Thursday, November 22, 2007

ഒരു നവംബര് ദിനത്തിന്റെ ഓര്‍‌മ്മയ്ക്ക്...

കഴിഞ്ഞ ദിവസം ഞാന്‍‌ ഓഫീസില്‍‌ നിന്നും വീട്ടിലേയ്ക്ക് വരുകയായിരുന്നു. ബസ്സിറങ്ങി ഒരു 10 മിനുട്ട് കൂടി നടക്കണം, താമസിക്കുന്ന റൂമിലെത്തണമെങ്കില്‍‌. അടുത്ത കാലത്ത് പരിചയപ്പെട്ട ഒരു തമിഴ് സുഹൃത്തിനെയും വഴിയില്‍‌ വച്ചു കണ്ടു. അന്ന് പതിവിലേറെ വര്‍‌ക്കുണ്ടായിരുന്നതിനാല്‍‌ നല്ല ക്ഷീണം തോന്നിയതു കൊണ്ട് (ഒപ്പം വിശപ്പും)എങ്ങും തങ്ങാതെ അവനോട് സംസാരിച്ചു കൊണ്ട് നേരെ റൂമിലേയ്ക്ക് നടന്നു.

ഞങ്ങളുടെ റൂമിലേയ്ക്ക് പോകുന്ന വഴിയ്ക്ക് ഒരു കൊച്ചു തട്ടുകടയുണ്ട്. അതിനു മുന്നിലെത്തിയപ്പോഴാണ് ആ കടക്കാരന്‍‌ ശബ്ദമുയര്‍‌ത്തി ആരെയോ ചീത്ത പറയുന്നതു പോലെ തോന്നിയത്. നോക്കിയപ്പോള്‍‌ ശരിയാണ്. ആ കടയ്ക്കു മുന്നില്‍‌ ഒരാള്‍‌ ഭക്ഷണത്തിനു വേണ്ടിയെന്ന പോലെ കൈ നീട്ടി നില്‍‌ക്കുന്നു. കാഴ്ചയില്‍‌ തന്നെ എന്തോ ഒരു പോരായ്മ തോന്നുന്നുണ്ട്. ബുദ്ധി സ്ഥിരത കുറഞ്ഞ ഒരാളെന്ന് ഒറ്റ നോട്ടത്തില്‍‌ പറയാം. ആ കടക്കാരന്‍‌ എത്രയൊക്കെ പറഞ്ഞിട്ടും പിടിച്ചു തള്ളിയിട്ടും മുഖത്ത് വലിയ ഭാവ ഭേദമൊന്നും കൂടാതെ അയാള്‍‌ കൈയും നീട്ടിപ്പിടിച്ച് അവിടെ തന്നെ നില്‍ക്കുകയാണ്. ഒപ്പം എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്. അവിടെ നില്‍‌ക്കുന്നവരാരും അതൊന്നും കാര്യമാക്കുന്നതേയില്ല.

എന്തായാലും അതു കണ്ടപ്പോള്‍‌ എനിക്കെന്തോ ഒരു വല്ലായ്മ തോന്നി. ഞാന്‍‌ ആ സുഹൃത്തിനോട് പറഞ്ഞു “നമുക്ക് എന്തെങ്കിലും കഴിക്കാം”. അവന്‍‌ അനുകൂല ഭാവത്തില്‍‌ തല കുലുക്കി. ഞാന്‍‌ ആ കടയില്‍‌ നിന്നും വടയും ബജ്ജിയും വാങ്ങി. കടക്കാരന്‍‌ അത് പൊതിഞ്ഞു തന്നു. ഞാനാ പൊതിയില്‍‌ നിന്നും 2 വടയും 2 ബജ്ജിയും അയാള്‍‌ക്ക് നേരെ നീട്ടി. അയാള്‍‌ കുറച്ചു നേരം എന്നെത്തന്നെ നോക്കി. എന്നിട്ട് എന്റെ കയ്യില്‍‌ നിന്നും അത് തട്ടിപ്പറിച്ച് വാങ്ങുന്നതു പോലെ വാങ്ങി. എന്നിട്ട് എന്തൊക്കെയോ പറഞ്ഞു (അത് കന്നടയിലായിരുന്നതിനാല്‍‌ നന്ദി പറഞ്ഞതാണോ ചീത്ത വല്ലതും പറഞ്ഞതാണോ എന്ന് എനിക്കു സംശയം തോന്നാതിരുന്നില്ല. എങ്കിലും ആ കടക്കാരന്റെ മുഖഭാവത്തില്‍‌ നിന്നും ‘കുഴപ്പമില്ല’ എന്നു മാത്രം മനസ്സിലായി). “യു ആര്‍‌ ഗ്രേറ്റ് യാര്‍‌“ ബാക്കിയുള്ള വട പങ്കിട്ട് കഴിച്ച് പിരിയാന്‍‌ നേരത്ത് ആ തമിഴ് സുഹൃത്ത് പുറത്ത് തട്ടിക്കൊണ്ട് എന്നോട് പറഞ്ഞു. ഞാന്‍‌ വെറുതേ ഒന്നു ചിരിച്ചിട്ട് എന്റെ റൂമിലേയ്ക്കുള്ള നടത്തം തുടര്‍‌ന്നു.

അങ്ങനെ നടക്കുമ്പോള്‍‌ ഒരു പഴയ സംഭവം ഓര്‍‌മ്മ വന്നു. അതും ഒരു നവംബറിലായിരുന്നു എന്നത് തികച്ചും യാദൃശ്ചികമായിരിക്കാം. അത് കൃത്യമായി ഓര്‍‌ക്കാന്‍‌ കാരണമുണ്ട്. അന്ന് ഞങ്ങള് പിറവത്ത് പഠിയ്ക്കുകയാണ്. ഒരു നവംബര്‍‌ മാസത്തിലായിരുന്നു ഞങ്ങളുടെ ആദ്യത്തെ NSS 3 ഡേ ക്യാമ്പ് നടന്നത്. അതിനോടടുത്ത സമയത്താണ് ഇതു നടന്നത്.

