Monday, January 28, 2008

☠ ഞാന്‍ കണ്ട പ്രേതം ☠

കൂട്ടുകാരുടെ കയ്യില്‍‌ നിന്നാണ് ആ ഫോണ്‍‌ നമ്പര്‍ ‌ലഭിച്ചത്. കിട്ടിയപ്പോള്‍‌ അതിലൊട്ടും താല്പര്യം തോന്നിയില്ല. എങ്കിലും എല്ലാവരും പല തവണ അതേക്കുറിച്ച് ആവര്‍‌ത്തിച്ച് പറഞ്ഞതു കേട്ടപ്പോള്‍‌ ആ നമ്പര്‍‌ എന്തായാലും ഒന്ന് കുറിച്ചു വച്ചു. താല്പര്യമുള്ള ആര്‍‌ക്കെങ്കിലും കൊടുക്കാമല്ലോ എന്നുമോര്‍‌ത്തു. പലരും അതെക്കുറിച്ച് തമാശ പോലെയും സീരിയസ്സായും പല കമന്റുകളും പറഞ്ഞു. എന്തൊക്കെയായാലും എല്ലാവരും അവസാനം ഒരു കാര്യം മാത്രം ഉറപ്പിച്ചു പറഞ്ഞു.

“ഇപ്പറഞ്ഞ നമ്പര്‍‌ കേരളാ നമ്പറല്ല. ചെന്നൈ അല്ലെങ്കില്‍‌ ബാംഗ്ലൂര്‍‌ നമ്പറാണ്. ആ നമ്പറിന്റെ പ്രത്യേകത എന്തെന്നാല്‍‌ അതിലേയ്ക്ക് പകല്‍‌ സമയത്ത് വിളിച്ചാല്‍‌ കോള്‍‌ കണക്ടാകില്ല. പകരം വിളിക്കുന്നത് അര്‍‌ദ്ധരാത്രിയാണെങ്കില്‍‌ ഏതോ ഒരു പെണ്‍‌കുട്ടി ആ ഫോണെടുക്കുകയും ചെയ്യും. മാത്രമല്ല, ആരെങ്കിലും പകല്‍‌ ആ നമ്പറിലേയ്ക്ക് വിളിയ്ക്കാന്‍‌ ശ്രമിച്ചിട്ടുണ്ടെങ്കില്‍‌ രാത്രി 12 മണിയ്ക്ക് ആ നമ്പറില്‍‌ നിന്നും തിരികെ കോള്‍‌ വരും. അതു മാത്രമല്ല, ആ നമ്പര്‍‌ 6 മാസം മുന്‍പ് ആത്മഹത്യ ചെയ്ത ഏതോ ഒരു മലയാളി പെണ്‍‌കുട്ടിയുടെ നമ്പറാണത്രേ. അതേ പെണ്‍‌കുട്ടിയായിരിക്കും നമ്മെ തിരിച്ചു വിളിയ്ക്കുന്നത്”

എന്തായാലും ഇതൊക്കെ കേട്ടപ്പോള്‍‌ ഞാനും സംഭവം നിസ്സാരമായി ചിരിച്ചു തള്ളി. ആളുകളെ പറ്റിയ്ക്കാനായി എന്തെല്ലാം വഴികളെന്ന് പറഞ്ഞു ചിരിയ്ക്കുകയും ചെയ്തു. സുഹൃത്തുക്കളില്‍‌ കുറച്ചു പേര്‍‌ എന്തായാലും ഇതൊന്നു ശ്രമിച്ചു നോക്കണമെന്നും പറഞ്ഞാണ് പിരിഞ്ഞത്. അവിടെ ഇരുന്നവരാരും അതു വരെ അത് ശ്രമിച്ചു നോക്കിയിരുന്നുമില്ല.

ഞാനെന്തായാലും ആ സംഭവം തല്‍ക്കാലം മറന്നു. പിന്നെ രണ്ടു മൂന്നു ദിവസങ്ങള്‍‌ കഴിഞ്ഞു. അന്നൊരു ദിവസം അച്ഛനും അമ്മയും ഒന്നും വീട്ടിലില്ല.അവരെല്ലാം ഒരു ബന്ധു വീട്ടില്‍‌ പോയിരിക്കുകയാണ്. അന്ന് ഞാന്‍‌ മാത്രമേ വീട്ടിലുള്ളൂ. ഞാനവിടെ ഒറ്റയ്ക്കായതു കാരണം ജിബീഷ് ചേട്ടനെന്നെ വിളിച്ചു. രാത്രി അവരുടെ വീട്ടില്‍‌ കിടക്കാമെന്നും പറഞ്ഞു. എന്നാല്‍‌ ഞാനത് നിരസിച്ചു. മാത്രമല്ല, ജിബീഷ് ചേട്ടനെ ഒന്നു കളിയാക്കുകയും ചെയ്തു. എനിക്ക് ഒറ്റയ്ക്കു കിടക്കാന്‍‌ അത്ര ഭയമൊന്നും ഇല്ലെന്നും പറഞ്ഞു. (ചില ദിവസങ്ങളില്‍‌ ഇതു പോലെ ജിബീഷ് ചേട്ടന്റെ വീട്ടില്‍‌ ആരുമില്ലാത്തപ്പോള്‍‌ ഞാന്‍‌ അവിടെ കൂട്ടിന് കിടക്കാന്‍‌ പോകുന്ന പതിവുണ്ടായിരുന്നു). അത് വിശ്വാസമായിട്ടോ എന്തോ, ജിബീഷേട്ടനും പിന്നെ നിര്‍‌ബന്ധിച്ചില്ല.

അങ്ങനെ സമയം രാത്രിയായി.9-10 മണി വരെ പതിവു പോലെ ടിവി കണ്ടു കൊണ്ട് സമയം കളഞ്ഞു. പിന്നെ അന്ന് കിട്ടിയ ഏതോ ഒരു പുസ്തകവും വായിച്ചു കൊണ്ടിരുന്നു. കുറേ കഴിഞ്ഞ് ബോറടിച്ചപ്പോള്‍‌ യാദൃശ്ചികമായി ആ ഫോണ്‍‌ സംഭവം ഓര്‍‌മ്മ വന്നു. വെറുതേ എന്റെ പേഴ്സെടുത്ത് തപ്പി നോക്കി. അതിലുണ്ടായിരുന്നു, ആ നമ്പര്‍‌. സമയം നോക്കിയപ്പോള്‍‌ 10 കഴിഞ്ഞു. എന്തായാലും ഒന്നു പരീക്ഷിച്ചു നോക്കിയാലോ എന്നായി അപ്പോഴത്തെ ചിന്ത. മറ്റൊന്നും ആലോചിക്കാതെ ആ നമ്പറിലേയ്ക്ക് ഡയല്‍‌ ചെയ്തു. സുഹൃത്തുക്കള്‍‌ പറഞ്ഞതു പോലെ തന്നെ “നമ്പര്‍‌ നിലവിലില്ല” എന്നു മറുപടി കിട്ടി. ആ ശ്രമം അവിടെ ഉപേക്ഷിച്ച് വീണ്ടും ടിവിയിലേയ്ക്ക് മടങ്ങി. ഒന്നും രസമില്ല എന്നു തോന്നിയപ്പോള്‍‌ അതും ഓഫ് ചെയ്ത് കിടക്കാന്‍‌ തീരുമാനിച്ചു.

