Monday, December 17, 2012

ഒരു വര്‍ഷം കൂടി യാത്രയാകുന്നു


അങ്ങനെ 2012 ന്റെ അവസാനനാളുകളിലേയ്ക്ക് നമ്മളെല്ലാവരും വന്നെത്തിക്കഴിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കപ്പുറത്ത് ഒരു പുതിയ വര്‍ഷം നമ്മെ കാത്തിരിയ്ക്കുന്നുണ്ട്. ഓരോരുത്തര്‍ക്കും എന്തെല്ലാമായിരിയ്ക്കും പുതുവര്‍ഷം കാത്തു വച്ചിരിയ്ക്കുന്നതെന്ന് നമുക്കറിയില്ല. നല്ലതോ ചീത്തയോ... അതെന്തു തന്നെ ആയാലും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകമെങ്ങും ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

പണ്ടെല്ലാം ഓരോ പുതുവര്‍ഷം അടുക്കുന്തോറൂം ആകാംക്ഷയോടെ കാത്തിരിയ്ക്കാറുള്ളത് പുതു വര്‍ഷത്തെ കലണ്ടര്‍ ആയിരുന്നു. ഡിസംബറിലെ പരീക്ഷയെക്കാളും അവധിയെക്കാളും ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നത് വരും വര്‍ഷത്തെ കലണ്ടറിനെ ആയിരിയ്ക്കും. ആ ദിവസങ്ങളില്‍ സ്കൂള്‍ വിട്ടു വന്നാല്‍ അച്ഛന്‍ ജോലി കഴിഞ്ഞ് വരുന്നത് കാത്തിരിയ്ക്കും. പുതിയ കലണ്ടറും കൊണ്ടാണോ വരവ് എന്നറിയാന്‍ തന്നെ.

എന്തു കൊണ്ടെന്നറിയില്ല, ആ കലണ്ടര്‍ കാണുന്നതും ഒന്നെടുത്ത് മറിച്ചു നോക്കുന്നതുമെല്ലാം ഒരു പ്രത്യേക അനുഭൂതി തന്നെ ആയിരുന്നു. ചിത്രങ്ങളുള്ള കലണ്ടറുകളോടായിരുന്നു അന്നൊക്കെ കൂടുതലിഷ്ടം. മനോരമയുടെയോ മാതൃഭൂമിയുടെയോ ഒരു കലണ്ടര്‍ എന്തായാലും കാശു കൊടുത്ത് വാങ്ങും. അതു കൂടാതെ ബാങ്കുകളുടെയോ ടെക്സ്റ്റൈല്‍ ഷോപ്പുകളുടെയോ ജ്വല്ലറികളുടെയോ ഒക്കെ കലണ്ടറുകളും കിട്ടും. അവയിലായിരിയ്ക്കും ചിത്രങ്ങള്‍ എന്നതു കൊണ്ട് അതൊക്കെ ആയിരിയ്ക്കും കൂടുതലിഷ്ടം. പിന്നെ പിന്നെ, വളര്‍ന്നു വരുന്തോറും അങ്ങനെയുള്ള കൌതുകങ്ങള്‍ കുറേയൊക്കെ കുറഞ്ഞെങ്കിലും ഇപ്പോഴും ആദ്യമായി വരും വര്‍ഷത്തെ കലണ്ടര്‍ കാണുമ്പോ ഒരു പ്രത്യേക സന്തോഷം തോന്നാറുണ്ട്.

അമ്മ വീട്ടില്‍ ചെല്ലുമ്പോള്‍ മലയാളം അക്കങ്ങളിലുള്ള ചില കലണ്ടറുകളും
പണ്ടൊക്കെ കാണാറുണ്ട്. ഇപ്പോള്‍ വര്‍ഷങ്ങളായി അത്തരം കലണ്ടറുകള്‍ കാണാറേയില്ല.  അതു പോലെ ഉള്ള കലണ്ടറുകളൊക്കെ ഇപ്പോള്‍ ഇറങ്ങുന്നുണ്ടോ എന്തോ...

0 1 2 3 4 5 6 7 8 9 10 100 1000 ¼ ½ ¾
൦

മലയാളം അക്കങ്ങള്‍

എന്തൊക്കെ ആയാലും ഒരു വര്‍ഷം അവസാനിച്ച് പുതിയതൊന്ന് തുടങ്ങാന്‍ പോകുന്ന അവസരത്തില്‍, അതായത് ഡിസംബര്‍ മാസത്തിന്റെ അവസസാന നാളുകളില്‍ മനസ്സില്‍ തോന്നുന്നത് സന്തോഷമാണോ സങ്കടമാണോ എന്നറിയില്ല. തീര്‍ച്ചയായും പുതിയ ഒരു വര്‍ഷത്തിന്റെ വരവ് മനസ്സിനെ ആവേശം കൊള്ളിയ്ക്കാറുണ്ട്. എങ്കിലും ഇത്ര നാളും നമ്മുടെ കൂടെ തന്നെ ഉണ്ടായിരുന്നതെന്തോ നമ്മെ വിട്ടു പോകുകയാണ് എന്ന ഒരു തോന്നലും മനസ്സിനെ വിടാതെ പിന്തുടരും. ഒരിയ്ക്കലും...  ഇനി ഒരിയ്ക്കലും പോയ് മറയുന്ന ഈ ദിവസങ്ങള്‍ നമുക്ക് തിരികേ ലഭിയ്ക്കില്ലല്ലോ എന്ന് ഓര്‍മ്മ വരുന്നത് ഡിസംബറിന്റെ ഈ അവസാന നാളുകളിലാണ്.

വര്‍ഷാവസാനത്തില്‍ മാത്രമല്ല, ഏതൊരു ദിവസവും അങ്ങനെ തന്നെയല്ലേ എന്ന് ആലോചിച്ചാല്‍ അതിലൊരു പ്രത്യേകതയും തോന്നില്ല എന്നത് വാസ്തവം തന്നെ. കഴിഞ്ഞു പോകുന്ന ഓരോ ദിവസങ്ങളും തിരിച്ചു കിട്ടാത്തവ തന്നെ. പക്ഷേ, ആ ചിന്തകള്‍ ശക്തമാകുന്നത് ഇതു പോലെയുള്ള നാളുകളിലാണ് എന്ന് മാത്രം.  ഒരു വര്‍ഷാവസാനം എന്നു പറയുന്നത് വെറുതേ 2012 എന്നതില്‍ നിന്ന് 2013 ലേയ്ക്കുള്ള മാറ്റം മാത്രമല്ലല്ലോ. അത് സംഭവ ബഹുലമായ 365 ദിവസങ്ങളുടെ അവസാനവും കൂടിയാണ്. ഈ കഴിഞ്ഞ ഒരു വര്‍ഷ കാലയലവില്‍ എന്തെല്ലാം സംഭവിച്ചു കഴിഞ്ഞു എന്ന് നമ്മളോരോരുത്തരും ഒരോ വര്‍ഷാവസാനത്തിലെങ്കിലും ഒന്ന് ഓര്‍ത്തു നോക്കാറില്ലേ? ഡിസംബര്‍ മാസത്തിന്റെ അവസാനമടുക്കുമ്പോഴേയ്ക്കും ജനുവരി മുതല്‍ ഇങ്ങോട്ടുള്ള 12 മാസങ്ങളിലെ പ്രധാന സംഭവങ്ങളെല്ലാം തന്നെ, അതു നല്ലതോ ചീത്തയോ ആകട്ടെ ഒന്നു കൂടെ നമ്മുടെ മനസ്സിലെത്താതിരിയ്ക്കില്ല.

അതു മാത്രമല്ല, നമ്മുടെയെല്ലാം ജീവിതത്തിലെ വിലപ്പെട്ട ഒരു വര്‍ഷം കൂടി നാമെല്ലാം ജീവിച്ചു തീര്‍ത്തു കഴിഞ്ഞിരിയ്ക്കുന്നു, അഥവാ നമ്മുടെയെല്ലാം ആയുസ്സിലെ ഒരു വര്‍ഷം കൂടി നമുക്ക് നഷ്ടപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്നു എന്ന് സമ്മതിയ്ക്കാതെ വയ്യല്ലോ. ആരോ പറഞ്ഞതു പോലെ എനിയ്ക്കിപ്പോള്‍ 30 വയസ്സായി എന്നു പറയുന്നതിന്റെ അര്‍ത്ഥം 'ഞാന്‍ 30 വര്‍ഷം ജീവിച്ചു കഴിഞ്ഞു' എന്നോ 'എന്റെ ആയുസ്സിലെ 30 വര്‍ഷങ്ങള്‍ മരിച്ചു കഴിഞ്ഞു' എന്നോ ആകാമല്ലോ.

അതുമിതും പറഞ്ഞ് ഒരു പുതുവര്‍ഷത്തിന്റെ സുഖം നഷ്ടപ്പെടുത്തുന്നില്ല. നഷ്ടപ്പെട്ടതിനേ ഓര്‍ത്ത് വിഷമിയ്ക്കാതെ വരാനിരിയ്ക്കുന്ന നല്ല നാളുകളെ കുറിച്ച് നമുക്ക് ഓര്‍ക്കാം.
ഒരുപാടു വര്‍ഷങ്ങളുടെ കൂട്ടത്തില്‍ ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോകുകയാണ്. എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്. അത് എല്ലാവര്‍ക്കും നന്മയുടെയും സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു.

2013 ലെ മലയാളം കലണ്ടര്‍ വേണ്ടവര്‍ക്ക് ഇവിടെ നോക്കാം.


നമുക്ക് യാത്ര പറയാന് സമയമായിരിയ്ക്കുന്നു...
2012ന്റെ തീരങ്ങളില് നിന്നും…
പ്രതീക്ഷകളുടെ കൂടാരത്തിലേയ്ക്ക്...
സ്വപ്നങ്ങള് പൂക്കൂന്ന പുതിയൊരു പുലരിയിലേയ്ക്ക്...
നന്മയും സ്നേഹവും വിരിയുന്ന താഴ്വാരത്തിലേയ്ക്ക്...
താളങ്ങള് നഷ്ടപ്പെടാത്ത സൌഹൃദങ്ങളുടെ ലോകത്തേയ്ക്ക്...
നീലക്കുറിഞ്ഞികള് പൂത്തു നില്‍‌ക്കുന്ന മൊട്ടക്കുന്നുകളിലേയ്ക്ക്...
ഓര്‍മകള് കാത്തുസൂക്ഷിക്കുന്ന ഒരു നല്ല നാളെയുടെ തീരത്തിലേയ്ക്ക്...
സ്വപ്നങ്ങളുറങ്ങുന്ന തീരത്തിന് കൂട്ടായ് എന്നും നമ്മുടെ ഇന്നലെകള് ഉണ്ടായിരിയ്ക്കട്ടെ...
യാത്രയാകുന്ന 2012ന്... നന്ദി! നല്‍കിയ ഓര്‍‌മ്മകള്‍‌ക്ക്... സൌഹൃദങ്ങള്‍‌ക്ക്...
 

കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍മ്മകളാണ്. 
വരാനിരിയ്ക്കുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍മ്മകളായിരിയ്ക്കട്ടെ!

എല്ലാവര്‍ക്കും ക്രിസ്തുമസ്സ് - പുതുവത്സര ആശംസകള്‍

Monday, July 16, 2012

ഓര്‍മ്മകളില്‍ എന്റെ കലാലയം


പിറവത്ത് ബിപിസി കോളേജിലേയ്ക്ക് ഞാന്‍ BSc Electronics പഠിയ്ക്കാന്‍ വന്നു പെട്ടത് തികച്ചും യാദൃശ്ചികമായിട്ടാണ്. അത് 1999 ലെ ജൂലൈ മാസത്തിലായിരുന്നു. ഞാന്‍ പ്രീഡിഗ്രി പഠിച്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, കാലടി ശങ്കര കോളേജ് എന്നിവിടങ്ങളില്‍ കൂടാതെ ഞാന്‍ ആപ്ലിക്കേഷന്‍ കൊടുത്തിരുന്നത് അവിടേക്കു മാത്രമായിരുന്നു. ദൂരക്കൂടുതലുണ്ടെങ്കിലും പിറവം ബിപിസിയിലേയ്ക്ക് അപേക്ഷ കൊടുക്കാന്‍ കാരണം അച്ഛന്റെ സുഹൃത്തിന്റെ മകള്‍ അവിടെ പഠിച്ചിരുന്നതിനാല്‍ അവര്‍ വഴി ഒരു അപേക്ഷാ ഫോം അച്ഛന്‍ വാങ്ങിയിരുന്നതു കൊണ്ടും ആ കോളേജിനെ പറ്റി അവരില്‍ നിന്ന് നല്ല അഭിപ്രായം കിട്ടിയതു കൊണ്ടും കൂടിയാണ്.

