Saturday, April 10, 2010

ഏപ്രില്‍ 18: കുലദീപം രൂപമയം

പിറവം ബി പി സി കോളേജില്‍ ആ വര്‍‌ഷത്തെ കോളേജ് ഡേ ആയിരുന്നു അന്ന് തികച്ചും ശൈശവ ദശയിലായിരുന്ന ആ കലാക്ഷേത്രത്തിലെ അഞ്ചാമത്തെ കോളേജ് ഡേ. ചോര്‍‌ന്നൊലിയ്ക്കുന്ന ഒരു സാധാരണ വാടക കെട്ടിടത്തില്‍‌ വിരലിലെണ്ണാവുന്ന അദ്ധ്യാപകരേയും വളരെ കുറച്ച് കുട്ടികളേയും കൊണ്ട് 1995 ല്‍‌ മാത്രം പ്രവര്‍‌ത്തനമാരംഭിച്ച ആ കോളേജ് ഞങ്ങളുടെ കാലമായപ്പോഴേയ്ക്കും ബഹുദൂരം മുന്നേറിക്കഴിഞ്ഞിരുന്നു. കോളേജിന്റെ സ്ഥാപക പ്രിന്‍‌സിപ്പാള്‍ കൂടിയായിരുന്ന ബേബി എം വര്‍ഗ്ഗീസ് സാറിന്റെ അശ്രാന്ത പരിശ്രമവും നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണവും പ്രോത്സാഹനവും കൂടിയായപ്പോള്‍ എം ജി യൂണിവേഴ്സിറ്റിയിലെ എണ്ണം പറഞ്ഞ കോളേജുകളുടെ ലിസ്റ്റില്‍‌ ആദ്യം മുതല്‍‌ക്കേ ബി പി സി യും ഇടം പിടിച്ചു.
അന്നു മുതല്‍ ഇന്നു വരെ യൂണിവേഴ്സിറ്റി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ആദ്യ അഞ്ച് റാങ്കുകളില്‍ ഒന്നെങ്കിലും ഞങ്ങളുടെ കോളേജിനായിരിയ്ക്കും. അതു പോലെ കലാ രംഗത്തും NSS മുതലായ പ്രവര്‍ത്തനങ്ങളിലും ബിപിസി എന്നും മുന്നിലായിരുന്നു.

2000 ല്‍‌ അഞ്ചു വര്‍‌ഷം തികയുന്നു എന്നത് മാത്രമായിരുന്നില്ല ആ വര്‍‌ഷത്തെ പ്രത്യേകത... ആ വര്‍‌ഷം കോളേജിന്റെ എല്ലാമായ പ്രിന്‍‌സിപ്പാള്‍ ബേബി സാര്‍‌ വിരമിയ്ക്കുകയാണ്. കോളേജിലെ ഓരോ പുല്‍‌ക്കൊടിയ്ക്കു പൊലും സുപരിചിതനായ ഒരേയൊരു പ്രിന്‍‌സിപ്പാള്‍ ആയിരുന്നു അദ്ദേഹം. പൊതുവേ സൌമ്യനും സഹൃദയനുമായിരുന്ന അദ്ദേഹം അച്ചടക്കത്തിന്റെ കാര്യത്തില്‍ മാത്രം കണിശക്കാരനായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് ഞങ്ങളുടെ കോളേജില്‍ രാഷ്ട്രീയം കടന്നു വന്നിട്ടുണ്ടായിരുന്നില്ല. KSU, SFI, ABVP ഒന്നും ഇല്ലാതിരുന്ന ആ കാലത്ത് BSF ( ബസേലിയോസ് സ്റ്റുഡന്റ്സ് ഫ്രണ്ട്), SV (സ്റ്റുഡന്റ്സ് വോയ്സ്) എന്നിങ്ങനെ രണ്ട് പാര്‍‌ട്ടികളേ ബി പി സി യില്‍ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല, രണ്ടു പാര്‍‌ട്ടിക്കാരും തമ്മിലുണ്ടായിരുന്നത് ആരോഗ്യപരമായ ഒരു മത്സരം മാത്രം. [പിന്നീട് ബേബി സാറിനു ശേഷം വന്ന കുര്യാക്കോസ് സാറിന്റെ കാലത്തും എല്ലാം അങ്ങനെ തന്നെ ആയിരുന്നു. എന്നാല്‍‌ ഞങ്ങളുടെ ബാച്ച് പാസ്സ് ഔട്ട് ആയി അധികം വൈകാതെ കുര്യാക്കോസ് സാറും ബിപിസിയില്‍ നിന്നും പോയ ശേഷം അവിടെ എല്ലാ രാഷ്ട്രീയ പാര്‍‌ട്ടികളും ശക്തമായി എന്നാണറിഞ്ഞത്.]

