ഈ സംഭവം നടക്കുന്നത് പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. സ്ഥലം ഞങ്ങളുടെ ‘പ്രശസ്തമായ’ ചെറുവാളൂര്‍ ഗ്രാമം. (ഞങ്ങളുടെ ഗ്രാമം ഞങ്ങളുടെ ഇടയില്‍ വളരെ പ്രശസ്തമാണ്. മറ്റു നാട്ടുകാരുടെ ഇടയില്‍ എങ്ങനെയാണെന്നറിയില്ല.)
ഞാന്‍ അന്ന് അഞ്ചിലോ ആറിലോ പഠിക്കുന്നു. മദ്ധ്യവേനലവധി ആരംഭിച്ച സമയം. ആ സമയം ഞങ്ങളുടെ നാട്ടിലെ ഉത്സവ സമയമാണ്. ഉത്സവകാലം ഫെബ്രുവരി മുതല്‍ ഏപ്രില്‍ മാസം വരെ നീണ്ടു നില്ക്കും. കാരണം ചുറ്റുവട്ടത്തായി ക്ഷേത്രങ്ങള്‍ അഞ്ചാണ്. അങ്ങനെ ഒരു മാര്‍ച്ച്-ഏപ്രില്‍ മാസത്തിലായിരുന്നു കഥയ്ക്കാസ്പദമായ സംഭവം നടക്കുന്നത്. നാട്ടില്‍ ഉത്സവകാലങ്ങളില്‍ പണ്ടു മുതലേ 3 അല്ലെങ്കില്‍ 5 ആനകളെങ്കിലും ഉണ്ടാകാറുണ്ട്. ഉത്സവം അടുക്കുമ്പോഴേയ്ക്കും ഓരോന്നായി എത്തിത്തുടങ്ങും. അപ്പോള്‍ ചുറ്റുവട്ടങ്ങളില്‍ നിന്ന് കഴിയുന്ന വീട്ടുകാരെല്ലാം ആനകള്‍ക്ക് പനമ്പട്ട സ്പോണ്സര് ചെയ്യും.
ആ വര്‍ഷവും ഞങ്ങളുടെ അടുത്തുള്ള ഒരു വീട്ടുകാര്‍ ആനയ്ക്കു പനമ്പട്ട കൊടുക്കാമെന്ന് ഏറ്റിരുന്നു. അതേ സമയം തന്നെ ഞങ്ങളുടെ അയല്പക്കത്തുള്ള മറ്റൊരു വീട്ടില്‍ കേടായ ഒരു തെങ്ങും നില്‍പ്പുണ്ടായിരുന്നു. അത് വെട്ടിക്കളയാനിരിക്കുകയായിരുന്നു, അവര്‍. ആ സമയത്താണ് അടുത്ത വീട്ടിലേയ്ക്ക് പനമ്പട്ട എടുക്കാന്‍ ആന എത്തുന്നത്. അതു കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ അയല്‍ വീട്ടുകാര്‍ക്കൊരു ആഗ്രഹം… ആനയെ കൊണ്ട് ആ കേടായ തെങ്ങ് അങ്ങു മറിച്ചിടീച്ചാലെന്ത്? കൂടെ പറമ്പില്‍ നിന്ന് ആനയ്ക്ക് കുറച്ചു പനമ്പട്ടയും കൊടുക്കാം. ഉടനെ അവര്‍ സംഭവം പാപ്പാനുമായി ചര്‍ച്ച ചെയ്തു. അയാള്‍ക്കും സമ്മതം.
അങ്ങനെ വൈകാതെ ആനയും പാപ്പാനും സ്ഥലത്തെത്തി. ഇതറിഞ്ഞ ഞങ്ങള്‍ കുട്ടികളെല്ലാം സംഭവം നേരിട്ടു കാണാനായി ഒത്തു കൂടി, കൂടെ മുതിര്‍ന്നവരും. ആന അവരുടെ വീട്ടിലേയ്ക്കു വന്നു കയറിയതു തന്നെ കുറച്ചു വശപ്പിശകായിട്ടായിരുന്നു. എന്നു വച്ചാല്‍ ആ വീട്ടിലേയ്ക്കു കയറാന്‍ വലിയൊരു വഴി ഉണ്ടായിരുന്നിട്ടും അതത്ര ഇഷ്ടപ്പെടാഞ്ഞിട്ടോ എന്തോ ആശാന് ആ വേലിയുടെ ഒരു വശം പൊളിച്ചിട്ടായിരുന്നു പറമ്പിലേയ്ക്കു പ്രവേശിച്ചത്.
