Monday, July 5, 2010

ബാല്യത്തിനു പറയാനുള്ളത്

ബാല്യത്തിലെ വിദ്യാലയ സ്മരണകള്‍‌ക്ക് ഇടവപ്പാതിയുടെ തണുപ്പാണ്. ബാല്യ കാലം നിറം മങ്ങിത്തുടങ്ങിയ സ്ലേറ്റു പോലെയും അന്നത്തെ ഓര്‍‌മ്മകള്‍ ആ സ്ലേറ്റിലെ അക്ഷരങ്ങള്‍‌ പോലെയുമാണ്. ആ നനുത്ത ഓർ‌മ്മകളിലേയ്ക്ക് ഊളിയിടുമ്പോൾ‌ മനസ്സിൽ‌ തെളിഞ്ഞു വരുന്നത് ഓടു മേഞ്ഞ മേൽ‌ക്കൂരയുള്ള, നീണ്ടു കിടക്കുന്ന ഇടനാഴിയോടു കൂടിയ, വൻ‌ വാകമരങ്ങളുടെ നിഴൽ‌ വീണ മുറ്റമുള്ള ഒരു പള്ളിക്കൂടമാണ്. ചെറിയ മാറ്റങ്ങളോടെയെങ്കിലും പുതു തലമുറകളൊഴികെയുള്ള എല്ലാവരുടെയും ഓർമ്മകൾ‌ക്ക് സമാനതകളുണ്ടാകുമെന്ന് തോന്നുന്നു.

ആർ‌ത്തലച്ചു പെയ്യുന്ന പെരുമഴയുടെ അകമ്പടിയോടെയാകും മദ്ധ്യവേനലവധിയ്ക്കു ശേഷം എന്നും പള്ളിക്കൂടം തുറക്കുന്നത്. നനഞ്ഞൊലിയ്ക്കുന്ന നീളന്‍ കുടയും നനഞ്ഞൊട്ടുന്ന യൂണിഫോമിനോട് ചേര്‍‌ത്തു പിടിച്ച തടി കൊണ്ടു പുറം ചട്ടയിട്ട സ്ലേറ്റുമായിട്ടായിരുന്നു അക്ഷരാങ്കണത്തിലേയ്ക്കുള്ള ആദ്യ കുറേ വര്‍‌ഷങ്ങള്‍ തുടങ്ങിയിരുന്നത്. ഒപ്പം ഒരു കല്ലു പെന്‍സിലും മഷിപ്പച്ചയും കൂടെ കാണും. ആ നീളന്‍ കല്ലുപെന്‍സില്‍ ഒരിയ്ക്കല്‍ പോലും രണ്ടോ മൂന്നോ ദിവസത്തിലധികം അതേ രൂപത്തില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞതായി ഓര്‍മ്മയില്ല. അഞ്ചു പൈസയോ പത്തു പൈസയോ ആയിരുന്നു അന്ന് ഒന്നിന്റെ വില എങ്കിലും പെന്‍സില്‍ ഒടിച്ചോ നഷ്ടപ്പെടുത്തിയോ വരുന്നതിന്റെ പേരില്‍ അമ്മയുടെ ചീത്ത കേള്‍ക്കാത്ത ദിവസങ്ങള്‍ കുറവായിരുന്നു. കല്ലു പെന്‍സിലിനേക്കാള്‍ കെട്ടിലും മട്ടിലും വിലയിലും കേമനായിരുന്ന പാല്‍പ്പെന്‍സിലുകളും ദുര്‍ലഭമായെങ്കിലും അന്ന് ചിലരുടെ കയ്യില്‍ കാണാമായിരുന്നു. കറുത്ത സ്ലേറ്റിന്റെ പ്രതലത്തില്‍ പോറലേല്പിയ്ക്കാതെ കുനുകുനാ എന്ന് വെളുത്ത പാലക്ഷരങ്ങള്‍ തെളിയിയ്ക്കുന്ന ആ കേമനെ ബഹുമാനത്തോടെയും ഒട്ടൊരു കൊതിയോടെയും മാറി നിന്ന് നോക്കിക്കാണാനേ എല്ലാ കാലത്തും സാധിച്ചിരുന്നുള്ളൂ... അതെല്ലാം കുറേക്കൂടി സാമ്പത്തിക ഭദ്രതയുള്ള വീട്ടിലെ കുട്ടികളുടെ മാത്രം കയ്യിലേ കണ്ടിരുന്നുള്ളൂ.

