Wednesday, April 9, 2008

ഓര്‍മ്മകളിലെ ഒരു വിഷുക്കൈനീട്ടം

2003 ഏപ്രിലിലെ വിഷുവിനായിരുന്നു ജീവിതത്തിലാദ്യമായി വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നത്. സാധാരണ എല്ലാ വിഷുപ്പുലരിയിലും ഞാന്‍ വീട്ടിലുണ്ടാകും. അവിടെ അച്ഛനും ചേട്ടനും ചേര്‍ന്നൊരുക്കാറുള്ള വിഷുക്കണി കണ്‍‌ നിറയെ കണി കണ്ടു കൊണ്ടാണ് അന്നത്തെ ദിവസം ആരംഭിയ്ക്കാറുള്ളത്. വിഷുവിനു രണ്ടു ദിവസം മുന്‍‌പു തൊട്ടേ കണിയൊരുക്കാനുള്ള കണിക്കൊന്നപ്പൂക്കള്‍ ഉള്‍പ്പെടെയുള്ള സാധന സാ‍മഗ്രികള്‍ എത്തിച്ചു കൊടുക്കുക എന്നതോടെ എന്റെ ഡ്യൂട്ടി തീരും. പിന്നെ ഞാന്‍ പടക്കങ്ങളും പൂത്തിരികളുമായി മറ്റൊരു ലോകത്തായിരിയ്ക്കും. ഇടയ്ക്ക് പടക്കം തീരുമ്പോള്‍ അപ്പോള്‍ തന്നെ കടയില്‍ പോയി വാങ്ങി കൊണ്ടു വരുക, കൃത്യമായ ഇടവേളകളില്‍ അടുക്കള സന്ദര്‍ശിച്ച് വിഷു സ്പെഷ്യല്‍ ആയി അമ്മ ഉണ്ടാക്കുന്ന പലഹാരങ്ങളും വിഷുക്കട്ടയും* പായസവുമെല്ലാം രുചി നോക്കുക എന്നിവയെല്ലാം ആയിരിയ്ക്കും എന്റെ അജണ്ടയില്‍ ഉള്ളത്. അതു പോലെ വിഷുവിനും ഒരാഴ്ച മുന്‍‌പേ തുടങ്ങുന്ന അയല്‍ വീട്ടുകാരുമായി മത്സരിച്ചുള്ള പടക്കം പൊട്ടിക്കല്‍ വിഷുപ്പുലരിയിലെ കലാശപ്പൊരിച്ചിലോടെ അടങ്ങുകയാണ് എന്നും പതിവ്.

ഇതെല്ലാം മൂന്നുനാലു വര്‍ഷം മുന്‍‌പു വരെയുള്ള അവസ്ഥ. ഞങ്ങളുടെ ആ ചുറ്റുവട്ടങ്ങളിലുണ്ടായിരുന്ന, എന്റെയും ചേട്ടന്റേയും പ്രായങ്ങളിലുള്ള സുഹൃത്തുക്കളെല്ലാം വളര്‍ന്നു വലുതായി പഠനത്തിനായും ജോലി തേടിയും മറുനാടുകളിലേയ്ക്കു പോകും മുന്‍‌പുള്ള കഥ.

അതു പോലെ ഡിഗ്രീ പഠനം മുതല്‍ ഞാനും നാട്ടില്‍ നിന്നും മാറി നിന്നാണ് പഠിച്ചിരുന്നത് (പിറവത്ത്). എങ്കിലും വിശേഷ ദിവസങ്ങളിലെല്ലാം തന്നെ ഞാന്‍ എന്റെ പ്രിയപ്പെട്ട നാട്ടിലേയ്ക്ക് ഓടിയെത്തുമായിരുന്നു, ഓണത്തിനും വിഷുവിനും ക്രിസ്തുമസ്സിനും ഈസ്റ്ററിനും ഉത്സവത്തിനുമെല്ലാം. ബിരുദാനന്തര ബിരുദത്തിനായി തഞ്ചാവൂര്‍‌ക്ക് പോകേണ്ടി വന്നതോടെ ഈ വരവ് ഓണം, വിഷു, ക്രിസ്തുമസ്സ് എന്നാക്കി ചുരുക്കി.

