Friday, December 14, 2007

ഒരു കല്യാണ വിശേഷം


ഗ്രാമപ്രദേശങ്ങളിലെല്ലാം വിവാഹം എന്ന ചടങ്ങ് വളരെ രസകരമായ ഒരു അനുഭവമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഓഡിറ്റോറിയങ്ങളില്‍‌ വച്ചു നടക്കുന്ന വിവാഹത്തിന്റെ കൃത്രിമത്വങ്ങളൊന്നുമില്ലാതെ തിരക്കും ബഹളവുമായി നടത്തപ്പെടുന്ന ഒരു ആഘോഷം. ഞങ്ങള്‍‌ പിറവം ബിപിസി കോളേജിലായിരിക്കുമ്പോഴും ഇത്തരത്തിലുള്ള രണ്ടു മൂന്നു വിവാഹങ്ങളില്‍‌ പങ്കെടുക്കാന്‍‌ പറ്റി. (സംശയിക്കണ്ട, വിളിക്കാതെ പോയി സദ്യയുണ്ടു എന്നല്ല പറഞ്ഞത്) അതിലൊന്നായിരുന്നു ഞങ്ങളുടെ കോളേജിലെ ലാബ് അസ്സിസ്റ്റന്റ് കൂടിയായിരുന്ന മനോജേട്ടന്റെ വിവാഹം.


ഞങ്ങള്‍‌ ആ കോളേജിലെ ഒരുമാതിരി എല്ലാ ടീച്ചിങ്ങ് & നോണ്‍‌ ടീച്ചിങ്ങ് സ്റ്റാഫുമായും പരിചയമായ ശേഷമാണ് മനോജേട്ടനുമായി അടുക്കുന്നത്. കാരണം മറ്റുള്ളവരെപ്പോലെ പെട്ടെന്ന്‍ അടുക്കുകയും ഒരുപാട് സംസാരിക്കുകയും ചെയ്യുന്ന ടൈപ്പായിരുന്നില്ല അദ്ദേഹം. (നന്നേ ചെറുപ്പത്തിലേ അദ്ദേഹത്തിന്റെ അച്ഛന്‍‌ മരിച്ചു പോയി എന്നും അമ്മ മാത്രമേ സ്വന്തമായുള്ളൂ എന്നുമെല്ലാം പിന്നീട് ഞങ്ങളറിഞ്ഞു. അതു കൊണ്ടു കൂടിയാകാം, മനോജേട്ടന്‍‌ ആരോടും അങ്ങനെ അടുക്കുന്ന തരക്കാരനല്ലായിരുന്നു) പക്ഷേ എന്തു കൊണ്ടോ, പരിചയപ്പെട്ട് അധികം വൈകാതെ ഞങ്ങള്‍‌ 7 പേര്‍‌ മനോജേട്ടനുമായി നല്ല കമ്പനിയായി. കോളേജില്‍‌ വച്ച് ടീച്ചേഴ്സിനോടു പോലും അധികം സംസാരിക്കാത്ത മനോജേട്ടന്‍‌ എവിടെ വച്ചു കണ്ടാലും ഞങ്ങളോട് ചിരിച്ചു സംസാരിക്കുകയും എന്തെങ്കിലും നേരം പോക്ക് പറയുകയും ചെയ്യുമായിരുന്നു. മനോജേട്ടന്റെ വീട് കോളേജിനു തൊട്ടടുത്തു തന്നെ ആയതും ഞങ്ങള്‍‌ കോളേജിനടുത്തു തന്നെ താമസിച്ചിരുന്നതും ഞങ്ങളുടെ സൌഹൃദം കുറെക്കൂടി ദൃഢമാകാന്‍‌ സഹായിച്ചു എന്നു പറയാം. കൂടാതെ, ഞങ്ങളുടെ ‘ഫ്രണ്ട്സ്’ എന്ന റൂമിനടുത്തായിരുന്നു അവിടുത്തെ വായനാശാല എന്നതിനാല്‍‌ മിക്കവാറും അവധി ദിവസങ്ങളില്‍‌ അങ്ങോട്ടു പോകും വഴി മനോജേട്ടന്‍‌ ഞങ്ങളുടെ റൂമില്‍‌ കയറി സംസാരിച്ചിരിക്കുമായിരുന്നു. ഇടയ്ക്ക് വായനാശാലയില്‍‌ നിന്നും നല്ല ചില പുസ്തകങ്ങള്‍‌ എനിക്ക് വായിക്കാനായി എടുത്തു തരികയും ചെയ്തിട്ടുണ്ട്.


ഞങ്ങള്‍‌ രണ്ടാം വര്‍‌ഷം പഠിയ്ക്കുമ്പോഴായിരുന്നു മനോജേട്ടന്റെ വിവാഹം. ഇക്കാര്യം അറിയിക്കാനും ഞങ്ങളെ ക്ഷണിയ്ക്കാനുമായി മനോജേട്ടന്‍‌ റൂമില്‍‌ വന്നു. ഞങ്ങളെ ഏഴു പേരേയും പ്രത്യേകം ക്ഷണിച്ചു. റൂമില്‍ ഞങ്ങള്‍‌ 3 പേരേ ഉള്ളൂവെങ്കിലും 7 പേരും മിക്കവാറും അവിടെ കാണാറുണ്ട് എന്നതു തന്നെ കാരണം. തലേ ദിവസം മുതല്‍‌ അവിടെ ഉണ്ടാകണം എന്ന് നിര്‍‌ബന്ധപൂര്‍‌വ്വം ആവശ്യപ്പെടുകയും ചെയ്തു. (ഞങ്ങള്‍‌ ആ ആവശ്യം സസന്തോഷം സ്വീകരിച്ചു എന്ന് പ്രത്യേകം പറയേണ്ടല്ലോ)


അങ്ങനെ വിവാഹത്തലേന്ന് തന്നെ ഞങ്ങള്‍‌ എല്ലാവരും കല്യാണവീട്ടില്‍‌ ഹാജരായി. പിന്നെ, വൈകാതെ അവിടുത്തെ പണികളുടെ എല്ലാം ഉത്തരവാദിത്വം ഏറ്റെടുത്തു. നാട്ടുകാര്‍‌ക്കിടയിലും ഞങ്ങളെപ്പറ്റി മോശമല്ലാത്ത അഭിപ്രായമുണ്ടായിരുന്നു, കേട്ടോ. അതു കൊണ്ടാകണം, അവര്‍‌ ഞങ്ങളെയും അവരുടെ കൂട്ടത്തില്‍‌ കൂട്ടി. അങ്ങനെ രാത്രിയായി. ഭക്ഷണത്തിനു ശേഷം പിറ്റേ ദിവസത്തേയ്ക്കുള്ള സദ്യയ്ക്കു വേണ്ട ഒരുക്കങ്ങള്‍ തുടങ്ങി. പച്ചക്കറി അരിയലും തേങ്ങ ചിരവലും പൊടിപൊടിച്ചു. ഒപ്പം കുല്ലുവിന്റെ നേതൃത്വത്തില്‍‌ പാട്ടും കലാപരിപാടികളും. നാട്ടുകാരും കൂട്ടുകാരും ഞങ്ങളോടൊപ്പം ചേര്‍‌ന്നപ്പോള്‍‌ ആകെ ഒരുത്സവ പ്രതീതി. അങ്ങനെ പച്ചക്കറി അരിയലെല്ലാം ഏതാണ്ട് കഴിഞ്ഞപ്പോഴാണ് ആ കുടുംബത്തിലെ ഒരു അമ്മാവന്‍‌ ഞങ്ങളെ വിളിയ്ക്കുന്നത്. ഞങ്ങളങ്ങോട്ട് ചെന്ന് കാര്യമന്വേഷിച്ചു. അപ്പോള്‍‌ അദ്ദേഹം പറഞ്ഞു.


