Wednesday, December 9, 2009

ഒരു ഡിസംബര്‍ അവധിക്കാലത്ത്

കുട്ടിക്കാലത്തെ ഡിസംബര്‍ ഓര്‍മ്മകള്‍ ആരംഭിയ്ക്കുന്നത് ഞങ്ങള്‍ കൊരട്ടിയില്‍ താമസിച്ചിരുന്ന 3 വര്‍ഷത്തെ താമസത്തോടെയാണ്. അവിടെ ക്വാര്‍‌ട്ടേഴ്സില്‍ അയല്‍‌ക്കാരില്‍ നല്ലൊരു ശതമാനം ക്രിസ്ത്യാനികളായതിനാല്‍ ക്രിസ്തുമസ്സിനും ന്യൂ ഇയറിനും ആഘോഷങ്ങള്‍ ഗംഭീരമാകാറുണ്ട്. ഞാന്‍ എന്റെ സ്കൂള്‍ വിദ്യാഭ്യാസം ആരംഭിയ്ക്കുന്നതും അവിടെ വച്ചു തന്നെയാണ്. എന്റെ വിദ്യാഭ്യാസ ജീവിതത്തിലെ നഴ്സറി മുതല്‍ 3 വരെയുള്ള കാലഘട്ടം കൊരട്ടി മഠം സ്കൂളിലാണ് പഠിച്ചിരുന്നത് (കൊരട്ടിപ്പള്ളിയ്ക്കടുത്തുള്ള LFLPS). അവിടെയും ക്രിസ്തുമസ്സ് നാളുകള്‍‌ അടുക്കുമ്പോഴേ (അതായത് ഡിസംബര്‍ ആദ്യവാരം തൊട്ടു തന്നെ)പ്രാര്‍ത്ഥനകളും ഒരുക്കങ്ങളുമെല്ലാം തുടങ്ങിയിരിയ്ക്കും.

ഞങ്ങള്‍‌ കൊരട്ടിയിലെ പ്രസ്സ് ക്വാര്‍ട്ടേഴ്സിലേയ്ക്ക് താമസം മാറ്റുമ്പോള്‍ ചേട്ടന്‍ മൂന്നാം ക്ലാസ്സില്‍ പഠിയ്ക്കുന്നതേയുള്ളൂ. എന്നെ സ്കൂളില്‍ ചേര്‍ത്തിട്ടേയില്ല. അവിടെ താമസം തുടങ്ങിയതില്‍ പിന്നെയാണ് എന്നെ നഴ്സറിയില്‍ ചേര്‍ക്കുന്നത്. ക്വാര്‍ട്ടേഴ്സില്‍ നിന്ന് ഞങ്ങളെ കൂടാതെ വേറെയും കുറേ കുട്ടികള്‍ അതേ സ്കൂളില്‍ പഠിച്ചിരുന്നു. ഞങ്ങളുടെ ഒപ്പവും ഞങ്ങളേക്കാള്‍ മുതിര്‍ന്നതുമായി ഒട്ടേറെ പേര്‍. അവരില്‍ സമപ്രായക്കാരായ ഭൂരിഭാഗം പേരോടും ഞാനും ചേട്ടനും വളരെ പെട്ടെന്ന് കൂട്ടായി. അതു കൊണ്ട് കളിക്കൂട്ടുകാര്‍ക്ക് ഒട്ടും പഞ്ഞമുണ്ടായിരുന്നില്ല. അവിടെ ചെന്ന ശേഷം ഞങ്ങള്‍ക്ക് ആദ്യമായി കിട്ടിയ സുഹൃത്തുക്കളായിരുന്നു ലിജുവും അജിച്ചേട്ടനും. ഞങ്ങള്‍ താമസിച്ചിരുന്ന അതേ ബില്‍‌ഡിങില്‍ ഞങ്ങള്‍ക്ക് അഭിമുഖമായി കാണുന്നബ്ലോക്കില്‍ തന്നെയായിരുന്നു ലിജുവും അനിയത്തി ലിയയും അവരുടെ പപ്പയും മമ്മിയും താമസിച്ചിരുന്നത്. അതേ സമയം അച്ഛന്റെ സുഹൃത്തിന്റെ മകനായ അജി ചേട്ടന്‍ താമസിച്ചിരുന്നത് കുറച്ചങ്ങ് മാറി മൂന്നു നാലു ബ്ലോക്കുകള്‍ക്ക് അപ്പുറമായിരുന്നു.

പക്ഷേ, അടുത്തടുത്ത് താമസിച്ചിട്ടും രണ്ടു പേര്‍ മാത്രം ഞങ്ങളുമായി തീരെ അടുക്കാതെ നിന്നു. ലിജുവിന്റെ തൊട്ടടുത്ത ബ്ലോക്കില്‍ തന്നെ ഉണ്ടായിരുന്ന ജോസഫും ജോസും. ഇവര്‍ രണ്ടു പേരും അവിടുത്തെ കുട്ടിപ്പട്ടാളങ്ങള്‍‌ക്കിടയിലെ റൌഡികളായിരുന്നു എന്ന് പറയാം. ആരുടേയും കൂട്ടത്തില്‍ കൂടാറില്ല. ആരോടും അത്ര അടുപ്പവുമില്ല. അതു മാത്രമല്ല, മറ്റുള്ള കുട്ടികളെ ഉപദ്രവിയ്ക്കാന്‍ ഒരവസരം കിട്ടിയാല്‍ ഇരുവരും അത് വെറുതേ കളയാറുമില്ല. (ഉപദ്രവം എന്നു വച്ചാല്‍ മറ്റു കുട്ടികളുടെ കയ്യിലുള്ള കളിപ്പാട്ടങ്ങള്‍ തട്ടിയെടുക്കുക അതല്ലെങ്കില്‍ അത് നശിപ്പിയ്ക്കുക അങ്ങനെ മുതിര്‍ന്നവരുടെ കണ്ണില്‍ ചെറുതും എന്നാല്‍ കുട്ടികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലുതും)

ഈ കാരണം കൊണ്ട് തന്നെ ഇവരെ പറ്റി ആരെങ്കിലും മാതാപിതാക്കളോട് പരാതി പറഞ്ഞാലും എല്ലാവരുടേയും മനോഭാവം “ഓ... അതൊന്നും അത്ര കാര്യമാക്കാനില്ല, പിള്ളേരല്ലേ... അങ്ങനെ ചില കുറുമ്പുകളൊക്കെ കാണും” എന്നാവും. ഇനി അതിനപ്പുറം പോയാലും ആരും ഇവരുടെ അപ്പനോടോ അമ്മയോടോ പരാതി പറയാനും മിനക്കെടാറില്ല. അതിനു കാരണമെന്താണെന്ന് കുറേ കഴിഞ്ഞാണ് ഞങ്ങള്‍ മനസ്സിലാക്കിയത്. ഒരു പ്രത്യേക തരക്കാരനായിരുന്നു അവരുടെ അപ്പന്‍. മിക്കവാറും ദിവസങ്ങളില്‍ കുടിച്ച് ഫിറ്റായിട്ടായിരിയ്ക്കും അയാള്‍ വീട്ടിലേയ്ക്ക് വരുന്നത് തന്നെ. മക്കളെ കുറിച്ച് ആരെങ്കിലും അയാളോട് പരാതി പറഞ്ഞാല്‍ ചിലപ്പോള്‍ അയാള്‍ അത് ഗൌനിയ്ക്കുകയേയില്ല. അതല്ല, ചിലപ്പോള്‍ ആ ഒരൊറ്റ കാരണം മതി അന്ന് രാത്രി മക്കളെ കയ്യില്‍ കിട്ടുന്നതെന്തും എടുത്ത് തല്ലി തവിടുപൊടിയാക്കാന്‍. അയാളുടെ മുരടന്‍ സ്വഭാവം കാരണം അയല്‍ക്കാരൊന്നും തന്നെ പൊതുവേ ആ വീട്ടുകാരില്‍ നിന്നും ഒരകല്‍ച്ച കാത്തു സൂക്ഷിച്ചിരുന്നു.

ഇയാളുടെ സ്വഭാവം കൊണ്ടു കൂടിയാകാം ജോസഫും ജോസും കുറച്ചെങ്കിലും ക്രിമിനല്‍ സ്വഭാവത്തോടെ വളര്‍ന്നത് എന്നു തോന്നുന്നു. മറ്റുള്ള കുട്ടികളുടെ കൂടെ കൂടാതെയും അവരുടെ കളികളില്‍ പങ്കെടുക്കാതെയും ഇവര്‍ രണ്ടു പേരും ഒറ്റയാന്‍ മാരെ പോലെ വിലസുന്ന ആ കാലത്താണ് ഞങ്ങളും അവിടെ ചെന്നു ചേരുന്നത്. പരിചയപ്പെട്ട് കൂട്ടുകാരായ ശേഷം ലിജു അയല്‍ക്കാരായ ജോസഫിനെയും ജോസിനേയും പറ്റി മുന്നറിയിപ്പു തന്നിരുന്നെങ്കിലും അവര്‍ ഞങ്ങളേയും ശല്യപ്പെടുത്തി തുടങ്ങും വരെ ഞങ്ങള്‍ അവരെ അത്ര ഗൌനിച്ചിരുന്നില്ല എന്നതാണ് സത്യം.

അന്നത്തെ കാലത്ത് കുട്ടികള്‍ക്കിടയില്‍ ഹീറോ പരിവേഷമുള്ള ചിലരുണ്ടായിരുന്നു. സ്വന്തമായി സൈക്കിള്‍ ടയര്‍ ഉണ്ടായിരുന്നവരാണ് അവര്‍. അവരിങ്ങനെ ഒരു കോലു കൊണ്ട് ടയറും ഉരുട്ടി ഹോണിന്റെ ശബ്ദവുമുണ്ടാക്കി ഓടി വരുമ്പോള്‍ ആരാധന കലര്‍ന്ന നോട്ടത്തോടെ വഴി മാറിക്കൊടുത്തിരുന്നു പെണ്‍കുട്ടികള്‍ അടക്കമുള്ള എല്ലാ കുട്ടികളും. അവിടെ ക്വാര്‍ട്ടേഴ്സിലെ പത്തു മുപ്പത് കുട്ടികള്‍ക്കിടയില്‍ സ്വന്തമായി സൈക്കിള്‍ ടയര്‍ ഉണ്ടായിരുന്നവര്‍ വിരലിലെണ്ണാവുന്നവരേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ സ്വന്തമായി ടയര്‍ കയ്യിലുള്ളവര്‍ക്ക് ഒരു രാജകീയ പരിഗണനയും കിട്ടിയിരുന്നു. കാരണം അവരെ സോപ്പിട്ട് നടന്നാല്‍ അവര്‍ക്ക് തോന്നുമ്പോള്‍ അല്പനേരം ടയര്‍ ഉരുട്ടി നടക്കാന്‍ നമ്മളേയും അനുവദിച്ചാലോ. (കുട്ടിക്കാലത്ത് സൈക്കിള്‍ ടയറുരുട്ടി കളിക്കാത്തവര്‍ വിരളമായിരിയ്ക്കുമല്ലോ)

അന്ന് ജോസഫിനും ജോസിനും ഓരോ സൈക്കിള്‍ ടയറുകള്‍ സ്വന്തമായി ഉണ്ടായിരുന്നു. ടയറുകള്‍ സ്വന്തമായി ഉണ്ടായിരുന്ന മറ്റു കുട്ടികളെ ആരാധനയോടെ, ബഹുമാനത്തോടെ കണ്ടിരുന്ന എല്ലാവരും ഇവരെ മാത്രം ഭയത്തോടെയാണ് നോക്കിയിരുന്നത്. കാരണം ആരെന്ത് കളിയില്‍ ഏര്‍പ്പെട്ടിരിയ്ക്കുമ്പോഴായാലും ശരി, ഇവര്‍ ആ വഴി വരുന്നുണ്ടെങ്കില്‍ ആ കളി അലങ്കോലമാക്കിയിട്ടേ പോകുമായിരുന്നുള്ളൂ. പെണ്‍കുട്ടികള്‍ സ്ഥിരമായി കളിച്ചിരുന്ന ‘കഞ്ഞിയും കറിയും വച്ച് കളിയ്ക്കല്‍, കളി വീട് ഉണ്ടാക്കല്‍’ അങ്ങനെ എന്ത് തന്നെ ആണെങ്കിലും അതെല്ലാം നശിപ്പിച്ച് അവര്‍ക്കിടയിലൂടെയായിരിയ്ക്കും ഇവര്‍ ടയര്‍ ഉരുട്ടുക.

പതുക്കെ പതുക്കെ ഇവര്‍ ഇരുവരും അവരുടെ പ്രവര്‍ത്തന മേഖല ഞങ്ങളിലേയ്ക്കും വ്യാപിപ്പിച്ചു. ഞാനും ചേട്ടനും ലിജുവും അജി ചേട്ടനും മറ്റും കളിയ്ക്കുമ്പോള്‍ അതിനിടയില്‍ അലമ്പുണ്ടാക്കുക, ഞങ്ങളുടെ കളിപ്പാട്ടങ്ങള്‍ നശിപ്പിയ്ക്കുക അങ്ങനെയങ്ങനെ. അവിടെ റോഡരുകില്‍ പല വിധം പണിയാവശ്യങ്ങള്‍ക്കായി എല്ലാക്കാലത്തും ഇഷ്ടം പോലെ മണല്‍ കൂട്ടിയിടുക പതിവായിരുന്നു. ആ മണലില്‍ വിവിധ രൂപങ്ങളിലുള്ള മണല്‍ക്കൊട്ടാരങ്ങള്‍ പണിയുന്നത് എന്റേയും ചേട്ടന്റേയും ലിജുവിന്റേയുമെല്ലാം വിനോദമായിരുന്നു. പക്ഷേ, ഞങ്ങള്‍ എന്ത് ചെയ്യുന്നത് കണ്ടാലും അതിനിടയിലൂടെ ടയര്‍ ഉരുട്ടുകയോ ആ മണല്‍‌ രൂപങ്ങള്‍ ചവിട്ടി നശിപ്പിയ്ക്കുകയോ ചെയ്യുന്നതും ജോസഫും ജോസും പതിവാക്കി. എങ്കിലും അവരുടെ സ്വഭാവം എങ്ങനെയെന്ന് പറഞ്ഞു കേട്ടറിവുണ്ടായിരുന്നതിനാല്‍ ഞങ്ങളും അതൊക്കെ സഹിച്ച് മിണ്ടാതെ നടന്നു.

അങ്ങനെ മൂന്നുനാലു മാസം കടന്നു പോയി. ആ വര്‍ഷത്തെ ക്രിസ്തുമസ് കാലം വന്നു. ഡിസംബര്‍ മാസമാദ്യം മുതല്‍ക്കേ പ്രസ്സ് ക്വാര്‍ട്ടേഴ്സില്‍ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ക്കു വേണ്ട അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിയ്ക്കും. കൂട്ടത്തിലെ മുതിര്‍ന്ന ചേട്ടന്മാരാണ് എല്ലാത്തിനും തുടക്കമിടുക. അവര്‍ക്ക് പരിപൂര്‍ണ്ണ പിന്തുണയും സഹായങ്ങളുമായി ഞങ്ങള്‍ കുട്ടികളും ഉണ്ടാകും. അവിടെ ഡിസ്പന്‍സറിയ്ക്കു സമീപമുള്ള ഗ്രൌണ്ടും പരിസരങ്ങളും പുല്ലു ചെത്തി വൃത്തിയാക്കുന്നതില്‍‌ നിന്നു തുടങ്ങുന്നു, ആഘോഷങ്ങളുടെ നീണ്ട നിര. ക്രിസ്തുമസ്സ് ട്രീ ഒരുക്കലും തോരണങ്ങള്‍ ചാര്‍‌ത്തി അവിടം മുഴുവന്‍ അലങ്കരിയ്ക്കലുമെല്ലാം ഡിസംബര്‍ മാസം പകുതിയാകുമ്പോഴേ പൂര്‍‌ത്തിയായിരിയ്ക്കും. അതു പോലെ മുളയും വര്‍‌ണ്ണകടലാസുകളും ഉപയോഗിച്ച് ഉണ്ടാക്കുന്ന പടുകൂറ്റന്‍ നക്ഷത്രവും സാന്താക്ലോസ്സും. രാത്രി സമയം മുഴുവന്‍ ആ ഗ്രൌണ്ട് മുഴുവനും പ്രകാശപൂരിതമായിരിയ്ക്കും. നാലഞ്ചു സെറ്റ് കരോള്‍ ടീമുകളെങ്കിലും ഉണ്ടാകും. എല്ലാവരും അവരവരുടെ കരോള്‍ പരമാവധി അടിപൊളിയാക്കാന്‍ ശ്രമിയ്ക്കുന്നതിനാല്‍ ആരോഗ്യപരമായ ഒരു മത്സരവും അവിടെ നില നിന്നിരുന്നു.

