Saturday, March 10, 2007

കാലത്തിന്റെ മണിമുഴക്കങ്ങള്‍‌

ഉച്ചയൂണു കഴിഞ്ഞ് അയാള്‍‌ തന്റെ ചാരുകസേരയില്‍ ആസനസ്ഥനായി. ആ വലിയ വീട്ടില്‍ അയാളെയും വേലക്കാരനെയും കൂടാതെ മറ്റാരും ഇല്ലാത്തതു കൊണ്ടാവാം ഉച്ച നേരങ്ങളില്‍‌ വലിയ വിരസതയാണ്‍. ഉച്ചക്ക് ഉറങ്ങി ശീലമില്ലാത്തതിനാൽ അയാൾ‌ കണ്ണടയെടുത്തു വച്ച് ഒരിക്കല്‍‌ കൂടി പത്രം വായിക്കാന്‍‌ തുടങ്ങി. വായനയില്‍ മുഴുകിയിരിക്കെയാണ് അതിലെ നിര്യാതരായി എന്ന കോളത്തിലെ ഒരു ചിത്രം അയാളുടെ ശ്രദ്ധയില്‍‌ പെട്ടത്. 60 വയസ്സോളം പ്രായം തോന്നിപ്പിക്കുന്ന ആസ്ത്രീയുടെ ചിത്രത്തിലേക്ക് അയാള്‍‌ സൂക്ഷിച്ചു നോക്കി. അതിനടിയിലെ ‘രാധികാ ശ്രീധരന്‍‌‘ എന്ന പേര്‍ അയാളുടെ സംശയം ദൂരീകരിച്ചു. ‘രാധിക” പിറുപിറുത്തു കൊണ്ട് അയാള്‍ തന്റെ ചാരുകസേരയിലേക്ക് ചാഞ്ഞു കിടന്നു. മനസ്സില്‍‌ എവിടെയോ എന്തോ നീറുന്നതു പോലെ അയാള്‍ പതുക്കെ കണ്ണട ഊരി മറ്റി വച്ച് കണ്ണുകളടച്ചു. താനറിയാതെ അയാള്‍‌ തന്റെ ഭൂതകാലത്തിലേക്കു ഊളിയിടുകയായിരുന്നു.


ഓര്‍‌മ്മകള്‍‌ അതിവേഗം പുറകോട്ടു സഞ്ചരിച്ചു. താന്‍‌ ആദ്യമായി അവളെ കണ്ട ദിവസം. ആദ്യ ദര്‍‌ശനാനുരാഗം എന്നൊക്കെ പറയാമോ എന്തോ ആദ്യമായി കണ്ട മാത്രയില്‍‌ തന്നെ തനിക്ക് അവളോട് എന്തോ ഒരു ആകര്‍‌ഷണം തോന്നിയിരുന്നു. വളരെ പെട്ടെന്നു തന്നെ തങ്ങള്‍‌ ഇരുവരും തമ്മിലടുത്തു കോളേജിലെ ഓരോ മണല്‍‌ത്തരിക്കു പോലും സുപരിചിതമായ ബന്ധം. ഒഴിവു സമയങ്ങളില്‍‌ തങ്ങള്‍‌ ഒരുപാടു സംസാരിക്കുമായിരുന്നു.
Made for each other’ എന്നായിരുന്നു തങ്ങളെക്കുറിച്ച് സുഹൃത്തുക്കള്‍‌ എന്തിന്‍ അദ്ധ്യാപകര്‍‌ വരെ പറഞ്ഞിരുന്നത്. ആ ക്യാമ്പസ്സിലെ അംഗീകൃത പ്രണയജോടികളില്‍‌ ഒന്ന്