കിടന്നു കഴിഞ്ഞപ്പോള്‍‌ മുതല്‍‌ ആ ഫോണ്‍‌ നമ്പറിനെ പറ്റിയായി ചിന്ത. അതെപ്പറ്റി ഓരോന്ന് ചിന്തിച്ച് ചിന്തിച്ച് കുറേശ്ശെ പേടി തോന്നിത്തുടങ്ങി. വിളിക്കേണ്ടായിരുന്നു എന്നു തന്നെ മനസ്സില്‍‌ വീണ്ടും വീണ്ടും തോന്നി. കിടന്നിടത്തു നിന്നും എഴുന്നേറ്റ് ലൈറ്റിട്ടു. പിന്നെ, അതു മറക്കാനായി ടിവി ഓണ്‍‌ ചെയ്തു നോക്കി. അതിലേയ്ക്ക് ശ്രദ്ധിയ്കാനേ തോന്നുന്നില്ല. വീണ്ടും ആ പുസ്തകമെടുത്തു. ഒട്ടും ഏകാഗ്രത കിട്ടുന്നില്ല. എന്നാലും വെറുതേ അതും നോക്കിക്കൊണ്ടിരുന്നു. ഇടയ്കിടെ ക്ലോക്കിലേയ്ക്കും അറിയാതെ നോക്കുന്നുണ്ട്. സമയം 11. 30 കഴിഞ്ഞു, 11.45 കഴിഞ്ഞു… എന്റെ ചങ്കിടിപ്പ് കൂടിക്കൂടി വരുന്നു… മനസ്സില്‍‌ കൂട്ടുകാരെല്ലാം പറഞ്ഞ കാര്യം ഓര്‍‌മ്മ വന്നു. “ഈ നമ്പറിലേയ്ക്ക് നമ്മള്‍‌ പകല്‍‌ സമയത്ത് വിളിക്കാന്‍‌ ശ്രമിച്ചാല്‍‌ കണക്ട് ആകില്ല. പകരം, ആ വിളിച്ച നമ്പറിലേയ്ക്ക് ഈ നമ്പറില്‍‌ നിന്ന് നമുക്ക് അന്ന് അര്‍‌ദ്ധരാത്രിയില്‍‌ വിളി വരും. ആ വിളിയ്ക്കുന്നത് ആറു മാസം മുന്‍പ് ആത്മഹത്യ ചെയ്ത ഒരു പെണ്‍‌കുട്ടിയായിരിക്കും”

സമയം പന്ത്രണ്ട് ആകുന്തോറും എനിക്ക് വെപ്രാളം കൂടിക്കൂടി വന്നു. ആ സമയത്ത് പതിവില്ലാതെ ഒരു മൂത്ര ശങ്ക…ഒപ്പം ഭയങ്കര ദാഹം… ചെറിയ ഒരു വിറയല്‍‌… എന്തു ചെയ്യണമെന്നറിയാതെ ഞാന്‍‌ മുറിയില്‍‌ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എന്തായാലും വാതിലു തുറക്കാനും പേടി. തുറന്നു കിടക്കുന്ന ജനലടക്കാമെന്നും കരുതി ജനലിനടുത്തേയ്ക്ക് നീങ്ങിയതും “ക്…റും…” എന്ന ശബ്ദത്തോടെ ജനാലച്ചില്ലില്‍‌ എന്തോ വന്നു വീണതും ഒരുമിച്ച്. ഞെട്ടി പുറകോട്ടു ചാടിക്കഴിഞ്ഞപ്പോഴാണ് “ങ്യാവൂ..” എന്ന ശബ്ദം കേട്ടത്. കുറച്ചൊരു സമാധാനം തോന്നി. വീട്ടിലും പരിസരങ്ങളിലും ചുറ്റി നടന്നിരുന്ന പൂച്ചക്കുഞ്ഞാണ്. അകത്തു കടക്കാനനുവദിക്കാറില്ലാത്തതിനാല്‍‌ ജനല്‍ തുറന്നു കിടക്കുന്നതു കണ്ടപ്പോള്‍‌ ആശാനൊന്നു ശ്രമിച്ചതാണ്, അകത്തു കയറിപ്പറ്റാന്‍‌…

അതു പൂച്ചയാണല്ലോ എന്ന സമാധാനത്തോടെ ഒരു നെടുവീര്‍‌പ്പിട്ട് പ്രശ്നമൊന്നുമില്ല എന്ന് മനസ്സില്‍‌ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ട് ക്ലോക്കില്‍‌ നോക്കി. ഹാവൂ… സമയം 12 കഴിഞ്ഞു. ഇനി കുഴപ്പമില്ല. അങ്ങനെ ചിന്തിച്ച് തീര്‍‌ന്നില്ല. “ടിര്ര്ര്ര്ണിം” ഫോണ്‍‌ ബെല്ലടിച്ചു. ഞാനപ്പോള്‍‌ നിന്നിരുന്നത് ഫോണിന്റെ തൊട്ടടുത്തായിരുന്നതു കൊണ്ടോ പേടി കൂടുതല്‍‌ തോന്നിയിട്ട് സ്ഥലകാല ബോധം നഷ്ടപ്പെട്ടിട്ടോ എന്തോ ഫോണ്‍‌ റിസീവറില്‍‌ നിന്നെടുത്ത് മാറ്റി വയ്ക്കാനാണ് അപ്പോള്‍‌ തോന്നിയത്. അതിന്റെ മണിയടിയാണ് ആ നിമിഷത്തില്‍‌ ഏറ്റവും ഭയാനകമായി തോന്നിച്ചത് എന്നതാണ് സത്യം. ഞാന്‍‌ റിസീവറെടുത്ത് പൊക്കിയതും പെട്ടെന്ന് കറന്റും പോയി. ഒരു ഉള്‍‌ക്കിടിലത്തോടെ റിസീവര്‍‌ മേശമേലേക്കിട്ട ഞാന്‍‌ ഒരു വിറയലോടെ ഞെട്ടിമാറിയതും ആ ഇരുട്ടില്‍‌ എന്റെ നോട്ടം പാതി തുറന്നു കിടക്കുന്ന ജനാലയിലൂടെ പുറത്തേയ്ക്ക് അറിയാതെ പാഞ്ഞതും അവിടെ മുറ്റത്തായി ആരോ നില്‍‌ക്കുന്നതായി കണ്ടതും ആ രൂപത്തില്‍‌ വെള്ള സാരി പോലെയെന്തോ കാറ്റിലനങ്ങുന്നതു പോലെ തോന്നിയതും ഇതിനിടയില്‍‌ ആ ഫോണ്‍‌ കോളിനെ പറ്റി കൂട്ടുകാരെല്ലാം പറഞ്ഞു കേട്ട കഥ മുഴുവന്‍‌ ഒറ്റയടിയ്ക്ക് ഓര്‍‌മ്മ വന്നതും എല്ലാം ഒരൊറ്റ നിമിഷത്തില്‍‌ കഴിഞ്ഞു.