അങ്ങനെ ആ വര്‍ഷത്തെ ക്രിസ്തുമസ് വെക്കേഷനും വന്നെത്തി. ഞങ്ങള്‍ക്ക് ആ വര്‍ഷം ക്രിസ്തുമസ് അവിടെ തന്നെ ആയിരുന്നു. അതു കൊണ്ട് വെക്കേഷന്‍ തുടങ്ങിയപ്പോള്‍ തന്നെ ആദ്യ ഒന്നു രണ്ടു ദിവസം കൊണ്ട് ബന്ധു വീടുകളില്‍ ചിലയിടത്തെല്ലാം പോയി വന്നു. അവധി ദിവസം ആയതിനാല്‍ അങ്ങനെ പോയ കൂട്ടത്തില്‍ അച്ഛന്‍, നിതേഷ് ചേട്ടനെയും(അമ്മായിയുടെ മകനാണ്) കൂടെ കൂട്ടിക്കൊണ്ടു വന്നു. മൂന്നു നാലു ദിവസം ഞങ്ങളുടെ ഒപ്പം താമസിയ്ക്കാനും കളിയ്ക്കാനും ഒരാള്‍ കൂടിയായല്ലോ എന്ന സന്തോഷം ഞങ്ങള്‍ക്കും.

അന്ന് നിതേഷ് ചേട്ടന്‍ ഏഴിലോ മറ്റോ പഠിയ്ക്കുകയാണ്. സ്കൂള്‍ അവധിയായതിനാലും നിതേഷ് ചേട്ടന്‍ കൂടെയുള്ളതിനാലും കളിച്ചു നടക്കാനും വീട്ടില്‍ നിന്നും അനുവാദം കിട്ടിയിരുന്നു. ആ ധൈര്യത്തില്‍ ഞങ്ങള്‍ നിതേഷ് ചേട്ടനെയും കൂട്ടി ഗ്രൌണ്ടിലും പരിസരങ്ങളിലുമെല്ലാം കറങ്ങി. അതിനിടയിലാണ് നിതേഷ് ചേട്ടനെ ഞങ്ങളുടെ കൂടെ കണ്ടിട്ട് ജോസഫും ജോസും ഞങ്ങളെ ശ്രദ്ധിയ്ക്കുന്നുണ്ട് എന്ന് ഞങ്ങള്‍ മനസ്സിലാക്കിയത്. ഞങ്ങള്‍ ഇക്കാര്യം നിതേഷ് ചേട്ടനെ അറിയിച്ചു. ഇവന്മാരെ പറ്റിയുള്ള വീരസാഹസിക കഥകളെല്ലാം പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പറഞ്ഞു കൊടുക്കുകയും ചെയ്തു. എങ്കിലും നിതേഷ് ചേട്ടന്‍ അതത്ര കാര്യമായി എടുത്തതായി തോന്നിയില്ല.

അവിടെ കുറച്ച് മാറി കാറ്റാടി മരങ്ങളും മറ്റും നിറയേ തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന കാടുപിടിച്ചു കിടക്കുന്ന സ്ഥലമുണ്ട്. എപ്പോഴും നല്ല കുളിര്‍മ്മ പകരുന്ന കാറ്റായിരിയ്ക്കും അവിടെ. പകല്‍ സമയങ്ങളിലെല്ലാം കൂട്ടു കൂടി സംസാരിച്ചിരിയ്ക്കാന്‍ ഞങ്ങള്‍ എപ്പോഴും തിരഞ്ഞെടുത്തിരുന്ന സ്ഥലമായിരുന്നു അത്. കുറച്ച് കഴിഞ്ഞ് ഞങ്ങള്‍ നിതേഷ് ചേട്ടനേയും കൂട്ടി അവിടെ പോയി ഇരുന്നു. അവിടെയിരുന്ന് ഞങ്ങള്‍ സിനിമാക്കഥയോ മറ്റോ പറഞ്ഞു തുടങ്ങി. പണ്ടെല്ലാം ഞങ്ങള്‍ക്കിടയില്‍ സിനിമാക്കാര്യങ്ങളില്‍ അവസാ‍ന വാക്ക് നിതേഷ് ചേട്ടന്റേതായിരുന്നു. കുഞ്ഞുന്നാള്‍ മുതല്‍ ഞങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സിനിമാ വിശേഷങ്ങള്‍ ലഭിച്ചിരുന്നത് നിതേഷ് ചേട്ടനില്‍ നിന്നായിരുന്നു.

അങ്ങനെ ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിയ്ക്കുന്നതിനിടയില്‍ കുറച്ചങ്ങ് മാറി ജോസഫും ജോസും കൂടി അവരുടെ സൈക്കിള്‍ ടയറും ഉരുട്ടി വന്ന് നിന്നു. എന്നിട്ട് നിതേഷ് ചേട്ടനോട് ആരാണെന്നും എവിടെ നിന്നാണ് എന്നും മറ്റും കുറച്ച് അധികാരത്തോടെ ചോദിയ്ക്കാനാരംഭിച്ചു. ഇവരുടെ സ്വഭാവമറിയാവുന്നതിനാല്‍ ഞാനും ചേട്ടനും മിണ്ടാതെ നിന്നതേയുള്ളൂ. എന്നാല്‍ നിതേഷ് ചേട്ടന്‍ അവരുടെ ചോദ്യങ്ങള്‍ക്കെല്ലാം കൂളായി മറുപടി പറഞ്ഞു. കുറച്ചു നേരത്തെ സംസാരത്തിനിടയില്‍ നിന്നു തന്നെ നിതേഷ് ചേട്ടന്‍ അത്ര ചില്ലറക്കാരനല്ല എന്ന് അവര്‍ക്കും മനസ്സിലായി.

ഇങ്ങൊട്ട് കയറി മുട്ടിയാല്‍ പണിയാകുമോ എന്ന ഒരു ആശയക്കുഴപ്പത്തില്‍ അവര്‍ നില്‍ക്കുമ്പോള്‍ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് നിതേഷ് ചേട്ടന്‍ ഇരുവരേയും അടുത്തേയ്ക്ക് വിളിച്ചു. ആ നാട്ടിലെ എല്ലാ കുട്ടികളും പേടിയോടെ മാത്രം ഇടപെടുന്ന തങ്ങളോട് അന്യനാട്ടുകാരനായ ഒരുവന്‍ വന്ന് ഇത്ര ധൈര്യത്തോടെ സംസാരിയ്ക്കുന്നതിന്റെ ഒരു അസ്വസ്ഥത ഇരുവര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ കാഴ്ചയിലും പെരുമാറ്റത്തിലും ശരീരവലുപ്പത്തിലും നിതേഷ് ചേട്ടന്‍ അത്ര മോശമല്ലാത്തതു കൊണ്ടു കൂടിയാകാം ചെറിയൊരു സന്ദേഹത്തോടെയാണെങ്കിലും രണ്ടാളും ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു.

നിതേഷ് ചേട്ടന്‍ രണ്ടാളോടും ലോഹ്യം പറഞ്ഞു കൊണ്ടെന്ന ഭാവത്തില്‍ നിന്നു. ഇതിനിടെ തന്റെ സ്വന്തം നാട്ടില്‍ കുറച്ച് പിള്ളേരെ എല്ലാം കൈകാര്യം ചെയ്ത ചില കഥകളെല്ലാം ഞങ്ങളോടെന്ന ഭാവേന അവര്‍ കേള്‍ക്കാനായി തട്ടി വിടുകയും ചെയ്തു. ഇതെല്ലാം കേട്ട് ജോസഫും ജോസും ശരിയ്ക്കും വിരണ്ടു. അത് മനസ്സിലാക്കിയ നിതേഷ് ചേട്ടന്‍ അപ്പോഴാണ് അവരുടെ കയ്യിലെ സൈക്കിള്‍ ടയറുകള്‍ ശ്രദ്ധിച്ചത്. രണ്ടു പേരുടേയും കയ്യില്‍ നിന്ന് സംസാരത്തിനിടയില്‍ ടയറുകള്‍ തന്ത്രപൂര്‍വ്വം കൈക്കലാക്കി നിതേഷ് ചേട്ടന്‍ അവരോട് ചോദിച്ചു.

“നിങ്ങള്‍ക്ക് ഈ ടയറുപയോഗിച്ച് “8” എന്നെഴുതാന്‍ അറിയാമോ?”

രണ്ടാളും ഇല്ല എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.

“ശരി ഞാന്‍ കാണിച്ചു തരാം” എന്നും പറഞ്ഞ് നിതേഷ് ചേട്ടന്‍ അവിടെ അടുത്തു കണ്ട വാഴയില്‍ നിന്നും സാമാന്യം ബലമുള്ള രണ്ട് വള്ളി വലിച്ചെടുത്തു. എന്നിട്ട് ഓരോ ടയറുകളായി കയ്യിലെടുത്ത് മടക്കി, വാഴവള്ളി കൊണ്ട് നടുക്ക് കെട്ടി വച്ചു. അപ്പോള്‍ “O” ഷെയ്പ്പിലിരുന്ന ടയറുകള്‍ ഓരോന്നും "8" ഷെയ്പ്പില്‍ ആയി. അതിനു ശേഷം ആശാന്‍ രണ്ടു ടയറുകളും കയ്യിലെടുത്ത് ദൂരെ കാട്ടിലേയ്ക്ക് ഒരേറ് വച്ചു കൊടുത്തു. എന്നിട്ട് മിഴിച്ച് നില്‍ക്കുകയായിരുന്ന അവരോട് ഒന്നും മിണ്ടാതെ ഞങ്ങളെ രണ്ടാളെയും വിളിച്ച് വീട്ടിലേയ്ക്ക് നടന്നു.

കാടു പിടിച്ച് കിടക്കുന്ന ആ സ്ഥലത്തേയ്ക്ക് ആരും ഇറങ്ങുന്ന പതിവില്ലാത്തതിനാല്‍ അവര്‍ക്ക് ആ ടയറുകള്‍ തിരിച്ച് എടുക്കാന്‍ സാധിച്ചില്ല. ആരെങ്കിലും അറിഞ്ഞാല്‍ കുറച്ചിലാകുമോ എന്ന് ഭയന്നോ എന്തോ അവര്‍ ആ സംഭവം ആരോടും പറഞ്ഞതുമില്ല. മാത്രമല്ല പിന്നീട് നിതേഷ് ചേട്ടന്‍ അവിടെ തങ്ങിയ മൂന്നാലു ദിവസത്തേയ്ക്ക് രണ്ടാളും അവരുടെ വീട് വിട്ട് പുറത്തിറങ്ങിയതു പോലുമില്ല.

അങ്ങനെ ആ വര്‍ഷത്തെ ക്രിസ്തുമസ്സ് എല്ലാം ആഘോഷിച്ച് മൂന്നാലു ദിവസത്തിനു ശേഷം നിതേഷ് ചേട്ടന്‍ തിരിച്ചു പോയി. എങ്കിലും അതിനു ശേഷവും ആ ഒരു ഭയം കുറേ നാളേയ്ക്ക് അവരില്‍ ഉണ്ടായിരുന്നിരിയ്ക്കണം. ഇടയ്ക്ക് വല്ലപ്പോഴും കാണുമ്പോള്‍ ചെറിയൊരു പേടിയോടെ അവര്‍ ഞങ്ങളോട് രഹസ്യമായി തിരക്കുമായിരുന്നു... “ആ ചേട്ടന്‍ ഇനിയും വരുമൊ” എന്ന്. ‘കുറച്ച് നാള്‍ കഴിഞ്ഞ് ഇനിയും വരും’ എന്ന് പറഞ്ഞ് ഞങ്ങളും അവരെ പേടിപ്പിയ്ക്കുകയും ചെയ്യുമായിരുന്നു.

എന്തായാലും അതോടെ രണ്ടു പേരുടേയും സ്വഭാവത്തിലും കാര്യമായ മാറ്റം വന്നു. പിന്നെപ്പിന്നെ ഞങ്ങളോട് കുറേക്കൂടെ സൌഹാര്‍ദ്ദത്തോടെ പെരുമാറാന്‍ തുടങ്ങി, രണ്ടു പേരും. പതുക്കെ പതുക്കെ ആ സൌഹൃദം അവിടെയുള്ള എല്ലാവരോടുമായി. അവസാനം ഞങ്ങള്‍ മൂന്നര വര്‍ഷത്തെ ക്വാര്‍ട്ടേഴ്സിലെ താമസം മതിയാക്കി പോരുമ്പോഴേയ്ക്കും അവരും മറ്റുള്ളവരെ പോലെ ഞങ്ങളുടെ നല്ല സുഹൃത്തുക്കളായി കഴിഞ്ഞിരുന്നു.

അവിടെ നിന്നും പോന്ന ശേഷം പലരേയും കോണ്ടാക്റ്റ് ചെയ്യാന്‍ സാധിച്ചില്ല. ഞങ്ങളേപ്പൊലെ പലരും കുറച്ച് നാളുകള്‍ക്ക് ശേഷം സ്വന്തം നാടുകളിലേയ്ക്ക് തിരികേ പോയി. ലിജുവും കുടുംബവുമെല്ലാം വൈകാതെ അമേരിയ്ക്കയില്‍ സെറ്റില്‍ ചെയ്തു. അജി ചേട്ടനെയും കുടുംബവും സ്ഥലം മാറി പോയെങ്കിലും അവരെ ഇപ്പോഴും ഇടയ്ക്ക് ബന്ധപ്പെടാറുണ്ട്.

Monday, November 2, 2009

ഒരു മലയാറ്റൂര്‍ മലകയറ്റം

ഞങ്ങളുടെ അയല്‍ക്കാരനായ ജിബീഷ് ചേട്ടനെ കുറിച്ച് ഇതിനു മുന്‍‌പും ഒന്നു രണ്ടു പോസ്റ്റുകളില്‍‌ ഞാന്‍ പരാമര്‍‌ശിച്ചിട്ടുള്ളതാണ്. എന്റെയും ചേട്ടന്റെയും വളരെ അടുത്ത സുഹൃത്താണ് കക്ഷി. ചേട്ടനും ജിബീഷ് ചേട്ടനും ചേര്‍ന്ന് നടത്തിയിരുന്ന ഹരിശ്രീ ട്യുഷന്‍ സെന്റര്‍‌ ഒരു കാലത്ത് (മൂന്നു വര്‍‌ഷം മുന്‍‌പ് വരെ) ഞങ്ങളുടെ നാട്ടിലെ കുട്ടികളുടെ SSLC വിജയ ശതമാനത്തില്‍‌ ഒരു നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു.

നാലഞ്ചു വര്‍ഷം മുന്‍പുള്ള ഒരു മലയാറ്റൂര്‍ പള്ളി പെരുന്നാള്‍ കാലം. ജിബീഷ് ചേട്ടന്‍ രണ്ടു മൂന്നു തവണ സുഹൃത്തുക്കളുടെ കൂടെ മലയാറ്റൂര്‍ മല കയറിയിട്ടുണ്ട്. ആ വര്‍ഷവും ആശാന് പെരുന്നാളിന് പോകണം എന്ന് പ്ലാനുണ്ടായിരുന്നു. ആദ്യം ഞാനും ചേട്ടനും ജിബീഷേട്ടനും കൂടി പോകാനായിരുന്നു നിശ്ചയിച്ചിരുന്നത് എങ്കിലും അവസാനം പോകാന്‍ നിശ്ചയിച്ച ദിവസം എനിയ്ക്കും ചേട്ടനും എന്തോ അസൌകര്യം കാരണം പ്ലാന്‍ മാറ്റേണ്ടി വന്നു. എന്നാല്‍ ജിബീഷ് ചേട്ടന് അന്ന് എങ്ങനെയെങ്കിലും പോയേ തീരൂ, ആരും കൂട്ടിനില്ലാതെ പോകാന്‍ ഒരു രസവുമുണ്ടാകില്ല താനും.

അപ്പോഴാണ് ഞങ്ങളുടെ കുഞ്ഞച്ഛന്റെ മകന്‍ കണ്ണന്‍ അവിടെ വന്നത്. അവനന്ന് പ്ലസ് റ്റു വിദ്യാര്‍‌ത്ഥിയും ജിബീഷേട്ടന്റെ ഒരു ശിഷ്യനും കൂടിയാണ്. മലയാറ്റൂര്‍ യാത്രയെ കുറിച്ച് അറിഞ്ഞപ്പോള്‍ അവനും പോയാല്‍ കൊള്ളാമെന്നൊരു ആഗ്രഹം. എന്നാല്‍ അവനെ സംബന്ധിച്ചിടത്തോളം മലയാറ്റൂര്‍ പള്ളിയുടെ പെരുമയോ ഭക്തിയോ ആയിരുന്നില്ല അങ്ങനെ ഒരു ആഗ്രഹം ജനിപ്പിച്ചത് എന്നു മാത്രം.

