Sunday, February 27, 2011

ഓര്‍മ്മകളില്‍ ഒരുത്സവമേളം

ചുറ്റുവട്ടങ്ങളിലുള്ള ക്ഷേത്രങ്ങളുടെയും പള്ളികളുടെയും മറ്റും ബാഹുല്യം നിമിത്തം കുട്ടിക്കാലം ഉത്സവങ്ങളും പെരുന്നാളുകളും മൂലം സമ്പന്നമായിരുന്നു, പ്രത്യേകിച്ച് അവധിക്കാലങ്ങള്‍. ഭൂരിഭാഗം ക്ഷേത്രങ്ങളിലും ഉത്സവം കൊടിയേറുന്നത് ഫെബ്രുവരി അവസാനമോ മാര്‍ച്ചില്‍ പരീക്ഷക്കാലത്തോ ആയിരിയ്ക്കും. അതു കൊണ്ടു തന്നെ മിക്കവാറും ഉത്സവം തീരുമ്പോഴേയ്ക്കും മദ്ധ്യ വേനലവധി തുടങ്ങിയിട്ടുണ്ടാകും. പലപ്പോഴും എങ്ങനെയെങ്കിലും പരീക്ഷയെല്ലാം ഒന്ന് കഴിഞ്ഞു കിട്ടിയാല്‍ മതി എന്ന അവസ്ഥയിലായിരിയ്ക്കും മാര്‍ച്ച് മാസം തള്ളി നീക്കുക. എന്നിട്ട് വേണമല്ലോ ഉത്സവത്തിന്റെ പേരും പറഞ്ഞ് കൂട്ടുകാരോടൊത്ത് അമ്പലപ്പറമ്പും ചുറ്റുമുള്ള പരിസരങ്ങളും മുഴുവന്‍ ചുറ്റി നടക്കാന്‍. ഉത്സവക്കാലമായതിനാല്‍ വീട്ടില്‍ നിന്ന് കാര്യമായ നിയന്ത്രണവുമുണ്ടാകാറില്ല.

ഉത്സവദിനങ്ങളില്‍ രാവിലെ പോലും ക്ഷേത്ര പരിസരം ആളുകളെ കൊണ്ട് നിറഞ്ഞിരിയ്ക്കും. വൈകുന്നേരമാകുമ്പോഴേയ്ക്കും പറയുകയും വേണ്ട. ആ ചുറ്റുവട്ടങ്ങളിലുള്ള എല്ലാ വീടുകളിലേയും ഒരുമാതിരി എല്ലാവരും തന്നെ അമ്പലത്തിനകത്തും അമ്പലപ്പറമ്പിലുമൊക്കെയായി ഹാജരുണ്ടാകും. (ഇന്ന് ഉത്സവമായാലും പെരുന്നാളായാലും ശരി, അതിലൊന്നിലും ആര്‍ക്കുമത്ര താല്പര്യം പോരാ. വിവിധ ചാനലുകളും മറ്റുമായി മിക്കവാറും മുഴുവന്‍ സമയവും എല്ലാവരും ടിവിയ്ക്കു മുന്നിലായിരിയ്ക്കുമല്ലോ)

അന്നൊക്കെ ഞങ്ങളെല്ലാം പരീക്ഷകളെല്ലാം എങ്ങനെയെങ്കിലും ഒന്ന് കഴിഞ്ഞു കിട്ടിയാല്‍ പിന്നെ ഉത്സവകാലം ആഘോഷിയ്ക്കാന്‍ തുടങ്ങുകയായി. ഉത്സവം നടക്കുന്ന എല്ലാ ക്ഷേത്രങ്ങളിലുമായി കറങ്ങി നടക്കുകയാണ് അന്നത്തെ പ്രധാന കാര്യപരിപാടികളിലൊന്ന്. ഓരോ ക്ഷേത്രത്തിലെയും ഉത്സവ പരിപാടികള്‍ താരതമ്യം ചെയ്യുക, എവിടെയാണ് ആളുകള്‍ കൂടുതലുണ്ടായിരുന്നതെന്ന കണക്കെടുക്കുക, എവിടുത്തെ ആനയാണ് വലുത്, ഏതാനയ്ക്കാണ് തലയെടുപ്പ് അങ്ങനെയങ്ങനെ പോകും ഞങ്ങളുടെ ഉത്തരവാദിത്വങ്ങള്‍. ആനകളായിരുന്നു എക്കാലത്തും ഉത്സവങ്ങളുടെ ആകര്‍ഷണം. ഉത്സവ സീസണ്‍ തുടങ്ങാറാകുമ്പോഴേയ്ക്കും ആനകളെല്ലാം ഓരോന്നായി നാട്ടിലേയ്ക്കെത്തിത്തുടങ്ങും. നാട്ടുകാരുടെ സ്വന്തം ആനയായ ചങ്ക്രമത്ത് മഹേശ്വരന്‍ തുടങ്ങി പേരുകേട്ട പല ആനകളും പലപ്പോഴായി നാട്ടിലെത്തുക പതിവാണ്.