വായിലെ വെള്ളം പോലും വറ്റി കുറേശ്ശെ ബോധം നഷ്ടപ്പെട്ടോ എന്ന ഒരു അവസ്ഥയില്‍‌ നില്‍‌ക്കുമ്പോഴാണ് ഉയര്‍‌ത്തി മേശമേല്‍‌ വച്ച ആ ഫോണീല്‍‌ “ഹലോ ഹലോ” എന്ന ജിബീഷ് ചേട്ടന്റെ ശബ്ദം എനിക്കു തിരിച്ചറിയാന്‍‌ കഴിഞ്ഞത്. ആ സമയത്തു തോന്നിയ ഒരു സമാധാനവും ആശ്വാസവും പറഞ്ഞറിയിക്കാന്‍‌ വയ്യ. തിരിച്ചു കിട്ടിയ ധൈര്യത്തോടെ ഞാന്‍‌ ഫോണ്‍‌ ചാടിയെടുത്തു. ഫോണെടുത്ത് സംസാരിക്കാന്‍‌ വൈകിയതിന് എന്നെ കുറ്റപ്പെടുത്തിക്കൊണ്ട് ജിബീഷ് ചേട്ടന്‍‌ എന്തു പറ്റിയെന്നു ചോദിച്ചപ്പോള്‍‌ കറന്റു പോയതു കൊണ്ടാണെന്നോ മറ്റോ പറഞ്ഞ് ഞാന്‍‌ ഒരു വിധം തടിയൂരി. അപ്പോഴേയ്ക്കും കറന്റും വന്നു. പിന്നെയും എന്തൊക്കെയോ സംസാരിച്ചു കൊണ്ട് ഗുഡ് നൈറ്റും പറഞ്ഞ് ജിബീഷ് ചേട്ടന്‍‌ ഫോണ്‍‌ വച്ചപ്പോഴേയ്ക്കും ഞാന്‍‌ സമനില വീണ്ടെടുത്തിരുന്നു.

കിടക്കും മുന്‍പ് എന്റെ മുറിയില്‍‌ വെളിച്ചം കണ്ടതു കൊണ്ടാണത്രേ ജിബീഷ് ചേട്ടന്‍ ഫോണ്‍‌ വിളിച്ച് ചോദിച്ചത്. (ഞങ്ങളുടെ വീടും ജിബീഷ് ചേട്ടന്റെ വീടും തമ്മില്‍‌ ഏതാണ്ട് ഒരു 200 മീറ്റര്‍‌ ദൂരമേയുള്ളൂ. മാത്രമല്ല, സാധാരണ ജിബീഷ് ചേട്ടന്‍‌ ഉറങ്ങുന്നത് 12 മണിയെല്ലാം കഴിഞ്ഞിട്ടായിരിക്കും) എന്തായാലും ഒരു നിമിഷം എന്റെ ചിന്ത പോയത് നേരത്തേ ഞാന്‍‌ ട്രൈ ചെയ്ത അതേ നമ്പറില്‍‌ നിന്നുമാണ് എനിക്ക് ആ ഫോണ്‍‌ വന്നത് എന്നും പുറത്ത് നില്‍‌ക്കുന്ന വെള്ള സാരിയുടുത്ത സ്ത്രീരൂപം പണ്ട് മരിച്ചതായി പറയുന്ന ആ പെണ്‍‌കുട്ടി തന്നെ ആയിരിക്കും എന്നുമായിരുന്നു. എനിക്ക് സാരി അനങ്ങുന്നതായി തോന്നിയതാകട്ടെ, മുറ്റത്തെ വാഴയുടെ ഒടിഞ്ഞു തൂങ്ങിയ ഉണങ്ങിയ ഇലയായിരുന്നു.

എന്തായാലും പിന്നെ, മനസ്സമാധാനത്തോടെ പോയിക്കിടന്നുറങ്ങാനും കഴിഞ്ഞു. പിറ്റേ ദിവസം രാവിലെ ആദ്യം ചെയ്തത് മുറ്റത്തെ വാഴയുടെ ഉണങ്ങിയ ഇലകളെല്ലാം വെട്ടിക്കളയുക എന്ന കൃത്യമായിരുന്നു. പിന്നെ പേഴ്സില്‍‌ നിന്നും ആ നമ്പറെടുത്ത് അടുപ്പിലിടുക എന്നതും. മാത്രമല്ല, ഇത്ര പ്രായമായിട്ടും (ഈ സംഭവം നടന്നിട്ട് ഇപ്പോള്‍‌ മൂന്നു കൊല്ലത്തിനു മുകളിലായിട്ടില്ല) ഇങ്ങനെ പേടിച്ചു എന്ന് പുറത്തറിയുമെന്ന ചമ്മലു കാരണം ഇത് അധികമാരോടും പറഞ്ഞിട്ടുമില്ല.