എഞ്ചിനീയറിങ്ങ് എന്‍‌ട്രന്‍സ് ചിലപ്പോള്‍‌ കിട്ടിയേക്കും എന്നൊരു കൊച്ചു മോഹം എനിയ്ക്കും ഉണ്ടായിരുന്നു. അതു കൊണ്ടു തന്നെ ആദ്യ രണ്ടിടങ്ങളില്‍ നിന്നും വിളിച്ചപ്പോഴും അഡ്മിഷനു ചെന്നില്ല. കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ എന്‍ട്രന്‍സ് മോഹം കരിഞ്ഞു തുടങ്ങി. കൂടെ പഠിച്ചിരുന്ന സുഹൃത്തുക്കളെല്ലാം പൈസ കൊടുത്ത് എഞ്ചിനീയറിങ്ങ് അഡ്മിഷന്‍ ശരിയാക്കിയപ്പോള്‍ അതിനു പറ്റിയ അവസ്ഥയിലല്ലായിരുന്നു എന്റെ കുടുംബം എന്നതിനാല്‍ ഞങ്ങള്‍ ആ വഴിയ്ക്ക് ചിന്തിച്ചതേയില്ല.  അതോടെ വീട്ടുകാരുടെ പ്രതീക്ഷകള്‍ തകര്‍‌ത്തല്ലോ എന്ന വിഷമം എനിയ്ക്കണ്ടായി. അങ്ങനെ എവിടെ എങ്കിലും പോയി എന്തെങ്കിലും (?) പഠിച്ചാല്‍‌ മതിയെന്നായി എനിയ്ക്ക്...  അങ്ങനെയിരിയ്ക്കെ ആണ് പിറവത്ത് നിന്നും ഇന്റര്‍‌വ്യൂ കോള്‍‌ വന്നത്. എന്തായാലും പോയി നോക്കാം എന്നു തന്നെ തീരുമാനിച്ചു. അച്ഛന്റെ കൂടെ അവിടേയ്ക്ക് തിരിച്ചു. മൂന്ന് മൂന്നര മണിയ്ക്കൂര്‍‌ സമയമെടുത്താണെങ്കിലും അവിടെ സമയത്ത് എത്തിപ്പെട്ടു. കോളേജും അന്തരീക്ഷവും എല്ലാം ഇഷ്ടപ്പെട്ടു. കുഴപ്പമില്ലാത്ത മാര്‍‌ക്കിന്റെ അടിസ്ഥാനത്തില്‍ അവിടെ ഇലക്ട്രോണിക്സിന് അഡ്മിഷന്‍ കിട്ടി.

അത്രയും ദൂരെ വന്ന് പഠിയ്ക്കണം എന്നുള്ളത് മാത്രം ഒരു പ്രശ്നമായി തോന്നി. പക്ഷേ അങ്ങനെ കുറച്ച് ദൂരെ സ്ഥലങ്ങളില്‍ നിന്നും വന്ന് പഠിയ്ക്കുന്നവരെല്ലാം രണ്ടോ മൂന്നോ പേര്‍‌ ചേര്‍‌ന്ന് അവിടെ അടുത്ത് തന്നെ വീടുകള്‍ വാടയ്ക്ക് എടുത്ത് താമസിയ്ക്കുകയാണ് ചെയ്യുന്നത് എന്ന് അടുത്തുള്ള കടകളില്‍ നിന്നെല്ലാം അറിയാന്‍ കഴിഞ്ഞു. കോളേജ് ജംക്ഷനിലെ ഹോട്ടല്‍ നടത്തുന്ന മോഹനന്‍ ചേട്ടന്‍‌ തന്നെ വീട് ശരിയാക്കി തരാം എന്നേറ്റു. അന്ന് തന്നെ ഉച്ച സമയമായപ്പോള്‍ സീനിയേഴ്സ് ഭക്ഷണം കഴിയ്ക്കാന്‍ വന്ന സമയത്ത് അവരോട് ചോദിച്ച് അവരുടെ സഹായത്തോടെ മോഹനന്‍ ചേട്ടന്‍ ഒരു ചെറിയ താമസ സ്ഥലം അറേഞ്ച് ചെയ്തു തന്നു. അങ്ങനെ അടുത്തു തന്നെയുള്ള റബ്ബര്‍ പാല്‍ സംഭരണ കേന്ദ്രത്തോട് ചേര്‍ന്നുള്ള ഒരു ഓഫീസ് താമസിയ്ക്കാനായി തരപ്പെട്ടു. മൂന്നു പേര്‍‌ക്ക് വരെ അവിടെ താമസിയ്ക്കാം എന്ന് വീട്ടുടമസ്ഥന്‍ സമ്മതിച്ചു.

രണ്ടു പേരെ കൂടി കിട്ടിയാല്‍ അവിടെ തന്നെ താമസിയ്ക്കാം എന്ന് തീരുമാനമായി. അക്കാര്യം മോഹനന്‍ ചേട്ടനോട് പറഞ്ഞപ്പോള്‍‌ തന്നെ തലേ ദിവസം തന്റെ കടയില്‍ താമസ സ്ഥലം അന്വേഷിച്ച് വന്ന ഒരു പയ്യനെ കൂടെ അവിടേയ്ക്ക് ശരിയാക്കി തരുന്ന കാര്യം അദ്ദേഹം ഏറ്റു. അങ്ങനെയാണ് തിരുവല്ലക്കാരനായ സഞ്ജുവിനെ എനിയ്ക്ക് റൂം മേറ്റ് ആയി കിട്ടിയത്. അങ്ങനെ ഞങ്ങള്‍‌ രണ്ടു പേരും കൂടെ അവിടെ താമസം തുടങ്ങി. അപ്പോഴും മൂന്നാമനു വേണ്ടിയുള്ള വേക്കന്‍സി അവിടെ ഒഴിഞ്ഞു കിടന്നു.

അങ്ങനെ ഏതാണ്ട് ഒരാഴ്ച കടന്നുപോയി. അന്നൊരിയ്ക്കല്‍ മോഹനന്‍ ചേട്ടന്റെ കടയില്‍ ഭക്ഷണം കഴിയ്ക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു, അതേ കോളേജില്‍ തന്നെ കുറച്ച് വൈകി ജോയിന്‍ ചെയ്ത ഒരു കുട്ടി റൂം അന്വേഷിയ്ക്കുന്നുണ്ട് എന്നും ഞങ്ങളുടെ റൂമില്‍ ഒരു ഒഴിവ് ഉള്ള കാര്യം അവനോട് പറഞ്ഞിട്ടുണ്ട് എന്നും. അങ്ങനെ ഞങ്ങള്‍ അവനു വേണ്ടിയുള്ള കാത്തിരിപ്പിലായി.

പിറ്റേ ദിവസം വൈകുന്നേരം അതേ നാട്ടുകാരനായ ഒരാള്‍ ഞങ്ങളുടെ റൂമിലേയ്ക്ക് കയറി വന്നു, ഉലഹന്നാന്‍ എന്നാണ് പേര് എന്ന് സ്വയം പരിചയപ്പെടുത്തി. എറണാകുളത്തുള്ള അദ്ദേഹത്തിന്റെ ഓഫീസിലെ സഹപ്രവര്‍‌ത്തകയുടെ മകനു വേണ്ടിയാണ് റൂമന്വേഷിയ്ക്കുന്നത് എന്നും ആള്‍ പിറ്റേ ദിവസം രാവിലെ ‘പെട്ടിയും കിടക്കയുമൊക്കെയായി’ അങ്ങോട്ടെത്തും എന്നും അറിയിച്ചു. സ്ഥലവും സൌകര്യവും ഒക്കെ ഒന്ന് നോക്കി പോകാന്‍ വന്നതാണ് താനെന്നും കൂട്ടിച്ചേര്‍‌ത്തു. അവസാനം യാത്ര പറഞ്ഞ് ഇറങ്ങും മുന്‍പ് ഒരു കാര്യം കൂടെ പറഞ്ഞു.

“ഈ വരുന്ന കക്ഷി മൃദംഗം പഠിയ്ക്കുന്നുണ്ട്. യൂണിവേഴ്സിറ്റി ലെവലിലൊക്കെ മത്സരങ്ങള്‍ക്ക് പോയിട്ടുമുണ്ട്. അതു കൊണ്ട് ഇടയ്ക്ക് അത് പ്രാക്റ്റീസ് ചെയ്യേണ്ടി വരും. അത് നിങ്ങള്‍‌ക്ക് ഒരു ബുദ്ധിമുട്ടാകുമോ?”

ഇതു കേട്ടപ്പോള്‍ ഉണ്ടായ ഞെട്ടല്‍ ഞാന്‍ പുറത്ത് കാണിച്ചില്ല. പാട്ടുകാരനായാലും വയലിനോ ഓടക്കുഴലോ കീ ബോര്‍‌ഡോ മറ്റോ പഠിയ്ക്കുന്ന ആളായാലും സാരമില്ലായിരുന്നു... ഇത് മൃദംഗം! അതെനിയ്ക്കത്ര ദഹിച്ചില്ല. വല്ല പരിപാടികളും നടക്കുമ്പോള്‍ കാണാന്‍ രസമാ‍ണ് എന്ന കാര്യം മാറ്റി വച്ചാല്‍ മൃദംഗം പ്രാക്റ്റീസ് ചെയ്യുന്നതും സഹിച്ചു കൊണ്ട് ജീവിച്ചു പോകാന്‍ കഴിയും എന്ന് തോന്നുന്നില്ല... പക്ഷേ അതെങ്ങനെ അയാളോട് പറയും ?

അയാളാണെങ്കില്‍ ഞങ്ങളുടെ പ്രതികരണമറിയാന്‍ കാത്തുനില്‍‌ക്കുകയാണ്. ഞാന്‍ ചെറിയൊരു പ്രതീക്ഷയോടെ സഞ്ജുവിന്റെ മുഖത്തേയ്ക്ക് നോക്കി. സഞ്ജു യാതൊരു സങ്കോചവും കൂടാതെ മറുപടി പറഞ്ഞു

“ഓ... അതിനെന്താ... മൃദംഗമല്ലേ? അവന്‍ എത്ര നേരം വേണമെങ്കിലും പ്രാക്റ്റീസ് ചെയ്തോട്ടെ! മാത്രമല്ല, ഞങ്ങള്‍‌ക്കും ഒരു നേരം പോക്കാകുമല്ലോ. അല്ലേടാ? ”

എന്നിട്ട് എന്നെ ഒരു നോട്ടവും. ഞാന്‍ പിന്നെയും ഞെട്ടി. “ദൈവമേ... ഇവന്മാരു രണ്ട് പേരും ഇത്തരക്കാരാണോ? ഒരാള്‍ മൃദംഗം വായിയ്ക്കാനും മറ്റേയാള്‍ അത് കേട്ട് ആസ്വദിയ്ക്കാനും. ഞാന്‍ പെട്ടതു തന്നെ”. എങ്കിലും, തകര്‍ന്ന മനസ്സോടെയാണെങ്കിലും മുഖത്ത് ഒരു വിധത്തില്‍ ചിരിയെല്ലാം വരുത്തി, അതെയതെ എന്ന് ഞാനും തലയാട്ടി സമ്മതിച്ചു. അയാളാണെങ്കില്‍ സമാധാനത്തോടെ ഇറങ്ങി പോകുകയും ചെയ്തു.

അയാള്‍ അങ്ങ് റോട്ടിലേയ്ക്കിറങ്ങിയതും ഞാന്‍ കുറച്ചൊരു നിരാശയോടെ സഞ്ജുവിനോട് ചോദിച്ചു “നിനക്ക് ഈ മൃദംഗം ഒക്കെ ഇഷ്ടമാണല്ലേ? എനിയ്ക്ക് എന്തു കൊണ്ടോ അതിനോട് അത്ര മമത പോര...”

ഞാന്‍ പറഞ്ഞ് തീര്‍ന്നില്ല, സഞ്ജു ഇടയ്ക്ക് കയറി പറഞ്ഞു “എവിടെ? എനിയ്ക്ക് ആ ക്ണാപ്പ് കാണുന്നതു പോലും ഇഷ്ടമല്ല... പിന്നല്ലേ... അല്ല അളിയാ, ഈ മൃദംഗം എന്ന് പറയുന്ന സംഭവം ആക്‍ച്വലി എങ്ങനെ ഇരിയ്ക്കും?”

ഇത് കേട്ടതും എനിയ്ക്ക് പകുതി ആശ്വാസമായി. പാവം! ഞാന്‍ വെറുതേ തെറ്റിദ്ധരിച്ചു... എന്നാലും സംശയം തീര്‍ക്കാനായി ചോദിച്ചു “പക്ഷേ, നീ അയാളോട് പറഞ്ഞത്...”

ഞാന്‍ മുഴുമിപ്പിയ്ക്കും മുന്‍‌പെ അവന്‍ ഇടയ്ക്ക് കയറി പറഞ്ഞു “അത് പിന്നെ അയാള്‍ അങ്ങനെ ചോദിച്ചപ്പോള്‍ ഞാനങ്ങനെ പറഞ്ഞെന്നേയുള്ളു. നമുക്ക് അവനെ റൂമിനകത്തൊന്നും ഇരുന്ന് പ്രാക്റ്റീസ് ചെയ്യാന്‍ സമ്മതിയ്ക്കണ്ട .വേണമെങ്കില്‍ പുറത്തെ മുറിയിലോ കിച്ചണിലോ അതല്ലെങ്കില്‍ ആ പറമ്പിലോ മറ്റോ പോയിരുന്ന് എന്തു വേണമെങ്കിലും ചെയ്തോട്ടെ... അല്ലേ?”

‘അതു തന്നെ’. ഞാനും സമ്മതിച്ചു. അങ്ങനെ അടുത്ത ദിവസം വരാന്‍ പോകുന്ന ഭീകരനെ എങ്ങനെ നേരിടും എന്നാലോചിച്ച് ഞങ്ങള്‍ അന്ന് രാത്രി ഉറങ്ങാന്‍ കിടന്നു.

പിറ്റേന്ന് നേരം വെളുത്ത് കുളിച്ച് കോളേജില്‍ പോകാനൊരുങ്ങുമ്പോള്‍ അതാ മുറ്റത്ത് തലേന്ന് വന്ന ആളും കൂടെ ഒരു കൊച്ചു പയ്യനും. ‘ഇതാണ് കുല്‍‌ദീപ്, ഞാന്‍ ഇന്നലെ പറഞ്ഞ പയ്യന്‍‍’. അയാള്‍ ഞങ്ങളെ പരിചയപ്പെടുത്തി.