കോളേജ് ഡേ യുടെ തലേ ദിവസമെല്ലാം ഞങ്ങള്‍‌ക്ക് ശിവരാത്രി ആയിരിയ്ക്കും. കാരണം കോളേജ് ഡേയ്ക്ക് വേണ്ടി ക്യാമ്പസ് മുഴുവനും ഒരുക്കണ്ടേ... എല്ലാം കഴിയുമ്പോഴേയ്ക്കും നേരം വെളുക്കും. അതു പോലെയുള്ള എന്തെങ്കിലും ആഘോഷ ദിവസങ്ങളടുത്താല്‍ ഞങ്ങളെല്ലാം തിരക്കിലായിരിയ്ക്കും. കാരണം കോളേജ് അലങ്കരിയ്ക്കാനും സ്റ്റേജ് ഒരുക്കാനും മറ്റുമുള്ള ജോലി എന്നും കോളേജിനടുത്ത് തന്നെ താമസിച്ചിരുന്ന ഞങ്ങള്‍ കുറച്ചു പേര്‍ക്കായിരുന്നു. തലേ ദിവസം രാത്രി മുഴുവന്‍ ഉറക്കമിളച്ച് ഞങ്ങളെല്ലാവരും കഷ്ടപ്പെടാറുള്ളതും ബോറടിയ്ക്കാതിരിയ്ക്കാന്‍ നാടന്‍ പാട്ടും പരസ്പരം നിര്‍‌ദ്ദോഷകരമായ പാര വപ്പുകളുമായി സമയം കളയാറുള്ളതും എല്ലാം ഇന്ന് ഓര്‍‌മ്മകള്‍ മാത്രം. നേരം വെളുക്കുമ്പോഴേയ്ക്കും ക്ഷീണിച്ച് തളര്‍ന്നാണ് റൂമില്‍ പോകാറുള്ളതെങ്കിലും അപ്പോള്‍ തന്നെ കുളിച്ച് റെഡിയായി അതി രാവിലെ തന്നെ ഞങ്ങളെല്ലാവരും വീണ്ടും കോളേജില്‍ ഏതു വിധേനയും ഹാജരായിട്ടുണ്ടാകും.

ബേബി സാറിന്റെ അവസാന വര്‍‌ഷം കൂടെയായതിനാല്‍ ആ വര്‍‌ഷം എല്ലാ പരിപാടികളും കൊഴുപ്പിയ്ക്കാന്‍‌ അദ്ധ്യാപകരും വിദ്യാര്‍‌ത്ഥികളുമുള്‍‌പ്പെടെ എല്ലാവരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സാധാരണ കലാപരിപാടികളെ കൂടാതെ പുറമേ നിന്നും ഗാനമേള ടീമിനെ ബുക്ക് ചെയ്തതും മാജിക് ഷോ അറേഞ്ച് ചെയ്തതും മറ്റും അതിന്റെ ഭാഗമായിട്ടാണ്. എങ്കിലും അച്ചടക്കത്തിന്റെ കാര്യത്തില്‍‌ പൊതുവെ കര്‍ക്കശക്കാരനായ അദ്ദേഹം പരിപാടികളുടെ ബാഹുല്യം കുട്ടികളെ ഉത്സവ ലഹരിയിലാക്കുകയും തന്മൂലം അവരെ നിയന്ത്രണാതീതരാക്കുകയും ചെയ്യുമോ എന്ന് ഭയപ്പെട്ടിരുന്നു. ചീഫ് ഗസ്റ്റിനെ ബഹുമാനിയ്ക്കണം എന്നും ചടങ്ങുകള്‍‌ക്കിടയില്‍‌ ബഹളമുണ്ടാക്കി കോളേജിന്റെ പേരു മോശമാക്കരുത് എന്നും മറ്റും ആദ്യമേ ആവശ്യപ്പെട്ടിരുന്നു. എങ്കിലും ഗാനമേളയ്ക്കു മാത്രം വേണമെങ്കില്‍ കാണികളെ ശല്യപ്പെടുത്താതെ കുറച്ച് ആട്ടവും പാട്ടും ഡാന്‍‌സുമൊക്കെ ആകാം എന്ന് പറഞ്ഞത് എല്ലാവരെയും സന്തോഷിപ്പിച്ചു.

