയ്ക്കും മൊബൈല്‍ റിങ്ങ് ചെയ്തു. പിള്ളേച്ചനാണ്. ഇവിടെ ബസ്സിറങ്ങി കാത്തു നില്‍പ്പുണ്ടത്രെ. അവനെ കൂട്ടിക്കൊണ്ടു വരാനായി ബൈക്കുമെടുത്ത് ഇറങ്ങുമ്പോഴും ഞാനാലോചിയ്ക്കുകയായിരുന്നു... പിന്നെയും എത്രയോ തവണ പിള്ളേച്ചന്‍ ഞങ്ങള്‍ക്ക് ഒന്നിനു പിറകെ ഒന്നായി ഓരോ പണികള്‍ തന്നിരിയ്ക്കുന്നു... [അന്നത്തെ ആ സംഭവങ്ങള്‍ക്ക് ശേഷം തുടര്‍ന്നങ്ങോട്ട് നാലഞ്ചു വര്‍ഷങ്ങള്‍ കൂടി പിള്ളേച്ചന്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. തഞ്ചാവൂരില്‍ പഠിയ്ക്കാനായി 2 വര്‍ഷവും പിന്നീട് ബാംഗ്ലൂരില്‍ വന്ന ശേഷം എനിയ്ക്കൊപ്പം രണ്ടു മൂന്നു വര്‍ഷങ്ങള്‍ കൂടിയും]

ഇത്രയും നാളുകള്‍ കൊണ്ട്  എല്ലാവര്‍ക്കും എന്തെല്ലാം മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. പലരും പല മേഖലകളില്‍ പലയിടങ്ങളിലായി കഴിഞ്ഞു. എങ്കിലും സ്വന്തം വ്യക്തിത്വത്തില്‍ നല്ല രീതിയില്‍ ഏറ്റവും മാറ്റം വന്ന വ്യക്തി പിള്ളേച്ചന്‍ തന്നെയായിരിയ്ക്കും എന്നുറപ്പാണ്.​ അത് പത്തു വര്‍ഷം മുന്‍പത്തെ പിള്ളേച്ചനെയും ഇന്നത്തെ പിള്ളേച്ചനെയും അറിയുന്നവര്‍ സമ്മതിച്ചു തരാതിരിയ്ക്കില്ല [പത്തു വര്‍ഷം മുന്‍പത്തെ സുഹൃത്തുക്കള്‍ക്ക് പിള്ളേച്ചന്‍ എന്ന പേരിനേക്കാള്‍ പരിചയം പ്രേംജി എന്ന പേരായിരിയ്ക്കും.] ആ മാറ്റത്തിനു പുറകിലെ പ്രധാന കാരണം തഞ്ചാവൂരിലെ 2 വര്‍ഷക്കാലത്തെ ഞങ്ങളോടൊന്നിച്ചുള്ള സഹവാസം ആയിരുന്നു എന്ന് പിള്ളേച്ചന്‍ തന്നെ  പലരോടായി പറയുന്നത് കേള്‍ക്കുമ്പോള്‍... പലരും നിരുത്സാഹപ്പെടുത്തിയിട്ടും അവനെ ഞങ്ങളുടെ സുഹൃദ് വലയത്തിലേയ്ക്ക് ചേര്‍ക്കാന്‍ ഞങ്ങള്‍ക്ക് അന്ന് തോന്നിയത് വെറുതേയായില്ലല്ലോ എന്ന് ഞങ്ങള്‍ സന്തോഷിയ്ക്കുന്നു.

Friday, September 6, 2013

സ്മൃതി തന്‍ ചിറകിലേറി ഒരു ഓണം

ഓര്‍‌മ്മകളില്‍‌ ഓണക്കാലത്തിന്റെ പൂവിളികള്‍‌ ഉയരുകയാണ്... ഇവിടെ എന്റെ ബാല്യം വീണ്ടും പുനര്‍‌ജ്ജനിക്കുകയാണ്...

പണ്ട് കുഞ്ഞുനാളില്‍‌ തൊടികള്‍‌ തോറും കയറിയിറങ്ങി, തുമ്പപ്പൂ, മുക്കുറ്റി, കോളാമ്പി, ചെത്തി,ചെമ്പരത്തി എന്നിങ്ങനെ കളമൊരുക്കാന്‍‌ പൂക്കളിറുത്തു നടന്നതും ‘പൂവേ പൂപ്പൊലി പൂവേ’ പാടി നടന്നതും കൊച്ചു വെളുപ്പാന്‍‌ കാലത്ത് മുറ്റത്ത് പൂക്കളമിട്ടതും ഓണക്കളികള്‍‌ കളിച്ചു തിമര്‍‌ത്തിരുന്നതും ഓര്‍മ്മ വരുന്നു. 


 ഇടയ്ക്ക് ഒരു വേള അടുക്കളയില്‍‌ ഓടിക്കയറി കൈ നിറയെ ഉപ്പേരി വാരിയെടുത്ത് കൊറിച്ചു നടന്നതും കൊതിയോടെ വേവുന്ന പായസം നോക്കി നിന്നതും വയറു നിറയെ മതിയാവോളം സദ്യയുണ്ടതും, പിന്നെ വര്‍‌ഷത്തിലൊരിക്കല്‍‌ മാത്രം കിട്ടുന്ന കോടിയുടുപ്പിനായ് പ്രതീക്ഷയോടെ കാത്തിരുന്നതും എല്ലാം എന്റെ ഓണസ്മൃതികളില്‍ കൂടി എന്നിലേയ്ക്ക് തിരിച്ചെത്തുന്നു... 
ഇന്ന് വര്‍‌ഷങ്ങള്‍‌ക്കു ശേഷം... ജീവിത പ്രതിസന്ധികളുമായി മല്ലടിച്ച് മറുനാട്ടില്‍‌ ഉപജീവനം തേടിയെത്തിയ എന്റെ മനസ്സിന്റെ തരിശു ഭൂമിയില്‍‌ ഒരു പുതുമഴയായ് ഉണര്‍‌വ്വേകുവാന്‍‌ പൊന്‍‌ചിങ്ങമാസത്തിന്റെ നിറവും കുളിരുമായി വിരുന്നിനെത്തിയ ഈ പൊന്നോണത്തെ ഞാന്‍‌  നിറഞ്ഞ മനസ്സോടെവരവേല്‍‌ക്കുന്നു... 




പൊന്നിന്‍ ചിങ്ങമായി തിരുവോണക്കാലമായി
ഓര്‍മ്മകളില്‍ പൂ വിടര്‍ന്നുവോ
കാത്തിരിയ്ക്കുമെന്റെ പൊന്നമ്മക്കിളി തന്‍ ചാരെ
തിരുവോണമുണ്ണാന്‍ നീ വരില്ലയോ... [പൊന്നിന്‍ ചിങ്ങമായീ...]

കുഞ്ഞുന്നാളിലെന്നോ ഒരു തുമ്പക്കുടവുമായീ
നിന്‍ കാലടികള്‍ പിന്തുടര്‍ന്നതും...
കൂട്ടുകാരുമായോരോ വഞ്ചിപ്പാട്ടു മൂളി
കളിയൂഞ്ഞാലാട്ടി തന്നതും...
താഴെ വീണു പോയപ്പോള്‍ ഓടിയെത്തിയെന്നെ
വാരിയെടുത്തുമ്മ വച്ചതും...
ഓര്‍മ്മകളില്‍ തെളിയുന്നോരോണക്കാലം വരവായീ... [പൊന്നിന്‍ ചിങ്ങമായി...]

ചിങ്ങമാസ നാളില്‍ പൊന്നോണപ്പൂക്കള്‍ നുള്ളി
എന്നങ്കണത്തില്‍ കളമൊരുക്കവേ
ഓണപ്പാട്ടു മൂളി തിരുവോണത്തുമ്പിയ്ക്കൊപ്പം
എൻ പോയകാലമോർത്തെടുക്കവേ
കുളിരു നൽകിടുന്നോരെൻ ബാല്യകാലമിന്നും
ഓർമ്മകളിൽ നഷ്ടസ്വപ്നമായ്
ഓര്‍മ്മകളില്‍ തെളിയുന്നോരോണക്കാലം വരവായീ... [പൊന്നിന്‍ ചിങ്ങമായി...]

ഇനിയും ബാക്കിയായ ഓണ സ്മൃതികളുമായ് ഹൃദയപൂര്‍‌വ്വം നേരുന്നു ഒരായിരം ഓണാശംസകള്‍‌...

Monday, August 26, 2013

ഒരു കുറ്റി പുട്ട് ഉണ്ടാക്കിയ കഥ

ബാച്ചി ലൈഫില്‍ നിന്നും പെട്ടെന്ന് വിവാഹിതരായി കുടുംബസ്ഥനാകേണ്ടി വരുന്നവര്‍ നേരിടേണ്ടി വരുന്ന കഷ്ടപ്പാടുകള്‍ അനവധിയാണ്. ​പ്രത്യേകിച്ചും ജോലി സംബന്ധമായി വീട്ടില്‍ നിന്നും മാറി അന്യ നാട്ടില്‍ താമസിയ്ക്കേണ്ടി വരുന്നവരുടെ കാര്യമാകുമ്പോള്‍... ​തോന്നുന്ന നേരത്ത് പോകുകയും വരുകയും കണ്ടിടത്തെല്ലാം കറങ്ങി നടക്കുകയും എപ്പോഴും സുഹൃത്തുക്കളുമായി കറങ്ങാന്‍ പോകുകയും എന്നു തുടങ്ങി പാചകം ഒന്നും ചെയ്യാതെ വിശക്കുമ്പോള്‍ ഹോട്ടല്‍ ഭക്ഷണവും സ്വന്തം തുണി അലക്കാന്‍ മിനക്കെടാതെ കടകളില്‍ കൊടുത്ത് അലക്കി തേച്ച് ഡ്രസ്സ് ഉപയോഗിയ്ക്കുകയും തുടങ്ങി ഒരു മാതിരി എല്ലാ എളുപ്പപ്പണികളുമായി കറങ്ങി നടന്ന് സുഖലോലുപരായി ജീവിയ്ക്കുന്നവരായിരിയ്ക്കും ഭൂരിഭാഗം വരുന്ന ബാച്ചികളും.

ഇങ്ങനെയുള്ളവര്‍ പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ വിവാഹിതനായി കഴിയുമ്പോള്‍ പുതിയ ജീവിത രീതികളുമായി പൊരുത്തപ്പെടേണ്ടി വരുമ്പോള്‍ ബുദ്ധിമുട്ടുന്നത് സ്വാഭാവികം. (സാഹചര്യവശാല്‍ ഇങ്ങനെയല്ലാതെ സ്വന്തം കാര്യം നോക്കി അടങ്ങിയൊതുങ്ങി, അധികം അടിച്ചു പൊളിയ്ക്കാതെ ജീവിയ്ക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ സംഭവമാകാനിടയില്ല എന്നാണ് എന്റെ സ്വന്തം അനുഭവം). ​

ഇങ്ങനെയുള്ള ബാച്ചികള്‍ മിക്കവര്‍ക്കും വിവാഹ ശേഷം കാര്യമായ മാറ്റം വരാറുണ്ട്.  കടിഞ്ഞാണില്ലാതെയിരുന്ന ജീവിതത്തില്‍  ഒരു നിയന്ത്രണവും ഒരു അടക്കവും ഒതുക്കവും എല്ലാം...​ മറ്റെല്ലാ കാര്യങ്ങളിലും തീരുമാനമായാലും ഭാര്യയ്ക്കോ ഭര്‍ത്താവിനോ ആര്‍ക്കെങ്കിലും ഒരാള്‍ക്കെങ്കിലും സാമാന്യം പാചകം അറിഞ്ഞിരിയ്ക്കണം എന്നതാണ് അവര്‍ നേരിടാനിടയുള്ള ഏറ്റവും വലിയ കടമ്പ എന്ന് തോന്നുന്നു.​

​ചുരുങ്ങിയ പക്ഷം എന്റെ ഒരു സുഹൃത്തിന്റെ (തല്‍ക്കാലം നമുക്ക് അവനെ അജിത് എന്നു വിളിയ്ക്കാം) അനുഭവത്തില്‍ നിന്നും എനിയ്ക്കും തോന്നിയത് അങ്ങനെയാണ്. ​
​[​അജിത് കുറേ നാള്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്നു. പിന്നീട് വിവാഹ ശേഷം അവന്‍ വേറെ ജോലി കിട്ടി നാട്ടിലേയ്ക്ക് പോകുകയായിരുന്നു.]