എന്തായാലും പോകാന്‍ തീരുമാനിച്ചു. എങ്കില്‍ പിന്നെ കൂട്ടിന് അവനായാലും മതി എന്ന് കരുതി ജിബീഷേട്ടന്‍ വേഗം സമ്മതിച്ചു. കണ്ണന്‍ വേഗം വീട്ടില്‍ പോയി പോകാനുള്ള അനുവാദവും വാങ്ങി തിരിച്ചു വന്നു. കുളിയും, ഷേവിങ്ങും ചെറിയൊരു മേയ്ക്കപ്പും കഴിഞ്ഞ് മുഖത്ത് ഒരു ചന്ദനക്കുറിയും തൊട്ട് മലയാറ്റൂര്‍ പള്ളിയില്‍ പോകാന്‍ തയ്യാറായി വന്നു നില്‍ക്കുന്ന അവനെ കണ്ട് ജിബീഷ് ചേട്ടന്‍ ഒരു നിമിഷം പകച്ചു നിന്നു.

താന്‍ അണിഞ്ഞൊരുങ്ങി വന്നിരിയ്ക്കുന്നത് കണ്ടിട്ടാണ് ജിബീഷ് ചേട്ടന്‍ സംശയിച്ച് നോക്കുന്നത് എന്ന് മനസ്സിലാക്കിയ കണ്ണന്‍ മുന്‍‌കൂര്‍ ജാമ്യം പോലെ പറഞ്ഞു “അല്ല ജിബീഷേട്ടാ, എന്തായാലും നാലു പേരു കാണുന്നതല്ലേ... മോശമാകണ്ട എന്ന് കരുതി”

എന്തായാലും ജിബീഷ് ചേട്ടന്‍ ഒന്നും പറഞ്ഞില്ല.അവനെ നോക്കി ഒന്ന് അമര്‍ത്തി മൂളുക മാത്രം ചെയ്തു. വൈകാതെ രണ്ടു പേരും കൂടെ യാത്രതിരിച്ചു.

അങ്ങനെ രണ്ടു പേരും മലയാറ്റൂര്‍ എത്തി, മല കയറാന്‍ തുടങ്ങി. കൂടെ മല കയറുന്നവരെ കണ്ടതോടെ വന്നത് ഏതായാലും നഷ്ടമായില്ല എന്ന് കണ്ണന് ബോദ്ധ്യമായി. അവന്‍ കൂടുതല്‍ ആവേശത്തോടെ കയറാന്‍ തുടങ്ങി. എന്നാല്‍ ജിബീഷ് ചേട്ടന്‍ അതിനു മുന്‍പും മല കയറിയിട്ടുണ്ടെങ്കിലും ഇത്തവണ അത്ര എളുപ്പമല്ലായിരുന്നു. മുന്‍‌പെല്ലാം കോളേജില്‍ പഠിച്ചിരുന്ന സമയത്തായിരുന്നതിനാല്‍ അന്ന് സാമാന്യം വണ്ണം കുറവായിരുന്നത് കൊണ്ട് അതത്ര പ്രശ്നമായില്ല. എന്നാല്‍ ഒരു അദ്ധ്യാപകന്‍ ആയ ശേഷം ജിബീഷ് ചേട്ടന്‍ സാമാന്യം വണ്ണം വച്ചിരുന്നതിനാല്‍ മലകയറ്റം വിചാരിച്ചതു പോലെ നിസ്സാരമായിരുന്നില്ല. കുറച്ചു ദൂരം കയറിയപ്പൊഴേയ്ക്കും ആളാകെ ക്ഷീണിച്ചു.

എങ്കിലും കഷ്ടപ്പെട്ട് ഒരു വിധത്തില്‍ രണ്ടാളും ഏതാണ്ട് മുകളില്‍ വരെ കയറിയെത്തി. അപ്പോഴേയ്ക്കും ജിബീഷേട്ടന് ഒരടി നടക്കാന്‍ വയ്യാത്ത സ്ഥിതി ആയിട്ടുണ്ടായിരുന്നു. കിതപ്പ് കാരണം തീരെ ശ്വാസമെടുക്കാന്‍ പോലും പറ്റാതെ കഷ്ടപ്പെട്ട് ആശാന്‍ അവിടെ ഒരു സ്ഥലത്ത് കുറച്ച് നേരം ഇരുന്നിട്ട് പോകാം എന്ന് കണ്ണനോട് ആംഗ്യം കാണിച്ചു.

അങ്ങനെ അവിടെ ഇരുന്ന് അണപ്പ് മാറ്റുമ്പോഴാണ് കണ്ണന്‍ ഒരു കാര്യം ശ്രദ്ധിച്ചത് അവര്‍ക്ക് പിന്നാലെ ഒരു വലിയ പറ്റം പെണ്‍‌കുട്ടികള്‍ മല കയറി വരുന്നു. അവന്‍ വേഗം പോക്കറ്റില്‍‌ നിന്നും ചീപ്പെടുത്ത് മുടി ചീകി, കര്‍ച്ചീഫെടുത്ത് വിയര്‍പ്പെല്ലാം തുടച്ച് ‘ഗ്ലാമറായി’ നിന്നു. ഇതൊന്നും ശ്രദ്ധിയ്ക്കാതെ കുനിഞ്ഞിരുന്ന് ശ്വാസമെടുക്കാന്‍ കഷ്ടപ്പെടുകയായിരുന്നു ജിബീഷ് ചേട്ടന്‍ അപ്പോള്‍‌.

പെട്ടെന്നാണ് അവനൊരു സംശയം തോന്നിയത്. “ജിബീഷേട്ടാ... ജിബീഷേട്ടാ... ഒരു മിനിട്ട്! ഇങ്ങോട്ടൊന്നു നോക്കിയേ” അവര്‍ അടുത്തെത്താറായപ്പോഴേയ്ക്കും കണ്ണന്‍ ജിബീഷ് ചേട്ടനെ പതുക്കെ വിളിച്ചു.

കിതപ്പ് കാരണം ശ്വാസമെടുക്കാന്‍ പറ്റാതെ മരണപരാക്രമം കാണിച്ച് കണ്ണും തള്ളി, കഷ്ടപ്പെട്ടു കൊണ്ട് ജിബീഷ് ചേട്ടന്‍ എന്താണെന്ന ചോദ്യ ഭാവത്തില്‍ മുഖമുയര്‍‌ത്തി കണ്ണനെ നോക്കി.

ശബ്ദം താഴ്ത്തി അവന്‍ ജിബീഷ് ചേട്ടനോട് ചോദിച്ചു “ അത് പിന്നേയ്... ഒരു കാര്യം... എന്റെ മുഖത്തെ കുറി മാഞ്ഞോ എന്നൊരു സംശയം. ഒന്ന് നോക്കിയേ”

അതങ്ങ് ചോദിച്ചു കഴിഞ്ഞതും ജിബീഷേട്ടന്റെ മുഖം ചുവന്നു. ആ ശ്വാസം മുട്ടിനിടയിലും ആ മുഖത്ത് നവരസങ്ങള്‍ മാറി മാറി വന്നു. ദേഷ്യവും വിഷമവുമെല്ലാം കടിച്ചു പിടിച്ച് ജിബിഷേട്ടന്‍ മറുപടി പറഞ്ഞു. “ശ്വാസം വലിയ്ക്കാന്‍ പോലും പറ്റാതെ മനുഷ്യന്‍ ഇവിടെ ചാകാന്‍ പോകുമ്പോഴാ അവന്റെയൊരു കുറി! എനിയ്ക്കങ്ങ് എഴുന്നേറ്റ് വരാന്‍ പറ്റാത്തതു കൊണ്ടാ. അല്ലെങ്കില്‍ നിന്നെ ഞാന്‍... നീയാ ചെവി ഇങ്ങു കൊണ്ടു വാ... ഞാന്‍ പറഞ്ഞു തരാം കുറി മാഞ്ഞോ ഇല്ലയോ എന്ന്’

സത്യത്തില്‍‌ അപ്പോഴാണ് കണ്ണനും ജിബീഷേട്ടന്റെ അവസ്ഥ എന്താണെന്ന് ശ്രദ്ധിയ്ക്കുന്നതു തന്നെ. ജിബീഷേട്ടന്റെ വായിലിരിയ്ക്കുന്നത് ബാക്കി കേള്‍ക്കാന്‍ നില്‍ക്കാതെ ചിരിയടക്കി അവന്‍ തല്‍ക്കാലം സ്ഥലം കാലിയാക്കി.

ആ സംഭവം വളരെ പെട്ടെന്ന് തന്നെ നാട്ടില്‍ ഫ്ലാഷ് ആയി. ഇപ്പോഴും അന്നത്തെ അവസ്ഥ വിവരിയ്ക്കുമ്പോള്‍ രണ്ടാളും ചിരി നിയന്ത്രിയ്ക്കാന്‍ വല്ലാതെ പാടുപെടാറുണ്ട്.

വാല്‍‌ക്കഷ്ണം:
അന്നത്തെ സംഭവത്തിനു പകരമായി തൊട്ടടുത്ത ദിവസം ട്യൂഷന്‍ ക്ലാസ്സില്‍ ജിബിഷ് ചേട്ടന്‍ കണ്ണനോട് പകരം വീട്ടുക തന്നെ ചെയ്തു കേട്ടോ. ഏത് ചോദ്യം എങ്ങനെ ചോദിച്ചാല്‍ സ്വന്തം ശിഷ്യന്‍ കുഴങ്ങും എന്ന് ഏതൊരു അദ്ധ്യാപകനും അറിയാമല്ലോ. ;) അതെന്തിനാണ് കിട്ടിയത് എന്ന് കണ്ണനും നല്ല നിശ്ചയവുമുണ്ട് എങ്കിലും എന്തു ചെയ്യാന്‍!

Tuesday, October 6, 2009

തനിയാവര്‍ത്തനം

ഈയടുത്ത കാലത്ത് ഒരിയ്ക്കല്‍ നാട്ടില്‍‌ വച്ച് ഒരു ദിവസം ഞാനും എന്റെ ഒരു സുഹൃത്തും കൂടി ബസ്സില്‍‌ യാത്ര ചെയ്യുകയായിരുന്നു. അന്ന് തൃശ്ശൂര്‍‌ നിന്നും ചാലക്കുടിയ്ക്ക് വരുകയായിരുന്നു ഞങ്ങള്‍‌. ഒരു കെ.എസ്. ആര്‍‌.ടി.സി. ഫാസ്റ്റ് പാസഞ്ചറിലെ മൂന്നു പേര്‍‌ക്കിരിയ്ക്കാവുന്ന ഒരു സീറ്റില്‍‌ അറ്റത്തുള്ള സീറ്റാണ് എനിയ്ക്ക് ഇരിയ്ക്കാന്‍‌ കിട്ടിയത്. അതിലെ മറ്റു രണ്ടു സീറ്റുകളില്‍ ഒരു ഫാമിലി ആണ് ഇരുന്നിരുന്നത്. ഒരു ചേട്ടനും ചേച്ചിയും ഏകദേശം മൂന്നു നാലു വയസ്സു പ്രായം തോന്നിപ്പിയ്ക്കുന്ന അവരുടെ കുട്ടിയും. സൈഡ് സീറ്റില്‍‌ ആ ചേച്ചിയും നടുക്കത്തെ സീറ്റില്‍ ആ ചേട്ടനും ചേട്ടന്റെ മടിയില്‍ ആ കുട്ടിയും.

അവര്‍‌ ഒരു യാത്ര കഴിഞ്ഞു വരുന്നതു പോലെ തോന്നിച്ചു. കയ്യില്‍ സാമാന്യം വലിയ രണ്ട് ബാഗുകള്‍‌ ഉണ്ട്. പോരാത്തതിന് എല്ലാവരുടെയും മുഖത്ത് നല്ല യാത്രാക്ഷീണവും, പ്രത്യേകിച്ച് ആ കുട്ടിവളരെ ക്ഷീണിതനാണെന്ന് മുഖത്തു നിന്ന് തന്നെ മനസ്സിലാക്കാമായിരുന്നു.

“എവിടേയ്ക്കാ? എറണാകുളത്തേയ്ക്കാണോ?” അടുത്തിരിയ്ക്കുന്ന ആളല്ലേ എന്ന് കരുതിയോ എന്റെ നോട്ടം കണ്ടിട്ടോ എന്നറിയില്ല, ആ ചേട്ടന്‍‌ എന്നോട് കുശലം ചോദിച്ചു. [അതൊരു എറണാകുളം ഫാസ്റ്റ് ആയിരുന്നു]

“അല്ല, ഞാന്‍‌ ചാലക്കുടിയില്‍‌ ഇറങ്ങും. ചേട്ടനോ?” ഞാന്‍ തിരിച്ചു ചോദിച്ചു.

“ഞങ്ങള്‍‌ ആലുവയ്ക്കാ. ഗുരുവായൂര്‍ക്ക് പോയി വരുന്ന വഴിയാ. ഇന്നലെ രാത്രി പോയതാ”

തല്‍ക്കാലം ആ സംഭാഷണം അവിടെ അവസാനിച്ചു. ബസ്സ് ഓടിക്കൊണ്ടിരുന്നു. വൈകാതെ പോട്ടയും കഴിഞ്ഞ് ചാലക്കുടി അടുക്കാറായിക്കാണും. നോര്‍‌ത്തില്‍ ബസ്സിറങ്ങണോ അതോ സൌത്തില്‍‌ ഇറങ്ങിയാല്‍‌ മതിയോ എന്ന് ആലോചിച്ചിരിയ്ക്കുകയായിരുന്നു ഞാന്‍‌.

പെട്ടെന്ന് അപ്രതീക്ഷിതമായി ആ ചേട്ടന്റെ മടിയിലിരുന്ന കുട്ടി ഛര്‍‌ദ്ദിയ്ക്കാന്‍‌ തുടങ്ങി. ഒട്ടും പ്രതീക്ഷിയ്ക്കാതെ ഇരുന്നതിനാല്‍‌ എനിയ്ക്ക് ഒഴിഞ്ഞു മാറാനും ആ ചേട്ടന് കുട്ടിയെ മാറ്റിപ്പിടിയ്ക്കാനും സമയം കിട്ടുന്നതിനു മുന്‍‌പ് ആദ്യത്തെ ഛര്‍‌ദ്ദിലിന്റെ നല്ലൊരു ഭാഗം എന്റെ പാന്റ്സില്‍ വീണു. അപ്പോഴേയ്ക്കും ചേച്ചി കുട്ടിയെ വാങ്ങി ജനലിനടുത്ത് സൌകര്യമായി ബാക്കി ഛര്‍‌ദ്ദിയ്ക്കാവുന്ന രീതിയില്‍ പിടിച്ചു നിര്‍‌ത്തി.

അപ്പോഴേയ്ക്കും ആളുകളുടെ ശ്രദ്ധ ഞങ്ങളിലായി. ഞങ്ങളുടെ അവസ്ഥ കണ്ടപ്പോള്‍ ചിലരുടെ മുഖത്ത് സഹതാപം. ചിലര്‍ക്ക് അറപ്പ്. മറ്റു ചിലര്‍ക്ക് ചിരിയും. എല്ലാവരും ശ്രദ്ധിയ്ക്കുന്നതറിഞ്ഞപ്പോള്‍‌ എനിയ്ക്കും ഒരു ചമ്മല്‍‌. എന്റെ പാന്റ്സ് വൃത്തികേടായി എന്നു കണ്ട് ആ ചേട്ടന്റെ മുഖം എന്തു ചെയ്യണം എന്നറിയാതെ വിളറി. എങ്കിലും ഞാന്‍‌ ഒന്നും പറയാതെ കര്‍‌ച്ചീഫും ബാഗില്‍ നിന്ന് കുറച്ച് കടലാസുകളും എടുത്ത് പാന്റ്‌സ് വൃത്തിയാക്കി. അവര്‍ രണ്ടു പേരും അപ്പോഴേയ്ക്കും അവരുടെ ബാഗിലെ കുപ്പിയില്‍ നിന്ന് വെള്ളവും വേറെ ഒന്നു രണ്ടു തുണികളും എല്ലാം എടുത്ത് ‘കാല്‍ തുടച്ചു തരാം, പാന്റ്സ് വൃത്തിയാക്കി തരാം’ എന്നെല്ലാം പറഞ്ഞ് അത്രയും നേരം മുഴുവനും സോറി പറഞ്ഞു കൊണ്ടിരിയ്ക്കുകയായിരുന്നു.

എന്നാല്‍‌ ഞാന്‍ വെറുതേ അവരുടെ മുഖത്ത് നോക്കി ഒരു ചെറു ചിരിയോടെ, അതൊന്നും സാരമില്ല എന്നും പറഞ്ഞു അവരെ സമാധാനിപ്പിച്ച് ഇറങ്ങാനായി എഴുന്നേറ്റു (അപ്പോഴേയ്ക്കും ബസ്സ് ചാലക്കുടി എത്തിയിരുന്നു). ഞാന്‍ ഇറങ്ങാന്‍ തുടങ്ങുമ്പോഴും ആ ചേട്ടന്‍‌ പിന്നെയും പിന്നെയും സോറി പറയുന്നുണ്ടായിരുന്നു. ഞാന്‍ പ്രത്യേകിച്ച് ദേഷ്യമൊന്നും പ്രകടിപ്പിയ്ക്കാത്തതിന്റെ ആശ്വാസവും അവരുടെ മുഖത്ത് കണ്ടു കൊണ്ട് ആ സംതൃപ്തിയോടെയാണ് ഞാന്‍‌ ബസ്സിറങ്ങിയത്.