അങ്ങനെ ബേബി സാറിന്റെ മേല്‍‌നോട്ടത്തില്‍‌ അന്നത്തെ ചടങ്ങുകളെല്ലാം ഭംഗിയായി ആരംഭിച്ചു. അന്ന് ചീഫ് ഗസ്റ്റ് ആയി വന്നത് മലയാള സിനിമാലോകത്തെ ഒരു പ്രതിഭാസം തന്നെയായ ജഗതി ശ്രീകുമാര്‍ എന്ന അതുല്യ നടന്‍ ആയിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം ആ ചടങ്ങ് ഗംഭീരമാക്കുകയും ചെയ്തു. മാത്രമല്ല, പ്രസംഗത്തിനിടയില്‍‌ അദ്ദേഹം ബേബി സാറിന്റെ ജൂനിയറായി പണ്ട് പഠിച്ചിരുന്നു എന്ന്‍ പറഞ്ഞതും ഞങ്ങള്‍‌ക്ക് ഒരു പുതിയ അറിവായിരുന്നു.

അതിനു ശേഷം കലാപരിപാടികള്‍ ആരംഭിച്ചു. ഒന്നിനൊന്നു മെച്ചപ്പെട്ട ഒട്ടേറെ പരിപാടികള്‍... ഇതെല്ലാം കൂടാതെ മാജിക് ഷോയും. പൊതുവേ ഇത്തരം ചടങ്ങുകളുടെ കൂട്ടത്തില്‍‌ അവതരിപ്പിയ്ക്കാറില്ലാത്ത കഥകളിയുടെ കുറച്ചു ഭാഗവും ഒരു കുട്ടി അവതരിപ്പിച്ചു. ആ കുട്ടി ശാസ്ത്രീയമായി കഥകളി അഭ്യസിച്ചിരുന്നു. [ഈ കഥകളി പരിപാടിയുടെ റിഹേഴ്സല്‍ നടക്കുന്നതിനിടയിലാണ് എന്റെ സുഹൃത്തായ മത്തന്‍‌ കഥകളി പഠിപ്പിയ്ക്കാന്‍ വന്ന ആശാനെ അങ്ങോട്ടു കയറി പരിചയപ്പെടാന്‍ ശ്രമിച്ചതും അവസാനം റബ്ബര്‍‌ കച്ചവടക്കാരനാണോ എന്ന് ചോദിച്ച് അദ്ദേഹത്തെ നാണം കെടുത്തിയതും].