“ പച്ചക്കറി അരിഞ്ഞതും തേങ്ങ ചിരവിയതും അല്ല മക്കളേ മിടുക്ക്. ഈ തേങ്ങ പിഴിഞ്ഞ് പാലെടുക്കുന്നതിലാണ്. എന്താ നിങ്ങള്‍‌ക്കു പറ്റുമോ?”


അതിനെന്താ ഇത്ര പാട്? ഞങ്ങളേറ്റു. ഞങ്ങളെല്ലാവരും ഒന്നു ചിന്തിയ്ക്കുക പോലും ചെയ്യാതെ സമ്മതിച്ചു.


“അങ്ങനെ വെറുതേ പിഴിയുകയല്ല, കല്യാണവീട്ടിലൊക്കെ തേങ്ങ പിഴിയുന്നതിനൊരു രീതിയുണ്ട്. ദാ, ഈ തോര്‍‌ത്തു മുണ്ടങ്ങു പിടിച്ചേ” ഒരു പുതിയ വലിയ തോര്‍‌ത്തു മുണ്ടെടുത്ത് ഞങ്ങള്‍‌ക്കു നേരെ നീട്ടിയിട്ട് അമ്മാവന്‍‌ തുടര്‍‌ന്നു. “ ഈ ഈരിഴത്തോര്‍‌ത്തില്‍‌ ചിരവിയ തേങ്ങ ഇട്ടു പിഴിഞ്ഞ് പാലെടുക്കണം. അങ്ങനെ ഒന്നാം പാലും രണ്ടാം പാലും മൂന്നാം പാലും എടുത്തു കഴിയുമ്പോഴേയ്ക്കും പിഴിഞ്ഞു പിഴിഞ്ഞ് ഈ തോര്‍‌ത്തുമുണ്ട് പിഞ്ഞിക്കീറണം. അതിലാണ് അതിന്റെ രസം. എന്താ നോക്കുന്നോ?”


“ഏറ്റു” അതും ഒരു വെല്ലു വിളി പോലെ ഞങ്ങള്‍‌ ഏറ്റെടുത്തു.


“അതത്ര എളുപ്പമല്ല മക്കളേ
നിങ്ങള്‍‌ക്ക് അതു ചെയ്യാന്‍‌ കഴിഞ്ഞാല്‍‌ ഒരു സമ്മാനവുമുണ്ട് കാണട്ടെ മിടുക്ക്!”

അമ്മാവന്‍‌ പ്രോത്സാഹിപ്പിച്ചു. ഒപ്പം നാട്ടുകാരും.


“ജോബീ, അളിയാ വാടാ
നമ്മുടെ അഭിമാനത്തിന്റെ പ്രശ്നമാ” ഞങ്ങള്‍‌ ജോബിയെ ഉറക്കെ വിളിച്ചു.


അതിനിടെ കല്യാണ രാമനിലെ ഇന്നസെന്റിന്റെ മിസ്റ്റര്‍‌ പോന്നിക്കര ചെയ്ത പോലെ ‘മ്യൂസിക് വിത് ബോഡി മസ്സില്‍‌സ്’ എന്ന സ്റ്റൈലില്‍‌ കൊച്ചു പിള്ളേരുടെ അടുത്ത് മസിലും പെരുപ്പിച്ചു കൊണ്ട് നില്‍ക്കുകയായിരുന്ന ജോബി ഓടിയെത്തി. കാര്യമറിഞ്ഞതും അവന്‍‌ ഷര്‍‌ട്ടൂരി. അതു കണ്ട് അമ്പരന്ന് “എടാ, ഗുസ്തി പിടിയ്ക്കാനല്ല, നിന്നോട് വരാന്‍‌ പറഞ്ഞത്” എന്നു പറഞ്ഞ എന്റെ ചെവിയില്‍‌ വന്ന് അവന്‍‌ പയ്യെ പറഞ്ഞു “അളിയാ, ഒരു ബോഡി ഷോയ്ക്കുള്ള അവസരം തരപ്പെട്ടത് ഇപ്പോഴാ
നീ ഇടങ്കോലിടരുത്” പിന്നെ ഞാ‍നും ഒന്നും പറഞ്ഞില്ല. മാത്രമല്ല, ആ തോര്‍‌ത്ത് കീറേണ്ടത് ഞങ്ങളുടെ അഭിമാന പ്രശ്നമാണല്ലോ. അതിന് ജോബിയുടെ സഹായമില്ലാതെ പറ്റത്തുമില്ല.


അങ്ങനെ അവിടെ കൂടിയിരുന്ന നാട്ടുകാരുടെ പ്രോത്സാഹനത്തിനും ആര്‍‌പ്പുവിളികള്‍‌ക്കുമിടയില്‍‌ ഞങ്ങള്‍‌ ആ തോര്‍‌ത്തുമുണ്ടുമായി ഒന്നാം പാലിനു വേണ്ടിയുള്ള യുദ്ധമാരംഭിച്ചു. ഒരു കുട്ട നിറയെ ചിരവിയ തേങ്ങ തന്നിട്ട് ഒരു ബക്കറ്റോളം ഒന്നാം പാലു പിഴിയണമെന്നാണ് കണക്കു പറഞ്ഞത്. ഞങ്ങള്‍‌ അഞ്ചു മിനിട്ടു കൊണ്ട് ആ ഒരു ബക്കറ്റ് ഒന്നാം പാല്‍‌ പിഴിഞ്ഞെടുത്തു. ഏതാണ്ട് ആ ബക്കറ്റ് നിറയാറായപ്പോഴേയ്ക്ക് “ക്‌റ്‌റ്‌
.റ്” എന്ന ചെറിയ ശബ്ദം കേട്ടു. ഞങ്ങള്‍‌ ഉത്സാഹത്തോടെ തേങ്ങാപ്പീര മാറ്റി തോര്‍‌ത്ത് പരിശോധിച്ചു.


“ഹായ്
. തോര്‍‌ത്ത് കീറിയേ” മത്തന്‍‌ ആര്‍‌ത്തു വിളിച്ചു “ജോബിയളിയാ ഉമ്മ” സന്തോഷം കൊണ്ട് ജോബിയുടെ കവിളത്ത് മത്തന്റെ വക ഒരു സമ്മാനവും.