വിദ്യാഭ്യാസ ജീവിതം ആരംഭിച്ചത് നഴ്സറി ക്ലാസ്സുകളില്‍ ആയിരുന്നു. ആദ്യത്തെ ദിവസം അമ്മയുടെ കയ്യും പിടിച്ച് നഴ്സറി ക്ലാസ്സിലേയ്ക്ക് കയറി മഠത്തിലെ കന്യാസ്ത്രീകളായ അദ്ധ്യാപികമാര്‍ക്കിടയില്‍ പകച്ചു നിന്നതും ആദ്യത്തെ ദിവസം തന്നെ കുട്ടികളെ എല്ലാം മാതാപിതാക്കളില്‍ നിന്ന് അകറ്റിഒരു ക്ലാസ് മുറിയിലിരുത്തി വാതിലടച്ചിട്ടതും ഇപ്പോഴുമോര്‍‌ക്കുന്നു. അടച്ചിട്ട ആ ക്ലാസ്സ് മുറിയ്ക്ക് മുകളില്‍ തൂങ്ങിക്കിടന്നിരുന്ന വായു നിറച്ച വലിയ നീല ഡോള്‍‌ഫിന്‍ പോലും വളരെ വ്യക്തമായി ഇന്നും ഓര്‍‌മ്മയുണ്ട്.

എങ്കിലും നഴ്സറി കാലത്തെ ഓര്‍മ്മകളേക്കാള്‍ തെളിമയുള്ളത് ഒന്നാം ക്ലാസ്സു മുതലുള്ള കാലത്തിനാണ്. അപ്പോഴേയ്ക്കും സ്കൂൾ എന്തെന്നും പഠനം എന്തെന്നുമെല്ലാം മനസ്സിലാക്കി തുടങ്ങിയിരുന്നു. പുത്തൻ യൂണിഫോമും കുടയും സ്ലേറ്റും പുസ്തകക്കെട്ടും മറ്റുമായി അവധിക്കാലം കഴിയാറാകുമ്പോഴേയ്ക്കും എല്ലാവരും പള്ളിക്കൂടം തുറക്കാനുള്ള കാത്തിരിപ്പ് ആരംഭിയ്ക്കും. സൌഹൃദങ്ങളുടെ തുടക്കവും അതേ കാലത്തായിരുന്നു. മഷിപ്പച്ചയുടെ തണ്ടും കല്ലു പെന്‍സിലിന്റെ കഷ്ണങ്ങളും കടം ചോദിച്ചു കൊണ്ടായിരിയ്ക്കും പല സൌഹൃദങ്ങളുടേയും തുടക്കം. ‘അ ആ... എന്നിങ്ങനെയെല്ലാം എഴുതാന്‍ പഠിച്ചു തുടങ്ങിയത് ഒന്നാം ക്ലാസ്സിലായിരുന്നു.. ‘അ’ എന്നാല്‍ അമ്മ, ‘ആ’ എന്നാല്‍ ആന എന്നിങ്ങനെ മനസ്സില്‍ ഓരോ രൂപങ്ങളെ നിരത്തി അക്ഷരങ്ങള്‍ പഠിപ്പിച്ചു തന്നത് ഒന്നാം ക്ലാസ്സിലെ ലില്ലി ടീച്ചറായിരുന്നു.