അന്ന് ഞങ്ങളുടെ റൂമില്‍‌ ഞാന്‍‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബിട്ടുവും കുല്ലുവും വീട്ടില്‍‌ പോയിരിക്കുകയായിരുന്നു. അവിടെ ഞായറാഴ്ചകള്‍‌ പൊതുവേ വിരസമാണ്. സുഹൃത്തുക്കളാരും ഉണ്ടാകുകയില്ല. ഹോട്ടലോ കടകളോ തുറക്കുകയില്ല. കാലേകൂട്ടി അരി വാങ്ങി വച്ചില്ലെങ്കില്‍‌ അന്ന് പട്ടിണി കിടക്കേണ്ടി വരുകയും ചെയ്യും.(പല തവണ അങ്ങനെ വേണ്ടി വന്നിട്ടുമുണ്ട്) അന്നും പതിവു പോലെ ഉച്ചയ്ക്ക് വിശന്നപ്പോള്‍‌ മാത്രമാണ് അരിയുണ്ടോ എന്നു നോക്കിയതു തന്നെ. കൃത്യം ഒരാള്‍‌ക്ക് ഒരു നേരത്തേയ്ക്കുള്ള അരിയുണ്ട്. അതായത് അന്ന് രാത്രി വല്ലതും കഴിക്കണമെങ്കില്‍‌ മത്തന്‍‌ വന്നിട്ട് അവന്റെ കൂടെ ബൈക്കില്‍‌ വല്ലയിടത്തും പോകേണ്ടി വരും. (മത്തന്റെ വീട് ഒരു വിധം അടുത്തു തന്നെ ആണെങ്കിലും മിക്കവാറും എല്ലാ രാത്രിയും അവന്‍‌ ഞങ്ങളുടെ റൂമില്‍‌ കിടക്കാന്‍‌ വരാറുണ്ടായിരുന്നു). ഭാഗ്യത്തിന് തലേ ദിവസം വാങ്ങിയ മുട്ട ഒരെണ്ണം ബാക്കിയുണ്ടായിരുന്നു. പിന്നെ കുറച്ചു തൈരും അച്ചാറും. (ഇതൊക്കെ തന്നെയായിരിക്കും മിക്ക ദിവസവും ഭക്ഷണം).

അങ്ങനെ അരിയും അടുപ്പത്തിട്ട് ഞാനൊന്നു കറങ്ങാനായി ജംക്ഷനിലേക്കിറങ്ങി. അരി വേവാനുള്ള സമയം എല്ലാം നന്നായി അറിയാമായിരുന്നതിനാല്‍‌ അതിനുള്ളില്‍‌ പോയി വരാമെന്നായിരുന്നു പ്ലാന്‍‌. കാരണം, ഭാഗ്യവശാല്‍‌ കട വല്ലതും തുറന്നിട്ടുണ്ടെങ്കില്‍‌ വൈകുന്നേരത്തേയ്ക്കുള്ള അരി കൂടി വാങ്ങാമല്ലോ. എന്തായാലും ആ പ്രതീക്ഷയ്ക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. ഒറ്റ കട പോലും തുറന്നിട്ടുണ്ടായിരുന്നില്ല. ഞാന്‍‌ കുറച്ചു നിരാശയോടെ തിരിച്ചു റൂമിലേയ്ക്കു മടങ്ങാന്‍‌ നേരത്താണ് കുട്ടന്‍‌ എന്റെ മുന്നില്‍‌ വന്നു ചാടിയത്. [കുട്ടന്‍‌ എന്നത് യഥാര്‍‌ത്ഥ പേരല്ല] ആ നാട്ടുകാരനായ ഒരു പയ്യനായിരുന്നു, കുട്ടന്‍‌. പ്രായത്തിനൊത്ത ബുദ്ധി വളര്‍‌ച്ചയില്ല. എങ്കിലും മിക്കവാറും സമയത്ത് അവന്‍‌ ആ കോളേജ് ജംക്ഷനില്‍‌ തന്നെ കാണും. അങ്ങനെ ഞങ്ങളെ എല്ലാവരേയും അവനു നന്നായി അറിയാം.

പതിവു പോലെ എന്നെ കണ്ട ഉടനേ അവന്‍‌ ഓടിയെത്തി, എന്റെ കയ്യില്‍‌ പിടിച്ചു. എന്നിട്ടു ചോദിച്ചു “ചേട്ടായീ, നീ എനിക്കൊരു ചായ വാങ്ങിത്തരാവോ?”

[അവന്‍‌ ഞങ്ങളെ എല്ലാവരേയും ‘ചേട്ടാ’ എന്നും ‘എടാ’ എന്നും എല്ലാം വിളിക്കാറുണ്ട്. പിന്നെ, പരിചയമുള്ളവരോടെല്ലാം ചായ വാങ്ങിത്തരാമോ എന്നും ചോദിയ്ക്കും] അതു പതിവായുള്ളതാണ്. മിക്കവാറും എല്ലാവരും എന്തെങ്കിലുമൊക്കെ പറഞ്ഞ് ഒഴിയാറാണ് പതിവ്. അതുപോലെ അന്ന് അവന്‍‌ ചായ ചോദിച്ചപ്പോള്‍‌ അടഞ്ഞു കിടക്കുന്ന ശശി ചേട്ടന്റെ ഹോട്ടല്‍‌ ചൂണ്ടിക്കാട്ടിക്കൊണ്ട് ഞാന്‍‌ പറഞ്ഞു “കട അടച്ചിട്ടിരിക്കുകയല്ലേ കുട്ടാ”


അവന്‍‌ കുറച്ചൊരു വിഷമത്തോടെ പറഞ്ഞു “എന്നാല്‍‌ ഒരു വട വാങ്ങിത്തന്നാലും മതി”