എന്തായാലും പ്രതീക്ഷിച്ചതു പ്പൊലെ കാഴ്ചയില്‍‌ ഭീകരനൊന്നുമല്ല... ആശ്വാസം. ഞാന്‍ മനസ്സിലോര്‍‌ത്തു. വൈകാതെ അവന്റെ പെട്ടിയും സാമാനങ്ങളുമെല്ലാം റൂമിലേയ്ക്ക് എടുത്തു വയ്ക്കാന്‍ സഹായിച്ച ശേഷം അയാള്‍ യാത്ര പറഞ്ഞിറങ്ങി. വൈകാതെ ഞങ്ങള്‍ വിശദമായി പരിചയപ്പെട്ടു. അപ്പോഴാണ് കൂടുതല്‍ കാര്യങ്ങള്‍‌ അറിയുന്നത്. അയാള്‍ പറഞ്ഞതു പോലെ ഒന്നുമല്ല... അവന്‍ മൃദംഗവും വായിയ്ക്കും എന്നേയുള്ളൂ... പ്രധാനമായും അവനൊരു പാട്ടുകാരനാണ്. പിന്നെ, വയലിന്‍‌, മൃദംഗം, തംബുരു, കീ ബോര്‍‌ഡ് അങ്ങനെ എല്ലാം കുറേശ്ശെ പഠിയ്ക്കുന്നുണ്ട് എന്നു മാത്രം. പിന്നെ, ഇതിനെല്ലാം പുറമേ അവന്‍ തൊട്ടു മുന്‍‌പത്തെ വര്‍ഷത്തെ യൂണിവേഴ്സിറ്റി കലാപ്രതിഭ കൂടി ആയിരുന്നത്രേ.

ഇതെല്ലാം കേട്ടപ്പോഴുള്ള ഞങ്ങളുടെ ഭാവമാറ്റം കണ്ട് അവന്‍ കാര്യമന്വേഷിച്ചു. തലേ ദിവസത്തെ സംഭവവും അത് കേട്ട് ഞങ്ങള്‍ തെറ്റിദ്ധരിച്ചതും തീരുമാനമെടുത്തതും എല്ലാം കേട്ട് അവനും ചിരിച്ചു പോയി. എന്തായാലും ഞങ്ങള്‍ക്ക് സമാധാനമായി, കുറച്ചൊരു അഭിമാനവും. ചെറിയൊരു കലാകാരനെ ആണല്ലോ റൂം മേറ്റ് ആയി കിട്ടിയിരിയ്ക്കുന്നത്. അങ്ങനെ കുല്‍ദീപ് ഞങ്ങളുടെ ‘കുല്ലു’ ആയി ഞങ്ങളോടൊപ്പം താമസവും പഠനവും തുടങ്ങി. ഒരേയൊരു വ്യത്യാസം മാത്രം... ഞങ്ങളെല്ലാം ഇലക്ട്രോണിക്സ് ബാച്ച് ആയിരുന്നുവെങ്കില്‍ അവന്‍ കമ്പ്യൂട്ടര്‍ ബാച്ച് ആയിരുന്നു.

വൈകാതെ ഞങ്ങളുടെ സുഹൃദ് വലയം മത്തനും ബിമ്പുവും ജോബിയും സുധിയും കൂടി ചേര്‍‌ന്നപ്പോള്‍ മൂന്നില്‍ നിന്ന് ഏഴായി ഉയര്‍‌ന്നു. പിന്നീടങ്ങോട്ടുള്ള മൂന്നു വര്‍‌ഷം ഞങ്ങളുടെ കാലമായിരുന്നു. എന്തെങ്കിലും വിശേഷ ദിവസങ്ങളിലാണെങ്കില്‍ കുല്ലുവിന്റെ ഒരു പാട്ടെങ്കിലും ഇല്ലാതിരിയ്ക്കില്ല...  കോളേജില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാത്രം അകലെ വീടുണ്ടായിരുന്ന മത്തനാണെങ്കില്‍ കോളേജിലെ എന്തു പരിപാടിയേയും സ്വന്തം വീട്ടിലെയോ കുടുംബത്തിലേയോ എന്തോ ഒരു ചടങ്ങ് എന്ന പോലെ ആണ് കണ്ടിരുന്നത്. നാട്ടുകാരില്‍ നിന്നോ മറ്റോ എന്തെങ്കിലുമൊക്കെ സഹായങ്ങള്‍ വേണമെങ്കില്‍ അതിനായി എപ്പോഴും അവന്‍ മുന്നിട്ടിറങ്ങുമായിരുന്നു. കൂടാതെ സഞ്ജുവിന്റെ ചേച്ചിയായിരുന്നു അവിടുത്തെ ഇലക്ട്രോണിക്സ് ഡിപ്പാര്‍ട്ട്മെന്റിലെ അദ്ധ്യാപിക കൂടിയായിരുന്ന മഞ്ജു മിസ്സ് (ടീച്ചറായിരുന്നെങ്കിലും ഞങ്ങള്‍ക്ക് മഞ്ജു മിസ്സ് എന്നും മഞ്ജുചേച്ചി തന്നെ ആയിരുന്നു... അന്നും ഇന്നും). ബിബിനാണെങ്കില്‍ N S S ക്യാമ്പ് കോ ഓര്‍ഡിനേറ്ററും. അതു കൊണ്ടൊക്കെ തന്നെ, കോളേജിലെ എന്തു പരിപാടിയ്ക്കും ഞങ്ങളുടെ ഗ്യാങ്ങ് ഒപ്പമുണ്ടാകുമായിരുന്നു, മുന്‍‌പന്തിയില്‍ തന്നെ. മാത്രമല്ല, ഞങ്ങളുടെ ക്ലാസ്സിലെ മറ്റു സഹപാഠികളുടെ പിന്തുണയും സഹായവും എന്നും ഞങ്ങള്‍ക്കുണ്ടായിരുന്നു. കോളേജ് ഡേ, അസ്സോസിയേഷന്റെ പരിപാടികള്‍, ഓണം, വിഷു, ക്രിസ്തുമസ്സ്, ന്യൂ ഇയര്‍ N S S ക്യാമ്പുകള്‍ അങ്ങനെ ഓരോ സംഭവങ്ങളും ഞങ്ങള്‍ ആഘോഷമാക്കി.

അങ്ങനെ മൂന്നു വര്‍‌ഷങ്ങള്‍ ... പഠനം മാത്രമല്ലാതെ ഓരോ ദിവസവും ഓരോ നിമിഷവും ആസ്വദിച്ച് ചിലവഴിച്ച മൂന്നു വര്‍ഷമായിരുന്നു ഞങ്ങള്‍ക്ക് പിറവം ബി പി സി യിലെ ആ ബിരുദ പഠനകാലം. അതു പോലെ ഒരു പഠനകാലം അതിനു മുന്‍പും ശേഷവും ഞങ്ങള്‍ക്ക് ഉണ്ടായിട്ടില്ല എന്ന് എന്റെ എല്ലാ സുഹൃത്തുക്കളും സമ്മതിയ്ക്കും. 2002 ജൂണ്‍ - ജുലൈ മാസത്തില്‍ ഞങ്ങളുടെ ബാച്ച് പഠനം പൂര്‍ത്തിയാക്കി അവിടെ നിന്നും ഇറങ്ങി.

ഇപ്പോള്‍ പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും ആ മൂന്നു വര്‍ഷം ഞങ്ങളുടെയെല്ലാം മനസ്സില്‍ ഒരു സുവര്‍ണ്ണ കാലമായി നിലനില്‍ക്കുന്നു. ഇന്നും ഒട്ടേറെ സ്നേഹത്തോടെ, അഭിമാനത്തോടെ കുറച്ചൊരു നഷ്ടബോധത്തോടെ ഞങ്ങളെല്ലാവരും ഓര്‍ക്കുന്നു, ഞങ്ങളുടെ ബി പി സി യെ... കഴിഞ്ഞു പോയ ആ മൂന്നു വര്‍ഷത്തെ...

ഈ പോസ്റ്റ് ഞങ്ങളുടെ ബിപിസി കോളേജിനും 99-2002 ബാച്ചിനും അവിടുത്തെ എല്ലാ അദ്ധ്യാപകര്‍ക്കുമായി സമര്‍പ്പിയ്ക്കുന്നു.

Thursday, May 24, 2012

അമ്മയ്ക്കൊരുമ്മ

സ്കൂള്‍ ജീവിതം അവസാനിച്ചിട്ട് വര്‍ഷമൊരുപാട് ആയെങ്കിലും ഇന്നും ജൂണ്‍ - ജൂലൈ മാസങ്ങളെ നോക്കിക്കാണുന്നത് ഒരു പ്രത്യേക ഫീലിങ്ങോടെ ആണ്. ആദ്യത്തെ സ്കൂള്‍ ദിവസം മുതല്‍ സ്കൂള്‍ ജീവിതകാലത്തെ പല സംഭവങ്ങളും ഈ മാസങ്ങള്‍ എന്നെ ഓര്‍മ്മിപ്പിയ്ക്കാറുണ്ട്.

പണ്ട് ഞാന്‍ ഒന്നാം ക്ലാസ്സില്‍ പഠിയ്ക്കുന്ന, ഇതേ പോലുള്ള ജൂണ്‍ - ജൂലൈ മാസക്കാലം... അന്ന് ഞങ്ങള്‍ താമസിയ്ക്കുന്ന സ്ഥലത്തു നിന്നും ഞങ്ങളുടെ സ്കൂളിലേയ്ക്ക് പത്തു പതിനഞ്ചു മിനിട്ട് നടക്കാനുള്ള ദൂരമുണ്ട്. മാത്രമല്ല, ഒരു നാഷ്ണല്‍‌ ഹൈവേയും ഒരു റെയില്‍‌വേ ക്രോസ്സും കടന്നു വേണം സ്കൂളിലെത്താന്‍.  അതു കൊണ്ട് ആദ്യത്തെ കുറേ നാള്‍ എന്നെയും ചേട്ടനേയും സ്കൂളില്‍ കൊണ്ടു വിടുന്നതും തിരികേ കൊണ്ടു പോരുന്നതുമെല്ലാം അമ്മയുടെ ഡ്യൂട്ടിയായിരുന്നു. കുറച്ചു ദിവസങ്ങള്‍ കൊണ്ടു തന്നെ പോകേണ്ട വഴികളും (കുറുക്കു വഴികളും) ഞങ്ങള്‍ മനഃപാഠമാക്കി. എങ്കിലും ഞാന്‍ ഒന്നാം ക്ലാസ്സില്‍ ആയിരുന്നതു കൊണ്ടും അന്ന് വകതിരിവില്ലാത്ത പ്രായമായിരുന്നതു കൊണ്ടും (അന്ന് മാത്രമല്ല, ഇന്നും വേണ്ടത്ര വകതിരിവ് വന്നിട്ടില്ല എന്ന് പലരും പറയുന്നുണ്ട്) ഒന്നാം ക്ലാസ്സില്‍ പഠിച്ചിരുന്ന ഒരു വര്‍ഷം മുഴുവനും അമ്മ എന്നെ എസ്കോര്‍ട്ട് ചെയ്തിരുന്നു. എനിയ്ക്ക് തനിയെ പോകാന്‍ പേടിയായിട്ടല്ല, എങ്ങാനും ഞാന്‍ വഴി തെറ്റി പോയാലോ? (ഇനിയെന്ത് വഴി തെറ്റാന്‍ എന്നല്ലേ നിങ്ങള്‍ ഇപ്പോള്‍ മനസ്സിലോര്‍ത്തത്?). അതുമല്ലെങ്കില്‍ ഏതെങ്കിലും ട്രെയിനോ ബസ്സിനോ ഞാന്‍ അട വച്ചാലോ എന്ന് അമ്മയ്ക്ക് പേടി!

ഹൈവേയും റെയില്‍വേ ലൈനും തന്നെയായിരുന്നു പ്രധാന അപകടങ്ങള്‍ . ഒരുമാതിരി എല്ലാ കുട്ടികളും ആദ്യത്തെ കുറേ നാളുകളെങ്കിലും അങ്ങനെ എസ്‌കോര്‍ട്ടോടു കൂടിയാണ് ക്ലാസ്സില്‍ വന്നിരുന്നത്.  അങ്ങനെ പഠിച്ചിരുന്ന കാലം ഒരു സുഖം തന്നെ ആയിരുന്നു കേട്ടോ. എന്റെ സ്ലേറ്റും കുടയും പെട്ടിയുമെല്ലാം അമ്മ പിടിച്ചോളും (അന്ന് ബാഗല്ല, പെട്ടിയാണ് കൂടുതല്‍ കുട്ടികളും ഉപയോഗിച്ചിരുന്നത്). ആ വാട്ടര്‍ ബോട്ടില്‍ മാത്രം കഴുത്തില്‍ തൂക്കി ഞാന്‍ മുന്‍പേ നടക്കും. എന്റെ പെട്ടിയും കൂടി ചുമക്കണമെന്ന് മാത്രമല്ല, വല്ലയിടത്തും നോക്കി നടക്കുന്ന എന്നെ നേരെ നടത്തേണ്ട ഡ്യൂട്ടി കൂടി അമ്മയുടേതായിരുന്നു.