മത്തന്റെ ഉമ്മ കിട്ടിയ കവിളും തുടച്ചു കൊണ്ട് ജോബി പല്ലിറുമ്മി നില്‍‌ക്കുമ്പോള്‍‌ ആദ്യ റൌണ്ടില്‍‌ തന്നെ തോര്‍‌ത്ത് കീറിയതും കണ്ട് കണ്ണു മിഴിച്ച് നില്‍‌ക്കുകയായിരുന്നു ആ അമ്മാവനും നാട്ടുകാരും. എന്തായാലും അതേ പോലത്തെ രണ്ടാമത്തെ തോര്‍‌ത്തു കൂടി എടുത്തു തന്നിട്ട് ആ അമ്മാവന്‍‌ പറഞ്ഞു “മക്കളേ
സമ്മതിച്ചു. നിങ്ങള്‍‌ക്ക് സമ്മാനം തരുന്ന കാര്യം ഞാനേറ്റു. പക്ഷേ, മൂന്നാം പാലു വരെ ഈ തോര്‍‌ത്തു കൊണ്ട് അഡ്‌ജസ്റ്റു ചെയ്യണം. ഇനി വേറെ നല്ല തോര്‍‌ത്തില്ല. ഇതും കീറരുത്”


ഞങ്ങള്‍‌ വിജയീഭാവത്തില്‍‌ സമ്മതിച്ചു. എല്ലാവരും കൂടി ഒത്തു പിടിച്ച് രണ്ടാം പാലും മൂന്നാം പാലും ആവശ്യത്തിലേറേ പിഴിഞ്ഞെടുത്തു. എല്ലാം കഴിഞ്ഞപ്പോള്‍‌ അവിടെ കൂടിയ നാട്ടുകാരുടെ മുന്നില്‍‌ വച്ച് ആ അമ്മാവന്‍‌ ഞങ്ങള്‍‌ക്കുള്ള സമ്മാനം എടുത്തു തന്നു. ഒരു കുപ്പി മദ്യം!


അത്രയും പേരുടെ മുന്നില്‍‌ വച്ച് ഞങ്ങള്‍‌ ചമ്മി. ഒരു തുള്ളി മദ്യം പോലും കഴിയ്ക്കാത്ത ഞങ്ങള്‍‌ക്കെന്തിന് മദ്യക്കുപ്പി? “അമ്മാവാ
ഇതു ചതിയായിപ്പോയി. ഇതു ഞങ്ങള്‍‌ക്കെന്തിനാ?” നല്ല ഫുഡു വല്ലതും പ്രതീക്ഷിച്ച സുധിയപ്പന്‍‌ അറിയാതെ ചോദിച്ചുപോയി.


അപ്പോഴാണ് ഞങ്ങള്‍‌ അതു കഴിയ്ക്കില്ലെന്ന് അവരും മനസ്സിലാക്കിയത്. ഷര്‍‌ട്ടിടാതെ മസിലും കാണിച്ച് വെള്ളിത്തരങ്ങളും (മണ്ടത്തരങ്ങളും) പറഞ്ഞു നടക്കുന്ന ജോബിയൊക്കെ നല്ല പോലെ വെള്ളമടിച്ചിട്ടാണ് ഇതെല്ലാം കാണിയ്ക്കുന്നത് എന്നായിരുന്നു അവരുടെ വിചാരം. പരിഹാരമായി തിളച്ചു കൊണ്ടിരിക്കുന്ന പാലട പ്രഥമനെ ആദ്യമായി കൈ വയ്ക്കാനുള്ള അനുവാദം ഞങ്ങള്‍‌ക്കു കിട്ടി. ഞങ്ങള്‍‌ ഹാപ്പിയായി. എന്തായാലും ആ കുപ്പി ഞങ്ങള്‍‌ ഞങ്ങളുടെ സീനിയേഴ്സിനു സമ്മാനിച്ചു. അവരും ഹാപ്പി.


അന്നത്തെ കോപ്രായങ്ങളെല്ലാം കഴിഞ്ഞ് രാത്രി മൂന്നു മണിയ്ക്ക് അവിടെ നിന്നും പായസ്സവും കൂട്ടി ചോറും ഉണ്ട ശേഷമാണ് ഞങ്ങള്‍‌ പിരിഞ്ഞത്. (ഒന്നും തോന്നരുത്. സത്യമായും നല്ല വിശപ്പായിരുന്നു). പിറ്റേന്ന് കല്യാണം ആഘോഷമായി നടന്നു. അവിടെയും വിളമ്പാനും ഒരുക്കങ്ങള്‍‌ക്കും ഞങ്ങള്‍‌ മുന്നിലുണ്ടായിരുന്നു. നാട്ടുകാരെല്ലാം വളരെ സംതൃപ്തിയോടെ പങ്കെടുത്ത ഒരു വിവാഹമായിരുന്നു അത്. ഒപ്പം നാട്ടുകാര്‍‌ക്ക് ഞങ്ങളോടുണ്ടായിരുന്ന മതിപ്പും ഇരട്ടിയായി.


വിവാഹ ശേഷം മനോജേട്ടന്‍‌ ഭാര്യയേയും കൂട്ടി ഞങ്ങളുടെ റൂമിലെത്തിയിരുന്നു. പിന്നെയും കാലം കടന്നു പോയി. ഞങ്ങള്‍‌ മൂന്നാം വര്‍‌ഷം കോഴ്സ് മുഴുമിപ്പിച്ച് പോരും വരെ മനോജേട്ടനുമായുള്ള അടുപ്പം നില നിന്നിരുന്നു. അവസാ‍നം മൂന്നു വര്‍‌ഷം മുന്‍പ് പിറവത്ത് ഞങ്ങളെല്ലാവരും ഒത്തു കൂടിയപ്പോഴാണ് മനോജേട്ടനെ അവസാനമായി കണ്ടത്. അന്ന് തനിക്കൊരു കുട്ടി ജനിച്ച കാര്യവും മനോജ് ചേട്ടന്‍‌ പറഞ്ഞു. വീട്ടിലേയ്ക്ക് ക്ഷണിച്ചെങ്കിലും സമയക്കുറവു മൂലം ഞങ്ങള്‍‌ പോയില്ല. അടുത്ത തവണ വരുമ്പോള്‍‌ കാണാമെന്ന ഉറപ്പും കൊടുത്ത് ഞങ്ങളന്ന് പിരിഞ്ഞു.


എന്നാല്‍‌ കുറേ നാള്‍‌ മുന്‍‌പ് പെട്ടെന്ന് ഒരു ദിവസം സഞ്ജു എന്നെ വിളിച്ച് ഞെട്ടിപ്പിയ്ക്കുന്ന ഒരു വാര്‍‌ത്ത പറഞ്ഞു. മനോജേട്ടന്‍‌ ഹൃദയാഘാതം മൂലം രണ്ടു മൂന്നു ദിവസമായി ആശുപത്രിയിലായിരുന്നു എന്നും അന്ന് രാവിലെ ഈ ലോകത്തെ വിട്ടു പോയി എന്നും. ഇടയ്ക്ക് പുക വലിയ്ക്കുമായിരുന്നു എന്ന ഒരേയൊരു ദുശ്ശീലം മാത്രമുണ്ടായിരുന്ന മനോജേട്ടന് അന്ന് 35 വയസ്സു പോലും പ്രായമുണ്ടായിരുന്നില്ല. ഇന്നും പിറവം ബിപിസി കോളേജിലെ നല്ല നാളുകളേക്കുറിച്ച് ഓര്‍‌ക്കുമ്പോള്‍‌ മനോജേട്ടന്റെ മുഖം ഒരു വേദനയോടെ ഓര്‍‌മ്മ വരും.

69 comments:

  1. ശ്രീ said...

    ഞങ്ങളുടെ പിറവം ബിപിസി കോളേജിലെ 3 വര്‍‌ഷക്കാലത്തെ പഠന കാലയളവിനുള്ളില്‍‌ ലഭിച്ച മറക്കാനാകാത്ത അനുഭവങ്ങളിലൊന്ന്.

    ഈ പോസ്റ്റ് ബിപിസി കോളേജിലെ അന്നത്തെ ലാബ് അസ്സിസ്റ്റന്റ് ആയിരുന്ന മനോജേട്ടന്റെ പാവന സ്മരണയ്ക്കു മുന്നില്‍‌ സമര്‍‌പ്പിയ്ക്കുന്നു, ഒപ്പം ബിപിസിയിലെ എല്ലാ സുഹൃത്തുക്കള്‍‌ക്കും.