“അതിനും കട തുറക്കണ്ടേ” എന്ന എന്റെ ചോദ്യത്തിന് എന്തോ ആലോചിച്ചിട്ട് അവന്‍‌ പതുക്കെ പറഞ്ഞു “ ആണോ? അതു ശരിയാണല്ലേ
എന്നാല്‍‌ വേണ്ട. പിന്നെ മതി”

അവന്റെ മുഖത്തെ ദു:ഖ ഭാവം കണ്ടപ്പോള്‍‌ എനിക്കും ചെറിയ വിഷമം തോന്നി. “നീ എന്റെ കൂടെ റൂമിലേയ്ക്കു വരുന്നോ? ചായ ഞാന്‍‌ തരാം” അപ്പോഴത്തെ തോന്നലില്‍‌ ഞാന്‍ പെട്ടെന്നു ചോദിച്ചു.

അവന്റെ മുഖം വിടര്‍‌ന്നു. തലകുലുക്കി സമ്മതിച്ചു കൊണ്ട് ഉത്സാഹത്തോടെ അവനെന്റെ കൂടെ വന്നു. സാധാരണ അത് പതിവില്ലാത്തതാണ്. കഴിവതും അവനെ അവിടെ എല്ലാവരും ഒഴിവാക്കാറേയുള്ളൂ, ഞങ്ങള്‍‌ ഉള്‍‌പ്പെടെ. എന്നാലും അന്നെനിക്ക് അങ്ങനെ തോന്നിയില്ല.

“കുട്ടാ നിനക്ക് കട്ടന്‍‌ ചായ മതിയല്ലോ അല്ലേ? പാലുണ്ടാകില്ല”

“മതി ചേട്ടായീ. വീട്ടിലും പാലില്ലാത്തപ്പോ ഞാന്‍‌ കട്ടന്‍‌ ചായയാ കുടിക്കാറ്”

അവന്‍‌ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നപ്പോഴേയ്ക്കും വീടെത്തി. അപ്പോഴാണ് ഞാന്‍‌ അരി അടുപ്പത്തിട്ടിരുന്നത് ഓര്‍‌ത്തത്. വേഗം ചെന്ന് നോക്കുമ്പോള്‍‌ കഞ്ഞി പാകമായിട്ടുണ്ട്. ഞങ്ങള്‍‌ അവിടെ മിക്കവാറും കഞ്ഞിയാണ് കഴിക്കാറുള്ളത്. ഉണ്ടാക്കാനുള്ള എളുപ്പം കൂടെ കണക്കിലെടുത്താണ് അത്.

“കഞ്ഞിയാണോ ചേട്ടായീ?” അവന്‍‌ എത്തി നോക്കിക്കൊണ്ട് ചോദിച്ചു.

“ ഉം. എന്താ നിനക്ക് കഞ്ഞി വേണോ? വെറുതേ അവനോട് ചോദിച്ചു.

“എന്നാലെനിക്ക് കഞ്ഞി മതി. എനിക്കു വിശന്നിട്ടാ ഞാന്‍‌ ചായ ചോദിച്ചത്”

അവന്റെ മറുപടി കേട്ട് ഞാന്‍‌ കുറച്ചൊരു ആശ്ചര്യത്തോടെ ചോദിച്ചു “അതെന്താ നീ ഊണു കഴിച്ചില്ലേ?”

“ഇല്ല. വീട്ടില്‍‌ ആരുമില്ല. എല്ലാവരും കല്യാണത്തിനു‌ പോയിരിക്കുവാ”

അവനേതോ ദൂരെയുള്ള സ്ഥലത്തിന്റെ പേരും പറഞ്ഞു. എനിക്കു വിഷമം തോന്നി. പാവം! വീട്ടില്‍‌ ഭക്ഷണം ഉണ്ടാകില്ലായിരിക്കും. മാത്രമല്ല, ബുദ്ധിയ്ക്ക് അല്‍പ്പം സ്ഥിരത കുറവുള്ളതു കൊണ്ട് അവന്റെ വീട്ടുകാരു പോലും അവനെ വേണ്ടത്ര ശ്രദ്ധിക്കുന്നുമില്ല എന്നു തോന്നുന്നു.

ഞാനെന്തായാലും എനിക്കു വേണ്ടി തയ്യാറാക്കിയ കഞ്ഞി അവനു കൊടുത്തു. വറുത്ത മുട്ടയും അച്ചാറും കൂട്ടി അവനത് മുഴുവനും ആസ്വദിച്ചു കഴിച്ചു. തൈര് ഇഷ്ടമല്ലെന്നും പറഞ്ഞ് അതു മാത്രം കഴിച്ചില്ല.

ഭക്ഷണം കഴിച്ചു കഴിഞ്ഞ് അവന്‍‌ കുറച്ചു നേരം കൂടി അവിടെ എന്തൊക്കെയോ സംസാരിച്ചിരുന്നു. പതിവു പോലെ പരസ്പര ബന്ധമില്ലാത്ത പലതും അവന്‍‌ പറഞ്ഞു. ആ കൂട്ടത്തില്‍‌ ഒരു കാര്യം കൂടി പറഞ്ഞു. അന്നവന്റെ പിറന്നാളാണത്രെ.

അവന്‍ പറഞ്ഞത് ശരിയാണോ അതോ വെറുതേ പറഞ്ഞതാണോ എന്ന് എനിക്ക് ഇന്നും ഉറപ്പില്ല. എങ്കിലും അതു കേട്ടപ്പോള്‍‌ അറിയാതെയാണെങ്കിലും ഞാന്‍‌ ചെയ്ത പ്രവൃത്തിയില്‍‌ എനിക്കൊരു സംതൃപ്തി തോന്നി. വിശന്നിരിക്കുന്ന ഒരാളുടെ വിശപ്പു മാറ്റാന്‍‌ കഴിഞ്ഞല്ലോ. അതും അവന്റെ പിറന്നാള്‍‌ ദിനത്തില്‍‌.