അങ്ങനെ ഒരു ദിവസം. അന്നും ക്ലാസ്സ് കഴിയേണ്ട  നേരമായപ്പോളേയ്ക്കും അമ്മ സ്കൂളിലെത്തി, എന്റെ ക്ലാസ്സിന്റെ മുമ്പിലുള്ള പ്ലാവിന്‍ ചുവട്ടില്‍ മറ്റു കുട്ടികളുടെ അമ്മമാരോടൊപ്പം ചേര്‍ന്നു. അവര്‍ അവിടെ കൊച്ചു കൊച്ചു പരദൂഷണങ്ങളും നാട്ടു വിശേഷങ്ങളുമായി സമയം കളയുമ്പോഴേക്കും സ്കൂള്‍ വിട്ടു. ഞങ്ങള്‍ കുട്ടികളെല്ലാം അവരവരുടെ അമ്മമാരുടെ അടുത്തേയ്ക്ക് ഓടി ചെന്നു. അമ്മ എന്റെ കയ്യില്‍ നിന്ന് പെട്ടിയും കുടയും വാങ്ങി കയ്യില്‍ പിടിച്ചു. ഞാനാണെങ്കില്‍ പതിവു പോലെ വാട്ടര്‍ ബോട്ടില്‍ കഴുത്തില്‍ തൂക്കി നടക്കാനും തുടങ്ങി.

ഞങ്ങള്‍ പോകുന്ന വഴിയിലും ചില കുട്ടികളുടെ വീടുണ്ട്. അതു കൊണ്ട് കുറച്ചു ദൂരം മറ്റു കുട്ടികളാരെങ്കിലുമൊക്കെ ഉണ്ടാകാറുണ്ട്.. അപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ മുന്‍പേയും അമ്മമാര്‍ പുറകെയും നടക്കും. പക്ഷേ, കൊരട്ടി റെയില്‍വേ ഗേറ്റ് കഴിഞ്ഞാല്‍ പിന്നെ അങ്ങോട്ട് ഞാനും അമ്മയും മാത്രമേ ഉണ്ടാകാറുള്ളൂ. അന്ന് ഞങ്ങള്‍ താമസിയ്ക്കുന്ന കൊരട്ടി MAMHS നടുത്തുള്ള ഗവ. പ്രസ്സ് ക്വാര്‍ട്ടേഴ്സിലേയ്ക്ക് എത്തണമെങ്കില്‍ ആ റെയില്‍വേ ലൈന്‍ കടന്ന് നാഷ്ണല്‍ ഹൈവേ കൂടി മുറിച്ചു കടക്കണം.

റെയില്‍വേ ലൈനിന് തൊട്ടടുത്താണ് ഹൈവേ. അതും റെയില്‍വേ ക്രോസ്സ് സ്ഥിതി ചെയ്യുന്ന ആ സൈഡ് റോഡിന്റെ ലെവലില്‍നിന്നും ഏതാനും അടി ഉയരത്തിലാണ് ഹൈവേ പോകുന്നതും. ഞങ്ങളാണെങ്കില്‍ ചില കടകള്‍ക്കിടയിലൂടെയുള്ള ഒരു കുറുക്കു വഴിയിലൂടെയായിരുന്നു സ്ഥിരമായി ഹൈവേയിലേയ്ക്ക് കയറിയിരുന്നത്. റെയില്‍വേ ക്രോസ്സ് കടന്നതും മുന്‍പേ നടന്നിരുന്ന ഞാന്‍ ഓടി ഹൈവേയിലേയ്ക്ക് കയറി നിന്നു. (ഹൈവേ മുറിച്ചു കടക്കുന്നത് അമ്മ കൂടി വന്ന ശേഷം ആയിരുന്നെങ്കിലും വണ്ടികള്‍ പോകുന്നത് കാണാനും മറ്റുമായി ഞാനെപ്പോഴും  ആദ്യമേ ഓടിക്കയറി റോഡരുകില്‍ നില്‍ക്കുന്നത് പതിവായിരുന്നു).

അതും പതിവുള്ളതായിരുന്നതു കൊണ്ട് അമ്മ എന്നെ തടയാല്‍ ശ്രമിച്ചില്ല. പക്ഷേ അന്ന് ഞാന്‍ ഓടിക്കയറി റോഡരുകിലെത്തിയതും കണ്ടത് ചീറിപ്പായുന്ന വണ്ടികളെയല്ല, മറിച്ച് ഒരു വലിയ പറ്റം എരുമകളെയാണ്. വാഹനങ്ങള്‍ക്ക് പകരം റോഡു നിറയും വിധം കുറേ എരുമകള്‍ നടന്നും ഓടിയും പോകുന്നു. കൃത്യമായി എണ്ണം പറയുക സാധ്യമല്ലെങ്കിലും നൂറിലധികം എണ്ണമെങ്കിലും ഉണ്ടായിരിയ്ക്കാമെന്ന് തോന്നുന്നു. അത്രയും എരുമക്കൂട്ടത്തെ മേയ്ക്കാന്‍ ആകെയുള്ളത് 2 പേരും. ഒരാള്‍ അവയ്ക്ക് മുന്‍പേ വഴി കാണിച്ചു കൊണ്ടും മറ്റെയാള്‍ എല്ലാത്തിനും പിറകേയും. രണ്ടു പേരുടെയും കയ്യില്‍ ഓരോ ചെറിയ വടി മാത്രമുണ്ട്. കൃത്യമായും അവ ആ റോഡിലൂടെ കടന്നു പോകുന്ന നേരമാണ് ഞാന്‍ ഓടി റോഡരുകിലേയ്ക്ക് കയറുന്നത്.

പതിവു പോലെ റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ കാണാന്‍ ഓടിക്കയറിയ ഞാന്‍ റോഡു നിറയെ തിങ്ങി നിറഞ്ഞ് കടന്നു പോകുന്ന എരുമക്കൂട്ടത്തെ കണ്ട് പകച്ചു നിന്നു. ഇടവഴിയില്‍ നിന്നും ഓടിക്കയറുകയായിരുന്നതിനാല്‍ ആ എരുമക്കൂട്ടം കടന്നു വരുന്നത് എന്റെ കണ്ണില്‍ പെട്ടിരുന്നുമില്ല. ഒട്ടു മിക്ക എരുമകളും ഒന്നിനു പിറകെ ഒന്ന് എന്ന നിലയില്‍ ആ റോഡ് നിറഞ്ഞു നടക്കുന്ന രീതിയില്‍ ആണ് നീങ്ങിക്കൊണ്ടിരുന്നത്. റോഡരുകുകളിലായി നിന്നിരുന്നവര്‍ എല്ലാം സൈഡുകളിലേയ്ക്ക് ഒതുങ്ങി അവയ്ക്ക് കടന്നു പോകാന്‍ സൌകര്യമൊരുക്കി മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ എന്റെ അടുത്തെങ്ങും ആരുമുണ്ടായിരുന്നില്ല. ഞാനാണെങ്കില്‍  ആ എരുമകളെ കണ്ട് പേടിച്ച് കണ്ണും മിഴിച്ച് നില്‍ക്കുകയായിരുന്നു. അമ്മ പിറകെ വരുമ്പോഴേയ്ക്കും ആ എരുമക്കൂട്ടത്തിന്റെ നല്ലൊരു ഭാഗം എന്നെ കടന്ന് പോയിക്കഴിഞ്ഞിരുന്നു.

അന്നേരം ആ കൂട്ടത്തില്‍ നിന്ന് അകന്നു മാറി വെകിളി പിടിച്ചെന്ന വണ്ണം ഒരു എരുമ തലയും കുലുക്കി എന്റെ നേരെ പാഞ്ഞു വന്നു. എന്റെ പുറകേ ആ ചെറിയ കയറ്റം കയറി ഹൈവേയിലേയ്ക്കു കയറി വരുന്ന അമ്മ കാണുന്നത് പേടിച്ചു വിറച്ച് മിണ്ടാന്‍ പോലും വയ്യാതെ നില്‍ക്കുന്ന എന്നെയും റോഡില്‍ നിന്നിറങ്ങി, എനിയ്ക്കു നേരെ പാഞ്ഞു വരുന്ന ആ എരുമയെയുമാണ്. അതേ സമയം തന്നെ, ഇതും കണ്ടു കൊണ്ട് റോഡരുകിലും അവിടവിടെയായും ഒതുങ്ങി നിന്നിരുന്ന ആളുകളൊക്കെ ഉറക്കെ ബഹളം വയ്ക്കാന്‍ തുടങ്ങി. ബഹളം കേട്ട് എരുമക്കൂട്ടത്തിന് മുന്‍പിലും പുറകിലും ആയി നടന്നിരുന്ന, അവയെ മേച്ചിരുന്നവരും അത് ശ്രദ്ധിച്ചു. ഇതു കണ്ട് പകച്ച അവരിരുവരും അതിനെ തടയാന്‍ ഒച്ചയെടുത്തു കൊണ്ട് മറ്റ് എരുമകളുടെ ഇടയിലൂടെ ഓടി എനിയ്ക്കടുത്തെത്താന്‍ ഒരു വിഫലശ്രമം നടത്തി. എങ്കിലും അവരിരുവരും എന്നില്‍ നിന്നും സാമാന്യം ദൂരത്തായിരുന്നു.

പകച്ചു നില്‍ക്കുന്ന എന്നെയും ഓടി വരുന്ന എരുമയെയും കണ്ട അമ്മ മറ്റൊന്നും ആലോചിയ്ക്കാതെ എന്റെ അടുത്തേയ്ക്ക് ഓടി വന്നു. ഇതെല്ലാം കണ്ടു കൊണ്ട് നില്‍ക്കുന്ന ആളുകളെല്ലാം അടുത്തേക്ക് പോകല്ലേ എന്ന് അമ്മയോട് വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും അതൊന്നും വക വയ്ക്കാതെ, അമ്മ എന്റെ അടുത്തേയ്ക്ക് ഓടിയെത്തി, എന്നെ വട്ടം  പൊക്കിയെടുത്ത് അമ്മയുടെ പുറകിലേയ്ക്ക് മാറ്റി നിര്‍ത്തിയതും ആ എരുമ മുക്രയിട്ട് തലയും കുലുക്കി ഞങ്ങളുടെ തൊട്ടരികെ എത്തിയതും ഏതാണ്ട് ഒരേ സമയത്തായിരുന്നു. അടുത്ത നിമിഷം, ആ എരുമ അമ്മയെയും എന്നെയും ഇടിച്ചിടുമെന്ന് ഉറപ്പിച്ച നിമിഷം അമ്മ കയ്യിലുണ്ടായിരുന്ന എന്റെ കുട തിരിച്ചു പിടിച്ച് അതിന്റെ നേരെ ആഞ്ഞു വീശി. ആ കുടയുടെ പിടി ആ എരുമയുടെ തലയുടെ നിറുകില്‍ തന്നെ 'പ് ടേ' എന്ന ശബ്ദത്തോടെ കൊള്ളുന്ന ശബ്ദം വ്യക്തമായും ഞാന്‍ കേട്ടു. ആ കുട കൊണ്ടുള്ള ഒരടി ഒന്നും അത്രയും വലിയ ആ ജീവിയ്ക്ക് ഒന്നുമാകില്ല എന്ന് അമ്മയ്ക്കും അറിയാമായിരുന്നു. എങ്കിലും, അപ്പോള്‍ കയ്യിലുണ്ടായിരുന്ന ഒരേയൊരു ഉപകരണം ആ കുട മാത്രമായിരുന്നു. അതു കൊണ്ട് അതെടുത്ത് പ്രയോഗിച്ചു എന്നു മാത്രം.

സാധാരണ ഗതിയില്‍ ആ അടി കിട്ടിയ ദേഷ്യത്തില്‍ ആ എരുമ വര്‍ദ്ധിതവീര്യത്തോടെ ഞങ്ങളെ ആക്രമിയ്ക്കേണ്ടതായിരുന്നു. അത്രയും വലിപ്പമുള്ള ആ ജീവിയുടെ ഒരു തട്ടോ കുത്തോ തന്നെ എന്റെ കഥ കഴിയാന്‍ മാത്രം മതിയായിരുന്നു. പക്ഷേ, എന്തോ ഒരു ഭാഗ്യം കൊണ്ട് ആ നേരത്ത് ആ എരുമയ്ക്ക് അങ്ങനെ തോന്നിയില്ല. അപ്രതീക്ഷിതമായതു കൊണ്ടോ എന്തോ അടി കൊണ്ട ഉടനെ ആ ജീവി വെട്ടിത്തിരിഞ്ഞ് തിരികെ എരുമക്കൂട്ടത്തിനു നേരെ ഓടി. അപ്പോഴേയ്ക്കും  ഞങ്ങള്‍ക്കരികെ ഓടിയെത്തിയ അവയെ മേച്ചു നടന്നിരുന്നവര്‍ അതിനെ പിടിച്ചു നിര്‍ത്തി വരുതിയിലാക്കി.

അപ്പോഴേയ്ക്കും ഞങ്ങള്‍ക്ക് ചുറ്റും ഒരു ചെറിയ ആള്‍ക്കൂട്ടം രൂപം കൊണ്ടിരുന്നു. ഞങ്ങള്‍ക്ക് ഇരുവര്‍ക്കും ഒന്നും പറ്റിയിട്ടില്ല എന്നറിഞ്ഞ് ഓടിക്കൂടിയ ആളുകള്‍ക്കും ആശ്വാസമായി. അപകടം  ഒഴിഞ്ഞു പോയ സമാധാനത്തോടെ, ആളുകള്‍ എല്ലാവരും ആ എരുമയെ അടിച്ചോടിച്ച അമ്മയുടെ ധൈര്യത്തെ പുകഴ്ത്തിയും അശ്രദ്ധയോടെ ആ എരുമക്കൂട്ടത്തെ മേച്ചു നടക്കുന്നവരെ കുറ്റം പറഞ്ഞും നില്‍ക്കുന്നതിനിടയില്‍ അമ്മ എന്റെ കയ്യും പിടിച്ചു കൊണ്ട് റോഡ് മുറിച്ചു കടന്ന് ഞങ്ങളുടെ വീട്ടിലേയ്ക്കുള്ള വഴിയില്‍ നടത്തമാരംഭിച്ചിരുന്നു.