വഴങ്ങാന്‍ മടിച്ചു നില്‍ക്കുന്ന അക്ഷരങ്ങളെഴുതാന്‍ കൈ പിടിച്ച് സഹായിച്ചും കുസൃതി കാട്ടുമ്പോള്‍ സ്നേഹപൂര്‍‌വ്വം ചെവിയ്ക്കു പിടിച്ച് ശാസിച്ചും പഠിയ്ക്കാന്‍ മിടുക്കു കാട്ടുമ്പോള്‍ പ്രോത്സാഹിപ്പിച്ചും അടുത്ത 3 വര്‍ഷങ്ങള്‍‌ ടീച്ചര്‍ കൂടെ തന്നെ ഉണ്ടായിരുന്നു. (അവിടെ അന്നത്തെ സമ്പ്രദായം അങ്ങനെയായിരുന്നു. ഒന്നാം ക്ലാസ്സു മുതല്‍ നാലാം ക്ലാസ്സു വരെ ഒരേ അദ്ധ്യാപിക തന്നെയാകും കുട്ടികളുടെ ക്ലാസ്സ് ടീച്ചര്‍). ഞങ്ങളുടെ എല്ലാം മനസ്സില്‍ ഒരു അമ്മയുടെ സ്ഥാനമുണ്ടായിരുന്നു ലില്ലി ടീച്ചര്‍ക്ക്. ടീച്ചര്‍ എന്തോ കാരണം കൊണ്ട് വരാന്‍ വൈകിയ ഒരു ദിവസം ഞങ്ങള്‍ കുട്ടികളെല്ലാവരും ടീച്ചര്‍ എത്രയും വേഗം എത്തിച്ചേരുന്നതിനായി കൂട്ടപ്രാര്‍ത്ഥന നടത്തിയതും സ്കൂള്‍ ഗേറ്റിലേയ്ക്ക് കണ്ണും നട്ട് കാത്തിരുന്നതും ദൂരെ നിന്നും കണ്ട മാത്രയില്‍ സന്തോഷത്തോടെ ടീച്ചറെ സ്വീകരിയ്ക്കാനായി ആ ക്ലാസ്സ് മുഴുവനും ഓടി ചെന്നതും എല്ലാം ഇന്നലെയെന്നതു പോലെ ഓര്‍ക്കുന്നു. ഇന്ന് എവിടെയാണെങ്കിലും ടീച്ചർ ആയുരാരോഗ്യസൗഖ്യത്തോടെ ഇരിയ്ക്കട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു.

അമ്മ, അച്ഛന്‍ എന്നൊക്കെ എഴുതാന്‍ പഠിച്ചത് എന്ന് എന്നോ അത് സ്ലേറ്റിലെഴുതി അച്ഛനെയും അമ്മയെയും ആദ്യമായി കാണിച്ചപ്പോള്‍ അവരുടെ പ്രതികരണമെന്തായിരുന്നു എന്നോ ഓര്‍‌മ്മയില്ല. എങ്കിലും എന്നും പഠിയ്ക്കാന്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹനം തന്നിരുന്നത് അവര്‍ തന്നെയായിരുന്നു. കേട്ടെഴുത്തുകള്‍ക്കും ക്ലാസ്സ് പരീക്ഷകള്‍ക്കുമെല്ലാം നല്ല മാര്‍ക്ക് വാങ്ങി തിരികേ വീട്ടില്‍ വന്ന് കയറുമ്പോള്‍ കിട്ടിയിരുന്ന ഒരു ഉമ്മയുടെയും വാത്സല്യപൂര്‍‌വ്വമുള്ള ആ ഒരു തലോടലിന്റെയുമൊന്നും മധുരം ഒരു കാലത്തും മനസ്സില്‍ നിന്നും പോകുകയില്ല. ഒന്നാം ക്ളാസ്സിലും രണ്ടാം ക്ളാസ്സിലുമെല്ലാം പരീക്ഷകള്‍ എഴുതിയിരുന്നത് പ്രധാനമായും സ്ലേറ്റില്‍ തന്നെയായിരുന്നു. പരീക്ഷ കഴിഞ്ഞ ശേഷം ആ സ്ലേറ്റിലെ 50/50 എന്ന മാര്‍‌ക്കും പിടിച്ചു കൊണ്ട് വീട്ടിലേയ്ക്ക് ഓടിയിരുന്നതും എന്നോ ഒരിയ്ക്കല്‍ ഏതോ ഒരു വിഷയത്തിന് 48/50 എന്ന മാര്‍ക്ക് കിട്ടിയപ്പോള്‍ ആ പരീക്ഷയ്ക്ക് തോറ്റു എന്ന് കരുതി വിഷമിച്ചതുമെല്ലാം ഓര്‍ക്കുമ്പോള്‍ ഇന്ന് അറിയാതെ തന്നെ ചിരിച്ചു പോകുന്നു. (ആ ചരിത്രം അതേ പോലെ അഞ്ചാറു വര്‍ഷങ്ങള്‍ക്ക് ശേഷം ആവര്‍ത്തിച്ചു എന്നത് മറ്റൊരത്ഭുതം, എന്റെ ഒരനുജന്‍ (കുഞ്ഞച്ഛന്റെ മകനായ കണ്ണന്‍ ) ഇതേ പോലെ ഒരു ദിവസം പരീക്ഷയും കഴിഞ്ഞ് വരുന്ന വഴി ‘എത്രയാടാ മാര്‍ക്ക്?’ എന്ന് ചോദിച്ചതിന് ‘തോറ്റു ചേട്ടോ... തോറ്റു’ എന്നും പറഞ്ഞ് തലയും താഴ്ത്തി പോകുന്ന വഴി പിടിച്ചു നിര്‍ത്തി സ്ലേറ്റ് പരിശോധിച്ചപ്പോള്‍ 48/50 എന്ന മാര്‍ക്ക് കണ്ട് ചിരിച്ചവരുടെ കൂട്ടത്തില്‍ ഈ ഞാനുമുണ്ടായിരുന്നു)