  2. ഹരിത് said...

    ആര്‍ജ്ജവമ്മുള്ള രചനാ ശൈലി. നന്നായി എഴുതിയിട്ടുണ്ട്. അകാലത്തില്‍ അവിചാരിതമായി പൊലിഞ്ഞു പോയ മനുഷ്യരേയും സൌഹൃദങ്ങളെയും കുറിച്ചുഅറിയാതെ ഞാനും ഓര്‍ത്തുപോയി.

  3. മൂര്‍ത്തി said...

    മനുഷ്യന്റെ കാര്യം ഇത്രയേ ഉള്ളൂ..

  4. Sujith Bhakthan said...

    കൊള്ളാം. പിന്നെ കുല്‍ദീപിന്റെ ജാലകത്തിലേകുള്ള ലിങ്ക് കാണിച്ചു തന്നല്ലൊ...അതിനു നന്ദി.

  5. ദിലീപ് വിശ്വനാഥ് said...

    ശ്രീ, വളരെ നല്ല ഓര്‍മ്മക്കുറിപ്പ്. ശരിക്കും മനസ്സില്‍ത്തട്ടി എഴുതിയതാണല്ലേ.

  6. Eccentric said...

    വളരെ ഹ്രദയസ്പര്‍ശി ആയിട്ടുന്ട്ട്.

  7. [ nardnahc hsemus ] said...

    ശ്രീ, നല്ല എഴുത്തുരീതി.

    (തലക്കെട്ട്, ഏകവചനമോ ബഹുവചനമോ? :))

  8. ഹരിശ്രീ said...

    നല്ല ഓര്‍മ്മക്കുറിപ്പ്.

  9. ശ്രീ said...

    ഹരിത്, സ്വാഗതം. നന്ദി, വായനയ്ക്കും ആദ്യ കമന്റിനും.
    മൂര്‍‌ത്തിയേട്ടാ... അതു തന്നെ. മനുഷ്യരുടെ കാര്യം ഇത്രയേയുള്ളൂ. :(
    ഭക്തന്‍‌സ്... നന്ദി, വായനയ്ക്കും കമന്റിനും.
    വാല്‍മീകി മാഷേ... അതെ, ശരിക്കും മനസ്സില്‍‌ തട്ടിയ ഒരു സംഭവമാണ്‍ ഇത്.
    എക്സെന്‍‌ട്രിക്... സ്വാഗതം, വായിച്ച് അഭിപ്രായമറിയിച്ചതിനു നന്ദി.
    സുമേഷേട്ടാ... നന്ദി. തെറ്റു തിരുത്തിയിട്ടുണ്ട്.
    ശ്രീച്ചേട്ടാ... :)

  10. Meenakshi said...

    ഒരിക്കലും പ്രതീക്ഷിക്കാത്ത അവസാനം, ശരിക്കും ഹൃദയത്തില്‍ തട്ടുന്ന രീതിയിലുളള അവതരണം Friendship നു തുല്യം Friendship മാത്രം

  11. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: ജി മനു എഫക്റ്റാണോ. അവസാനം കൊണ്ട് കണ്ണ് നനയിപ്പിക്കുന്നത്?

  12. ശ്രീവല്ലഭന്‍. said...

    ശ്രീ,
    വളരെ നന്നായ്‌ ഓര്‍മ്മക്കുറിപ്പ്‌ എഴുതിയിരിക്കുന്നു. എന്താ പറയുക. ഇതൊക്കെ തന്നെയല്ലേ ജീവിതം.......

  13. G.MANU said...

    ithu thanne jeevitham sree.
    varum pokum idakku kanum chirikkum.

    nala kurippu
    അത്രയും പേരുടെ മുന്നില്‍‌ വച്ച് ഞങ്ങള്‍‌ ചമ്മി. ഒരു തുള്ളി മദ്യം പോലും കഴിയ്ക്കാത്ത ഞങ്ങള്‍‌ക്കെന്തിന് മദ്യക്കുപ്പി? “അമ്മാവാ… ഇതു ചതിയായിപ്പോയി. ഇതു ഞങ്ങള്‍‌ക്കെന്തിനാ?”
    ithu master

  14. കുഞ്ഞന്‍ said...

    ശ്രീ,

    ഹൃദയ സ്പര്‍ശിയായ വിവരണം, ഒരിക്കല്‍ക്കൂടീ ശ്രീ വിജയിച്ചൂ, നല്ല ശീലമൊന്നുമില്ലെന്ന് ബൂലോകത്തെ അറിയിക്കുന്നതില്‍..!

  15. Sreenath's said...

    വിശേഷം വിശേഷായിരിക്കുന്നു ട്ട്വോ...

  16. ശ്രീ said...

    മീനാക്ഷീ...
    അത്, ഫ്രണ്ട്ഷിപ്പിനു പകരം ഫ്രണ്ട്ഷിപ്പു മാത്രം. നന്ദി, വായനയ്ക്കും കമന്റിനും.
    ചാത്താ...
    അത് യാദൃശ്ചികമായി അങ്ങനെ ആയിപ്പോയെന്നേയുള്ളൂ... രണ്ടും പറയാതെ ഇതു മുഴുവനാകില്ല. നന്ദി. :)
    വല്ലഭന്‍‌ മാഷേ...
    സ്വാഗതം. ഇതൊക്കെ തന്നെ ഓരോ ജീവിതവും.
    മനുവേട്ടാ...
    നന്ദി, വായനയ്ക്കും കമന്റിനും.
    കുഞ്ഞന്‍‌ ചേട്ടാ...
    സാഹചര്യവശാല്‍‌ അക്കാര്യം കൂടി ഇതില്‍‌ വന്നെന്നേയുള്ളൂ... നന്ദി.
    കിനാവേ... നന്ദി. :)
    ശ്രീനാഥ്... സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. :)

  17. യാരിദ്‌|~|Yarid said...

    വായിച്ചു, നന്നായിരിക്കുന്നു ശ്രീ...

    വിളിക്കാതെ പോയി സദ്യ ഉണ്ടാലും വലിയ പ്രശ്നമൊന്നുമില്ല കെട്ടൊ ശ്രീ...

  18. സീത said...

    ശ്രീ,
    മനസ്സില്‍ തട്ടീയ അനുഭവം നന്നായിരിക്കുന്നു

  19. priyan said...

    നല്ല ഒഴുക്ക്...ഞാന്‍ അറിഞ്ഞില്ല.. വായിച്ചു തീര്‍ന്നത്...:-)

  20. വേണു venu said...

    നല്ല രചനാ ശൈലിയും ഓര്‍മ്മക്കുറിപ്പും .:)

  21. സണ്ണിക്കുട്ടന്‍ /Sunnikuttan said...

    കൊള്ളാം ശ്രീ.

    പോസ്റ്റിന്റെ നീളം കണ്ടപ്പോള്‍ ഇതെപ്പോ വായിച്ചു തീര്‍ക്കുമെന്ന സംശയം ഉണ്ടായി. പക്ഷെ വായിച്ചു തുടങ്ങിയപ്പോള്‍‌ നല്ല ഒഴുക്ക്, വായിച്ച് തീര്‍ന്നിട്ടും മതിവരാത്തത് പോലെ.

    അതങ്ങനാ ശ്രീ. നമുക്ക് നന്നായറീയാവുന്നവരുടെ പെട്ടെന്നുള്ള വേര്‍‌പാട് ഒരിക്കലും വിശ്വസിക്കാന്‍ സാധിക്കില്ല.