അന്ന് വീട്ടിലെത്തിയ ശേഷവും പിന്നീട് ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ പലപ്പോഴും ഈ സംഭവം വിവരിയ്ക്കുമ്പോള്‍  അന്ന് ആഎരുമയെ വെറുമൊരു കുട കൊണ്ട് (പഴയ സൂര്യമാര്‍ക്ക് കുട)നേരിടാനുള്ള ധൈര്യം തനിയ്ക്ക് എവിടെ നിന്ന് കിട്ടി എന്നോര്‍ത്തു കൊണ്ട്  അമ്മ തന്നെ അതിശയിച്ചു നില്‍ക്കുന്നത് കാണാറുണ്ട്.

Friday, March 30, 2012

ഒരിയ്ക്കലൊരു ഏപ്രില്‍ ഫൂള്‍ നാളില്‍


ഏപ്രില്‍ ഫൂള്‍ എല്ലാം ആഘോഷമായി കണ്ടിരുന്നത് കുട്ടിക്കാലത്തു തന്നെയാണ്. ആരെങ്കിലുമൊക്കെ നമ്മളെ ഫൂളാക്കാനും ആരെയെങ്കിലുമൊക്കെ നമുക്ക് ഫൂളാക്കാനുമുണ്ടാകും. മുതിര്‍ന്നു വരുന്തോറും അത്തരം ആഘോഷങ്ങളൊക്കെ വല്ലപ്പോഴുമായി. ഇപ്പോള്‍ കുറച്ചു വര്‍ഷങ്ങളായി അതൊരു പ്രത്യേകതയുള്ള ദിവസമാണെന്നു പോലും തോന്നാറില്ല.

അവസാനമായി ഏപ്രില്‍ ഫൂള്‍ ദിവസം രസകരമായി ആഘോഷിച്ചത് ഏതാണ്ട് എട്ടു പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഞങ്ങള്‍ ബിരുദാനന്തര ബിരുദപഠനത്തിനു വേണ്ടി തഞ്ചാവൂര്‍ കഴിഞ്ഞിരുന്ന കാലത്ത്. ആദ്യത്തെ വര്‍ഷം അയല്‍പക്കത്തുള്ള സുഹൃത്തുക്കളുമായി ചില ചില്ലറ തമാശകളൊപ്പിച്ചതൊഴിച്ചാല്‍ പ്രത്യേകിച്ചൊന്നുമുണ്ടായില്ല. അതു കൊണ്ടു തന്നെ രണ്ടാം വര്‍ഷം ഏപ്രില്‍ ഫൂള്‍ ദിനമടുത്തപ്പോള്‍ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും അത്രയ്ക്ക് ഉത്സാഹമൊന്നും ഉണ്ടായിരുന്നില്ല, എനിയ്ക്കും... അതു കൊണ്ടു തന്നെ അന്നത്തെ ദിവസത്തിനു വേണ്ടി പ്രത്യേക തയ്യാറെടുപ്പുകള്‍ ഒന്നും തന്നെ എടുത്തതുമില്ല.

അങ്ങനെ ആ ഏപ്രില്‍ ഒന്നാം തീയതി വന്നെത്തി.  പതിവു പോലെ രാവിലെ അഞ്ചര മണി ആയപ്പോള്‍ ഞാനുണര്‍ന്നു. കുളിയും പ്രഭാതകൃത്യങ്ങളുമെല്ലാം കഴിഞ്ഞപ്പോഴും, അന്ന് അവധി ദിവസം കൂടി ആയതു കൊണ്ടാകണം, അതു വരെ മറ്റാരും ഉണര്‍ന്നിട്ടില്ല.
അപ്പോഴേയ്ക്കും പാല്‍ക്കാരന്‍ പാലും കൊണ്ടു വന്നു. ഞാന്‍ അതുമായി അടുക്കളയിലേയ്ക്ക് പോയി.

അന്ന് ഞങ്ങളുടെ റൂമില്‍ 8 പേരാണ് താമസം.  ഞങ്ങള്‍ പഴയ ബി പി സി സുഹൃത്തുക്കള്‍ 7  പേര്‍ കൂടാതെ അന്ന് മാഷും ഞങ്ങളുടെ കൂടെ കൂടിയിട്ടുണ്ട്. MTech ചെയ്യുന്ന സമയമായതു കൊണ്ടും ഞങ്ങളെക്കാള്‍ 2-3 വയസ്സ് പ്രായക്കൂടുതലുള്ളതു കൊണ്ടും ഞങ്ങള്‍ ആശാനെ മാത്രം പേര് വിളിയ്ക്കുന്നതിനു പകരം മാഷ് എന്നാണ് വിളിയ്ക്കാറ്. രാവിലെ ചായ/കാപ്പി ഉണ്ടാക്കുന്നതിന് ഒരു പ്രത്യേകത ഉണ്ട്. അതില്‍ നാലുപേര്‍ക്ക് ചായ മതി, 3 പേര്‍ക്ക് കാപ്പി. പിള്ളേച്ചനാണെങ്കില്‍ ചായയും കാപ്പിയും വേണ്ട, മധുരമിടാത്ത പാല്‍ തന്നെ മതി. ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകമായി അവരവരുടെ പേരെഴുതിയ ഗ്ലാസ്സില്‍ മാറ്റി വയ്ക്കണം.

അങ്ങനെ ഓരോരുത്തരുടെയും പ്ലെയ്റ്റിലും ഗ്ലാസ്സിലും പേരെഴുതി വയ്ക്കാനും ഒരു കാരണമുണ്ട്. ആദ്യമെല്ലാം അങ്ങനെ പേരെഴുതുന്ന പതിവുണ്ടായിരുന്നില്ല. എല്ലാവര്‍ക്കും എല്ലാ പാത്രങ്ങളും ഉപയോഗിയ്ക്കാം എന്നായിരുന്നു. ചായയോ കാപ്പിയോ ഉണ്ടാക്കിയാല്‍ ഓരോരുത്തരും അതുമായി സിറ്റൌട്ടിലേയ്ക്കോ വരാന്തയിലേയ്ക്കോ ടെറസ്സിലേയ്ക്കോ ഒക്കെ പോകും. അവിടിരുന്ന് പഠിയ്ക്കാനോ എഴുതാനോ ഫോണ്‍ വിളിയ്ക്കാനോ വര്‍ത്തമാനം പറയാനോ ഒക്കെ ആകാം. പക്ഷേ, അതു കഴിഞ്ഞ് ചിലപ്പോള്‍ ഗ്ലാസ്സോ പ്ലെയ്റ്റോ ഒക്കെ തിരിച്ച് എടുത്തു കൊണ്ടു വരാന്‍ മറക്കും. പിന്നീട് അടുത്ത തവണ ഭക്ഷണമെടുക്കുമ്പോഴായിരിയ്ക്കും ഈ പാത്രങ്ങള്‍ അന്വേഷിയ്ക്കുക. അപ്പോള്‍ ആ നേരത്ത് ഇപ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം ഇതൊക്കെ തപ്പി നടന്ന് എടുത്തോണ്ട് വരണം. മാത്രമല്ല, ആരാണ് ഇതൊക്കെ അവിടെ ഇട്ടതെന്ന് ആരും മിണ്ടില്ല. പിന്നെ പിന്നെ, ഇതൊരു പതിവാകുകയും അത് ഒരു അസൌകര്യമാകുകയും ചെയ്തു തുടങ്ങിയപ്പോള്‍ ഞങ്ങള്‍ കണ്ടെത്തിയ ഒരു വഴിയാണ് ഗ്ലാസ്സിലും പ്ലെയിറ്റിലും പേരെഴുതുക എന്നത്. അതാകുമ്പോള്‍ ഓരോരുത്തരും അവരവരുടെ പാത്രങ്ങള്‍ മാത്രമാണല്ലോ ഉപയോഗിയ്ക്കുക. ഏതെങ്കിലും പാത്രം മിസ്സിങ്ങായാല്‍ അതിന്റെ ഉടമസ്ഥനാകും അത് എവിടേലും മറന്നു വച്ചിട്ടുണ്ടാകുക എന്നുറപ്പാണല്ലോ.

പറഞ്ഞു വന്നത് ഏപ്രില്‍ ഫൂളിന്റെ അന്നത്തെ വിശേഷമാണല്ലോ, നമുക്ക് വിഷയത്തിലേയ്ക്ക് വരാം. അങ്ങനെ അന്നു രാവിലെയും പാല്‍ തിളപ്പിച്ച ശേഷം ഞാന്‍ ഓരോരുത്തര്‍ക്കുമുള്ളത് ഗ്ലാസ്സുകളിലാക്കി മാറ്റി വച്ചു. അപ്പോഴേയ്ക്കും മാഷ് ഉണര്‍ന്ന് പല്ലു തേപ്പും കഴിഞ്ഞ് അങ്ങോട്ടു വന്നു. ഞാന്‍ മാഷെ ഒന്ന് വിഷ് ചെയ്തിട്ട് എന്റെ ചായയുമെടുത്ത് അപ്പുറത്തെ മുറിയിലേയ്ക്ക് നടന്നു. തൊട്ടു പിന്നാലെ മാഷും ചായയുമായെത്തി. ഞങ്ങള്‍ രണ്ടാളും വെറുതേ ഓരോന്ന് പറഞ്ഞു കൊണ്ട് ചായ കുടിച്ചു കൊണ്ടിരിയ്ക്കുമ്പോഴാണ് മാഷ് ആ ഐഡിയ മുന്നോട്ടു വച്ചത്. "ഏപ്രില്‍ ഫൂളല്ലേ! എന്തെങ്കിലും ഒരു പണി ഒപ്പിച്ചാലോ?"

പറഞ്ഞു തീരേണ്ട താമസം, ഞാന്‍ സമ്മതിച്ചു. പക്ഷേ എന്തു ചെയ്യണം? അതിനും മാഷ് തന്നെ വഴി കണ്ടു. കുറച്ചു നേരം ചായയും പിടിച്ച് ആലോചിച്ചു നിന്ന ശേഷം മാഷ് ചോദിച്ചു. "അല്ല, നമ്മുടെ ഇന്നൊരു ദിവസത്തെ പാല്‍ നശിപ്പിയ്ക്കേണ്ടി വന്നാല്‍ കുഴപ്പമുണ്ടോ? രാവിലത്തെ എല്ലാവരുടെയും ചായ/കാപ്പി വേണ്ടെന്ന് വയ്ക്കേണ്ടി വരും". അപ്പോഴും കാര്യം പിടി കിട്ടിയിട്ടില്ലെങ്കിലും ഞാന്‍ മറുപടി പറഞ്ഞു. "അതൊന്നും കുഴപ്പമില്ല, പക്ഷേ, എന്റെ ചായ ഞാന്‍ ദാ കുടിച്ചു തീര്‍ത്തു".

എന്റെ മറുപടി കേട്ടപ്പോള്‍ മാഷ് ഉഷാറായി. "അതു സാരമില്ല, അവന്മാര്‍ ആറു പേര്‍ ഇപ്പോഴും എഴുന്നേറ്റിട്ടില്ലല്ലോ. അപ്പോഴേയ്ക്കും നമുക്ക് പണി ഒപ്പിയ്ക്കണം. വാ"

അത്രയും പറഞ്ഞു കൊണ്ട് മാഷ് അടുക്കളയിലേയ്ക്ക് നടന്നു. പിന്നാലെ ഞാനും വച്ചു പിടിച്ചു. മാഷ് പറഞ്ഞതനുസരിച്ച് ഞാന്‍ പതുക്കെ, ശബ്ദമുണ്ടാക്കാതെ ബെഡ് റൂമില്‍ പോയി ഒളിഞ്ഞു നോക്കി. മറ്റാരും തന്നെ ഉണര്‍ന്നിട്ടില്ല, എല്ലാവരും നല്ല ഉറക്കം!

ഞാന്‍ തിരിച്ച് അടുക്കളയിലെത്തിയപ്പോള്‍ മാഷ് അവിടെയുള്ള കറി പൌഡറുകളെല്ലാം പരതി നോക്കുന്നു. "എന്താ മാഷേ? എന്താ ഈ നോക്കുന്നത്?" മാഷ് ചിക്കന്‍ മസാലയുടെ പാക്കറ്റ് പുറത്തെടുത്ത് അതും കൊണ്ട് എന്റടുത്തേക്ക് വന്നു, എന്നിട്ട് പറഞ്ഞു. "തല്‍ക്കാലം നമുക്ക് ഇന്ന് അവന്മാര്‍ക്ക് ചായയും കാപ്പിയും കൊടുക്കുന്നതിനു പകരം ഈ ചിക്കന്‍ മസാലയിട്ട് ചായ കൊടുക്കാം. ഇതാകുമ്പോള്‍ കലക്കിയാലും കളര്‍ തിരിച്ചറിയില്ല, എന്താകുമെന്ന് നോക്കാം"

അപ്പോഴേയ്ക്കും മാഷിന്റെ പദ്ധതി എനിയ്ക്ക് ഏതാണ്ട് പിടി കിട്ടിയിരുന്നു. ഒരു ചെറു ചിരിയോടെ ഞാനും അത് സമ്മതിച്ചു. എന്നിട്ട് ഓരോ ഗ്ലാസ്സിലും ഓരോ സ്പൂണ്‍ വീതം മസാലയിട്ട് നന്നായി ഇളക്കി വച്ചു. പക്ഷേ, അവസാനത്തെ ഗ്ലാസ്സിനടുത്തെത്തിയപ്പോള്‍ ഒരു കുഴപ്പം! അത് പിള്ളേച്ചന്റെ പാല്‍ ഗ്ലാസ്സ് ആണ്. അതില്‍ മസാല ഇട്ടാല്‍ ശരിയാകില്ലല്ലോ. കാര്യം മനസ്സിലാകില്ലേ?

