Friday, September 10, 2010

ഞങ്ങളുടെ സ്വന്തം പിള്ളേച്ചന്‍

പിള്ളേച്ചന്‍ എന്ന പേരിലറിയപ്പെടുന്ന എന്റെ ഒരു സുഹൃത്തിനെ പല തവണ ഞാന്‍ എന്റെ കുറിപ്പുകളില്‍ വിവരിച്ചിട്ടുണ്ട്. അവനെ പറ്റി എഴുതാനോ പറയാനോ തുടങ്ങിയാല്‍ അതൊന്നും അടുത്ത കാലത്തൊന്നും തീരില്ല. അത് ഞാന്‍ പറയാതെ തന്നെ അവനെ അടുത്തറിയുന്ന എല്ലാവര്‍ക്കും അറിയുന്നതുമായിരിയ്ക്കും. പിള്ളേച്ചനെ അറിയുന്ന പലര്‍ക്കും അവന്റെ ശരിയായ പേരറിയില്ല എന്നതും അവന്റെ ശരിയായ പേരില്‍ അവനെ വിളിയ്ക്കുന്നവര്‍ വളരെ തുച്ഛമായിരിയ്ക്കും എന്നും പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. (വീട്ടുകാരും നാട്ടുകാരും പിള്ളേച്ചനെന്നല്ല വിളിയ്ക്കുന്നതെങ്കിലും അവര്‍ക്ക് അവനെന്നും 'കുട്ടന്‍' ആണ്) ഒരു പക്ഷേ അവന്റെ സഹപ്രവര്‍ത്തകര്‍ മാത്രമായിരിയ്ക്കാം അവനെ ഇപ്പോള്‍ യഥാര്‍ത്ഥ പേരില്‍ വിളിയ്ക്കുന്നത്. (കുഞ്ഞിക്കൂനനിലെ കുഞ്ഞന്റെ 'വിമല്‍കുമാര്‍' എന്ന പേര് ആരും മറന്നു കാണില്ലല്ലോ)

പിള്ളേച്ചന് പിള്ളേച്ചന്‍ എന്ന പേര് എങ്ങനെ വന്നു ചേര്‍ന്നു എന്ന് ബൂലോക സുഹൃത്തുക്കളുള്‍പ്പെടെ പലരും ചോദിച്ചിട്ടുണ്ട്. പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് പിള്ളേച്ചന്‍ 'പിള്ളേച്ചന്‍' ആയിരുന്നില്ല. വെറും ...കുമാര്‍ ആയിരുന്നു (കുഞ്ഞിക്കൂനനിലെ വിമല്‍ കുമാര്‍ എന്ന പോലെ ഇവനും ഒരു കുമാര്‍ തന്നെ). അവനെ ഞാന്‍ ആദ്യം പരിചയപ്പെടുന്നത് പിറവം ബി പി സി കോളേജിലെ ആദ്യ അദ്ധ്യയന ദിവസമാണ്. 60 പേരുണ്ടായിരുന്ന ഞങ്ങളുടെ ക്ലാസ്സില്‍ പിള്ളേച്ചനെ വേറിട്ടു നിര്‍ത്തിയത് അവന്റെ രൂപഭാവങ്ങള്‍ തന്നെ ആയിരുന്നു. സോഡാക്കുപ്പി കണ്ണട, വെളുത്ത ജൂബ്ബ, ക്ലീന്‍ ഷേവ് ചെയ്ത മുഖം, പറ്റെ വെട്ടി നിര്‍ത്തിയ മുടി, നീണ്ടു വിടര്‍ന്ന നെറ്റി, വലിയ മൂക്ക് എന്നു തുടങ്ങി ഒരു ബുദ്ധി ജീവി/പഠിപ്പിസ്റ്റിനു ചേര്‍ന്ന എല്ലാ ലക്ഷണങ്ങളും ഒത്തു ചേര്‍ന്ന അന്നത്തെ ആ പയ്യനെ ഞാന്‍ മാത്രമല്ല എല്ലാവരും ശ്രദ്ധിച്ചു കാണണം. അവന്റെ ഒറ്റപ്പെട്ട ശൈലികളും പെരുമാറ്റരീതികളും സംസാര രീതികളും കാരണം വളരെ പെട്ടെന്ന് തന്നെ പിള്ളേച്ചന്‍ ബിപിസിയില്‍ പ്രസിദ്ധനായി. എങ്കിലും അന്നൊന്നും ഒരു സാധാരണ സഹപാഠി എന്നതില്‍ കവിഞ്ഞ് എനിയ്ക്ക് പിള്ളേച്ചനുമായി അടുപ്പമുണ്ടായിരുന്നില്ല.