പിന്നെയങ്ങോട്ട് കുറേ നാളേയ്ക്ക് നാട്ടിലെ പ്രധാന സംസാരവിഷയം ഈ ആനകളായിരിയ്ക്കും. കൊച്ചു കുട്ടികള്‍ മുതല്‍ കുഴിയിലേയ്ക്ക് കാലും നീട്ടിയിരിയ്ക്കുന്നവര്‍ വരെ എല്ലാ പ്രായക്കാര്‍ക്കും അവിടെ ആ വര്‍ഷത്തെ ഉത്സവത്തിനു വന്നു ചേര്‍ന്നിട്ടുള്ള ഒരുമാതിരി എല്ലാ ആനകളുടെയും ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം പരിചിതമായിരിയ്ക്കും. ഉത്സവത്തിന്റെ നോട്ടീസ് കയ്യില്‍ കിട്ടുമ്പോള്‍ പോലും അത്തവണത്തെ കലാപരിപാടികള്‍ ഏതൊക്കെ എന്ന് നോക്കുന്നതിലും മുന്‍പ് നോക്കുക ഏത് ആനയാണ് അത്തവണ ഉത്സവത്തിനെത്തുക എന്നതായിരിയ്ക്കും. അവസാനം ആനകള്‍ വന്നു തുടങ്ങിയാലോ... ഉത്സവത്തിന് എഴുന്നള്ളിയ്ക്കണമെന്നൊന്നുമില്ല. ആനകളെ കെട്ടിയിടുന്ന പറമ്പുകളിലും മറ്റുമായി അതിനെ കാണാന്‍ നാട്ടുകാര്‍ വന്നും പോയുമിരിയ്ക്കും. പലപ്പോഴും കൂട്ടത്തിലെ ധൈര്യവാന്മാര്‍ അതിനെ അടുത്തു കിട്ടിയാല്‍ ഒന്ന് തൊട്ടു നോക്കാന്‍ വരെ ധൈര്യപ്പെടാറുണ്ട്.

ഉത്സവത്തിനായി കൊണ്ടു വരുന്ന ആനകള്‍ ഒന്നാം ഉത്സവ ദിവസത്തിനും രണ്ടു ദിവസം മുന്‍പേ നാട്ടിലെത്താറാണ് പതിവ്. അവയ്ക്ക് വേണ്ട ഭക്ഷണം പാപ്പാന്മാരും ശിങ്കിടികളും നാടു മുഴുവന്‍ കറങ്ങി സംഘടിപ്പിയ്ക്കും. ചിലപ്പോഴെല്ലാം ആനകളെയും കൊണ്ട് പാപ്പാന്മാര്‍ അവയ്ക്കുള്ള ഭക്ഷണം സംഘടിപ്പിയ്ക്കാന്‍ നാട്ടിലേയ്ക്കിറങ്ങും. അതാകുമ്പോള്‍ പനമ്പട്ടയും മറ്റും ആന തന്നെ ചുമന്ന് കൊണ്ടു പോയ്ക്കോളുമല്ലോ. അങ്ങനെ ഒരു തവണ ഞങ്ങളുടെ വീടിനടുത്ത് വന്ന ആന ഒരു പ്രശ്നമുണ്ടാക്കിയ കഥ ഒരിയ്ക്കല്‍ ഞാനെഴുതിയിട്ടുണ്ട്. അപൂര്‍വ്വം അവസരങ്ങളില്‍ ഉത്സവത്തിനായി കൊണ്ടു വന്ന ആനകള്‍ ഇതു പോലെ ചെറിയ തോതില്‍ നാശനഷ്ടങ്ങളുണ്ടാക്കുന്ന അവസരങ്ങളുമുണ്ടാകാറുണ്ട്. പക്ഷേ അതൊന്നും ആളുകള്‍ക്ക് ആനകളോടും ഉത്സവത്തോടുമുള്ള കമ്പം കുറയാനുള്ള കാരണമാകാറില്ല.