കുട്ടനെന്നോട് യാത്ര പറഞ്ഞ് പോയ ശേഷം, കഞ്ഞി തീര്‍‌ന്നതിനാലും വേറെ അരി ബാക്കി ഇല്ലാത്തതിനാലും ഞാനൊരു കട്ടന്‍‌ ചായയും തിളപ്പിച്ചു. അതും പതുക്കെ കുടിച്ചു കൊണ്ട് ഞങ്ങളുടെ റൂമിലെ ആ നീണ്ട ബെഞ്ചില്‍‌ ചാരിക്കിടക്കുമ്പോള്‍‌ വിശപ്പു മാറി വയറു നിറഞ്ഞില്ലെങ്കിലും എന്റെ മനസ്സു നിറഞ്ഞിരുന്നു.

*************************************************************************************

പിറവത്തു നിന്നും പോന്ന ശേഷം കുട്ടനെപ്പറ്റി ഒന്നുമറിയില്ല. ഇന്ന് അവനെവിടെയാണെന്നോ എന്തു ചെയ്യുകയാണെന്നോ അറിയില്ല. ഇപ്പോള്‍‌ ഞങ്ങളെയാരെയെങ്കിലും അവനോര്‍‌ക്കുന്നുണ്ടാകുമോ? ...സാധ്യതയില്ല.

57 comments:

  1. ശ്രീ said...

    യാദൃശ്ചികമായി ഓര്‍മ്മ വന്ന ഒരു പഴയ സംഭവമാണ്‍ ഇത്. അത് ഓര്‍‌ക്കാന്‍‌ കാരണമായത് 2 ദിവസം മുന്‍‌പ് നടന്ന ഒരു സമാന സംഭവവും. എന്തായാലും വെറുതേ ഒരു ഓര്‍‌മ്മക്കുറിപ്പായി ഇതിവിടെ പോസ്റ്റുന്നു.

    ഒപ്പം ഇതിലെ പ്രധാന കഥാപാത്രമായ കുട്ടന് ഈ പോസ്റ്റ് സമര്‍‌പ്പിയ്ക്കുന്നു.

  2. ക്രിസ്‌വിന്‍ said...

    ഒരുകയ്യടി എന്റെ വക;ശ്രീയുടെ നല്ല മനസിന്‌

  3. G.MANU said...

    “നീ എന്റെ കൂടെ റൂമിലേയ്ക്കു വരുന്നോ? ചായ ഞാന്‍‌ തരാം”

    ninte manasinu oru special chaya... kalakki kutta... keep this mind forever

  4. ഹരിശ്രീ said...

    ശോഭി,

    മനസ്സിന് ശരിയെന്ന് തോന്നുന്നത് ചെയ്യുന്നതില്‍ ഒരിക്കലും തെറ്റില്ല. പ്രത്യേകിച്ചും ഭക്ഷണത്തിന്റെ കാര്യത്തില്‍. മുന്‍പ് ഒരു അമ്പലമുറ്റത്തെ ഭ്രാന്തന്‍ എന്ന പോസ്റ്റിലെ കാര്യവും ഓര്‍മ്മവരുന്നു.

    മനുഷ്യന്‍ മതിയായി എന്ന് അല്ലെങ്കില്‍ തൃപ്തിയായി എന്ന് മനസ്സറിഞ്ഞ് പറയുന്നത് ഒരേ ഒരു കാര്യമാണ്. ഭക്ഷണത്തിന്റെ കാര്യം മാത്രം. ഒരു നേരത്തെ ഭക്ഷണം എങ്കിലും ഒരാള്‍ക്ക് തൃപ്തി വരെ കൊടുക്കാന്‍ കഴിയുന്നത് തന്നെ പുണ്യമാണ്.

  5. കുഞ്ഞന്‍ said...

    that is what is called "SREE"

  6. ദിലീപ് വിശ്വനാഥ് said...

    ശ്രീ... കണ്ണ് നിറഞ്ഞു.
    ആ ചന്ദനക്കുറിയിട്ട മുഖം കാണുമ്പോള്‍ തന്നെ അറിയാം എന്താണ് ആളെന്ന്. അത്കൊണ്ട് ശ്രീ അതു ചെയ്തു എന്നു കേട്ടപ്പോള്‍ ഒട്ടും അതിശയം തോന്നിയില്ല.
    വളരെ നന്നായി.

  7. ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

    ഒരുപാടുള്ളവന്‍ അതിന്റെ ചെറിയൊരുഭാഗം ദാനം ചെയ്യുന്നതിനേക്കള്‍ ശ്രേഷ്ഠമാണ്‌ കുറച്ചുള്ളവന്‍ മുഴുവനും ദാനം ചെയ്യുന്ന്ത്‌. നന്നായി ശ്രീ

  8. പ്രയാസി said...

    ശ്രീ..
    നിന്നെ കൂടപ്പിറപ്പായിട്ടു കിട്ടിയതില്‍ എനിക്കഭിമാനം തോന്നുന്നു..
    നന്മ ചെയ്യുന്നവനോടൊപ്പം എന്നും ദൈവമുണ്ടാകും..
    നന്നായി വരും..നന്നായി വരും..

  9. ശ്രീ said...