പിന്നീട് തഞ്ചാവൂര്‍ക്ക് ഉപരിപഠനത്തിന് എത്തുമ്പോഴാണ് ഞങ്ങളെല്ലാവരും പിള്ളേച്ചനെ അടുത്തറിയുന്നത്. ഞങ്ങളുടെ കൂടെ ആയിരുന്നില്ല അവന്‍ അങ്ങോട്ട് വന്നത്, പിന്നെയും ഒരാഴ്ച കഴിഞ്ഞാണ്. അപ്പോഴേയ്ക്കും ഞങ്ങള്‍ ഒരു വീടെടുത്ത് താമസം തുടങ്ങിയിരുന്നു. അവന്‍ വീടൊന്നും തപ്പി കണ്ടുപിടിച്ചിട്ടില്ലായിരുന്നതു കൊണ്ടും മുന്‍പ് ബിപിസിയില്‍ ഞങ്ങളുടെ കൂടെ പഠിച്ചിരുന്ന ആളായതു കൊണ്ടും പിള്ളേച്ചനെയും ഞങ്ങള്‍ അങ്ങോട്ട് ക്ഷണിയ്ക്കുകയായിരുന്നു. അങ്ങനെ അവനും ഞങ്ങളുടെ വീട്ടിലെ അന്തേവാസിയായി. പ്ന്നീടാണ് പിള്ളേച്ചന്റെ സ്വഭാവ രീതികളും മറ്റും അടുത്തറിയാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിയ്ക്കുന്നത്. ദിവസത്തില്‍ മിനിമം 8 മണിക്കൂര്‍ ഉറങ്ങുക (അത് രാത്രിയിലെ മാത്രം നിര്‍ബന്ധം. പകല്‍ എപ്പോള്‍ 5 മിനുട്ട് ഫ്രീ ടൈം കിട്ടിയാലും ആശാന്‍ അപ്പഴേ അവിടെ തന്നെ കിടന്നോ ഇരുന്നോ ഉറക്കം തുടങ്ങും), ചായ/കാപ്പി തുടങ്ങിയവ കുടിയ്ക്കാതെ പാല്‍ മാത്രം (അതും മധുരമില്ലാതെ) കുടിയ്ക്കുക (ലക്ഷ്യം: ഭാവിയില്‍ ഷുഗര്‍ വരുന്നത് തടയുക, ചായ/കാപ്പി തുടങ്ങിയ 'ലഹരി' പഥാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക) എന്നാലോ പഞ്ചസാര, മധുര പലഹാരം തുടങ്ങിയവ കണ്ടാല്‍ ആക്രാന്തമാണ്. അതൊന്നും പ്രശ്നമല്ല, ഒരു നേരം മിനിമം 2 പേര്‍ക്കുള്ള ഫുഡ് തട്ടുക (നന്നായി ഭക്ഷണം കഴിച്ചില്ലെങ്കില്‍ പുറം നാടുകളില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റില്ലെന്ന് അവനോട് ആരോ പറഞ്ഞിട്ടുണ്ടത്രെ), ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും എങ്ങോട്ട് പോകാനിറങ്ങിയാലും മിനിമം 4 ഗ്ലാസ്സ് വെള്ളം അകത്താക്കുക (സീനിയേഴ്സിന്റെ ഉപദേശം കാരണമാണെന്ന് ന്യായം), റൂമിലില്ലാത്ത നേരത്ത് സ്വന്തം ടൈംപീസിന്റെ ബാറ്ററി ഊരി മാറ്റി വയ്ക്കുക(ബാറ്ററി ചാര്‍ജ്ജ് ലാഭിയ്ക്കാമല്ലോ)... അങ്ങനെ അങ്ങനെ വിചിത്രമായ ഒരുപാട് രീതികള്‍...