അവസാനം ഗാനമേള യുടെ സമയം ആയി. പ്രൊഫഷണല്‍ ഗാനമേള ടീം പുറമേ നിന്നും വന്നിരുന്നുവെങ്കിലും കോളേജില്‍ തന്നെയുള്ള പാട്ടുകാര്‍‌ക്കും പാടാന്‍ അവസരം കൊടുക്കാറുണ്ടല്ലോ. കോളേജിലെ അന്നത്തെ ആസ്ഥാന ഗായകനായ കുല്ലുവിനെയും അക്കൂട്ടത്തില്‍ പാടാന്‍ വിളിച്ചു. [കോളേജില്‍ എന്ത് പ്രോഗ്രാം നടക്കുമ്പോഴും ഒഴിച്ചു കൂടാനാകാത്ത ചില പരിപാടികള്‍ ഉണ്ടായിരുന്നു. ഏതു വിഷയത്തെ കുറിച്ചാണെങ്കിലും കേള്‍‌വിക്കാരെ ഒരു തരിമ്പും ബോറടിപ്പിയ്ക്കാത്ത ബേബി സാറിന്റെ പ്രസംഗം, ഞങ്ങളുടെ സീനിയര്‍ ആയിരുന്ന പ്രശാന്തിന്റെ* ഒരു മിമിക്രി, കുല്ലുവിന്റെ വക മിനിമം ഒരു പാട്ട് അങ്ങനെയങ്ങനെ.] ഞങ്ങളുടെ പഠനകാലത്ത് കോളേജിലെ ആസ്ഥാന ഗായക സ്ഥാനം എം ജി യൂണീവേഴ്സിറ്റി കലാപ്രതിഭ കൂടിയായിരുന്ന കുല്ലുവിനായിരുന്നു. അങ്ങനെ കുല്ലു സ്റ്റേജില്‍‌ കയറി. എല്ലാവരും നിശബ്ദരായി പാട്ടു കേള്‍‌ക്കാന്‍ ഇരിയ്ക്കുകയാണ്. “അടുത്ത ഗാനം പാടുന്നത് ഈ കോളേജിന്റെ രോമാഞ്ചമായ നിങ്ങളുടെ സ്വന്തം കുല്‍‌ദീപ്” എന്നു മൈക്കിലൂടെ കേട്ടതും നിറഞ്ഞ കരഘോഷങ്ങളുടെ അകമ്പടിയോടെ കുല്ലു പാടാന്‍ തയ്യാറായി. ആ സമയം കുല്ലുവിനെ പറ്റി ചുറ്റും കൂടിയിരിയ്ക്കുന്ന അതിഥികളോട് വിശദീകരിച്ച് പറയുകയായിരുന്നു മുന്‍നിരയില്‍ തന്നെ ഇരിയ്ക്കുകയായിരുന്ന ബേബി സാര്‍.

കുല്ലു മൈക്കിലൂടെ ഒരു ഗാനത്തിന്റെ ആദ്യ ഭാഗമായ ഹമ്മിങ് പാടാന്‍ തുടങ്ങിയതും സെക്കന്റുകള്‍‌ക്കകം ഓഡിറ്റോറിയത്തിന്റെ പല ഭാഗത്തു നിന്നുമായി ഓരോ കൂവലുകള്‍ കേട്ടു തുടങ്ങി.കുട്ടികള്‍ കൂവുന്നതു കേട്ടതും ബേബി സാര്‍ ഞെട്ടി. ബിപിസി കോളേജില്‍ അങ്ങനെ ഒരു സംഭവം അദ്ദേഹത്തിന് ആദ്യത്തെ അനുഭവമാണ്. തന്റെ കോളേജിനെയും അവിടുത്തെ അച്ചടക്കമുള്ള കുട്ടികളെയും പറ്റി കുറച്ചു മുന്‍പ് അതിഥികളുടെ മുന്നില്‍‌ വച്ച് പ്രസംഗിച്ചതേയുള്ളൂ... അപ്പോഴേയ്ക്കും? അദ്ദേഹം ഇരുന്നിരുന്ന കസേരയില്‍ തന്നെ തിരിഞ്ഞിരുന്ന് കുട്ടികളെ നോക്കി കയ്യുയര്‍‌ത്തി ശബ്ദമുണ്ടാക്കാതിരിയ്ക്കാന്‍ ആംഗ്യം കാണിച്ചു. ഒരു വ്യത്യാസമുമുണ്ടായില്ല. ദേഷ്യവും സങ്കടവുമെല്ലാം വന്ന് അദ്ദേഹം ചാടി എഴുന്നേറ്റു. കൂവുന്നവരോട് ദേഷ്യത്തില്‍ കുറച്ച് ശബ്ദമുയര്‍‌ത്തി, മിണ്ടാതെ അവിടെ ഇരിയ്ക്കൂ എന്ന് പറഞ്ഞു. പക്ഷേ എന്നിട്ടും കൂവലുകള്‍ കൂടുന്നതേയുള്ളൂ...