ഇതെല്ലാം കണ്ടു കൊണ്ട് ഞങ്ങളെല്ലാം കാഴ്ചക്കാരായി വീട്ടുമുറ്റത്തു തന്നെ നിലയുറപ്പിച്ചു. ഞാന്‍ തന്നെയായിരുന്നു, ധൈര്യപൂര്‍വ്വം മുന്പില്. (പണ്ടു തൊട്ടേ എനിക്കീ ധൈര്യക്കൂടുതലിന്റെ അസ്കിതയുണ്ടായിരുന്നു). വീട്ടുകാര്‍ കേടായ തെങ്ങ് പാപ്പാനെ കാട്ടികൊടുത്തു. എന്നിട്ട് പിന്‍വലിഞ്ഞു. അപ്പോഴാണ് പാപ്പാനും ആനയും തമ്മില്‍ ചെറിയൊരു സൌന്ദര്യപ്പിണക്കം. എന്താണെന്നു മനസ്സിലായില്ല. പാപ്പാന് കേടായ തെങ്ങു ചൂണ്ടിക്കാട്ടി ആനയോടെന്തോ പറഞ്ഞു, പക്ഷേ, ആന മൈന്‍ഡു ചെയ്തില്ല. തുടര്‍ന്ന് അയാള്‍ ദേഷ്യപ്പെട്ട് ആനയെ ചെറുതായൊന്നു തല്ലി. ഞാന്‍ നോക്കി നില്‍ക്കെ ആന ഒന്ന് അലറി. പിന്നെ അനുസരണയോടെ (എന്നു ഞാന്‍ കരുതി) കേടായ തെങ്ങ് നിഷ്പ്രയാസം ഒറ്റത്തട്ടിനു താഴെയിട്ടു. അപ്പോഴേയ്ക്കും പാപ്പാന് താഴെയിറങ്ങി തൊട്ടടുത്തുണ്ടായിരുന്ന കോഴിക്കൂടിന്റെ പുറകിലുള്ള തെങ്ങിന് ചുവട്ടിലേയ്ക്കു മാറി. അതിനിടെ അയാള്‍ ആനയോടെന്തോ വിളിച്ചു പറയുന്നുമുണ്ടായിരുന്നു. ആനയാകട്ടെ, കേടായ തെങ്ങു തട്ടി താഴെയിട്ട ശേഷം പാപ്പാന് നിന്നിരുന്ന കോഴിക്കൂടിനോടു ചേര്‍ന്നുള്ള തെങ്ങിനു നേരെ തിരിഞ്ഞു. ആദ്യത്തെ ഇടിയ്ക്കു തന്നെ മൂന്നു നാലു തേങ്ങ വീണു. പിന്നെ, വീണ്ടും പുറകോട്ടാഞ്ഞ് ആ തെങ്ങിനിട്ട് വീണ്ടും ഇടിയോട് ഇടി.
ആനയുടെ ശക്തിയെ പറ്റി ആലോചിച്ചു നില്‍ക്കുകയായിരുന്ന ഞാന്‍ അപ്പോഴാണ് രണ്ടാമത്തെ തെങ്ങ് ശ്രദ്ധിച്ചത്. നല്ല കായ്ഫലമുള്ള ഒന്നാന്തരം തെങ്ങ്. അതെന്തിനാവും മറിച്ചിടുന്നത്? ഞാന്‍ തൊട്ടു പുറകിലായി നിന്നിരുന്ന എന്റെ ചേട്ടനോടു അതെപ്പറ്റി ചോദിക്കാനായി തിരിഞ്ഞു. അപ്പോഴാണ് ഞാന്‍ യഥാര്‍ത്ഥത്തില്‍ അമ്പരന്നത്. അത്രയും നേരം എന്റെ കൂടെയുണ്ടായിരുന്ന ഒരൊറ്റയാളെയും അവിടെ കാണാനില്ല. എന്റെ ചേട്ടനോ, കൂട്ടുകാരോ നാട്ടുകാരോ ആരും. ഞാന്‍ ഒന്നു ശരിക്കും തിരിഞ്ഞു നോക്കുമ്പോഴുണ്ട് അതാ ഇവരെല്ലാവരും തൊട്ടപ്പുറത്തുള്ള എന്റെ വീടിന്റെ ടെറസ്സില്‍ നിന്നു കൊണ്ട് എന്നെ ‘വേഗം വാടാ’ ‘ഓടി വാടാ’ എന്നെല്ലാം പറഞ്ഞു കൊണ്ട് വിളിക്കുന്നു.