Wednesday, January 16, 2008

ടാങ്കറില്‍ ഒരു ലിഫ്റ്റ്

രണ്ടു വര്‍‌ഷത്തെ തഞ്ചാവൂര്‍‌ ജീവിതത്തിലെ മറക്കാനാകാത്ത സംഭവങ്ങളിലൊന്നായിരുന്നു വൈകുന്നേരങ്ങളില്‍‌ കോളേജില്‍‌ നിന്നും റൂമിലേയ്ക്കുള്ള യാത്രകള്‍‌. കോളേജും താമസിയ്ക്കുന്ന റൂമും തമ്മില്‍‌ 4 കി.മീ വ്യത്യാസമുണ്ട്. ഡയറക്ട് ബസ്സും കിട്ടില്ല. അതു കൊണ്ടു തന്നെ സാധാരണയായി നടന്നു തന്നെ പോകുകയാണ് പതിവ്. അതിനൊപ്പം ലിഫ്റ്റു വല്ലതും തരപ്പെടുമോ എന്നും കൂടി ശ്രമിച്ചു നോക്കും. മിക്കവാറും ദിവസങ്ങളില്‍‌ കോളേജിലേയ്ക്കുള്ള രാവിലത്തെ പോക്ക് നടന്നും തിരിച്ചു വരവ് ഏതെങ്കിലും ലോറിയിലോ പാല് വണ്ടികളിലോ ആയിരിക്കും. (ആരോഗ്യാ പാലിന്റെ പ്ലാന്റ് അവിടെ അടുത്തായിരുന്നു)
വൈകുന്നേരം നാലരയോടെ ആ കോളേജിന്റെ ഗേറ്റിനു മുന്നില്‍‌ മലയാളികളുടെ ഒരു കൂട്ടം തന്നെയുണ്ടാകും. അത് ഒരു കാണേണ്ട കാഴ്ച തന്നെയായിരുന്നു. വഴിയേ പോകുന്ന ബൈക്കിനും കാറിനും എന്തിന് ബസ്സൊഴികെ മറ്റെല്ലാ വണ്ടികള്‍‌ക്കും കൈ കാണിച്ചു കൊണ്ട് നില്‍‌ക്കുന്ന അക്കൂട്ടത്തില്‍‌ ഞാനും സുഹൃത്തുക്കളും കാണും. അര മണിക്കൂറെങ്കിലും ശ്രമിച്ചിട്ടും ഒന്നും തടഞ്ഞില്ലെങ്കില്‍‌ മാത്രം പതിയെ എല്ലാവരും കൂടി നടന്നു തുടങ്ങും.
അങ്ങനെ ഒരു വൈകുന്നേരം ലിഫ്റ്റും നോക്കി നിന്ന ഞങ്ങള്‍‌ ദൂരെ നിന്നും വരുന്ന ഒരു ടാങ്കര്‍‌ കണ്ട് കൈ കാണിച്ചു. നല്ല അണ്ണന്‍‌! സാമാന്യം സ്പീഡിലാണ് വന്നതെങ്കിലും വണ്ടി ഞങ്ങളുടെ മുന്നില്‍‌ ചവിട്ടി നിര്‍‌ത്തി. എവിടേയ്ക്കു പോകണമെന്ന് ചോദിച്ചതിനുത്തരമായി പോകേണ്ട സ്ഥലം പറഞ്ഞപ്പോള്‍‌ കയറിക്കോളാന്‍‌ അനുവാദവും കിട്ടി. (ദോഷം പറയരുതല്ലോ. നമ്മള്‍‌ മലയാളികളേക്കാള്‍‌ ഇക്കാര്യത്തില്‍‌ സഹായികളാണ് തമിഴര്‍‌). എന്തായാലും അനുവാദം കിട്ടേണ്ട താമസം, ഞങ്ങള്‍‌ 10-12 പേര്‍‌ അതിനുള്ളിലേയ്ക്ക് വലിഞ്ഞു കയറി. ഇത്രയും പേര്‍‌ കയറിയിട്ടും അയാള്‍‌ ഒരു രസക്കുറവും കാട്ടിയില്ല. വണ്ടി നീങ്ങിത്തുടങ്ങി. ഞങ്ങളുടെ മട്ടും മാതിരിയുമെല്ലാം കണ്ട് അയാള്‍‌ ചോദിച്ചു “മലയാളീസാ?” അതെ എന്ന അര്‍‌ത്ഥത്തില്‍‌ ഞങ്ങള്‍‌ തലയാട്ടിയപ്പോഴേയ്ക്കും അയാള്‍‌ ഒരുപാട് കാര്യങ്ങള്‍‌ പറഞ്ഞു തുടങ്ങി.
കേരളമെല്ലാം അയാള്‍‌ക്ക് നന്നായി അറിയാമെന്നും കേരളത്തിലെ ഒരുപാട് സ്ഥലങ്ങളിലേയ്ക്കെല്ലാം അയാള്‍‌ വന്നിട്ടുണ്ടെന്നും അയാള്‍‌ക്ക് നല്ല ഇഷ്ടപ്പെട്ട സ്ഥലമാണ് അത് എന്നുമെല്ലാം പറഞ്ഞു. ഞങ്ങളും വലിയ അഭിമാനത്തോടെ അതും കേട്ടിരുന്നു. ഏതൊക്കെ സ്ഥലങ്ങളില്‍‌ വന്നിട്ടുണ്ടെന്നായി ഞങ്ങളുടെ അടുത്ത ചോദ്യം. എറണാകുളവും തൃശ്ശൂരും എല്ലാം അറിയാമെങ്കിലും കൊല്ലം നന്നായി പരിചയമുണ്ടെന്ന് അയാള്‍‌‍‌ മറുപടിയും പറഞ്ഞു.
തമിഴും അറിയാവുന്ന മുറി മലയാളവും ചേര്‍‌ത്ത് അയാള്‍‌ പിന്നെയും എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു. ഞങ്ങള്‍‌ അതിനെല്ലാം സന്തോഷത്തോടെ (ഓസിനു ലിഫ്റ്റ് തന്നതല്ലേ!) മറുപടിയും പറഞ്ഞു. കൂട്ടത്തില്‍‌ ചോദിച്ചു ‘കേരളത്തിലെ വ്യാജ മദ്യ കേസ് എന്തായി’ എന്ന്. അന്നത്തെ പ്രധാന വാര്‍‌ത്തകളിലൊന്നായിരുന്ന വ്യാജമദ്യക്കേസ് തന്നെ ആണോ ചോദിയ്ക്കുന്നത് എന്നു സംശയിച്ചു നില്‍‌ക്കുന്ന ഞങ്ങളോട് അയാള്‍‌ അതേ കാര്യം തന്നെ വിശദീകരിച്ചു ചോദിച്ചു. അതു തന്നെയാണ് ചോദിയ്ക്കുന്നതെന്ന് മനസ്സിലായപ്പോള്‍‌ ഞങ്ങള്‍‌ക്ക് ചെറിയ ചമ്മലായി. ഇത്രയും കാര്യമായി അയാള്‍‌ കേരളം അറിയാമെന്നു പറഞ്ഞത് ഈ വ്യാജ മദ്യ കേസിനെ പറ്റി കേട്ടിട്ടായിരുന്നോ?
പിന്നെയും അയാള്‍‌ ചോദിച്ചു. മണിച്ചനെല്ലാം കേസില്‍‌ നിന്നും പുറത്തു വന്നോ എന്ന്. ഇല്ല എന്നു പറഞ്ഞപ്പോള്‍‌ വളരെ ആത്മ വിശ്വാസത്തോടെ അയാള്‍‌ പറഞ്ഞു “അതൊന്നും പ്രശ്നമാകില്ല. ഈ മണിച്ചനെല്ലാം വളരെ എളുപ്പത്തില്‍‌ കേസില്‍‌ നിന്നും ഊരിപ്പോരും“ എന്ന്.
അതെന്താ അണ്ണാ, ഇത്ര ഉറപ്പോടെ പറഞ്ഞത് എന്ന് ഞങ്ങള്‍‌ ചോദിച്ചപ്പോള്‍‌ അഭിമാനത്തോടെ ഉറക്കെ ചിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു “അതൊന്നും ഒണ്ണുമില്ലൈ തമ്പീ അന്ത കേസില്‍‌ നാന്‍‌ താന്‍‌ ഒമ്പോതാം പ്രതി. ആനാ അതുക്കപ്പുറം ഇതെല്ലാമേ കോര്‍‌ട്ടില്‍‌ വന്ത ടൈമില്‍‌ എനക്കൊരു അഡ്വാക്കേറ്റിനെ കെടച്ചാച്ച്. മലയാളി താന്‍‌. റൊമ്പ പെരുമയാന ആള്‍. അപ്പുറം കേസുടെ റിസള്‍‌ട്ടില്‍‌ എന്ന മുടിവ് എന്നു തെരിയുമാ? ഇന്ത ലോറി ഓണറ്‌ നാന്‍‌ കെടയാത്, എതുക്ക്, എനക്ക് ഡ്രൈവിങ്ങു കൂടെ തെരിയാത് അപ്പടി താന്‍‌ വന്തേന്‍! അപ്പുറം നാന്‍‌ സിമ്പിളാ റിലീസായ്ച്ച്. ടോട്ടലാ മൂന്നു ലച്ചം താന്‍‌ എനക്ക് ലാസ്സ്.അതുക്കെന്ന? എപ്പടി? അന്ത മാതിരി ഇന്ത മണിച്ചനും റിലീസായിടുവാര്[ഏതാണ്ട് ഇങ്ങനെയാണ് അയാള്‍‌ അന്നു പറഞ്ഞത്]
ആ വ്യാജ മദ്യ കേസിലെ ഒമ്പതാം പ്രതി ആയിരുന്ന മഹാന്റെ കൂടെയാണ് അപ്പോള്‍‌ ഞങ്ങള്‍‌ എന്ന സത്യം എല്ലാവരും മനസ്സിലാക്കിയത് അപ്പോഴാണ്. പല തവണ വ്യാജ മദ്യം കയറ്റിയ അതേ ടാങ്കറിലാണ് അപ്പോഴത്തെ ഞങ്ങളുടെ യാത്ര എന്നും. ആ കേസിലെ ഒമ്പതാം പ്രതി ആയിരുന്നിട്ടും 3 ലക്ഷം ചിലവാക്കി അയാള്‍‌ നിഷ്പ്രയാസം കേസില്‍‌ നിന്നും തലയൂരി എന്നറിഞ്ഞ് ഞങ്ങള്‍‌ നിശ്ശബ്ദരായി, അതും മലയാളിയായ ഏതോ ഒരു പ്രശസ്ത വക്കീലിന്റെ സഹായത്താല്‍‌. “അതെല്ലാം പോട്ടും. ഉങ്കളെ എങ്കെ ഡ്രോപ്പ് പണ്ണണം?” എന്ന അയാളുടെ ചോദ്യത്തിന് “ഓ ഇവിടെതന്നെ ഇറക്കിയാല്‍‌ മതി, അണ്ണാ ബാക്കി ഞങ്ങള്‍‌ നടന്നു പോയ്ക്കോളാം” എന്ന മറുപടി കോറസ്സായി പറഞ്ഞു പോയത് ഞങ്ങളാരും മനസ്സാ അറിഞ്ഞു കൊണ്ടല്ലായിരുന്നു, കാരണം അപ്പോഴും റൂമെത്താന്‍‌ രണ്ടു കിലോമീറ്ററിനടുത്ത് പോകേണ്ടതുണ്ടായിരുന്നു.
അവിടെ ഇറങ്ങി ബാക്കിയുള്ള ദൂരം റൂമിലേയ്ക്ക് നടക്കുമ്പോള്‍‌ നമ്മുടെ കേരളത്തിലെ നിയമ വ്യവസ്ഥകളെയും നിയമജ്ഞരെയും പറ്റി ഓര്‍‌ത്ത് അഭിമാനിയ്ക്കണോ അതോ ലജ്ജിയ്ക്കണോ എന്ന സംശയത്തിലായിരുന്നു ഞങ്ങള്‍.