ആയിടയ്ക്ക് ഞങ്ങള്‍ ആഴ്ചയിലൊരിയ്ക്കല്‍ തഞ്ചാവൂര്‍ പെരിയ കോവില്‍ എന്ന ക്ഷേത്ര ദര്‍ശനത്തിന് പോകാറുണ്ട്. അത്യാവശ്യം പര്‍ച്ചേസിങ്ങ് എല്ലാം നടത്താറുള്ളതും അങ്ങനെയുള്ള ദിവസങ്ങളിലാണ്. അവിടെയുള്ള മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറികളും മറ്റും വാങ്ങും. അതു പോലെ സ്റ്റേഷനറി ഐറ്റംസ് എല്ലാം അവിടെയുള്ള PPDS എന്നഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറില് നിന്ന് വാങ്ങും. (പുണ്യമൂര്‍ത്തി പിള്ളൈ ഡിപ്പാര്‍ട്ട് മെന്റ് സ്റ്റോര്‍ എന്ന് മുഴുവന്‍ പേര്.)അന്നെല്ലാം കാര്യമുണ്ടെങ്കിലും ഇല്ലെങ്കിലും തഞ്ചാവൂര്‍ ചെന്നിറങ്ങിയാല്‍ മതി, 'നമുക്ക് PPDS ല്‍ പോകാം ... നമുക്ക് PPDS ല്‍ പോകാം' എന്ന് പിള്ളേച്ചന്‍ ബഹളം തുടങ്ങും. ഇത് പല തവണ ആവര്‍ത്തിച്ച ശേഷമാണ് പിള്ളേച്ചന് PPDS നോടുള്ള താല്പര്യം ഞങ്ങളുടെ ശ്രദ്ധയില്‍ പെടുന്നത്. കാരണം വേറെ ഒന്നുമല്ല. അവിടെ വരുന്നവരുടെ വായില്‍ നോക്കി നില്‍ക്കാനുള്ള ഒരു സുവര്‍ണ്ണാവസരം എന്തിനു നഷ്ടപ്പെടുത്തണം എന്ന അവന്റെ നിരുപദ്രവമായ ചിന്ത തന്നെ. 'ഇവനെന്താ PPDS ന്റെ ബ്രാന്‍ഡ് അംബാസഡറോ?' എന്ന് ആയിടയ്ക്ക് ഞങ്ങള്‍ അവനെ സ്ഥിരമായി കളിയാക്കാറുമുണ്ടായിരുന്നു. പിന്നീടാണ് ആ പേരില്‍ നിന്നും കടമെടുത്ത പിള്ള എന്ന ഇരട്ടപ്പേര് ഞങ്ങള്‍ അവന് ചാര്‍ത്തിക്കൊടുക്കുന്നത്.