പണ്ടു തൊട്ടേ കക്ഷിയ്ക്ക് പാചകം ഒരു ബാലികേറാമല ആയിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചിരുന്നപ്പോള്‍ പോലും പാചകം ചെയ്യാനുള്ള ബുദ്ധിമുട്ടും മടിയും കാരണം അജിത് എല്ലായ്പ്പോഴും പുറമേ നിന്നാണ് ഭക്ഷണം കഴിയ്ക്കാറുള്ളത്. അവന്റെ റൂമില്‍ സുഹൃത്തുക്കളെല്ലാം പാചകം ചെയ്യുന്ന അവസരത്തിലും സ്വന്തം ടേണ്‍ വരുമ്പോള്‍ പാചകം ചെയ്യണമല്ല്പോ എന്നോര്‍ത്ത് അവന്‍ അതില്‍ നിന്നും ഒഴിവായി, അവരുണ്ടാക്കുന്നത് കഴിയ്ക്കാതെ ഹോട്ടല്‍ ഭക്ഷണം സ്ഥിരമായി കഴിച്ചാണ് ബാംഗ്ലൂര്‍ ജീവിച്ചിരുന്നത്. ​


അങ്ങനെയിരിയ്ക്കേ ആണ് അവന്റെ വിവാഹം കഴിഞ്ഞതും അവന്‍ നാട്ടിലേയ്ക്ക് ഷിഫ്റ്റ് ചെയ്തതും.​​ വൈകാതെ, ​അവനും വൈഫും തിരുവനന്തപുരത്ത് ഒറ്റയ്ക്ക് ഒരു ഫ്ലാറ്റ് എടുത്ത് അങ്ങോട്ട് താമസം മാറി​.​ അവിടെ അവര്‍ നേരിടേണ്ടി വന്നഏറ്റവും വലിയ പ്രശ്നം 'പാചകം' ആയിരുന്നു. അവന്‍ പണ്ടേ പാചക വിരോധി ആണെന്ന് പറഞ്ഞല്ലോ. അവന്റെ ഭാര്യയ്ക്കാണെങ്കില്‍ പാചകം ചെയ്യാന്‍ അത്ര മിടുക്കും ഇല്ല. വിവാഹം കഴിഞ്ഞ് പാചകം ചെയ്യേണ്ടി വരുമല്ലോ എന്നതു കൊണ്ടു മാത്രം എന്തൊക്കെയോ തട്ടിക്കൂട്ടി ഉണ്ടാക്കാന്‍ പഠിച്ചിരുന്നു എന്ന് മാത്രം. എന്നാല്‍ നേരാം വണ്ണം കുക്കിങ്ങ് അറിയാത്തതു കൊണ്ടും ഇനി എന്തെങ്കിലുമൊക്കെ വച്ചുണ്ടാക്കിയാല്‍ തന്നെ അത് ഭക്ഷ്യയോഗ്യമെന്ന് പറയാനാകാത്തതു കൊണ്ടും രാവിലേ തന്നെ രണ്ടു പേര്‍ക്കും ജോലിയ്ക്കു പോകണം എന്നതു കൊണ്ടും അവള്‍ക്കും പാചകം ചെയ്യാന്‍ വല്ലാത്ത മടി.

ആദ്യത്തെ കുറച്ചു ദിവസം രണ്ടാളും ഹോട്ടല്‍ ഭക്ഷണവും ഓഫീസിലെ കാന്റീനിലെ ഭക്ഷണവുമൊക്കെ ആയി അഡ്‌ജസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു എങ്കിലും അത് സ്ഥിരമാക്കുന്നത് എളുപ്പമല്ല എന്ന് രണ്ടാളും വേഗം മനസ്സിലാക്കി. അതിനാല്‍ എങ്ങനെയെങ്കിലും കുക്കിങ്ങ് ആരംഭിച്ചേ മതിയാകൂ എന്ന് അജിത് ഭാര്യയോട് തീര്‍ത്തു പറഞ്ഞു. അങ്ങനെ രണ്ടും കല്‍പ്പിച്ച് അവള്‍ സ്വന്തം പാചക പരീക്ഷണങ്ങള്‍ തുടങ്ങി. അത്ര 'ടേസ്റ്റി' എന്ന് പറയാനാകില്ലെങ്കിലും അവന്‍ പരാതി ഒന്നും പറയാതെ അത് കഴിയ്ക്കുകയും ചെയ്യുമായിരുന്നു.

രാവിലെ തന്നെ ഉണര്‍ന്നെഴുന്നേറ്റ് പാചകം ചെയ്യണമെന്നതും അതേ സമയം കുളിച്ചൊരുങ്ങി ഓഫീസില്‍ പോകാന്‍ തയ്യാറാകണം എന്നതുമായിരുന്നു അവന്റെ ഭാര്യയ്ക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ ബുദ്ധിമുട്ട്. എങ്കിലും ഒരു വിധത്തില്‍ അവള്‍ അത് അഡ്ജസ്റ്റ് ചെയ്തു പോന്നു. സ്വതവേ മടിയനായതിനാല്‍ അജിത്താണെങ്കില്‍ അടുക്കളക്കാര്യങ്ങളില്‍ അവളെ സഹായിയ്ക്കാനും ശ്രമിച്ചിരുന്നില്ല.

അങ്ങനെയിരിയ്ക്കേ ഒരു ദിവസം രാവിലെ അജിത് ഉണര്‍ന്നപ്പോള്‍ അവള്‍ അരികില്‍ തന്നെ കിടപ്പുണ്ട്. സാധാരണ അത് പതിവില്ലാത്തതാണ്. അവന്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴേയ്ക്കും അവള്‍ ഉണര്‍ന്നെണീറ്റ് കുളിയും കഴിഞ്ഞ് അടുക്കളയില്‍ പാചക യുദ്ധത്തിലായിരിയ്ക്കും. ഇന്നെന്തു പറ്റി? അവന്‍ അതിശയത്തോടെ അവളെ കുലുക്കി വിളിച്ചു.

"എനിയ്ക്ക് തീരെ വയ്യ, അജിത്തേട്ടാ. തല കറങ്ങുന്നത് പോലെ. ഇന്ന് ഞാന്‍ ഓഫീസില്‍ പോകുന്നില്ല. ലീവെടുക്കുകയാണ്. ചേട്ടന്‍ കുളിയെല്ലാം കഴിഞ്ഞ് വരുമ്പോഴേയ്ക്കും ഞാന്‍ എഴുന്നേറ്റ് വല്ലതും ഉണ്ടാക്കി തരാം. അതു പോരേ?"

"ഓ... അതു ശരി. എന്നാല്‍ ഇന്ന് നീ റെസ്റ്റ് എടുക്ക്. ഇന്നത്തെ പാചകം ഞാന്‍ ആകാം." അജിത് പറഞ്ഞു. അതു കേട്ട് അവള്‍ക്കും ആശ്വാസമായി.

എന്നാല്‍ എന്ത് ഉണ്ടാക്കും എന്നതിനെ പറ്റി അജിത്തിന് അധികം ചിന്തിയ്ക്കേണ്ടി വന്നില്ല. കാരണം അവന് ആകെ ഉണ്ടാക്കാനറിയാവുന്ന ഒരേയൊരു പലഹാരം പുട്ട്  ആയിരുന്നു.

എന്തായാലും വേഗം കുളിയെല്ലാം കഴിഞ്ഞ് അജിത് അടുക്കളയില്‍ കയറി. പുട്ടിനുള്ള പൊടിയെല്ലാം എടുത്ത് പാചകം തുടരുന്നതിനിടയില്‍ വൈഫ് ബെഡ്‌റൂമില്‍ നിന്ന് വിളിച്ചു ചോദിച്ചു. "അജിത്തേട്ടാ... അക്കൂട്ടത്തില്‍ കുറച്ച് അരി കൂടി കഴുകി അടുപ്പത്ത് ഇട്ടേക്കാമോ?"

"അതിനെന്താ... കൂട്ടത്തില്‍ അതും ചെയ്തേക്കാം" അജിത് സമ്മതിച്ചു.  അരിയുടെയും വെള്ളത്തിന്റെയും എല്ലാം അളവ് വൈഫ് പറഞ്ഞതനുസരിച്ച് അവന്‍ അരിയും കഴുകി കുക്കറിലിട്ടു.

കുറച്ച് കഴിഞ്ഞ് പുട്ട് തയ്യാറായപ്പോള്‍ അവന്‍ പെട്ടെന്ന് അടുത്ത കടയില്‍ പോയി കുറച്ചു പഴം വാങ്ങി കൊണ്ടു വന്നു. എന്നിട്ട് തന്റെ നല്ലപാതിയെ കഴിയ്ക്കാന്‍ വിളിച്ചു.  കഴിക്കാന്‍ തുടങ്ങിയപ്പോള്‍ തന്റെ പാചകം എങ്ങനെ എന്നറിയാനുള്ള ആകാംകഷയോടെ അവന്‍ അവളുടെ അഭിപ്രായം ചോദിച്ചു.

അവന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നല്ല അഭിപ്രായമാണ് അവള്‍ പറഞ്ഞത്.  അവന്റെ പാചക വൈഭവത്തിന് അന്ന് ആദ്യമായാണ് അത്ര നല്ല റെസ്‌പോണ്‍സ് കിട്ടുന്നത്. വളരെ സന്തോഷത്തോടെയാണ് അവന്‍ അന്ന് ഓഫീസിലേയ്ക്ക് യാത്രയായത്.

പിറ്റേ ദിവസം നേരം പുലര്‍ന്നു. അന്ന് രാവിലെ തന്നെ ഭാര്യ അവനെ വിളിച്ചുണര്‍ത്തി... "അജിത്തേട്ടാ, ഇന്നും പുട്ട് ഉണ്ടാക്കാമോ?"

ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന അജിത്ത് അതിശയത്തോടെ ചോദിച്ചു. "അതെന്തേ, നിനക്ക് പുട്ട് അത്ര ഇഷ്ടമായോ?"

"പിന്നില്ലാതെ! ഇന്നലത്തെ പുട്ട് അടിപൊളി ആയിരുന്നു.
​​അജിത്തേട്ടന്‍ ഇത്ര നല്ല പാചകക്കാരനാണെന്ന് എനിയ്ക്കറിയില്ലായിരുന്നു"

ഉറങ്ങി മതിയായില്ലെങ്കിലും അജിത്ത് വേഗം ഉണര്‍ന്ന് വേഗം ഫ്രഷായി വീണ്ടും അടുക്കളയില്‍ കേറി​ പുട്ടിന്റെ അണിയറ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. ​

കുറച്ചു കഴിഞ്ഞപ്പോള്‍ ബെഡ്‌റൂമില്‍ നിന്നും ഭാര്യ വിളിച്ചു പറയുന്നത് കേട്ടു. "അരി കൂടെ കഴുകി ഇട്ടേക്കണേ... അളവ് അറിയാമല്ലോ"

മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും അജിത് അന്നും അരി കഴുകിയിട്ടു. കുറച്ചു കഴിഞ്ഞ് ഭക്ഷണം തയ്യാറായപ്പോള്‍ ഭാര്യയെ വിളിച്ചുണര്‍ത്തി ഭക്ഷണം കൊടുക്കുകയും ചെയ്തു. അന്ന് അഭിപ്രായമൊന്നും അങ്ങോട്ട് ചോദിയ്ക്കാതെ തന്നെ അവള്‍ അവനെ വേണ്ടുവോളം പുകഴ്ത്തുകയും ചെയ്തു. തിരിച്ചൊന്നും പറയാതെ അവന്‍ ഓഫീസിലേയ്ക്ക് പുറപ്പെട്ടു.

അതിനടുത്ത ദിവസം! നേരം വെളുത്തതേയുള്ളൂ... തലേന്നത്തെ പോലെ തന്നെ ഉറക്കത്തിലായിരുന്ന അജിത്തിനെ ഭാര്യ തോണ്ടി വിളിച്ചു. "എന്താടീ?" കുറച്ചൊരു അനിഷ്ടത്തോടെ അവന്‍ ചോദിച്ചു.

"അതേയ്... ഇന്നും പുട്ടു തന്നെ ആയാലോ? എനിയ്ക്ക് അത് ഭയങ്കരമായി അങ്ങിഷ്ടപ്പെട്ടു. അജിത്തേട്ടന് പുട്ട് നന്നായി ഉണ്ടാക്കാനറിയാം ​"

അജിത്തിന്റെ കണ്ട്രോള്‍ നഷ്ടപ്പെട്ടു. ചാടിയെഴുന്നേറ്റ് അവന്‍ അലറി "​പോയി ഉണ്ടാക്കെടീ, എന്താ വേണ്ടതെന്നു വച്ചാല്‍... അങ്ങനെ ദിവസവും എന്നെ കൊണ്ട് പണിയെടുപ്പിച്ച് നീ സുഖിയ്ക്കണ്ട"​

വിഷമത്തോടെയാണെങ്കിലും അവള്‍ ഒന്നും മിണ്ടാതെ അടുക്കളയിലേയ്ക്ക് പോയി. രാവിലത്തെ ഭക്ഷണത്തിനുള്ള പരിപാടികള്‍ തുടങ്ങി, കുറച്ചു കഴിഞ്ഞതും പുറകിലൊരു കാല്‍പ്പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കി​യ അവള്‍ കണ്ടത്​ ​ചെറിയൊരു പുഞ്ചിരിയോടെ നില്‍ക്കുന്ന അജിത്തിനെയാണ്.

"രാവിലെ തന്നെ ഒറ്റയ്ക്ക് പാചകം ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഇപ്പോ എനിയ്ക്കും നന്നായറിയാം. അതു കൊണ്ട് ഇനി മുതല്‍ പാചകം നമുക്ക് ഒരുമിച്ചാകാം. എന്നെ കൊണ്ട് ആകുന്നത് പോലെ ഞാനും സഹായിയ്ക്കാം...​ നിന്റെ വീട്ടില്‍ വച്ച് നിനക്ക് പുട്ട് വലിയ ഇഷ്ടമില്ലായിരുന്നു എന്ന് ഇന്നലെ വിളിച്ചപ്പോള്‍ നിന്റെ അമ്മ എന്നോട് പറഞ്ഞിരുന്നു. എന്തായാലും മടി കാരണം നീ പുട്ടിനെ അങ്ങനെയങ്ങ് വല്ലാതെ സ്നേഹിയ്ക്കണ്ട. ​ എന്തേയ്?"

രണ്ടു പേരും പൊട്ടിച്ചിരിച്ചത് ഒരുമിച്ചായിരുന്നു.

ഇന്ന് രണ്ടു രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം ​ഇണക്കങ്ങളും പിണക്കങ്ങളും പങ്കുവച്ച് അവര്‍ സുഖമായി ജീവിയ്ക്കുന്നു. കുടുംബ കാര്യങ്ങളില്‍ പരസ്പരം സഹായിച്ച്, മിടുക്കനായ അവരുടെ ആണ്‍കുഞ്ഞിനോടൊപ്പം.

Thursday, July 25, 2013

♫ ഓര്‍മ്മകളില്‍ ഞങ്ങളുടെ സ്വന്തം ബിപിസി ♫

ഞങ്ങളുടെ സ്വന്തം കലാലയത്തിലെ... ബിപിസിയിലെ ആ നല്ല നാളുകളുടെ ഓര്‍മ്മയ്ക്ക്... ഒരുപാട് സൌഹൃദങ്ങള്‍ തന്ന പിറവം കന്നീറ്റുമലയിലുള്ള ആ കൊച്ചു കലാലയത്തിന്റെ ഓര്‍മ്മയ്ക്ക്...