Friday, January 4, 2008

എന്റെ പ്രിയ സുഹൃത്തുക്കള്‍‌ക്കായ്…

ഇത് ഈ പുതുവര്‍‌ഷത്തിലെ എന്റെ ആദ്യ പോസ്റ്റാണ്. നീര്‍‌മിഴിപ്പൂക്കള്‍‌ എന്ന ഈ ബ്ലോഗില്‍‌ ഇത് എന്റെ അമ്പതാമത്തേതും. പുതുവര്‍‌ഷം ആദ്യം ഏതു പോസ്റ്റിടണമെന്ന് രണ്ടാമതൊന്നു കൂടി ആലോചിയ്ക്കേണ്ടി വന്നില്ല. മറ്റെന്തിനേക്കാളും സൌഹൃദം എനിക്കു വിലപ്പെട്ടതാകയാല്‍‌ ഇതു സൌഹൃദം സ്പെഷലാണ്, എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍‌ക്കു വേണ്ടിയുള്ളതാണ്.

1999 ജൂലൈയിലാണ് പിറവം ബിപിസി കോളേജില്‍ ആദ്യമായി കാലു കുത്തുന്നത്. സ്നേഹിയ്ക്കാന്‍‌ മാത്രമറിയുന്ന ഒരു പിടി കൂട്ടുകാരെയും ഒട്ടനേകം നല്ല ഓര്‍‌മ്മകളേയും സമ്മാനിച്ച ആ കലാലയത്തെ എനിയ്കെന്നല്ല അവിടെ പഠിച്ചിട്ടുള്ള ആര്‍‌ക്കും മറക്കാനാകുമെന്നു തോന്നുന്നില്ല.