അങ്ങനെ ഒരു ഉത്സവക്കാലം. ഉത്സവം മൂന്നു നാലു ദിവസം പിന്നിട്ടു കഴിഞ്ഞു. അങ്ങനെ ഒരു ദിവസം വൈകുന്നേരം പതിവു പോലെ ഞങ്ങളെല്ലാവരും വൈകീട്ടത്തെ ദീപാരാധന തൊഴുവാനും ഉത്സവം കാണാനുമായി അമ്പലത്തിലേയ്ക്ക് പുറപ്പെട്ടു. എല്ലാത്തവണത്തേയും എന്ന പോലെ ഉത്സവവും കണ്ട് എല്ലാ കലാപരിപാടികളും കൂടി കഴിഞ്ഞ ശേഷമേ വീട്ടിലേയ്ക്ക് മടങ്ങി വരൂ എന്നൊക്കെ വീരവാദം പറഞ്ഞിട്ടാണ് അമ്പലത്തിലേയ്ക്ക് ഞങ്ങള്‍ അന്നും ഇറങ്ങിയത്. പക്ഷേ പതിവു പോലെ രാത്രി കുറേ കഴിഞ്ഞപ്പോഴേയ്ക്കും ഉറക്കം വന്നു തുടങ്ങിയപ്പോള്‍ ഉത്സവം പകുതിയായപ്പോഴേയ്ക്ക് ഞാനും ചേട്ടനുമെല്ലാം പതിയേ തിരിച്ച് വീട്ടിലേയ്ക്കു പോന്നു. അന്നത്തെ അലച്ചിലിന്റെ ക്ഷീണവും മറ്റും കാരണം അധികം വൈകാതെ ഭക്ഷണവും കഴിച്ച് ഞാനും ചേട്ടനും ഉറങ്ങാന്‍ കിടന്നു. ഞാന്‍ വൈകാതെ ഉറക്കം പിടിയ്ക്കുകയും ചെയ്തു.

ഇടയ്ക്കെപ്പോഴോ ആരോ എന്നെ കുലുക്കി വിളിച്ച് ഉണര്‍ത്തുന്നതു പോലെ തോന്നിയിട്ടാണ് ഞാന്‍ കണ്ണു തുറന്നത്. കുറച്ചു നേരത്തേയ്ക്ക് ഒന്നും മനസ്സിലായില്ല. ആരൊക്കെയോ എന്തൊക്കെയോ വിളിച്ച് പറയുന്നു. ആകെ ഒച്ചയും ബഹളവും തന്നെ. ഉറക്കച്ചടവോടെ കണ്ണും തിരുമ്മി നോക്കുമ്പോള്‍ ഒരു പിടി ചൂട്ടും കയ്യില്‍ പിടിച്ചു കൊണ്ട് ചേട്ടന്‍ അടുത്തു നിന്ന് എന്നോട് എന്തൊക്കെയോ പറയുന്നുണ്ട്. ഉറക്കച്ചടവില്‍ എനിയ്ക്കൊന്നും മനസ്സിലായില്ല. മാത്രമല്ല, ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തിയതിലെ നീരസത്തോടെ ഞാന്‍ വീണ്ടും കിടക്കയിലേയ്ക്ക് തന്നെ ചരിഞ്ഞു. ചേട്ടന്‍ വീണ്ടും എന്നെ വിളിച്ചുണര്‍ത്തി. എന്നിട്ട് വീണ്ടും തിരക്കു പിടിച്ച് എന്തൊക്കെയോ പറഞ്ഞു. അതില്‍ നിന്ന് 'എടാ, അമ്പലത്തില്‍ ആന ഇടഞ്ഞു, ഇങ്ങോട്ടു വരാന്‍ സാധ്യതയുണ്ടെന്ന് കേട്ടു' എന്നത് മാത്രം ഞാന്‍ കേട്ടു. 'ഓ... അതു സാരമില്ല. ഞാനിപ്പോ വരുന്നില്ല, ഞാന്‍ പിന്നെങ്ങാനും കണ്ടോളാം' എന്നും പറഞ്ഞ് ഞാന്‍ വീണ്ടും പുതപ്പെടുത്ത് തല വഴി മൂടി.