  22. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    ഓര്‍മ്മക്കുറിപ്പിന്റെ അവസാനം വേദനിപ്പിച്ചു.

    നന്നായി എഴുതിയിരിക്കുന്നു.

  23. ശ്രീ said...

    വഴിപോക്കന്‍‌... നന്ദി, വായനയ്ക്കും കമന്റിനും.
    സീത ചേച്ചീ... സ്വാഗതം, നന്ദി.
    പ്രിയന്‍‌... സ്വാഗതം, നന്ദി.
    വേണുവേട്ടാ... വായനയ്ക്കും കമന്റിനും നന്ദി.
    സണ്ണിച്ചേട്ടാ... സന്തോഷം. മുഴുവനും പറയാതെ ഈ പോസ്റ്റ് പൂര്‍‌ണ്ണമാകില്ല എന്നു തോന്നി, അതാണ്‍ നീളം കൂടിയത്. പ്രിയപ്പെട്ടവരുടെ വേര്‍പാട് എന്നും സങ്കടകരമാണ്‍. കമന്റിനു നന്ദി.:)
    പ്രിയാ... വായനയ്ക്കും കമന്റിനും നന്ദി. :)

  24. ഉപാസന || Upasana said...

    Shobhi...

    Touching Sir...

    font illaatta...

    It is better to give the post title related to Manoj rather thaan marriage because i believe manoj is the key of this story, not marriage...
    :)
    upaasana

  25. CHANTHU said...

    ഒതുക്കത്തോടെ ഓര്‍മ്മ പങ്കുവെച്ചത്‌ നന്നായി

  26. മന്‍സുര്‍ said...

    ശ്രീ...

    അടിപൊളിയെന്ന്‌ പറയണ്ടല്ലോ.....

    വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു....കുറെ ചിരിപ്പിച്ചു...

    കാര്യമറിഞ്ഞതും അവന്‍‌ ഷര്‍‌ട്ടൂരി. അതു കണ്ട് അമ്പരന്ന് “എടാ, ഗുസ്തി പിടിയ്ക്കാനല്ല, നിന്നോട് വരാന്‍‌ പറഞ്ഞത്” എന്നു പറഞ്ഞ എന്റെ ചെവിയില്‍‌ വന്ന് അവന്‍‌ പയ്യെ പറഞ്ഞു “അളിയാ, ഒരു ബോഡി ഷോയ്ക്കുള്ള അവസരം തരപ്പെട്ടത് ഇപ്പോഴാ… നീ ഇടങ്കോലിടരുത്” പിന്നെ ഞാ‍നും ഒന്നും പറഞ്ഞില്ല. മാത്രമല്ല, ആ തോര്‍‌ത്ത് കീറേണ്ടത് ഞങ്ങളുടെ അഭിമാന പ്രശ്നമാണല്ലോ. അതിന് ജോബിയുടെ സഹായമില്ലാതെ പറ്റത്തുമില്ല.

    ഓരോരോ....മണ്ടത്തരങ്ങളെ......

    അണിയറയിലെ എല്ലാ തേങ്ങാപാല്‍സ്സിനും അഭിനന്ദനങ്ങള്‍



    നന്‍മകള്‍ നേരുന്നു

  27. പി.സി. പ്രദീപ്‌ said...

    ശ്രീക്കുട്ടാ‍...
    ഇതും ഹ്രദയസ്പര്‍ശി....
    എഴുത്തിന്‍ നല്ല ഒഴുക്കുണ്ട്.

  28. ഏ.ആര്‍. നജീം said...

    ശ്രീ,
    പതിവ് പോലെ ഇതും മനസ്സില്‍ തട്ടുന്ന രീതിയില്‍ പറഞ്ഞവതരിപ്പിച്ചിരിക്കുന്നു...

    അഭിനന്ദനങ്ങള്‍..!

  29. ശ്രീ said...

    സുനില്‍‌ ... നന്ദി, വായിച്ച് വിശദമായ അഭിപ്രായത്തിന്‍‌.
    ചന്തു... നന്ദി, വായനയ്ക്കും കമന്റിനും.
    മന്‍‌സൂര്‍‌ ഭായ്... സന്തോഷം, നന്ദി കേട്ടോ. :)
    പ്രദീപേട്ടാ... നന്ദി.
    നജീമിക്കാ... വളരെ സന്തോഷം. നന്ദി. :)

  30. അഭിലാഷങ്ങള്‍ said...

    ശ്രീ,

    ഇത്തവണയും വളരെ ഹൃദ്യമായി എഴുതി.

    ശ്രീയുടെ ശക്തികൊണ്ട് ആദ്യ റൌണ്ടില്‍ തന്നെ തോര്‍ത്ത് കീറി! മൂന്നാം പാല്‍ എടുക്കുമ്പോള്‍ മാത്രം ശ്രീ ഇടപെട്ടാല്‍ മതിയായിരുന്നു. ആദ്യ 2 റൌണ്ട് പിള്ളേര്‍ക്ക് വിട്ടുകൊടുക്കാമായിരുന്നു. ഹി ഹി.
    :-)

    പിന്നെ, അവസാന പാരഗ്രാഫ് ഞാന്‍ വായിച്ചില്ല എന്ന് വിശ്വസിക്കാന്‍ ശ്രമിക്കുകയാണ്.
    :-(

    -അഭിലാഷ്

  31. അച്ചു said...

    ശ്രീ ..നന്നായി എഴുതിയിരിക്കുന്നു..വായിക്കുമ്പോള്‍ ചിത്രം മനസ്സില്‍ തെളിയുന്നു..

  32. മുസാഫിര്‍ said...

    ശ്രീയുടെ എഴുത്തില്‍ നിന്നും ആ നാട്ടുകല്യാണത്തിന്റെ രസവും ബഹളങ്ങളും നേരിട്ടു അനുഭവിക്കാ‍ന്‍ പറ്റി.അവസാനം തീരെ പ്രതീക്ഷിക്കാത്ത ഒരു ട്രാജഡിയും.

  33. അലി said...

    ശ്രീ...
    അനുഭവക്കുറിപ്പ് വളരെ നന്നായി.
    ഒഴുക്കോടെ ഒതുക്കത്തോടെ മനസ്സില്‍ തട്ടുംവിധം എഴുതി.
    ഭാവുകങ്ങള്‍.

  34. പ്രയാസി said...

    രസം പിടിച്ചു വായിച്ചു വന്നു.. അവസാനം ..:(

    നന്നായി ശ്രീക്കുട്ടാ.. നല്ലൊരു ഓര്‍മ്മക്കുറിപ്പ്.

  35. Team Campus Times said...

    കാംപസ്‌ ടൈംസിലെ അഭിപ്രായങ്ങള്‍ക്കു നന്ദി. സഹൃദയനായി കൂടെയുണ്ടാവുമല്ലോ. സ്‌നേഹത്തോടെ...
    ഇസ്‌ലാഹിയയിലെ കൂട്ടുകാര്‍

    നാട്ടിന്‍പുറത്തെ വിവാഹങ്ങള്‍ ഞങ്ങളുടെ നാട്ടിലും ഓഡിറ്റോറിയത്തിലേക്കു മാറിയിട്ടുണ്ട്‌.

  36. ഫസല്‍ ബിനാലി.. said...

    Oarmmakkurippinte vishayam aavarthanamaanenkilum avatharana reethi, parayaathe vayya shree
    congrats..

  37. ശ്രീ said...

