Tuesday, August 26, 2008

ഒരു പഴയ ഓണക്കാലം

"അകലേ ഓണം പുലരുമ്പോള്‍
ആവണിപ്പൂവും വിരിയുമ്പോള്‍...
അരിയകിനാവേ കൊതിയാകുന്നൂ
ചിറകു തരാമോ പോയി മടങ്ങാന്‍...
ഒന്നെന്‍ കുഞ്ഞിന്‍ പൂക്കളം കാണാന്‍..."

ഇക്കഴിഞ്ഞ ആഗസ്റ്റ് 17 നു (ചിങ്ങം 1) ഞാന്‍ നാട്ടിലായിരുന്നു. ചിങ്ങമാസമായി, വീണ്ടും ഒരു ഓണക്കാലം അടുത്തല്ലോ എന്നോര്‍ത്തപ്പോള്‍ ഞാനറിയാതെ തന്നെ നാവില്‍ വന്നത് ഗാനമാണ്. അപ്പോള്‍ പെട്ടെന്നൊരു മോഹം. ചിങ്ങമാസമായല്ലോ, ഓണപ്പാട്ടുകളെല്ലാം ഒന്നൂടെ കേള്‍ക്കണമെന്ന്. പിന്നെ, വൈകിയില്ല. പാട്ടുകളുടെ ശേഖരത്തില്‍ നിന്നും ഗാനം തപ്പിയെടുത്ത് പല തവണ കേട്ടു.

അതും കേട്ടു കൊണ്ടിരുന്ന കൂട്ടത്തില്‍‍ അറിയാതെ ഓര്‍മ്മകള്‍ കുറച്ചു പുറകോട്ടു പോയി.

1995 ലെ ഓണക്കാലം . ഞാനന്ന് ഒമ്പതാം ക്ലാസ്സിലാണ്. ചേട്ടന്‍ പ്രീ ഡിഗ്രി രണ്ടാം വര്‍ഷം. അന്ന് ഞങ്ങളുടെ വീട്ടില്‍ ടേപ്പ് റെക്കോര്‍ഡര്‍ വന്നിട്ട് അധിക നാളായിട്ടില്ല. (അതു വരെ റേഡിയോ ഗാനങ്ങള്‍ മാത്രമായിരുന്നു ഒരു ആശ്രയം.) അക്കാലത്ത് (ഇന്നും) പാട്ടു കേള്‍ക്കാന്‍ വേണ്ടി അച്ഛനോ അമ്മയോ കാസറ്റുകള്‍ ഒന്നും വാങ്ങി തന്നിരുന്നില്ല. ഞങ്ങളുടെ സ്വകാര്യ ശേഖരത്തില്‍ നിന്നും സ്വരുക്കൂട്ടി വേണം കാസറ്റോ മറ്റോ വാങ്ങാന്‍

പഠിയ്ക്കുന്ന കാലത്ത് ഞങ്ങള്‍ക്കെന്ത് സ്വകാര്യ ശേഖരം എന്നല്ലേ? ഇന്നത്തെ കുട്ടികളെപ്പോലെ പോക്കറ്റ് മണി പരിപാടികള്‍ ഒന്നുമില്ല. വര്‍ഷത്തിലൊരിയ്ക്കല്‍ കിട്ടുന്ന വിഷു കൈനീട്ടം തന്നെ പ്രധാന ആശ്രയം. പിന്നെ, പറമ്പില്‍ കശുവണ്ടിയില്‍ നിന്നും കിട്ടുന്ന ഒരു ഓഹരിയും. [അടിച്ചു മാറ്റലല്ല കേട്ടോ. പറമ്പില്‍ ഒന്നു രണ്ടു കശുമാവുണ്ടായിരുന്നു. മദ്ധ്യ വേനലവധി സമയത്ത് അതു നിറയെ പൂത്ത് കശുവണ്ടി ഉണ്ടാകുകയും ചെയ്യും. അത് പറമ്പിലും റോട്ടിലും എല്ലാം വീണു കിടക്കും. ആദ്യമൊക്കെ അച്ഛന്റെയോ അമ്മയുടേയോ കണ്ണെത്തിയാല്‍ മാത്രമേ കശുവണ്ടികള്‍ ഞങ്ങളുടെ വീടെത്താറുള്ളൂ. അല്ലാത്തപ്പോള്‍ വഴിയേ പോകുന്നവര്‍ ആരെങ്കിലുമൊക്കെ എടുത്തു കൊണ്ടു പോകും. ഞാനോ ചേട്ടനോ ഭാഗത്തേയ്ക്കു നോക്കാറില്ല.മടി തന്നെ കാരണം... പിന്നെ അന്ന് കുട്ടികളായിരുന്നപ്പോല്‍ അതിന്റെയൊന്നും വില അറിയുമായിരുന്നില്ല. പണ്ട് പലപ്പോഴും ഇങ്ങനെ കിട്ടുന്ന കശുവണ്ടി കൂട്ടി വച്ച് ചന്തയില്‍ കൊണ്ടു പോയി വിറ്റ് അച്ഛന്‍ അരിയും സാമാനങ്ങളും വരെ വാങ്ങിയിരുന്നു എന്ന് ഇന്നറിയാം]