ബസ്സിറങ്ങിയ ശേഷം ഞാന്‍‌ ആദ്യം ചെയ്തത് ബാഗ് സുഹൃത്തിന്റെ കയ്യില്‍‌ കൊടുത്ത് അടുത്തു കണ്ട പൈപ്പിന്റെ ചുവട്ടില്‍‌ പോയി കാലും പാന്റ്‌സും വൃത്തിയാക്കുക എന്നതായിരുന്നു. കാലു വൃത്തിയാക്കുന്ന സമയത്ത് ഞാനറിയാതെ എന്റെചുണ്ടില്‍‌ വിരിഞ്ഞ ചിരി കണ്ടിട്ടാകണം എന്റെ സുഹൃത്ത് കാരണമന്വേഷിച്ചു.

ഞാനപ്പോള്‍‌ പത്തിരുപത്തി രണ്ട് വര്‍‌ഷങ്ങള്‍‌ക്കു മുന്‍‌പത്തെ ഒരു സംഭവം ഓര്‍ക്കുകയായിരുന്നു. അന്ന് ഞങ്ങളെല്ലാവരും കൊരട്ടിയില്‍‌ പ്രസ്സ് ക്വാര്‍‌ട്ടേഴ്സില്‍‌ താമസിയ്ക്കുകയാണ്. അന്ന് ഇടയ്ക്കിടെ ഞങ്ങള്‍‌ക്ക് ഒരു ഗുരുവായൂര്‍ ട്രിപ്പ് ഉണ്ടാകും. അങ്ങനെയുള്ള ദിവസങ്ങളില്‍ ചിലപ്പോള്‍‌ തലേ ദിവസം തന്നെ അത്യാവശ്യം ഡ്രസ്സും മറ്റും പായ്ക്ക് ചെയ്ത് അങ്ങോട്ട് പുറപ്പെടും. എന്നിട്ട് അവിടെ അടുത്ത് എവിടെയെങ്കിലും ഒരു ലോഡ്ജ് എടുത്ത് അവിടെ താമസിച്ച് പിറ്റേന്ന് അതിരാവിലെ 3 മണിയ്ക്ക് നിര്‍‌മ്മാല്യം തൊഴുവാനായി ക്ഷേത്രത്തില്‍ പോകും.

3 മണിയ്ക്ക് നിര്‍‌മ്മാല്യം തൊഴണമെന്നുണ്ടെങ്കില്‍ 2 മണിയ്ക്കെങ്കിലും ഉണര്‍ന്ന് കുളിച്ച് റെഡിയാകണം. അന്നൊക്കെ അത് തീരെ ഇഷ്ടമില്ലാതെ അച്ഛന്റെയും അമ്മയുടെയും നിര്‍‌ബന്ധത്തില്‍‌ ചെയ്യുന്നു എന്നേയുള്ളൂ. പിന്നീട് ദര്‍‌ശനം ലഭിയ്ക്കാനായിട്ടുള്ള നീണ്ട ക്യൂവില്‍ ഒന്നോ രണ്ടോ മണിക്കൂറെങ്കിലും നില്‍‌ക്കണം. അതും കഴിഞ്ഞ് ക്ഷേത്ര ദര്‍‌ശനവും വഴിപാടുകളും എല്ലാം കഴിയുമ്പോഴേയ്ക്കും വിശപ്പും ക്ഷീണവും കാരണം ഞാന്‍ ഒരു പരുവമായിട്ടുണ്ടാകും. ഇതെല്ലാം കഴിഞ്ഞാല്‍ ഉടനേ തിരിച്ച് വീട്ടിലേയ്ക്കുള്ള ബസ്സ് യാത്രയും. അന്ന് എനിയ്ക്ക് ഏറ്റവും വെറുപ്പുള്ള ഒന്നാണ് തിരക്കുള്ള ബസ്സിലെ നീണ്ട ബസ്സ് യാത്ര.

അങ്ങനെ ഒരു ദിവസം ഇതേ പോലെ ഒരു ഗുരുവായൂര്‍‌ ക്ഷേത്ര ദര്‍‌ശനം കഴിഞ്ഞ് ഞങ്ങള്‍ മടങ്ങുകയായിരുന്നു. ഞാനും അച്ഛനും അമ്മയും ചേട്ടനും ഉണ്ട്. അന്നും യാത്ര ഒരു കെ. എസ്. ആര്‍‌.ടി,സി. യില്‍ ‌ തന്നെ ആയിരുന്നു. അച്ഛനും അമ്മയും ഓരോ സീറ്റുകളിലും അവരുടെ മടിയിലായി ഞാനും ചേട്ടനും അങ്ങനെയാണ് ഇരിപ്പ്. അച്ഛന്റെ അപ്പൂറത്തുള്ള സീറ്റില്‍ ഒരു അപ്പൂപ്പനും. നീണ്ടു വെളുത്ത താടി വച്ച വെള്ള ഷര്‍‌ട്ടും വെള്ള മുണ്ടുമുടുത്ത ആ അപ്പൂപ്പന്റെ രൂപം ഇന്നുംമായാതെ എന്റെ മനസ്സിലുണ്ട്.

എന്തായാലും യാത്ര തുടങ്ങി എത്ര നേരം കഴിഞ്ഞു കാണുമെന്നറിയില്ല. പെട്ടെന്ന് എനിയ്ക്ക് മനം പുരട്ടല്‍‌ പോലെ തോന്നി. അച്ഛനോട് എനിയ്ക്ക് ഛര്‍ദ്ദിയ്ക്കാന്‍‌ തോന്നുന്നു എന്ന് പറഞ്ഞു തീര്‍ന്നില്ല, ഞാന്‍‌ ആ കൃത്യം ഭംഗിയായി നിര്‍‌വ്വഹിച്ചും കഴിഞ്ഞു. അതും കൃത്യമായി തൊട്ടപ്പുറത്തിരുന്ന ആ പാ‍വം അപ്പൂപ്പന്റെ മടിയിലേയ്ക്ക്. അപ്പോഴേയ്ക്കും അമ്മ കയ്യില്‍ കരുതിയിരുന്ന പ്ലാസ്റ്റിക് കൂടെടുത്ത് ബാക്കി എല്ലാം അതില്‍ ശേഖരിച്ച് പുറത്തേയ്ക്ക് കളഞ്ഞു. എങ്കിലും ആ അപ്പുപ്പന്റെ മുണ്ട് വൃത്തികേടായി.

അന്ന് അദ്ദേഹത്തെ എന്ത് പറഞ്ഞ് സമാധാനിപ്പിയ്ക്കും എന്നറിയാതെ വിഷമിയ്ക്കുന്ന എന്റെ അച്ഛനമ്മമാരുടെയും എന്നാല്‍‌ ആ സംഭവത്തിന് ഒട്ടും തന്നെ പ്രാധാന്യം കൊടുക്കാതെ തീരെ നിസ്സാരമാക്കി ചിരിച്ചു കൊണ്ട് അച്ഛനെയും അമ്മയേയും സമാശ്വസിപ്പിയ്ക്കുന്ന ആ അപ്പൂപ്പന്റെയും ചിത്രങ്ങള്‍‌ ഞാന്‍‌ ഇന്നും നല്ലതു പോലെ ഓര്‍‌ക്കുന്നു.

ഇത്രയും വര്‍‌ഷങ്ങള്‍‌ക്കിപ്പുറം അതേ സംഭവങ്ങള്‍ മറ്റൊരു രീതിയില്‍ ആവര്‍‌ത്തിയ്ക്കുകയും അന്നത്തെ കഥയിലെ വില്ലനായ എനിയ്ക്കു തന്നെ ആ പഴയ അപ്പൂപ്പന്റെ അനുഭവം വരുകയും ചെയ്യുമ്പോള്‍‌‌ എന്റെ കൂടെ യാത്ര ചെയ്ത ആ ഫാമിലിയോട് എനിയ്ക്കെങ്ങനെ ദേഷ്യപ്പെടാന്‍‌ കഴിയും?

അന്നത്തെ സംഭവം വിശദീകരിച്ചു കഴിഞ്ഞപ്പോള്‍‌ എന്റെ സുഹൃത്തും ചിരിച്ചു പോയി. “വെറുതേയല്ല കൊടുത്താല്‍‌ കൊല്ലത്തും കിട്ടും എന്ന് ആളുകള്‍ പറയുന്നത് ” എന്ന ഡയലോഗും തട്ടിവിട്ട്,എന്റെ ബാഗ് തിരിച്ചേല്‍പ്പിച്ച് അവന്‍ അവന്റെ ബസ്സ് വരുന്നത് കണ്ട് എന്നോട് യാത്ര പറഞ്ഞ് നടന്നകന്നു. എന്റെ ബസ്സന്വേഷിച്ച് ചാലക്കുടി ബസ്സ് സ്റ്റാന്റിലേയ്ക്ക് ഞാനും.

Tuesday, September 1, 2009

എന്റെ ബാല്യത്തിലെ ഓണം

നാട്ടിന്‍‍‌പുറങ്ങളില്‍ ജനിച്ചു വളര്‍ന്ന എല്ലാവരെയും എന്ന പോലെ എനിയ്ക്കും എന്റെ കുട്ടിക്കാലത്തെല്ലാം ഓണം എന്നു കേള്‍ക്കുന്നതു തന്നെ വല്ലാത്തൊരു സന്തോഷവും ആവേശവും ഒക്കെ ആയിരുന്നു. അന്നെല്ലാം ഓണം എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേയ്ക്കോടിയെത്തുന്നത് പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ തന്നെ. അത്തം മുതല്‍ തുടങ്ങുന്ന പൂക്കള്‍ പറിയ്ക്കലും കളമൊരുക്കലും ഓണക്കളികളും സദ്യവട്ടങ്ങളും എല്ലാം.

മിക്ക വര്‍ഷങ്ങളിലും ഓണപ്പരീക്ഷകള്‍ കഴിയും മുന്‍പേ അത്തം തുടങ്ങിക്കാണും. എങ്കിലും പരീക്ഷത്തിരക്കുകള്‍ക്കുള്ളിലും അതിരാവിലെ അല്‍പ സമയം പൂക്കളമൊരുക്കാന്‍ മാറ്റി വയ്ക്കുമായിരുന്നു. എല്ലാ മലയാളികളുടേയും ആഘോഷം എന്ന പേര് അന്വര്‍ത്ഥമാക്കും വിധം ജാതി മത വ്യത്യാസങ്ങളൊന്നുമില്ലാതെ നാട്ടില്‍ എല്ലാവരും കളമൊരുക്കി ഓണത്തെ വരവേറ്റിരുന്നു.

ഓണപ്പരീക്ഷകള്‍ക്കു ശേഷം പള്ളിക്കൂടം അടച്ചാല്‍ പിന്നെ ഓണക്കളികളും മറ്റും തുടങ്ങുകയായി. എന്നും അതി രാവിലെ തന്നെ എഴുന്നേറ്റ് പൂക്കള്‍ പറിയ്ക്കാനായി പാടവരമ്പുകളിലും മറ്റും പോകും. എത്ര നേരം ക്ഷമയോടെ ശ്രമിച്ചാലാണ് ഒരു ചേമ്പില/വാഴയില നിറയെ തുമ്പപ്പൂവും മുക്കുറ്റിയുമെല്ലാം ശേഖരിയ്ക്കാനാകുക എന്നോര്‍ക്കുമ്പോള്‍ ഇന്നും അതിശയം തോന്നുന്നു. ആവശ്യത്തിനു പൂക്കള്‍ ശേഖരിച്ചാല്‍ പിന്നെ ചാണകം കൊണ്ട് കളമെഴുതി അതില്‍ പൂക്കളമൊരുക്കുന്ന തിരക്കായി. മുറ്റമടിച്ചു വൃത്തിയാക്കി ചാണകം കൊണ്ട് കളമെഴുതി തരുന്നത് അമ്മൂമ്മയോ അമ്മയോ ആയിരിയ്ക്കും.

രാവിലെ ഭക്ഷണം കഴിച്ചു തീരുമ്പൊഴേയ്ക്കും അയല്‍‍‌വീടുകളിലെ കൂട്ടുകാരെല്ലാം തയ്യാറായി കഴിഞ്ഞിട്ടുണ്ടാകും. പിന്നെ പലതരം കളികള്‍ തുടങ്ങുകയായി. ഓണപ്പാട്ടുകളും ഊഞ്ഞാലാട്ടവും കിളിത്തട്ടും ആറൂമാസവും (ഇതിന് മറ്റു നാടുകളില്‍ എന്തു പേരാണ് പറയുന്നതെന്നറിയില്ല) നാടന്‍ പന്തുകളിയും കുട്ടിയും കോലും ഒളിച്ചു കളിയും കള്ളനും പോലീസും കളിയും നിധി വേട്ടയും കരുനീക്കവും നൂറാം കോലും അങ്ങനെയങ്ങനെ ഒട്ടേറെ തനി നാടന്‍ കളികള്‍ അല്ലലില്ലാതെ സന്തോഷം മാത്രമുള്ള ഒരു ബാല്യം. [പിന്നീടെപ്പോഴാണ് ഓണക്കാലത്തെ കളികളായി ക്രിക്കറ്റും ഫുട്ബോളും ചെസ്സുമെല്ലാം കടന്നു വന്നത്?]

പകല്‍ മുഴുവനും കളികള്‍ക്കു പുറകേയാണെങ്കില്‍ രാത്രികാലങ്ങളില്‍ അടുക്കളയിലും മറ്റുമായിരിയ്ക്കും. അപ്പോള്‍ അമ്മയും അമ്മൂമ്മമാരുമെല്ലാം ഓണപ്പലഹാരങ്ങളുണ്ടാക്കുന്ന തിരക്കിലായിരിയ്ക്കും, കൂടെ അച്ഛനും. കളികള്‍ക്കും കുസൃതികള്‍ക്കുമിടയില്‍ അടുക്കളയില്‍ ഒരു പ്രദക്ഷിണം വച്ച് ഒരു പിടി ഉപ്പേരിയോ മറ്റോ വാരി അതും കൊറിച്ച് നടക്കുന്നത് ഒരു രസം തന്നെ ആയിരുന്നു.

മൂലം, പൂരാടം, ഉത്രാടം നാളുകള്‍ ആകുമ്പോഴേയ്ക്കും ഓണപ്പൂക്കളങ്ങളുടെയെല്ലാം മട്ടുമാറും. അപ്പോഴേയ്ക്കും പൂത്തറ കെട്ടി അതിലായിരിയ്ക്കും പൂക്കളമൊരുക്കുന്നത്. ചിലപ്പോള്‍ മഴയെ പേടിച്ച് ഒരു കൊച്ചു ഓലപ്പന്തലും കെട്ടിയിട്ടുണ്ടാകും. പന്തലുണ്ടെങ്കില്‍ അതിനു ചുറ്റും കുരുത്തോലയിട്ട് അലങ്കരിയ്ക്കും.

തിരുവോണമടുത്താല്‍ എല്ലാ വീട്ടിലും എപ്പോഴും വിരുന്നുകാരുടെ തിരക്കുകളും ഉണ്ടാകും. അങ്ങനെ ഉത്രാടം നാള്‍ ആകുമ്പോഴേയ്ക്കും അച്ഛന്‍ ഓണക്കോടി തയ്ച്ചു തരും. [അച്ഛന് തയ്യലറിയാമായിരുന്നതിനാല്‍ കോടി വാങ്ങാറില്ല; തുണി എടുത്ത് അച്ഛന്‍ തന്നെ തയ്ച്ചു തരാറാണ് പതിവ്]. അന്നെല്ലാം കോടിയുടുപ്പ് ലഭിയ്ക്കുന്ന രണ്ട് അവസരങ്ങളേ ഉണ്ടായിരുന്നുള്ളൂ പിറന്നാളിനും ഓണത്തിനും. അതു കൊണ്ടു തന്നെ അതിന്റെ വില അമൂല്യമായിരുന്നു.

ഏറ്റവും കൂടുതല്‍ തിരക്കുകളും ആഘോഷങ്ങളുമുള്ള ദിവസമായിരിയ്ക്കും ഉത്രാട ദിവസം. പിറ്റേ ദിവസം തിരുവോണം ആയതിനാല് അന്ന് പണികളും തിരക്കുകളും ഒന്നും കാണില്ല. അതിനു വേണ്ടി എല്ലാം ഒരുക്കി വയ്ക്കുന്നത് ഉത്രാട ദിവസമായിരിയ്ക്കും.