    ക്രിസ്‌വിന്‍‌...
    ആദ്യ കയ്യടിയ്ക്കു നന്ദി.
    മനുവേട്ടാ...
    ആ കമന്റിനും നന്ദി.
    സൂവേച്ചീ...
    :)
    ശ്രീച്ചേട്ടാ...
    വളരെ ശരിയാണ്‍. അന്ന് വേറൊന്നും ആലോചിക്കാതെയാണ്‍ അങ്ങനെ ചെയ്തത്. എങ്കിലും ഇപ്പോഴും ഓര്‍‌ക്കുമ്പോള്‍‌ ഒരു സംതൃപ്തി തോന്നുന്നു.
    കുഞ്ഞന്‍‌ ചേട്ടാ...
    വളരെ നന്ദി. :)
    വാല്‍മീകി മാഷേ...
    സന്തോഷം. നന്ദി, വായനയ്ക്കും കമന്റിനും.
    ജ്യോതി ചേച്ചീ...
    സ്വാഗതം. വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി.
    പ്രയാസീ...
    കൂടപ്പിറപ്പേ... നന്ദീട്ടോ.
    :)

  10. ഒരു പ്രവാസി മലയാളി...... said...

    ഇത്ര കാലം ഒരുമിച്ചു ജൊലിച്ചെയ്തിട്ടും നീ എനിക്കു വങ്ങിതന്നില്ലല്ലൊടാ‍ ഒരു ചായ....

    സാരമില്ല.... നന്നയിട്ടുണ്ട്‌ ശ്രീ...........
    അഭിനന്ദനങ്ങള്‍‌...

  11. സഹയാത്രികന്‍ said...

    നന്നായിടാ...
    സഹായിക്കാനുള്ള സ്നേഹിക്കാനുള്ള ആ മനസ്സുണ്ടല്ലോ... അതിലും സുന്ദരവും ഭാഗ്യവുമായി മറ്റൊന്നുമില്ല... അത് മതി നിന്റെ ജീവിതത്തില്‍, മറ്റെല്ലാ ഐശ്വര്യങ്ങളും താനേ വന്നുകൊള്ളും....

    :)

  12. Sethunath UN said...

    നല്ല പ്രവൃത്തി ശ്രീക്കുട്ടാ.
    :)

  13. സിനി said...

    നന്നായിട്ടുണ്ട്.
    സ്നേഹവും സഹാനുഭൂതിയും
    അന്യം നിന്നുപോകുന്ന കാലത്ത്
    സഹജീവി ബോധത്തിന്റെ
    നിലക്കാത്ത തെളിനീരുറവയാണിത്.
    ദൈവം അനുഗ്രഹിക്കട്ടെ..

  14. Meenakshi said...

    ശ്രിക്ക്‌ ഇനിയും "ശ്രീ" ഉണ്ടാകട്ടെ ! സദ്പ്രവൃത്തികള്‍ ചെയ്യാനുള്ള ആ നല്ല മനസ്സിന്‌ ആശംസകള്‍ നേരുന്നു.

  15. അലി said...

    ശ്രീ..
    നന്നായിരിക്കുന്നു.
    ആരുടെയും കൈയ്യടി വാങ്ങാനല്ലാതെ
    ആരുടെയും മുമ്പില്‍ ആളാവാനല്ലാതെ ചെയ്യുന്ന ഇത്തരം കൊച്ചു കാര്യങ്ങളിലാണു വലിയ പുണ്യം.
    നല്ല എഴുത്ത്..
    അഭിനന്ദനങ്ങള്‍.

  16. Anoop Technologist (അനൂപ് തിരുവല്ല) said...

    ശ്രീ, ശരിക്കും കണ്ണുനിറഞ്ഞുപോയി !

    ആ പുണ്യപ്രവര്‍ത്തിയുടെ ഫലം പലിശയടക്കം എന്നെങ്കിലും തിരിച്ചുകിട്ടിയിരിക്കും.

  17. ഉപാസന || Upasana said...

    പട്ടിണീയുടെ കാര്യങ്ങള്‍...
    ഓര്‍മകള്‍ ചിറകടിച്ചുയരുകയാണ് ശോഭീ.

    ഞാനും രാജുമോനും അനന്തപുരിയിലെ ബേക്കറി ജംഗ്ഷനിലുള്ള ലൊഡ്ജില്‍ പട്ടിണിയുമായി ഇരുന്ന് റമ്മി കളിക്കുന്നത്. അപ്പോ അവന്റെ പാട്ട് “കഭീ കഭീ”.
    എം.എല്‍.എ ക്വോര്‍ട്ടേഴ്സിലെ കഞ്ഞി കുടിം പയറും...

    അനിയാ... പട്ടിണി കിടക്കുന്നത് ഒരു ത്രില്‍ ആണ്...
    അന്നും ഇന്നും
    കൊള്ളാം നിന്റെ അനുഭവങ്ങള്‍
    :)
    ഉപാസന

  18. സുമുഖന്‍ said...

    ശ്രീ... ,ആ നല്ല മനസ്സിന്‌ ആശംസകള്‍ നേരുന്നു.

    ശ്രീയുടെ പോസ്റ്റുകളില്‍ ഞാന്‍ ശ്രദ്ധിച്ച കാര്യം ചെറിയ ചെറിയ കാര്യങ്ങല്‍ വളരെ സിമ്പിള്‍ ആയി, തനമയത്തോടെ അവതരിപ്പിക്കുന്നു എന്നതാണ്‌. നന്നായി.

  19. Sherlock said...

    ഇന്നുള്ള പലരും ചെയ്യാന്‍ മടിക്കുന്ന കാര്യമാണ് ശ്രീ ചെയ്തത്..നന്നാ‍യി.

  20. ജാസൂട്ടി said...

    നന്നായിരിക്കുന്നു പ്രവൃത്തിയും എഴുത്തും.

  21. മഞ്ജു കല്യാണി said...

    നന്നായി ശ്രീ, ഈ നല്ല മനസ്സ് ഒരിയ്കലും നഷ്ടപ്പെടാന്‍ അനുവദിയ്ക്കരുത്.

  22. Typist | എഴുത്തുകാരി said...

    നന്നായി, ശ്രീ.

  23. ബാജി ഓടംവേലി said...

    nalla manaseeeeee
    nandi

  24. സുല്‍ |Sul said...

    ശ്രീ,
    അഭിനന്ദനങ്ങള്‍!
    നിന്റെ നല്ലമനസ്സിന്. എഴുത്തും നന്നായി.