പിറവത്ത് ഞങ്ങള്‍‌ പഠിക്കുന്ന കാലത്ത് കോളേജ് ജീവിതം പോലെ തന്നെ രസകരമായിരുന്നു താമസവും. അവിടെ ഞങ്ങള്‍‌ താമസിച്ചിരുന്നത് പിറവം റബ്ബര്‍‌ പാല്‍‌ വിതരണ- സംഭരണ കേന്ദ്രം വക ഓഫിസ് കെട്ടിടത്തിലായിരുന്നു. ഒരേയൊരു മുറി, അതിനൊരു വരാന്ത, ആ മുറിയോട് ചേര്‍‌ന്ന് ടോയ്‌ലെറ്റ്. പിന്നെ, ഈ പറഞ്ഞ മുറിയില്‍‌ നിന്നും അല്‍പ്പം മാറി ഒരു കൊച്ചു അടുക്കള. ഇതായിരുന്നു പിറവത്തെ ഞങ്ങളുടെ സാമ്രാജ്യം. അവിടുത്തെ താമസക്കാര്‍‌ രണ്ടു തരം. ഒന്ന് ഞാനും ബിട്ടുവും കുല്ലുവും ചേര്‍‌ന്ന സ്ഥിരാംഗങ്ങള്‍‌(എന്നു വച്ചാല്‍‌ വാടക കൊടുക്കുന്നവര്‍‌). രണ്ട് മത്തനും ജോബിയും സുധിയും ബിമ്പുവും ചേര്‍‌ന്ന അഭയാ‍ര്‍‌ത്ഥികളും.

അഭയാര്‍‌ത്ഥികളെന്നു വച്ചാല്‍‌ അക്ഷരാര്‍‌ത്ഥത്തില്‍‌ അഭയാര്‍‌ത്ഥികള്‍‌ തന്നെ.ഇവന്മാരുടെയെല്ലാം വീട് കോളേജിനു ചുറ്റുവട്ടത്തൊക്കെ തന്നെ ആണെങ്കിലും മിക്കവാറും ദിവസങ്ങളിലെല്ലാം എല്ലാവരും കാണും ഞങ്ങളുടെ റൂമില്‍‌.വാടകയൊന്നും തരാതെ ഞങ്ങളുടെ റൂമില്‍‌ തീറ്റയും കുടിയുമായി സ്ഥിരമായി കൂടുന്നതു കൊണ്ടാണ് ഇവന്മാര്‍‌ക്ക് അഭയാര്‍‌ത്ഥികളെന്ന പേരു വന്നത്. എന്തായാലും എല്ലാവരും കൂടി ഉള്ള ദിവസങ്ങള്‍‌ നല്ല രസമായിരുന്നു എന്ന കാര്യം സമ്മതിക്കാതിരിക്കാന്‍‌ നിവൃത്തിയില്ല, കേട്ടോ. ഭക്ഷണവും കിടക്കാനുള്ള സ്ഥലം പോലും അടിപിടി കൂടി നേടിയെടുക്കേണ്ടി വരുന്ന അപുര്‍‌വ്വമായ സന്ദര്‍‌ഭങ്ങളായിരുന്നു, എല്ലാവരും ചേരുന്ന ആ ദിവസങ്ങള്‍‌.


അങ്ങനെ വരുന്ന സമയങ്ങളില്‍‌ കുല്ലു അവന്റെ ഗാനങ്ങളും വയലിനുമായി ഞങ്ങളിലേക്കിറങ്ങി വരും. ഞങ്ങളുടെ ഇടയില്‍‌ സംഗീതത്തോടുള്ള താല്പര്യം വളര്‍‌ത്തിയെടുത്തതില്‍‌ അവനുള്ള പങ്ക് ഒരിയ്ക്കലും വിസ്മരിയ്ക്കാനാകില്ല. അടിപൊളി ഗാനങ്ങളെ മാത്രമിഷ്ടപ്പെട്ടിരുന്ന മത്തനും സംഗീതത്തോട് തീരെ താല്പര്യമില്ലാതിരുന്ന ബിട്ടുവും നല്ല ഗാനങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങിയത് അവിടെ വച്ചാണ്. മാത്രമല്ല, ക്ലാസ്സിക്കലില്‍‌ മാത്രം ഒതുങ്ങിക്കൂടുമായിരുന്ന കുല്ലുവിനെ എല്ലാത്തരം ഗാനങ്ങളിലേയ്ക്കും കൊണ്ടുവന്നത് ഞങ്ങളും ആയിരുന്നു.

അഭയാര്‍‌ത്ഥി ഗ്യാങ്ങിന്റെ അനിഷേധ്യനായ നേതാവായി എന്നും മത്തനുണ്ടാകും. കാരണം വേറൊന്നുമല്ല, ആ റൂമില്‍- ഞാനും സഞ്ജുവും കഴിഞ്ഞാല്‍‌ എറ്റവും കൂടുതല്‍‌ കിടന്നിട്ടുള്ള വ്യക്തി എന്ന റേക്കോര്‍ഡ് മിക്കവാറും അവനായിരിക്കും. എല്ലാസമയത്തും “എടാ ഒരു പ്രശ്നമുണ്ട്” എന്ന മുഖവുരയോടെ ഞങ്ങള്‍‌ക്കിടയിലേയ്ക്ക് തിരക്കുപിടിച്ച് വളരെ സീരിയസ്സായി കടന്നു വരുന്ന മത്തന്‍‌ അന്നെല്ലാവര്‍‌ക്കും ഒരു ചിരിക്കുള്ള വകയായിരുന്നു. അവന്‍‌ പറയുന്നതു മിക്കവാറും തന്നെ എന്തെങ്കിലുമൊക്കെ നിസ്സാര സംഭവങ്ങളായിരിക്കും എന്നതു തന്നെ കാര്യം. വന്നു വന്ന് എന്തെങ്കിലുമൊക്കെ തമാശ കേള്‍‌ക്കണമെങ്കില്‍‌ മത്തനോട് എന്തെങ്കിലുമൊക്കെ ‌ സീരിയസ്സായി പറയുവാന്‍‌ ആവശ്യപ്പെടുക എന്നത് അന്നൊരു പതിവാക്കിയിരുന്നു, എല്ലാവരും.