അപ്പോഴാണ് എന്തോ പന്തികേടുണ്ടെന്ന് എനിക്കും മനസ്സിലായത്. പിന്നെ, സംശയിച്ചു നിന്നില്ല, ഞാനും ഒറ്റ ഓട്ടത്തിന് എന്റെ വീടിന്റെ ടെറസ്സിലെത്തി. അവിടെ എല്ലാവരും പേടിച്ചു നില്‍ക്കുകയായിരുന്നു. ഞാനെത്തിയപ്പോഴാണ് അവര്‍ക്കും ശ്വാസം നേരെ വീണത്. യഥാര്‍ത്ഥത്തില്‍ ആന ചെറുതായൊന്ന് ഇടഞ്ഞതായിരുന്നു. പാപ്പാന് ആനയെ തല്ലിയതോടെ ഇടഞ്ഞ ആന ആദ്യം തന്നെ മുന്നിലുള്ള കേടായ തെങ്ങു തട്ടി താഴെയിട്ടു. തുടര്‍ന്ന് പാപ്പാന് നില്ക്കുന്ന ഭാഗത്തേയ്ക്ക് തിരിഞ്ഞ് കുത്തി. അപ്പോഴേയ്ക്കും അയാള്‍ കഷ്ടിച്ച് ഒഴിഞ്ഞു മാറി കോഴിക്കൂടിനു പിന്നിലൊളിച്ചു. ആ സമയം ആന ദേഷ്യം മുഴുവന്‍ ആ തെങ്ങില്‍ തീര്‍ക്കുകയായിരുന്നു. ആന അലറുന്നതു കേട്ടതോടെ സംഭവം മനസ്സിലായ എല്ലാവരും തിരിഞ്ഞോടിയിരുന്നു.
എനിക്കു മാത്രം അതു മനസ്സിലാകാതിരുന്നതിനാല്‍ ഞാന്‍ മാത്രം അവിടെ തന്നെ നിന്നു (എന്റെ ധൈര്യം കൊണ്ടാണെന്ന് എല്ലാവരും കരുതിക്കാണും). പക്ഷേ, ഒരു ഗുണം കിട്ടി. എല്ലാവരും കരുതിയത് ആന പാപ്പാനെ തട്ടി എന്നു തന്നെയായിരുന്നു. അയാള്‍ ഒഴിഞ്ഞു മാറിയത് ഞാന്‍ മാത്രമാണല്ലോ കണ്ടത്. മറ്റെല്ലാവരും പാപ്പാന്റെ കഥ തീര്‍ന്നു കാണും എന്നു തന്നെ കരുതി പേടിച്ചിരിക്കുകയായിരുന്നു. ഞാന്‍ പറഞ്ഞപ്പോഴാണ് അവര്‍ക്കും ആശ്വാസമായത്.
തുടര്‍ന്ന് രണ്ടാം പാപ്പാന് കൂടി എത്തിയ ശേഷം എങ്ങനെയോ ആനയെ തളയ്ക്കുകയായിരുന്നു. അവസാനം ആന അവരുടെ പറമ്പില്‍ നിന്നും തിരിച്ചിറങ്ങിയതും നേരായ വഴിയ്ക്കായിരുന്നില്ല എന്നു കൂടി ഇവിടെ സൂചിപ്പിക്കട്ടെ. സത്യത്തില്‍ മറ്റുള്ളവരെല്ലാം എങ്ങനെയാണ് ആന ഇടഞ്ഞ കാര്യം മനസ്സിലാക്കിയതെന്ന് അന്നും ഇന്നും എനിക്കറിയില്ല.