    അഭിലാഷ് ഭായ്... ഇതും വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി. :)
    കൂട്ടുകാരാ... നന്ദി.
    മുസാഫിര്‍‌ മാഷേ... നന്ദി.
    അലി ഭാ‍യ്... സന്തോഷം, നന്ദി.
    പ്രായാസീ... നന്ദി, കേട്ടോ.
    ഇസ്‌ലാഹിയയിലെ കൂട്ടുകാരേ...
    സ്വാഗതം, ന്നന്ദി. എന്നും കൂടെയുണ്ടാകും കേട്ടോ. :)
    ഫസല്‍‌... നടന്ന സംഭവമാണ്‍,കഥയല്ല. ഇതു പോലെ മുന്‍‌പും സംഭവിച്ചു കൂടായ്കയില്ലല്ലോ. വായനയ്ക്കും കമന്റിനും നന്ദി, കേട്ടോ. :)

  38. മയൂര said...

    നല്ല ഓര്‍മ്മക്കുറിപ്പ്..അവസാനം വിഷമമായി..

  39. ജ്യോനവന്‍ said...

    നന്നായിരിക്കുന്നു ശ്രീ

  40. ഗിരീഷ്‌ എ എസ്‌ said...

    ഓര്‍മ്മകളുടെ മാധുര്യം ഒട്ടും ചോര്‍ന്നുപോവാത്ത രചന
    ഇനിയും
    വരാനിരിക്കുന്ന
    വസന്തകാലത്തില്‌ കാതോര്‍ത്ത്‌.....

  41. ഗിരീഷ്‌ എ എസ്‌ said...
    This comment has been removed by the author.
  42. മിന്നാമിനുങ്ങുകള്‍ //സജി.!! said...

    ഓര്‍മക്കുറിപ്പുകള്‍ ശ്രീയുടേത് ഏത് വായിക്കാന്‍ വന്നാലും ഒരു ഫീലിങ്ങ്സ് ഉറപ്പാ..
    നയിസ് ശ്രീ.. മനസ്സിന്റെ മിഴിക്കോണിലെ ഒരു പിടി മയില്‍പ്പീലിതുണ്ടുകള്‍..
    സൌഹൃദം മനസ്സിന്റെ ഒത്തുചേരല്‍ ആണ്, ആ സുഹൃത്ത്ബന്ധത്തിന്റെ പവിത്രതമനസ്സിലാക്കാന്‍ ഒരുപാട് മനസ്സിലാക്കേണ്ടതായിവരും.അഭിപ്രയങ്ങളും
    വിയൊജിപ്പും അവിടെ വരുംഅത് ആ സൌഹൃദം ബലപ്പെടുത്തുന്നു അല്ലെ ശ്രീയേയ്...
    വായനയില്‍ മുഴിയപ്പോള്‍ ഇതിലൂടെ ആ സദസ്സില്‍ പങ്കെടുത്തപോലെ ശ്രീ ശെരിക്കും ഒന്നു മനസ്സില്‍ തട്ടിട്ടൊ..
    അനുമോദനത്തിന്റെ പൂച്ചെണ്ടുകള്‍...
    ഇനിയും ഈ യാത്ര തുടരട്ടെ.!!

  43. മിന്നാമിനുങ്ങുകള്‍ //സജി.!! said...
    This comment has been removed by the author.
  44. എതിരന്‍ കതിരവന്‍ said...

    ശ്രീ
    പതിവുപോലെ ചെറിയ പരിചയങ്ങള്‍ വലിയ ബന്ധങ്ങളാകുന്ന അനുഭവം. ആകസ്മികത. ജീവിതത്തിന്റെ പരിണാമഗുപ്തി.സ്നേഹം തോര്‍ത്തില്‍ പിഴിഞ്ഞ് അതൊഴിച്ച് പായസമുണ്ടാക്കുന്നു. ആ ആഘോഷം അധികം നാള്‍ കഴിയാതെ ദുരന്തത്തിലാകുന്നു.

    ശ്രീക്ക് ഇതും ഒരു പാഠം‍. നൊമ്പരക്കഥകള്‍‍ അനുഭവങ്ങളായി കുറെ ഉണ്ട് അല്ലെ?

  45. അജയ്‌ ശ്രീശാന്ത്‌.. said...

    കല്യാണവിശേഷവും നര്‍മ്മത്തില്‍ ചാലിച്ച അനുഭവങ്ങളും നനുത്ത വിഷാദവും എല്ലാം ചേര്‍ത്ത്‌ ഒരു അവതരണം...

  46. മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

    ശരിക്കും ഹൃദയത്തില്‍ തട്ടുന്ന രീതിയിലുളള അവതരണം

  47. കുഞ്ഞായി | kunjai said...

    വായിചു തീര്‍ന്നതറഞ്ഞില്ല ....നല്ല അവതരണം ,ഒരു നല്ല അനുഭവകുറിപ്പ്

  48. ശ്രീ said...

    മയൂര ചേച്ചീ... വായിച്ച് കമന്റിട്ടതിനു നന്ദി. ഓര്‍‌ക്കുമ്പോള്‍‌‌ ഇന്നും വിഷമം തോന്നുന്ന ഒരനുഭവമാണ്‍ ഇത്.
    ജ്യോനവന്‍‌... നന്ദി. :)
    ദ്രൌപതീ... വായനയ്ക്കും കമന്റിനും നന്ദി. :)
    സജീ... വളരെ സന്തോഷം. സജി പറഞ്ഞതു പോലെ സൌഹൃദങ്ങള്‍‌ക്കിടയിലെ കൊച്ചു പിണക്കങ്ങളും വിയോജിപ്പുകളുമെല്ലാം തന്നെയാണ്‍ ആ സൌഹൃദങ്ങളെ ബലപ്പെടുത്തുന്നത്. നന്ദി. :)
    എതിരവന്‍‌ജീ... നാമറിയുന്നവരുടെ വേദന അറിയാതെ നമ്മിലേയ്ക്കു കൂടി വ്യാപിയ്ക്കുന്നു. അല്ലേ? ചില അനുഭവങ്ങള്‍‌ പങ്കു വയ്ക്കുന്നു എന്നു മാത്രം... നന്ദി. :)
    അമൃതാ... നന്ദി, വായനയ്ക്കും കമന്റിനും. :)
    സഗീര്‍‌... നന്ദി. :)
    കുഞ്ഞായീ... സ്വാഗതം, നന്ദി. :)

  49. അപ്പു ആദ്യാക്ഷരി said...

    ശ്രീക്കുട്ടാ നല്ല ഓര്‍മ്മക്കുറിപ്പ്. അകാലമരണം എന്തു ദുഃഖമാണ് വരുത്തിവയ്ക്കുന്നത്. കഷ്ടമായിപ്പോയി.

    പിന്നെ.... കുടിയും വലിയുമൊന്നുമില്ലാത്ത നല്ല കുറെ അനിയന്മാരെ കണ്ടതില്‍ വളരെ വളരെ സന്തോഷായി. (ഇവിടെ ഒരുപാടു കുടിയന്മാരുള്ളതാണേ..!!)

  50. അപ്പു ആദ്യാക്ഷരി said...

    ങേ.... ജീവിതത്തിലാദ്യമായി ഒരു അന്‍പതാം കമന്റ് ഞാനടിച്ചല്ലോ...ഹാവൂ.

  51. ഏറനാടന്‍ said...

    നൊമ്പരം നീറ്റുന്ന ഓറ്‌മ്മകുറിപ്പ്...