ഉത്രാട ദിവസം വൈകുന്നേരമാകുമ്പോഴേയ്ക്കും ഞങ്ങള്‍ കുട്ടികള്‍ നാടു മുഴുവന് ഓടി നടന്ന് തുമ്പക്കുടങ്ങളും ചെത്തി, മന്ദാരം, കോളാമ്പി, തുടങ്ങിയ പൂക്കളെല്ലാം ശേഖരിയ്ക്കും. അങ്ങനെ തിരുവോണ ദിവസം അതിരാവിലെ തന്നെ അച്ഛന്‍ പൂത്തറയില്‍ കോലം വരച്ച് തൃക്കാക്കരയപ്പന്‍ വച്ച് ആര്‍പ്പു വിളിച്ച് ഓണം കൊള്ളും. തിരുവോണ ദിവസം പുലികളി പോലുള്ള കലാരൂപങ്ങളും പല വിധം ഓണക്കളികളും മത്സരങ്ങളും നാട്ടില്‍ ഉണ്ടാകും.

പിന്നെ രാവിലെ മുതല്‍ സദ്യയ്ക്കുള്ള ഒരുക്കങ്ങളായിരിയ്ക്കും വീട്ടില്‍. വിഭവ സമൃദ്ധമായ സദ്യയാണ് അന്നുച്ചയ്ക്ക്. സാമ്പാര്‍‌, കാളന്‍, ഓലന്‍, അവിയല്‍‌, എരിശ്ശേരി, തോരന്‍‌,പുളിശ്ശേരി, പച്ച മോര്, പപ്പടം, പല തരം ഉപ്പേരികള്‍, ഇലക്കറികള്‍, അച്ചാറുകള്‍, കായ ഉപ്പേരി, പഴം നുറുക്ക്, ശര്‍‌ക്കര പുരട്ടി എന്നിവയ്ക്കൊപ്പം പ്രഥമനും കൂടി ചേരുമ്പോള്‍ ഓണ സദ്യ വിശേഷമാകുന്നു.

തിരുവോണ സദ്യ കഴിഞ്ഞാല്‍ ബന്ധു മിത്രാദികളുടെ വീടു സന്ദര്‍ശനവും മറ്റുമായി ഒന്നു രണ്ടു ദിവസം പോയിക്കിട്ടും. അതു പോലെ തിരുവോണം കഴിഞ്ഞാലും നാലാം ഓണം വരെ നാട്ടില്‍ ഓണക്കളികളും മറ്റും ഉണ്ടായിരിയ്ക്കും. അങ്ങനെ പത്തു ദിവസം കഴിയുമ്പോഴേയ്ക്കും ഒരുപാട് നല്ല നല്ല ഓര്‍‌മ്മകള്‍‌ ബാക്കിയാക്കിയാണ് എല്ലാ ഓണക്കാലവും കടന്നു പോയ്ക്കോണ്ടിരുന്നത്.

ഇന്ന് ഓണവും ഓണാഘോഷവും ഓര്‍മ്മകളില്‍ മാത്രമായി മാറിക്കഴിഞ്ഞു. എല്ലാ ദിവസവും 24 മണിക്കൂറും ടെലിവിഷന്‍‌ ചാനലുകള്‍‌ നിറയേ പരിപാടികള്‍‌ ഉള്ളതിനാലാകാം മറ്റൊരു കളികള്‍‌ക്കും കുട്ടികള്‍ക്ക് ആര്‍‌ക്കും താല്പര്യമില്ല. നാട്ടിലും പഴയ ആഘോഷം ഒന്നും കാണാറില്ല. പൂക്കളമിടണമെന്നു തോന്നിയാല്‍‌ തന്നെ എല്ലാത്തരം പൂക്കളും കടകളില്‍‌ നിന്നും വാങ്ങാന്‍‌ കിട്ടും. എന്തിന്, ഓണക്കിറ്റ് ആയി സദ്യ പോലും സുലഭമായിക്കഴിഞ്ഞു.

പലതും നഷ്ടപ്പെടുന്ന കൂട്ടത്തില്‍‌ ഓണവും ഓണക്കാലം പകര്‍‌ന്നു നല്‍‌കുന്ന നന്മകളും നമുക്കു കൈമോശം വന്നു കൊണ്ടിരിയ്ക്കുകയല്ലേ? ഇന്ന് ഓണക്കാലത്ത് പൂക്കള്‍‌ പറിയ്ക്കാന്‍‌ പോകുന്ന എത്ര കുട്ടികള്‍‌ ഉണ്ട്? ഓണപ്പാട്ടുകളും ഓണക്കളികളും അറിയുന്ന എത്ര പേരുണ്ട്? ഓണത്തിനു വീട്ടില്‍‌ തന്നെ സദ്യ ഒരുക്കുന്ന എത്ര കുടുംബങ്ങളുണ്ട്?

എങ്കിലും കുട്ടിക്കാലത്തെ ഓണവും ഓണക്കാലവും ഒരു മലയാളിയും മറക്കുമെന്നു തോന്നുന്നില്ല. എല്ലാ മനുഷ്യരും ഒന്നു പോലെ ആകുന്ന, കള്ളവും ചതിയും എള്ളോളമില്ലാത്ത ഒരു മാവേലി നാട് എന്നത് എന്നുമൊരു സങ്കല്‍പ്പം മാത്രം ആയിരിയ്ക്കുമെങ്കിലും ഓണക്കാലത്തിന്റെ മഹത്വവും നന്മയും വരും തലമുറകള്‍ക്കു കൂടി പകര്‍ന്നു കൊടുക്കാന്‍ നമുക്കു ശ്രമിയ്ക്കാം

എല്ലാവര്ക്കും ഹൃദയപൂര്വ്വം ഓണാശംസകള്!

'ദൂരെയാണ് കേരളം...' എന്നു തുടങ്ങുന്ന മനോഹരമായ ഓണപ്പാട്ട് ഇവിടെ നിന്നും കേള്‍ക്കാം/ഡൌണ്‍‌ലോഡ് ചെയ്യാം

Monday, July 6, 2009

പിള്ളേച്ചന്‍ (നോണ്‍)വെജിറ്റേറിയനാണ്

തഞ്ചാവൂരിലെ രണ്ടു വര്‍ഷത്തെ താമസക്കാലമാണ് സമയം. ഞങ്ങള്‍ അന്ന് റൂമില്‍ തനിയേ ഭക്ഷണമുണ്ടാക്കി കഴിയ്ക്കുകയാണ് പതിവ് (ഇപ്പോഴും അതെ). ഞങ്ങള്‍ 8 പേര്‍ക്കും പ്രത്യേകിച്ച് കണ്ടീഷന്‍സ് ഒന്നും ഇല്ലാതിരുന്നതിനാല്‍ എന്ത് ഭക്ഷണമായാലും ആര്‍ക്കും പ്രശ്നമുണ്ടാകാറില്ല. ചോറും ഒരു കറിയും ഉണ്ടാക്കും. പിന്നെ എന്തെങ്കിലും അച്ചാറും കാണും. അത്ര തന്നെ. എല്ലാവരും തികഞ്ഞ സംതൃപ്തിയോടെ കഴിച്ചിട്ടു പൊക്കോളും, അല്ല പോണം. അതാണ് പതിവ്. [അതിന്റെ വിശേഷങ്ങള്‍ കുറച്ചൊക്കെ മുന്‍‌പൊരിയ്ക്കല്‍ പറഞ്ഞിട്ടുണ്ട്].

അന്നെല്ലാം മിക്കവാറും, മാസത്തില്‍ ഒരിയ്ക്കലെങ്കിലും ഞങ്ങള്‍ക്ക് വീട്ടില്‍ പോകാന്‍ സാധിയ്ക്കറുണ്ട്. അങ്ങനെ ഒരു ഓണക്കാ‍ലത്ത് ഞങ്ങള്‍ നാട്ടില്‍ പോയി തിരിച്ചു വന്ന ദിവസം. അന്ന് ഉച്ചയ്ക്ക് ഭക്ഷണമെല്ലാം ഉണ്ടാക്കാന്‍ നോക്കുമ്പോള്‍ കറി വയ്ക്കാന്‍ ഒന്നും തന്നെ ഇല്ല. (കാരണം നാലഞ്ചു ദിവസത്തേയ്ക്ക് ഓണം അവധിയ്ക്ക് നാട്ടില്‍ പോകുന്നതു കാരണം ഞങ്ങള്‍ പച്ചക്കറി ഒന്നും ബാക്കി വച്ചിട്ടുണ്ടായിരുന്നില്ല. കേടാകരുതല്ലോ). എന്നാല്‍ പിന്നെ ഓരോ മുട്ട വറുത്ത് അതും കൂട്ടി ചോറ് കഴിയ്ക്കാം എന്ന് തീരുമാനമായി. മത്തന്‍ വേഗം അടുത്ത കടയില്‍ പോയി 8 മുട്ട വാങ്ങി വന്നു. ഉടനെ തന്നെ അത് പൊരിച്ച് ഭക്ഷണം തയ്യാറാക്കി. എല്ലാവര്‍ക്കും വിളമ്പി, ഞങ്ങള്‍ ഒരുമിച്ചിരുന്ന് കഴിയ്ക്കാന്‍ തയ്യാറായി.

‍ പെട്ടെന്ന് പിള്ളേച്ചന്‍ പാത്രത്തില്‍ നോക്കിയിട്ട് പറഞ്ഞു.

“ഓ... ഇന്ന് മുട്ടയാണോ? എന്നാല്‍ ഇതാരെങ്കിലും എടുത്തോടാ. എനിയ്ക്ക് അതു വേണ്ട”

ഞങ്ങള്‍ ഒന്ന് അമ്പരന്നു. മുട്ട വറുത്തത് വേണ്ട എന്നോ? അതും പിള്ളേച്ചന്‍?

ഞാന്‍ അവനോട് ചോദിച്ചു. “അതെന്തു പറ്റിയെടാ? എന്താ വേണ്ടാത്തത്? വേറെ കറി ഒന്നും ഇല്ല.”

“അതു സാരമില്ല. ഞാന്‍ ഇന്ന് അച്ചാര്‍ കൂട്ടി കഴിച്ചോളാം”. അവന്റെ മുഖഭാവത്തില്‍ മാറ്റമൊന്നും ഇല്ല. അപ്പോള്‍ തമാ‍ശ പറഞ്ഞതല്ല. അവന്റെ പാത്രത്തിലെ മുട്ട ആരെങ്കിലും എടുത്തോ എന്നുള്ള പറച്ചില്‍ വീണ്ടും കേട്ടതും തൊട്ടപ്പുറത്തിരുന്ന സുധിയപ്പന്‍ അത് വേഗം കൈക്കലാക്കി.

പിള്ളേച്ചന്‍ ഭാവഭേദമൊന്നും കൂടാതെ അച്ചാറും കൂട്ടി ചോറു തിന്നാന്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാലും എന്താണ് മുട്ട വേണ്ടാത്തത് എന്നറിയണമല്ലോ. ഞാന്‍ പിന്നെയും അവനോട് കാരണം ചോദിച്ചു.

“അതേയ്, ഞാന്‍ ഇപ്പോള്‍ ഒരു തരം നെയ്യ് കഴിയ്ക്കുന്നുണ്ട്. അതു കൊണ്ടാ” പിള്ളേച്ചന്‍ മറുപടി പറഞ്ഞു.

“ച്ഛെ! എന്നാല്‍ നിനക്ക് ആദ്യമേ മുട്ട വാങ്ങും മുന്‍‌പേ പറയാമായിരുന്നില്ലേ? നമുക്ക് വേറെ വല്ല കറിയും ഉണ്ടാക്കാമായിരുന്നല്ലോ? അവന്‍ അച്ചാറും തൊട്ടു നക്കി വെറും ചോറ് തിന്നുന്നതു കണ്ടപ്പോള്‍ എനിയ്ക്കും വിഷമം തോന്നി. വേറെ കറി ഒന്നും ഉണ്ടാക്കാന്‍ ഒന്നും ഇരിപ്പില്ലല്ലോ.

“അതേ, മുട്ട പൊരിച്ചാല്‍ പോരേ എന്ന് ഇവന്‍ നമ്മളോട് ചോദിച്ചതല്ലേ? അപ്പോ നിനക്ക് പറയാമായിരുന്നില്ലേ? ഇതിപ്പോ അച്ചാറു മാത്രം കൂട്ടി ചോറ് തിന്നേണ്ടേ?” സഞ്ജുവും എന്റെ കൂടെ കൂടി.

“അത് സാരമില്ല. എനിയ്ക്ക് അച്ചാര്‍ മാത്രം കൂട്ടി തിന്നാനൊന്നും പ്രശ്നമില്ല. ആ നെയ്യ് അമ്മ നാട്ടില്‍ ഒരു അമ്പലത്തില്‍ പൂജിച്ചതാണ്”

“ങേ! അപ്പോ നോണ്‍ വെജ് ഒന്നും കഴിയ്ക്കില്ലേ? എന്തു മാത്രം നെയ്യ് ഇനി ബാക്കി ഉണ്ട്?” മാഷിന് പിന്നെയും സംശയം.

“നോണ്‍ വെജ് ഒന്നും കഴിയ്ക്കില്ല. ഒരു കുപ്പി നെയ്യ് ഉണ്ട്. അമ്മ പ്രത്യേകം പറഞ്ഞിട്ടുണ്ട്. അത് കഴിയ്ക്കുമ്പോള്‍ നോണ്‍ വെജ് തൊടരുത് എന്ന്”

പെട്ടെന്ന് ജോബി ഇടയ്ക്കു കയറി ചോദിച്ചു. “അപ്പോ നീ ഇനി നോണ്‍ വെജ് ഒന്നും കഴിയ്ക്കില്ലേ? അല്ലാ, ഈ നെയ്യ് എത്ര നാളത്തേയ്ക്ക് ഉണ്ട്?”

അവന്റെ ചോദ്യത്തിലെ പരിഹാസച്ചുവ മനസ്സിലാക്കിയ പിള്ളേച്ചന്റെ മറുപടി ഉടനെ വന്നു.
“എന്തിയേടാ? ഇനി ജീവിതകാലം മുഴുവന്‍ കഴിയ്ക്കും. അതു കൊണ്ട് ഞാന്‍ നോണ്‍ വെജ് പൂര്‍ണ്ണമായും നിര്‍ത്തി.”

പിള്ളേച്ചന്‍ പറഞ്ഞത് കേട്ട് ഞങ്ങള്‍ക്ക് അത്ഭുതമായി. നോണ്‍ വെജ് എന്നു മുഴുവന്‍ കേള്‍ക്കും മുന്‍‌പേ ചാടി വീഴുന്ന ആളാണ് പിള്ളേച്ചന്‍. പിശുക്കിന്റെ ഉസ്താദ് ആയിരുന്നിട്ട് പോലും ഒരിയ്ക്കല്‍ തീറ്റപ്പന്തയം നടക്കുമ്പോള്‍ അത് കണ്ട് കണ്‍‌ട്രോള്‍ കിട്ടാതെ സ്വന്തം പൈസ മുടക്കിയാണെങ്കിലും ഗ്രില്‍ഡ് ചിക്കന്‍ (ഹാഫ് ചിക്കന്‍ + 5 പൊറോട്ട) വാങ്ങി തിന്നാന്‍ തയ്യാറായ ആള്‍. [പിള്ളേച്ചന്റെ പിശുക്കിന്റെ കഥകള്‍ പറയാനാണെങ്കില്‍ ഒരുപാടുണ്ട്. അതൊക്കെ പിന്നീട് പറയാം]. ആ പിള്ളേച്ചന്‍ ഇനി നോണ്‍ വെജ് തൊടുക പോലും ഇല്ലെന്നോ? എല്ലാവരും അതാലോചിച്ച് ചിരിച്ചു പോയി.

എന്നിട്ടും പിള്ളേച്ചന്‍ തന്റെ തീരുമാനത്തില്‍ നിന്ന് മാറിയില്ല. “ആരും ആക്കി ചിരിയ്ക്കുകയൊന്നും വേണ്ട. ഞാന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അത് തീരുമാനിച്ചതു തന്നെയാ. ഇനി മാറ്റുന്ന പ്രശ്നമില്ല. അമ്മ പറഞ്ഞിട്ടുണ്ട്, ഈ നെയ്യ് തീര്‍ന്നാല്‍ അടുത്ത തവണ നാട്ടില്‍ ചെല്ലുമ്പോള്‍ അടുത്ത കുപ്പി തരാമെന്ന്. അങ്ങനെ ഇനി എന്റെ ജീവിതകാലം മുഴുവനും ഞാന്‍ ഈ നെയ്യ് കഴിയ്ക്കാന്‍ പോവ്വ്വാ. അതോണ്ട് ഇനി മുതല്‍ ഞാന്‍ വെജിറ്റേറിയനാ.”