പിള്ളേച്ചന്റെ ഗ്ലാസ്സില്‍ എന്തു ചെയ്യും മാഷേ എന്ന് ചോദിച്ച് ഞാന്‍ മുഖമുയര്‍ത്തുമ്പോള്‍ മാഷും അത് തന്നെ ആണ് ആലോചിയ്ക്കുന്നത് എന്ന് മനസ്സിലായി. പെട്ടെന്ന് മാഷിന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു. കാര്യമെന്തെന്നറിയാന്‍ ഞാന്‍ മാഷിന്റെ നോട്ടം ചെല്ലുന്ന ദിക്കിലേയ്ക്ക് നോക്കി. അവിടെ അതാ ഇരിയ്ക്കുന്നു, ഞങ്ങളുടെ ഉപ്പു പാത്രം! കാര്യം മനസ്സിലായ ഞാന്‍ ചിരിയോടെ ആ ഉപ്പു പാത്രമെടുത്ത് മാഷിനു നീട്ടി. മാഷ് അതില്‍ നിന്നും ഒരു സ്പൂണ്‍ ഉപ്പെടുത്ത് പിള്ളേച്ചന്റെ പാല്‍ ഗ്ലാസ്സിലിട്ട് നല്ലവണ്ണം ഇളക്കി വച്ചു.

അങ്ങനെ പദ്ധതിയുടെ ആദ്യ ഭാഗം സക്സസ്സ്! ഇനി അതിന്റെ റിസല്‍റ്റ് എന്താകുമെന്ന് നോക്കണം. ഞാനും മാഷും കൂടെ ബാക്കിയുള്ളവര്‍ എഴുന്നേറ്റ് വരുന്നതും കാത്ത് അടുക്കളയില്‍ തന്നെ ഓരോന്ന് പറഞ്ഞ് ഇരിപ്പായി. [ഞങ്ങളുടെ അടുക്കള അത്ര ചെറുതൊന്നും അല്ലായിരുന്നു കേട്ടോ. ഞങ്ങള്‍ക്ക് എട്ടു പേര്‍ക്കും സുഖമായി ഇരുന്ന് ഭക്ഷണം കഴിയ്ക്കാനുള്ള വലുപ്പം ആ അടുക്കളയ്ക്കുണ്ടായിരുന്നു]

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ മത്തന്‍ എഴുന്നേറ്റ് വാഷ് ബേസിന്റെ അടുത്തേയ്ക്ക് പോകുന്നത് കണ്ടു. ഞാനും മാഷും പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ മത്തനെ തന്നെ ശ്രദ്ധിച്ചിരുന്നു. അവന്‍ പല്ലു തേപ്പ് കഴിഞ്ഞ് ഞങ്ങളോട് എന്തോ പറഞ്ഞു കൊണ്ട് അടുക്കളയിലേയ്ക്ക് കയറി വന്നു. നേരെ ചായ ഒഴിച്ചു വന്നിരിയ്ക്കുന്നിടത്തേയ്ക്ക് വന്ന് അവന്റെ ഗ്ലാസ്സും കയ്യിലെടുത്ത് ഞങ്ങള്‍ക്കടുത്ത് വന്നിരുന്നു.

വര്‍ത്തമാനത്തിനിടയില്‍ അവന്‍ ചായ ഗ്ലാസ്സ് ചുണ്ടോടടുപ്പിച്ചു. അവന്റെ ഭാവം മാറുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചു. അടുത്ത നിമിഷം ചായ ഗ്ലാസ്സ് താഴെ വച്ച് അവന്‍ ഒറ്റ ഓട്ടം! നേരെ വാഷ് ബേസിനടുത്തേയ്ക്ക്. പിന്നാലെ ഞങ്ങളും ചെന്നു, എന്താണ് പ്രതികരണം എന്നറിയണമല്ലോ. വായിലെ ചായ തുപ്പിക്കളഞ്ഞതും അവന്‍ തിരിഞ്ഞ് ഞങ്ങളെ രണ്ടു പേരെയും  നോക്കി. ഞാനും മാഷും ചിരി അടക്കിപ്പിടിച്ച് അവനെത്തന്നെ നോക്കി നില്‍ക്കുകയാണ്. ഞങ്ങളെ മാറി മാറി നോക്കിയ ശേഷം അവന്‍ ശബ്ദം താഴ്ത്തി ചോദിച്ചു "എടാ, എല്ലാവരുടെ ചായയിലും ഇട്ടിട്ടുണ്ടോ?"

ഉണ്ട് എന്നര്‍ത്ഥത്തില്‍ ഞാന്‍ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടിയതും ' എന്നാല്‍ കുഴപ്പമില്ല' എന്നും പറഞ്ഞ് അവന്‍ ചിരി തുടങ്ങി. അവനതു മതി, അവന്‍ ഹാപ്പിയായി, അവനു മാത്രമല്ലല്ലോ പണി കിട്ടാന്‍ പോകുന്നത്. മാഷും കൂടെ ചേര്‍ന്നു. തുടര്‍ന്ന് ഞങ്ങള്‍ 3 പേരും കൂടിയായി അടുത്തയാള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്. അടുത്തതായി സഞ്ജുവും, കുറച്ചു കഴിഞ്ഞ് സുധിയപ്പനും അതിനു ശേഷം ജോബിയും പിന്നീട് ബിബിനും എഴുന്നേറ്റു വന്നു. ഓരോരുത്തരും ഏതാണ്ട് ഇതേ രീതിയില്‍ തന്നെയാണ് പ്രതികരിച്ചത്.

സഞ്ജുവിന് കാപ്പി ആയിരുന്നു. ഗ്ലാസ്സെടുത്ത് ഒരിറക്ക് ഇറക്കിയ ശേഷം അവനെന്നെ ഒന്ന് നോക്കി. അതിനു ശേഷം 'ഇന്നെന്താടാ പറ്റിയത്? ഇതില്‍ എന്താ വീണത്'?' എന്ന് നിഷ്കളങ്കമായി ചോദിച്ചു. അവന്റെ നോട്ടവും ചോദ്യവും കണ്ടപ്പോള്‍ എനിയ്ക്കു പാവം തോന്നി. ഞാന്‍ ക്ഷമ ചോദിച്ചു കൊണ്ട് സത്യം പറഞ്ഞു. അതു കേട്ടതും അവന്‍ ചാടിയിറങ്ങി നല്ല രണ്ടു &%$##@ പറഞ്ഞ് ആ കാപ്പി കമിഴ്ത്തിക്കളഞ്ഞു, ശേഷം ചിരിയോടെ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. തുടര്‍ന്ന് എഴുന്നേറ്റ് വന്നവരില്‍, ആദ്യ കവിള്‍ ഇറക്കിയപ്പോള്‍ തന്നെ "എടാ പട്ടികളേ" എന്ന വിളിയോടെയാണ് സുധിയപ്പന്‍ ഓടിയതെങ്കില്‍ ജോബിയ്ക്ക് ചായയ്ക്ക് എന്തോ ടേസ്റ്റ് മാറ്റമുണ്ടെന്ന് മനസ്സിലാകാന്‍ രണ്ടു സിപ്പ് കുടിച്ചു നോക്കേണ്ടി വന്നു.

എന്നാല്‍ ബിബിനു മാത്രം ഈ തമാശ ദഹിയ്ക്കാന്‍ കുറച്ചു സമയമെടുത്തു. രാവിലെ തന്നെ വലിയ ആശയോടെ എടുത്തു കുടിച്ച കാപ്പിയില്‍ മസാല രുചി വന്നതും അവന്‍ ഓടിപ്പോയി അതു തുപ്പിക്കളഞ്ഞ് ചീത്ത വിളിച്ചു. അപ്പോഴേയ്ക്കും പിള്ളെച്ചനൊഴികെ എല്ലാവരും ഈ അനുഭവം നേരിട്ട ശേഷം അടുത്തയാള്‍ക്ക് അമളി പറ്റുന്നത് കാണാന്‍ കാത്തിരിയ്ക്കുകയായിരുന്നല്ലോ. എല്ലാവരും കൂടി ചേര്‍ന്ന് അവനു മാത്രം ഒരു പണി കൊടുത്തതാണ് എന്നാണ് അവനാദ്യം വിചാരിച്ചത്.  പിന്നെ, മാഷ് അവനെ  മയത്തില്‍ സമാധാനിപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ അവനും ആ തമാശയില്‍ പങ്കു ചേര്‍ന്നു. എന്നിട്ട് അവസാനത്തെ ഇരയായ പിള്ളേച്ചനു വേണ്ടി കാത്തിരിപ്പായി.

പിന്നെയും കുറേ നേരം കൂടി ഞങ്ങള്‍ക്ക് കാത്തിരിയ്ക്കേണ്ടി വന്നു, പിള്ളേച്ചന്‍ ഒന്ന് എഴുന്നള്ളുന്നത് കാണാന്‍ .അവസാനം ആ സമയം സമാഗതമായി. പിള്ളേച്ചന്‍ ഉറക്കപ്പിച്ചോടെ ആടിയാടി വാഷ് ബേസിനടുത്തേയ്ക്ക് പോകുന്നത് ഞങ്ങള്‍ കണ്ടു. (ഉറക്കം കഴിഞ്ഞ് എഴുന്നേറ്റാലുള്ള പിള്ളേച്ചന്റെ ആ പോക്ക് ഒരു സംഭവം തന്നെയാണ്. ഉറക്കമുണര്‍ന്നാല്‍ പിള്ളേച്ചന് 'റിലെ' വീഴാന്‍ കുറച്ചു സമയമെടുക്കും. ആ സമയം എഴുന്നേറ്റ് മുഖം കഴുകാനും പല്ലു തേയ്ക്കാനും പോകുന്നതെല്ലാം ഉറക്കച്ചടവോടെ തന്നെ ആയിരിയ്ക്കും. മിക്കവാറും കണ്ണു തുറന്നിട്ടു പോലുമുണ്ടാകില്ല. മുന്‍കൂട്ടി തയ്യാറാക്കിയ ഒരു പ്രോഗ്രാമിലേതെന്ന പോലെ ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തിയ്ക്കുകയേയുള്ളൂ. ആ സമയത്തെങ്ങാന്‍ ആരെയെങ്കിലും ആ വഴിയിലെങ്ങാനുംകിട്ടിയാല്‍ അവരെയൊക്കെ തട്ടിത്തെറിപ്പിച്ചിട്ടാകും അവന്‍ കടന്നു പോകുക).

അല്‍പ്പ സമയം കൂടെ കഴിഞ്ഞപ്പോള്‍ പല്ലു തേപ്പും കുളിയും എല്ലാം കഴിഞ്ഞ് പിള്ളേച്ചന്‍ അടുക്കളയിലേയ്ക്ക് വന്നു. എല്ലാവരുടെയും ശ്രദ്ധ പിള്ളേച്ചനിലാണ്. അതൊന്നും ഗൌനിയ്ക്കാതെ ആരേയും ഒന്നു നോക്കുക പോലും ചെയ്യാതെ പിള്ളേച്ചന്‍ തന്റെ പാല്‍ ഗ്ലാസ്സിനടുത്തേയ്ക്ക് വന്നു. അവന്‍ ആ ഗ്ലാസ്സെടുത്ത് ഒരു കവിള്‍ പാല്‍ വായില്‍ കൊണ്ടതും കണ്ണും തുറിപ്പിച്ച്, വായിലെത്തിയ പാല്‍ ഇറക്കാനാകാതെ  "ഉം... ഉം..." എന്നും പറഞ്ഞു കൊണ്ട്  അങ്ങോട്ടുമിങ്ങോട്ടും നോക്കി എവിടേയ്ക്ക് ഓടണമെന്ന് ഒരു നിമിഷമാലോചിച്ച ശേഷം വാഷ് ബേസിനടുത്തേയ്ക്ക് ഓടി. അപ്പോഴും ഉപ്പിട്ട പാല്‍ ഗ്ലാസ്സ് അവന്‍ താഴെ വച്ചിരുന്നില്ല. അപ്പോഴേയ്ക്കും ഉറക്കെ ചിരിച്ചു കൊണ്ട് എല്ലാവരും അവന്റെ പിന്നാലെ ഓടി. വായിലുള്ള പാല്‍ തുപ്പിക്കളഞ്ഞതും തിരിഞ്ഞു നിന്ന് "ഇത് ഏത് &്%$# ആണെടാ ഇതിനാത്ത് ഉപ്പിട്ടത്" എന്നും ചോദിച്ചു കൊണ്ട് ഞങ്ങളെ എല്ലാവരേയും ചീത്ത വിളി തുടങ്ങി.

ഞങ്ങളുടെ എല്ലാവരുടെയും കൂട്ടച്ചിരിയ്ക്കിടയില്‍ മാഷ് പിള്ളേച്ചനോട്  ഏപ്രില്‍ ഫൂള്‍ പ്രമാണിച്ച് ഒരു പണി തന്നതാണ്' എന്ന് വിശദീകരിച്ചു കൊടുത്തു. എല്ലാവരും കൂടെ തന്നെ ഫൂളാക്കിയതാണ് എന്നു മനസ്സിലാക്കിയ പിള്ളേച്ചന്‍ ചീത്ത വിളി അവസാനിപ്പിച്ച് പാല്‍ ഗ്ലാസ്സിലേയ്ക്കും നോക്കി കുറച്ചു നേരം നിന്നു. അപ്പോഴേയ്ക്കും ഞങ്ങളുടെ ചിരിയുടെ അലകള്‍ ഏതാണ്ട് ഒന്ന് അടങ്ങിത്തുടങ്ങിയിരുന്നു.