എന്നിട്ടും2003ലെ വിഷുവിന് എനിയ്ക്ക് നാട്ടിലെത്താന്‍ കഴിഞ്ഞില്ല. അന്ന് ഞാന്‍ രണ്ടാം സെമസ്റ്റര്‍ പഠിയ്ക്കുന്നു. ഏപ്രില്‍ മാസം അവസാനത്തോടെ സെമസ്റ്റര്‍ പരീക്ഷകള്‍ തുടങ്ങാനിരിയ്ക്കുന്നു. കഷ്ടിച്ച് 20 ദിവസത്തോളം സ്റ്റഡി ലീവു മാത്രം.കമ്പയിന്‍ സ്റ്റഡിയായിരുന്നു സ്ഥിരം പഠനമാര്‍ഗ്ഗം എന്നതിനാല്‍ (അതിനും കാരണമുണ്ട്. എല്ലാവര്‍ക്കും സ്വന്തമായി ടെക്സ്റ്റ് ബുക്കുകള്‍ ഇല്ല. ഉള്ള പുസ്തകങ്ങള്‍ പല ടൈം ടേബിളുകളായി എല്ലാവരും പഠിയ്ക്കുകയാണ് പതിവ്.) ആ വര്‍ഷം നാട്ടിലേയ്ക്കുള്ള പോക്ക് ക്യാന്‍‌സല്‍ ചെയ്യേണ്ടി വന്നു.

അങ്ങനെ ആ വര്‍ഷത്തെ വിഷു മിസ്സ് ചെയ്യേണ്ടി വരുമല്ലോ എന്ന വിഷമത്തില്‍ അവിടെ തന്നെ കൂടുകയായിരുന്നു ഞങ്ങള്‍ എല്ലാവരും. അങ്ങനെ ദിവസങ്ങള്‍ കഴിയവേ വിഷുവിന്റെ തലേ ദിവസം പ്രഭാത ഭക്ഷണത്തിനിടെ ജീവിതത്തില്‍ ആദ്യമായി വിഷുവിനും നാട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുന്നതിനെ പറ്റി യാദൃശ്ചികമായി ഒരു ചര്‍ച്ച വന്നു.

അത്രയും നേരം ഭക്ഷണത്തില്‍ മാത്രം കോണ്‍‌സെന്റ്രേറ്റ് ചെയ്തു കൊണ്ടിരിയ്ക്കുകയായിരുന്ന സുധിയപ്പന്‍ പെട്ടെന്നൊരു ചോദ്യം. “ അല്ല അളിയാ, നമുക്ക് ഇവിടെ തന്നെ ഒരു വിഷുക്കണി ഒരുക്കിയാലെന്താ?”

അതു കൊള്ളാമല്ലോ എന്ന ഭാവത്തില്‍ എല്ലാവരും അന്തിച്ച് ഇരിയ്ക്കവേ മത്തന്‍ ചാടിയെഴുന്നേറ്റു.

“ശ്രീക്കുട്ടാ... കണി ഒരുക്കുന്ന കാര്യം നിനക്ക് ഏല്‍ക്കാമോ? എങ്കില്‍ സാധനങ്ങളെല്ലാം സംഘടിപ്പിയ്ക്കുന്ന കാര്യം ഞങ്ങളേറ്റു. എന്തു പറയുന്നു?”

ഞാനും അതിന്റെ ഒരു ത്രില്ലിലായിരുന്നതിനാല്‍ മറ്റൊന്നും നോക്കാതെ സമ്മതിച്ചു. അച്ഛനും ചേട്ടനുമെല്ലാം കണി ഒരുക്കുന്നതു കണ്ടുള്ള പരിചയം ഉണ്ടല്ലോ.

പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ഉണ്ടായിരുന്ന ഒരു കസവു മുണ്ട് ഞാന്‍ അപ്പോള്‍ തന്നെ അലക്കി ഉണക്കിയെടുത്തു, ഭംഗിയായി തേച്ചു മടക്കി വച്ചു. മത്തനും ബിട്ടുവും ചന്തയില്‍ പോയി കേടില്ലാത്ത ഒരു കൊച്ചു കണി വെള്ളരിയ്ക്കയും നല്ല ഒരു പടല ചെറുപഴവും അടയ്ക്കയും വെറ്റിലയും എല്ലാം വാങ്ങി കൊണ്ടു വന്നു. സുധിയും ജോബിയും അയല്‍ വീട്ടുകളിലെല്ലാം കയറിയിറങ്ങി ഒരു ഉരുളിയും കുറച്ചു നെല്ലും സംഘടിപ്പിച്ചു. അരി ഞങ്ങളുടെ അടുത്തുണ്ടായിരുന്നു. ഞങ്ങള്‍ താമസിച്ചിരുന്ന പറമ്പില്‍ നിന്നു തന്നെ ഒരു നല്ല മുഴുത്ത മാങ്ങയും ചെറുതെങ്കിലും ഒരു ചക്കയും പേരയ്ക്കയും ഒപ്പിച്ചെടുത്തു. പിള്ളേച്ചന്‍ പ്രാര്‍ത്ഥനയ്ക്ക് എടുക്കാറുള്ള ഭഗവദ് ഗീതയും ശ്രീകൃഷ്ണന്റെ ചിത്രവും എടുത്തു. വിളക്ക് കഴുകി വൃത്തിയാക്കി വച്ചു. കിണ്ടി കിട്ടാത്തതു കൊണ്ട് ഒരു ചെറിയ പാത്രത്തില്‍ വെള്ളം എടുത്തു വച്ചു. സ്വര്‍ണ്ണമാലയും വെള്ളി നാണയങ്ങളും റെഡിയാക്കി വച്ചു. കഴുകി വൃത്തിയാക്കിയെടുത്ത ഉരുളിയില്‍ കണ്ണാടിയും ശ്രീകൃഷ്ണന്റെ ചിത്രവും ഉറപ്പിച്ച് മറ്റു സാധനങ്ങളെല്ലാം ഒരുക്കി വച്ചു. എന്നാല്‍ അന്നത്തെ ഒരു മുഴുവന്‍ ദിവസവും അവിടെ പലയിടത്തായി ചുറ്റിക്കറങ്ങിയിട്ടും ഞങ്ങള്‍ക്ക് കണിക്കൊന്ന പൂക്കള്‍ പോയിട്ട് ഒരു കണിക്കൊന്ന മരം പോലും കണി കാണാന്‍ കിട്ടിയില്ല. പിന്നെ എന്തായാലും അത്രയെല്ലാം ഒരുക്കങ്ങള്‍ നടത്തിയ സ്ഥിതിയ്ക്ക് കണി വയ്ക്കാന്‍ തന്നെ തീരുമാനിച്ചു. (അങ്ങനെ ആചാര പ്രകാരം അല്ലാതെ കണി ഒരുക്കാമോ എന്നൊന്നുമറിയില്ലെങ്കിലും). അങ്ങനെ വിഷുവിന്റെ തലേന്ന് രാത്രി കിടക്കും മുന്‍പു തന്നെ ഞാന്‍ എല്ലാം ഒരുക്കി വച്ച് കിടന്നു.

പിറ്റേ ദിവസം വെളുപ്പിന് മൂന്നര – നാലു മണിയോടെ മത്തന്റെ മൊബൈലില്‍ അലാറം വച്ച് ഞാന്‍ എഴുന്നേറ്റു (ഞാന്‍ നേരത്തേ എഴുന്നേല്‍ക്കുന്നതു പതിവായതു കൊണ്ട് ആ ശബ്ദം കേട്ട് മറ്റാരും ഉണര്‍ന്നില്ല). തീപ്പെട്ടി ഞാന്‍ എന്റെ കിടയ്ക്കയുടെ അടിയില്‍ തന്നെ വച്ചിരുന്നതിനാല്‍ പ്രശ്നമുണ്ടായില്ല. എന്നിട്ട് ലൈറ്റിടാതെ കണ്ണടച്ച് നേരെ കണി ഒരുക്കിയിരിയ്ക്കുന്നിടത്തേയ്ക്ക് ശ്രദ്ധയോടെ നടന്നു ചെന്നു. പതുക്കെ കണി വച്ചിരിയ്ക്കുന്നിടത്ത് തപ്പി നോക്കി വിളക്ക് കണ്ടെത്തിയ ശേഷം തീപ്പെട്ടി ഉരച്ച് വിളക്കു കത്തിച്ചു. ബുദ്ധിമുട്ടുകളൊന്നും കൂടാതെ തന്നെ കാര്യം നടന്നു. അങ്ങനെ ആദ്യമായി ഞാനൊരുക്കിയ വിഷുക്കണി ഞാന്‍ തന്നെ കണ്ടു. തുടര്‍ന്ന് സുധിയപ്പനെ മെല്ലെ വിളിച്ചെഴുന്നേല്‍പ്പിച്ച് കണ്ണടച്ചു പിടിച്ച് കണി ഒരിക്കിയിരിയ്ക്കുന്നിടത്തെത്തിച്ച് കണി കാണിച്ചു. പിന്നെ ഞാനും അവനും ചേര്‍ന്ന് മത്തന്‍, ജോബി, ബിമ്പു, ബിട്ടു, പിള്ളേച്ചന്‍ എന്നിങ്ങനെ ഓരോരുത്തരെയായി വിളിച്ചെഴുന്നേല്‍പ്പിച്ച് കണി കാണിച്ചു. (അന്ന് മാഷ് ഞങ്ങളുടെ കൂടെ ഇല്ല).