♫ മറവി തന്‍ ജാലകപ്പാളിയുടെ ചാരത്ത്
നിഴലായ് പതുങ്ങുമെന്നോര്‍മ്മകളേ...
കരി പൂണ്ടു മങ്ങിത്തുടങ്ങിയെന്‍ മനസ്സിന്റെ
കോണില്‍ പതുങ്ങാതെ വന്നെത്തുമോ...

പൊട്ടിച്ചിരികളും പിണക്കങ്ങളും
നമ്മളൊന്നിച്ചു പങ്കിട്ട കാലമെല്ലാം
മറവി തന്‍ പുസ്തകത്താളില്‍ മറഞ്ഞിട്ട്
ഒരു വ്യാഴവട്ടം കഴിഞ്ഞുവെന്നോ...

ഒന്നല്ല, മൂന്നു സംവത്സരം കൊണ്ടെന്റെ
സ്വന്തമായ് തീര്‍ന്ന കലാലയത്തില്‍
ഒരു വട്ടമിനിയും പഠിയ്ക്കുവാന്‍ വെമ്പുന്ന
മനസ്സിന്റെ വിങ്ങലിന്നറിയുന്നുവോ...

എത്രയോ മാറിയിന്നെന്റെ കലാലയം
കെട്ടിലും മട്ടിലും പുതുമ മാത്രം...
എവിടെന്നറിയില്ല എന്റെ പരിചിതര്‍
കാണുന്നതെല്ലാം പുതുമുഖങ്ങള്‍...

വഴി തെറ്റി വന്ന പഥികരെ പോലെ നാം
എന്തിനെന്നറിയാതെ കണ്‍ നിറയ്ക്കേ...
അന്നു താലോലിച്ചു നാം നട്ടു വച്ചൊരീ
പൂമരം മാത്രം തണല്‍ വിരിച്ചൂ...

ഒരു നേര്‍ത്ത ഗദ്‌ഗദം പങ്കിടാനെന്ന പോല്‍
എങ്ങു നിന്നോ ഇളം കാറ്റു വീശി
യാത്രാമൊഴിയെന്ന പോലെയന്നേരമാ
സ്നേഹമരം മെല്ലെ ഇല പൊഴിച്ചൂ... ♫

Monday, June 10, 2013

ഒരു ആന്‍ഡ്രോയിഡ് (കദന) കഥ


ജിബീഷ് ചേട്ടനെ ഓര്‍മ്മയുണ്ടോ??? ഞാന്‍ മുന്‍പും പലപ്പോഴായി അദ്ദേഹത്തെ പറ്റി എഴുതിയിട്ടുണ്ട്. ജിബീഷേട്ടന്‍ നാട്ടില്‍ ഞങ്ങളുടെ ഏറ്റവും അടുത്ത വീട്ടുകാരനാണ്. എന്റെ ചേട്ടന്റെ പ്രായമുള്ളതു കൊണ്ടും ചേട്ടന്റെ സഹപാഠി ആയിരുന്നതു കൊണ്ടും ജിബീഷ് ചേട്ടന്‍ എന്ന് വിളിയ്ക്കുന്നു എന്നേയുള്ളൂ. സ്വഭാവം കൊണ്ടും പക്വത, എടുത്തു ചാട്ടം അങ്ങനെ ഉള്ള കാര്യങ്ങളിലും ഞാനും ജിബീഷ് ചേട്ടനും ആണ് കൂടുതല്‍ ചേര്‍ച്ച.  അതു കൊണ്ടു തന്നെ എന്തെങ്കിലും കുരുത്തക്കേടുകള്‍ ഒപ്പിയ്ക്കാനുണ്ടെങ്കില്‍ എന്റെ സ്വന്തം ചേട്ടനെ ഒഴിവാക്കി ഞാനും ജിബീഷേട്ടനുമാണ് ഒത്തു ചേരാറുള്ളത്.
പലപ്പോഴും മുന്നും പിന്നും നോക്കാതെ സന്ദര്‍ഭം ആലോചിയ്ക്കാതെ ഓരോന്ന് ചെയ്തു കൂട്ടുന്നതിനാല്‍ പറ്റിയിട്ടുള്ള അമളികള്‍ക്ക് കണക്കില്ല. രണ്ടു മൂന്നു പോസ്റ്റുകള്‍ (ഇവിടെയും ഇവിടെയും) കക്ഷിയെക്കുറിച്ച് ഞാന്‍ മുന്‍പും എഴുതിയിട്ടുണ്ട്.


കുറച്ചു നാള്‍ മുന്‍പ് എനിയ്ക്ക് ജിബീഷ് ചേട്ടന്റെ ഒരു കോള്‍ വന്നു. ​
കക്ഷിയ്ക്ക് ഒരു പുതിയ ഫോണ്‍ വാങ്ങണമത്രെ. മാക്സിമം 10000-12000 രൂപ വരെ മുടക്കാം, പക്ഷേ സാംസങ്ങ് തന്നെ വേണം.
​അതു കേട്ടപ്പോള്‍ എനിയ്ക്കും അത്ഭുതമായി. ഇത്രയും നാളിനിടെ മൂന്നു നാലു മൊബൈല്‍ ഫോണുകള്‍ ആശാന്‍ വാങ്ങിയിട്ടുണ്ടെങ്കിലും വേണ്ട പോലെ ഉപയോഗിയ്ക്കാന്‍ പറ്റുന്ന ഒന്നും തന്നെ ഒരു സമയത്തും ആളുടെ കയ്യില്‍ കാണില്ല.​

​അക്കാര്യം പറഞ്ഞ് ഞാന്‍ തന്നെ കക്ഷിയെ പല തവണ കളിയാക്കാറുമുണ്ട്. പക്ഷേ, മൊബൈല്‍ ഫോണ്‍ എന്നു വച്ചാല്‍ വെറുതെ ആരെയെങ്കിലും വിളിയ്ക്കാന്‍ മാത്രം മതി എന്ന ന്യായം പറഞ്ഞ് എന്നും കക്ഷി തലയൂരും. ​
പിന്നെ എന്തു പറ്റി ഇപ്പോ ഇങ്ങനെ മാറി ചിന്തിയ്ക്കാന്‍?

വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ ആശാന്‍ സത്യം പറഞ്ഞു. നാട്ടില്‍ അറിയപ്പെടുന്ന ഒരു അദ്ധ്യാപകനായിട്ടും ഇപ്പോഴും സാധാരണ മൊബൈലും കൊണ്ട് നടക്കുന്നതു കണ്ട് സഹപ്രവര്‍ത്തകരും, എന്തിന് സ്വന്തം വിദ്യാര്‍ത്ഥികള്‍ വരെ കക്ഷിയെ കളിയാക്കുന്നുവത്രെ. അങ്ങനെ കളിയാക്കലുകള്‍ സഹിയ്ക്കാന്‍ വയ്യാതായപ്പോള്‍ 'എന്നാല്‍ പിന്നെ ഇനി നല്ലൊരു മൊബൈല്‍ വാങ്ങിയിട്ടു തന്നെ ബാക്കി കാര്യം' എന്ന തീരുമാനത്തിലെത്തുകയായിരുന്നു, ജിബീഷേട്ടന്‍.

ഇപ്പോള്‍ പുറത്തിറങ്ങിയ സാംസങ്ങ് ന്റെ ഗാലക്സി ഗ്രാന്റ് നല്ല ഫോണാണെന്നും ഒരു 21000 മുടക്കാന്‍ റെഡിയാണെങ്കില്‍ അതു വാങ്ങാമെന്നും പറഞ്ഞപ്പോള്‍ 'അത്രയും നല്ലത്' തനിയ്ക്കു വേണ്ടെന്നും ഒരു മാക്സിമം 12,000 നുള്ളില്‍ നില്‍ക്കുന്ന ഒരു ആന്‍ഡ്രോയിഡ് മതി എന്നും ആശാന്‍ ഉറപ്പിച്ചു പറഞ്ഞു. അതിനുള്ളില്‍ വാങ്ങാന്‍ പറ്റുന്ന നല്ല നാലഞ്ചു മോഡലുകള്‍ പറഞ്ഞു കൊടുക്കാനും പറഞ്ഞു. കക്ഷിയ്ക്ക് ഫോണുകളെയും അതിന്റെ മോഡലുകളെയും ഓരോന്നിന്റെയും ഫീച്ചേഴ്സും ഗുണങ്ങളും ഒന്നും തന്നെ വലിയ പിടിയില്ല. അപ്പോള്‍ ഞാന്‍ അന്വേഷിച്ച് തപ്പിയെടുത്ത് ആ റേഞ്ചില്‍ വരുന്ന നാലഞ്ചു ഫോണുകള്‍ പറഞ്ഞു കൊടുക്കണം.
​അതാണ് കാര്യം.​


ഞാന്‍ അപ്പോള്‍ തന്നെ എനിയ്ക്കറിയാവുന്ന മൂന്നു നാലു മോഡലുകള്‍ പറഞ്ഞു കൊടുക്കാന്‍ ശ്രമിച്ചെങ്കിലും കക്ഷി ആ മോഡലുകളൊന്നും കേട്ടിട്ടു പോലുമില്ല; അല്ലെങ്കില്‍ ശ്രദ്ധിച്ചിട്ടു പോലുമില്ല.
​അതു കൊണ്ട് കമ്പനി-മോഡല്‍-ഉദ്ദേശ വില എന്നിവ ഞാനൊരു മെസ്സേജ് ആയി അയച്ചു കൊടുത്താല്‍ ഉപകാരമായിരിയ്ക്കും എന്ന് പറഞ്ഞതിനാല്‍ അതു ഞാന്‍ സമ്മതിച്ചു.​
  ​അങ്ങനെ അന്നു വൈകുന്നേരത്തിനുള്ളില്‍ തന്നെ ഞാന്‍ സാംസങ്ങ്, സോണി, എല്‍ജി, മൈക്രോമാക്സ്, കാര്‍ബണ്‍ എന്നിങ്ങനെ നാലഞ്ചു മോഡലുകള്‍ (അവയുടെ വില, പ്രധാന ഫീച്ചേഴ്സ്  എന്നിവ) മെസ്സേജായി അയച്ചു കൊടുത്തു.

അങ്ങനെ അടുത്ത ദിവസം കക്ഷി കൊടുങ്ങല്ലൂര്‍ക്ക് പോകും വഴി അവിടെയുള്ള ഒരു മൊബൈല്‍ കടയില്‍ കയറി. കടയില്‍ കയറി നാലുപാടും നോക്കുന്നതു കണ്ട അവിടുത്തെ സെയില്‍സ്‌ പയ്യന്‍ കക്ഷിയുടെ അടുത്തേയ്ക്ക് വന്നു, എന്താണ് വേണ്ടത് എന്നു ചോദിച്ചു.

യാതൊരു സംശയവും കൂടാതെ ജിബീഷേട്ടന്‍ മറുപടി പറഞ്ഞു - "ഒരു മൊബൈല്‍ വേണം".

സെയില്‍സ്‌മാന് ഉത്സാഹമായി. ചെറിയ കസ്റ്റമര്‍ ഒന്നുമല്ലല്ലോ. "എത് ഫോണാണ് വേണ്ടത് ചേട്ടാ?"

"സാംസങ്ങ് ഗ്യാലക്സി തന്നെ... ആന്‍ഡ്രോയിഡ് ഫോണ്‍"

പയ്യന്റെ മുഖം ഒന്നു കൂടി വികസിച്ചു. "സാംസങ്ങ് ഗ്യാലക്സി... ഏത് മോഡലാ ചേട്ടാ?"

അത്രയും നേരം ആത്മവിശ്വാസത്തോടെ നിന്ന ജിബീഷേട്ടന്‍ ഒന്ന് പതറി. . (മോഡലൊന്നും കക്ഷിയ്ക്ക് കാണാതെ അറിയില്ലല്ലോ). എന്നാല്‍ പെട്ടെന്ന് തന്നെ ഞാന്‍ ഡീറ്റയിത്സ് മെസ്സേജായി അയച്ചത് മൊബൈലില്‍ കിടപ്പുണ്ടല്ലോ എന്ന കാര്യം ആശാന് ഓര്‍മ്മ വന്നു. വേഗം മൊബൈല്‍ എടുത്ത് മെസ്സേജ് നോക്കി, നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചെടുത്ത് ജിബീഷേട്ടന്‍ പറഞ്ഞു. " മോഡല്‍ ... സാംസങ്ങ് 11000"

ഇത്തവണ സെയിത്സ്‌മാന്‍ ആണ് പതറിയത്. "11000? സാംസങ്ങ് തന്നെ ആണോ? സാംസങ്ങ് ഗ്യാലക്സി  S11000?"

"അതെയതെ. സാംസങ്ങ് ഗ്യാലക്സി തന്നെ". ജിബീഷേട്ടന് യാതൊരു ഭാവ വ്യത്യാസവും ഉണ്ടായില്ല.

സെയിത്സ്‌മാന്‍ പയ്യന്റെ മുഖം മങ്ങി. ഒരു സന്ദേഹത്തോടെ അവന്‍ പറഞ്ഞു "സാംസങ്ങ് ഗ്യാലക്സിയുടെ S11000 എന്ന മോഡല്‍? അങ്ങനെ ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടോ? ഇല്ലല്ലോ ചേട്ടാ?"