പക്ഷേ, പെട്ടെന്ന് ആരും പ്രതീക്ഷിയ്ക്കാത്ത ഒന്നാണ് അവിടെ സംഭവിച്ചത്. ഞങ്ങളെയും പാലും മാറി മാറി നോക്കിയ പിള്ളേച്ചന്‍ അതേ ഗ്ലാസ്സില്‍ നിന്നും വീണ്ടും ഒരു കവിള്‍ പാല്‍ കൂടി മൊത്തുന്നതാണ് ഞങ്ങള്‍ കണ്ടത്. ഇവനിതെന്താണ് ഈ കാണിയ്ക്കുന്നത് എന്ന അത്ഭുതത്തോടെ ഞങ്ങള്‍ അവനെ നോക്കുമ്പോള്‍ അവന്‍ ആദ്യത്തെ കവിള്‍ കുടിച്ചപ്പോള്‍ കാണിച്ച അതേ ഭാവങ്ങളോടെ രണ്ടാമതും  ഒച്ചയുണ്ടാക്കിക്കൊണ്ട് വാഷ് ബേസിനിലേയ്ക്ക് ആ പാലും തുപ്പിക്കളഞ്ഞു, അതിനു ശേഷം ബാക്കി വന്ന പാലും കൂടിഅതിലേയ്ക്ക് കമഴ്ത്തിക്കളയുന്നത് കണ്ട പിള്ളേച്ചനോട് അതിശയത്തോടെ ഞാന്‍ ചോദിച്ചു.

"എന്റെ പിള്ളേച്ചാ, അതില്‍ ഉപ്പിട്ടിരുന്നു എന്ന് നിനക്ക് ആദ്യം കുടിച്ചപ്പോഴേ മനസ്സിലായതല്ലേ. അതറിഞ്ഞിരുന്നു കൊണ്ട് നീ പിന്നെ വീണ്ടും അത് വീണ്ടും കുടിയ്ക്കാന്‍ ശ്രമിച്ചതെന്തിനാണ്?"

മറ്റെല്ലാവരും അതേ ചോദ്യഭാവത്തില്‍ പിള്ളേച്ചന്റെ മറുപടിയ്ക്കു വേണ്ടി കാതോര്‍ത്ത് നില്‍ക്കുമ്പോള്‍ ആ ഗ്ലാസ്സും കഴുകി നിരാശയോടെ പിള്ളേച്ചന്‍ മറുപടി പറഞ്ഞു " എടാ, അതു പിന്നെ, ആദ്യം കുടിച്ചപ്പോഴേ അതില്‍ ഉപ്പിട്ടിട്ടുണ്ട് എന്ന് മനസ്സിലായി എന്നത് സത്യം തന്നെ ആണ്. പക്ഷേ, ഞാനോര്‍ത്തു... ആ ഉപ്പ് പാലിന്റെ മുകളില്‍ മാത്രമേ കാണുകയുള്ളൂ എന്ന്. അതാണ് വീണ്ടും കുടിച്ചു നോക്കിയത്"

ഇത്രയും പറഞ്ഞു കൊണ്ട് ഗ്ലാസ് തിരിച്ചു വയ്ക്കാന്‍ പിള്ളേച്ചന്‍ അടുക്കളയിലേയ്ക്ക് പോകുമ്പോള്‍ ചിരിയ്ക്കണോ കരയണോ എന്നറിയാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു ഞങ്ങള്‍ ...


***************

വിഷുക്കട്ട
 
എല്ലാ നാട്ടിലും ഉണ്ടോ എന്നറിയില്ല. പക്ഷേ, ഞങ്ങളുടെ നാട്ടിലൊക്കെ വിഷുവിന് വിഷുക്കട്ട എന്നൊരു പലഹാരം ഉണ്ടാക്കാറുണ്ട്.  വിഷുവിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നായാണ് ഈ വിഭവം കണക്കാക്കപ്പെടുന്നത്.

വിഷുക്കട്ട എന്തെന്ന് അറിയാത്തവര്‍ക്കായി അതിന്റെ പാചകക്കുറിപ്പ് ഇവിടെ കുറിച്ചിടുന്നു.

ആവശ്യമുള്ള സാധനങ്ങള്‍

പച്ചരി    - 2 കപ്പ്
തേങ്ങപ്പാല്‍ (ഒന്നാം പാല്‍) - ഒരു കപ്പ് 
തേങ്ങപ്പാല്‍ (രണ്ടാംപാല്‍) - രണ്ടു കപ്പ് 
തേങ്ങ ചിരകിയത് - കാല്‍ക്കപ്പ്
ജീരകം - കാല്‍ ടീസ്പൂണ്‍ 
ഉപ്പ് - ആവശ്യത്തിന്
നെയ്യ് - 1 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി - അഞ്ചു പത്തെണ്ണം വീതം 


ഉണ്ടാക്കേണ്ട വിധം:
നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരി മാറ്റിവെക്കുക. രണ്ടാം പാലില്‍ കഴുകി വൃത്തിയാക്കിയ അരി ചേര്‍ത്ത് വേവിക്കുക. വെന്തു വരുമ്പോള്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. നന്നായി വെന്തുകഴിഞ്ഞാല്‍ അതിലേയ്ക്ക്  ഒന്നാം പാല്‍ ചേര്‍ക്കുക.  ജീരകവും തേങ്ങചിരവിയതും ചേര്‍ത്ത് വറ്റിച്ചെടുക്കുക.
അണ്ടിപ്പരിപ്പും മുന്തിരിയും വിതറുക. ചൂടുകുറഞ്ഞാല്‍ കട്ടകളാക്കി മുറിച്ചെടുത്ത് ഉപയോഗിയ്ക്കാം. ശര്‍ക്കര നീരോ മാങ്ങ കറിയോ ആണ് ഉത്തമം.

എല്ലാവര്‍ക്കും വിഷു ആശംസകള്‍

Thursday, February 23, 2012

അങ്ങനെ ഒരവധിക്കാലത്ത്



കുട്ടിക്കാലത്ത് വാര്‍ഷിക പരീക്ഷയെല്ലാം കഴിഞ്ഞ് 2 മാസത്തെ അവധിക്കാലം എങ്ങനെയൊക്കെ അടിച്ചു പൊളിയ്ക്കാം എന്നുള്ളതിന്റെ ആലോചനകള്‍ ഫെബ്രുവരി മാസം തന്നെ  തുടങ്ങും. തൊട്ടടുത്ത മാസം നടക്കാന്‍ പോകുന്ന വാര്‍ഷിക പരീക്ഷയെ കുറിച്ച് ഒരിയ്ക്കലെങ്കിലും ടെന്‍ഷനടിച്ചിട്ടുള്ളതായി ഓര്‍മ്മയില്ല, പത്താം ക്ലാസ്സില്‍ പോലും. മറിച്ച് സ്കൂളടച്ചാല്‍ ആരൊക്കെ കളിയ്ക്കാന്‍ കാണും, എന്തൊക്കെ കളിയ്ക്കും  ഇങ്ങനെയൊക്കെയുള്ള ചിന്തകളായിരിയ്ക്കും മനസ്സില്‍.

പലപ്പോഴും അവധിക്കാലത്ത് കളിയ്ക്കാനുള്ള കളികളുടെ ലിസ്റ്റ് പോലും തയ്യാറാക്കി വച്ചിട്ടുണ്ട്... ഇനിയെങ്ങാനും ആ സമയത്ത് ഏതെങ്കിലും കളികള്‍ മറന്നു പോയാലോ... അവധിക്കാലത്ത് ബന്ധുവീടുകളില്‍ നില്‍ക്കാന്‍ പോകുമ്പോഴും നമ്മുടെ വീട്ടിലും അയല്‍പക്കങ്ങളിലുമൊക്കെ ബന്ധുക്കളും അവരുടെ കുട്ടികളുമൊക്കെ അവധിക്കാലമാഘോഷിയ്ക്കാന്‍ വരുമ്പോഴുമൊക്കെയായിരിയ്ക്കും പുതിയ പുതിയ കളികളൊക്കെ ചിലപ്പോള്‍ പഠിയ്ക്കാന്‍ കഴിയുന്നത്.

അങ്ങനെ പകര്‍ന്നുകിട്ടിയ പല കളികളുടെയും നേരിയ ഓര്‍മ്മകളേ ഇപ്പോഴുള്ളൂ... പലതും ഓര്‍മ്മയില്ല. ഇപ്പോഴത്തെ കാലത്തെ കുട്ടികള്‍ അത്തരം കളികളൊന്നും കളിയ്ക്കുന്നത് കാണാറുമില്ല. ഇപ്പോള്‍ എല്ലാവര്‍ക്കും ടിവിയും ചാനലുകളും കമ്പ്യൂട്ടര്‍ ഗെയിമുകളുമൊക്കെ മതിയല്ലോ.

പക്ഷേ... അന്നൊക്കെ എത്രയൊക്കെ കണക്കു കൂട്ടലുകള്‍ നടത്തിയാലും അവധിക്കാലം ആദ്യത്തെ കുറച്ചു നാളുകള്‍ കഴിഞ്ഞാല്‍ വിരസമാകുകയാണ് പതിവ്. മിക്കവാറും വിഷു അടുക്കുന്നതോടെ അയല്‍പക്കങ്ങളിലെ കൂട്ടുകാരൊക്കെ അവരവരുടെ ബന്ധുവീടുകളിലേയ്ക്കും മറ്റുമായി പോയിക്കഴിഞ്ഞിരിയ്ക്കും. ഞങ്ങളാണെങ്കില്‍ അങ്ങനെ അമ്മ വീട്ടിലോ ബന്ധുവീടുകളിലോ പോയി നില്‍ക്കുന്നത് കുറവാണ്.

അയല്‍പക്കങ്ങളില്‍ നിന്ന് ജിബീഷേട്ടനും സുധീഷും സുജിത്തും മാത്രമാകും മിക്കവാറും അവധിക്കാലമായാല്‍ ഉണ്ടാകുക. പിന്നെ, ഞാനും ചേട്ടനും മാത്രമാകും വിഷുക്കാലമെല്ലാം കഴിഞ്ഞാല്‍. ഞങ്ങള്‍ രണ്ടാളും കൂടി എന്തു കളിയ്ക്കാനാണ് ? കുറച്ചു നാള്‍ കഴിയുമ്പോഴേയ്ക്കും ബോറടിയാകും. പിന്നെ ബന്ധുക്കളാരെങ്കിലുമൊക്കെ വരാന്‍ പ്രാര്‍ത്ഥിച്ച് കാത്തിരിപ്പായിരിയ്ക്കും. ബന്ധുക്കള്‍ ഒരുപാടുണ്ടെങ്കിലും അങ്ങനെ വന്ന് നില്‍ക്കാനൊന്നും അധികമാരുമുണ്ടാകാറില്ല. പിന്നെ, ആകെ സാധ്യതയുള്ളവര്‍ അമ്മായിയുടെ 3 മക്കളാണ്. (അതില്‍ നിതേഷ് ചേട്ടനെ പറ്റി മുന്‍പൊരിയ്ക്കല്‍ പറഞ്ഞിട്ടുണ്ട്).

അതു പോലെ ഒരു മധ്യവേനലവധിക്കാലം... ആദ്യ കുറച്ചു ദിവസങ്ങളിലെ അര്‍മ്മാദത്തിനു ശേഷം ഒരുമാതിരി എല്ലാവരും അവധിക്കാലം ആഘോഷിയ്ക്കാനായി പലയിടങ്ങളിലേയ്ക്കായി പോയിത്തുടങ്ങി. അങ്ങനെയിരിയ്ക്കെ, അവസാനം അമ്മായിയുടെ രണ്ടാമത്തെ മകനായ നിഷാന്ത് ചേട്ടന്‍ തറവാട്ടിലേയ്ക്ക് വന്നു. ഒരാഴ്ച അവിടെ നില്‍ക്കാമെന്ന പ്ലാനിലാണ് ചേട്ടന്‍ എന്നറിഞ്ഞപ്പോള്‍ ഞങ്ങളും ഹാപ്പിയായി.
കുറഞ്ഞത് ഒരാഴ്ചത്തേക്കെങ്കിലും കളിയ്ക്കാന്‍ ഒരു കൂട്ടായല്ലോ.

പിന്നെ, കുറച്ചു നാള്‍ നിഷാന്ത് ചേട്ടനും ഞങ്ങള്‍ക്കൊപ്പം കൂടി. എങ്കിലും അപ്പോഴും ഞങ്ങള്‍ 5 പേരേ കളിയ്ക്കാനുള്ളൂ. നിഷാന്ത് ചേട്ടനെ കൂടാതെ, ഞാനും ചേട്ടനും പിന്നെ അയല്‍പക്കത്തെ സുധീഷും സുജിത്തും. അതായത് 4 -5 പേര്‍ക്ക് കളിയ്ക്കാവുന്ന കളികളൊക്കെയേ കളിയ്ക്കാനാകൂ എന്നര്‍ത്ഥം. എവിടേലും അടങ്ങിയൊതുങ്ങി ഇരുന്നുള്ള കളികള്‍ മാറ്റി നിര്‍ത്തിയാല്‍ രസകരമായ കളികള്‍ അധികമൊന്നുമില്ലാത്ത അവസ്ഥ. (അത് നമുക്ക് പറഞ്ഞിട്ടുള്ളതല്ലല്ലോ. രാത്രിയോ നട്ടുച്ചയ്ക്കോ ഒഴികെ ഒരിടത്തും അടങ്ങി ഒതുങ്ങി ഇരിയ്ക്കുന്ന കാര്യം അക്കാലത്ത് ആലോചിയ്ക്കാനേ വയ്യായിരുന്നു).അങ്ങനെയാണ് ഞങ്ങള്‍ ആ ഒരാഴ്ച 'മോതിരം' എന്ന കളിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ആ കളിയ്ക്കാണെങ്കില്‍ അധികം ആളുകള്‍ വേണമെന്നില്ല, മിനിമം 4 പേര്‍ ഉണ്ടായാല്‍ മതി. കൂടുതല്‍ എത്ര വേണമെങ്കിലും ആകാം.