മത്തന്‍‌ കഴിഞ്ഞാല്‍ റൂമിലെ സ്ഥാനം സുധിയപ്പനായിരുന്നു. അതിനു ശേഷമേ കുല്ലുവിനു പോലും റൂമിന് അവകാശമുണ്ടായിരുന്നുള്ളൂ എന്നതാണ് സത്യം. (കുല്ലു മിക്ക ദിവസങ്ങളിലും പാട്ടു പരിശീലനത്തിനും പരിപാടികള്‍‌ക്കുമൊക്കെയായി എറണാകുളത്തുള്ള അവന്റെ വീട്ടില്‍‌ തന്നെ ആയിരിക്കും.) ഞങ്ങളുടെ കൂട്ടത്തില്‍‌ എല്ലാവരുടേയും ഇഷ്ടസുഹൃത്തായിരുന്നു “കരിമ്പുലി, കരീം ഭായ്, ടോണര്‍‌ ഭായ്, തോറ്റ റെപ്പ്” എന്നെല്ലാമറിയപ്പെട്ടിരുന്ന സുധിയപ്പന്‍‌. എന്തു പറഞ്ഞു തുടങ്ങിയാലും ഭക്ഷണകാര്യങ്ങളില്‍‌ കൊണ്ടു വന്ന് അവസാനിപ്പിക്കുക എന്നതായിരുന്നു അവന്റെ വീക്ക്നെസ്സ്. മറ്റെന്തു കാര്യങ്ങള്‍‌ സമ്മതിച്ചു തന്നാലും അന്നും ഇന്നും അവന്‍‌ ശക്തമായി വാദിയ്ക്കുന്ന ഒരു കാര്യമുണ്ട്. “അടിസ്ഥാനപരമായി മനുഷ്യന്‍‌ ജീവിയ്ക്കുന്നതു തന്നെ ഭക്ഷണം കഴിയ്ക്കാനാണ്” എന്ന്. സുധിയപ്പന്‍‌ അടുത്തുണ്ടെങ്കില്‍‌ എവിടെപ്പോയാലും ഭക്ഷണം കഴിയ്ക്കാനുള്ള സമയമായോ എന്നറിയാന്‍‌ വാച്ചു നോക്കെണ്ട കാര്യമില്ല എന്ന് അവനെ അറിയുന്ന എല്ലാവരും സമ്മതിയ്ക്കും. (കാരണം ആ സമയം കൃത്യമായും അവന്‍‌ നമ്മെ ഓര്‍‌മ്മിപ്പിച്ചിരിയ്ക്കും)

അങ്ങനെ എല്ലാവരും കൂടുന്ന സദസ്സില്‍‌ തന്റെ സ്വതസിദ്ധമായ മണ്ടത്തരങ്ങളുമായി സില്‍്വ(സ്റ്റ)ര്‍‌ ജോബി നിറഞ്ഞു നില്‍‌ക്കും. മസ്സിലാണ് ഇഷ്ടന്റെ വീക്ക്നെസ്സ്. വെറുതേ ഇരിയ്ക്കുമ്പോള്‍‌ ഒരു 100 പുഷ്‌ അപ്പ് എടുക്കുക, പഞ്ച ഗുസ്തി കൂടുക ഇതൊക്കെ ആണ് വിനോദം.(ഒരു പക്ഷേ ആ കോളേജില്‍‌ തന്നെ സാല്‍‌മാന്‍‌ ഖാനെ സപ്പോര്‍‌ട്ടു ചെയ്തിരുന്ന ഒരേയൊരു വ്യക്തി അവനായിരുന്നിരിയ്ക്കണം)

അടുത്തതായി ബിമ്പു. സംഭാഷണം എന്നത് ഒരു കല ആണെങ്കില്‍‌ ആ കലയില്‍‌ മുടിചൂടാ മന്നനായിരുന്നു, ബിമ്പു. ആരെന്തു ടോപ്പിക് തുടങ്ങിയാലും അതിനു സമാനമായ ഒരു നവോദയാ കഥയുമായി ഇടപെട്ട് രംഗം കയ്യടക്കുവാനൊരു പ്രത്യ്യേക കഴിവുണ്ടായിരുന്നു, ബിമ്പുവിന്. അവിടെ ബിമ്പുവിനോട് കുറച്ചെങ്കിലും പിടിച്ചു നില്‍‌ക്കുവാനുള്ള കഴിവുള്ള ആള്‍‌ ഞാന്‍‌ മാത്രമായിരുന്നു എന്നു തോന്നുന്നു.(കത്തി വയ്ക്കാന്‍‌ ഞാനും അത്ര മോശമല്ല)

പിന്നെ, എല്ലായ്പ്പൊഴും നല്ലൊരു പങ്കാളിയായി എല്ലാവരുടേയും കൂടെ ബിട്ടുവുമുണ്ടാകും. അവനെന്നും നല്ലൊരു കേള്‍‌വിക്കാരനായിരുന്നു. സ്വന്തമായി അഭിപ്രായം പറയുന്നത് വളരെ ചുരുക്കം. എങ്കിലും എന്തു നല്ല കാര്യത്തിനും ചെറിയ കുരുത്തക്കേടുകള്‍‌ക്കും അവനും കൂട്ടുണ്ടാകും.

അങ്ങനെ അവിടെ എല്ലാവരും കൂടുന്ന ദിവസങ്ങളില്‍‌ വൈകുന്നേരങ്ങളില് കിടന്നുറങ്ങുമ്പോഴേയ്ക്കും സമയം ഒരുപാട് വൈകും. പരസ്പരം പാര വച്ചും കഥകള്‍‌ പറഞ്ഞും ഭാവിയെ പറ്റി ചര്‍ച്ച ചെയ്തും ഒരുപാടു നേരം കളയും. അവസാനം കിടന്നുറങ്ങുമ്പോള്‍‌ സമയം മിക്കവാറും 3 മണിയൊക്കെ ആയിട്ടുണ്ടാകും. ഇങ്ങനെയുള്ള ചില ദിവസങ്ങളിലെ സംസാരം റൂമിനകത്തു നിന്നും ടെറസ്സിനു മുകലിലേയ്ക്കോ രാത്രി ആരുമില്ലാത്ത പിറവം അപ്പോളോ ജംക്ഷനെന്ന കോളേജ് ജംക്ഷനിലുള്ള ശശിച്ചേട്ടന്റെ ഹോട്ടലിനു മുന്നിലിട്ടിരിക്കുന്ന ബെഞ്ചുകളിലേയ്ക്കോ മറ്റു ചിലപ്പോള്‍‌ കന്നേറ്റുമലയ്ക്കു മുകളില്‍‌ ഞങ്ങള്‍‌ക്ക് അന്നും ഇന്നും എന്നും പ്രിയങ്കരിയായ ബിപിസി കോളേജിന്റെ അങ്കണത്തിലേയ്ക്കോ നീളും. അപൂര്‍വ്വമായി മത്തന്റെ കാവസാക്കിയുമായി കുറച്ചു ദൂരെയുള്ള വയല്‍‌ വരമ്പുകളിലും പാതയോരങ്ങളിലെയ്ക്കും ‌ നിലാവു പെയ്യുന്ന പുല്‍‌മേടുകളിലേയ്ക്കുമൊക്കെ ഇത്തരം സംഭാഷണങ്ങള്‍‌ നീളും. എനിക്ക് എന്റെ ജീവിതത്തില്‍‌ തന്നെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാലമായിരുന്നു അത്. ഇങ്ങനെ സംസാരിച്ചിരുന്ന് നേരം വെളുപ്പിച്ച എത്ര രാവുകള്‍‌! ഇങ്ങനെ രാത്രി സംഭാഷണങ്ങളില്‍‌ ബിപിസി കോളേജിന്റെ മുറ്റത്ത് മാനവും നോക്കി കൂട്ടുകാരുടെ മടിയില്‍‌ തലയും വച്ച് അവരുടെ ആഗ്രഹങ്ങളും ഭാവി സ്വപ്നങ്ങളും കേട്ടു കൊണ്ടിരുന്ന ആ കാലം ഒന്നും ഒരിയ്ക്കലും മറക്കാനാകാത്തതാണ്.

