Thursday, May 24, 2012

അമ്മയ്ക്കൊരുമ്മ

സ്കൂള്‍ ജീവിതം അവസാനിച്ചിട്ട് വര്‍ഷമൊരുപാട് ആയെങ്കിലും ഇന്നും ജൂണ്‍ - ജൂലൈ മാസങ്ങളെ നോക്കിക്കാണുന്നത് ഒരു പ്രത്യേക ഫീലിങ്ങോടെ ആണ്. ആദ്യത്തെ സ്കൂള്‍ ദിവസം മുതല്‍ സ്കൂള്‍ ജീവിതകാലത്തെ പല സംഭവങ്ങളും ഈ മാസങ്ങള്‍ എന്നെ ഓര്‍മ്മിപ്പിയ്ക്കാറുണ്ട്.

പണ്ട് ഞാന്‍ ഒന്നാം ക്ലാസ്സില്‍ പഠിയ്ക്കുന്ന, ഇതേ പോലുള്ള ജൂണ്‍ - ജൂലൈ മാസക്കാലം... അന്ന് ഞങ്ങള്‍ താമസിയ്ക്കുന്ന സ്ഥലത്തു നിന്നും ഞങ്ങളുടെ സ്കൂളിലേയ്ക്ക് പത്തു പതിനഞ്ചു മിനിട്ട് നടക്കാനുള്ള ദൂരമുണ്ട്. മാത്രമല്ല, ഒരു നാഷ്ണല്‍‌ ഹൈവേയും ഒരു റെയില്‍‌വേ ക്രോസ്സും കടന്നു വേണം സ്കൂളിലെത്താന്‍.  അതു കൊണ്ട് ആദ്യത്തെ കുറേ നാള്‍ എന്നെയും ചേട്ടനേയും സ്കൂളില്‍ കൊണ്ടു വിടുന്നതും തിരികേ കൊണ്ടു പോരുന്നതുമെല്ലാം അമ്മയുടെ ഡ്യൂട്ടിയായിരുന്നു. കുറച്ചു ദിവസങ്ങള്‍ കൊണ്ടു തന്നെ പോകേണ്ട വഴികളും (കുറുക്കു വഴികളും) ഞങ്ങള്‍ മനഃപാഠമാക്കി. എങ്കിലും ഞാന്‍ ഒന്നാം ക്ലാസ്സില്‍ ആയിരുന്നതു കൊണ്ടും അന്ന് വകതിരിവില്ലാത്ത പ്രായമായിരുന്നതു കൊണ്ടും (അന്ന് മാത്രമല്ല, ഇന്നും വേണ്ടത്ര വകതിരിവ് വന്നിട്ടില്ല എന്ന് പലരും പറയുന്നുണ്ട്) ഒന്നാം ക്ലാസ്സില്‍ പഠിച്ചിരുന്ന ഒരു വര്‍ഷം മുഴുവനും അമ്മ എന്നെ എസ്കോര്‍ട്ട് ചെയ്തിരുന്നു. എനിയ്ക്ക് തനിയെ പോകാന്‍ പേടിയായിട്ടല്ല, എങ്ങാനും ഞാന്‍ വഴി തെറ്റി പോയാലോ? (ഇനിയെന്ത് വഴി തെറ്റാന്‍ എന്നല്ലേ നിങ്ങള്‍ ഇപ്പോള്‍ മനസ്സിലോര്‍ത്തത്?). അതുമല്ലെങ്കില്‍ ഏതെങ്കിലും ട്രെയിനോ ബസ്സിനോ ഞാന്‍ അട വച്ചാലോ എന്ന് അമ്മയ്ക്ക് പേടി!