എന്തായാലും ഞങ്ങള്‍ അറിഞ്ഞു കൊണ്ട് നല്ല കാര്യങ്ങളൊന്നും ചെയ്യുന്ന ലക്ഷണമില്ല എന്നു മനസ്സിലാക്കിയാകണം അച്ഛനും അമ്മയും ഒരു ഓഫര്‍ മുന്നോട്ടു വച്ചു. മറ്റൊന്നുമല്ല. പകല്‍ സമയങ്ങളില്‍ താഴെ വീണു കിട്ടുന്ന കശുവണ്ടി എനിയ്ക്കോ ചേട്ടനോ പെറുക്കിയെടുക്കാം. അത് വീട്ടില്‍ കൊടുക്കേണ്ടതില്ല. പകരം ഞങ്ങള്‍ക്ക് കൂട്ടി വച്ച് വിറ്റ് അതില്‍ നിന്നും കിട്ടുന്ന ആദായം പങ്കിട്ടെടുക്കാം. എന്നിട്ട് പൈസ കൊണ്ട് വിഷു ആഘോഷങ്ങള്‍ക്കുള്ള സാധനങ്ങളോ കാസറ്റ് മുതലായ വസ്തുക്കളോ വാങ്ങാം. അതല്ലാതെ ഇത്തരം കാര്യങ്ങള്‍ക്കൊന്നും വീട്ടില്‍ നിന്നും പൈസ ചോദിയ്ക്കരുത്. [അതല്ലെങ്കില്‍ വിഷുവിനു പടക്കവും മറ്റും വാങ്ങിക്കിട്ടണമെങ്കില്‍ കുറേ നാള്‍ അച്ഛന്റെ പുറകേ നടക്കണം... അമ്മയെ കൊണ്ട് പറയിപ്പിയ്ക്കണം അങ്ങനെ കുറേ കഷ്ടപ്പാടുകള്‍ സഹിയ്ക്കേണ്ടിയിരുന്നു]

എന്തായാലും ഐഡിയ ഏറ്റു. എനിയ്ക്കും ചേട്ടനും ബോധോദയം ഉണ്ടായി. പിന്നീട് ഞങ്ങള്‍ കശുവണ്ടിയൂടെ കാര്യത്തില്‍ കൂടുതല്‍ ശുഷ്കാന്തി കാണിയ്ക്കാനും തുടങ്ങി. പെറുക്കിയെടുക്കുന്ന കശുവണ്ടി കൂട്ടി വച്ച് ഒരു കൂട് നിറയാറാകുമ്പോള്‍ അടുത്തുള്ള ആന്റപ്പന്‍ ചേട്ടന്റെ കടയില്‍ കൊണ്ടു പോയി വില്‍ക്കും. പണം ഞാനും ചേട്ടനും വീതിച്ചെടുക്കും.

അഞ്ചാറു വര്‍ഷം അങ്ങനെ സമ്പാദിച്ചിരുന്ന പൈസയില്‍ നിന്നാണ് ഞങ്ങളുടെ വീട്ടിലെ 80 % ഓഡിയോ കാസറ്റുകളും വാങ്ങിക്കൂട്ടിയത് എന്നതാണു സത്യം. മിക്കവാറും സമയങ്ങളില്‍ ഞാനും ചേട്ടനും വെവ്വേറെയാണ് കാസറ്റുകള്‍ വാങ്ങിയിരുന്നത്. എന്നിട്ട് ഭാവിയില്‍ തിരിച്ചറിയാനായി അവരവര്‍ വാങ്ങുന്ന കാസറ്റില്‍ സ്വന്തം പേരെഴുതി വയ്ക്കുമായിരുന്നു.