  52. Sharu (Ansha Muneer) said...

    കല്യാണവിശേഷങ്ങള്‍ക്ക് ഇങ്ങനെ ഒരു അന്ത്യം പ്രതീക്ഷിച്ചില്ല.നല്ല അവതരണം

  53. krish | കൃഷ് said...

    കല്യാണവിശേഷങ്ങള്‍ രസകരമായെങ്കിലും, അവസാനം ഒരു ദുഃഖസ്മരണകള്‍ കൂടി.
    ഇതൊക്കെ കാലം കഴിഞ്ഞാലും മനസ്സില്‍ തങ്ങി നില്‍ക്കും.

  54. ചാന്ദ്‌നി said...

    ശ്രീ,
    ഇപ്പോഴാണ്‌ വായിയ്ക്കാന്‍ സാധിച്ചത്‌.
    ഉള്ളില്‍ത്തട്ടുന്ന ഓര്‍മ്മക്കുറിപ്പ്‌.
    ഇത്രേ ഉള്ളു....ജീവിതം. ഒടുങ്ങാന്‍ ഒരു നിമിഷാര്‍ദ്ധം മതി.

  55. ശ്രീ said...

    അപ്പുവേട്ടാ...
    അമ്പതാം കമന്റുനു നന്ദീട്ടോ. :)
    ഏറനാടന്‍‌ജീ... നന്ദി, വായനയ്ക്കും കമന്റിനും. :)
    ശാരൂ... സ്വാഗതം. വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി, കേട്ടോ. :)
    കൃഷ് ചേട്ടാ... ശരിയാണ്‍. ഇതെല്ലാം മറക്കാന്‍‌ കഴിയാത്ത ചില അനുഭവങ്ങളാണ്. കമന്റിനു നന്ദി. :)
    മോഹിത് കുമാര്‍‌... പരസ്യമാണോ?
    ചന്ദ്രകാന്തം ചേച്ചീ... അതെ, ഓരോരുത്തരുടേയും ജീവിതം ഇങ്ങനെ തന്നെ. പ്രവചനാതീതം! കമന്റിനു നന്ദീട്ടോ. :)

  56. പൈങ്ങോടന്‍ said...

    മനോഹരമായി എഴുതിയിരിക്കുന്നു.

    സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും കല്യാണവീടുകളില്‍ കൂട്ടുകാരുമായി ചേര്‍ന്ന് നാളികേരം ചിരവുന്ന കാര്യമൊക്കെ ഓര്‍മ്മയിലെത്തി ഇതു വായിച്ചപ്പോള്‍
    മനോജേട്ടന്‍ ഒരു വേദനയുമായി...

  57. രാജന്‍ വെങ്ങര said...

    അനതിവിദൂരതയിലഭിരമിക്കും പ്രിയ കൂട്ടുകാരാ.. “ശ്രീ“ക്കു
    ഇതു (മര്യേജു)വായിക്കാന്‍ ഞാന്‍ വൈകിപ്പോയല്ലൊ..എല്ലാരും വന്നു കമെന്റിടുകയും ചെയ്തു.ശ്രീയില്‍ നിന്നു ആഖ്യാന ശൈലിയുടെ
    അതിസൌന്ദര്യം ആവാഹിച്ച മറ്റൊരു രചന കൂടി.
    എന്റെ ബ്ലോഗില്‍ വന്നാല്‍,കമെന്റിടാന്‍ പിശുക്കുകാട്ടി ചിരിയുടെ ചെറു മുദ്രയൊരെണ്ണം ഇട്ടേച്ചു പോവുന്ന പ്രിയ ശ്രീക്കായി ഞാന്‍ താഴെ ചിലതു കുറിക്കട്ടെ.


    അക്ഷരക്കൂട്ടങ്ങളേറി-
    ക്കയറിമറിഞ്ഞിറങ്ങി
    പോവുന്നേരം
    നീയെനിക്കായി
    സമ്മാനിപ്പൂ
    നിന്‍ ചെറു ചിരി മുദ്ര.!
    അകലയനതിവിദൂരതയിലെവിടെയോ
    അരുമയായ് മരുവുന്ന കൂട്ടുകാരാ...
    ഒരു വാക്കുമുരിയാടാതെയീ ചിരി
    മുദ്ര മാത്രമെനിക്കേകിയകന്നു പോവതെന്തെ?
    അക്ഷരത്തേരിലേറി
    നീയെന്നെത്തുമെന്നോര്‍ത്താ-
    ര്‍ദ്രചിത്തനായി ഞാനിരിപ്പിവിടെ.

    വരിക,കാട്ടു പാതയാ‍മിതെങ്കിലും
    ഗന്ധമില്ലാത്താതാം പൂക്കള്‍
    ചിലതെല്ലാം വിരിഞ്ഞിരിപ്പില്ലേ.
    നിറം പടര്‍ന്നലിഞ്ഞ ചിറകുമായ്
    നീയീ വഴി
    എന്നു പറന്നെത്തുമെന്നോര്‍ത്തു
    ഇതളടക്കാതെ കാത്തിരിപ്പെന്‍
    പൂങ്കാ‍വന പൂക്കളെല്ലാം.
    വരികയക്ഷരജാലകത്തില്‍,
    പിന്‍വഴിയിലുറഞ്ഞ
    ജീവന്റെ നേരനുഭവങ്ങള്‍,
    അക്ഷരപൊന്‍ വെളിച്ചത്തിന്‍
    ഉലയിലിട്ടൂതി പഴുപ്പിക്കും
    വാക്കിന്‍ വൈഭവമറിഞ്ഞോര-
    ക്ഷര തട്ടാന്‍ നീ.

    നിന്‍ കരവിരുതിനാലെനിക്കും
    തീര്‍ക്കുമോ ഒരക്ഷരാംഗുലീയം.
    ഒരു കീര്‍ത്തിമുദ്ര പോലെ
    ശോഭിക്കുമെന്നുമതെന്‍
    കൈവിരലില്‍ ഉണ്മയായ്.

    വരിക വെന്നെന്‍
    അക്ഷരജാലകത്തില്‍,
    നേര്‍ത്ത നിലാവൊളി പോലെ
    കുറിക്ക, നീ അഞ്ചാറക്ഷരം നിത്യം.
    അനതിവിദൂരതയിലഭിരമിക്കും
    പ്രിയകൂട്ടുകാരാ..

  58. Arun Jose Francis said...

    അവസാനം തീരെ പ്രതീക്ഷിച്ചില്ല... മനോജേട്ടന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു... നന്നായി എഴുതിയിട്ടുണ്ട്, ശ്രീ....

  59. Sherlock said...

    ശ്രീയേ, ഓര്മ്മക്കുറിപ്പ് നന്നായീടോ....:)
    കല്യാണവീടുകളില് തലേന്നുള്ള ബഹളങ്ങളൊക്കെ ഓര്ത്തു പോയീ..

  60. നിലാവര്‍ നിസ said...

    പകുതിയില്‍ യാത്രയുപേക്ഷിച്ച് മടങ്ങിപ്പോകുന്നവരെ കുറിച്ച് ഓര്‍ത്തു പോയി..
    നന്നായിട്ടുണ്ട്, ശ്രീ...

  61. ശ്രീ said...