ഹൈവേയും റെയില്‍വേ ലൈനും തന്നെയായിരുന്നു പ്രധാന അപകടങ്ങള്‍ . ഒരുമാതിരി എല്ലാ കുട്ടികളും ആദ്യത്തെ കുറേ നാളുകളെങ്കിലും അങ്ങനെ എസ്‌കോര്‍ട്ടോടു കൂടിയാണ് ക്ലാസ്സില്‍ വന്നിരുന്നത്.  അങ്ങനെ പഠിച്ചിരുന്ന കാലം ഒരു സുഖം തന്നെ ആയിരുന്നു കേട്ടോ. എന്റെ സ്ലേറ്റും കുടയും പെട്ടിയുമെല്ലാം അമ്മ പിടിച്ചോളും (അന്ന് ബാഗല്ല, പെട്ടിയാണ് കൂടുതല്‍ കുട്ടികളും ഉപയോഗിച്ചിരുന്നത്). ആ വാട്ടര്‍ ബോട്ടില്‍ മാത്രം കഴുത്തില്‍ തൂക്കി ഞാന്‍ മുന്‍പേ നടക്കും. എന്റെ പെട്ടിയും കൂടി ചുമക്കണമെന്ന് മാത്രമല്ല, വല്ലയിടത്തും നോക്കി നടക്കുന്ന എന്നെ നേരെ നടത്തേണ്ട ഡ്യൂട്ടി കൂടി അമ്മയുടേതായിരുന്നു.

അങ്ങനെ ഒരു ദിവസം. അന്നും ക്ലാസ്സ് കഴിയേണ്ട  നേരമായപ്പോളേയ്ക്കും അമ്മ സ്കൂളിലെത്തി, എന്റെ ക്ലാസ്സിന്റെ മുമ്പിലുള്ള പ്ലാവിന്‍ ചുവട്ടില്‍ മറ്റു കുട്ടികളുടെ അമ്മമാരോടൊപ്പം ചേര്‍ന്നു. അവര്‍ അവിടെ കൊച്ചു കൊച്ചു പരദൂഷണങ്ങളും നാട്ടു വിശേഷങ്ങളുമായി സമയം കളയുമ്പോഴേക്കും സ്കൂള്‍ വിട്ടു. ഞങ്ങള്‍ കുട്ടികളെല്ലാം അവരവരുടെ അമ്മമാരുടെ അടുത്തേയ്ക്ക് ഓടി ചെന്നു. അമ്മ എന്റെ കയ്യില്‍ നിന്ന് പെട്ടിയും കുടയും വാങ്ങി കയ്യില്‍ പിടിച്ചു. ഞാനാണെങ്കില്‍ പതിവു പോലെ വാട്ടര്‍ ബോട്ടില്‍ കഴുത്തില്‍ തൂക്കി നടക്കാനും തുടങ്ങി.

ഞങ്ങള്‍ പോകുന്ന വഴിയിലും ചില കുട്ടികളുടെ വീടുണ്ട്. അതു കൊണ്ട് കുറച്ചു ദൂരം മറ്റു കുട്ടികളാരെങ്കിലുമൊക്കെ ഉണ്ടാകാറുണ്ട്.. അപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ മുന്‍പേയും അമ്മമാര്‍ പുറകെയും നടക്കും. പക്ഷേ, കൊരട്ടി റെയില്‍വേ ഗേറ്റ് കഴിഞ്ഞാല്‍ പിന്നെ അങ്ങോട്ട് ഞാനും അമ്മയും മാത്രമേ ഉണ്ടാകാറുള്ളൂ. അന്ന് ഞങ്ങള്‍ താമസിയ്ക്കുന്ന കൊരട്ടി MAMHS നടുത്തുള്ള ഗവ. പ്രസ്സ് ക്വാര്‍ട്ടേഴ്സിലേയ്ക്ക് എത്തണമെങ്കില്‍ ആ റെയില്‍വേ ലൈന്‍ കടന്ന് നാഷ്ണല്‍ ഹൈവേ കൂടി മുറിച്ചു കടക്കണം.