    -സുല്‍

  25. Murali K Menon said...

    സുമനസ്സിനു പ്രണാമം. ദൈവാനുഗ്രഹം എപ്പോഴുമുണ്ടായിരിക്കട്ടെ.

  26. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    ആ നല്ല മനസ്സിനു മുന്നില്‍ ഈയുള്ളവന്റെ പ്രണാമം

  27. ശ്രീ said...

    പ്രവാസി മലയാളീ(നിഷാദേ)...
    ഹ ഹ... നമ്മളൊരുമിച്ച് ജോലി ചെയ്ത ആ കുറച്ചു നാളുകളും നമ്മളുടെ ആ സ്ഥിരം ചായക്കടയും ഒന്നും മറക്കാന്‍‌ കഴിയില്ലെടാ...വായനയ്ക്കും കമന്റിനും നന്ദി.
    സഹയാത്രികാ...
    അതങ്ങനെ ഒരു വലിയ കാര്യമായി ചെയ്തതൊന്നും അല്ലെന്നേ... മനസ്സിലങ്ങനെ തോന്നി, അങ്ങനെ ചെയ്തു... അത്ര മാത്രം.
    നിഷ്കളങ്കന്‍‌ ചേട്ടാ...
    വായിച്ച് കമന്റിയതിനു നന്ദി.
    സിനി...
    സ്വാഗതം. നന്ദി, ഇവിടെ വന്നതിനും വായിച്ച് അഭിപ്രായം അറിയിച്ചതിനും.
    മീനാക്ഷി...
    സന്തോഷം.
    അലിയിക്കാ...
    ആ കമന്റ് വലരെ സന്തോഷം തരുന്നു... നന്ദി.
    അനൂപേട്ടാ...
    നന്ദി... നല്ല വാ‍ക്കുകള്‍‌ക്ക്.

  28. ശ്രീ said...

    സുനില്‍‌...
    ചില ഓര്‍‌മ്മകള്‍‌ അങ്ങനെയാണല്ലേ? പിന്നീട് സുഖം തരുന്ന...സന്തോഷം തരുന്ന ഓര്‍‌മ്മകള്‍‌... കമന്റിനു നന്ദി.
    സുമുഖന്‍‌ മാഷേ...
    നന്ദി, വായനയ്ക്കും കമന്റിനും. ഒപ്പം എന്റെ ബ്ലോഗിനെ കുറിച്ചുള്ള ആ വിലയേറിയ അഭിപ്രായത്തിനും.
    ജിഹേഷ് ഭായ്...നന്ദി.
    ജാസൂട്ടീ... നന്ദി.
    മഞ്ജു കല്യാണീ... നന്ദി.
    എഴുത്തുകാരീ... നന്ദി.
    ബാജി ഭായ്... നന്ദി.
    സുല്ലേട്ടാ... നന്ദി.
    മുരളിയേട്ടാ... നന്ദി.
    ഇന്ത്യാഹെറിറ്റേജ്‌... സ്വാഗതം. നന്ദി, ഇവിടെ സന്ദര്‍‌ശിച്ചതിനും വായിച്ച് അഭിപ്രായമറിയിച്ചതിനും.

  29. മന്‍സുര്‍ said...

    ശ്രീ....

    നല്ല ഒരു ഫീലിങ്ങ്‌സുള്ള കഥ....വളരെ ഇഷ്ടായി
    കുട്ടന്‍ അറിഞ്ഞിരിക്കുമോ....ശ്രീ...ഇന്നും മറന്നിട്ടില്ല

    മനോഹരമായി എഴുതിയിരിക്കുന്നു

    അഭിനന്ദനങ്ങള്‍

    നന്‍മകള്‍ നേരുന്നു

  30. ഹരിയണ്ണന്‍@Hariyannan said...

    ശ്രീ...
    ഒരു പാത്രം കഞ്ഞി എത്ര വിലപ്പെട്ടതാണല്ലെ?
    നന്നായി..എഴുതിയതും...നീ ചെയ്തതും!!

  31. വല്യമ്മായി said...

    ഈ നന്മ എനും കൂട്ടായിരിക്കട്ടെ.കുട്ടനും ഇപ്പോ നന്നായിരിക്കുന്നു എന്ന് പ്രതീക്ഷിക്കാം അല്ലേ.

  32. ഗിരീഷ്‌ എ എസ്‌ said...

    ദുഖത്തിന്റെ പ്രതലത്തിലൂടെ
    സഞ്ചരിക്കുന്ന ഒരനുഭവക്കുറിപ്പ്‌
    ഒരുപാടിഷ്ടമായി..
    ഒപ്പം
    അല്‍പം വേദനയും...

  33. കൊച്ചുത്രേസ്യ said...

    ശ്രീ നന്നായി..

  34. എതിരന്‍ കതിരവന്‍ said...

    ശ്രീ:
    സാധാരണക്കാരുടെ ലോകത്ത് ഒരു അതിസാധരണക്കാരനായി ശ്രീ മാറിയിരിക്കുന്നു.
    അനുകമ്പയോ കാരുണ്യമോ അതിന്റെ യഥാര്ര്ത്ഥസാംഗത്യത്തൊടെ മനസ്സിലക്കുന്നതാണ്‍ ശരിയായ ജീവിതദര്‍ശനം. കുടന്‍-കഞ്ഞി-പിറന്നാള്‍-വിശപ്പ് കാര്യ്ങ്ങള്‍ ജീവിതപാഠങ്ങള്‍. ശ്രീയുടെ ആത്മാഭിമാനത്തിന്റെ വിളങ്ങല്‍.