ജിബീഷ് ചേട്ടന്റെ ശബ്ദം കുറച്ച് ഉയര്‍ന്നു. "ആരു പറഞ്ഞു അങ്ങനെ ഒരു മോഡല്‍ ഇല്ലെന്ന്. സാംസങ്ങ് ഗ്യാലക്സി തന്നെ. മോഡല്‍ നമ്പര്‍ 11000. ആന്‍ഡ്രോയിഡ് ഫോണ്‍ ആണ്. ബാംഗ്ളൂര്‍ ഉള്ള എന്റെ ഒരു സുഹൃത്ത് ആണ് ഈ മോഡല്‍ പറഞ്ഞു തന്നത്. അവിടെ അവനും സുഹൃത്തുക്കളുമെല്ലാം  ഉപയോഗിയ്ക്കുന്ന മോഡലാണ് ഇത് "

പയ്യന്റെ മുഖം ദയനീയമായി. അവന്‍ നിസ്സഹായനായി ഒരു നിമിഷം നിന്നു. അത്രയും നേരം ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ട് ക്യാഷ് കൌണ്ടറില്‍ ഇരിയ്ക്കുകയായിരുന്ന ആ കടയുടെ ഉടമസ്ഥന്‍ എഴുന്നേറ്റ് അങ്ങോട്ടു വന്നു. എന്നിട്ട് വളരെ വിനയത്തോടെ ജിബീഷേട്ടനോട് ചോദിച്ചു "എന്താ സാര്‍? എന്താ കാര്യം?ഏതു ഫോണാണ് വേണ്ടത്?"

ജിബീഷേട്ടന്‍ തന്റെ ആവശ്യം ചുരുക്കി വിവരിച്ചു. വിവരം മുഴുവന്‍ കേട്ടു കഴിഞ്ഞപ്പോള്‍ ഉടമസ്ഥന്‍ സെയിത്സ്‌മാന്റെ നേരെ തിരിഞ്ഞു. അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. "കുറേ നാളായില്ലേ നീ ഇവിടെ ഫോണ്‍ എടുത്തു കൊടുക്കാന്‍ നില്‍ക്കുന്നു, ഇത്രയും നാളായിട്ടും കസ്റ്റമേഴ്സിനോട് വേണ്ട പോലെ പെരുമാറാന്‍ പഠിച്ചില്ലേ? നിനക്ക് അറിയാത്ത ഫോണ്‍ ലോകത്ത് ഇല്ല എന്നും പറഞ്ഞ് അവരോട് തര്‍ക്കിക്കുകയാണോ? അല്ല, ഏതാ ഈ സാംസങ്ങ് ഗ്യാലക്സി S11000 ഫോണ്‍? ഈ സാര്‍ പറഞ്ഞതു കേട്ടില്ലേ ബാംഗ്ലൂരൊക്കെ ആ ഫോണ്‍ ഉണ്ടെന്ന്? അത് നമ്മുടെ കടയില്‍ ഇല്ലേ? ഇത്ര നാളായിട്ടും വിപണിയില്‍ ഇറങ്ങുന്ന പുതിയ മോഡലുകളെ പറ്റി ഒന്നും നിനക്ക് അറിയില്ലെങ്കില്‍ നീയൊക്കെ എന്തിനാ ഇവിടെ നില്‍ക്കുന്നത്?"

ഇതും കൂടി കേട്ടപ്പോള്‍ പയ്യന്റെ മുഖം കൂടുതല്‍ വിവര്‍ണ്ണമായി. ഒരു നിമിഷം ആലോചിച്ച ശേഷം അവന്‍ മറുപടി പറഞ്ഞു. "സാര്‍, ആ മോഡല്‍ ഏതാണെന്ന് എനിയ്ക്കു മനസ്സിലായി. എന്റെ ഒരു സുഹൃത്തു പറഞ്ഞ് കേട്ടിരുന്നു. സാംസങ്ങിന്റെ ഒരു പുതിയ മോഡലാണ് അത്. സാംസങ്ങ് ഗ്യാലക്സി S11000. അത് ഇപ്പോള്‍ ഇറങ്ങിയിട്ടേയുള്ളൂ. കേരളത്തില്‍ അതു വന്നു തുടങ്ങുന്നേയുള്ളൂ. മാത്രമല്ല അതിന് ഉദ്ദേശ്ശം 30,000 രൂപ വില വരും"

ഇതു കേട്ടപ്പോള്‍ ഉടമസ്ഥന്‍ ഒന്നു തണുത്തു. അയാള്‍ വീണ്ടും ജിബീഷേട്ടന്റെ നേരെ തിരിഞ്ഞു, എന്നിട്ട് പറഞ്ഞു. "അതു ശരി, സാറേ... അത്രയും കൂടിയ മോഡലാണല്ലേ... അങ്ങനെ ആണെങ്കില്‍ അത് ഇവിടെ കാണില്ല കേട്ടോ. ഞങ്ങളുടേത് ഒരു ഇടത്തരം ഷോപ്പല്ലേ? ഇവിടെ 15000-20000 രൂപ റേഞ്ചില്‍ വരുന്നതേ മാക്സിമം കാണൂ. ഇവിടെ കൂടിയ മോഡലുകളൊക്കെ കൊണ്ടു വച്ചാല്‍ ചിലവാകാന്‍ ബുദ്ധിമുട്ടാണ്, അതു കൊണ്ടാണ്. സാര്‍ ടൌണിലുള്ള സാംസങ്ങ് ഷോറൂമില്‍ ഒന്നു ചോദിച്ചു നോക്കൂ"

ഇത്രയും വില കൂടിയ ഒരു കസ്റ്റമറെ നഷ്ടപ്പെടുത്തേണ്ടി വന്നല്ലോ എന്ന വിഷമത്തോടെ ഉടമസ്ഥനും സെയിത്സ്‌മാന്‍ പയ്യനും ജിബീഷേട്ടനെ അവിടെ നിന്ന് യാത്രയാക്കി. അവിടെ നിന്ന് ഇറങ്ങുമ്പോള്‍ അവര്‍ പറഞ്ഞ വില കേട്ട് ഞെട്ടി, ജിബീഷേട്ടന്‍ ഒന്നും മിണ്ടാതെ അവിടെ നിന്നിറങ്ങി.

അവിടെ നിന്നിറങ്ങിയതും ജിബീഷേട്ടന്‍ അപ്പോള്‍ തന്നെ എന്നെ വിളിച്ചു ചീത്ത പറയാന്‍ തുടങ്ങി. കാരണം കക്ഷി എന്നോട് ആവശ്യപ്പെട്ടത് മാക്സിമം 12,000 രൂപ വരെ വില വരാവുന്ന നല്ലൊരു ഫോണ്‍ വേണമെന്നായിരുന്നല്ലോ. പിന്നെ ഞാനെന്തിനാണ് 30,000 രൂപയുടെ ഫോണിന്റെ ഡീറ്റയിത്സ് അയച്ചു കൊടുത്തത് എന്നും പറഞ്ഞു കൊണ്ടായിരുന്നു ചീത്ത വിളി.

ആദ്യം എനിയ്ക്ക് ഒന്നും മനസ്സിലായില്ല. ഞാന്‍ കാര്യം വിശദമായി ചോദിച്ചു. അപ്പോള്‍  നടന്ന സംഭവങ്ങളെല്ലാം ജിബീഷേട്ടന്‍ വള്ളിപുള്ളി വിടാതെ വിവരിച്ചു. മുഴുവന്‍ കേട്ടു കഴിഞ്ഞപ്പോള്‍ എനിയ്ക്ക് സംഗതിയുടെ കിടപ്പുവശം പിടികിട്ടി.

ഞാന്‍ സാവകാശം പറഞ്ഞു. "ആദ്യം തന്നെ ജിബീഷേട്ടന്‍ ഞാന്‍ അയച്ചു തന്ന മെസ്സേജ് ഒന്നു കൂടെ വിശദമായി എടുത്തു നോക്ക്. എന്നിട്ട് തിരിച്ചു വിളിയ്ക്ക്. ബാക്കി അപ്പോ പറയാം". ഇത്രയും പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ടു ചെയ്തു. എന്നിട്ട് ജിബീഷേട്ടന്റെ വിളി വീണ്ടും വരാനായി കാത്തു നിന്നു.

അധികം കാത്തിരിയ്ക്കേണ്ടി വന്നില്ല, ഒരു മിനിട്ടിനകം വീണ്ടും വിളി വന്നു. ഫോണ്‍ എടുത്തപ്പോള്‍ ആദ്യത്തെ ഒരു മിനിട്ട് ജിബീഷേട്ടന്റെ ചിരി മാത്രമാണ് കേട്ടത്. അതിനു ശേഷം കക്ഷി പറഞ്ഞു. "ഇപ്പോള്‍ എനിയ്ക്ക് കാര്യം മനസ്സിലായെടാ. ഞാന്‍ മൊബൈലിലെ മെസ്സേജ് ഒന്നു കൂടെ എടുത്തു നോക്കി. എന്നാലും ആ പയ്യനെ സമ്മതിയ്ക്കണം, അവന്‍ അങ്ങനെ ഒരു മോഡലുണ്ടെന്ന് സമ്മതിച്ചല്ലോ. അവന്‍ അതിനെ പറ്റി കേട്ടിട്ടുമുണ്ടത്രെ. അതും പോരാഞ്ഞ് അതിന്റെ വിലയും അവന്‍ പറഞ്ഞു"

അത് ഞാനും സമ്മതിച്ചു. "അതേയതെ, അവന്‍ ആളു കൊള്ളാം. സ്വന്തം നിലനില്‍പ്പിനു വേണ്ടി ആണെങ്കിലും അത്രയും വേഗം അവന്‍ അങ്ങനെ ഒരു വഴി കണ്ടെത്തിയല്ലോ"

സംഗതി ഇതായിരുന്നു. ഞാന്‍ ജിബീഷേട്ടന് അയച്ചു കൊടുത്ത മെസ്സേജില്‍ ഉണ്ടായിരുന്നത് മൊബൈല്‍ ഫോണ്‍ കമ്പനിയുടെ പേരും മോഡല്‍ നമ്പറും ഉദ്ദേശ്ശ മാര്‍ക്കറ്റ് വിലയും ആയിരുന്നു. അതില്‍ ഇങ്ങനെ ആണ് എഴുതിയിരുന്നത് - "Samsung Galaxy - ACE S6802 - 11,000"

ആ കടയില്‍ കയറി തിരക്കു പിടിച്ച് മോഡല്‍ നമ്പര്‍ നോക്കി പറഞ്ഞു കൊടുത്തപ്പോള്‍ മോഡല്‍ നമ്പറിനു പകരം ജിബീഷേട്ടന്‍ പറഞ്ഞത് മോഡലിനു നേരെ ഞാന്‍ എഴുതിയ മാര്‍ക്കറ്റ് വില (11000/-) ആയിരുന്നു എന്ന് മാത്രം.

Friday, May 3, 2013

മേടമാസപ്പൂ വിരിഞ്ഞു

​കഴിഞ്ഞ രണ്ടു മാസമായി കൂടുതല്‍ ദിവസവും ഞാന്‍ നാട്ടില്‍ തന്നെ ആയിരുന്നു. മാര്‍ച്ചിലും ഏപ്രിലിലുമായി ബാംഗ്ലൂര്‍ താമസിച്ചത് കഷ്ടിച്ച് 15 ദിവസം.

അഞ്ചാറു മാസങ്ങള്‍ക്ക് ശേഷം നാട്ടില്‍ വന്നതു തന്നെ സുഹൃത്തുക്കള്‍ക്കൊപ്പം പെട്ടെന്ന് പ്ലാന്‍ ചെയ്ത ഒരു വേളാങ്കണ്ണി ട്രിപ്പിനു വേണ്ടിയായിരുന്നു. അതു കഴിഞ്ഞതും തിരികേ ബാംഗ്ലൂര്‍ക്ക് പോയി. രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും നാട്ടിലേയ്ക്ക്... വര്‍ഷയ്ക്ക് (എന്റെ ശ്രീമതി) നാട്ടില്‍ ജോലി കിട്ടിയതു പ്രമാണിച്ച് അതിന്റെ ജോയിനിങ്ങ് ഫോര്‍മാലിറ്റീസിനും മറ്റുമായി ഒരാഴ്ച വീണ്ടും നാട്ടില്‍. അതു കഴിഞ്ഞ് തിരിച്ചു ചെന്നതിന്റെ ക്ഷീണം മാറും മുന്‍പേ നാട്ടിലേയ്ക്ക് വീണ്ടും വരേണ്ടി വന്നു. ഇത്തവണ ഒരു ബന്ധുവിന്റെ അപ്രതീക്ഷിത മരണം ആയിരുന്നു കാരണം. അതിനോടടുത്തു തന്നെ വര്‍ഷയെ ഒമ്പതാം മാസം പ്രസവത്തിനായി കൊണ്ടു പോകുന്നതിന്റെ ചടങ്ങും തുടര്‍ന്ന് അയല്‍ക്കാരനും ബന്ധുവും കൂടിയായ ഒരു സുഹൃത്തിന്റെ വിവാഹവും നാട്ടിലെ അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവവും മറ്റുമായി കുറേ ദിവസം പതിവില്ലാതെ നാട്ടില്‍ തന്നെ ആയിരുന്നു.

അപ്പോഴേയ്ക്കും വിഷു വന്നെത്തി. അതിനു രണ്ടു ദിവസം മുന്‍പേ വീണ്ടും നാട്ടിലേയ്ക്ക്. വിഷുവിന് മൂന്നു നാള്‍ മുന്‍പ് വര്‍ഷയ്ക്ക് സ്കാനിങ്ങ് ഉണ്ടായിരുന്നു. അന്ന് ഡോക്ടര്‍മാര്‍ ഡെലിവറി പ്രതീക്ഷിയ്ക്കാവുന്ന ഡേറ്റ്  എന്നു പറഞ്ഞത് ഏപ്രില്‍ 21 ആയിരുന്നു എങ്കിലും 17 നു തന്നെ അഡ്മിറ്റ് ആകാന്‍ നിര്‍ദ്ദേശ്ശിച്ചിരുന്നു. അതു കൊണ്ടു തന്നെ വിഷുവിനു വന്ന ശേഷം ഇക്കാര്യത്തില്‍ ഒരു തീരുമാനമായ ശേഷം മതി തിരിച്ചു പോക്ക് എന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു.