നാലഞ്ചു വര്‍‌ഷങ്ങള്‍‌ അതിവേഗം കടന്നു പോയി. പഠനം കഴിഞ്ഞിറങ്ങിയ ഉടനേ അവള്‍‌ക്ക് വീട്ടില്‍‌ വിവാഹാലോചന തുടങ്ങി. ഒരു ജോലി പോലുമില്ലാതെ അന്യജാതിക്കരനായ താനെങ്ങനെ പെണ്ണു ചോദിക്കും? എങ്കിലും സുഹൃത്തുക്കളുടെ പ്രചോദനത്തോടെ ഒരു ശ്രമം നടത്തി നോക്കി
പരാജയപ്പെട്ടു. ആ പരാജയം ഒരു വാശിയായി. അവളെ സ്വന്തമാക്കാന്‍‌ ഒരു ജോലി കൂടിയേ തീരൂ. ജോലി തേടി നാടു വിടാന്‍‌ തന്നെ തീരുമാനിച്ചു. യാത്ര പറയും മുമ്പ് അവള്‍‌ പറഞ്ഞു “ഞാന്‍‌ കാത്തിരിക്കും”. യാത്രാമംഗളങ്ങള്‍‌ നേര്‍‌ന്നു നില്‍‌ക്കുന്ന അവളുടെ മുഖവും മനസ്സിലേറ്റി യാത്ര തിരിച്ചു.


വീണ്ടും നാലഞ്ചു വര്‍‌ഷങ്ങള്‍‌ കൂടി… അതിനിടയില്‍‌ തമ്മില്‍‌ ഒരു വിധത്തിലും ബന്ധപ്പെടാന്‍‌ കഴിഞ്ഞില്ല. ഉയര്‍‌ന്ന ഉദ്യോഗവുമായി നാട്ടിലേക്കു മടങ്ങുമ്പോള്‍‌ അയാളുടെ മനസ്സില്‍‌ അവള്‍‌ മാത്രമായിരുന്നു. പക്ഷേ, നാട്ടില്‍‌ വന്നിറങ്ങിയ ഉടനേ അറിയാന്‍‌ കഴിഞ്ഞത് അവളുടെ വിവാഹ വാര്‍‌ത്തയായിരുന്നു. അയാള്‍‌ പോയ ശേഷം വീട്ടുകാരുടെ നിര്‍‌ബന്ധത്തിനു വഴങ്ങി അവള്‍‌ ഒരു ഗള്‍‌ഫുകാരനെ വിവാഹം കഴിച്ചത്രെ

എന്തോ, അയാള്‍‌ പിന്നീടവളെ പറ്റി അന്വേഷിച്ചില്ല. ഒരിക്കല്‍‌ പോലും കാണാന്‍‌ ശ്രമിച്ചില്ല. സ്വന്തം വിധിയേപ്പോലും പഴിച്ചില്ല.

കാലം കടന്നു പോയി. ഈ സംഭവ പരമ്പര കഴിഞ്ഞിട്ട് ഇപ്പോള്‍‌ നാല്പതു വര്‍‌ഷത്തിനു മേല്‍‌ ആയിരിക്കുന്നു. ഇന്ന് അയാള്‍‌ അവിവാഹിതനായ ഒരു റിട്ട. ഉദ്യോഗസ്ഥനാണ്‍. ഇത്രയും കാലം അയാള്‍‌ ഒറ്റപ്പെട്ട ഒരു ജീവിതം നയിക്കുകയായിരുന്നു.

ഒരു നെറ്റുവീര്‍‌പ്പോടെ അയാള്‍‌ ഓര്‍‌മ്മകളുടെ ലോകത്തു നിന്നും തിരിച്ചു വന്നു. കയ്യിലിരിക്കുന്ന പത്രത്തിലേക്കു ഒന്നു കൂടെ നോക്കി. അവളുടെ മുഖം അയാള്‍‌ ശ്രദ്ധിച്ചു. നാല്പതു വര്‍‌ഷങ്ങള്‍‌ക്കു ശേഷവും തനിക്ക് ഒറ്റ നോട്ടത്തില്‍‌ അവളുടെ മുഖം തിരിച്ചറിയാന്‍‌ കഴിഞ്ഞിരിക്കുന്നു. മുഖത്ത് ചുളിവുകള്‍‌ വന്നിരിക്കുന്നു. കുറെ നര കയറിയിട്ടുമുണ്ട്. കണ്ണുകളിലെ ആ പഴയ തിളക്കവും നഷ്ടപ്പെട്ടു കഴിഞ്ഞു. എങ്കിലും…


എന്തോ ഓര്‍‌ത്തിട്ടെന്ന പോലെ അയാള്‍‌ എഴുന്നേറ്റു. കണ്ണടയെടുത്തു മുഖത്തു വച്ച് അയയില്‍‌ കിടന്ന ജൂബ്ബയുടെ പോക്കറ്റില്‍‌ കയ്യിട്ട് തന്റെ പേഴ്സ് പുറത്തെടുത്തു. യാന്ത്രികമായി അയാളുടെ വിരലുകള്‍‌ അതിലെ ഒരു രഹസ്യ അറയിലേക്കു നീങ്ങി. അതില്‍‌ നിന്നും നിറം മങ്ങി പഴകിയ ഒരു പാസ്പോര്‍‌ട്ടു സൈസ് ഫോട്ടോ
അയാള്‍‌ പുറത്തെടുത്തു.