    മലയാളികളില്‍ കണ്ടു വരുന്ന ഒരു ജാടയാണ് സ്വന്തം കുടുംബത്തിലുള്ള ബുദ്ധിമാന്ദ്യമുള്ളവരേയോ ഗ്ളാമര്‍ ഇല്ലാത്തവരേയോ അവഗണിക്കല്‍.കുടുംബ പുസ്തകം എന്നൊരു ഏര്‍പ്പാട് കാണാറുണ്ട്. ബന്ധുക്കളിലെ ഉയര്‍ന്ന പദവിയുള്ളവരേയോ പണക്കാരേയോ കൊട്ടിഗ്ഘോഷിച്ചായിരിക്കും ഈ പുസ്തകള്‍ ഇറക്കുന്നത്. ബാക്കിയൊക്കെ നാണക്കേടാണ് അവര്‍ക്ക്. കുട്ടനെയൊന്നും കല്യാണത്തിനു കൊണ്ടുപോകുകയില്ല. പിറന്നാളാണെങ്കില്‍ കൂടി.
    ഹാപ്പി ബെര്‍ത്ഡേ റ്റു യൂ, കുട്ടന്‍ എന്നു ചിലപ്പോള്‍ കല്യാണം കഴിഞ്ഞു വന്നു പാടിയിരിക്ക്കും അവര്‍.

  35. ചന്ദ്രകാന്തം said...

    മനസ്സിലെ നന്മയുടെ ദീപം കെടാതെ, കൂടുതല്‍ തെളിമയോടെ സൂക്ഷിയ്ക്കാന്‍ ശ്രീയ്ക്കു സാധിയ്ക്കട്ടെ...

  36. എതിരന്‍ കതിരവന്‍ said...

    ശ്രീ ഒരു കാര്യം പറയാന്‍ വിട്ടുപോയി. ബ്ലോഗില്‍ അനുഭവ കഥയ്ക്കു സമ്മാനം വല്ലതുമുണ്ടെങ്കില്‍ അത് ഈ കഥയ്ക്കു കൊടുക്കണം.

    (ഞാന്‍ പോയി വേഗം വേറൊരു അനുഭവ കഥ എഴുതട്ടെ രണ്ടാം സ്ഥാനം കിട്ടുമായിരിക്കും)

  37. മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

    നന്നയിട്ടുണ്ട്‌ ശ്രീ...........

  38. പൈങ്ങോടന്‍ said...

    ഹൃദയ സ്പര്‍ശിയായ കുറിപ്പ്.

  39. മയൂര said...

    ഈ നന്മ എനും കൂട്ടായിരിക്കട്ടെ...:)

  40. ശ്രീ said...

    മന്‍‌സൂര്‍‌ ഭായ്... നന്ദി.
    ഹരിയണ്ണാ...അതെയതെ. കമന്റിനു നന്ദി.
    വല്യമ്മായീ... കുട്ടന്‍‌ ഇപ്പോള്‍‌ നന്നായിരിക്കുന്നു എന്നു തന്നെ പ്രതീക്ഷിയ്ക്കുന്നു. നന്ദി, വായനയ്ക്കും കമന്റിനും.
    ദ്രൌപതീ... നന്ദി.
    കൊച്ചു ത്രേസ്യ... നന്ദി.
    എതിരവന്‍‌ജീ... സ്വാഗതം. ചില വലിയ കുടുംബങ്ങളില്‍‌ ഇപ്പറഞ്ഞതു പോലെ കുടുംബ പുസ്തകങ്ങളൊക്കെ ഇറക്കാറുണ്ടെന്ന് ഞാനും പറഞ്ഞു കേട്ടിട്ടുണ്ട്.
    പിന്നെ, കുട്ടനെ നന്നായി അറിയാമായിരുന്നു എന്നതിനപ്പുറം അവന്റെ വീട്ടുകാര്‍‌ക്ക് അവനോടുള്ള മനോഭാവം ശരിക്കറിയില്ല.
    എന്തായാലും നന്ദി, താങ്കളുടെ അഭിപ്രായത്തിനും ഇവിടെ വന്നതിനും.
    ചന്ദ്രകാന്തം ചേച്ചീ... നന്ദി. :)
    മുഹമ്മദ് സഗീര്‍‌...സ്വാഗതം. നന്ദി.
    പൈങ്ങോടന്‍‌... സ്വാഗതം. നന്ദി.
    മയൂര ചേച്ചീ... നന്ദി.

  41. പി.സി. പ്രദീപ്‌ said...

    ശ്രീക്കുട്ടാ... ഇപ്പോ മനസ്സിലായി നീ പല ഏടാകൂടങ്ങളില്‍ നിന്നും രക്ഷപെടുന്നത് വല്ലപ്പോഴും ഒക്കെയുള്ള നല്ല പ്രവര്‍ത്തികള്‍ കോണ്ടാണെന്ന്.
    കീപ്പ് ഇറ്റ് അപ്:)
    ഓ.ടോ. ഈ തടിയുടെ രഹസ്യം മനസ്സിലായി കേട്ടോ:):)

  42. Unknown said...

    ഇവിടെ എത്താന്‍ വൈകി....

    എങ്കിലും ഒത്തിരി ഇഷ്ടായി....

    വായിച്ചപ്പോള്‍ കണ്ണു നിറഞ്ഞു....

    അത്രക്കു മനസ്സില്‍ തട്ടി...

    :-)

    ഇതില്‍ കൂടുതല്‍ എന്താ പറയാ... ശ്രീയേ....

    എഴുത്തു കേമയിട്ടുണ്ട്.. ട്ടോ?

  43. ധ്വനി | Dhwani said...

    നന്മ നിറഞ്ഞ മനസ്സ്. എല്ലാവര്‍ക്കും വിളമ്പുന്നവര്‍ക്ക് എന്നും വിളമ്പിക്കിട്ടും! കിട്ടട്ടെ! :)

  44. ഏ.ആര്‍. നജീം said...