അങ്ങനെ ഒരാഴ്ച ലീവെടുത്ത് ഏപ്രില്‍ 17 ന് തന്നെ വര്‍ഷയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. (മറ്റു ദിവസങ്ങളില്‍ നാട്ടിലായിരുന്നെങ്കിലും Work From Native ആയിരുന്നു). അന്നത്തെ ദിവസം കക്ഷി വളരെ ഹാപ്പി ആയി ഓടി നടക്കുകയായിരുന്നു. അതു കണ്ട് ഇഷ്ടപ്പെടാഞ്ഞിട്ടോ എന്തോ, ഡോക്ടര്‍ വന്ന് പെയിനുണ്ടാകാനുള്ള മരുന്നും കൊടുത്ത് ഒരിടത്ത് കിടക്കാന്‍ നിര്‍ദ്ദേശ്ശിച്ചിട്ടു പോയി. പിന്നീട് ഇടയ്ക്കിടെ നഴ്സൂമാര്‍ വന്ന്  എന്തെങ്കിലും വിശേഷമുണ്ടോ എന്ന് തിരക്കുന്നുണ്ടായിരുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല. രാത്രി രണ്ടു മൂന്നു തവണ വന്നു വിളിച്ചതിനാല്‍ ആശുപത്രിയില്‍ കൂട്ടിന് നിന്നിരുന്ന എന്റെയും വര്‍ഷയുടെ അമ്മയുടെയും ഉറക്കം പോയതു മിച്ചം.

പിറ്റേന്ന് അതിരാവിലെ അഞ്ചു മണിയ്ക്കും നഴ്സ് വന്ന് വിവരമന്വേഷിച്ചു. അപ്പോഴും പുരോഗതി ഒന്നും കാണാത്തതിനെ തുടര്‍ന്ന് ഒരിയ്ക്കല്‍ കൂടി മരുന്നു നല്‍കി നോക്കാമെന്നും അന്നും പെയിന്‍ വന്നില്ലെങ്കില്‍ മാത്രം സിസേറിയനെ പറ്റി ആലോചിയ്ക്കേണ്ടി വരുമെന്നും അവര്‍ പറഞ്ഞു.

എന്തായാലും ഒരു ദിവസം കൂടി സമയമുണ്ടല്ലോ എന്ന ആശ്വാസത്തില്‍ ഒന്നു ഫ്രെഷ് ആയി വരാമെന്നും പറഞ്ഞ് ഞാന്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലേയ്ക്ക് വിട്ടു. കുളിച്ച് ഫ്രെഷ് ആയി രാവിലെ വര്‍ഷയ്ക്കും അമ്മയ്ക്കും ഉള്ള ഭക്ഷണമെല്ലാം എടുത്ത് തിരികെ പോകാനായിരുന്നു എന്റെ പ്ലാന്‍.  പക്ഷേ, വീട്ടിലെത്തി, കുളിയും കഴിഞ്ഞ് അവര്‍ക്കുള്ള ഭക്ഷണം എടുക്കുമ്പോഴേയ്ക്കും ആശുപത്രിയില്‍ നിന്ന് അമ്മ വിളിച്ചു. രാവിലത്തെ ചെക്കപ്പില്‍ പ്രഷര്‍ കുറച്ചു കൂടുതല്‍ ആയി തോന്നുന്നുണ്ടെന്നും പെയിന്‍ വരുന്നതും നോക്കി, നോര്‍മല്‍ ഡെലിവറിയും പ്രതീക്ഷിച്ച് ഇരിയ്ക്കുന്നതിലും നല്ലത് സിസേറിയന്‍ ആണ് എന്ന് ഡോക്ടര്‍ പറഞ്ഞു എന്ന് എന്നെ അറിയിച്ചു.

അങ്ങനെയാണെങ്കില്‍ സിസേറിയന്‍ തന്നെ ആയിക്കോട്ടെ എന്ന് ഞാനും സമ്മതിച്ചു. അതിനു വേണ്ടിയുള്ള സമ്മതപത്രം ഞാന്‍ ഒപ്പിട്ടു കൊടുക്കണമെന്നും ഏഴരയ്ക്ക് മുന്‍പ് എന്നോട് അവിടെ എത്തണമെന്നും പറഞ്ഞതനുസരിച്ച് ഉടനേ തന്നെ വീട്ടുകാരോട് പുറകെ എത്തിയാല്‍ മതി എന്നും പറഞ്ഞ് ഞാന്‍ ജിബീഷേട്ടന്റെ ബൈക്കും വാങ്ങി ആശുപത്രിയിലേയ്ക്ക് തിരിച്ചു. അപ്പോള്‍ തന്നെ സമയം 7 കഴിഞ്ഞിരുന്നു.

വണ്ടിയില്‍ ഇന്ധനം തീരെ കുറവാണെന്നു കണ്ട് പോകും വഴി പമ്പില്‍ കയറി പെട്രോള്‍ അടിച്ച് കഴിയുമ്പോള്‍ 7.10. എങ്കിലും അതിരാവിലെ ആയതിനാല്‍ ട്രാഫിക്ക് തിരെ കുറവായതു കാരണം കൃത്യ സമയത്ത് ഞാന്‍ ആശുപത്രിയില്‍ എത്തി, സമ്മതപത്രം ഒപ്പിട്ടു നല്‍കി. അപ്പോള്‍ തന്നെ വര്‍ഷയെ ലേബര്‍ റൂമിലേയ്ക്ക് കയറ്റി. ഒരു മണിക്കൂറിനു ശേഷം ഓപ്പറേഷന്‍ തീയറ്ററിലേയ്ക്ക് കയറ്റും എന്ന് അവരറിയിച്ചിരുന്നു.

അങ്ങനെ ലേബര്‍ റൂമിനു പുറത്ത് ഞങ്ങളുടെ അര മണിക്കൂര്‍ നേരത്തെ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് ഒമ്പതു മണി കഴിഞ്ഞപ്പോള്‍ ഒരു തുണിയില്‍ പൊതിഞ്ഞെടുത്ത ഒരു കൈക്കുഞ്ഞിനേയും കൊണ്ട് നഴ്സ്  ലേബര്‍ റൂമിന്റെ വാതില്‍ തുറന്നു.

"വര്‍ഷയുടെ ആരെങ്കിലും..." എന്ന് ചോദിച്ച് എന്നെ നോക്കി (ആ വരാന്തയില്‍ അപ്പോള്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുമുള്ളൂ. അമ്മയും അമ്മാവനും എന്തോ സംസാരിച്ചു കൊണ്ട് മുറിയിലേയ്ക്ക് പോയതേയുള്ളൂ). ഞാന്‍ അതെ എന്ന് തല കുലുക്കി കൊണ്ട് വേഗം എഴുന്നേറ്റ് അവരുടെ അടുത്തേയ്ക്ക് ചെന്നു. "പെണ്‍കുഞ്ഞാണ്. 8.56 ആണ് ജനന സമയം" എന്നു പറഞ്ഞ് അവര്‍ കുഞ്ഞിനെ എന്റെ കയ്യിലേയ്ക്ക് ഏല്‍പ്പിച്ചു. നിറഞ്ഞ മനസ്സോടെ, പ്രാര്‍ത്ഥനയോടെ ഞാന്‍ കുഞ്ഞിനെ എന്റെ കയ്യിലേയ്ക്ക് ഏറ്റു വാങ്ങിയപ്പോഴേയ്ക്കും വര്‍ഷയുടെ അമ്മയും അമ്മാവനും അങ്ങോട്ടെത്തി. തൊട്ടു പുറകെ എന്റെ വീട്ടുകാരും.

രണ്ടു മൂന്നു മണിക്കൂറിനു ശേഷം വര്‍ഷയെയും റൂമിലേയ്ക്ക് കൊണ്ടു വന്നു. ഒരാഴ്ചയ്ക്കു ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വര്‍ഷയുടെ വീട്ടിലേയ്ക്കും.

അങ്ങനെ ചുരുക്കി പറഞ്ഞാല്‍... 2013 ഏപ്രില്‍ 18 വ്യാഴാഴ്ച (കൊല്ലവര്‍ഷം 1188 മേടം 5) രാവിലെ 8.56 നുള്ള ശുഭമുഹൂര്‍ത്തത്തില്‍ പുണര്‍തം നക്ഷത്രത്തില്‍ ഞങ്ങളുടെ കുടുംബത്തിലേയ്ക്ക് ഒരു അംഗം കൂടി കടന്നു വന്നു... പുതിയ  തലമുറയില്‍ ചേട്ടന്റെ മകനു ശേഷം രണ്ടാമത്തെ കുഞ്ഞായി, ഈ തലമുറയിലെ ആദ്യത്തെ പെണ്‍കുഞ്ഞായി... 


[ഔദ്യോഗികമായി പേരിടല്‍ ചടങ്ങിനുള്ള സമയമാകുന്നതേയുള്ളൂ... എങ്കിലും ഞങ്ങള്‍ ഇടാനുദ്ദേശ്ശിയ്ക്കുന്ന "സാരംഗി" എന്ന പേര് ഇവിടെ എല്ലാവരോടുമായി പങ്കു വയ്ക്കുന്നു.]

Friday, April 12, 2013

ഓര്‍മ്മകളില്‍ ഒരു വിഷുക്കണി

കുട്ടിക്കാലത്തെ വിഷു ആഘോഷങ്ങളിലെ മായാതെ നില്‍ക്കുന്ന ചില ഓര്‍മ്മകളുണ്ട്.  വാര്‍ഷിക പരീക്ഷകളെല്ലാം കഴിഞ്ഞ് മദ്ധ്യവേനലവധി തുടങ്ങിക്കഴിഞ്ഞാല്‍ തിരക്കു പിടിച്ച് വിശ്രമമില്ലാതെ ഒരോ ദിവസത്തിലെയും മാക്സിമം മണിക്കൂറുകള്‍ കളിച്ചു തീര്‍ക്കാന്‍ പരിശ്രമിയ്ക്കുന്ന കാലമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ആദ്യ അവധി നാളുകള്‍. കുറച്ചു നാളുകള്‍ കഴിഞ്ഞാല്‍ അയല്‍പക്കങ്ങളിലെ സുഹൃത്തുക്കളൊക്കെ ബന്ധുവീടുകളില്‍ പോകും, പിന്നെ കളിയ്ക്കാന്‍ കൂട്ടിന് ആരുമുണ്ടാകില്ല. മിക്കവാറും വിഷു കഴിയുമ്പോഴേയ്ക്കും ആയിരിയ്ക്കും ഇതൊക്കെ സംഭവിയ്ക്കുക. അതു കൊണ്ടൊക്കെ തന്നെ വിഷു വരെയുള്ള അവധിക്കാലം തന്നെയായിരിയ്ക്കും ഏറ്റവും രസകരം.

​ അത് മാത്രമല്ല, വിഷു ഏപ്രില്‍ പകുതിയിലേ ഉണ്ടാകുകയുള്ളൂ എങ്കിലും അതിനുള്ള തയ്യാറെടുപ്പുകളൊക്കെ അവധി തുടങ്ങുമ്പോഴേ ആരംഭിച്ചിരിയ്ക്കും.  വിഷുക്കൈനേട്ടത്തെ പറ്റി മനോരാജ്യം കണ്ട്, വിഷു വിഭവങ്ങളുടെ സ്വാദെല്ലാം മനസ്സിലോര്‍ത്ത്, വിഷുവിന് അച്ഛന്‍ വാങ്ങിത്തരുന്ന പടക്കവും കമ്പിത്തിരിയും മറ്റും കിട്ടുന്ന നാളിനു വേണ്ടിയുള്ള കാത്തിരിപ്പും കൂടിയാണ് ആ നാളുകള്‍. വിഷു എന്ന ഓര്‍മ്മ മന്സ്സില്‍ വരുമ്പോളെല്ലാം അടുത്ത വീടുകളിലെ സുഹൃത്തുക്കളുമൊത്ത് മത്സരിച്ചു പടക്കം പൊട്ടിച്ചിരുന്ന നാളുകളാണ് ഇന്നും ആദ്യം ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നത്. ഞങ്ങളുടെ വീട്ടില്‍ ഞാനും ചേട്ടനും, അപ്പുറത്തെ വീട്ടില്‍ സുധീഷും സുജിത്തും, തൊട്ടപ്പുറത്ത് ജിബീഷേട്ടനും ജിബി ചേച്ചിയും, അതിനു പിന്നില്‍ സലീഷേട്ടനും സാബു ചേട്ടനും... അങ്ങനെ ഏതാണ്ട് സമപ്രായക്കാരായ കുട്ടികളുള്ള ഓരോ വീട്ടുകാരും ഒന്നിനു പുറകെ മറ്റൊന്ന് എന്ന നിലയില്‍ പടക്കം മത്സരിച്ച് പൊട്ടിയ്ക്കുമായിരുന്നു.

ഏപ്രില്‍ ആദ്യ വാരം മുതലേ അച്ഛന്റെ പുറകേ നടന്ന് പടക്കം, കമ്പിത്തിരി, മേശപ്പൂ, മത്താപ്പൂ, ചക്രം... അങ്ങനെയങ്ങനേ അപേക്ഷകള്‍ ഓരോന്നായി കൊടുത്തു തുടങ്ങിയിട്ടുണ്ടാകും. എല്ലായ്പ്പോഴുമെന്ന പോലെ അച്ഛന്‍ അത്തരം അപേക്ഷകളൊന്നും തള്ളുകയോ കൊള്ളുകയോ ചെയ്യാറില്ല. വാങ്ങിത്തരാമെന്നോ തരില്ലെന്നോ പറയാറില്ലെങ്കിലും വിഷുവിന് രണ്ടു മൂന്നു ദിവസം മുന്‍പ് എന്തായാലും അച്ഛന്‍ വരുമ്പോള്‍ കയ്യില്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ആ പൊതി ഉണ്ടായിരിയ്ക്കും. അത് ഒരിയ്ക്കലും ഞങ്ങള്‍ ആവശ്യപ്പെടുന്ന ലിസ്റ്റ് അനുസരിച്ച് ആയിരിയ്ക്കില്ല, പകരം സ്വന്തം പോക്കറ്റിന്റെ കനമനുസരിച്ച് അച്ഛന്‍ സ്വന്തമായി തിരഞ്ഞെടുക്കുന്നവയായിരിയ്ക്കും എന്നു മാത്രം. പക്ഷേ, എന്തു കൊണ്ടോ അതില്‍ ഞങ്ങള്‍ക്കൊരിയ്ക്കലും പരിഭവം ഉണ്ടാകാറുമില്ല.