എന്റെ മറുപടി കേട്ട് ചേട്ടന്‍ കുറച്ചു നേരം അന്തിച്ചു നിന്നു. പിന്നെ ദേഷ്യത്തില്‍ എന്റെ പുതപ്പെടുത്ത് വലിച്ചെറിഞ്ഞ് എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ച് ഒന്നൂടെ സ്പഷ്ടമായി പറഞ്ഞു. 'എടാ മണ്ടാ, ആന ഇടഞ്ഞത് കണ്ടു രസിയ്ക്കാനല്ല നിന്നോട് എഴുന്നേറ്റു വരാന്‍ പറഞ്ഞത്. ഉത്സവത്തിനിടെ ഇടഞ്ഞ ആന ചങ്ങലയും പൊട്ടിച്ച് അമ്പലത്തില്‍ നിന്ന് ഇറങ്ങി ഓടി. അത് ചിലപ്പോള്‍ നമ്മുടെ വീടിന്റെ ഭാഗത്തേയ്ക്കും വരാന്‍ സാധ്യത ഉണ്ടെന്ന് ദാ ഇപ്പോള്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു. വേഗം എഴുന്നേറ്റ് ടെറസ്സിന്റെ മുകളില്‍ കയറിക്കോ... എല്ലാവരും അവിടെയുണ്ട്'

എന്റെ ഉറക്കമെല്ലാം പമ്പ കടന്നു. ചേട്ടന്‍ അപ്പറഞ്ഞത് മുഴുവന്‍ കേള്‍ക്കാന്‍ പോലും ഞാന്‍ നിന്നില്ല എന്നു തോന്നുന്നു, ആ വാചകം അവസാനിയ്ക്കും മുന്‍പേ ഞാന്‍ ടെറസ്സിനു മുകളിലെത്തിയിരുന്നു. മുന്‍പൊരിയ്ക്കല്‍ ഇടഞ്ഞ ആനയ്ക്കു മുന്‍പില്‍ നെഞ്ചും വിരിച്ചു നിന്ന് ധൈര്യം കാണിച്ചത് മറക്കാറായിട്ടില്ലാത്തതിനാല്‍ വീണ്ടുമൊരു റിസ്ക് എടുക്കേണ്ട എന്നൊരു തീരുമാനമെടുക്കാന്‍ എനിയ്ക്ക് രണ്ടാമതൊന്ന് ആലോചിയ്ക്കേണ്ടി വന്നില്ല. അവിടെയെത്തുമ്പോഴതാ, അയല്‍പ്പക്കത്തുള്ളവരെല്ലാം തന്നെ അവിടെ ഹാജരായിട്ടുണ്ട്. (അന്ന് ആ ഏരിയായില്‍ ഉള്ള ഒരേയൊരു വാര്‍ക്ക വീട് ഞങ്ങളുടേതായിരുന്നു). അധികം വൈകാതെ കുറേ ചൂട്ടും മണ്ണെണ്ണയും മറ്റുമായി ചേട്ടനും ടെറസ്സിലേയ്ക്കു വന്നു. ആനയെങ്ങാനും അങ്ങോട്ട് വന്നാല്‍ തല്‍ക്കാലത്തേയ്ക്ക് തടുത്തു നിര്‍ത്താന്‍ തീ ഉപകരിച്ചേക്കുമല്ലോ. എല്ലാവരും ടെറസ്സില്‍ എത്തിയ ശേഷം അയല്‍ക്കാരുടെ പട്ടിയും ടെറസ്സിലേയ്ക്കുള്ള അവസാനത്തെ പടിയില്‍ കയറി ഇരിപ്പു പിടിച്ചു.