സകല നിയന്ത്രണവും വിട്ട അദ്ദേഹം സ്റ്റേജില്‍‌ കയറി മൈക്കിനടുത്തേയ്ക്ക് നടന്നു. അപ്പോഴേയ്ക്കും അപകടം മനസ്സിലാക്കിയ കമ്പ്യൂട്ടര്‍ ഡിപ്പാര്‍‌ട്ട്മെന്റ് ഹെഡ് ഷേബ മിസ്സ് ഓടി വന്ന് അദ്ദേഹത്തെ തടയാന്‍ ശ്രമിച്ചു. പക്ഷെ എന്നിട്ടും അദ്ദേഹം നില്‍‌ക്കാതെ മുന്നോട്ട് നീങ്ങുന്നത് കണ്ടപ്പോഴേയ്ക്കും സന്തോഷ് സാറും മറ്റു രണ്ടു മൂന്ന് അദ്ധ്യാപകരും കൂടെ ഷേബ മിസ്സിന്റെ സഹായത്തിനെത്തി. ഒരു വിധത്തില്‍ ബേബി സാറിനെ തടുത്തു നിര്‍ത്തി, സ്റ്റേജില്‍‌ നിന്നും വിളിച്ചിറക്കി. ഷേബ മിസ്സ് അദ്ദേഹത്തോട് പറഞ്ഞു... “സാറേ, തടയണ്ട, ഈ കൂവുന്ന കുട്ടികളെ എല്ലാം ഞാന്‍‌ തന്നെ പ്രത്യേകം പറഞ്ഞ് ഏര്‍‌പ്പാട് ചെയ്തതാണ്.”

ബേബി സാര്‍‌ ഒന്നു ഞെട്ടി. അവിശ്വസനീയതയോടെ അദ്ദേഹം മിസ്സിന്റെ മുഖത്തേയ്ക്ക് തന്നെ നോക്കി.

മിസ്സ് തുടര്‍‌ന്നു “ ഈ പാട്ടിന്റെ തുടക്കം തന്നെ അങ്ങനെ ആണ്. സാറു കേട്ടിട്ടില്ലേ?”

കാര്യമെന്തെന്നാല്‍ കുല്ലു പാടാന്‍ ഒരുങ്ങിയത് അക്കാലത്ത് റിലീസായ ‘നിറം‘ എന്ന ചിത്രത്തിലെ അന്നത്തെ ഹിറ്റ് ഗാനമായ ‘പ്രായം നമ്മില്‍‌ മോഹം നല്‍‌കി’ എന്ന് തുടങ്ങുന്ന പാട്ടായിരുന്നു. അതിന്റെ തുടക്കം ‘ആ...ആ...ആ...’ എന്ന ഹമ്മിങും കൂടിയിരിയ്ക്കുന്ന കുട്ടികളുടെ കൂവലുമാണല്ലൊ. ആ പാട്ട് സെലക്റ്റു ചെയ്ത ഷേബ മിസ്സാണെങ്കില്‍‌ ഒരു ഒറിജിനാലിറ്റി ആകട്ടെ എന്നു കരുതി അന്നു രാവിലെ തന്നെ കുറച്ചു കുട്ടികളെ ആ സിനിമയിലേതു പോലെ കൂവാനായി ചട്ടം കെട്ടി ഓഡിറ്റോറിയത്തിന്റെ പല ഭാഗത്തായി ഇരുത്തിയിരുന്നു. ഒരുവിധം പുതിയ സിനിമ ആയതു കൊണ്ടോ എന്തോ ആ ഗാനം ബേബി സാര്‍ കേട്ടിട്ടുണ്ടായിരുന്നില്ല. അതാണ് കാര്യം എന്ന് മനസ്സിലായപ്പോള്‍ സാറിന് ആശ്വാസമായി. “അതു ശരി... ഇപ്പോഴത്തെ പാട്ടുകളുടെ ഒക്കെ ഒരു കാര്യം... കൂവലോടു കൂടി തുടങ്ങുന്ന പാട്ടുകളോ” എന്ന ആശ്ചര്യത്തോടെ അദ്ദേഹം തിരികെ സീറ്റിലിരുന്നു. അപ്പോഴേയ്ക്കും കുല്ലു ‘പ്രായം നമ്മില്‍...’ പാടി തകര്‍ക്കാന്‍ തുടങ്ങിയിരുന്നു... തുടര്‍ന്ന് അദ്ദേഹവും ആ പാട്ടില്‍ മുഴുകി. എന്നാലും പാട്ടവസാനിച്ചപ്പോഴത്തെ ഗംഭീര കൈയ്യടി കൂടെ കേട്ടപ്പോഴാണ് അദ്ദേഹത്തിന് ശരിയ്ക്കും ആശ്വാസമായത്.