അപ്പോള്‍ പറഞ്ഞു വന്നത് ഇതൊന്നുമല്ല; 1995 ലെ ഓണക്കാലം അടുത്തപ്പോള്‍ ഓണത്തിനു പുറത്തിറങ്ങിയ ഓണപ്പാട്ടുകള്‍ കിട്ടിയാല്‍ കൊള്ളാം എന്ന് ചേട്ടനൊരു ആഗ്രഹം. എന്നാല്‍ ചേട്ടന്റെ കയ്യില്‍ അപ്പോള്‍ സ്പെയര്‍ കാസറ്റൊന്നും ഉണ്ടായിരുന്നുമില്ല. മാത്രമല്ല പുതിയത് വാങ്ങാനുള്ള പണവുമില്ല. [ സാധാരണ പുതിയ കാസറ്റുകള്‍ വാങ്ങാതെ വില കുറവുള്ള ബ്ലാങ്ക് കാസറ്റുകള്‍ വാങ്ങി, അതില്‍ പാട്ടുകള്‍ റെക്കോഡ് ചെയ്യുക എന്നതാണ് ഞങ്ങള്‍ ചെയ്തിരുന്നത്. കാരണം പുതിയ ഒറിജിനല്‍ കാസറ്റിനു 40 രൂപയോളമാകും.] പുതിയ ബ്ലാങ്ക് കാസറ്റു വാങ്ങി അതില്‍ പാട്ടുകള്‍ പിടിയ്ക്കുന്നതിനും 30- 35 രൂപയോളമാകും. അത്രയും പൈസ ചേട്ടന്റെ കയ്യിലില്ല. അവസാനം ചേട്ടന്‍ ഒരു വഴി കണ്ടു. എന്റെ കയ്യില്‍ ആയിടെ വാങ്ങിയ ഒരു ബ്ലാങ്ക് കാസറ്റ് ഉണ്ട്. എന്റെ കാസറ്റ് കൊടുക്കാന്‍ ഞാന്‍ തയ്യാറായാല്‍ ചേട്ടന്‍ സ്വന്തം പണം മുടക്കി ഓണപ്പാട്ടുകള്‍ അതില്‍ റെക്കോഡ് ചെയ്യിയ്ക്കും. കാസറ്റിന്റെ അവകാശം എനിയ്ക്കു തന്നെ ആയിരിയ്ക്കും. പക്ഷേ ഒരു കണ്ടീഷന്‍: അടുത്ത ഓണക്കാലം വരെയെങ്കിലും, അതായത് 1996 ആഗസ്ത്- സെപ്തംബര്‍ വരെ എങ്കിലും പാട്ടുകള്‍ ഞാന്‍ കളയരുത്.

ആദ്യം അത്ര താല്പര്യം തോന്നിയില്ലെങ്കിലും ഒരു കാസറ്റ് എന്റെ കയ്യില്‍ വെറുതേ ഇരിയ്ക്കുകയാണല്ലോ എന്നോര്‍ത്ത് അവസാനം ഞാന്‍ സമ്മതിച്ചു.

അങ്ങനെ ചേട്ടന്‍ കാസറ്റില്‍ വര്‍ഷം എം.ജി. ശ്രീകുമാറൂം എം. ജി. രാധാകൃഷ്ണനും ചേര്‍ന്ന് പുറത്തിറക്കിയ “തങ്കനിലാവ്” എന്ന ആല്‍ബം കാസറ്റില്‍ റെക്കോഡ് ചെയ്തു. ഒരു ഔദാര്യം എന്ന നിലയ്ക്കാണ് അതു റെക്കോഡ് ചെയ്യാന്‍ ഞാന്‍ സമ്മതിച്ചതെങ്കിലും അതിലെ പാട്ടുകള്‍ ഒന്നു രണ്ടു തവണ കേട്ടതോടെ എനിയ്ക്കും വളരെ ഇഷ്ടപ്പെട്ടു. തുടര്‍ന്ന് വര്‍ഷം ഓണക്കാലത്ത് ഞങ്ങള്‍ ഏറ്റവും അധികം കേട്ടത് കാസറ്റിലെ പാട്ടുകളായിരുന്നു.