മാത്രമല്ല, അതിനു മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. അന്ന് ഞങ്ങള്‍ റൂമില്‍ 7 പേരായിരുന്നു ഉണ്ടായിരുന്നത്. ഒരിയ്ക്കല്‍ ഒരു കൊച്ചു പയ്യന്‍ സുധിയപ്പനോട് അവന്റെ പേര് ചോദിച്ചപ്പോള്‍ അവന്‍ ആ കുട്ടിയുടെ മുന്‍പില്‍ തട്ടി വിട്ടത് ആയിടെ കണ്ട ഏതോ സിനിമയിലെ വില്ലന്റെയോ മറ്റോ പേരായിരുന്നു - ആല്‍ഫ്രഡ് ഫെര്‍ണാണ്ടസ് ഗോണ്‍സാല്‍വസ് എന്ന്. അതിലെ ആല്‍ഫ്രഡ് മാറ്റി 'വില്‍ഫ്രഡ്, ഫ്രെഡറിക്, അന്റോണിയോസ്...' അങ്ങനെയങ്ങനെ വേറെയും 5 പേരുകള്‍ കൂടി അവന്‍ തല്‍ക്ഷണം ഉണ്ടാക്കി, ഞങ്ങളുടെ എല്ലാവരുടേയും പേരുകളായി പറഞ്ഞു. പക്ഷേ എത്ര ശ്രമിച്ചിട്ടും അവസാനം വന്ന പിള്ളേച്ചന് വേണ്ടി ഒരു പേര് ഉണ്ടാക്കിയെടുക്കാന്‍ പറ്റിയില്ല. അപ്പോള്‍ പെട്ടെന്ന് എന്തെങ്കിലുമൊരു പേര് എന്ന രീതിയില്‍ പറഞ്ഞതാണ് പുണ്യമൂര്‍ത്തിപ്പിള്ള എന്ന അവന്റെ പേര്. PPDS എന്ന പേരില്‍ നിന്നാണ് ആ പേര് വന്നതു തന്നെ.

എന്നിരിയ്ക്കലും അവന് വിഷമുണ്ടാകരുതല്ലോ എന്ന് കരുതി ഒരു ദിവസം അക്കാര്യം അവനോട് ചോദിയ്ക്കുക തന്നെ ചെയ്തു. ഒരു ദിവസം ഞങ്ങളെല്ലാവരും വെറുതേ സംസാരിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു. അന്ന് സഞ്ജു അവനോട് ചോദിച്ചു 'പിള്ളേച്ചാ, നിന്നെ ഞങ്ങള്‍ പിള്ള എന്നൊക്കെ വിളിയ്ക്കുന്നത് കൊണ്ട് നിനക്കെന്തെങ്കിലും വിരോധം ഉണ്ടെങ്കില്‍ പറയണം കേട്ടോ' എന്ന്. എന്നാല്‍ 'പിള്ള' എന്ന് വിളിയ്ക്കുന്നത് തനിയ്ക്കും ഇഷ്ടപ്പെട്ട കാര്യമാണെന്ന് അവന്‍ പറഞ്ഞത് കേട്ട് ഞങ്ങള്‍ ഒന്ന് അമ്പരന്നു.

'അതെന്താ? നിങ്ങള്‍ 'പിള്ള ഫാമിലി' ഒന്നുമല്ലല്ലോ ആണോ? കുടുംബത്തിലെ ആരുടെയെങ്കിലും പേരിന്റെ കൂടെ പിള്ള എന്നോ മറ്റോ ഉണ്ടോ?' മത്തന്‍ ഇടയ്ക്ക് കയറി ചോദിച്ചു.

'അല്ല, പിള്ള ഫാമിലി ഒന്നും അല്ലെങ്കിലും എന്റെ ഫാമിലിയിലും പണ്ട് ഒരു പിള്ള ഉണ്ടായിരുന്നു' പിള്ളേച്ചന്റെ മറുപടി.

'അതെങ്ങനെയാടാ? അല്ല ആരായിരുന്നു ആ പിള്ള?' സുധിയപ്പന്റെ സംശയം മാറിയില്ല.

'അതായത് എന്റെ അമ്മയുടെ അമ്മാവന്റെ അച്ഛന്റെ ചേട്ടന്റെ അളിയന്റെ വകയിലൊരു പിള്ള ഉണ്ടായിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പിള്ളേച്ചന്‍ എന്നാണ് പുള്ളിക്കാരനും അറിയപ്പെട്ടിരുന്നതെന്നാണ് അമ്മ പറഞ്ഞ് കേട്ടിരിയ്ക്കുന്നത്' പിള്ളേച്ചന്‍ കുറച്ചൊരു അഭിമാനത്തോടെ പറഞ്ഞു.