ടെറസ്സില്‍ ഇരിയ്ക്കുമ്പോള്‍ എല്ലാവര്‍ക്കും വ്യക്തമായി കേള്‍ക്കാമായിരുന്നു, ക്ഷേത്രത്തില്‍ നിന്നുള്ള അനൌണ്‍സ്മെന്റ്... പേടിയോടെയുള്ള ആ ഇരിപ്പിനിടയിലും അയല്‍പക്കത്തെ കരുണന്‍ വല്യച്ഛന്റെ തമാശകള്‍ ഇടയ്ക്കിടയ്ക്ക് എല്ലാവരെയും ചിരിപ്പിച്ചിരുന്നു എന്നതാണ് നേര്. ഇടയ്ക്കിടയ്ക്ക് 'ആന ക്ഷേത്രത്തിന്റെ കിഴക്കേ ഭാഗത്തേയ്ക്ക് തിരിഞ്ഞിട്ടുണ്ട്. അവിടെയുള്ള വീട്ടുകാര്‍ ജാഗ്രത പാലിയ്ക്കാന്‍ അപേക്ഷ' എന്ന് വിളിച്ചു പറയുന്നത് കേള്‍ക്കുമ്പോള്‍ ഞങ്ങളുടെ ടെറസ്സ് നിശ്ശബ്ദമാകും. എല്ലാവരും ചെറിയൊരു പേടിയോടെ ഒരു ചങ്ങലക്കിലുക്കത്തിനു കാതോര്‍ത്തു നില്‍ക്കും. അടുത്ത അനൌണ്‍സ്മെന്റില്‍ ആന മറ്റേതെങ്കിലും ഭാഗത്തേവൈക്ക് തിരിഞ്ഞു എന്ന് പറയുന്നതു കേള്‍ക്കുമ്പോള്‍ വീണ്ടും ശ്വാസം നേരെ വീഴും. ഇതിനിടെ ആന ഏതോ പോസ്റ്റ് തട്ടിയിട്ടതിന്റെ ഫലമായി കറന്റും പോയതിനാല്‍ ചുറ്റുപാടും ഇരുട്ടാകുകയും ചെയ്തു. പിന്നെയുള്ള അനൌണ്‍‌സ്മെന്റ് ആനയുടെ ചങ്ങലക്കിലുക്കം മാത്രം കേട്ടിട്ടായിരുന്നു. (ജനറേറ്റര്‍ ഉണ്ടായിരുന്നതിനാല്‍ മൈക്ക് സെറ്റും ക്ഷേത്രപരിസരത്തെ ചുരുക്കം ട്യൂബ് ലൈറ്റുകളും പ്രവര്‍ത്തനക്ഷമമായിരുന്നു).

ആന ഇടഞ്ഞ വിവരങ്ങളും ആന അതാത് സമയങ്ങളില്‍ ഏത് ഭാഗത്താണ് എത്തിയിട്ടുള്ളത് എന്നുള്ളതുമെല്ലാം മൈക്കിലൂടെ വിളിച്ചു പറഞ്ഞത് നാട്ടുകാരനായ ഒരു മാഷ് ആയിരുന്നു. അതിനടില്‍ കറന്റു പോയതോടെ ആനയെ കാണാതായെങ്കിലും ചങ്ങലക്കിലുക്കത്തില്‍ നിന്ന് ആന ഉദ്ദേശ്ശം ഏതു ഭാഗത്താണ് എന്ന് മൈക്കിലൂടെ അറിയിപ്പു കൊടുത്തു കൊണ്ട് മാഷ് പിടിച്ചു നിന്നു. ഇതിനിടെ ക്ഷേത്രത്തിന്റെ വടക്കേ ഭാഗത്തെങ്ങോ ചങ്ങലക്കിലുക്കം കേട്ട് 'ആന ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തുണ്ട്... പരിസരവാസികള്‍ ശ്രദ്ധിയ്ക്കുക' എന്നു വിളിച്ചു പറഞ്ഞ മാഷിനെ ക്ഷേത്രത്തിനകത്ത് തന്നെ സേഫായി ഇരിയ്ക്കുകയായിരുന്ന ഒരു പോലീസുകാരന്‍ ചീത്ത പറഞ്ഞ് അനൌണ്‍സ്മെന്റ് നിര്‍ത്തിച്ചു. കാരണം, ആന വടക്കു ഭാഗത്ത് എന്ന് മാഷ് വിളിച്ചു പറയുന്ന സമയത്ത് യഥാര്‍ത്ഥത്തില്‍ അതേ ആന മാഷ് വിളിച്ചു പറയുന്ന സ്ഥലത്തിനടുത്തു കൂടെ കടന്നു പോകുകയായിരുന്നു. വടക്കു ഭാഗത്തെങ്ങോ വേറെ എന്തോ ചങ്ങല കിലുങ്ങിയ ശബ്ദമാണ് പാവം മാഷ് ശ്രദ്ധിച്ചത് എന്നു മാത്രം. തെറ്റായ അനൌണ്‍‌സ്മെന്റ് വരുത്തി വച്ചേക്കാവുന്ന അപകടം കണക്കിലെടുത്താണ് ഇതു മനസ്സിലാക്കിയ പോലീസ് അദ്ദേഹത്തെ വിലക്കിയത്. പിന്നീട് ആനയെ തളച്ച ശേഷമാണ് അക്കാര്യം അറിയിയ്ക്കാന്‍ വീണ്ടും മൈക്ക് പ്രവര്‍ത്തിപ്പിച്ചത്.