എന്തായാലും തല്‍ക്കാലം ആ സംഭാഷണം അവിടെ അവസാനിച്ചു. പക്ഷേ, പ്രശ്നങ്ങള്‍ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. പിന്നീടുള്ള ഒരു മാസക്കാലത്തോളം ഞങ്ങള്‍ ശരിയ്ക്ക് കഷ്ടപ്പെട്ടു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇടയ്ക്കൊക്കെ മുട്ട വാങ്ങി ഒരു നേരത്തെ കറി ആക്കുന്നത് വളരെ സൌകര്യമായിരുന്നു. അധികം മിനക്കെടേണ്ടതുമില്ല, സമയ ലാഭവുമുണ്ട്. പിന്നെ വല്ലപ്പോഴുമൊക്കെ ചിക്കനോ ബീഫോ അപൂര്‍വ്വമായാണെങ്കിലും മീനോ മറ്റോ വാങ്ങുകയും ചെയ്യാറുണ്ടായിരുന്നു. പിള്ളേച്ചന്റെ ഈ കടും പിടുത്തം കാരണം ഞങ്ങള്‍ സ്ഥിരമായി പച്ചക്കറി മാത്രം വാങ്ങി കറി വച്ച് കഴിയ്ക്കാന്‍ തുടങ്ങി.

ഇത് മറ്റെല്ലാവര്‍ക്കും ഒരു പാരയായി എന്ന് പറയേണ്ടതില്ലല്ലോ. ചെറിയ മുറുമുറുപ്പോടെ ആണെങ്കിലും എല്ലാവരും ഇത് സഹിയ്ക്കാന്‍ നിര്‍ബന്ധിതരായി. സുധിയപ്പനും ജോബിയും ബിമ്പുവും മത്തനുമെല്ലാം മയത്തിലും ഭീഷണിയായുമൊക്കെ പിള്ളേച്ചനെ സ്വാധീനിയ്ക്കാന്‍ നടത്തിയ ശ്രമങ്ങളൊന്നും തന്നെ വിലപ്പോയില്ല. അവന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. അവന്‍ കഴിച്ചില്ലെങ്കിലും ഞങ്ങള്‍ നോണ്‍ വെജ് ഫുഡ് വാങ്ങി ഉണ്ടാക്കി കഴിയ്ക്കുമെന്നും അങ്ങനെ നോണ്‍ ഉണ്ടാക്കുന്ന ദിവസം അവന്‍ അച്ചാറു കൂട്ടി കഴിക്കേണ്ടി വരും എന്ന് പറഞ്ഞു നോക്കി. അവന്‍ അതു സമ്മതിച്ചു. അതിന്റെ പങ്ക് കഴിച്ചില്ലെങ്കിലും അവനും കൂടെ വഹിയ്ക്കേണ്ടി വരുമെന്നും വരെ പറഞ്ഞു നോക്കി. അതു സാരമില്ലെന്ന് പറഞ്ഞ് അവന്‍ അതും പൂര്‍ണ്ണ മനസ്സോടെ സമ്മതിച്ചു. അവസാനം ഞങ്ങള്‍ തന്നെ തോല്‍‌വി സമ്മതിച്ചു. കൂട്ടത്തിലൊരാള്‍ കഴിയ്ക്കില്ലെന്ന ഒരൊറ്റ കാരണം കൊണ്ട് അതെല്ലാം എല്ലാവര്‍ക്കും ഉപേക്ഷിയ്ക്കേണ്ടി വന്നു.

[ ഒരാള്‍ കഴിയ്ക്കില്ലെങ്കില്‍ വേണ്ട, ബാക്കി ഉള്ളവര്‍ക്ക് കഴിച്ചാലെന്താ എന്നൊരു ചോദ്യം ഉയര്‍ന്നേക്കാം. പക്ഷേ, അന്ന് ഞങ്ങള്‍ക്കിടയില്‍ ആ പതിവ് ഉണ്ടായിരുന്നില്ല. എന്ത് വാങ്ങിയാലും കിട്ടിയാലും ഉള്ളത് 8 പേര്‍ക്കുമായി പങ്കിട്ട്, ഒരുമിച്ചിരുന്ന് കഴിയ്ക്കും. അതായിരുന്നു പതിവ്. അല്ലെങ്കില്‍ അത് വേണ്ട എന്നങ്ങ് തീരുമാനിയ്ക്കും. എന്തിനും ഏതിനും കൂട്ടായ ഒരൊറ്റ തീരുമാനമേ ഉണ്ടാകാറുള്ളൂ. പിണക്കവും ചില്ലറ അഭിപ്രായ വ്യത്യാസങ്ങളും തല്ലു പിടുത്തങ്ങളുമൊന്നും ഉണ്ടാകാറില്ലെന്നല്ല. പക്ഷേ അതിനെല്ലാം അല്‍‌പായുസ്സായിരുന്നു]

അങ്ങനെ ഒന്നൊന്നര മാസം കടന്നു പോയി. പൂജ അവധിയായി, മൂന്നു നാലു ദിവസത്തെ അവധി കിട്ടിയ സന്തോഷത്തില്‍ ഞങ്ങളെല്ലാം നാട്ടിലേയ്ക്ക് തിരിച്ചു. അവധി ദിവസമെല്ലാം വീട്ടില്‍ ആഘോഷിച്ച ശേഷം തിരിച്ചു പോകാനായി ഞങ്ങളെല്ലാവരും ഒരു ഞായറാഴ്ച വൈകുന്നേരത്തോടെ എറണാകുളം സൌത്ത് റെയില്‍‌വേ സ്റ്റേഷനില്‍ ഒത്തു കൂടി. ഒമ്പതരയ്ക്കുള്ള ടീ ഗാര്‍ഡന്‍ എക്സ്‌പ്രസ്സ് എത്തിയപ്പോഴേയ്ക്കും ഞങ്ങളുടെ കൂടെ പഠിയ്ക്കുന്ന പെണ്‍‌കുട്ടികളും അവിടെ എത്തിച്ചേര്‍ന്നു.

വണ്ടി സ്റ്റേഷനില്‍ എത്തിയപ്പോഴേയ്ക്കും പതിവു പോലെ മത്തനും ബിമ്പുവുമെല്ലാം ചാടിക്കയറി ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ള സീറ്റ് പിടിച്ചു (ടീ ഗാര്‍ഡന്‍ എക്സ്‌പ്രസ്സില്‍ ജെനറല്‍ കമ്പാര്‍ട്ട് മെന്റില്‍ പോയി പരിചയമുള്ളവര്‍ക്ക് അറിയാം അത് എത്രത്തോളം സാഹസികമാണെന്ന്). അങ്ങനെ എല്ലാവരും കൂടെ ഒരുമിച്ചിരുന്ന് ചിരിയും തമാശയുമെല്ലാമായി യാത്ര തുടങ്ങി.

സമയം ഏതാണ്ട് രാത്രി പത്തു മണിയായി. എല്ലാവര്‍ക്കും വിശപ്പും തുടങ്ങി. ഇങ്ങനെ ഉള്ള യാത്രകളില്‍ എല്ലാവരും വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടു വരാറുണ്ട്. പെണ്‍കുട്ടികളില്‍‍ ഒന്നു രണ്ടു പേര്‍ വീട്ടില്‍ നിന്ന് ചിക്കന്‍ കറി തയ്യാറാക്കി കൊണ്ടു വന്നിരുന്നു. ഞങ്ങളെ എല്ലാവരെയും നന്നായറിയാവുന്നതു കൊണ്ടും ഞങ്ങളും കൂടെ ഉണ്ടാകുമെന്നറിയാവുന്നതു കൊണ്ടും അവരുടെ അമ്മമാര്‍ ഞങ്ങള്‍ക്കും കൂടി കഴിയ്ക്കാനായി കൂടുതല്‍ ചിക്കന്‍ കൊടുത്തയച്ചിരുന്നു. [ഞങ്ങളെ എല്ലാവരെയും നന്നായറിയാവുന്നതു കൊണ്ട് എന്നതു കൊണ്ടുദ്ദേശിച്ചത് ‘ഞങ്ങളെ നല്ല പരിചയമുള്ളതു കൊണ്ട്’ എന്നേ അര്‍ത്ഥമുള്ളൂ. ‘ഞങ്ങളെല്ലാം നന്നായി കഴിയ്ക്കുമെന്ന് അറിയാവുന്നതു കൊണ്ട്’ എന്ന് ഇപ്പറഞ്ഞതിന് അര്‍ത്ഥമില്ല]

ചിക്കന്‍ പാത്രം പുറത്തെടുത്തതും എല്ലാവരും കൂടെ അതില്‍ ചാടി വീണു. പിന്നെ കുറച്ചു നേരത്തേയ്ക്ക് ആ കമ്പാര്‍ട്ട്മെന്റ് ഒരു യുദ്ധക്കളമായി. ഭക്ഷണം കഴിയ്ക്കുന്നതിന്റേയും ചിക്കന്‍ പീസ് കടിച്ചു പറിയ്ക്കുന്നതിന്റേയും മറ്റും ശബ്ദം മാത്രം. എല്ലാം കഴിച്ച് കഴിഞ്ഞ് എല്ലാവരും ഏമ്പക്കവും വിട്ട് തല പൊക്കി നോക്കുമ്പോഴുണ്ട് പിള്ളേച്ചന്‍ അപ്പോഴും ഒന്നു രണ്ട് എല്ലിന്‍ കഷ്ണങ്ങളെ വിടാതെ ആക്രമിച്ചു കൊണ്ടിരിയ്ക്കുന്നു. എല്ലാവരും കഴിച്ചു കഴിഞ്ഞിട്ടും പിള്ളേച്ചന്‍ നിര്‍ത്തിയിട്ടില്ല.

അപ്പോഴാണ് എല്ലാവരും പിള്ളേച്ചന്റെ നെയ്യുടെ കാര്യം ഓര്‍ത്തത്. അത് കഴിച്ചു കൊണ്ടിരിയ്ക്കുമ്പോള്‍ അവനെങ്ങനെ നോണ്‍ വെജ് കഴിയ്ക്കാന്‍ പറ്റുന്നു? പൂജ അവധിയ്ക്ക് പോകുമ്പോഴേയ്ക്കും പിള്ളേച്ചന്റെ നെയ് കുപ്പി കാലിയായിട്ടുണ്ടായിരുന്നു. അടുത്ത കുപ്പിയുമായി വരുമെന്ന് പറഞ്ഞ് പോയ കക്ഷിയാണ് ഇപ്പോള്‍ ഒരു ചിക്കന്‍ കാലും കടിച്ചു പറിച്ചു കൊണ്ടിരിയ്ക്കുന്നത്. (സത്യം പറയാമല്ലോ. ആ കാഴ്ച കണ്ടിട്ടുണ്ടെങ്കില്‍ ആ പാവം കോഴിയുടെ ആത്മാവിന് പോലും ശാന്തി കിട്ടിക്കാണില്ല. അതെന്ത് പാപം ചെയ്തിട്ടാണോ എന്തോ)

എല്ലാവരുടേയും ശ്രദ്ധ തന്നിലേയ്ക്കാണ് എന്ന് അപ്പോള്‍ മാത്രമാണ് പിള്ളേച്ചന്‍ മനസ്സിലാക്കുന്നത്. അവന്‍ ആ എല്ലിന്‍ കഷ്ണം വേഗം താഴെ വച്ചു, എന്നിട്ട് ഞങ്ങളെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു. എല്ലാവരുടേയും നോട്ടത്തിന്റെ അര്‍ത്ഥം മനസ്സിലായിട്ടും അവന്‍ മിണ്ടാതിരിയ്ക്കുന്നത് കണ്ട് മത്തന് ദേഷ്യം വന്നു.

“ഡാ പരട്ട പിള്ളേ, നീ എന്നാടാ ചിക്കന്‍ പിന്നെയും തിന്നു തുടങ്ങിയത്? ഇനി ഒരിയ്ക്കലും നോണ്‍ വെജ് കഴിയ്ക്കില്ല എന്ന് പറഞ്ഞ ആളല്ലേ നീ? ഇപ്പോ എന്തു പറ്റി?”

പിള്ളേച്ചന്‍ ആദ്യമൊന്ന് പരുങ്ങി. പിന്നെ, അതൊരു വല്യ സംഭവമൊന്നുമല്ല എന്ന രീതിയില്‍ ആരുടേയും മുഖത്തേയ്ക്ക് നോക്കാതെ മറുപടി പറഞ്ഞു.

“ അത് പിന്നെ, ഞാന്‍ ആ നെയ്യ് കൊണ്ടു വന്നിട്ടില്ല. അത് ഇനി കഴിയ്ക്കുന്നുമില്ല. ഒരു കുപ്പി കഴിഞ്ഞപ്പോള്‍ അമ്മ പറഞ്ഞു ഇനി അത് കഴിച്ചില്ലെങ്കിലും കുഴപ്പമൊന്നും ഇല്ല എന്ന്. ഇത്തവണ വീട്ടില്‍ ചെന്നപ്പോള്‍ ഞാന്‍ മീന്‍ കറി എല്ലാം കഴിച്ചിരുന്നു.”

പിള്ളേച്ചന്‍ ഇത് പറഞ്ഞു തീര്‍ത്തതും മത്തനും സുധിയപ്പനും ബിമ്പുവും ജോബിയുമെല്ലാം പിള്ളേച്ചന്റെ ചുറ്റും കൂടിയതും മാത്രമേ ഞങ്ങള്‍ക്ക് ഓര്‍മ്മയുള്ളൂ. പിന്നെ ഞങ്ങള്‍ കാണുന്നത് ഒരു വളിച്ച ചിരിയോടെ ചെവിയും പൊത്തി ഇരിയ്ക്കുന്ന പിള്ളേച്ചനെയും ചീത്ത പറഞ്ഞ് ക്ഷീണിച്ച് പിന്തിരിയുന്ന ബാക്കിയുള്ളവരെയുമാണ്.

ഇതെന്താ കഥ എന്നറിയാതെ അന്തം വിട്ടിരിയ്ക്കുന്ന പെണ്‍കുട്ടികളോട് കാര്യം വിവരിയ്ക്കുമ്പോഴും സുധിയപ്പന്റെ ദേഷ്യം മുഴുവനും മാറിയിരുന്നില്ല. “ഒന്നര മാ‍സം ഞങ്ങളെ കഷ്ടപ്പെടുത്തിയതാ അവന്‍. അത് കാരണം ഒരു മുട്ട വാങ്ങി തിന്നാന്‍ പോലും ഞങ്ങള്‍ക്ക് പറ്റാറില്ല. ഇവനെ പട്ടിണി കിടത്തണ്ടല്ലോ എന്ന് കരുതിയതു കൊണ്ടു മാത്രം. എന്തൊക്കെ ഡയലോഗായിരുന്നു... ഇനി നോണ്‍ തൊടില്ല, ഒരു തീരുമാനമെടുത്താല്‍ മാറ്റമില്ല. എന്നിട്ടിപ്പോ ആ അവന്‍ ചിക്കന്‍ തിന്നാന്‍ ആരോഗ്യമില്ലാഞ്ഞിട്ട് ചിക്കന്‍ കാലെടുത്ത് ട്രെയിന്റെ ജനല്‍കമ്പിയില്‍ കെട്ടിത്തൂക്കി ഇട്ടിട്ട് കടിച്ച് പറിയ്ക്കുന്നത് പോലെയല്ലേ തിന്നത്? ”

അങ്ങനെ ഒരു ഒന്നൊന്നര മാസക്കാലം അവന്റെ ഒപ്പം ഞങ്ങളെ കൂടി വെജിറ്റേറിയന്‍ മാത്രം തീറ്റിച്ച ശേഷം പിള്ളേച്ചന്‍ പൂര്‍വ്വാധികം ശക്തമായി നോണ്‍ വെജിറ്റേറിയന്‍ തന്നെ കഴിയ്ക്കാന്‍ ആരംഭിച്ചു. അതിനു ശേഷം മൂന്നു നാലു തവണ കൂടി പിള്ളേച്ചന്‍ നോണ്‍ വെജ് ഭക്ഷണം ‘ എന്നെന്നേയ്ക്കുമായി ഉപേക്ഷിയ്ക്കുന്ന’തായി പ്രഖ്യാപിച്ചിട്ടുണ്ട് എന്നും കുറച്ച് കാലത്തിനു ശേഷം പഴയ പോലെ തിരിച്ചു വന്നിട്ടുണ്ട് എന്നതും ചരിത്രം.

അവസാനമായി, തഞ്ചാവൂരു നിന്നും പഠനമെല്ലാം അവസാനിപ്പിച്ച് പല വഴി പിരിഞ്ഞ ശേഷം മൂന്നു വര്‍ഷം കൂടെ കഴിഞ്ഞ് ഇവിടെ ബാംഗ്ലൂര്‍ വച്ച് ഞാന്‍ കാണുമ്പോഴും പിള്ളേച്ചന്‍ വെജിറ്റേറിയന്‍ ആയിക്കഴിഞ്ഞിരുന്നു. പിന്നീട് രണ്ടു മൂന്നു മാസത്തിനു ശേഷം പഴയ പടി നോണ്‍ വെജിറ്റേറിയനായി തിരിച്ചു വരുകയും ചെയ്തു എന്ന് കൂടി പറഞ്ഞാലേ ഈ സംഭവം പൂര്‍ണ്ണമാകുകയുള്ളൂ .