അവന്‍ പറഞ്ഞ ആ അകന്ന ബന്ധം ഞങ്ങള്‍ക്ക് ആര്‍ക്കും തന്നെ അത്ര മനസ്സിലായില്ലെങ്കിലും വകയിലെ ഏതോ ഒരു ബന്ധുവിന് പിള്ള എന്ന പേരുണ്ടായിരുന്നല്ലോ എന്ന ആശ്വാസത്തില്‍ ഞങ്ങളും ആ കേസ് അവിടെ വിട്ടു. നാളുകള്‍ കഴിയവേ ഞങ്ങളുടെ മറ്റാരുടെയും പേരുകള്‍ ഹിറ്റായില്ലെങ്കിലും പിള്ളേച്ചന്‍ സൂപ്പര്‍ ഹിറ്റായി. പുണ്യമൂര്‍ത്തിപ്പിള്ള വെറും പിള്ളയായും പിന്നീട് പിള്ളേച്ചനായും രൂപമാറ്റം വന്നു. അത് സുഹൃത്തുക്കള്‍ക്കിടയില്‍ വളരെ പെട്ടെന്ന് തന്നെ പരക്കുകയും ചെയ്തു.

പിന്നെയും കുറേ നാളുകള്‍ കഴിഞ്ഞു. ഒരു ദിവസം എന്തോ കാര്യത്തിന് പിള്ളേച്ചന്‍ തന്റെ സാധന സാമഗ്രികളടങ്ങുന്ന ബാഗ് പുറത്തെടുത്തതായിരുന്നു. സുധിയപ്പനും അടുത്തു തന്നെ ഉണ്ടായിരുന്നു. എല്ലാം അടുക്കിപ്പെറുക്കി വയ്ക്കുന്ന കൂട്ടത്തില്‍ അവന്റെ SSLC ബുക്ക് സുധിയപ്പന്റെ കണ്ണില്‍ പെട്ടു. വെറുതേ ഒരു കൌതുകത്തിന് അവനതെടുത്ത് മറിച്ചു നോക്കി. അതിന്റെ ആദ്യ പേജ് കണ്ടതും അവന്‍ കുറച്ച് നേരം അന്തം വിട്ട് നോക്കി നിന്നു. അതിനു ശേഷം അലറി വിളിച്ചു കൊണ്ട് എന്റെ അടുത്തേയ്ക്ക് ഓടി വന്നു.

"അളിയാ... പിള്ളേച്ചന്റെയാ. നീ ഇതൊന്നു നോക്കിയേ" ആ SSLC ബുക്ക് എന്റെ കയ്യില്‍ തന്ന് അവനെന്നോട് പറഞ്ഞു.

"എന്ത്യേടാ? ഈ കശ്മലന്‍ SSLC പാസ്സായിട്ടില്ലായിരുന്നോ?"

"ഹ! അതൊന്നുമല്ലെടാ. നീ അതൊന്നു തുറന്ന് നോക്ക്. എന്നിട്ട് ഞാനെന്താ ഉദ്ദേശ്ശിച്ചത് എന്ന കാര്യം പിടി കിട്ടിയോ എന്ന് പറയ്"