അങ്ങനെ ഞങ്ങള്‍‌ അവസാനമായി ഒരു മുഴുവന്‍‌ രാത്രിയും സംസാരിച്ചിരുന്നത് 6 വര്‍‌ഷങ്ങള്‍‌ക്കു മുന്‍‌പ് 2002 ജനുവരി ആദ്യമായിരുന്നു. പിന്നീട് പരീക്ഷാ, പ്രോജക്ട് എന്നീ തിരക്കുകളുമായി രാത്രി സംഭാഷണങ്ങള്‍‌ അധികം നീളാറില്ല. പിന്നീട് ഞങ്ങളില്‍‌ കുല്ലു ഒഴികെ മറ്റെല്ലാവര്‌ക്കും രണ്ടു വര്‍‌ഷം കൂടി തഞ്ചാവൂര്‍‌ ഒരുമിച്ചു പഠിയ്ക്കാനുള്ള ഭാഗ്യം ലഭിച്ചു. കുല്ലു MA music നു ചെന്നൈ യിലേയ്ക്ക് പോയി. എങ്കിലും മൂന്നു തവണ അവനും തഞ്ചാവൂര്‍‌ക്ക്, ഞങ്ങളെ കാണാന്‍‌ വന്നിരുന്നു. അതിനിടയില്‍‌ മാഷ് എന്നു ഞങ്ങള്‍‌ സ്നേഹപൂര്‍‌വ്വം വിളിയ്ക്കുന്ന സുനിലും (സുനില്‍‌ രാജ്) പിള്ളേച്ചനും ഞങ്ങള്‍‌ക്കൊപ്പം ചേര്‍‌ന്നു. അതിനു ശേഷം എല്ലാവര്‍‌ക്കും പല വഴികളിലേയ്ക്ക് പിരിയേണ്ടി വന്നു. ഇന്ന് ഞങ്ങള്‍‌ 9 പേരും പലയിടങ്ങളിലാണ്. ഇതില്‍ 2 പേര്‍‌ വിവാഹിതരായിക്കഴിഞ്ഞു. കുല്ലു ചെന്നൈയില്‍‌ സംഗീത രംഗത്ത് അറിയപ്പെടുന്ന, തിരക്കുള്ള ഒരു കലാകാരനായിക്കഴിഞ്ഞു. കഴിഞ്ഞ 4 വര്‍‌ഷത്തിനിടെ ഒരിക്കല്‍‌പ്പോലും ഞങ്ങള്‍‌ക്ക് 9 പേര്‍‌ക്കും ഒരുമിച്ചു കൂടാന്‍‌ സാധിച്ചിട്ടില്ല.എങ്കിലും ഇന്നും ഫോണിലൂടെയും മെയിലിലൂടെയും ചാറ്റിലൂടെയും അപൂര്‍‌വ്വമായി കത്തുകളിലൂടെയും ആ സൌഹൃദം നിലനില്‍‌ക്കുന്നു. വേറെയും ഒരുപാട് നല്ല സുഹൃത്തുക്കലുണ്ടെങ്കിലും ഇവരുമായുള്ള എന്റെ സൌഹൃദം വേറിട്ടു നില്‍‌ക്കുന്നു.

ഇപ്പോള്‍‌ ഈ പുതുവര്‍‌ഷത്തിലെ ആദ്യ പോസ്റ്റായി‌ ഇത് ഇവിടെ എഴുതുന്നതിനും ഒരു ചെറിയ കാരണമുണ്ട്. സാധാരണയായി കമന്റുകള്‍‌ ഇടാറില്ലെങ്കിലും എന്റെ മിക്ക സുഹൃത്തുക്കളും ഈ ബ്ലോഗും സമയം പോലെ വായിയ്ക്കാ‍റുണ്ട്. ഈ പോസ്റ്റ് അവര്‍‌ക്കുള്ള ഒരു തുറന്ന എഴുത്തു കൂടിയാണ്. കാരണം ഞങ്ങളുടെ ചങ്ങാതിക്കൂട്ടത്തിലെ 2 പേര്‍‌ എന്തൊക്കെയോ തെറ്റിദ്ധാരണകളുടെ പേരില്‍‌ ചെറിയ സൌന്ദര്യപ്പിണക്കത്തിലാണ്. രണ്ടു പേരും പരസ്പരം കണ്ടാല്‍‌ സംസാരിയ്ക്കും എങ്കിലും അവരിരുവര്‍‌ക്കും ഇടയില്‍‌ എന്തോ സംഭവിച്ചിരിയ്ക്കുന്നു. ഇത് ബാക്കി ഞങ്ങള്‍‌ക്ക് എല്ലാവര്‍‌ക്കും ഉറപ്പുമുണ്ട്. എങ്കിലും രണ്ടു പേരെയും ഞങ്ങള്‍‌ക്ക് ഒരുമിച്ചു കിട്ടുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. രണ്ടു പേരും ഇപ്പോള്‍‌ ദൂരെ നാടുകളിലുമാണ്. അതു കൊണ്ട് ഇവിടെ എഴുതിയ ഈ പഴയ കാര്യങ്ങളെല്ലാം ഓര്‍‌ത്തിട്ടെങ്കിലും അവര്‍‌ക്കിടയിലുള്ള കൊച്ചു പിണക്കങ്ങള്‍‌ പരിഹരിയ്ക്കാന്‍‌ അവര്‍‌ തയ്യാറെടുത്താലോ എന്ന്‍ ഒരു മോഹം. ഇവരുടെ പിണക്കം മാറ്റുക എന്നതാണ് എന്റെ ഈ വര്‍‌ഷത്തെ ആദ്യത്തെ ലക്ഷ്യം. അതിന് എന്റെ മറ്റ് എല്ലാ സുഹൃത്തുക്കളും ഒരുമിച്ചു ശ്രമിയ്ക്കുന്നുമുണ്ട്. എങ്കിലും കൂടെ, നിങ്ങള്‍‌ ബൂലോക സുഹൃത്തുക്കളുടെ പ്രാര്‍‌ത്ഥന കൂടി ഉണ്ടാകും എന്ന് വിശ്വസിയ്ക്കുന്നു.

സൌഹൃദങ്ങള്‍‌ വിലപ്പെട്ടതാണ്. എന്നും എക്കാലവും എല്ലാ സൌഹൃദങ്ങളും നില നില്‍‌ക്കട്ടെ!