Thursday, June 11, 2009

ഒരു സുഹൃദ്‌സ്മരണ

ഇതു പോലെ ഒരു ജൂണ്‍ മാസാരംഭത്തില്‍ സ്കൂള്‍ തുറന്ന സമയം. ഞാന്‍ അന്ന് എന്റെ പ്രിയപ്പെട്ട വാളൂര്‍ സ്കൂളില്‍ ഒമ്പതാം ക്ലാസ്സിലേയ്ക്ക് പാസ്സായിരിയ്ക്കുന്നു. രണ്ടാം ദിവസം ക്ലാസ്സില്‍ വന്നു കയറിയ ഞാന്‍ എന്റെ പുറകിലത്തെ ബഞ്ചിലിരിയ്ക്കുന്ന കുട്ടിയെ കണ്ട് കുറച്ചൊന്ന് അത്ഭുതപ്പെട്ടു. അത് അവനായിരുന്നു. എന്റെ വീടിന്റെ നാലഞ്ച് വീടിനപ്പുറമുള്ള വീട്ടിലെ, എന്നേക്കാള്‍ മൂന്നു നാലു വയസ്സിനെങ്കിലും മുതിര്‍ന്ന കണ്ണന്‍.

“ങേ, ശ്രീയോ? നീ ക്ലാസ്സിലാണല്ലേ? ചെറിയൊരു ചമ്മലോടെ അവന്‍ ചോദിച്ചു.

“അതേകണ്ണന്‍ എങ്ങനെ ഇവിടെ? ഞാനും അതിശയത്തോടെ തിരിച്ചു ചോദിച്ചു.

അപ്പോഴേയ്ക്കും സുനി ( അന്നും ഇന്നും എന്റെ അടുത്ത സുഹൃത്തായ ബ്ലോഗര്‍ ഉപാസന) ഇടപെട്ടു. “എടാനിന്റെ അയല്‍ക്കാരന്‍ ആയിട്ടും നീ അറിഞ്ഞില്ലേ? ഇവന്‍ വീണ്ടും പഠിയ്ക്കാന്‍ തീരുമാനിച്ചു. ഇനി മുതല്‍ നമ്മുടെ സഹപാഠിയാണ്”.

വൈകാതെ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍ അവന്‍ ഒമ്പതാം ക്ലാസ്സിലായിരുന്നു. അന്ന് സാമാന്യം വഷളത്തരങ്ങളും മോശം കൂട്ടുകെട്ടുകളുമായി പഠനത്തില്‍ തീരെ ശ്രദ്ധയില്ലാത്ത, ടീച്ചര്‍മാരുടെ നോട്ടപ്പുള്ളിയായിരുന്ന ഒരു വിദ്യാര്‍ത്ഥിയായിരുന്നു അവന്‍. അക്കാലത്ത് പരീക്ഷകളില്‍ അഞ്ചും ആറും വിഷയങ്ങള്‍ വരെ അവന്‍ തോല്‍ക്കുന്ന പതിവുണ്ടായിരുന്നു. അവസാനം വാര്‍ഷിക പരീക്ഷ തോറ്റതോടെ പഠനം നിര്‍ത്തി വാര്‍ക്കപ്പണിയ്ക്കു പോകാനുള്ള അവന്റെ തീരുമാനനത്തില്‍‍ ‍ നാട്ടുകാര്‍ക്കോ അദ്ധ്യാപകര്‍ക്കോ അത്ഭുതം തോന്നിയില്ലെന്ന് മാത്രമല്ല, വീട്ടുകാര്‍ക്ക് സന്തോഷമാകുകയും ചെയ്തു. കുടുംബത്തിന് ഒരു വരുമാനമാകുമല്ലോ.

കണ്ണന്‍ രണ്ട് വര്‍ഷത്തിനു ശേഷം തിരിച്ചു വന്നിരിയ്ക്കുകയാണ്. എങ്ങനെ എങ്കിലും പത്താം ക്ലാസ്സ് പാസാകണം എന്ന ലക്ഷ്യത്തോടെയാണ് രണ്ടാം വരവ്. അതും ആരുടേയും നിര്‍ബന്ധം കൊണ്ടൊന്നുമല്ലസ്വയം തോന്നി, തിരിച്ചെത്തിയിരിയ്ക്കുകയാണ്. അതു കൊണ്ടു തന്നെ രണ്ടാം വരവില്‍ അവന്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കാണിയ്ക്കാന്‍ ശ്രമിച്ചു. ടീച്ചര്‍മാരോട് സംശയങ്ങള്‍ ചോദിയ്ക്കാനും നല്ല കൂട്ടുകെട്ടുകളില്‍ മാത്രം പങ്കാളിയാകാനും ശ്രദ്ധിച്ചു. വഷളനായ ഒരു കുട്ടിയുടെ തിരിച്ചു വരവ് എന്ന നിലയില്‍ എല്ലാ ടീച്ചര്‍മാരും അവന് കൂടുതല്‍ പരിഗണനയും കൊടുത്തു.

എങ്കിലും, രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള അവന്റെ തിരിച്ചു വരവ് അത്ര എളുപ്പമായിരുന്നില്ല. വീണ്ടും പഠനത്തിന്റെ ട്രാക്കിലെത്താന്‍ അവന് കിണഞ്ഞു പരിശ്രമിയ്ക്കേണ്ടി വന്നു. അവനാണെങ്കില്‍ മുന്‍പ് ശരാശരിയ്ക്കും താഴെ മാത്രം പഠിച്ചിരുന്ന വ്യക്തിയുമായിരുന്നല്ലോ. മാത്രമല്ല, കണ്ണനെ പരിഹസിയ്ക്കാനും ഒട്ടേറെ പേരുണ്ടായിരുന്നു. അവന്റെ കൂടെ മുന്‍‌പ് പഠിച്ചിരുന്ന പലരും അപ്പോഴേയ്ക്കും സ്കൂള്‍ ജീവിതമെല്ലാം അവസാനിപ്പിച്ചിരുന്നല്ലോ. അവരും ചില നാട്ടുകാരുമെല്ലാം മടങ്ങി വരവിനെ പരിഹാസത്തോടെയാണ് കണ്ടിരുന്നത്.

അതു കൊണ്ടൊക്കെ തന്നെ ഒമ്പതാം ക്ലാസ്സിലെ ആദ്യ കുറേ ദിവസങ്ങള്‍ കണ്ണന്‍‍ ശരിയ്ക്കും കഷ്ടപ്പെട്ടു. ശ്രമിച്ചിട്ടും ഹോം വര്‍ക്കുകള്‍ ചെയ്യാന്‍ പറ്റാതെയും പഠിച്ചിട്ടും ക്ലാസ്സില്‍ ചോദിയ്ക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാകാതെയും അവന്‍ ദിവസങ്ങളില്‍ പലപ്പോഴും വിഷമിച്ചു. ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടും പ്രതീക്ഷയ്ക്കൊത്ത് ഉയരാനാകാത്തതില്‍ അവനും നിരാശ തോന്നിയിരിയ്ക്കണം. ഒപ്പം പുറത്തു നിന്നുമുള്ള പരിഹാസങ്ങളും കൂടിയായപ്പോള്‍ അവന്‍ മാനസികമായി തകര്‍ന്നു.

എങ്കിലും ഞങ്ങളുടെ ക്ലാസ്സിലെ ഭൂരിഭാഗം പേരുടേയും പിന്തുണ കണ്ണനോടൊപ്പം ഉണ്ടായിരുന്നു. അത് അവന് ശരിയ്ക്കും ഒരു പ്രചോദനമായിരുന്നു. ക്ലാസ്സില്‍ തരക്കേടില്ലാതെ പഠിയ്ക്കുന്നവര്‍ എന്ന നിലയില്‍ കണ്ണന് എന്നോടും ഉപാസനയോടും മഹേഷിനോടുമെല്ലാം കുറച്ച് ബഹുമാനം കലര്‍ന്ന സ്നേഹമുണ്ടായിരുന്നു. അവന്‍ ഒഴിവു പിരിയഡുകളില്‍ ഞങ്ങളോട് സംശയങ്ങള്‍ ചോദിയ്കുന്നതും മറ്റും പതിവായി. ഞങ്ങളാണെങ്കില്‍ അവനെ വേണ്ടത്ര പ്രോത്സാഹിപ്പിയ്ക്കാനും കഴിയും വിധമെല്ലാം അവനെ സഹായിയ്ക്കാനും ശ്രമിച്ചിരുന്നു. ഒപ്പം ഹിന്ദി ടീച്ചറായ ലീലാവതി ടീച്ചറും മറ്റും അവനെ സഹായിയ്ക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു.

അങ്ങനെ അവന്‍ കുറേശ്ശെ മെച്ചപ്പെട്ടു വരാന്‍ തുടങ്ങി. ഒമ്പതിലെ ഓണപ്പരീക്ഷക്ക് രണ്ടോ മൂന്നോ വിഷയങ്ങള്‍ക്കു മാത്രമാണ് അവന് പാസ്സ്മാര്‍ക്ക് കിട്ടാതിരുന്നത്. എന്നാല്‍ ക്രിസ്തുമസ് പരീക്ഷ ആയപ്പോഴേയ്ക്കും കണക്ക് ഒഴികെയുള്ള എല്ലാ വിഷയങ്ങളിലും പാസ്സാകാന്‍ അവനു സാധിച്ചു. അങ്ങനെ ഒമ്പതാം ക്ലാസ്സിലെ വാര്‍ഷിക പരീക്ഷ കഴിഞ്ഞു. അവന്‍ പത്തിലേയ്ക്ക് പാസ്സാകുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ആര്‍ക്കും സംശയമേയില്ലായിരുന്നു.

പിന്നീടുള്ള രണ്ടു മാസത്തെ മദ്ധ്യവേനല്‍ അവധിക്കാലത്ത് ഞങ്ങളെല്ലാം കളിച്ചു തിമര്‍ക്കുമ്പോള്‍ കണ്ണന്‍ മാത്രം ആ കൂട്ടത്തിലെങ്ങും ഉണ്ടായിരുന്നില്ല. പകരം, അവന്‍ തന്റെ പഴയ സുഹൃത്തുക്കള്‍ക്കൊപ്പം വാര്‍ക്കപ്പണിയ്ക്കു പോയി. പത്താം ക്ലാസ്സിലെ പഠന ചിലവുകള്‍ക്കായി ജോലി ചെയ്തു കിട്ടുന്ന വരുമാനം സൂക്ഷിച്ചു വച്ചു.

വൈകാതെ റിസല്‍ട്ട് വന്നു, പ്രതീക്ഷിച്ചിരുന്ന പോലെ ഞങ്ങളോടൊപ്പം അവനും പത്താം ക്ലാസ്സിലെത്തി. അപ്പോഴേയ്ക്കും അവന്റെ പഠന നിലവാരവും ഉയര്‍ന്നിരുന്നു. അവനെപ്പോലെ തന്നെ ഞങ്ങള്‍ സുഹൃത്തുക്കളും അദ്ധ്യാപകരും അവന്റെ പുരോഗതിയില്‍ സന്തോഷിച്ചു.

ക്ലാസ്സിലെ മുപ്പതിലധികം വരുന്ന ഞങ്ങള്‍ സഹപാഠികള്‍ക്ക് ഒരു അത്ഭുതമായി മാറിയിരുന്നു അവന്‍. ഞങ്ങളെക്കാള്‍ മൂന്നോ നാലോ വയസ്സിന് മൂത്തവന്‍. പഠനം മതിയാക്കി പണിയ്ക്കു പോയ ശേഷം വീണ്ടു വിചാരം തോന്നി, തിരിച്ചു വന്നവന്‍. അതിനേക്കാളുപരി പഠന ചിലവുകള്‍ക്കുള്ള പണം സ്വയം സമ്പാദിയ്ക്കുന്നവന്‍അങ്ങനെ അങ്ങനെ

അപ്പോഴേയ്ക്കും പഴയതു പോലെ അവനെ ആരും കളിയാക്കാതെയായി. സ്കൂളിനകത്തും പുറത്തും അവനെ പ്രോത്സാഹിപ്പിയ്ക്കുന്നവര്‍ മാത്രമായി. എങ്കിലും പത്താം ക്ലാസ്സില്‍ ആണല്ലോപഠനത്തിന്റെ സംശയങ്ങള്‍ തീര്‍ക്കാനും മറ്റുമായി എവിടെ എങ്കിലും ട്യൂഷന് ചേരുന്നത് നല്ലതാണ് എന്ന് എല്ലാവരും പറഞ്ഞത് ശരിയാണെന്ന് തോന്നിയതിനാല്‍ അവന്‍ പറ്റിയ ഒരാളെ തപ്പി നടപ്പായി. അവന് ഒരു ട്യൂഷന്‍ പോലെ പറഞ്ഞു കൊടുക്കാന്‍ എനിയ്ക്കോ സുനിലിനോ സമയം കിട്ടുമോ എന്ന് ഒരിയ്ക്കല്‍ അവന്‍ എന്നോട് ചോദിച്ചു. എന്നാല്‍ അവന്റെ സഹപാഠികള്‍ മാത്രമായ ഞങ്ങളേക്കാള്‍ നല്ലത് മറ്റാരെയെങ്കിലും കണ്ടെത്തുന്നതാണെന്ന് എനിയ്ക്ക് തോന്നി. അങ്ങനെ ആണ് എന്റെ സുഹൃത്തും അയല്‍‌ക്കാരനുമായ (അന്ന് കോളേജ് വിദ്യാര്‍ത്ഥി ആയിരുന്ന) ജിബിഷ് ചേട്ടനെ തപ്പിയെടുത്തത്. ആദ്യമെല്ലാം മടിച്ചെങ്കിലും അവസാനം തനിക്ക് അറിയാവുന്നത് പറഞ്ഞു കൊടുക്കാന്‍ ജിബീഷ് ചേട്ടനും തയ്യാറായി.(ജിബീഷ് ചേട്ടനെ സംബന്ധിച്ചിടത്തോളം അതൊരു തുടക്കമായിരുന്നു. പിന്നീടുള്ള 10 വര്‍ഷക്കാലം ഞങ്ങളുടെ നാട്ടിലെ തന്നെ എറ്റവും മികച്ച ട്യൂഷന്‍ സെന്റര്‍ ആയിരുന്നു ജിബിഷ് ചേട്ടനും എന്റെ ചേട്ടനും കൂടി നടത്തിക്കൊണ്ടു പോന്ന ഹരിശ്രീ ട്യൂഷന്‍ സെന്റര്‍)

അങ്ങനെ പത്താം ക്ലാസ്സിലെ ഓണപ്പരീക്ഷ വരെ സുഗമമായി കടന്നു പോയി. ഓണപ്പരീക്ഷയ്ക്ക് അവന് മുന്നൂറ്റി അമ്പതിനടുത്ത് (600 ല്‍) മാര്‍ക്ക് ഉണ്ടായിരുന്നു. അദ്ധ്യാപകര്‍ എല്ലാം അവനെ കലവറയില്ലാതെ പ്രശംസിച്ചു.

അക്കാലത്ത് ഒരു ദിവസം കണ്ണന്റെ പുറത്തു തട്ടിക്കൊണ്ട് തമാശരൂപേണ സുനി (ഉപാസന) എന്നോട് പറയുക പോലും ചെയ്തു. “എടാ… ഇതാ നമുക്കൊരു ശക്തനായ എതിരാളി” എന്ന്. ആ പ്രശംസ ഒരു അംഗീകാരമെന്ന പോലെ കണ്ണനും വിനയപൂര്‍വ്വം ആസ്വദിച്ചു.

എന്നാല്‍ അതിനു ശേഷമായിരുന്നു കാര്യങ്ങള്‍ തകിടം മറിഞ്ഞത്. എപ്പോഴും ‘പഠനംപഠനം എന്നു മാത്രമായി അവന്റെ ചിന്ത. എങ്ങനെ എങ്കിലും എസ്സ്. എസ്സ്. എല്‍. സി. പാസ്സായേ തിരൂ എന്ന ശക്തമായ തോന്നലില്‍ അവന്‍ രാത്രികളിലെല്ലാം ഉറക്കമിളച്ച് പഠിയ്ക്കാന്‍ തുടങ്ങി. ഉറക്കം വരാതിരിയ്ക്കാനായി ആരൊക്കെയോ പറഞ്ഞ മരുന്നുകളും മറ്റും വാങ്ങിക്കഴിയ്ക്കുകയും ചെയ്തു. ഇതെല്ലാം അവനെ പ്രതികൂലമായി ബാധിച്ചു. രാത്രി സമയങ്ങളില്‍ ഒരുപാടു വൈകും വരെ ഇരുന്നും അതിരാവിലെ തന്നെ ഉണര്‍ന്നും എല്ലാം പഠിയ്ക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി അവന്‍ സ്ഥിരമായി തലവേദനയും മറ്റും തുടങ്ങി. എപ്പോഴും ഓരോന്ന് ചിന്തിച്ച് ടെന്‍ഷനടിച്ച് ഉറക്കം തന്നെ ഇല്ലാതായി. അതോടൊപ്പം പലരുടേയും അഭിപ്രായങ്ങള്‍ കേട്ട് തോന്നിയ പോലെ മരുന്നുകളും മറ്റും വാങ്ങി കഴിച്ച് അവന്‍ ആകെ ഒരു ഉന്മാദാവസ്ഥയിലായി.