എന്തായാലും അന്നത്തെ ഗാനമേളയും അടിപൊളി ആയിരുന്നു. അങ്ങനെ ബിപിസി കോളേജിന്റെ അഞ്ചാമത്തെ, പ്രിന്‍സിപ്പാള്‍‌ എന്ന നിലയില്‍ ബേബി സാറിന്റെ അവസാനത്തെ ആ കോളേജ് ഡേ ഭംഗിയായി തന്നെ അവസാനിച്ചു.

----------------------------------------------------------------------------------
ഞങ്ങളുടെ ബിപിസി ഇപ്പോള്‍ പതിഞഞ്ചാം വാര്‍ഷികം ആഘോഷിയ്ക്കുകയാണ്. അതെപ്പറ്റി ആലോചിച്ചപ്പോഴാണ് പഴയ അഞ്ചാം വാര്‍‌ഷികത്തിന്റെ ചില ഓര്‍‌മ്മകള്‍ മനസ്സില്‍ ഓടിയെത്തിയത്.കലാലയ ജീവിതത്തെ പറ്റിയും അവിടെ നിന്നു ലഭിച്ച സൌഹൃദങ്ങളെ പറ്റിയും എല്ലാം പറയാനാണെങ്കില്‍‌ ഒരുപാടൂണ്ട്. ഈ സംഭവങ്ങളെല്ലാം ഓര്‍‌മ്മ വരുമ്പോഴാണ് പലതും നേടിയതിന്റെ ഒപ്പം തന്നെ മറ്റു പലതും നമുക്ക് നഷ്ടപ്പെട്ടിട്ടുമുണ്ട് എന്ന് നാം മനസ്സിലാക്കുന്നത്. അന്നത്തെ കലാലയ ജീവിതത്തിലെ രസവും ടെന്‍ഷനും കുസൃതികളും സൌഹൃദങ്ങളും അങ്ങനെ എന്തൊക്കെയോ...

അതു മാത്രവുമല്ല, ഇതില്‍ പറഞ്ഞിരിയ്ക്കുന്ന, എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാള്‍ കൂടിയായ കുല്ലു എന്ന കുല്‍‌ദീപ് ഈ ഏപ്രില്‍ 18 ന് വിവാഹിതനാകുകയാണ്. എറണാകുളം സ്വദേശിനിയും വളര്‍ന്നു വരുന്ന യുവ പിന്നണിഗായികയുമായ രൂപയാണ് വധു. (അമൃത ടി വി സൂപ്പര്‍‌ സ്റ്റാര്‍ 2 ഫെയിം). അപ്പോള്‍ ബിപിസി കോളേജിനെയും കുല്ലുവിനെയും ഒരുമിപ്പിയ്ക്കുന്ന ഒരു കൊച്ചു ഓര്‍‌മ്മ പങ്കു വച്ചു എന്ന് മാത്രം.

ക്ലാസ്സിക്കല്‍ സംഗീതമായാലും ചലചിത്ര ഗാനങ്ങളായാലും ഒരു പോലെ മികവു തെളിയിച്ചിരുന്ന കുല്ലുവാണെങ്കില്‍ ഇപ്പോള്‍‌ ചെന്നൈയിലെ സംഗീതജ്ഞര്‍‌ക്കിടയില്‍‌ സുപരിചിതനായിക്കഴിഞ്ഞു. സിനിമാ ഗാനരംഗത്തും അവന്റെ പേര്‍ കേള്‍‌ക്കുന്ന കാലം വിദൂരമല്ല. അതു പോലെ മറ്റൊരു കാര്യം അന്ന് ഞങ്ങളുടെ സീനിയര്‍‌ കൂടിയായിരുന്ന പ്രശാന്ത് കാഞ്ഞിരമറ്റം* ഇന്ന് ടി വി പ്രേക്ഷകര്‍‌ക്ക് സുപരിചിതനാണ്. കൈരളി ടി വി യിലെ 'ജഗതി ജഗതിമയം' എന്ന പ്രോഗ്രാമും 'റിഥം' എന്ന സിനിമയും ഒട്ടേറെ കോമഡി പ്രോഗ്രാമുകളും വഴി.


കുല്ലുവിന്റെയും രൂപയുടെയും വിവാഹ റിസപ്ഷന്‍ വിവരങ്ങള്‍ ചെന്നൈ ടൈംസ് ഓഫ് ഇന്ത്യയില്‍ വന്നത്