അതു പോലെ തന്നെയായിരുന്നു കുട്ടിക്കാലത്തെ സ്കൂൾ‌ യാത്രകളും. അന്ന് താമസം കൊരട്ടിയിലായിരുന്നതിനാൽ‌ സ്കൂളിൽ എത്താൻ‌ ഒരു നാഷ്ണൽ ഹൈവേയും റെയിൽ പാതയും മുറിച്ചു കടക്കണമായിരുന്നു എന്നതിനാൽ‌ നഴ്സറിയിലും ഒന്നാം ക്ലാസ്സിലെ ആദ്യ കുറച്ചു നാളുകളിലും അമ്മയായിരുന്നു സ്കൂളിൽ കൊണ്ടു വിടാറുള്ളത്. പിന്നെപ്പിന്നെ കൂട്ടുകാരോടൊപ്പമായി അത്തരം യാത്രകൾ‌. വഴിയരുകിലെ പട്ടിയോടും പൂച്ചയോടുമൊക്കെ വർ‌ത്തമാനം പറഞ്ഞും മഷിപ്പച്ചയും തീപ്പെട്ടിപ്പടങ്ങളും മഞ്ചാടിക്കുരുവും ശേഖരിച്ചും നടന്ന ഒരു കാലം.

പിന്നീട് മൂന്നാം ക്ലാസ്സിനു ശേഷം ഞങ്ങൾ‌ നാട്ടിലേയ്ക്ക് താമസം മാറിയതോടെ സ്കൂൾ‌ വിദ്യാഭ്യാസവും അങ്ങോട്ട് പറിച്ചു നടേണ്ടി വന്നു. പക്ഷേ ഒരു തനി നാട്ടിൻ‌പുറമായ അവിടുത്തെ പഠനകാലമാകട്ടെ ആദ്യത്തേതിനേക്കാൾ‌ നല്ല അനുഭവങ്ങളും ഓർ‌മ്മകളുമാണ് നൽ‌കിയത്.