വര്‍ഷത്തെ ക്രിസ്തുമസ്സ് പരീക്ഷയ്ക്ക് കണ്ണന്‍ വളരെ കഷ്ടപ്പെട്ടു. പരീക്ഷകള്‍ നേരാം വണ്ണം എഴുതാന്‍ തന്നെ അവനു സാധിച്ചില്ല. ഒന്നു രണ്ടു വിഷയങ്ങള്‍ക്ക് പാസ് മാര്‍ക്ക് നേടാനും സാധിച്ചില്ല. ഞങ്ങള്‍ ക്ലാസ്സിലെ കുട്ടികളും അദ്ധ്യാപകര്‍ക്കും അത്ഭുതമായി. എല്ലാവര്‍ക്കും അവനോട് ഒന്നു മാത്രമേ ചോദിയ്ക്കാനുണ്ടായിരുന്നുള്ളൂ“എന്തു പറ്റി, കണ്ണന്? ഉഴപ്പിയതാണോ? അസുഖം വല്ലതുമാണോ?

ആരെന്തു ചോദിച്ചാലും ഒന്നിനും മറുപടി പറയാതെ അവന്‍ മിണ്ടാതെ നില്‍ക്കും. ആ കാലയളവില്‍ അവധി ദിവസങ്ങളാണെങ്കില്‍ അവന്‍ പലപ്പോഴും എന്റെ വീട്ടിലേയ്ക്ക് വരാറുണ്ട്. അങ്ങനെ സംസാരിച്ചിരിയ്ക്കുമ്പോള്‍ അവന്‍ അവന്റെ പ്രശ്നങ്ങള്‍ എന്നോട് പറയും. ഞാന്‍ അവനെ (വെറുമൊരു പതിനഞ്ചുകാരന്റെ അറിവു വച്ചു കൊണ്ടാണെങ്കിലും) എന്തെങ്കിലുമൊക്കെ പറഞ്ഞ് സമാധാനിപ്പിയ്ക്കാന്‍ ശ്രമിയ്ക്കും. അതു പോലും അവന് വലിയ ആശ്വാസമായിരുന്നു എന്ന് പിന്നീട് അവനെന്നോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ സംസാരിച്ചിരുന്ന വേളയില്‍ ഒരിയ്ക്കല്‍ അവനെന്നോട് പറഞ്ഞു.

“ശ്രീ, നിനക്കറിയില്ല എന്റെ വീട്ടിലെ അവസ്ഥ. എന്റെ കുടുംബത്തില്‍ ഇന്ന് വരെ ആരും പത്താം ക്ലാസ്സ് പാസ്സായ ചരിത്രമില്ല. നിനക്കറിയാമല്ലോ എന്റെ ചേച്ചിയെ? എന്നെക്കാള്‍ നന്നായി പഠിച്ചിരുന്ന ചേച്ചിയ്ക്കു പോലും രണ്ടു തവണ ശ്രമിച്ചിട്ടും എസ്സ്. എസ്സ്. എല്‍. സി. പാസ്സാകാന്‍ സാധിച്ചിച്ചിട്ടില്ല. അത് ഞങ്ങളുടെ കുടുംബത്തിന്റെ തന്നെ ശാപമാണ്. എന്റെ അമ്മയും അതു തന്നെയാണ് പറയുന്നത്. എത്ര പഠിച്ചാലും ഞാന്‍ പാസ്സാകില്ല എന്ന്. നേരം കൊണ്ട് പഠിപ്പു നിര്‍ത്തി പണിയ്ക്കു പോയി നാലു കാശുണ്ടാക്കാന്‍ നോക്കണമെന്നാണ്‍ അവരുടെ അഭിപ്രായം”.

ഒന്നു നിര്‍ത്തിയ ശേഷം അവന്‍ തുടര്‍ന്നു.

നിനക്കറിയുമോ? ഞാന്‍ പണിയ്ക്കു പോകുന്ന ദിവസങ്ങളില്‍ രാവിലെ ഞാന്‍ ഉണര്‍ന്നെഴുന്നേറ്റ് വരുമ്പോഴേയ്ക്കും കുളിമുറിയില്‍ ചൂടുവെള്ളം റെഡി ആയിട്ടുണ്ടാകും. കുളിച്ച് വരുമ്പോഴേയ്ക്കും ഭക്ഷണവും തയ്യാറായിരിയ്ക്കും. പക്ഷേ, പഠിയ്ക്കാന്‍ പോകുന്ന ദിവസങ്ങളില്‍ ഇതൊന്നുമില്ല. കുളിയും കഴിഞ്ഞ്, ക്ലാസ്സില്‍ പോകും മുന്‍‌പ് കഞ്ഞി കിട്ടണമെങ്കില്‍ തന്നെ പല തവണ ചോദിയ്ക്കണം, കുറേ കുത്തു വാക്കുകള്‍ കേള്‍ക്കണം അത്രയും പറഞ്ഞപ്പോഴേയ്ക്കും അവന്റെ ശബ്ദം ഇടറി.

അവന്‍ പറഞ്ഞത് കേട്ട് ഞാന്‍ സ്തബ്ദനായി നിന്നു പോയി. സ്വന്തം അമ്മയുടെ പെരുമാറ്റത്തെ പറ്റിയാണ് അവന്‍ പറഞ്ഞത്. പഠിയ്ക്കാനായി വീണ്ടും സ്കൂളില്‍ പോകുന്നതിനോട് അവന്റെ വീട്ടില്‍ ആര്‍ക്കും താല്പര്യമില്ല എന്ന് എനിയ്ക്ക് അപ്പോഴാണ് ശരിയ്ക്കും ബോധ്യമായത്. അവന്‍ പഠിയ്ക്കാനായി പോകുന്നതു കൊണ്ട് വീട്ടിലേയ്ക്കുള്ള വരുമാനം കുറഞ്ഞു എന്നതാണ് അവന്റെ അമ്മ പോലും അങ്ങനെ പെരുമാറാന്‍ കാരണം എന്നത് എന്നെ അത്ഭുതപ്പെടുത്തി. (വീട്ടിലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഒന്നും നിങ്ങള്‍ അറിയണ്ട, നിങ്ങള്‍ക്ക് പഠിയ്ക്കാന്‍ പറ്റുന്നിടത്തോളം പഠിച്ചാല്‍ മതി എന്ന് എന്റെ വീട്ടില്‍ അച്ഛനും അമ്മയും എന്നോടും ചേട്ടനോടും പറയുന്നതിലെ സ്നേഹവും ആത്മാര്‍ത്ഥതയും ആദ്യമായി തിരിച്ചറിഞ്ഞത് ഒരു പക്ഷേ അന്നായിരിയ്ക്കണം. അന്നു വരെ, പോയിരുന്നു പഠിയ്ക്കെടാ എന്ന് പറയുമ്പോള്‍ മടിയോടെ, അവര്‍ക്ക് വേണ്ടി എന്ന പോലെയാണ് പുസ്തകവുമെടുത്ത് വല്ലതുമൊക്കെ പഠിയ്ക്കാന്‍ ചെന്നിരിയ്ക്കാറുള്ളത്)

ഇത്രയൊക്കെ പ്രശ്നങ്ങള്‍ക്കിടയിലാണ് അവന്‍ പത്താം ക്ലാസ്സിലെ പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്നത്. ഇങ്ങനെയുള്ള എല്ലാ ചിന്തകളും കൂടി ആയപ്പോള്‍ അവന് എത്ര ശ്രമിച്ചിട്ടും ഒന്നും തലയില്‍ കയറാതായി. ക്ലാസ്സില്‍ ശ്രദ്ധിയ്ക്കാനും പറ്റാതായപ്പോള്‍ അവന് എന്താണ് പറ്റിയതെന്ന് ടീച്ചര്‍മാരും ചോദിയ്ക്കാന്‍ തുടങ്ങി. അവസാനം ഞങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി അവന്‍ തന്റെ പ്രശ്നങ്ങള്‍ എല്ലാം അവരോട് പങ്കു വച്ചു. പിന്നീടുള്ള രണ്ട് മൂന്ന് മാസക്കാലം അദ്ധ്യാപകരുടെ എല്ലാം പ്രധാന പരിപാടി അവനെ സമാധാനിപ്പിയ്ക്കുക, പ്രോത്സാഹിപ്പിയ്ക്കുക, ഉപദേശങ്ങള്‍ നല്‍കുക എന്നതൊക്കെയായിരുന്നു. “കണ്ണന് എന്തു പ്രശ്നമുണ്ടെങ്കിലും ഒരു അമ്മയോടെന്ന പോലെ എന്നോട് തുറന്നു പറഞ്ഞു കൊള്ളൂ എന്നു പറഞ്ഞ ലിലാവതി ടീച്ചറിനു മുന്നില്‍ വച്ച് നിയന്ത്രണം വിട്ട് നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍ തുടച്ചു നില്‍ക്കുന്ന കണ്ണനെ എനിയ്ക്ക് ഇന്നും നല്ല ഓര്‍മ്മയുണ്ട്. പലപ്പോഴും ടീച്ചര്‍ അവനെ സ്വന്തം വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി സമാധാനിപ്പിച്ച് ധൈര്യം കൊടുത്ത് വിട്ടിട്ടുണ്ട്.

അങ്ങനെ പതുക്കെ പതുക്കെ അവന്റെ മാനസികാവസ്ഥ കുറേയൊക്കെ ശരിയായി. പക്ഷേ, അപ്പോഴേയ്ക്കും സമയം അതിക്രമിച്ചു കഴിഞ്ഞിരുന്നു. എസ്സ്. എസ്സ്. എല്‍. സി. പരീക്ഷയ്ക്ക് വേണ്ടതു പോലെ തയ്യാറെടുക്കാനുള്ള സമയം അവനു കിട്ടിയില്ല. എങ്കിലും എങ്ങനെ എങ്കിലും പാസാകണം എന്ന വാശി അവനും അവനെ കഴിയും വിധമെല്ലാം സഹായിയ്ക്കാനുള്ള സന്മസസ്സ് അദ്ധ്യാപകര്‍ക്കും ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കും ഉണ്ടായിരുന്നു. ഒപ്പം രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജിബീഷ് ചേട്ടനും അവന്റെ സംശയങ്ങള്‍ തീര്‍ത്തു കൊടുക്കാന്‍ സമയം കണ്ടെത്തി.

അങ്ങനെ അവസാനം എസ്സ്. എസ്സ്. എല്‍. സി. റിസല്‍ട്ട് വന്നു. കണ്ണന്റെ പ്രാര്‍ത്ഥനയ്ക്കു ഫലമുണ്ടായി. ഇരുന്നൂറ്റി അമ്പതിനടുത്ത് മാര്‍ക്ക് വാങ്ങി അവന്‍ പാസ്സായി.

പത്താം ക്ലാസ്സിന്റെ തുടക്കത്തില്‍ എല്ലാവരും മിനിമം ഫസ്റ്റ് ക്ലാസ്സ് എങ്കിലും പ്രതീക്ഷിച്ചിരുന്നുവെങ്കിലും അദ്ധ്യയന വര്‍ഷത്തിന്റെ പകുതി ആയപ്പോഴേയ്യ്ക്കും എസ്സ്. എസ്സ്. എല്‍. സി. അവന് പാസ്സാകാന്‍ സാധിയ്ക്കുമോ എന്ന് പോലും സംശയിച്ചിരുന്നു. അങ്ങനെ നോക്കുമ്പോള്‍ പാസ്സാകാനെങ്കിലും സാധിച്ചല്ലോ എന്ന സംതൃപ്തിയായിരുന്നു അവന്.

പക്ഷേ, അതോടെ അവന്‍ പഠനം നിര്‍ത്തി, വീണ്ടും പണിയ്ക്കു പോയിത്തുടങ്ങി. ഞങ്ങളെല്ലാം നിബന്ധിച്ചിട്ടും തുടര്‍ന്ന് പഠിയ്ക്കാന്‍ അവന്‍ കൂട്ടാക്കിയില്ല. അധികം വൈകാതെ ഞങ്ങളുടെ നാട്ടിലെ വീടും സ്ഥലവും എല്ലാം വിറ്റ് അവര്‍ മറ്റൊരു ദേശത്തേയ്ക്ക് യാത്രയായി. പിന്നീട് രണ്ടോ മൂന്നോ തവണയേ ഞാന്‍ അവനെ കണ്ടിട്ടുള്ളൂഅവസാനമായി രണ്ടു വര്‍ഷം മുന്‍പ് കണ്ടപ്പോള്‍ അവന്‍ ഒരുപാട് സംസാരിച്ചു. അന്ന് കുറച്ചൊരു നഷ്ടബോധത്തോടെ അവന്‍ പറഞ്ഞു. “അന്ന് നിങ്ങള്‍ പറഞ്ഞതു പോലെ പഠനം നിര്‍ത്തേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നെടാപത്താം ക്ലാസ് പാസായതു കൊണ്ട് മാത്രം എന്റെ ജീവിതത്തില്‍ ഒരു മാറ്റവും വന്നില്ല”

----------
ഇപ്പോഴും ഇടയ്ക്ക് വല്ലപ്പോഴുമൊരിയ്ക്കല്‍ എന്റെ പഴയ പത്താം ക്ലാസ്സിലെ ഓട്ടോഗ്രാഫ് എടുത്ത് മറിച്ചു നോക്കുമ്പോള്‍ കണ്ണന്‍ എഴുതിയ പേജില്‍ എത്തുമ്പോള്‍ ഞാന്‍ പലതും ഓര്‍ക്കുംഅന്ന് അവന്‍ എന്റെ ഓട്ടോഗ്രാഫ് എഴുതിയ ദിവസവും

എന്റെ ഓട്ടോഗ്രാഫ് ബുക്കില്‍ എന്തെങ്കിലും രണ്ടു വരി കുറിയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവനത് വാങ്ങി, ഒറ്റയ്ക്കൊരു ബഞ്ചില്‍ പോയിരുന്നു. ഏതാണ്ട് പത്തു പതിനഞ്ച് മിനുട്ട് നേരം എന്തൊക്കെയോ അലോചിച്ചിരുന്നു. അവസാനം അത് മടക്കി എന്റെ കയ്യില്‍ തന്നിട്ട് അവന്‍ പറഞ്ഞു “ഞാന്‍ പോയിക്കഴിഞ്ഞിട്ട് നീ ഇതു തുറന്നു നോക്കിയാല്‍ മതി”

അത്രയും
പറഞ്ഞ് അവന്‍ ക്ലാസ്സില്‍ നിന്ന് ഇറങ്ങി പോയി. ഉടനെ തന്നെ ഞാന്‍ പേജ് തുറന്നു നോക്കി. അത്രയും സമയമെടുത്ത് അവന്‍ എന്തായിരിയ്ക്കും എഴുതിയത് എന്നറിയാന്‍അതില്‍ കണ്ണു നീര്‍ വീണ് കുതിര്‍ന്ന ഒരു പേജില്‍ ആകെ എഴുതിയിരുന്നത് ഇത്ര മാത്രമായിരുന്നു.

“ഒന്നുമില്ലെങ്കിലും എന്നെ മനസ്സിലാക്കാന്‍ നിനക്ക് സാധിച്ചല്ലോഎനിയ്ക്ക് അതു മതി”

വരികളില്‍ എല്ലാമുണ്ടായിരുന്നു. അവന്റെ മനസ്സ്നൊമ്പരങ്ങള്‍ എല്ലാം.

സാഹചര്യങ്ങള്‍ സമ്മതിയ്ക്കാത്തതു കൊണ്ട് ജീവിതം വഴിമാറി പോയവരെ കുറിച്ചു പറഞ്ഞു കേള്‍ക്കുമ്പോള്‍ ഞാന്‍ കണ്ണനെ ഓര്‍ക്കും. സ്വന്തം കുടുംബത്തില്‍ നിന്നെങ്കിലും വേണ്ടത്ര പിന്തുണ കിട്ടിയിരുന്നെങ്കില്‍ അവന് ഇന്ന് ഗതി വരില്ലായിരുന്നു.

വി.ബി. മാഷുടെ മനോഹരമായ ഒരു സൌഹൃദ പോസ്റ്റ് ഇതാ ഇവിടെ. വായിയ്ക്കൂ.