റെയില്‍വേ ലൈനിന് തൊട്ടടുത്താണ് ഹൈവേ. അതും റെയില്‍വേ ക്രോസ്സ് സ്ഥിതി ചെയ്യുന്ന ആ സൈഡ് റോഡിന്റെ ലെവലില്‍നിന്നും ഏതാനും അടി ഉയരത്തിലാണ് ഹൈവേ പോകുന്നതും. ഞങ്ങളാണെങ്കില്‍ ചില കടകള്‍ക്കിടയിലൂടെയുള്ള ഒരു കുറുക്കു വഴിയിലൂടെയായിരുന്നു സ്ഥിരമായി ഹൈവേയിലേയ്ക്ക് കയറിയിരുന്നത്. റെയില്‍വേ ക്രോസ്സ് കടന്നതും മുന്‍പേ നടന്നിരുന്ന ഞാന്‍ ഓടി ഹൈവേയിലേയ്ക്ക് കയറി നിന്നു. (ഹൈവേ മുറിച്ചു കടക്കുന്നത് അമ്മ കൂടി വന്ന ശേഷം ആയിരുന്നെങ്കിലും വണ്ടികള്‍ പോകുന്നത് കാണാനും മറ്റുമായി ഞാനെപ്പോഴും  ആദ്യമേ ഓടിക്കയറി റോഡരുകില്‍ നില്‍ക്കുന്നത് പതിവായിരുന്നു).

അതും പതിവുള്ളതായിരുന്നതു കൊണ്ട് അമ്മ എന്നെ തടയാല്‍ ശ്രമിച്ചില്ല. പക്ഷേ അന്ന് ഞാന്‍ ഓടിക്കയറി റോഡരുകിലെത്തിയതും കണ്ടത് ചീറിപ്പായുന്ന വണ്ടികളെയല്ല, മറിച്ച് ഒരു വലിയ പറ്റം എരുമകളെയാണ്. വാഹനങ്ങള്‍ക്ക് പകരം റോഡു നിറയും വിധം കുറേ എരുമകള്‍ നടന്നും ഓടിയും പോകുന്നു. കൃത്യമായി എണ്ണം പറയുക സാധ്യമല്ലെങ്കിലും നൂറിലധികം എണ്ണമെങ്കിലും ഉണ്ടായിരിയ്ക്കാമെന്ന് തോന്നുന്നു. അത്രയും എരുമക്കൂട്ടത്തെ മേയ്ക്കാന്‍ ആകെയുള്ളത് 2 പേരും. ഒരാള്‍ അവയ്ക്ക് മുന്‍പേ വഴി കാണിച്ചു കൊണ്ടും മറ്റെയാള്‍ എല്ലാത്തിനും പിറകേയും. രണ്ടു പേരുടെയും കയ്യില്‍ ഓരോ ചെറിയ വടി മാത്രമുണ്ട്. കൃത്യമായും അവ ആ റോഡിലൂടെ കടന്നു പോകുന്ന നേരമാണ് ഞാന്‍ ഓടി റോഡരുകിലേയ്ക്ക് കയറുന്നത്.

പതിവു പോലെ റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ കാണാന്‍ ഓടിക്കയറിയ ഞാന്‍ റോഡു നിറയെ തിങ്ങി നിറഞ്ഞ് കടന്നു പോകുന്ന എരുമക്കൂട്ടത്തെ കണ്ട് പകച്ചു നിന്നു. ഇടവഴിയില്‍ നിന്നും ഓടിക്കയറുകയായിരുന്നതിനാല്‍ ആ എരുമക്കൂട്ടം കടന്നു വരുന്നത് എന്റെ കണ്ണില്‍ പെട്ടിരുന്നുമില്ല. ഒട്ടു മിക്ക എരുമകളും ഒന്നിനു പിറകെ ഒന്ന് എന്ന നിലയില്‍ ആ റോഡ് നിറഞ്ഞു നടക്കുന്ന രീതിയില്‍ ആണ് നീങ്ങിക്കൊണ്ടിരുന്നത്. റോഡരുകുകളിലായി നിന്നിരുന്നവര്‍ എല്ലാം സൈഡുകളിലേയ്ക്ക് ഒതുങ്ങി അവയ്ക്ക് കടന്നു പോകാന്‍ സൌകര്യമൊരുക്കി മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ എന്റെ അടുത്തെങ്ങും ആരുമുണ്ടായിരുന്നില്ല. ഞാനാണെങ്കില്‍  ആ എരുമകളെ കണ്ട് പേടിച്ച് കണ്ണും മിഴിച്ച് നില്‍ക്കുകയായിരുന്നു. അമ്മ പിറകെ വരുമ്പോഴേയ്ക്കും ആ എരുമക്കൂട്ടത്തിന്റെ നല്ലൊരു ഭാഗം എന്നെ കടന്ന് പോയിക്കഴിഞ്ഞിരുന്നു.