ആ ഫോട്ടോ അവളുടേതായിരുന്നു. കോളേജില്‍‌ പഠിച്ചിരുന്ന കാലത്ത് അവളുടെ പക്കല്‍‌ നിന്നും അയാള്‍‌ വാങ്ങിയ ഫോട്ടോ. അതെടുത്ത ശേഷം അയാള്‍‌ ആ പേഴ്സ് തിരികെ വച്ചു.


കണ്ണു നീര്‍‌ വന്ന് കണ്ണു നിറഞ്ഞപ്പോള്‍‌ കണ്ണട ഊരി, അയാള്‍‌ കണ്ണുകള്‍‌ ഒപ്പി. അയാള്‍‌ ഒരു തീപ്പെട്ടി തപ്പിയെടുത്തു. പതിയെ തീപ്പെട്ടിയുരച്ച് ആ ഫോട്ടൊയ്ക്കു തീ കൊളുത്തി അത് താഴേയ്ക്കിട്ട ശേഷം അയാള്‍‌ ആ കസേരയിലേക്കു വീണു. ഹൃദയത്തില്‍‌ നിന്നും എന്തോ പറിഞ്ഞു പോകും പോലെ… കണ്ണുകളില്‍‌ ഇരുട്ടു കയരുന്നു.അയാള്‍‌ കണ്ണുകള്‍‌ ഇറുക്കി അടച്ചു. സമയം ഇഴഞ്ഞു നീങ്ങി…


പിന്നീടൊരിക്കലും അയാള്‍‌ ആ കണ്ണുകള്‍‌ തുറന്നില്ല. അയാളുടെ ജീവനും അവള്‍‌ക്കു പിന്നാലെ സ്വര്‍‌ഗ്ഗത്തിലേക്കു യാത്രയായിരുന്നു. ഈ സമയം ദൂരെയെവിടെ നിന്നോ ‘വിവാഹം സ്വര്‍‌ഗ്ഗത്തില്‍‌ വച്ചു നടക്കുന്നു’ എന്നര്‍‌ത്ഥം വരുന്ന ഒരു ഗാനം ഉയരുന്നുണ്ടായിരുന്നു…

8 comments:

  1. വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

    നല്ല കഥ. ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി www.mobchannel.com ന്റെ സഹകരണത്തോടെ http://vidarunnamottukal.blogspot.com/ ചില പരിപാടികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന പോസ്റ്റുകള്‍ക്ക് സമ്മാനങ്ങളും, പ്രസിദ്ധീകരണയോഗ്യമായവ പേപ്പര്‍ ബാക്ക് ആയി പുറത്തിറക്കുന്നതും അവയില്‍ ചിലതാണ്. താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com എന്ന വിലാസത്തില്‍ അയക്കുമല്ലോ...

  2. സുന്ദരന്‍ said...

    കഥ ഇഷ്ടപ്പെട്ടു...

  3. Doney said...

    കഥ കൊള്ളാം , വലിച്ചു നീട്ടലുകള്‍‌ ഇല്ലാത്ത ചെറിയ കഥ..

  4. thahir said...

    enthenkilum manassilayittu vende commentparayuvaaan

  5. ശ്രീ said...

    സുന്ദരന്‍‌... കഥ ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതില്‍‌ സന്തോഷം...
    ഡോണി.... നന്ദി.
    താഹിര്‍‌... മനസ്സിലായെങ്കിലും ഇവിടെയ്ക്കു കടന്നു വന്നതിനും തുറന്നു പറഞ്ഞതിനും നന്ദി.

  6. Orchid said...

    kollam Enikkishtai
    binoy keezhoor

  7. Orchid said...

    kollam Enikkishtai
    binoy keezhoor

  8. Anonymous said...

    Hridhaya hariyaya kadha