Wednesday, January 24, 2007

സൌഹൃദങ്ങള് നശിക്കുന്നതെങ്ങനെ?

കൂട്ടുകാരേ

എങ്ങനെയാണ് നല്ല സൌഹൃദങ്ങള്‍‌ പോലും നശിക്കുന്നത് എന്നു നിങ്ങള്‍‌ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ...?

വളരെ അടുപ്പമുള്ള രണ്ടു സുഹൃത്തുക്കള്‍‌ കുറെ നാളുകള്‍‌ കാണാതിരിക്കുന്നു എന്നു കരുതുക അതിനിടയില്‍‌ അവര്‍‌ക്കു പരസ്പരം ബന്ധപ്പെടാന്‍‌ കഴിയുന്നില്ല.

അങ്ങനെ കുറെ നാള്‍‌ കഴിഞ്ഞ് അതിലൊരാള്‍‌ക്ക് അപരന്റെ ഫോണ്‍‌ നമ്പറോ മറ്റോ കിട്ടുന്നു. പെട്ടെന്നുണ്ടാകുന്ന ആവേശത്തില്‍‌ അയാള്‍‌ നേരമോ കാലമോ നോക്കാതെ അപരനെ ബന്ധപ്പടാന്‍‌ ശ്രമിക്കുന്നു നിര്‍‌ഭാഗ്യവശാല്‍‌ അയാള്‍‌ അപ്പോള്‍‌ ഒഴിവാക്കാനാകാത്ത വിധം തിരക്കിലായി പോകുന്നു എന്നും കരുതുക. അവര്‍‌ക്കു സംഭാഷണം പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വരുന്നു...

പിന്നീട് ഒരു പക്ഷേ രണ്ടാമനും ഇതേ അവസ്ഥ വന്നേക്കാം. എങ്ങനെയായാലും പിന്നീട് ഇവര്‍‌ പരസ്പരം വിളിക്കാന്‍‌ മടിക്കുന്നു. മറ്റേയാള്‍‌ തിരക്കിലായിരിക്കുമെങ്കിലോ താന്‍‌ മറ്റെയാളെ ശല്യപ്പെടുത്തുകയാണെങ്കിലോ എന്നെല്ലാമുള്ള സന്ദേഹം തന്നെ കാരണം

അങ്ങനെ കുറച്ചു നാളുകള്‍‌ കഴിയുമ്പോള്‍‌ ഓരോരുത്തരും കരുതാന്‍‌ തുടങ്ങുന്നു, ഇനി ആദ്യം മറ്റെയാള്‍‌ തന്നെ വിളിക്കട്ടെ എന്നിട്ടാകാം ഞാന്‍‌ തിരിച്ചു വിളിക്കുന്നത് എന്ന്

അങ്ങനെ കൂറെ നാളുകള്‍‌ കൊണ്ട് നാമറിയാതെ നമ്മുടെ ഉള്ളില്‍‌ നമ്മുടെ പ്രിയ സുഹൃത്തിനോട് പരിഭവത്തില്‍‌ നിന്നും ഉടലെടുക്കുന്ന ഒരു അകല്‍‌ച്ചയും പിണക്കവുമെല്ലാം രൂപപ്പെടുന്നു.അങ്ങനെ ക്രമേണ ആ ബന്ധത്തില്‍‌ വിള്ളലുകള്‍‌ വീഴുന്നു. അത് വലിയൊരു സുഹൃദ് ബന്ധത്തിന്റെ നാശത്തിനു തന്നെ കാരണമാകുന്നു

അതു കൊണ്ട് ചങ്ങാതിമാരേ.

ഇന്നു തന്നെ നമ്മുടെ പഴയ സുഹൃത്തുക്കളുടെ വിലാസവും ഫോണ്‍‌ നമ്പറുകളുമെല്ലാം തപ്പിയെടുത്ത് അവരുമായുള്ള സുഹൃദ്ബന്ധം പുതുക്കാന്‍‌ ശ്രമിക്കൂ. ഇടയ്ക്കിടെ നമ്മുടെ തിരക്കുകള്‍‌ക്കിടയിലും ഇതിനായി ഒരല്‍‌പ്പ സമയം മാറ്റി വയ്ക്കൂ

നമുക്കു നമ്മുടെ സൌഹൃദങ്ങളുടെ

അയഞ്ഞ കണ്ണികള്‍‌ മുറുക്കാന്‍‌ ശ്രമിക്കാം...

നമുക്കു നമ്മുടെ സൌഹൃദങ്ങളുടെ

സ്പന്ദനങ്ങള്‍‌ എന്നെന്നും നില നിര്‍‌ത്താന്‍‌ ശ്രമിക്കാം...

നമുക്കു നമ്മുടെ സൌഹൃദങ്ങളുടെ

വെളിച്ചം കെട്ടുപോകാതെ നില നിര്‍‌ത്താം.

നമുക്ക് നമ്മുടെ സൌഹൃദങ്ങള്‍‌ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാം...

നമുക്കും നമ്മുടെ സുഹൃത്തുക്കള്‍‌ക്കും ഇടയില്‍‌ അകലം ഇല്ലാതിരിക്കട്ടെ!