എന്തായാലും മണിക്കൂറുകള്‍ ആ പരിസരത്തെ ജനങ്ങളെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം നേരം വെളുക്കുന്നതിനു മുന്‍പ് തന്നെ ആനയെ തളയ്ക്കാന്‍ കഴിഞ്ഞു. മണിക്കൂറുകളോളം നാടു മുഴുവനും ഓടി നടന്ന ശേഷം ആന കുറച്ചൊന്ന് അടങ്ങുകയും അങ്ങനെ ക്ഷേത്രപരിസരത്ത് പ്രധാന ഗോപുരത്തിനടുത്തോ മറ്റോ എത്തിയപ്പോള്‍ പാപ്പാന്‍ അതിന്റെ പുറത്തേയ്ക്ക് തഞ്ചത്തില്‍ കയറിപ്പറ്റുകയുമായിരുന്നു എന്ന് ദൃക്‍സാക്ഷികള്‍ പറഞ്ഞറിഞ്ഞു.

ആനയെ തളച്ചു എന്ന അറിയിപ്പ് മൈക്കിലൂടെ കേട്ടിട്ടും പിന്നെയും കുറേ നേരം കൂടെ ഞങ്ങളെല്ലാവരും ആ ടെറസ്സിനു മുകളില്‍ തന്നെ കഴിച്ചു കൂട്ടി. അവസാനം ഏതാണ്ട് നേരം വെളുക്കാറായപ്പോഴാണ് ഓരോരുത്തരായി അവരവരുടെ വീടുകളിലേയ്ക്ക് പോകാന്‍ തുടങ്ങിയത്. അധികം നാശനഷ്ടങ്ങളൊന്നുമുണ്ടാകാതെ ആനയെ തളയ്ക്കാന്‍ പറ്റിയെങ്കിലും അന്നത്തെ ആ ഒരു രാത്രി നാട്ടുകാര്‍ക്ക് ഒരു കാളരാത്രി തന്നെ ആയിരുന്നു. അന്ന് രാത്രി നടത്താനിരുന്ന നാടകം ഉപേക്ഷിയ്ക്കേണ്ടിയും വന്നു. ക്ഷേത്രപരിസരത്തെ ഒറ്റ വീട്ടുകാരും അന്ന് ഉറങ്ങിയില്ലെന്ന് മാത്രമല്ല, ആനയും നാട്ടുകാരും ഉത്സവം കാണാനെത്തിയവരുമെല്ലാം ഓടിയ കൂട്ടത്തില്‍ ആ പരിസരത്തെ മിക്ക പറമ്പുകളിലെയും വിളകള്‍ പലതും നശിയ്ക്കുകയും ചെയ്തു.

ഇന്ന് ഈ സംഭവത്തിനു ശേഷം പത്തു പതിനഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഉത്സവത്തിന്റെയും ആഘോഷങ്ങളുടെയും രീതികളും കുറേ മാറി. ഞങ്ങളുടെ പിഷാരത്ത് ക്ഷേത്രത്തില്‍ തന്നെ ഉത്സവത്തിനു വരുന്ന ആനകളുടെ എണ്ണം ഇപ്പോള്‍ 7 ആയി. പക്ഷേ പഴയ പൊലിമയെല്ലാം ഇന്നത്തെ ഉത്സവക്കാലങ്ങള്‍ക്ക് എന്നേ നഷ്ടമായിക്കഴിഞ്ഞു.