അന്നേരം ആ കൂട്ടത്തില്‍ നിന്ന് അകന്നു മാറി വെകിളി പിടിച്ചെന്ന വണ്ണം ഒരു എരുമ തലയും കുലുക്കി എന്റെ നേരെ പാഞ്ഞു വന്നു. എന്റെ പുറകേ ആ ചെറിയ കയറ്റം കയറി ഹൈവേയിലേയ്ക്കു കയറി വരുന്ന അമ്മ കാണുന്നത് പേടിച്ചു വിറച്ച് മിണ്ടാന്‍ പോലും വയ്യാതെ നില്‍ക്കുന്ന എന്നെയും റോഡില്‍ നിന്നിറങ്ങി, എനിയ്ക്കു നേരെ പാഞ്ഞു വരുന്ന ആ എരുമയെയുമാണ്. അതേ സമയം തന്നെ, ഇതും കണ്ടു കൊണ്ട് റോഡരുകിലും അവിടവിടെയായും ഒതുങ്ങി നിന്നിരുന്ന ആളുകളൊക്കെ ഉറക്കെ ബഹളം വയ്ക്കാന്‍ തുടങ്ങി. ബഹളം കേട്ട് എരുമക്കൂട്ടത്തിന് മുന്‍പിലും പുറകിലും ആയി നടന്നിരുന്ന, അവയെ മേച്ചിരുന്നവരും അത് ശ്രദ്ധിച്ചു. ഇതു കണ്ട് പകച്ച അവരിരുവരും അതിനെ തടയാന്‍ ഒച്ചയെടുത്തു കൊണ്ട് മറ്റ് എരുമകളുടെ ഇടയിലൂടെ ഓടി എനിയ്ക്കടുത്തെത്താന്‍ ഒരു വിഫലശ്രമം നടത്തി. എങ്കിലും അവരിരുവരും എന്നില്‍ നിന്നും സാമാന്യം ദൂരത്തായിരുന്നു.

പകച്ചു നില്‍ക്കുന്ന എന്നെയും ഓടി വരുന്ന എരുമയെയും കണ്ട അമ്മ മറ്റൊന്നും ആലോചിയ്ക്കാതെ എന്റെ അടുത്തേയ്ക്ക് ഓടി വന്നു. ഇതെല്ലാം കണ്ടു കൊണ്ട് നില്‍ക്കുന്ന ആളുകളെല്ലാം അടുത്തേക്ക് പോകല്ലേ എന്ന് അമ്മയോട് വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും അതൊന്നും വക വയ്ക്കാതെ, അമ്മ എന്റെ അടുത്തേയ്ക്ക് ഓടിയെത്തി, എന്നെ വട്ടം  പൊക്കിയെടുത്ത് അമ്മയുടെ പുറകിലേയ്ക്ക് മാറ്റി നിര്‍ത്തിയതും ആ എരുമ മുക്രയിട്ട് തലയും കുലുക്കി ഞങ്ങളുടെ തൊട്ടരികെ എത്തിയതും ഏതാണ്ട് ഒരേ സമയത്തായിരുന്നു. അടുത്ത നിമിഷം, ആ എരുമ അമ്മയെയും എന്നെയും ഇടിച്ചിടുമെന്ന് ഉറപ്പിച്ച നിമിഷം അമ്മ കയ്യിലുണ്ടായിരുന്ന എന്റെ കുട തിരിച്ചു പിടിച്ച് അതിന്റെ നേരെ ആഞ്ഞു വീശി. ആ കുടയുടെ പിടി ആ എരുമയുടെ തലയുടെ നിറുകില്‍ തന്നെ 'പ് ടേ' എന്ന ശബ്ദത്തോടെ കൊള്ളുന്ന ശബ്ദം വ്യക്തമായും ഞാന്‍ കേട്ടു. ആ കുട കൊണ്ടുള്ള ഒരടി ഒന്നും അത്രയും വലിയ ആ ജീവിയ്ക്ക് ഒന്നുമാകില്ല എന്ന് അമ്മയ്ക്കും അറിയാമായിരുന്നു. എങ്കിലും, അപ്പോള്‍ കയ്യിലുണ്ടായിരുന്ന ഒരേയൊരു ഉപകരണം ആ കുട മാത്രമായിരുന്നു. അതു കൊണ്ട് അതെടുത്ത് പ്രയോഗിച്ചു എന്നു മാത്രം.