അതായത് കളി ഇങ്ങനെ ആണ്. ആദ്യം ആകെയുള്ള ആളുകള്‍ രണ്ടു ടീമുകളായി തിരിയും (ടീം A, ടീം B എന്ന് കരുതുക). ഓരോ ടീമിനും ഓരോ ക്യാപ്റ്റനുണ്ടാകും. എന്നിട്ട് രണ്ടു ടീമുകളും ഒരു ഗ്രൌണ്ടിലോ തുറസ്സായ ഏതെങ്കിലും സ്ഥലത്തോ ഉദ്ദേശ്ശം 50-100 മീറ്റര്‍ അകലത്തില്‍ മുഖാമുഖമായി നിലയുറപ്പിയ്ക്കും. അടുത്തതായി ഓരോ ടീമുകളും അവര്‍ നില്‍ക്കുന്നിടത്തായി ഒരു Starting line വരയ്ക്കും. എന്നിട്ട്, ടീമംഗങ്ങളെല്ലാം ആ വരയില്‍ നിരന്ന് നില്‍ക്കും. ഇനി രണ്ടു ടീമിന്റെയും സമ്മതപ്രകാരം ഒരു മോതിരം തിരഞ്ഞെടുക്കും (ആ മോതിരം ഒരേയൊരെണ്ണമേ ഉണ്ടാകാന്‍ പാടുള്ളു. രണ്ടു ടീമിലുമായി മറ്റാരുടെയും കയ്യില്‍ അതേ പോലത്തെ മോതിരം ഉണ്ടാകരുത്). ഇരു ടീമുകളിലെയും അംഗങ്ങള്‍ അവരുടെ കൈകള്‍ പിറകിലേയ്ക്ക് പിടിച്ചിരിയ്ക്കും. എന്നിട്ട് ടോസ് നേടുന്ന ടീമിന്റെ (ഉദാ: ടീം A) ക്യാപ്റ്റന്‍ തന്റെ ടീമിലെ ഓരോ അംഗങ്ങളുടെയും പിറകിലൂടെ നടന്ന് പിറകിലേയ്ക്ക് പിടിച്ചിരിയ്ക്കുന്ന കൈകളില്‍ മോതിരം വയ്ക്കുന്നതായി ഭാവിയ്ക്കും. ഇതിനിടെ ആരുടെയെങ്കിലും കയ്യില്‍ ആ മോതിരം നിക്ഷേപിയ്ക്കും. അതല്ലെങ്കില്‍ അത് ക്യാപ്റ്റന് സ്വന്തം കയ്യില്‍ തന്നെ വയ്ക്കാം.  ആരുടെ കയ്യിലാണ് മോതിരം വയ്ക്കുന്നതെന്ന് എതിര്‍ ടീമിന് മനസ്സിലാക്കാന്‍ അവസരം കൊടുക്കാതെയാകും അത് ചെയ്യുക. അതിനു ശേഷം ക്യാപ്റ്റന്‍ മുമ്പോട്ട് വന്ന് എതിര്‍ ടീമിനോട് ചോദിയ്ക്കും "ആരുടെ കയ്യില്‍ മോതിരം?"

അടുത്തത് എതിര്‍ ടീമിന്റെ (ഉദാ: ടീം B) ഊഴമാണ്. അവരുടെ ക്യാപ്റ്റന്‍  ഒരു ഊഹം വച്ച് ഉത്തരം പറയണം. ആ ചോദ്യത്തിന് ശരിയായ ഉത്തരം പറഞ്ഞാല്‍ ആ മോതിരം രണ്ടാമത്തെ ക്യാപ്റ്റന് ലഭിയ്ക്കും. അപ്പോള്‍ ആദ്യം ചെയ്തതെല്ലാം ആ ടീമുകാര്‍ക്ക് ചെയ്യാം.  എന്നിട്ട് ചോദ്യം ചോദിയ്ക്കാം . മറിച്ച് ഉത്തരം തെറ്റാണെങ്കില്‍ ആദ്യത്തെ ടീമിനു തന്നെ ആദ്യ ജയം. അവര്‍ക്ക് തന്നെ വീണ്ടും ചോദ്യമാവര്‍ത്തിയ്ക്കാം. മാത്രമല്ല, ടീമംഗങ്ങളില്‍ ആരുടെ കയ്യിലാണോ മോതിരമുള്ളത് അയാള്‍ക്ക് അപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തുനിന്ന് ഒരു ചാട്ടം കൊണ്ട് എത്ര ദൂരത്ത് എത്താമോ അവിടെ കയറി നില്‍ക്കാം (ടീമംഗങ്ങള്‍ തൊട്ടുരുമ്മി നില്‍ക്കാന്‍ പാടില്ല, എതിര്‍ടീം പറയുന്ന ഉത്തരം ശരിയാണെങ്കില്‍ കയ്യിലുള്ള മോതിരം അടുത്തയാള്‍ക്ക് കൊടുക്കാന്‍ പാടില്ലല്ലോ). അങ്ങനെ ഇരു ടീമുകളും എതിര്‍ ടീമുകളുടെ നേരെ മുന്നേറിക്കൊണ്ടിരിയ്ക്കും. അവസാനം ഏതെങ്കിലും ഒരു ടീമിലെ ഒരാളെങ്കിലും എതിര്‍ ടീമിന്റെ starting line കടന്നാല്‍ ആ ടീം ജയിയ്ക്കും.

ഇതായിരുന്നു കളി. ചേട്ടനും നിഷാന്ത് ചേട്ടനും ഈ കളിയില്‍ ആദ്യം അല്പം താല്പര്യം തോന്നിയില്ലെങ്കിലും എന്റെയും സുധീഷിന്റെയും നിര്‍ബന്ധത്തില്‍ കളിയ്ക്കാന്‍ കൂടാമെന്ന് സമ്മതിച്ചു. പക്ഷേ, എപ്പോഴും ചേട്ടനും നിഷാന്ത് ചേട്ടനും തന്നെ ഒരു ടീമായി കളിയ്ക്കും. പകരം എതിര്‍ ടീമില്‍ ഞങ്ങള്‍ക്ക് 3 പേര്‍ക്ക് കളിയ്ക്കാം. കുട്ടികളായതിനാലും കളിയ്ക്കേണ്ടത് ഞങ്ങളുടെ ആവശ്യമായതിനാലും ഞങ്ങള്‍ എല്ലാ ഡിമാന്റുകളും അംഗീകരിച്ചു.

അന്ന്  ആകെയുള്ളത് ഞങ്ങള്‍ 5 പേര്‍. ആരുടെയും കയ്യില്‍ ഒരൊറ്റ മോതിരം പോലും എടുക്കാനില്ലാതിരുന്നതിനാല്‍ നിഷാന്ത് ചേട്ടന്‍ എവിടെയെല്ലാമോ തിരഞ്ഞ് ഒരു പ്രത്യേക തരം മാര്‍ബിള്‍ കഷ്നം പോലത്തെ തിളക്കമുള്ള ചെറിയ കല്ല് തപ്പിയെടുത്തു കൊണ്ടു വന്നു. അങ്ങനത്തെ കല്ല് അവിടെങ്ങും വേറെ കണ്ടിട്ടില്ലാത്തതിനാല്‍ മോതിരത്തിനു പകരം അതുപയോഗിയ്ക്കാന്‍ ഞങ്ങള്‍ തീരുമാനമായി.

അങ്ങനെ കളി തുടങ്ങി. കളി എല്ലാം രസമായിരുന്നു എങ്കിലും ആ ഒരാഴ്ച കളിച്ചിട്ട് ഒരൊറ്റ തവണ പോലും ഞങ്ങളുടെ ടീമിന് ജയിയ്ക്കാനായില്ല. എല്ലാ തവണയും ചേട്ടനും നിഷാന്ത് ചേട്ടനുമുള്ള ടീം തന്നെ ജയിയ്ക്കും. വല്ലപ്പോഴുമൊരിയ്ക്കലാകും മോതിരം (ആ കല്ല്) ഞങ്ങളുടെ ടീമിലെത്തുക. അത് തിരിച്ച് അവരുടെ ടീമിലെത്തിയാല്‍ തീര്‍ന്നു. പിന്നെ, ഞങ്ങള്‍ക്ക് ഒരു രക്ഷയുമുണ്ടാകില്ല. ഓരോ ദിവസവും 'ഇന്നെങ്കിലും ഒരു തവണ നമുക്ക് ജയിയ്ക്കണം' എന്ന വാശിയില്‍ ഞങ്ങള്‍ കളി തുടങ്ങും. പക്ഷേ, എല്ലാ ദിവസവും ഇതു തന്നെ അവസ്ഥ.

അവസാനം ഒരാഴ്ച കഴിഞ്ഞു, വെക്കേഷനെല്ലാം കഴിഞ്ഞ് നിഷാന്ത് ചേട്ടന്‍ തിരിച്ചു പോകേണ്ട ദിവസമായി. അന്ന് പോകും മുന്‍പ് അവസാന്മായി ഒരിയ്ക്കല്‍ കൂടി ഞങ്ങള്‍ മോതിരം കളിച്ചു. അന്നെങ്കിലും ഒന്ന് ജയിയ്ക്കണമെന്ന വാശി ഉണ്ടായിരുന്നിട്ടും കാര്യമുണ്ടായില്ല, അന്നും പതിവു പോലെ ഞങ്ങള്‍ തോറ്റു. ആ കളിയും തോറ്റ് നിരാശരായി നില്‍ക്കുമ്പോള്‍ ചേട്ടനും നിഷാന്ത് ചേട്ടനും  ചിരിച്ചു കൊണ്ട് ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. എന്നിട്ട് പറഞ്ഞു "എല്ലാ കളിയിലും നിങ്ങള്‍ തോറ്റു പോയി എന്ന് കരുതി വിഷമിയ്ക്കുകയൊന്നും വേണ്ട കേട്ടോ. ഇതാ ഇതു കണ്ടോ?"

ഇതും പറഞ്ഞു കൊണ്ട് രണ്ടാളും ഒരുമിച്ച് അവരുടെ കൈകള്‍ നീട്ടിപ്പിടിച്ചു. അതാ, രണ്ടു പേരുടെ കയ്യിലുമിരിയ്ക്കുന്നു ആ തിളങ്ങുന്ന കല്ല്!! രണ്ടിനും ഏതാണ്ട് ഒരേ നിറം, വലുപ്പം. പെട്ടെന്ന് കണ്ടാല്‍ തിരിച്ചറിയാന്‍ തന്നെ പ്രയാസം! അപ്പോള്‍ ഇതും വച്ചു കൊണ്ടാണ് അവര്‍ അത്രയും ദിവസം ഞങ്ങളെ കബളിപ്പിച്ച് എല്ലാ കളിയും ജയിച്ചത്... കല്ല തപ്പിയെടുത്തപ്പോള്‍ ഒരേ പോലത്തെ രണ്ടെണ്ണം കിട്ടിയ കാര്യം നിഷാന്ത് ചേട്ടന്‍ അപ്പോഴാണ് വെളിപ്പെടുത്തിയത്. ആ കല്ല് ഒരേയൊരെണ്ണമേ ഉള്ളൂ എന്ന് വിശ്വസിച്ച് കളിച്ച ഞങ്ങള്‍ പിന്നെങ്ങനെ ജയിയ്ക്കാനാണ്!

അവര്‍ തന്നെ നേരിട്ടു വന്ന് തുറന്നു പറഞ്ഞതു കൊണ്ടാണോ എന്നറിയില്ല, കള്ളത്തരം കാണിച്ചാണ് അവര്‍ എല്ലാ കളികളും ജയിച്ചതെന്നറിഞ്ഞപ്പോഴും ഞങ്ങള്‍ക്ക് അവരോട് ദേഷ്യമൊന്നും തോന്നിയില്ല.  മാത്രവുമല്ല, ഞങ്ങള്‍ക്കു വേണ്ടിയാണല്ലോ അവര്‍ കളിയ്ക്കാനെങ്കിലും തയ്യാറായത്.

ഇന്നിപ്പോള്‍ നാട്ടില്‍ വീണ്ടും പരീക്ഷാ കാലം. എന്തു കൊണ്ടോ പഴയ സ്കൂള്‍ കാലത്തെ ഓര്‍ത്തപ്പോള്‍ അന്നത്തെ അവധിക്കാലമാണ് പെട്ട്ന്ന് ഓര്‍മ്മയില്‍ വന്നത്. പക്ഷേ, ഇന്നത്തെ കുട്ടികള്‍ പഴയ കളികളൊക്കെ കളിയ്ക്കുന്നുണ്ടാകുമോ ആവോ. ഞങ്ങള്‍ "മോതിരം" എന്ന് പേരിട്ട് വിളിച്ചിരുന്ന ഈ കളി ഈയടുത്ത കാലത്തൊന്നും ഞങ്ങളുടെ നാട്ടിലെ കുട്ടികളാരും കളിയ്ക്കുന്നത് കണ്ടതായി ഓര്‍മ്മയില്ല.