അന്നെല്ലാം  എനിയ്ക്കും ചേട്ടനുമെല്ലാം അച്ഛന്‍ വാങ്ങിത്തന്ന പടക്കങ്ങളും മറ്റും പൊട്ടിച്ച് അടിച്ചു പൊളിച്ചു ന്നാല്‍ മാത്രം മതി. വിഷുക്കണി ഒരുക്കലും മറ്റും അച്ഛന്റെ ഡ്യൂട്ടിയാണ്. ഞങ്ങള്‍ക്ക് വിഷുവിന്റെ അന്ന് അച്ഛനും അമ്മയും രാവിലെ വിളിച്ചെഴുന്നേല്‍പ്പിയ്ക്കുമ്
പോള്‍ എഴുന്നേറ്റ് വന്ന് കണി കണ്ടാല്‍ മാത്രം മതി.

എന്നാല്‍ എന്റെ ചേട്ടന്റെ സഹപാഠികളും അയല്‍ക്കാരുമായ ജിബീഷ് ചേട്ടനും സലീഷ് ചേട്ടനുമെല്ലാം ചേര്‍ന്ന് അന്നെല്ലാം വിഷുക്കാലങ്ങളില്‍ വിഷുക്കണി ഒരുക്കുന്ന പതിവുണ്ടായിരുന്നു. കണി വയ്ക്കേണ്ട സാമഗ്രികളെല്ലാം സംഘടിപ്പിച്ച് എല്ലാം കൂടെ സാമാന്യം വലിപ്പമുള്ള ഒരു ഉരുളിയിലാക്കി വിഷു തലേന്നു തന്നെ ഒരുക്കി വയ്ക്കും. എന്നിട്ട് വിഷുവിന്റെ അന്ന് അതി രാവിലെ (മിക്കവാറും ഒരു 3 മണി - 4 മണി )ആ ഭാഗത്തുള്ള എല്ലാ വീടുകളിലും ഇതുമായി കയറിയിറങ്ങും. ഇതിന്റെ പിന്നില്‍ രണ്ട് ഉദ്ദേശ്ശമുണ്ട്. ഒന്ന്, എല്ലാവര്‍ക്കും കണി കാണാന്‍ ഒരു അവസരം ഒരുക്കുക - പ്രത്യേകിച്ചും കണി വയ്ക്കാത്തവര്‍ക്ക്. രണ്ട്, കണി കാണിയ്ക്കുന്നതിന്റെ ഭാഗമായി കിട്ടുന്ന കൈനേട്ടം മുഴുവനും എടുത്ത് അടുത്ത രണ്ടു മൂന്നു ദിവസം ഭേഷായി പുട്ടടിയ്ക്കുക. (രണ്ടാമത്തെ ഉദ്ദേശ്ശത്തിനാണ് ഇവര്‍ മുന്‍ഗണന കൊടുത്തിരുന്നത് എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ).

സാധാരണ കണിയുമായ് വരുന്ന ടീമുകളെ എല്ലാം പോലെ ഇവരും പിന്തുടര്‍ന്നിരുന്ന ഒരു രീതി ഉണ്ടായിരുന്നു. ആദ്യം തന്നെ ഏതെങ്കിലും വീട്ടു മുറ്റത്തേയ്ക്ക് കണി സാമഗ്രികളും മറ്റുമായി എത്തും. ശബ്ദമുണ്ടാക്കാതെ കണി ഒരുക്കി വാതില്‍ തുറന്ന് വരുമ്പോള്‍ തന്നെ ആ വീട്ടുകാര്‍ക്ക് കാണാനാകുന്ന തരത്തില്‍ അത് ശരിയാക്കി വയ്ക്കും. എന്നിട്ട് മുറ്റത്തിന്റെ ഇരുട്ടു വീണ ഏതെങ്കിലും ഒരു കോണിലേയ്ക്ക് മാറി നില്‍ക്കും (ആ വീട്ടുകാര്‍ കതകു തുറന്ന് വരുമ്പോള്‍ കണി കാണുന്നത് ഇവരെ ആകരുതല്ലോ). എന്നിട്ട് വീട്ടുകാരെ ഉണര്‍ത്താനും കണി തയ്യാറായി എന്നറിയിക്കാനുമായി രണ്ടോ മൂന്നോ പടക്കങ്ങള് അവരുടെ മുറ്റത്തു തന്നെ പൊട്ടിയ്ക്കും. പടക്കം പൊട്ടുന്ന ശബ്ദം കേട്ട് കണി കൊണ്ടുവന്നിട്ടുണ്ട് എന്നു മനസ്സിലാക്കുന്ന വീട്ടുകാര്‍ എഴുന്നേറ്റ് വന്ന് ഭക്തിയോടെ കണി കണ്ട് തൊഴുത്, സന്തോഷത്തോടെ ആ പാത്രത്തിലേയ്ക്ക് അവരുടെ വകയായി ചില്ലറകളെന്തെങ്കിലും നിക്ഷേപിയ്ക്കും. അപ്പോഴേയ്ക്കും കണിയുമായി വന്നവര്‍ ഇരുട്ടത്തു നിന്നും പുറത്തു വന്ന് അവര്‍ക്ക് നല്ലൊരു വിഷു ആശംസിച്ച് കണി സാമഗ്രികളും മറ്റും തിരിച്ചെടുത്ത് അടുത്ത വീട്ടിലേയ്ക്കു പോകും... ഈ പരിപാടി ഓരോ വീടുകളിലും ആവര്‍ത്തിയ്ക്കും. അങ്ങനെ രണ്ടു മണിക്കൂറു കൊണ്ട് ഇവര്‍ക്ക് മിക്കവാറും ആ ഏരിയ മുഴുവനും 'കവര്‍' ചെയ്യാന്‍ സാധിച്ചിരുന്നു. മാത്രമല്ല, അപ്പോഴേയ്ക്കും കണിപാത്രത്തില്‍ നല്ലൊരു തുക കൈനേട്ടമെന്ന പേരില്‍ സമ്പാദിയ്ക്കാനും കഴിഞ്ഞിരുന്നു.


അങ്ങനെ, ഒരു പത്തിരുപത്തി രണ്ട് വര്‍ഷം മുന്‍പത്തെ മദ്ധ്യ വേനലവധിയിലെ ഒരു വിഷുക്കാലം. ഞാന്‍ മൂന്നാം ക്ലാസ്സോ നാലാം ക്ലാസ്സോ കഴിഞ്ഞു നില്ക്കുന്ന സമയം. ആ വര്‍ഷത്തെ വിഷു ദിനം പുലര്‍ന്നു. ഏതാണ്ട് 3 മണി ആയപ്പോഴേയ്ക്കും പതിവു പോലെ എന്നെയും ചേട്ടനേയും അച്ഛന്‍ വിളിച്ചുണര്‍ത്തി, കണി കാണിച്ചു. കണ്‍ കുളിര്‍ക്കെ, മനം നിറയെ കണി കണ്ട്, ഞാനും ചേട്ടനും അതി രാവിലെ തന്നെ ബാക്കി വന്ന പടക്ക സാമഗ്രികളില്‍ ചിലതെടുത്ത് പ്രയോഗിച്ച് വിഷുപ്പുലരി ആഘോഷങ്ങള്‍ തുടങ്ങി.

അപ്പോഴാണ് ജിബീഷേട്ടനും സലീഷേട്ടനുമെല്ലാം അവരുടെ കണി തയ്യാറാക്കി അങ്ങോട്ട് വരുന്നത്. ഞങ്ങള്‍ കണി കണ്ടു കഴിഞ്ഞിരുന്നെങ്കിലും അച്ഛന്‍ അവരെ നിരാശരാക്കാതെ അവരുടെ കണിയും കണ്ടു തൊഴുത്, അവരുടെ ഉരുളിയിലും കുറച്ച് ചില്ലറ നിക്ഷേപിച്ച് അവരെ സന്തോഷത്തോടെ പറഞ്ഞയച്ചു.

അടുത്തതായി കണിയുമായി പോകുന്നത് ഞങ്ങളുടെ തറവാട്ടിലേയ്ക്ക് ആയതു കൊണ്ടായിരിയ്ക്കണം, ജിബീഷ് ചേട്ടന്‍ എന്റെ ചേട്ടനേയും കൂടെ വിളിച്ചു. അവിടെ കുഞ്ഞച്ഛന്‍ ഗള്‍ഫില്‍ പോയ സമയമാണ്. അമ്മൂമമാരും ചിറ്റയും കണ്ണനും മാത്രമേ അന്ന് അവിടെയുള്ളൂ. കണ്ണനാണെങ്കില്‍ മൂന്നു വയസ്സ് പ്രായവും. അതു കൊണ്ട് ചിറ്റ അവിടെ കണി ഒരുക്കിയിട്ടുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ, കണിയുമായി അവിടെ എന്തായാലും രാവിലെ ചെല്ലണം എന്ന് തലേന്നു തന്നെ ചിറ്റ ജിബീഷേട്ടനെ പറഞ്ഞേല്‍പ്പിച്ചിരുന്നു.

പ്രത്യേകം പറഞ്ഞേല്‍പ്പിച്ചിരുന്നതു കൊണ്ടു തന്നെ അവിടെ നിന്ന് കാര്യമായി എന്തെങ്കിലും തടഞ്ഞേക്കും എന്ന സന്തോഷത്തോടെ തന്നെയാണ് ഇവര്‍ അന്ന് അങ്ങോട്ടു വച്ചടിച്ചത്. അങ്ങനെ അവര്‍ തറവാടിന്റെ മുറ്റത്തെത്തി.  പതിവു പോലെ, ശബ്ദമുണ്ടാക്കാതെ കണി സാമഗ്രികളെല്ലാം ഉരുളിയില്‍ ശരിയാക്കി വച്ചു. എന്നിട്ട് അത് നേരെ പടിക്കെട്ടിനു മുന്നില്‍ തന്നെ കൊണ്ടു വച്ചു, വിളക്കെല്ലാം തെളിച്ച് തയ്യാറായ ശേഷം എല്ലാവരും ഇരുട്ടത്തേയ്ക്ക് ഒതുങ്ങി നിന്നു. അടുത്തതായി സലീഷേട്ടന്‍ കയ്യില്‍ കരുതിയിരുന്ന ഓലപ്പടക്കം എടുത്ത് പൊട്ടിച്ചു. വീട്ടിനകത്തു നിന്ന് അനക്കമൊന്നും കേള്‍ക്കാതായപ്പോള്‍ അടുത്തത് എടുത്ത് വീടിനടുത്ത് തന്നെ ഇട്ടു ഒന്നു കൂടെ പൊട്ടിച്ചു.

ഇത്തവണത്തെ പടക്കം ഏറ്റു. അകത്ത് നിന്ന് വാതില്‍ തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍ എല്ലാവരും ശബ്ദമടക്കി ഇരുട്ടത്ത് ചേര്‍ന്നു നിന്നു. ആദ്യം അമ്മൂമ്മമാരും പുറകേ ചിറ്റയും വാതില്‍ തുറന്ന് ഉമ്മറത്തേയ്ക്ക് എത്തി. എന്നിട്ട് കണി കണ്ട് ഭക്തിയോടെ തൊഴുതു. അതിനു ശേഷം ചിറ്റ ഉറങ്ങിക്കിടന്ന കണ്ണനെ കൂടെ വിളിച്ചുണര്‍ത്തി കണി കാണിയ്ക്കാനായി അകത്തേയ്ക്കു പോയി. അപ്പോള്‍ തന്നെ കണ്ണനെ ചുമലിലിട്ട് വീണ്ടും തിരിച്ചു വന്നു. ഉറക്കത്തില്‍ നിന്നും കണ്ണനെ പതുക്കെ ചുമലില്‍ നിന്നെടുത്ത്, നേരെ കണിയ്ക്കു മുന്നില്‍ കൊണ്ടു നിര്‍ത്തി.എന്നിട്ട് പതുക്കെ കുലുക്കി വിളിച്ച് പറഞ്ഞു... "കണ്ണാ... കണ്ണു തുറക്ക്... ദാ നോക്ക്, വിഷുക്കണി. ശരിക്കു കണ്ണു തുറന്ന് കണ്ട് പ്രാര്‍ത്ഥിയ്ക്ക്"

കണ്ണന്‍ നല്ല ഉറക്കത്തിലായിരുന്നു. ഉറക്കത്തില്‍ നിന്നും എടുത്ത് കണിയ്ക്കു മുന്നില്‍ നിര്‍ത്തി, വിളിച്ചുണര്‍ത്തിയതും ആശാന്‍ വൈകിച്ചില്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും മനസ്സിലാകും മുന്‍പ്, തടുക്കാനാകും മുന്‍പ് അവന്‍ അതു ചെയ്തു. ഉറക്കച്ചടവില്‍ കണ്ണു തുറന്നു നോക്കാനൊന്നും മിനക്കെടാതെ യാന്ത്രികമായെന്നോണം സ്വന്തം ട്രൌസര്‍ വലിച്ചു താഴ്ത്തി, മൂത്രമൊഴിയ്ക്കാന്‍ തുടങ്ങി... അതും നേരെ കണി വച്ച ഉരുളിയിലേയ്ക്ക് തന്നെ. നിമിഷങ്ങള്‍ക്കകം അതില്‍ കത്തിച്ചു വച്ചിരുന്ന വിളക്കിന്റെ തിരികള്‍ കെടാന്‍ തുടങ്ങി.