അടുത്ത വര്‍ഷം ഓണക്കാലമായപ്പോള്‍ ചേട്ടന്‍ എന്നെ ഓര്‍മ്മിപ്പിച്ചു. ‘ഇനി വേണെമെങ്കില്‍ നീ കാസറ്റിലെ പാട്ടുകള്‍ കളഞ്ഞ് വേറെ എന്തെങ്കിലും റെക്കോഡ് ചെയ്തോളൂ കുഴപ്പമില്ല’. പക്ഷേ, അപ്പൊഴേയ്ക്കും എനിയ്ക്ക് ഏറെ പ്രിയങ്കരമായി കഴിഞ്ഞിരുന്നു അതിലെ ഗാനങ്ങള്‍ ഞാന്‍ പാട്ടുകള്‍ കളഞ്ഞില്ല. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഓണക്കാലമടുക്കുമ്പോള്‍ ആദ്യം തിരഞ്ഞെടുത്ത് കേള്‍ക്കുന്ന കാസറ്റുകളില്‍ ഒന്നായി അത്.

ഇന്ന് 13 വര്‍ഷങ്ങള്‍ക്കിപ്പുറവും കാസറ്റ് യാതൊരു കേടുപാടും കൂടാതെ ഞങ്ങളുടെ വീട്ടിലുണ്ട്. അതു പോലെ എന്റെയും ചേട്ടന്റെയും ഇഷ്ടഗാനങ്ങളുടെ കൂട്ടത്തില്‍ അതിലെ പാട്ടുകളും. [ ഒരു കുടം കുളിരുമായ്..., ആടു പൊന്‍‌മയിലേ..., ചിത്തിരമുത്തേ ചിങ്കാരി..., ചന്ദ്രദളം പൂങ്കവിളില്‍..., തൃത്താല ചന്ത കഴിഞ്ഞൂ... തുടങ്ങിയ പാട്ടുകളെല്ലാം ഞങ്ങള്‍ക്ക് ഇന്നും വളരെ ഇഷ്ടമാണ്]

വാല്‍ക്കഷ്ണം:കഴിഞ്ഞ മുന്നു നാലു വര്‍ഷത്തോളമായി കാസറ്റിലെ പാട്ടുകളുടെ ഡിജിറ്റല്‍ കോപ്പി ലഭിക്കുമോ എന്ന അന്വേഷണത്തിലായിരുന്നു ഞങ്ങള്‍. എന്നാല്‍ ഇക്കഴിഞ്ഞ ആഴ്ച മാത്രമാണ് കാസറ്റിന്റെ ഡിജിറ്റല്‍ വേര്‍ഷന്‍ സംഘടിപ്പിയ്ക്കാന്‍ എനിയ്ക്കു സാധിച്ചത്. അതും തികച്ചും യാദൃശ്ചികമായി. ഫുട്പാത്ത് കച്ചവടക്കാരനില്‍ നിന്നും ഫെസ്റ്റിവല്‍ സോങ്ങ്സ് എന്ന ഒരു സീഡി വെറുതേ ഒരു കൌതുകത്തിനു വാങ്ങാന്‍ തോന്നിയപ്പോള്‍ ഞാന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല, ഞാന്‍ കുറേ നാളായി തിരഞ്ഞു നടക്കുന്ന കുറച്ചു നല്ല പാട്ടുകളും അക്കൂട്ടത്തിലുണ്ടാകുമെന്ന്. എന്തായാലും തീരെ പ്രതീക്ഷിയ്ക്കാതെ വളരെ സന്തോഷം തന്ന ഒരു സംഭവമായിരുന്നു അത്.

ഇത്തവണയും ഓണമടുത്തെത്തിക്കഴിഞ്ഞു. പക്ഷേ, മിക്കവാറും തിരുവോണത്തിന് നാട്ടിലെത്താന്‍ കഴിയുമെന്നു തോന്നുന്നില്ല. പണ്ട് അത്തം മുതല്‍ ആവേശത്തോടെ പൂക്കളമിട്ട് ഓണം ആഘോഷിച്ചിരുന്ന ആ ബാല്യത്തിന്റെ ഓര്‍മ്മകളുമായി ഈ മറുനാട്ടിലായിരിയ്ക്കും ഞാന്‍.

‘അകലേ ഓണം’ എന്നു തുടങ്ങുന്ന ഗാനം ഇവിടെ നിന്നും കേള്‍ക്കാം.