    പൈങ്ങോടാ...
    നന്ദി, വായനയ്ക്കും കമന്റിനും. :)
    രാജന്‍‌ മാഷേ...
    വളരെ നന്ദി, ഈ കവിത കമന്റിന്. ഞാനത് മാഷുടെ ബ്ലോഗിലും കണ്ടു, കേട്ടോ. നന്ദി. :)
    അരുണ്‍‌ ജോസ്...
    നന്ദി, കേട്ടോ. :)
    ജിഹേഷ് ഭായ്... നന്ദി. :)
    നിലാവര്‍‌നിസ... സ്വാഗതം, വായിച്ച് കമന്റിട്ടതിന്‍ നന്ദി. :)

  62. നവരുചിയന്‍ said...

    ശ്രീ ചേട്ടാ .. നന്നായി ..വളരെ നന്നായി . അവസാനം ചെറിയ ഒരു ബോംബ് വീണ പോലെ . ഒരു ശൂന്യത .

  63. നിരക്ഷരൻ said...

    എന്തിനാണീ മരണമെന്ന കോമാളി സമയവും സന്ദര്‍ഭവും നോക്കാതെ കയറിവരുന്നത് ?

    മനോജിന്റെ അത്മാവിന്‌ നിത്യശാന്തി നേരുന്നു.

    നന്നായെഴുതിയിരിക്കുന്നു. ആശംസകള്‍ .

  64. Dr. Prasanth Krishna said...

    ശ്രീ, സമ്മതിച്ചിരിക്കുന്നു. ഇത്ര വലിയ ബ്ലോഗുകള്‍ അതും മലയാളത്തില്‍ പോസ്റ്റ് ചെയ്യാന്‍ ക്ഷമയുള്ള നല്ല മനസ്സുതന്നെ വേണം. കുറച്ച്‌കൂടെ കാച്ചികുറുക്കിയാല്‍ നന്ന്. എല്ലാവരും ബ്ലോഗുകള്‍ നല്ലത് എന്നു മാത്രം പറഞ്ഞു കാണുന്നു. നിരൂപണം കാണു‌ന്നേ ഇല്ല. നിരൂപണം ഉണ്ട‌ങ്കില്‍ മാത്രമേ എഴുത്തുകാരന്‍ വളരുന്നുള്ളൂ. ആഖ്യാന ശൈലിയുടെ അതി സൌന്ദര്യം ആവാഹിച്ച മറ്റൊരു രചന എന്നു ഒരു കമന്റ് കണ്ടു. ആഖ്യാന ശൈലിയുടെ അതി സൌന്ദര്യത്തേക്കാള്‍, ആഖ്യാന ശൈലിയുടെ അതിപ്രസരം ആണ് കാണുന്നത്. ഉദാഹരണം-

    "കാരണം മറ്റുള്ളവരെപ്പോലെ പെട്ടെന്ന്‍ അടുക്കുകയും ഒരുപാട് സംസാരിക്കുകയും ചെയ്യുന്ന ടൈപ്പായിരുന്നില്ല അദ്ദേഹം. (നന്നേ ചെറുപ്പത്തിലേ അദ്ദേഹത്തിന്റെ അച്ഛന്‍‌ മരിച്ചു പോയി എന്നും അമ്മ മാത്രമേ സ്വന്തമായുള്ളൂ എന്നുമെല്ലാം പിന്നീട് ഞങ്ങളറിഞ്ഞു. അതു കൊണ്ടു കൂടിയാകാം, മനോജേട്ടന്‍‌ ആരോടും അങ്ങനെ അടുക്കുന്ന തരക്കാരനല്ലായിരുന്നു)"

    എന്നത് ഇങ്ങനെ ആകാം.

    "മറ്റുള്ളവരെപ്പോലെ പെട്ടെന്ന്‍ അടുക്കുകയും ഒരുപാട് സംസാരിക്കുകയും ചെയ്യുന്ന ഒരാളായിരുന്നില്ല അദ്ദേഹം. (നന്നേ ചെറുപ്പത്തിലേ അച്ഛന്‍‌ മരിച്ചു പോയി എന്നും അമ്മ മാത്രമേ സ്വന്തമായുള്ളൂ എന്നും പിന്നീടാണറിഞ്ഞത്)"

    ഇതില്‍ നിന്നു തന്നെ എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ ആയത് എന്ന് വായനക്കാരന്‌ മനസ്സിലകും. എഴുതുമ്പോള്‍ വായനക്കാരന്‍ സാമാന്യ അറിവെങ്കിലും ഉള്ളവനാണന്ന ഓ‌ര്‍മ്മഉണ്ടാകണം.

    "മനോജേട്ടന്‍‌ ആരോടും അങ്ങനെ അടുക്കുന്ന തരക്കാരനല്ലായിരുന്നു" ഒരേ കാര്യം ആവര്‍ത്തി‌ക്കുന്നു. ഇതു നല്ലതല്ല. അനുവാചകന് അത് വിരസത ഉണ്ടാക്കും. ഞാന്‍ മലയാളത്തില്‍ അത്ര നല്ലതല്ല. അതുകൊണ്ട് കൂടുതല്‍ വിശദീകരിക്കാന്‍ പറ്റുന്നില്ല. ശ്രീയുടെ എല്ലാ പോസ്റ്റിലും ഈ ഒരു പോരാഴ്മയുണ്ട്. കുറച്ചുകൂടെ ശ്രദ്‌ധിക്കുക. പൊതുവേ തരക്കേടില്ല ബ്ലോഗുകള്‍. എഴുതി തെളിയുക....അതിനുള്ളകഴിവ് ശ്രീക്കുണ്ട്....

    http://Prasanth R Krishna/watch?v=P_XtQvKV6lc

  65. ശ്രീ said...

    സ്വന്തം... :)
    നവരുചിയന്‍‌...
    നന്ദി, വായനയ്ക്കും കമന്റിനും.
    നിരക്ഷരന്‍‌ ചേട്ടാ...
    വളരെ ശരിയാണ്‍. മരണം ഒരു രംഗബോധമില്ലാത്ത കോമാളി തന്നെ. നന്ദി.
    പ്രശാന്ത്...
    സ്വാഗതം. വിശദമായ അഭിപ്രായത്തിനു വളരെ നന്ദി. പോരായ്മകള്‍‌ തുറന്നെഴുതിയതില്‍‌ സന്തോഷം. ഞാനൊരു നല്ല എഴുത്തുകാരനല്ല എന്നതാണ്‍ പ്രധാന കുഴപ്പം. പിന്നെ മനസ്സില്‍‌ വരുന്നത് അതേപടി പകര്‍‌ത്തുക എന്നല്ലാതെ, ഒരു രണ്ടാം വട്ട പരിശോധനയ്ക്കോ എഡിറ്റിങ്ങിനോ ശ്രമിയ്ക്കുന്നില്ല എന്നതും ഒരു പോരായ്മയാകാം.എന്തായാലും ഇനി മുതല്‍‌ കൂടുതല്‍‌ ശ്രദ്ധിയ്ക്കാം. ഒരിക്കല്‍ കൂടി നന്ദി.
    :)

  66. Arun Babu Jose said...

    thanks for the comment on my blog.will try to avoid mistakes !!

    any way ur blogs are soo good . no of comments show the standard !! goood work

  67. Unknown said...

    അസ്സലായി ആശംസകള്‍

  68. Anonymous said...

    Piravom BPC college ne kurichu oru blogil kandathil athiyaya santhosham undu........

  69. ശ്രീ said...

    Arun Babu Jose ...
    നന്ദി

    അനൂപ് മാഷേ...
    നന്ദി.

    അനോണീ...
    പിറവം കാരനാണോ? എവിടെയാണ് ? ബി പി സി യുടെ അടുത്താണോ? പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.