അതു കഴിഞ്ഞപ്പോഴാണ് എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് വിഷുവിനു ‘വിഷുക്കൈനീട്ടം’ എന്ന ഒരു ചടങ്ങു കൂടിയുണ്ടല്ലോ എന്നും പറഞ്ഞ് മത്തന്‍ അകത്തേയ്ക്കോടിയത്. തിരിച്ചു വരുമ്പോള്‍ അവന്റെ കയ്യില്‍ കുറച്ച് അഞ്ചു രൂപാ നാണയങ്ങള്‍ ഉണ്ടായിരുന്നു. അവനത് തലേ ദിവസം തന്നെ സംഘടിപ്പിച്ചു വച്ചിരുന്നത് ഞങ്ങളും അറിഞ്ഞില്ല. പ്രായത്തില്‍ ഞങ്ങളേക്കാള്‍ രണ്ടു മൂന്നു വയസ്സിനു മൂത്തവന്‍ എന്ന അധികാരം സ്വയം ഏറ്റെടുത്ത് മത്തന്‍ ആ വിഷുപ്പുലരിയില്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും കൈനീട്ടം തന്നു. കൂട്ടത്തില്‍ രണ്ടു മൂന്നു പേര്‍ക്കെങ്കിലും അത് ജീവിതത്തിലെ ആദ്യ വിഷുക്കൈനീട്ടവുമായിരുന്നു.

തുടര്‍ന്ന് അന്ന് ഞങ്ങളെല്ലാവരും ചേര്‍ന്ന് നല്ല ഒരു സദ്യ ഒരുക്കി. ഒപ്പം പായസവും വച്ച് വിഷു ആഘോഷിച്ചു. അങ്ങനെ ആ വര്‍ഷത്തെ ഞങ്ങളുടെ വിഷു പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ ഭംഗിയായി പര്യവസാനിച്ചു.

കഴിഞ്ഞു പോയ വിഷുക്കാലങ്ങളെ ഓര്‍ക്കുമ്പോള്‍ ഇന്നും ആദ്യം ഓര്‍മ്മ വരുക അന്നത്തെ ഞങ്ങളുടെ വിഷുവാണ്. ഒപ്പം മത്തന്റെ കയ്യില്‍ നിന്നും കിട്ടിയ ആ വിഷുക്കൈനീട്ടവും. ഇത്തവണയും വിഷു വന്നെത്തുമ്പോള്‍ നാട്ടില്‍ പോകാന്‍ പറ്റാത്തതിന്റെ ചെറിയ വിഷമത്തിലും ഇത്തരം ഓര്‍മ്മകള്‍ മനസ്സിന് എന്തെന്നില്ലാത്ത ഒരു സന്തോഷം നല്‍കുന്നു. മാത്രമല്ല, സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ച അന്നത്തെ വിഷുവിന്റെ ഓര്‍മ്മകള്‍ക്ക് മാധുര്യം ഏറെയാണ്. ഇന്ന് ഞങ്ങളെല്ലാവരും ഓരോരോ സ്ഥലങ്ങളിലാണ്. അക്കൂട്ടത്തില്‍ പിള്ളേച്ചന്‍ മാത്രം ഇന്നും എന്റെ കൂടെ ബാംഗ്ലൂര്‍ ഉണ്ട്. അവനും ഇത്തവണ വിഷുവിനു നാട്ടിലേയ്ക്കില്ല.

ഇപ്പോള്‍ മത്തന്‍ ദുബായില്‍ ആണ്. ഡല്‍ഹിയിലുള്ള സുധിയപ്പനും ബിമ്പുവും നാട്ടിലുള്ള ജോബിയും ബിട്ടുവും എന്റെ കൂടെയുള്ള പിള്ളേച്ചനും എല്ലാം എന്നെപ്പോലെ തന്നെ അന്നത്തെ വിഷു ഓര്‍മ്മകളെ മനസ്സില്‍ താലോലിയ്ക്കുന്നുണ്ടാകണം. ഒപ്പം മത്തന്‍ അന്നു തന്ന ആ അഞ്ചു രൂപാ നാണയത്തിന്റെ തിളക്കത്തേയും.
----------------------------------------------------------------------------------
*വിഷുക്കട്ട - വിഷുവിനുണ്ടാക്കുന്ന ഒരു പലഹാരം. മധുരമില്ലാത്ത പായസം പോലെ. തേങ്ങപ്പാല്‍ ഒഴിച്ച് അതില്‍ കുത്തരി ചേര്‍ത്ത് നന്നായി വേവിച്ചു കുറുക്കി നിവ്വേദ്യച്ചോറു പോലെ ഉണ്ടാക്കിയെടുക്കുന്ന ഒന്നാണ് ഇത്. മറ്റു സ്ഥലങ്ങളില്‍ എന്തു പേരിലാണ് ഇത് അറിയപ്പെടുന്നതെന്ന് നിശ്ചയമില്ല.