അന്നത്തെ ഓർ‌മ്മകളിൽ മുന്നിട്ടു നിൽക്കുന്ന ഒന്നാണ് നഴ്സറി ക്ലാസ്സിലെ ഉപ്പുമാവിന്റെയും പ്രൈമറി ക്ലാസ്സുകളിലെ കഞ്ഞിയുടെയും ചെറുപയറിന്റെയും സ്വാദ്. അന്നത്തെ ‘കഞ്ഞി-പയർ’ കോമ്പിനേഷനു പകരം വയ്ക്കാവുന്ന ഒന്നും പിന്നീട് ഒരിടത്തു നിന്നും ലഭിച്ചിട്ടില്ല എന്നതാണ് സത്യം. അന്നെല്ലാം ഉച്ചഭക്ഷണമായ കഞ്ഞിയുടെയും പയറിന്റെയും വലിയ തൂക്കുപാത്രം എടുത്തു കൊണ്ടു വരുവാൻ ടീച്ചർ ആരെയാണ് ഏല്‍പ്പിയ്ക്കുക എന്ന് കാത്തിരിയ്ക്കുമായിരുന്നു ഞങ്ങളെല്ലാവരും. ആ ഡ്യൂട്ടി ഏറ്റെടുക്കുന്നത് അന്ന് ഒരു ക്രെഡിറ്റായിരുന്നു. രാവിലത്തെ അവസാന പിരിയഡ് കഴിയാറാകുമ്പോൾ ടീച്ചർ ആരെങ്കിലും രണ്ടു പേരെ കലവറയിലേയ്ക്ക് പറഞ്ഞു വിടും. ബെല്ലടിയ്ക്കും മുൻപ് കഞ്ഞിയും പയറും ക്ലാസ്സ് മുറിയുടെ ഒരു മൂലയിൽ സ്ഥാനം പിടിച്ചിരിയ്ക്കും. നിമിഷങ്ങൾ‌ക്കുള്ളിൽ ഒരു സുഖകരമായ ഗന്ധം അവിടെയെങ്ങും പരക്കും. പിന്നെ, ബെല്ലടിയ്ക്കാനുള്ള കാത്തിരിപ്പാണ്. സ്ഥിരമായി വീട്ടിൽ നിന്ന് ചോറു കൊണ്ടു വരുമായിരുന്നെങ്കിലും അതിന്റെ കൂടെ ആ ചൂടു കഞ്ഞിയും പയറു കറിയും വാങ്ങാൻ ഞാനൊരിയ്ക്കലും മറക്കാറില്ല.

ക്ലാസ്സ് ലീഡറുടെ ചുമതലയായിരുന്നു ഇടയ്ക്ക് ബ്ലാക്ക് ബോർഡ് മായ്ച്ച് വൃത്തിയാക്കുന്നതും ദിവസവും രാവിലെ ദിവസവും ക്ലാസ്സിലെ കുട്ടികളുടെ എണ്ണവുമെല്ലാം ബോർ‌ഡിന്റെ മുലയ്ക്ക് എഴുതുന്നതുമെല്ലാം. അതേ പോലെ വല്ലപ്പ്പോഴുമൊരിയ്ക്കൽ ടീച്ചറുടെ അനുവാദത്തോടെ ഗുളിക രൂപത്തിലുള്ള ‘മഷിക്കട്ട’ കടയിൽ നിന്നും വാങ്ങി, നരച്ചു തുടങ്ങിയ ബോർ‌ഡ് വീണ്ടും കറുപ്പിയ്ക്കണം. അതിനെല്ലാം സഹായികളായി ഇഷ്ടം പോലെ ശിങ്കിടികളുമുണ്ടാകും.