സാധാരണ ഗതിയില്‍ ആ അടി കിട്ടിയ ദേഷ്യത്തില്‍ ആ എരുമ വര്‍ദ്ധിതവീര്യത്തോടെ ഞങ്ങളെ ആക്രമിയ്ക്കേണ്ടതായിരുന്നു. അത്രയും വലിപ്പമുള്ള ആ ജീവിയുടെ ഒരു തട്ടോ കുത്തോ തന്നെ എന്റെ കഥ കഴിയാന്‍ മാത്രം മതിയായിരുന്നു. പക്ഷേ, എന്തോ ഒരു ഭാഗ്യം കൊണ്ട് ആ നേരത്ത് ആ എരുമയ്ക്ക് അങ്ങനെ തോന്നിയില്ല. അപ്രതീക്ഷിതമായതു കൊണ്ടോ എന്തോ അടി കൊണ്ട ഉടനെ ആ ജീവി വെട്ടിത്തിരിഞ്ഞ് തിരികെ എരുമക്കൂട്ടത്തിനു നേരെ ഓടി. അപ്പോഴേയ്ക്കും  ഞങ്ങള്‍ക്കരികെ ഓടിയെത്തിയ അവയെ മേച്ചു നടന്നിരുന്നവര്‍ അതിനെ പിടിച്ചു നിര്‍ത്തി വരുതിയിലാക്കി.

അപ്പോഴേയ്ക്കും ഞങ്ങള്‍ക്ക് ചുറ്റും ഒരു ചെറിയ ആള്‍ക്കൂട്ടം രൂപം കൊണ്ടിരുന്നു. ഞങ്ങള്‍ക്ക് ഇരുവര്‍ക്കും ഒന്നും പറ്റിയിട്ടില്ല എന്നറിഞ്ഞ് ഓടിക്കൂടിയ ആളുകള്‍ക്കും ആശ്വാസമായി. അപകടം  ഒഴിഞ്ഞു പോയ സമാധാനത്തോടെ, ആളുകള്‍ എല്ലാവരും ആ എരുമയെ അടിച്ചോടിച്ച അമ്മയുടെ ധൈര്യത്തെ പുകഴ്ത്തിയും അശ്രദ്ധയോടെ ആ എരുമക്കൂട്ടത്തെ മേച്ചു നടക്കുന്നവരെ കുറ്റം പറഞ്ഞും നില്‍ക്കുന്നതിനിടയില്‍ അമ്മ എന്റെ കയ്യും പിടിച്ചു കൊണ്ട് റോഡ് മുറിച്ചു കടന്ന് ഞങ്ങളുടെ വീട്ടിലേയ്ക്കുള്ള വഴിയില്‍ നടത്തമാരംഭിച്ചിരുന്നു.

അന്ന് വീട്ടിലെത്തിയ ശേഷവും പിന്നീട് ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ പലപ്പോഴും ഈ സംഭവം വിവരിയ്ക്കുമ്പോള്‍  അന്ന് ആഎരുമയെ വെറുമൊരു കുട കൊണ്ട് (പഴയ സൂര്യമാര്‍ക്ക് കുട)നേരിടാനുള്ള ധൈര്യം തനിയ്ക്ക് എവിടെ നിന്ന് കിട്ടി എന്നോര്‍ത്തു കൊണ്ട്  അമ്മ തന്നെ അതിശയിച്ചു നില്‍ക്കുന്നത് കാണാറുണ്ട്.