ഏതാനും നിമിഷങ്ങള്‍ വേണ്ടി വന്നു, ചിറ്റയ്ക്കോ ഇരുളില്‍ മാറി നിന്നിരുന്നവര്‍ക്കോ എന്താണ് സംഭവിയ്ക്കുന്നത് എന്ന് മനസ്സിലാക്കാന്‍... കാര്യം മനസ്സിലായതും "അയ്യോ കണ്ണാ... ഞങ്ങളുടെ കണി കുളമാക്കല്ലേ" എന്നും പറഞ്ഞ് സലീഷേട്ടന്‍ ഓടിച്ചെന്ന് ഉരുളി എടുത്തു മാറ്റി. അപ്പോഴേയ്ക്കും കാര്യം മനസ്സിലാക്കിയ ചിറ്റയും കണ്ണന്റെ നില്‍പ്പിന്റെ പൊസിഷന്‍ മാറ്റിപ്പിടിച്ചു. പക്ഷേ അപ്പോഴേയ്ക്കും മൂത്രം വീണ് വിളക്കു കെടുകയും ഉരുളിയിലെ സാധന സാമഗ്രികളും മറ്റുമെല്ലാം  ഒരു വിധം നാശമായിക്കഴിയുകയും ചെയ്തിരുന്നു. എന്തിന്, കൃഷ്ണ വിഗ്രഹം പോലും ഒരു മൂത്രാഭിഷേകം കഴിഞ്ഞ അവസ്ഥയിലായിരുന്നു.

അപ്പോഴേയ്ക്കും ഇതൊന്നും അറിയാതെ, മൂത്രമൊഴിച്ച് കഴിഞ്ഞിരുന്ന കണ്ണന്‍ വീണ്ടും ചിറ്റയുടെ ചുമലില്‍ വീണ് ഉറക്കം പുനരാരംഭിച്ചിരുന്നു. കണി കുളമായല്ലോ എന്ന വിഷമത്തില്‍ ചിറ്റ നില്‍ക്കുമ്പോള്‍ "അതു സാരമില്ല, ചേച്ചീ,എന്തായാലും ഉണ്ണി മൂത്രം പുണ്യാഹം എന്നല്ലേ, സാരമില്ല" എന്നും പറഞ്ഞ് ചിരിച്ചു കൊണ്ട് ജിബീഷേട്ടനും സലീഷുമെല്ലാം ആ വര്‍ഷത്തെ കണി പരിപാടി അതോടെ നിര്‍ത്താന്‍ തീരുമാനിച്ചു.

എങ്കിലും അത് അവര്‍ക്ക് സാമ്പത്തികമായി ഒരു നഷ്ടം വരുത്തിയില്ല. കാരണം കണ്ണന്‍ അറിയാതെ ചെയ്തതാണെങ്കിലും അതു കാരണം ആ വര്‍ഷത്തെ അവരുടെ കണികാണിയ്ക്കല്‍ പരിപാടി തടസ്സപ്പെട്ട വിഷമം കൂടി കണക്കിലെടുത്ത് ചിറ്റ അവര്‍ക്ക് നല്ലൊരു തുക തന്നെ കൈനേട്ടം എന്ന പേരില്‍ നല്‍കി. അതു കൊണ്ടു തന്നെ അവരും സന്തോഷമായി തന്നെയാണ് മടങ്ങിയതും. അതിനാല്‍ പതിവിലും ഗംഭീരമായി അവര്‍ക്ക് ആ വിഷു ആഘോഷിയ്ക്കാനും അതു കൊണ്ട് കഴിഞ്ഞു.

പക്ഷേ, എന്തു കൊണ്ടോ, അതിനു ശേഷം ഒരൊറ്റ വിഷുവിനും അവര്‍ കണിയുമായി ഇറങ്ങിയിട്ടില്ല. പിന്നീട് അവരെപ്പോലെ, പല ടീമുകളും തുടര്‍ന്നുള്ള വര്‍ഷങ്ങളിലായി ഇതു പോലെ കണികളുമായി വരുകയും പോകുകയും ചെയ്യുന്നുണ്ടെങ്കിലും അന്നത്തെ ആ വിഷുക്കണി ഞങ്ങള്‍ക്കെല്ലാവര്‍ക്കും  എക്കാലത്തേയും വിഷുദിന ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ പറഞ്ഞു ചിരിയ്ക്കാന്‍ പറ്റുന്ന ഒന്നായിത്തീര്‍ന്നു.

ഇന്ന് സലീഷേട്ടനും കണ്ണനും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നു. എങ്കിലും വല്ലപ്പൊഴും അവധിയ്ക്ക് നാട്ടിലെത്തുമ്പോള്‍ ഇരുവരും ഒരുമിച്ചു കാണുന്ന അവസരങ്ങളില്‍ സലീഷേട്ടന്‍ ചിരിച്ചു കൊണ്ട് പറയും "എങ്കിലും കണ്ണാ... അന്നത്തെ ഞങ്ങടെ വിഷുക്കണി"

Wednesday, March 13, 2013

പ്രണയലേഖനം


നാട്ടില്‍ ഞങ്ങള്‍ക്കൊരു സുഹൃത്തുണ്ട്. അദ്ധ്യാപകനാണെങ്കിലും പലപ്പോഴും മുന്നും പിന്നും നോക്കാതെ, സന്ദര്‍ഭം ആലോചിയ്ക്കാതെ ഓരോന്ന് ചെയ്തു കൂട്ടുന്നതിനാല്‍ ആശാന് പറ്റിയിട്ടുള്ള അമളികള്‍ക്ക് കണക്കില്ല. സുഹൃത്തുക്കള്‍ക്കിടയിലെല്ലാം 'മാഷ്' എന്ന ചുരുക്കപ്പേരില്‍ തന്നെ ആള്‍ പ്രശസ്തനാണ്. (തടി കേടായേക്കും എന്നുള്ളതിനാല്‍ പേര് ഇവിടെ സൂചിപ്പിയ്ക്കുന്നില്ല). ട്യൂഷനും പാരലല്‍ കോളേജിലെ അദ്ധ്യാപക ജോലിയുമായി മാഷ് കരിയര്‍ ആരംഭിച്ചത് പത്തു പതിനഞ്ച് വര്‍ഷം മുന്‍പാണ്. ഇന്ന് കക്ഷി മികച്ച ഒരദ്ധ്യാപകനുമാണ്.

ഇത് ഏതാണ്ട് എട്ടു പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ സംഭവമാണ്. അക്കാലത്ത് മാഷ് ചാലക്കുടിയില്‍  പാരലല്‍ കോളേജുകളിലും ട്യൂഷന്‍ സെന്ററുകളിലും സ്ഥിരമായി പഠിപ്പിയ്ക്കാന്‍ പോകുന്ന കാലമാണ്. ഒരു ശരാശരി മലയാളിയെ പോലെ സുഖകരമായ ഭാവി ജീവിതം സ്വപ്നം കണ്ട് കഴിയുന്ന കാലം. അദ്ധ്യാപനം ജീവിതമാര്‍ഗ്ഗമാക്കാനൊന്നും അന്ന് പ്ലാനില്ല, പകരം ഏതെങ്കിലും ഒരു സര്‍ക്കാര്‍ ജോലിയില്‍ കയറി ജീവിതം സുരക്ഷിതമാക്കി, കൊള്ളാവുന്ന കുടുംബത്തില്‍ നിന്ന് (ന്ന്വച്ചാല്‍ സാമ്പത്തികമായി നല്ല നിലയിലുള്ള എന്നര്‍ത്ഥം) ഒരു പെണ്ണും കെട്ടി ഭാവി ഭദ്രമാക്കുക എന്ന ലക്ഷ്യം മാത്രം.

എങ്കിലും പ്രധാന വരുമാനമാര്‍ഗ്ഗമായി അദ്ധ്യാപനം തുടരുന്ന കാലം. നമ്മുടെ മാഷിന് പ്ലസ്സ് വണ്‍ - പ്ലസ്സ് ടു ക്ലാസ്സുകാര്‍ക്കാണ് അന്ന് കൂടുതലും ക്ലാസ്സെടുക്കേണ്ടിയിരുന്നത്. കൂടുതലും സാധാരണക്കാരായ കുട്ടികള്‍ ആയിരുന്നെങ്കിലും അക്കൂട്ടത്തില്‍ അപൂര്‍വ്വമായി പണക്കാരുടെ മക്കളായ, കാണാന്‍ കൊള്ളാവുന്ന ചില പെണ്‍കുട്ടികളും ഉള്‍പ്പെട്ടിരുന്നു. ആ പ്രായത്തിന്റെയും സാഹചര്യങ്ങളുടെയും അവസ്ഥ മൂലമാകാം, അവരിലാര്‍ക്കെങ്കിലും തന്നോട് പ്രണയം തോന്നിയാല്‍ ലൈഫ് തന്നെ രക്ഷപ്പെട്ടു എന്ന് കക്ഷിയ്ക്ക് മനസ്സിന്റെ ഉള്ളില്‍ രഹസ്യമായി ആഗ്രഹം തോന്നിയിരുന്നു എന്നതും ഒരു സത്യമാണ്. അതു മാത്രമല്ല, അക്കാലത്ത് അവിടുത്തെ അദ്ധ്യാപകരില്‍ ഏറ്റവും ചെറുപ്പവും ചുറുചുറുക്കും ഉള്ളത് മറ്റാര്‍ക്കുമായിരുന്നില്ല.

അങ്ങനെ വിരസമായി ക്ലാസ്സുകളും കാലവും നീങ്ങവെ ഒരു ദിവസം പ്ലസ്സ് ടു ക്ലാസ്സില്‍ വച്ച് മാഷിന് ഒരു സംശയം. മുന്‍ ബെഞ്ചിലിരിയ്ക്കുന്ന പ്രിയ എന്ന കുട്ടിയുടെ മുഖഭാവത്തില്‍ എല്ലാം ഒരു മാറ്റം. [പ്ലസ് വണ്‍ - പ്ലസ് ടു വിദ്യാര്‍ത്ഥിനികളുടെ കൂട്ടത്തില്‍ ഏറ്റവും സുന്ദരിയാണ് ഈ പ്രിയ, മാത്രമല്ല, കൊരട്ടിയിലെ ഒരു വലിയ പണക്കാരന്റെ ഏക മകള്‍].  രണ്ടു മൂന്നു ദിവസമായി നമ്മുടെ മാഷ് ക്ലാസ്സെടുക്കാന്‍ വരുമ്പോള്‍ ആ കുട്ടിയ്ക്ക് ഒരു ചെറിയ നാണവും ചമ്മലുമെല്ലാം ഉള്ള പോലെ. ക്ലാസ്സിനിടയ്ക്ക് ചിലപ്പോ തന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ കുറേ നേരം ഇരിയ്ക്കുന്നതും ചിലപ്പോ എന്തൊക്കെയോ ആലോചിച്ചു ഇരിയ്ക്കുന്നതും കക്ഷി ശ്രദ്ധിച്ചു. ആദ്യം അതത്ര കാര്യമാക്കിയില്ലെങ്കിലും രണ്ടു മൂന്നു ദിവസം ഇതേ പരിപാടികള്‍ തുടര്‍ന്നപ്പോള്‍ എന്തോ ഒരു ചെറിയ വശപ്പിശകു പോലെ.

പക്ഷേ അടുത്ത ദിവസം നടന്ന സംഭവം ആ സംശയം വെറും സംശയമല്ല എന്ന് തെളിയിച്ചു. അന്ന് മാഷ് ക്ലാസ്സിലെത്തുമ്പോള്‍ ക്ലാസ്സില്‍ പ്രിയ മാത്രമേ എത്തിയിരുന്നുള്ളൂ. തന്നെ കണ്ടപ്പോള്‍ തന്നെ അവള്‍ ആദ്യം ഒന്നു പരുങ്ങുന്നതും പിന്നെ എന്തൊക്കെയോ പറയാനുണ്ടെന്ന മട്ടില്‍ എന്തോ സംസാരിയ്ക്കാനൊരുങ്ങുന്നതും മാഷിന്റെ ശ്രദ്ധയില്‍ പെട്ടു. അതിനു മുന്‍പൊരിയ്ക്കലും ഈ കുട്ടി തന്റെ ക്ലാസ്സില്‍ മറ്റുള്ളവര്‍ക്കു മുന്‍പേ വന്നെത്തിയ സന്ദര്‍ഭം ഉണ്ടായിട്ടില്ലെന്ന് ഓര്‍ത്തെടുത്തപ്പോള്‍ അതിലെന്തോ അസ്വഭാവികതയുണ്ടാകണമെന്ന് മനസ്സിലായെങ്കിലും കക്ഷി ഇത്തിരി വെയ്റ്റ് ഇട്ട് മിണ്ടാതിരുന്നു. അവസാനം പ്രതീക്ഷിച്ചതു പോലെ തന്നെ അവളെന്തോ പറയാന്‍ തുടങ്ങിയതായിരുന്നു. പക്ഷേ, അപ്പോഴേയ്ക്കും ക്ലാസ്സില്‍ വേറെ കുട്ടികള്‍ വന്നു തുടങ്ങിയതിനാല്‍ പെട്ടെന്ന് അവള്‍ സംഭാഷണം അവസാനിപ്പിച്ചപ്പോള്‍ നമ്മുടെ മാഷ് നിരാശനായി.

പിന്നെ എങ്ങനെയൊക്കെയോ ഒരു വിധത്തില്‍ കക്ഷി ക്ലാസ്സ് എടുത്തവസാനിപ്പിച്ചു. അവള്‍ക്കെന്തായിരിയ്ക്കും തന്നോട് പറയാനുണ്ടാകുക എന്നാലോചിച്ചിട്ട് ഒരു സമാധാനവും ഇല്ലാതെ അവസാനം ക്ലാസ്സ് അവസാനിപ്പിച്ച മാഷ് അവളുമായി സംസാരിയ്ക്കാന്‍  ഒരവസരം കിട്ടിയാലോ എന്ന് കരുതി അവിടെ തന്നെ കുറച്ചു നേരം കൂടെ ഇരുന്നു. പ്രതീക്ഷിച്ചതു പോലെ കുട്ടികള്‍ ഓരോരുത്തരായി ക്ലാസ്സ് വിട്ടു പോയി. അവള്‍ മാത്രം എന്തോ കുത്തിക്കുറിയ്ക്കുന്നു എന്ന ഭാവേന അവിടെ തന്നെ ഇരുന്നു. ഒപ്പം ഇടയ്ക്കിടെ തന്നെ ഒളികണ്ണിട്ട് നോക്കുന്നതു കണ്ടതോടെ സംശയം ഏതാണ്ട് ബലപ്പെട്ടു. വൈകാതെ ക്ലാസ്സില്‍ അവര്‍ രണ്ടു പേരും മാത്രമായപ്പോള്‍ കാര്യം നേരിട്ട് ചോദിയ്ക്കാന്‍ തന്നെ മാഷ് തീരുമാനിച്ചു.