    നമ്മള്‍ ഒരാളെ സഹായിക്കുമ്പോള്‍ അയാളില്‍ നിന്നും തിരികെ ഒന്നും പ്രതീക്ഷിക്കരുത് എന്ന് പറയാറില്ലെ, അത് പോലെ അന്ന് ശ്രീ ചെയ്ത ഒരു നല്ല കാര്യത്തിനുള്ള സമ്മാനമാണ് ശ്രീ, ഇത്രയും പേരുടെ പ്രാര്‍ത്ഥന. അന്ന് അവന് കൊടുത്ത ഓരോ അരിച്ചോറും ഒരായിരം പുണ്ണ്യങ്ങളായി ശ്രീക്ക് തിരികെ ലഭിക്കും..

  45. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    ശ്രീ, അഭിനന്ദനങ്ങള്‍

  46. ശ്രീ said...

    പ്രദീപേട്ടാ... നന്ദി. പിന്നേയ്, എനിക്കു തടി ഉണ്ടെന്നത് ഒരു തോന്നലാട്ടോ.
    മഞ്ഞുതുള്ളീ... സന്തോഷം. കമന്റിനു നന്ദി.
    ധ്വനീ... നന്ദി കേട്ടോ.
    നജീമിക്കാ... ആ കമന്റും സന്തോഷം തരുന്നു. നന്ദി.
    പ്രിയാ... നന്ദി.

  47. retarded said...

    നന്നായി. വായിച്ച്പ്പൊ സന്തോഷം തോന്നി. ഒപ്പം ഇത്തിരി വിഷമോം.

  48. pradeep said...

    മനസ്സിനെ സ്പറ്ശിക്കുന്ന അനുഭവം.ഒരു നേരത്തെ ആഹാരത്തിനു വേണ്ടി നമ്മുടെ കാരുണ്യം തേടുന്ന എത്രയോ ആളുകള്‍ നമുക്കു ചുറ്റും കാണും,അല്ലേ? താങ്കള്‍ ചെയ്തത് നല്ല കാര്യം തന്നെ

  49. ഹരിശ്രീ (ശ്യാം) said...

    മലയാളം ബ്ലോഗു-കള്‍ നിലവാരത്തകര്‍ച്ച നേരിടുന്നു എന്നോ മറ്റോ മനോരമ ഓണ്‍ലൈന്‍-ല ഇന്നലെ ഒരു ലേഖനം കണ്ടു. അതിനു ശേഷമാണ് ഇതു വായിച്ചത്. കടിച്ചാല്‍ പൊട്ടാത്ത സാഹിത്യഭാഷയും മനോഹരമായ ഒരു തലക്കെട്ടുമിട്ടാല്‍ അത് മികച്ച സാഹിത്യം ആവില്ല. സമൂഹത്തിനു എന്തെങ്കിലും സന്ദേശം നല്‍കുന്നതും വായിക്കുന്നവരെ ചിന്തിപ്പിക്കുന്നവയുമാണ് മഹത്തായ സാഹിത്യ സൃഷ്ടികള്‍. ആ അര്‍ത്ഥത്തില്‍ ഇതൊരു മികച്ച സാഹിത്യ സൃഷ്ടി തന്നെയാണ്. ഇനിയും ഇതുപോലുള്ള അനുഭവങ്ങള്‍ എഴുതൂ..

  50. K M F said...

    നന്നായിട്ട്ണ്ട് മാഷേ

  51. അപര്‍ണ്ണ said...

    ഈ നല്ല മനസ്സും നല്ല പ്രവൃത്തിയും ശ്രീക്ക്‌ എന്നും നന്മകളേ കൊണ്ടുത്തരൂ..എന്നും അങ്ങിനെയായിരിക്കട്ടെ..:)

  52. ശ്രീ said...

    രാഗേഷ്...
    സ്വാഗതം. നന്ദി, വായിച്ച് കമന്റിട്ടതിന്‍‌.
    പ്രദീപേട്ടാ... നന്ദി.
    ശ്യാമേട്ടാ... വളരെ സന്തോഷം. നന്ദി, അമ്പതാം കമന്റിന്‍‌.
    KMF...നന്ദി.
    അപര്‍‌ണ്ണ ചേച്ചീ... നന്ദി.

  53. അപ്പു ആദ്യാക്ഷരി said...

    ശ്രീക്കുട്ടോ, എനിക്കിതു വായിച്ചപ്പോള്‍ ഓര്‍മ്മവന്നത് ശ്രീ പണ്ടെഴുതിയ ഭ്രാന്തന്‍ എന്ന പോസ്റ്റാണ്, ശ്രീയെ ആദ്യമാ‍യി ഞാന്‍ പരിചയപ്പെടാന്‍ ഇടയായ പോസ്റ്റ്. ഈ നല്ലമനസ്സിനു മുമ്പില്‍ പ്രണാമം!!

    അത് വായിക്കാത്തവര്‍ ദേ ഇവിടെ നോക്കൂ.

    http://neermizhippookkal.blogspot.com/2007/05/blog-post_27.html

  54. Anju said...

    Sree
    it is beautiful naration of a touching story.keep going. you are good writer

  55. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്:ആരും കാണാതെ വരുന്നതാ എന്നാലും ഇവിടെ വന്നെന്നറിയിക്കാതെ പോണത് ശരിയല്ലാന്ന് തോന്നി. നീയെന്റെ കൂട്ടുകാരന്‍ ആയതില്‍ ഒത്തിരി സന്തോഷം തോന്നുന്നു.

    ഓടോ: മെസേജ് അയച്ചത് കിട്ടി

  56. ശ്രീ said...

    അപ്പുവേട്ടാ... സന്തോഷം, നന്ദി.
    അഞ്ജൂ... നന്ദി.
    ചാത്താ... വൈകിയിട്ടൊന്നുമില്ല, വളരെ സന്തോഷം.

  57. ഹരിത് said...

    നന്നായിട്ടുണ്ട് കുട്ട്ന്‍റെ കഥ. നല്ല വിവരണം.