ഇപ്പോഴും ഇടയ്ക്ക് വെറുതേ ഓർ‌ക്കാറുണ്ട്. ആദ്യമായി അമ്മയുടെ കൈപിടിച്ച് സ്കൂളിന്റെ പടി കടന്ന ദിവസം, ക്ലാസ്സ് ലീഡറായി എന്നെ തിരഞ്ഞെടുത്തതായി ടീച്ചർ പറയുമ്പോൾ അതെന്തെന്നറിയാതെ പകച്ചു നിന്ന ദിവസം, ടീച്ചർ ക്ലാസ്സിലില്ലാത്ത ഒരു പിരിയഡ് ഇരുന്നു വർത്തമാനം പറഞ്ഞതിന് ലില്ലി ടീച്ചർ വന്ന് ഒന്നൊഴിയാതെ എല്ലാവരേയും എഴുന്നേൽ‌പ്പിച്ച് നിർത്തി, ചൂരൽ‌പ്രയോഗം നടത്തിയ ദിവസം, ശക്തമായ ഇടിമിന്നലും ഇടിവെട്ടും കണ്ട് ഭയന്ന് എല്ലാവരും കൂടി ടീച്ചറെ കെട്ടിപ്പിടിച്ച് കരഞ്ഞ ദിവസം, സ്കൂളിനു തൊട്ടപ്പുറത്തെ വീട്ടിലെ ചേട്ടൻ ട്രെയിനിടിച്ച് മരിച്ചതറിഞ്ഞ് എല്ലാവരും കൂട്ടപ്രാർ‌ത്ഥന നടത്തിയ ദിവസം, ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ റിസൽ‌ട്ട് നോട്ടീസ് ബോർ‌ഡിൽ കാണാതെ അമ്മ പരിഭ്രമിച്ച്, അവസാനം ഏറ്റവുമടിയിൽ ‘ഒന്നാം ക്ലാസ്സിലെ എല്ലാ കുട്ടികളും ജയിച്ചിരിയ്ക്കുന്നു’ എന്ന വാചകം കണ്ട് ആശ്വസിച്ച ദിവസം അങ്ങനെയങ്ങനെ

ഇന്ന് ഓർത്തെടുക്കാൻ ശ്രമിയ്ക്കുമ്പോൾ ഒരുപാട് നഷ്ടബോധത്തോടെ മാത്രം ഓർ‌മ്മയിൽ‌ തെളിയുന്ന ഒരു കാലമാണ് അത്. ഉത്തരവാദിത്വങ്ങളുടെയോ പ്രതീക്ഷകളുടെയോ അമിതഭാരമില്ലാതെ കളിയും ചിരിയും പേരിനു പഠിപ്പുമായി ബാല്യം ആസ്വദിച്ച കാലം. മഷിത്തണ്ടും പെൻ‌സിൽ തുണ്ടുകളും നൽകി സൗഹൃദങ്ങൾ‌ സമ്പാദിച്ചിരുന്ന കാലം. ജാതി-മത, ആൺ-പെൺ വിവേചനങ്ങളില്ലാതെ നല്ല സൗഹൃദങ്ങൾ‌ മാത്രം എല്ലാവരും മനസ്സിൽ സൂക്ഷിച്ചിരുന്ന കാലം. സുഹൃത്തിന്റെ കയ്യിൽ‌ വീഴുന്ന ചൂരൽ കണ്ട് അവന്റെ വേദനയിൽ പങ്കു ചേർന്ന് സ്വന്തം കണ്ണു നിറച്ചിരുന്ന കാലം. ക്ലാസ്സിലെ ജനലിന്റെ മരയഴികൾ തിരിയ്ക്കുന്നതിനനുസരിച്ച് പുറത്ത് തിമർത്തു പെയ്യുന്ന മഴ ശക്തി കൂടുകയും കുറയുകയും ചെയ്യുന്നുണ്ട് എന്ന് വിശ്വസിച്ചിരുന്ന കാലം. പാഠപുസ്തകത്തിന്റെ രഹസ്യത്താളുകളിൽ മയില്‍പ്പീലി തുണ്ട് സൂക്ഷിച്ച് അത് പെറ്റു പെരുകാൻ‌ പ്രാർ‌ത്ഥിച്ചു നടന്ന സുവർണ്ണ കാലം.

ആ ഓർ‌മ്മകൾ തികട്ടി വരുമ്പോൾ അറിയാതെ മനസ്സ് ആഗ്രഹിച്ചു പോകും.

ഒന്നു കൂടി ആ പള്ളിക്കൂടത്തിന്റെ മുറ്റത്ത് ഓടിക്കളിയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ‌

ഒരു വട്ടം കൂടി ഒന്നാം ക്ലാസ്സിലെ ആ മരബെഞ്ചിൽ പോയിരിയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ

ബാല്യത്തിന്റെ നിഷ്കളങ്കതകളുമായി ഒരു വട്ടം കൂടി ജീവിയ്ക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ‌

എന്തിനും ഏതിനും കാലമേ, നീയൊന്ന് തിരിഞ്ഞു കറങ്ങിയിരുന്നെങ്കിൽ‌!