അതു വേണ്ടി വന്നില്ല, അപ്പൊഴേയ്ക്കും അവള്‍ എഴുന്നേറ്റ് നേരെ പ്ലാറ്റ്ഫോമിനടുത്തേയ്ക്ക് ചെന്നു. "മാഷേ, ഒരു കാര്യം പറയാനുണ്ട്..." എന്ന മുഖവുരയോടെ മടിച്ചു മടിച്ച് ആരെങ്കിലും കാണുന്നുണ്ടോ കേള്‍ക്കുന്നുണ്ടോ എന്ന ഭയത്തോടെ ചുറ്റും നോക്കി. മാഷിന്റെ മനസ്സില്‍ പെരുമ്പറ മുഴങ്ങി. പ്രതീക്ഷിച്ച സമയം സമാഗതമായതു പോലെ.

"എന്താ പ്രിയേ? എന്താ കാര്യം?  എന്താണെങ്കിലും ധൈര്യമായി പറഞ്ഞോളൂ" ധൈര്യം സംഭരിച്ച് മാഷ് ചോദിച്ചു.

പ്രിയയ്ക്ക് ആകെ ഒരു ചമ്മല്‍...  മാഷിന്റെ മുഖത്തു നോക്കാന്‍ തന്നെ മടി. "അത് പിന്നെ... മാഷേ, ഒരു കാര്യം... അല്ലെങ്കില്‍ വേണ്ട, ഞാന്‍ നാളെ പറയാം" ഇതും പറഞ്ഞ് അവള്‍ ഒറ്റ ഓട്ടം.

 സ്വല്‍പ്പം നിരാശയോടെ അവള്‍ പോയതും നോക്കി മാഷ് അവിടെ തന്നെ നിന്നു. 'എന്തായിരിയ്ക്കും അവള്‍ക്ക് പറയാനുണ്ടാകുക? എന്തായാലും ഇത് താനൂഹിയ്ക്കുന്നത് പോലെ തന്നെ ആകാനേ സാധ്യതയുള്ളൂ എന്ന് ഉറപ്പാണ്. അറിയപ്പെടുന്ന ഒരു പണക്കാരന്റെ സുന്ദരിയായ മകള്‍... അവള്‍ക്ക് തന്നോട് ഇഷ്ടം തോന്നുന്നുണ്ടെങ്കില്‍ തന്റെ ഭാഗ്യം തെളിഞ്ഞു എന്നു തന്നെ അല്ലേ അര്‍ത്ഥം...അടുത്ത ദിവസം എല്ലാ കാര്യത്തിനും ഒരു തീരുമാനമാക്കണം'. മാഷ് സന്തോഷത്തോടെയാണ് അന്ന് തിരിച്ചു വീട്ടിലേയ്ക്ക് പോയത്.

അടുത്ത ദിവസമായി. പതിവിലും നേരത്തേ കക്ഷി ഉണര്‍ന്നു, കുളിച്ച് റെഡിയായി. രാവിലെ തന്നെ അമ്പലത്തില്‍ പോയി ഒരു വഴിപാടും നടത്തി. ഒരു നല്ല കാര്യം നടക്കാന്‍ പോകുകയല്ലേ. തുടര്‍ന്ന് ഉള്ളതില്‍ ഏറ്റവും നല്ല ഡ്രെസ്സ് എല്ലാം ധരിച്ച് സുന്ദരനായി ചാലക്കുടിയ്ക്ക് വിട്ടു.

വലിയ ഉത്സാഹത്തോടെയാണ് ആശാന്‍ അന്ന് ക്ലാസ്സിലെത്തിയത്. പ്രതീക്ഷ തെറ്റിയില്ല,  പ്രിയ അന്നും നേരത്തെ ക്ലാസ്സിലെത്തിയിരുന്നു. 'ഇന്ന് എന്തായാലും അവള്‍ക്ക് പറയാനുള്ളത് എന്താണെന്ന് ചോദിയ്ക്കണം' എന്ന് മാഷ് മനസ്സിലുറച്ചിരുന്നു. ടെന്‍ഷന്‍ അധികം നീട്ടാന്‍ വയ്യ.

ക്ലാസ്സിലേക്കു വന്നു കയറിയ മാഷിനെ കണ്ടതും തലേന്നത്തെ പോലെ തന്നെ പ്രിയയുടെ മുഖം പെട്ടെന്ന് മാറി. എങ്കിലും തലേന്നത്തേക്കാള്‍ ധൈര്യം അവള്‍ക്കുള്ളതു പോലെ തോന്നി. ചെറിയ ടെന്‍ഷനോടെ ആണെങ്കിലും ആരെങ്കിലും വരും മുന്‍പേ കാര്യങ്ങള്‍ക്കൊക്കെ ഒരു തീരുമാനമുണ്ടാക്കിയേ തീരൂ എന്നുറപ്പിച്ചിരുന്ന മാഷ് അവളിരിയ്ക്കുന്നതിനടുത്തേയ്ക്ക് ചെന്നു. എന്തെങ്കിലും പറയും മുന്‍പേ അവള്‍ എഴുന്നേറ്റു നിന്നു. എന്നിട്ട് മുഖത്തു നോക്കാതെ ഒരു പ്ലാസ്റ്റിക് കവര്‍ എടുത്ത് കക്ഷിയുടെ നേരെ നീട്ടി. എന്നിട്ട് പറഞ്ഞു "ആരെങ്കിലും കാണും മുന്‍പേ വേഗം ഇത് വാങ്ങൂ മാഷേ".

ഒരു നിമിഷം അന്ധാളിച്ചു നിന്ന മാഷ് പെട്ടെന്ന് ആ കവര്‍ വാങ്ങി. അതു തുറക്കണോ വേണ്ടയോ എന്ന സംശയത്തില്‍ നിന്നു.

"അത് വേറെ ആരെയും കാണിയ്ക്കാതെ വേഗം ബാഗില്‍ വയ്ക്കൂ മാഷേ. ഇപ്പോ തുറക്കരുതേ...  വീട്ടില്‍ ചെന്ന ശേഷം മാത്രമേ അത് തുറന്നു നോക്കാവൂ. പിന്നേയ്,  ഇക്കാര്യം ആരോടും പറയരുത് കേട്ടോ. ഇതാരെങ്കിലും അറിഞ്ഞാല്‍..." അവള്‍ തിടുക്കപ്പെട്ട് ശബ്ദം താഴ്ത്തി വീണ്ടും ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു.

എന്തെങ്കിലും തിരിച്ച് പറയാനാകും മുന്‍പ് കുട്ടികളുടെ സംസാരം ക്ലാസ്സിനു പുറത്ത് കേട്ടതിനാല്‍ മാഷ് ഒന്നും മിണ്ടാതെ നേരെ ആ കവര്‍ അങ്ങനെ തന്നെ തന്റെ ബാഗിനകത്തു വച്ചു. അതിനിടയില്‍ ആ കവറില്‍ ഒരു എഴുത്തും പിന്നെ എന്തോ ഒരു പായ്ക്കറ്റും ഉണ്ടെന്ന് ആശാനു മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. എന്തായിരിയ്ക്കും അത്? ഒരു പ്രണയ ലേഖനം? ആ കത്തില്‍ എന്തായിരിയ്ക്കും എഴുതിയിരിയ്ക്കുക എന്നറിയുവാനുള്ള ആകാംക്ഷ പിടിച്ചു നിര്‍ത്തി, അന്നത്തെ ക്ലാസ്സ് എടുത്തു തീര്‍ത്ത്, ഒരു വിധത്തില്‍ ക്ലാസ്സ് കഴിഞ്ഞ് എല്ലാവരെയും പറഞ്ഞു വിട്ട് കക്ഷി തന്റെ ബാഗുമെടുത്ത് സ്റ്റാഫ് റൂമിലേയ്ക്ക് ഓടി. പ്രതീക്ഷിച്ചതു പോലെ സ്റ്റാഫ് റൂം കാലിയായിരുന്നു. ആരെങ്കിലും വരുന്നുണ്ടോ എന്ന് ഒന്നു കൂടെ നോക്കിയ ശേഷം ബാഗ് തുറന്ന് ആ പ്ലാസ്റ്റിക് കവര്‍ പുറത്തെടുത്തു.

എന്നിട് മിടിയ്ക്കുന്ന ഹൃദയത്തോടെ ആ കവര്‍ തുറന്നു നോക്കി. പ്രതീക്ഷ തെറ്റിയില്ല, ഒരു എഴുത്തും ഒരു പായ്ക്കറ്റും. രണ്ടും പുറത്തെടുത്തു. ഒരു വലിയ കട്ടിയുള്ള എഴുത്ത് തന്നെ. അതിനു പുറത്ത് "മാഷിന് സ്നേഹപൂര്‍വ്വം" എന്നെഴുതിയിട്ടുണ്ട്. ഒപ്പമുള്ള പായ്ക്കറ്റ് പെര്‍ഫ്യൂം ആണെന്ന് കവറില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. പ്രണയ സമ്മാനമായിരിയ്ക്കണം.

പെര്‍ഫ്യൂം തിരികെ ആ വലിയ കവറില്‍ തന്നെ വച്ച് നേരെ ബാഗിലേയ്ക്ക് തന്നെ തള്ളി, മാഷ് ആ കത്ത് കയ്യിലെടുത്തു. എന്നിട്ട് ശ്രദ്ധയോടെ, പ്രണയപൂര്‍വ്വം ആ കത്തിന്റെ ഒരു വശം തുറന്നു. അതിനുള്ളില്‍ വീണ്ടും ഒരു കത്തും ഒരു കുറിപ്പും. ആ ചെറിയ കുറിപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു.

"മാഷിന്...
രണ്ടു ദിവസമായി മാഷിനോട് ഒരു കാര്യം പറയണമെന്നു കരുതുന്നു. നേരില്‍ പറയാന്‍ എന്തോ ഒരു മടി. എന്റെ വിവാഹമാണ് മാഷേ... ക്ഷണക്കത്ത് കൂടെ വയ്ക്കുന്നുണ്ട്. വരുന്ന മാസം ആണ് വിവാഹം. തല്‍ക്കാലം മാഷുമാരോട് മാത്രമേ പറയുന്നുള്ളൂ... നേരിട്ട് പറയാമെന്ന് ഇന്നലെ കരുതിയതാണ്. പക്ഷേ, സ്വന്തം കല്യാണക്കാര്യം തുറന്നു പറയാന്‍ ഒരു ചമ്മല്‍. അതു കൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ്. ഇവിടെ ആരോടും പറഞ്ഞിട്ടില്ല. വിവാഹദിവസം അടുക്കുമ്പോഴേയ്ക്കും എല്ലാവരോടും പറയാമെന്ന് കരുതുന്നു. അല്ലെങ്കില്‍ കൂട്ടുകാരുടെ എല്ലാം കളിയാക്കല്‍ സഹിയ്ക്കേണ്ടി വരും. വരന്‍ ഗള്‍ഫുകാരനാണ്. നിശ്ചയം  കഴിഞ്ഞയാഴ്ച ആയിരുന്നു. വിവാഹ വിവരങ്ങള്‍ ക്ഷണക്കത്തില്‍ ഉണ്ട്മാഷ് തീര്‍ച്ചയായും വരണം. മാഷിന് ഒരു ചെറിയ സമ്മാനമായി ഒരു പെര്‍ഫ്യൂം ഇതിന്റെ കൂടെ വയ്ക്കുന്നു.

- പ്രിയ "

ആ കുറിപ്പു വായിച്ച മാഷ്  ഇടിവെട്ടേറ്റവനെ പോലെ ഇരുന്നു പോയി. പിന്നീട് സഹപ്രവര്‍ത്തകരോട് സംസാരിയ്ക്കുന്ന അവസരത്തില്‍ അവരോടെല്ലാം പ്രിയ വിവാഹക്കാര്യം സൂചിപ്പിച്ചിരുന്നു എന്ന് കക്ഷിയ്ക്ക് മനസ്സിലാക്കാനും പറ്റി. കൂട്ടത്തിലുള്ള ഒരേയൊരു ചെറുപ്പക്കാരനായ അദ്ധ്യാപകന്‍ ആയതിനാലോ എന്തോ നമ്മുടെ മാഷിനോട് മാത്രം നേരിട്ടു പറയാന്‍ ആ കുട്ടിയ്ക്ക് മടി തോന്നിയതാകണം. എന്തായാലും അങ്ങനെ നേരിട്ടു പറയാതെ കവറില്‍ പൊതിഞ്ഞ് വിവാഹ ക്ഷണക്കത്ത് കിട്ടിയതു കൊണ്ട് കക്ഷിയ്ക്കു മാത്രം ഒരു സ്പെഷ്യല്‍ ഗിഫ്റ്റ് കിട്ടി - ആ പെര്‍ഫ്യൂം.

കുറേക്കാലം ഒരു നഷ്ട പ്രണയത്തിന്റെ സ്മാരകമായി കക്ഷി ആ പെര്‍ഫ്യൂം സൂക്ഷിച്ചു വച്ചിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ സൌഹൃദ സംഭാഷണവേളകളില്‍ ആ സംഭവമെല്ലാം 'പഴയ കാലത്തിന്റെ ചാപല്യങ്ങള്‍' എന്നു പറഞ്ഞ് ചിരിച്ചു തള്ളുമ്പോഴും ആ നഷ്ട പ്രണയത്തിനും 'പ്രണയ ലേഖന'ത്തിനും നമ്മുടെ മാഷിന്റെ ഓര്‍മ്മകളില്‍ ആ പെര്‍ഫ്യൂമിന്റെ സുഗന്ധം ഇതു വരെയും നഷ്ടമായിട്ടില്ല എന്ന് എനിയ്ക്കു തോന്നാറുണ്ട്.