"ജോബീ, മത്താ... അളിയന്മാരേ, എല്ലാവരും വാടാ" അപ്പോഴേയ്ക്കും അവനെല്ലാവരെയും വിളിച്ചു വരുത്തി. അവന്റെ അലര്‍ച്ച കേട്ട് എല്ലാവരും ഓടിപ്പാഞ്ഞ് അങ്ങോട്ട് വന്നു. ഞാനപ്പോഴും പിള്ളേച്ചന്റെ SSLC ബുക്കും തുറന്ന് വച്ച് അതില്‍ നോക്കി കൊണ്ടിരിയ്ക്കുകയാണ്. കാര്യം എന്തെന്ന് മനസ്സിലാകാതെ പിള്ളേച്ചനും ഞങ്ങളുടെ അടുത്ത് വായും പൊളിച്ച് നില്‍പ്പുണ്ട്. എല്ലാവരും പിള്ളേച്ചന്റെ SSLC ബുക്ക് വാങ്ങി മാറി മാറി മറിച്ച് നോക്കി. ഞങ്ങള്‍ക്ക് ആര്‍ക്കും അവനെന്താണ് ഉദ്ദേശ്ശിയ്ക്കുന്നത് എന്ന് പിടി കിട്ടുന്നില്ല. ഞങ്ങള്‍ അതിലെ മാര്‍ക്കും കാര്യങ്ങളും മറ്റും പരിശോധിയ്ക്കുന്നത് കണ്ട് സുധിയപ്പന്റെ ക്ഷമ നശിച്ചു.

"അവിടെ ഒന്നുമല്ലെടാ മണ്ടന്മാരേ...ഇങ്ങു താ" അതു പറഞ്ഞു കഴിഞ്ഞതും അവന്‍ അത് പിടിച്ചു വാങ്ങി. എന്നിട്ട് ഉറക്കെ ചിരിച്ചു കൊണ്ട് ചോദിച്ചു.

"എടാ. എല്ലാവരും ഓര്‍ക്കുന്നുന്നുണ്ടോ? നമ്മള്‍ ഇവന് പിള്ള എന്ന് പേരിട്ട ദിവസം? അന്ന് മത്തന്‍ ഇവനോട് ചോദിച്ചില്ലേ ഇവന്റെ ബന്ധത്തില്‍ ഏതെങ്കിലും പിള്ളമാരുണ്ടായിരുന്നോ എന്ന്. ഇവനെന്താ മറുപടി പറഞ്ഞത്? ഇവന്റെ വകയിലൊരു അപ്പൂപ്പന്റെ അപ്പൂപ്പനോ മറ്റോ ഒരു പിള്ളയായിരുന്നു എന്ന് അല്ലേ? ഇനി ദാ ഇങ്ങോട്ട് ഒന്നു സൂക്ഷിച്ചു നോക്കിയേ. അവന്‍ ആ SSLC ബുക്കിന്റെ ആദ്യ പേജ് നിവര്‍ത്തി, എല്ലാവര്‍ക്കും കാണാവുന്ന രീതിയില്‍ പിടിച്ചു. ഞങ്ങളെല്ലാവരും ആകാംക്ഷയോടെ അതിലേയ്ക്ക് സൂക്ഷിച്ചു നോക്കി.

അതിലെ രണ്ടു വരികള്‍ ഇങ്ങനെയായിരുന്നു.

Name Of Candidate : ... Kumar .
Name of father : ...... Pillai

**************
വാല്‍ക്കഷ്ണം: പിന്നീട് അതെപ്പറ്റി ചോദിച്ചപ്പോള്‍ പിള്ളേച്ചന്‍ പറഞ്ഞതെന്താണെന്നറിയാമോ? അന്ന് വകയില്‍ ഏതെങ്കിലും പിള്ളമാരുണ്ടോ എന്ന് ചോദിച്ചപ്പോള്‍ സ്വന്തം അച്ഛന്റെ പേരിന്റെ അറ്റത്തുള്ള 'പിള്ള' എന്ന വാല്‍ അവന്റെ ഓര്‍മ്മയില്‍ വന്നതേയില്ല എന്ന്. (നമ്മള്‍ പൊതുവേ പറയുന്ന 'പിള്ള' എന്ന സമുദായത്തില്‍ പെട്ട ആളല്ല ഈ പിള്ളേച്ചന്‍ എന്നത് സത്യം തന്നെയാണ് കേട്ടോ.)
**************
പിള്ളേച്ചനെ അധികം അറിയാത്തവര്‍ക്കായി ചില ലിങ്കുകള്‍ ഇവിടെയും ഇവിടെയും ദാ ഇവിടെയും ഉണ്ട്.