Friday, August 1, 2008

♫ എന്റെ ബിപിസി ♫

1999 ആഗസ്ത് 2. പിറവം ബിപിസിയില്‍ ഞങ്ങളുടെ ബാച്ചിന്റെ ആദ്യ അദ്ധ്യയന ദിവസം തുടങ്ങിയത് അന്നായിരുന്നു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ 3 വര്‍ഷങ്ങള്‍ ഞാന്‍ ചിലവഴിച്ചത് ബി പി സി കോളേജിലെ ബിരുദ പഠന കാലത്തായിരുന്നു. 3 വര്‍ഷങ്ങളുടെ ആഘോഷപൂര്‍വ്വമായ പഠനകാലത്തിനു ശേഷം 2002ല്‍ പഠനം പൂര്‍ത്തിയാക്കിയ ഞങ്ങള്‍ക്ക് ഉപരിപഠനത്തിനായി പലയിടങ്ങളിലേയ്ക്കായി കുടിയേറേണ്ടി വന്നു. എന്നാല്‍ വേറെ ഒരിടത്തും അതു പോലെ സുന്ദരമായ നാളുകള്‍ ഞങ്ങള്‍ക്കാര്‍ക്കും ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം.

എന്നും സന്തോഷത്തോടെ, ആവേശത്തോടെ എന്നാല്‍ ഒരല്പം നഷ്ടബോധത്തോടെ മാത്രം ഓര്‍മ്മിയ്ക്കുന്ന ആ നല്ല നാളുകളുടെ ഓര്‍മ്മയ്ക്ക്... ഒരുപാട് സൌഹൃദങ്ങള്‍ തന്ന പിറവം കന്നീറ്റുമലയിലുള്ള ആ കൊച്ചു കലാലയത്തിന്റെ... ഞങ്ങളുടെ സ്വന്തം ബിപിസിയുടെ ഓര്‍മ്മയ്ക്ക്...

ഒരു രാത്രിമഴ പെയ്തൊഴിഞ്ഞ പോലെ
ഒരു നേര്‍ത്ത തെന്നലിന്‍ തഴുകല്‍ പോലെ
കാത്തിരിയ്ക്കുന്നൊരീയക്ഷര മുറ്റവും
ഇന്നും മറക്കാത്ത കാലോച്ച കേള്‍ക്കുവാന്‍‌‍
ഇനിയും മറക്കാത്ത കാലോച്ച കേള്‍ക്കുവാന്‍‌‍... (ഒരു രാത്രിമഴ )

ഈ നടപ്പാതയില്‍ കാണാതിരിയ്ക്കുമോ
കാലം മറയ്ക്കാത്ത കാല്‍‌പ്പാടുകള്‍ (2)
ഈ ഇടനാഴികള്‍ ഓര്‍ക്കാതിരിയ്ക്കുമോ
കാതരമായൊരാ സൌഹൃദ ഗാഥകള്‍...

ഈ ചുവരറിയാത്ത പ്രണയങ്ങളുണ്ടോ
ഈ വഴി അറിയാത്ത പിണക്കമുണ്ടോ... (2)
പൊട്ടിച്ചിരികളും കൊച്ചു ദു:ഖങ്ങളും
പങ്കിട്ട കാലമിന്നോര്‍മ്മയിലുണ്ടോ... (ഒരു രാത്രിമഴ )

മിഴിനീര്‍ത്തുള്ളിയാല്‍ മങ്ങിയ സന്ധ്യയില്‍
വിടപറഞ്ഞിറങ്ങിയതോര്‍മ്മയില്ലേ (2)
ഗദ്‌ഗദചിത്തരായ് ഒരു നെടുവീര്‍പ്പിനാല്‍
യാത്രാമംഗളം നേര്‍ന്നതല്ലേ...

വേര്‍പിരിഞ്ഞെങ്കിലും ഇന്നൊരു മോഹം
ഒരു മാത്ര കൂടിയീ മുറ്റത്തു ചേരുവാന്‍ (2)
കളിചിരിക്കാലത്തിന്‍ ഓര്‍മ്മയില്‍ വീണ്ടും
ഒത്തൊരുമിയ്ക്കുവാന്‍ ഒരു നോക്കു കാണുവാന്‍... (ഒരു രാത്രിമഴ )
ഇത് ഒരു കവിതയല്ല. ഒരു ലളിതഗാനം പോലെ എഴുതിയതാണ്. ഈ വരികള്‍ ‍ഞാന്‍‌ എന്റെ ബിരുദ പഠനം പൂര്‍‌ത്തിയാക്കിയ പിറവം ബിപിസി കോളേജിനും അവിടുത്തെ എല്ലാ അദ്ധ്യാപകര്‍‌ക്കും എന്റെ അന്നത്തെ (എന്നത്തേയും) പ്രിയപ്പെട്ട സഹപാഠികള്‍‌ക്കും വേണ്ടി സമര്‍‌പ്പിക്കുന്നു...

പഴയ ഓര്‍മ്മ: