Wednesday, December 26, 2007

ഗുഡ് ബൈ 2007! വെല്‍‌കം 2008

2007 എന്ന ഒരു വര്‍‌ഷം കൂടി വിട വാങ്ങുകയാണ്. നമ്മുടെയെല്ലാം ജീവിതത്തിലെ എണ്ണപ്പെട്ട 365 ദിവസങ്ങള്‍‌ കൂടി കടന്നു പോയ്ക്കൊണ്ടിരിയ്ക്കുന്നു. അഥവാ ആയുസ്സിന്റെ 365 ദിവസങ്ങള്‍‌ കൂടി നമുക്ക് നഷ്ടമായിക്കൊണ്ടിരിയ്ക്കുന്നു. ജീവിതത്തിലെ എന്തൊക്കെയോ നേട്ടങ്ങള്‍‌ക്കും ചില നഷ്ടങ്ങള്‍‌ക്കും സാക്ഷിയായ ഒരു വര്‍‌ഷം കൂടി ആണ് നമ്മെ പിരിഞ്ഞു പോകുന്നത്, അല്ലേ? എങ്കിലും ഒട്ടേറെ പ്രതീക്ഷകളുമായി ഒരു പുതുവര്‍‌ഷം നമ്മെ കാത്തു നില്‍‌ക്കുകയാണ്.

എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍‌ ഒട്ടേറെ മാറ്റങ്ങള്‍‌ കൈവന്ന ഒരു വര്‍‌ഷമായിരുന്നു 2007. അതില്‍‌ പ്രാധാനമായും രണ്ടു കാര്യങ്ങളാണുള്ളത്. ഒന്ന് നാട്ടില്‍‌ നിന്നും ബാംഗ്ലൂരേയ്ക്കുള്ള മാറ്റം. രണ്ട് ബൂലോകത്തേയ്ക്കുള്ള പ്രവേശം. എന്റെ പഠനമെല്ലാം കഴിഞ്ഞ് രണ്ടര – മൂന്നു വര്‍‌ഷത്തോളം നാട്ടില്‍‌ തന്നെ ജോലി ചെയ്തതിനു ശേഷമാണ് ഞാന്‍‌ ബാംഗ്ലൂര്‍‌ക്ക് ജോലി തേടി എത്തുന്നത്. നാടിനെ ഉപേക്ഷിക്കാന്‍‌ ഇഷ്ടമില്ലാത്തതു കൊണ്ടാണ് അത്രയും നാള്‍‌ അവിടെ തന്നെ നിന്നത്. അവസാ‍നം സുഹൃത്തുക്കളുടെ സ്നേഹപൂര്‍‌വ്വമായ നിര്‍‌ബന്ധവും നാട്ടിലെ ജോലി ഒരു സാധാരണ ജീവിതത്തിനു പോലും മതിയാകില്ല എന്ന തിരിച്ചറിവും ബാംഗ്ലൂര്‍‌ക്ക് വണ്ടി കയറാന്‍‌ എന്നെ നിര്‍‌ബന്ധിതനാക്കി. അധികം വൈകാതെ ഇവിടെ ഒരു ജോലിയില്‍‌ പ്രവേശിയ്ക്കാനുമായി.

സത്യത്തില്‍‌ നാട്ടിലെ ആ ചുറ്റുപാടില്‍‌ നിന്നും മാറി നിന്നിട്ടും അങ്ങനെ ഒരു തോന്നലില്ലാതിരുന്നതിനു പ്രധാന കാരണം നമ്മുടെ ബൂലോകമാണ്. ബൂലോകത്തേയ്ക്കുള്ള എന്റെ വരവു തന്നെ അപ്രതീക്ഷിതമായിരുന്നു. യാദൃശ്ചികമായി എവിടെയോ ബ്ലോഗിനെപ്പറ്റി വായിച്ചു. പിന്നെ, ഗൂഗിളില്‍‌ സെര്‍‌ച്ച് നടത്തി. അങ്ങനെ ഗൂഗിളിനു തന്നെ മലയാളം ബ്ലോഗ് ഉണ്ടെന്നു മനസ്സിലായി, ഒരെണ്ണം തട്ടിക്കൂട്ടുകയും ചെയ്തു, കഴിഞ്ഞ ജനുവരി ആദ്യം. ഡയറിക്കുറിപ്പുകള്‍‌ എന്ന പോലെ ഇന്റര്‍‌നെറ്റില്‍‌ ഡിജിറ്റലായി കുറച്ചു സ്ഥലം എന്നേ അന്ന് കരുതിയുള്ളൂ. ‘നീര്‍‌മിഴിപ്പൂക്കള്‍‌’ എന്ന് പേരുമിട്ടു. ആദ്യമായി ഒരു കുറിപ്പു പോലെ “സൌഹൃദങ്ങള്‍‌ നശിയ്ക്കുന്നതെങ്ങനെ” എന്ന പേരില്‍‌ പോസ്റ്റിട്ടു. പക്ഷെ, അത് അന്ന് പബ്ലിഷ് ചെയ്തില്ല, സേവ് ചെയ്തു വച്ചതേയുള്ളൂ. ഫെബ്രുവരിയില്‍‌ രണ്ടാമത്തെ പോസ്റ്റും ഇട്ടു. എന്നാല്‍‌ അതിനെപ്പറ്റി വേണ്ടത്ര അറിവില്ലാത്തതു കൊണ്ടും എങ്ങനെ ഉപയോഗിയ്ക്കണം എന്നറിയാത്തതു കൊണ്ടും അത് രണ്ടു മാസം കഴിഞ്ഞ് മാര്‍‌ച്ചില്‍‌ അറിയാതെ ഞാന്‍ തന്നെ ഡിലീറ്റു ചെയ്തു. സത്യത്തില്‍‌ ബ്ലോഗേതാണ്, പോസ്റ്റേതാണ് എന്നൊന്നും അന്ന് വലിയ പിടിയില്ലായിരുന്നു. അങ്ങനെ ഏതോ പോസ്റ്റ് ഡിലീറ്റു ചെയ്യാനുള്ള ശ്രമം ബ്ലോഗിന്റെ പണി കഴിച്ചു. പിന്നെ അതേ പേരില്‍‌ ഒരു ബ്ലോഗ് കൂടി വീണ്ടും തുടങ്ങി. അതാണ് ഇന്നു കാണുന്ന ബ്ലോഗ്. ബ്ലോഗ് പോസ്റ്റുകള്‍‌ പബ്ലിഷ് ചെയ്യാമെന്നും പബ്ലിഷ് ചെയ്താല്‍‌ മറ്റുള്ളവര്‍‌ക്ക് വായിയ്ക്കാനാകും എന്നുമെല്ലാം അറിഞ്ഞത് ആയിടയ്ക്കാണ്. അതും അബദ്ധത്തില്‍‌ “കാലത്തിന്റെ മണിമുഴക്കങ്ങള്‍‌” എന്ന ഒരു പോസ്റ്റ് (കഥ)അറിയാതെ പബ്ലിഷ് ചെയ്തപ്പോള്‍‌. ഞാനൊട്ടും പ്രതീക്ഷിയ്ക്കാതെ ആരൊക്കെയോ അത് വായിച്ചു. ആദ്യ കമന്റും കിട്ടി. വിടരുന്ന മൊട്ടുകളില്‍ നിന്ന്. പിന്നീടാണ് എല്ലാ പഴയ പോസ്റ്റുകളും പബ്ലിഷ് ചെയ്യുന്നത്. തുടര്‍‌ന്ന് സമയം പോലെ ബ്ലോഗ് വായനയും തുടങ്ങി. അങ്ങനെ ഇന്ന് ഈ കാണുന്ന ശ്രീ എന്ന ബ്ലോഗറായി.

ഒട്ടും പ്രതീക്ഷിയ്ക്കാതെ ഈ ബൂലോകത്തു നിന്നും കുറച്ചു നല്ല സുഹൃത്തുക്കളെയും എനിക്കു കിട്ടി (ആരെയും പേരെടുത്ത് പരാമര്‍‌ശിയ്ക്കുന്നില്ല). ഇന്ന് ഈ ബൂലോകത്ത് എനിക്കു ഗുരുസ്ഥാനത്ത് സ്നേഹധനരായ കുറച്ചു നല്ല ചേട്ടന്മാരും ചേച്ചിമാരുമുണ്ട്. നല്ല കൂട്ടുകാരുണ്ട്. അനുജന്മാരും അനുജത്തിമാരുമുണ്ട്. ഇതിലെ ഭൂരിഭാഗം പേരെയും നേരിട്ടു കണ്ടിട്ടേയില്ല എങ്കിലും വളരെക്കാലമായി അടുത്തു പരിചയമുള്ള സുഹൃത്തുക്കളെപ്പോലെ ആയിക്കഴിഞ്ഞു ഇവരെല്ലാവരും. എല്ലാവര്‍‌ക്കും ഹൃദയം നിറഞ്ഞ നന്ദി.

ഇന്ന് നാമെല്ലാവരും 2007 നെ വിട്ടു പിരിയാനായി തയ്യാറെടുത്തു കഴിഞ്ഞു. 2008 ഇതാ നമുക്കു തൊട്ടരികിലെത്തി. ഇനി ഏതാനും മണിക്കൂറുകള്‍‌ മാത്രം. ഒരായിരം പ്രതീക്ഷകളുമായി നാം പുതുവര്‍‌ഷത്തിലേയ്ക്ക് പ്രവേശിയ്ക്കുകയായി. ഈ പുതുവര്‍‌ഷം എല്ലാവര്‍‌ക്കും ശാന്തിയും സമാധാനവും, സന്തോഷവും സംതൃപ്തിയും, പുത്തന്‍‌ പ്രതീക്ഷകളും മധുര സ്മരണകളും കൊണ്ടുത്തരട്ടെ എന്ന് ആത്മാര്‍‌ത്ഥമായി പ്രാര്‍‌ത്ഥിയ്ക്കുന്നു.

എല്ലാ ബൂലോക കൂടപ്പിറപ്പുകള്‍‌ക്കും സമ്പല്‍‌‌സമൃദ്ധമായ, ഐശ്വര്യപൂര്‍‌ണ്ണമായ ഒരു പുതുവര്‍‌ഷം ആശംസിയ്ക്കുന്നു !

“കാലമിനിയുമുരുളും,

വിഷു വരും വര്‍ഷം വരും,

തിരുവോണം വരും,

പിന്നെ ഓരോ തളിരിലും,

പൂ വരും കായ്‌ വരും,

അപ്പോള്‍ ആരെന്നോ എന്തെന്നോ ആര്‍ക്കറിയാം”

2007, നിനക്കു വിട! സ്വാഗതം 2008.

Thursday, December 20, 2007

ഒരു ക്രിസ്തുമസ് സമ്മാനം


ഞാന്‍‌ ഒന്നാം ക്ലാസ്സു മുതല്‍‌ മൂന്നാം ക്ലാസ്സു വരെ (1987-1990) പഠിച്ചിരുന്നത് കൊരട്ടി കോണ്‍‌വെന്റ് സ്കൂളിലായിരുന്നു. മൂന്നു വര്‍‌ഷത്തോളം അച്ഛന്‍‌ ജോലി ചെയ്യുന്ന കൊരട്ടി ഗവ: പ്രസ്സ് ക്വാര്‍‌ട്ടേഴ്സിലെ താമസത്തിനു ശേഷം ഞങ്ങള്‍‌ ഞങ്ങളുടെ സ്വന്തം ഗ്രാമമായ വാളൂര് തന്നെ ഒരു കൊച്ചു വീടു പണിത് അങ്ങോട്ട് താമസം മാറുന്നത് ഞാന്‍‌ മൂന്നാം ക്ലാസ്സില്‍‌ പഠിയ്ക്കുമ്പോഴാണ്. എങ്കിലും ആ അദ്ധ്യയന വര്‍‌ഷം തുടങ്ങിയതിനാല്‍‌ ഒരു വര്‍‌ഷം കൂടി അവിടെ തന്നെ ഞാന്‍‌ പഠിയ്ക്കട്ടെ എന്നും നാലാം ക്ലാസ്സു മുതല്‍‌ വാളൂര്‍‌ സ്കൂളില്‍‌ ചേരാം എന്നും തീരുമാനമായി.

മൂന്നു വര്‍ഷത്തെ ആ പ്രൈമറി സ്കൂളിലെ പഠനത്തിനിടെ കുറേ സുഹൃത്തുക്കളെ കിട്ടിയെങ്കിലും കുട്ടിക്കാലത്തിന്റെ അറിവില്ലായ്മയില്‍‌ അതിലെ ഒട്ടുമിക്ക സൌഹൃദങ്ങള്‍‌ക്കും അല്പായുസ്സായിരുന്നു. ഞാന്‍‌ ആ സ്കൂളില്‍‌ നിന്നും പോന്നതിനു ശേഷം അവരില്‍‌ ഭൂരിഭാഗം പേരേയും പിന്നീട് ബന്ധപ്പെടാന്‍‌ കഴിഞ്ഞിട്ടില്ല. ആ സ്കൂളില്‍‌ ഒന്നാം ക്ലാസ്സില്‍‌ ചേര്‍‌ന്നതിനു ശേഷം ഏറ്റവുമാദ്യം ഞാന്‍‌ പരിചയപ്പെട്ടത് ദീപക്കിനെയായിരുന്നു. (ഇന്നും ദീപക്കുമായുള്ള സൌഹൃദം നില നില്‍‌ക്കുന്നു) .പിന്നെ എന്റെ നാട്ടില്‍‌ നിന്നു തന്നെയുള്ള നിര്‍‌മ്മല്‍‌, സുമോദ്, ഷമീര്‍ ‌തുടങ്ങിയവരെയും. പിന്നീട് ഒരിക്കല്‍‌ ക്ലാസ്സിനിടയില്‍‌ മൂക്കടപ്പും ജലദോഷവും കാരണം കണ്ണു നിറഞ്ഞൊഴുകുന്നത് ഷര്‍‌ട്ടിന്റെ കൈ കൊണ്ട് ഞാന്‍‌ തുടയ്ക്കുന്നത് ശ്രദ്ധിച്ച് എന്റെ അടുത്ത ബഞ്ചിലിരുന്ന ഒരു കുട്ടി ശബ്ദം താഴ്ത്തി എന്നോട് ചോദിച്ചു “എന്തിനാ നീ കരയുന്നത്” എന്ന്. കരയുന്നതല്ല, ജലദോഷം കാരണം കണ്ണു നിറഞ്ഞതാണ് എന്ന് ഞാന്‍‌ മറുപടിയും പറഞ്ഞു. പിന്നെയും ഞാന്‍‌ ജലദോഷം കാരണം കഷ്ടപ്പെടുന്നത് കണ്ട് ടീച്ചറോട് പറയണോ എന്നോ മറ്റെന്തൊക്കെയോ അവനെന്നോട് ചോദിച്ചു. അങ്ങനെ ഞാനറിയാതെ തന്നെ അവനോട് ചെറിയൊരു അടുപ്പമായി. പിന്നീടെപ്പോഴോ പേരു ചോദിച്ചു, പരിചയപ്പെട്ടു. അവന്റെ പേര് ബിനീഷ്. വീട് കൊരട്ടിയില്‍‌ തന്നെ എവിടെയോ ആണ്. (അന്ന് സ്ഥലങ്ങളൊന്നും വേറെ അറിയില്ലല്ലോ. അതു കൊണ്ട് കൂടുതലൊന്നും ചോദിച്ചില്ല)

എന്തായാലും അവനുമായി വളരെപ്പെട്ടെന്ന് നല്ല അടുപ്പത്തിലായി. തുടര്‍‌ന്നുള്ള മൂന്നു വര്‍‌ഷവും ഞാന്‍‌ ആ സ്കൂളില്‍‌ നിന്നും പോരുന്നതു വരെ അവനായി എന്റെ ഏറ്റവും വലിയ കൂട്ടുകാരന്‍‌. ഞങ്ങള്‍‌ ആ മൂന്നു വര്‍‌ഷം കൊണ്ട് എല്ലാ വിശേഷങ്ങളും പങ്കു വച്ചു. ഒരുമിച്ച് പഠിച്ചു, ഒരുമിച്ച് കളിയ്ക്കാന്‍‌ ഇറങ്ങി, മഴക്കാലങ്ങളില്‍‌ ഒരുമിച്ച് മഴ കാത്തിരുന്നു. ആ പഴയ രണ്ടാം ക്ലാസ്സിലെ ജനലിലെ മരയഴികളില്‍‌ പിടിച്ച് മഴ പെയ്യാന്‍‌ ഞങ്ങളൊരുമിച്ച് പ്രാര്‍‌ത്ഥിച്ചതും മഴ തുടങ്ങിയാല്‍‌, ഞങ്ങള്‍‌ പിടിച്ചു തിരിയ്ക്കുന്ന ജനലഴികള്‍‌ക്കനുസൃതമായി മഴ കൂടുകയും കുറയുകയും ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി സന്തോഷിച്ചിരുന്നതുമെല്ലാം ഞാനിന്നും ഓര്‍‌ക്കുന്നു ( കുറേശ്ശെ ഇളക്കമുണ്ടായിരുന്ന ആ മരയഴികള്‍‌ മുകളിളേയ്ക്ക് തിരിയ്ക്കുമ്പോള്‍‌ മഴ ശക്തമാകുന്നുണ്ടെന്നും താഴേയ്ക്കു തിരിയ്ക്കുമ്പോള്‍‌ മഴ കുറയുന്നുവെന്നും കണ്ടെത്തിയത് ബിനീഷായിരുന്നു. ആ വിശ്വാസം തകര്‍‌ക്കപ്പെടാതിരുന്നതിനാല്‍‌ ഇന്നും അങ്ങനെ തന്നെ വിശ്വസിയ്ക്കാനാണെനിക്കിഷ്ടം!).

ആ വര്‍‌ഷത്തെ ക്രിസ്തുമസ് നാളുകള്‍‌ വന്നെത്തി. കൂട്ടുകാരെല്ലാം അവര്‍‌ക്കു കിട്ടുന്ന ക്രിസ്തുമസ് സമ്മാനങ്ങള്‍‌ ക്ലാസ്സില്‍‌ കൊണ്ടുവന്ന് പ്രദര്‍‌ശിപ്പിച്ചിരുന്നു. കളിപ്പാട്ടങ്ങളും ക്രിസ്തുമസ് കാര്‍‌ഡുകളുമെല്ലാം. കൂട്ടത്തില്‍‌ ബിനീഷിനു കിട്ടിയ കാര്‍‌ഡുകളും അവനെന്നെ കൊണ്ടു വന്ന് കാണിച്ചിരുന്നു. വല്ലപ്പോഴും മാമന്‍‌മാരുടെ കാര്‍‌ഡുകള്‍‌ ഞങ്ങള്‍‌ക്കും വരാറുണ്ടായിരുന്നുവെങ്കിലും ആ വര്‍‌ഷം (വീടും താമസവുമെല്ലാം മാറിയതു കൊണ്ടാണോ എന്നറിയില്ല) ഞങ്ങള്‍‌ക്ക് അതുവരെ കാര്‍‌ഡൊന്നും ലഭിച്ചിരുന്നില്ല. അതു കൊണ്ടു തന്നെ എന്റെ കയ്യില്‍‌ ക്രിസ്തുമസ്സ് സ്പെഷലായി സമ്മാനങ്ങളോ കാര്‍‌ഡുകളോ ഒന്നും ഉണ്ടായിരുന്നുമില്ല. അതിന്റെ ഒരു വിഷമം എനിക്കുണ്ടായിരുന്നു എങ്കിലും ഞാനത് പുറത്തു കാണിച്ചിരുന്നില്ല. എങ്കിലും അത് മനസ്സിലാക്കിയിട്ടാകണം, ബിനീഷ് എന്നെ പലതും പറഞ്ഞ് സമാധാനിപ്പിക്കാന്‍‌ ശ്രമിച്ചിരുന്നു.

അങ്ങനെ പരീക്ഷാക്കാലമായി. (ക്രിസ്തുമസ്സിനു മുന്‍‌പു തന്നെ പരീക്ഷകളെല്ലാം കഴിയുമല്ലോ). എല്ലാവരും പഠനത്തിന്റെ ചൂടിലായി, ഞാനും. അവസാന പരീക്ഷയും കഴിഞ്ഞപ്പോള്‍‌ ഞാനും ബിനീഷും ദീപക്കുമെല്ലാം കൊരട്ടിപ്പള്ളിയില്‍‌ പ്രാര്‍‌ത്ഥിയ്ക്കാന്‍‌ പോയി. സ്കൂളിന് തൊട്ടടുത്തുള്ള കൊരട്ടിപ്പള്ളിയില്‍‌ ഇടയ്ക്ക് പ്രാര്‍‌ത്ഥിയ്ക്കാന്‍‌ പോകുന്നത് അക്കാലത്ത് ഞങ്ങളുടെ പതിവായിരുന്നു (അന്നും ഇന്നും പള്ളി/അമ്പലം എന്നീ വ്യത്യാസങ്ങളൊന്നും പ്രാര്‍‌ത്ഥനയ്ക്കു തടസ്സമായി എനിയ്ക്കു തോന്നിയിട്ടില്ല). അവിടെ ആരൊക്കെയോ കത്തിച്ചു വച്ചിട്ട് കെട്ടു പോയ മെഴുകു തിരികളെല്ലാം എടുത്തു വീണ്ടും കത്തിച്ചു വയ്ക്കുക എന്നത് അന്ന് ഞങ്ങളുടെ ഒരു ഇഷ്ടവിനോദമായിരുന്നു. അന്നും പതിവു പോലെ ഞങ്ങള്‍‌ കെട്ടു പോയ മെഴുകുതിരികളെല്ലാം പെറുക്കിക്കൂട്ടി കത്തിച്ചു വച്ച് പ്രാര്‍‌ത്ഥിച്ചു. പിന്നെ അവിടെ നിന്നും പിരിഞ്ഞു.

സ്കൂളിനു മുന്നില്‍‌ വച്ച് മറ്റു കൂട്ടുകാരെല്ലാം പിരിഞ്ഞ ശേഷം ഞാനും ബിനീഷും മാത്രം ബാക്കിയായ‌ നേരത്ത് അവനെന്നെ പതുക്കെ അടുത്തേയ്ക്ക് വിളിച്ചു, എന്നിട്ട് അവന്റെ ബാഗ് തുറന്ന് അതിലെ ഒരു പുസ്തകത്തിനകത്ത് ഭദ്രമായി സൂക്ഷിച്ചു വച്ചിരുന്ന, നല്ല ഭംഗിയുള്ള ഒരു ക്രിസ്തുമസ് കാര്‍‌ഡെടുത്ത് എനിക്കു നേരെ നീട്ടി. തീരെ പ്രതീക്ഷിയ്ക്കാത്ത ഒന്നായിരുന്നതിനാല്‍‌ ഞാനൊരു നിമിഷം ആശ്ചര്യത്തോടെ നിന്നു, പിന്നെ കൈ നീട്ടി അത് വാങ്ങി. വെറുമൊരു ക്രിസ്തുമസ് കാര്‍‌ഡ്, അതും അവന്റെ ബന്ധുക്കളിലാരോ അവനു സമ്മാനമായി അയച്ച ഒരു കാര്‍‌ഡ് ആയിരുന്നു അതെങ്കിലും എനിയ്ക്കത് വിലമതിയ്ക്കാനാകാത്ത ഒരു ക്രിസ്തുമസ് സമ്മാനമായിരുന്നു. അപ്പോഴത്തെ എന്റെ സന്തോഷം വര്‍‌ണ്ണനാതീതമായിരുന്നു. അങ്ങനെ എനിക്കും ഒരു ക്രിസ്തുമസ് സമ്മാനം കിട്ടിയിരിക്കുന്നു. എന്റെ മുഖത്തെ സന്തോഷം കണ്ട് അവന്റെ മുഖത്തും വിടര്‍‌ന്ന ആ പുഞ്ചിരി ഇന്നുമെന്റെ മനസ്സിലുണ്ട്.

ഞാന്‍‌ അഭിമാനത്തോടെയാണ് അന്ന് ആ ക്രിസ്തുമസ് വെക്കേഷന്‍‌ ആഘോഷിയ്ക്കാനായി വീട്ടിലേയ്ക്ക് മടങ്ങിയത്. ആ ഒരു കാര്‍‌ഡ് ഞാനന്ന് എന്റെ കൂട്ടുകാരെ മുഴുവന്‍‌ പലതവണ കൊണ്ടു നടന്ന് കാണിച്ചു. പിന്നീട് മാമന്‍‌മാരുടെ കാര്‍‌ഡ് കിട്ടിയെങ്കിലും എനിക്കു പ്രിയപ്പെട്ടത് ബിനീഷ് സമ്മാനിച്ച ആ കാര്‍‌ഡ് തന്നെയായിരുന്നു. ‘അത് വേറെ ആരോ നിന്റെ കൂട്ടുകാരന് അയച്ചതല്ലേടാ’ എന്നു പറഞ്ഞ് ചില കൂട്ടുകാര്‍‌ അന്നെന്നെ കളിയാക്കിയിരുന്നെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ അമൂല്യമായിരുന്നു.

അങ്ങനെ സന്തോഷവും ദു:ഖവുമെല്ലാം ഒരുപോലെ പങ്കിട്ട് ആ മൂന്നു വര്‍‌ഷങ്ങള്‍‌ കടന്നുപോയി. അവസാനം മൂന്നാം ക്ലാസ്സിലെ ക്രിസ്തുമസ് പരീക്ഷയ്ക്കും ഞങ്ങള്‍‌ ഒന്നാം റാങ്കു പങ്കിടുകയായിരുന്നു എന്നത് യാദൃശ്ചികമാകാം. വേര്‍‌പാടിന്റെ ദു:ഖങ്ങളെക്കുറിച്ചൊന്നും തീരെ അറിവില്ലാതിരുന്നതിനാല്‍‌ വേര്‍‌പാട് എന്ന ഒരു തോന്നലുണ്ടായിരുന്നില്ല. എങ്കിലും മൂന്നാം ക്ലാസ്സിനു ശേഷം ഞാനവിടെ നിന്നും യാത്രയാകും എന്നു ഞങ്ങള്‍‌ക്ക് രണ്ടു പേര്‍‌ക്കും ഉറപ്പുണ്ടായിരുന്നു. അതു കൊണ്ടാണോ എന്നോര്‍‌ക്കുന്നില്ല, ഏതോ മത്സരത്തിനു ഞങ്ങള്‍‌ക്കു സമ്മാനമായി കിട്ടിയ രണ്ടു പ്ലാസ്റ്റിക് ഗ്ലാസുകള്‍‌ ഞങ്ങള്‍‌ പരസ്പരം വച്ചു മാറി. എനിയ്ക്കു കിട്ടിയ പച്ച നിറമുള്ള ഗ്ലാസ്സ് ഞാനവനു കൊടുത്തു, പകരം അവനു കിട്ടിയ ഓറഞ്ച് നിറത്തിലുള്ള ഗ്ലാസ്സ് അവനെനിയ്ക്കു തന്നു. (ആ ഓറഞ്ച് ഗ്ലാസ്സ് ഇന്നും എന്റെ വീട്ടിലുണ്ട്)

പിന്നീട് മൂന്നാം ക്ലാസ്സ് പഠനം കഴിഞ്ഞ് ഞാന്‍‌ സ്കൂള്‍‌ മാറി. അതോടെ ആ സ്കൂളും അവിടുത്തെ സുഹൃത്തുക്കളുമായുള്ള ബന്ധവും മുറിഞ്ഞു. കൂട്ടത്തില്‍‌ ബിനീഷുമായുള്ള സൌഹൃദവും ഓര്‍‌മ്മയായി. വലുതായ ശേഷം അക്കൂട്ടത്തിലെ ചുരുക്കും ചിലരെ തിരിച്ചു കിട്ടിയെങ്കിലും ബിനീഷിനെ ഇന്നും കണ്ടെത്തിയിട്ടില്ല. അന്ന് അവനെനിയ്ക്കു സമ്മാനിച്ച ആ ക്രിസ്തുമസ് സമ്മാനം മാത്രം ഞാന്‍‌ കുറേ നാള്‍‌ സൂക്ഷിച്ചു വച്ചു, അവസാനം പഴക്കം വന്ന് അത് ദ്രവിച്ച് പോകുകയായിരുന്നു. എങ്കിലും അതിലെ ക്രിസ്തുമസ് ട്രീയുടെയും കത്തുന്ന മെഴുകു തിരിയുടെയും മങ്ങിയ ചിത്രം എന്റെ മനസ്സില്‍‌ മങ്ങാതെ ബാക്കി നില്‍‌ക്കുന്നു, ഇന്നും ഓര്‍‌ത്തു വയ്ക്കുന്ന ഒരു ക്രിസ്തുമസ്സ് സമ്മാനമായി.

Friday, December 14, 2007

ഒരു കല്യാണ വിശേഷം


ഗ്രാമപ്രദേശങ്ങളിലെല്ലാം വിവാഹം എന്ന ചടങ്ങ് വളരെ രസകരമായ ഒരു അനുഭവമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഓഡിറ്റോറിയങ്ങളില്‍‌ വച്ചു നടക്കുന്ന വിവാഹത്തിന്റെ കൃത്രിമത്വങ്ങളൊന്നുമില്ലാതെ തിരക്കും ബഹളവുമായി നടത്തപ്പെടുന്ന ഒരു ആഘോഷം. ഞങ്ങള്‍‌ പിറവം ബിപിസി കോളേജിലായിരിക്കുമ്പോഴും ഇത്തരത്തിലുള്ള രണ്ടു മൂന്നു വിവാഹങ്ങളില്‍‌ പങ്കെടുക്കാന്‍‌ പറ്റി. (സംശയിക്കണ്ട, വിളിക്കാതെ പോയി സദ്യയുണ്ടു എന്നല്ല പറഞ്ഞത്) അതിലൊന്നായിരുന്നു ഞങ്ങളുടെ കോളേജിലെ ലാബ് അസ്സിസ്റ്റന്റ് കൂടിയായിരുന്ന മനോജേട്ടന്റെ വിവാഹം.


ഞങ്ങള്‍‌ ആ കോളേജിലെ ഒരുമാതിരി എല്ലാ ടീച്ചിങ്ങ് & നോണ്‍‌ ടീച്ചിങ്ങ് സ്റ്റാഫുമായും പരിചയമായ ശേഷമാണ് മനോജേട്ടനുമായി അടുക്കുന്നത്. കാരണം മറ്റുള്ളവരെപ്പോലെ പെട്ടെന്ന്‍ അടുക്കുകയും ഒരുപാട് സംസാരിക്കുകയും ചെയ്യുന്ന ടൈപ്പായിരുന്നില്ല അദ്ദേഹം. (നന്നേ ചെറുപ്പത്തിലേ അദ്ദേഹത്തിന്റെ അച്ഛന്‍‌ മരിച്ചു പോയി എന്നും അമ്മ മാത്രമേ സ്വന്തമായുള്ളൂ എന്നുമെല്ലാം പിന്നീട് ഞങ്ങളറിഞ്ഞു. അതു കൊണ്ടു കൂടിയാകാം, മനോജേട്ടന്‍‌ ആരോടും അങ്ങനെ അടുക്കുന്ന തരക്കാരനല്ലായിരുന്നു) പക്ഷേ എന്തു കൊണ്ടോ, പരിചയപ്പെട്ട് അധികം വൈകാതെ ഞങ്ങള്‍‌ 7 പേര്‍‌ മനോജേട്ടനുമായി നല്ല കമ്പനിയായി. കോളേജില്‍‌ വച്ച് ടീച്ചേഴ്സിനോടു പോലും അധികം സംസാരിക്കാത്ത മനോജേട്ടന്‍‌ എവിടെ വച്ചു കണ്ടാലും ഞങ്ങളോട് ചിരിച്ചു സംസാരിക്കുകയും എന്തെങ്കിലും നേരം പോക്ക് പറയുകയും ചെയ്യുമായിരുന്നു. മനോജേട്ടന്റെ വീട് കോളേജിനു തൊട്ടടുത്തു തന്നെ ആയതും ഞങ്ങള്‍‌ കോളേജിനടുത്തു തന്നെ താമസിച്ചിരുന്നതും ഞങ്ങളുടെ സൌഹൃദം കുറെക്കൂടി ദൃഢമാകാന്‍‌ സഹായിച്ചു എന്നു പറയാം. കൂടാതെ, ഞങ്ങളുടെ ‘ഫ്രണ്ട്സ്’ എന്ന റൂമിനടുത്തായിരുന്നു അവിടുത്തെ വായനാശാല എന്നതിനാല്‍‌ മിക്കവാറും അവധി ദിവസങ്ങളില്‍‌ അങ്ങോട്ടു പോകും വഴി മനോജേട്ടന്‍‌ ഞങ്ങളുടെ റൂമില്‍‌ കയറി സംസാരിച്ചിരിക്കുമായിരുന്നു. ഇടയ്ക്ക് വായനാശാലയില്‍‌ നിന്നും നല്ല ചില പുസ്തകങ്ങള്‍‌ എനിക്ക് വായിക്കാനായി എടുത്തു തരികയും ചെയ്തിട്ടുണ്ട്.


ഞങ്ങള്‍‌ രണ്ടാം വര്‍‌ഷം പഠിയ്ക്കുമ്പോഴായിരുന്നു മനോജേട്ടന്റെ വിവാഹം. ഇക്കാര്യം അറിയിക്കാനും ഞങ്ങളെ ക്ഷണിയ്ക്കാനുമായി മനോജേട്ടന്‍‌ റൂമില്‍‌ വന്നു. ഞങ്ങളെ ഏഴു പേരേയും പ്രത്യേകം ക്ഷണിച്ചു. റൂമില്‍ ഞങ്ങള്‍‌ 3 പേരേ ഉള്ളൂവെങ്കിലും 7 പേരും മിക്കവാറും അവിടെ കാണാറുണ്ട് എന്നതു തന്നെ കാരണം. തലേ ദിവസം മുതല്‍‌ അവിടെ ഉണ്ടാകണം എന്ന് നിര്‍‌ബന്ധപൂര്‍‌വ്വം ആവശ്യപ്പെടുകയും ചെയ്തു. (ഞങ്ങള്‍‌ ആ ആവശ്യം സസന്തോഷം സ്വീകരിച്ചു എന്ന് പ്രത്യേകം പറയേണ്ടല്ലോ)


അങ്ങനെ വിവാഹത്തലേന്ന് തന്നെ ഞങ്ങള്‍‌ എല്ലാവരും കല്യാണവീട്ടില്‍‌ ഹാജരായി. പിന്നെ, വൈകാതെ അവിടുത്തെ പണികളുടെ എല്ലാം ഉത്തരവാദിത്വം ഏറ്റെടുത്തു. നാട്ടുകാര്‍‌ക്കിടയിലും ഞങ്ങളെപ്പറ്റി മോശമല്ലാത്ത അഭിപ്രായമുണ്ടായിരുന്നു, കേട്ടോ. അതു കൊണ്ടാകണം, അവര്‍‌ ഞങ്ങളെയും അവരുടെ കൂട്ടത്തില്‍‌ കൂട്ടി. അങ്ങനെ രാത്രിയായി. ഭക്ഷണത്തിനു ശേഷം പിറ്റേ ദിവസത്തേയ്ക്കുള്ള സദ്യയ്ക്കു വേണ്ട ഒരുക്കങ്ങള്‍ തുടങ്ങി. പച്ചക്കറി അരിയലും തേങ്ങ ചിരവലും പൊടിപൊടിച്ചു. ഒപ്പം കുല്ലുവിന്റെ നേതൃത്വത്തില്‍‌ പാട്ടും കലാപരിപാടികളും. നാട്ടുകാരും കൂട്ടുകാരും ഞങ്ങളോടൊപ്പം ചേര്‍‌ന്നപ്പോള്‍‌ ആകെ ഒരുത്സവ പ്രതീതി. അങ്ങനെ പച്ചക്കറി അരിയലെല്ലാം ഏതാണ്ട് കഴിഞ്ഞപ്പോഴാണ് ആ കുടുംബത്തിലെ ഒരു അമ്മാവന്‍‌ ഞങ്ങളെ വിളിയ്ക്കുന്നത്. ഞങ്ങളങ്ങോട്ട് ചെന്ന് കാര്യമന്വേഷിച്ചു. അപ്പോള്‍‌ അദ്ദേഹം പറഞ്ഞു.


“ പച്ചക്കറി അരിഞ്ഞതും തേങ്ങ ചിരവിയതും അല്ല മക്കളേ മിടുക്ക്. ഈ തേങ്ങ പിഴിഞ്ഞ് പാലെടുക്കുന്നതിലാണ്. എന്താ നിങ്ങള്‍‌ക്കു പറ്റുമോ?”


അതിനെന്താ ഇത്ര പാട്? ഞങ്ങളേറ്റു. ഞങ്ങളെല്ലാവരും ഒന്നു ചിന്തിയ്ക്കുക പോലും ചെയ്യാതെ സമ്മതിച്ചു.


“അങ്ങനെ വെറുതേ പിഴിയുകയല്ല, കല്യാണവീട്ടിലൊക്കെ തേങ്ങ പിഴിയുന്നതിനൊരു രീതിയുണ്ട്. ദാ, ഈ തോര്‍‌ത്തു മുണ്ടങ്ങു പിടിച്ചേ” ഒരു പുതിയ വലിയ തോര്‍‌ത്തു മുണ്ടെടുത്ത് ഞങ്ങള്‍‌ക്കു നേരെ നീട്ടിയിട്ട് അമ്മാവന്‍‌ തുടര്‍‌ന്നു. “ ഈ ഈരിഴത്തോര്‍‌ത്തില്‍‌ ചിരവിയ തേങ്ങ ഇട്ടു പിഴിഞ്ഞ് പാലെടുക്കണം. അങ്ങനെ ഒന്നാം പാലും രണ്ടാം പാലും മൂന്നാം പാലും എടുത്തു കഴിയുമ്പോഴേയ്ക്കും പിഴിഞ്ഞു പിഴിഞ്ഞ് ഈ തോര്‍‌ത്തുമുണ്ട് പിഞ്ഞിക്കീറണം. അതിലാണ് അതിന്റെ രസം. എന്താ നോക്കുന്നോ?”


“ഏറ്റു” അതും ഒരു വെല്ലു വിളി പോലെ ഞങ്ങള്‍‌ ഏറ്റെടുത്തു.


“അതത്ര എളുപ്പമല്ല മക്കളേ
നിങ്ങള്‍‌ക്ക് അതു ചെയ്യാന്‍‌ കഴിഞ്ഞാല്‍‌ ഒരു സമ്മാനവുമുണ്ട് കാണട്ടെ മിടുക്ക്!”

അമ്മാവന്‍‌ പ്രോത്സാഹിപ്പിച്ചു. ഒപ്പം നാട്ടുകാരും.


“ജോബീ, അളിയാ വാടാ
നമ്മുടെ അഭിമാനത്തിന്റെ പ്രശ്നമാ” ഞങ്ങള്‍‌ ജോബിയെ ഉറക്കെ വിളിച്ചു.


അതിനിടെ കല്യാണ രാമനിലെ ഇന്നസെന്റിന്റെ മിസ്റ്റര്‍‌ പോന്നിക്കര ചെയ്ത പോലെ ‘മ്യൂസിക് വിത് ബോഡി മസ്സില്‍‌സ്’ എന്ന സ്റ്റൈലില്‍‌ കൊച്ചു പിള്ളേരുടെ അടുത്ത് മസിലും പെരുപ്പിച്ചു കൊണ്ട് നില്‍ക്കുകയായിരുന്ന ജോബി ഓടിയെത്തി. കാര്യമറിഞ്ഞതും അവന്‍‌ ഷര്‍‌ട്ടൂരി. അതു കണ്ട് അമ്പരന്ന് “എടാ, ഗുസ്തി പിടിയ്ക്കാനല്ല, നിന്നോട് വരാന്‍‌ പറഞ്ഞത്” എന്നു പറഞ്ഞ എന്റെ ചെവിയില്‍‌ വന്ന് അവന്‍‌ പയ്യെ പറഞ്ഞു “അളിയാ, ഒരു ബോഡി ഷോയ്ക്കുള്ള അവസരം തരപ്പെട്ടത് ഇപ്പോഴാ
നീ ഇടങ്കോലിടരുത്” പിന്നെ ഞാ‍നും ഒന്നും പറഞ്ഞില്ല. മാത്രമല്ല, ആ തോര്‍‌ത്ത് കീറേണ്ടത് ഞങ്ങളുടെ അഭിമാന പ്രശ്നമാണല്ലോ. അതിന് ജോബിയുടെ സഹായമില്ലാതെ പറ്റത്തുമില്ല.


അങ്ങനെ അവിടെ കൂടിയിരുന്ന നാട്ടുകാരുടെ പ്രോത്സാഹനത്തിനും ആര്‍‌പ്പുവിളികള്‍‌ക്കുമിടയില്‍‌ ഞങ്ങള്‍‌ ആ തോര്‍‌ത്തുമുണ്ടുമായി ഒന്നാം പാലിനു വേണ്ടിയുള്ള യുദ്ധമാരംഭിച്ചു. ഒരു കുട്ട നിറയെ ചിരവിയ തേങ്ങ തന്നിട്ട് ഒരു ബക്കറ്റോളം ഒന്നാം പാലു പിഴിയണമെന്നാണ് കണക്കു പറഞ്ഞത്. ഞങ്ങള്‍‌ അഞ്ചു മിനിട്ടു കൊണ്ട് ആ ഒരു ബക്കറ്റ് ഒന്നാം പാല്‍‌ പിഴിഞ്ഞെടുത്തു. ഏതാണ്ട് ആ ബക്കറ്റ് നിറയാറായപ്പോഴേയ്ക്ക് “ക്‌റ്‌റ്‌
.റ്” എന്ന ചെറിയ ശബ്ദം കേട്ടു. ഞങ്ങള്‍‌ ഉത്സാഹത്തോടെ തേങ്ങാപ്പീര മാറ്റി തോര്‍‌ത്ത് പരിശോധിച്ചു.


“ഹായ്
. തോര്‍‌ത്ത് കീറിയേ” മത്തന്‍‌ ആര്‍‌ത്തു വിളിച്ചു “ജോബിയളിയാ ഉമ്മ” സന്തോഷം കൊണ്ട് ജോബിയുടെ കവിളത്ത് മത്തന്റെ വക ഒരു സമ്മാനവും.


മത്തന്റെ ഉമ്മ കിട്ടിയ കവിളും തുടച്ചു കൊണ്ട് ജോബി പല്ലിറുമ്മി നില്‍‌ക്കുമ്പോള്‍‌ ആദ്യ റൌണ്ടില്‍‌ തന്നെ തോര്‍‌ത്ത് കീറിയതും കണ്ട് കണ്ണു മിഴിച്ച് നില്‍‌ക്കുകയായിരുന്നു ആ അമ്മാവനും നാട്ടുകാരും. എന്തായാലും അതേ പോലത്തെ രണ്ടാമത്തെ തോര്‍‌ത്തു കൂടി എടുത്തു തന്നിട്ട് ആ അമ്മാവന്‍‌ പറഞ്ഞു “മക്കളേ
സമ്മതിച്ചു. നിങ്ങള്‍‌ക്ക് സമ്മാനം തരുന്ന കാര്യം ഞാനേറ്റു. പക്ഷേ, മൂന്നാം പാലു വരെ ഈ തോര്‍‌ത്തു കൊണ്ട് അഡ്‌ജസ്റ്റു ചെയ്യണം. ഇനി വേറെ നല്ല തോര്‍‌ത്തില്ല. ഇതും കീറരുത്”


ഞങ്ങള്‍‌ വിജയീഭാവത്തില്‍‌ സമ്മതിച്ചു. എല്ലാവരും കൂടി ഒത്തു പിടിച്ച് രണ്ടാം പാലും മൂന്നാം പാലും ആവശ്യത്തിലേറേ പിഴിഞ്ഞെടുത്തു. എല്ലാം കഴിഞ്ഞപ്പോള്‍‌ അവിടെ കൂടിയ നാട്ടുകാരുടെ മുന്നില്‍‌ വച്ച് ആ അമ്മാവന്‍‌ ഞങ്ങള്‍‌ക്കുള്ള സമ്മാനം എടുത്തു തന്നു. ഒരു കുപ്പി മദ്യം!


അത്രയും പേരുടെ മുന്നില്‍‌ വച്ച് ഞങ്ങള്‍‌ ചമ്മി. ഒരു തുള്ളി മദ്യം പോലും കഴിയ്ക്കാത്ത ഞങ്ങള്‍‌ക്കെന്തിന് മദ്യക്കുപ്പി? “അമ്മാവാ
ഇതു ചതിയായിപ്പോയി. ഇതു ഞങ്ങള്‍‌ക്കെന്തിനാ?” നല്ല ഫുഡു വല്ലതും പ്രതീക്ഷിച്ച സുധിയപ്പന്‍‌ അറിയാതെ ചോദിച്ചുപോയി.


അപ്പോഴാണ് ഞങ്ങള്‍‌ അതു കഴിയ്ക്കില്ലെന്ന് അവരും മനസ്സിലാക്കിയത്. ഷര്‍‌ട്ടിടാതെ മസിലും കാണിച്ച് വെള്ളിത്തരങ്ങളും (മണ്ടത്തരങ്ങളും) പറഞ്ഞു നടക്കുന്ന ജോബിയൊക്കെ നല്ല പോലെ വെള്ളമടിച്ചിട്ടാണ് ഇതെല്ലാം കാണിയ്ക്കുന്നത് എന്നായിരുന്നു അവരുടെ വിചാരം. പരിഹാരമായി തിളച്ചു കൊണ്ടിരിക്കുന്ന പാലട പ്രഥമനെ ആദ്യമായി കൈ വയ്ക്കാനുള്ള അനുവാദം ഞങ്ങള്‍‌ക്കു കിട്ടി. ഞങ്ങള്‍‌ ഹാപ്പിയായി. എന്തായാലും ആ കുപ്പി ഞങ്ങള്‍‌ ഞങ്ങളുടെ സീനിയേഴ്സിനു സമ്മാനിച്ചു. അവരും ഹാപ്പി.


അന്നത്തെ കോപ്രായങ്ങളെല്ലാം കഴിഞ്ഞ് രാത്രി മൂന്നു മണിയ്ക്ക് അവിടെ നിന്നും പായസ്സവും കൂട്ടി ചോറും ഉണ്ട ശേഷമാണ് ഞങ്ങള്‍‌ പിരിഞ്ഞത്. (ഒന്നും തോന്നരുത്. സത്യമായും നല്ല വിശപ്പായിരുന്നു). പിറ്റേന്ന് കല്യാണം ആഘോഷമായി നടന്നു. അവിടെയും വിളമ്പാനും ഒരുക്കങ്ങള്‍‌ക്കും ഞങ്ങള്‍‌ മുന്നിലുണ്ടായിരുന്നു. നാട്ടുകാരെല്ലാം വളരെ സംതൃപ്തിയോടെ പങ്കെടുത്ത ഒരു വിവാഹമായിരുന്നു അത്. ഒപ്പം നാട്ടുകാര്‍‌ക്ക് ഞങ്ങളോടുണ്ടായിരുന്ന മതിപ്പും ഇരട്ടിയായി.


വിവാഹ ശേഷം മനോജേട്ടന്‍‌ ഭാര്യയേയും കൂട്ടി ഞങ്ങളുടെ റൂമിലെത്തിയിരുന്നു. പിന്നെയും കാലം കടന്നു പോയി. ഞങ്ങള്‍‌ മൂന്നാം വര്‍‌ഷം കോഴ്സ് മുഴുമിപ്പിച്ച് പോരും വരെ മനോജേട്ടനുമായുള്ള അടുപ്പം നില നിന്നിരുന്നു. അവസാ‍നം മൂന്നു വര്‍‌ഷം മുന്‍പ് പിറവത്ത് ഞങ്ങളെല്ലാവരും ഒത്തു കൂടിയപ്പോഴാണ് മനോജേട്ടനെ അവസാനമായി കണ്ടത്. അന്ന് തനിക്കൊരു കുട്ടി ജനിച്ച കാര്യവും മനോജ് ചേട്ടന്‍‌ പറഞ്ഞു. വീട്ടിലേയ്ക്ക് ക്ഷണിച്ചെങ്കിലും സമയക്കുറവു മൂലം ഞങ്ങള്‍‌ പോയില്ല. അടുത്ത തവണ വരുമ്പോള്‍‌ കാണാമെന്ന ഉറപ്പും കൊടുത്ത് ഞങ്ങളന്ന് പിരിഞ്ഞു.


എന്നാല്‍‌ കുറേ നാള്‍‌ മുന്‍‌പ് പെട്ടെന്ന് ഒരു ദിവസം സഞ്ജു എന്നെ വിളിച്ച് ഞെട്ടിപ്പിയ്ക്കുന്ന ഒരു വാര്‍‌ത്ത പറഞ്ഞു. മനോജേട്ടന്‍‌ ഹൃദയാഘാതം മൂലം രണ്ടു മൂന്നു ദിവസമായി ആശുപത്രിയിലായിരുന്നു എന്നും അന്ന് രാവിലെ ഈ ലോകത്തെ വിട്ടു പോയി എന്നും. ഇടയ്ക്ക് പുക വലിയ്ക്കുമായിരുന്നു എന്ന ഒരേയൊരു ദുശ്ശീലം മാത്രമുണ്ടായിരുന്ന മനോജേട്ടന് അന്ന് 35 വയസ്സു പോലും പ്രായമുണ്ടായിരുന്നില്ല. ഇന്നും പിറവം ബിപിസി കോളേജിലെ നല്ല നാളുകളേക്കുറിച്ച് ഓര്‍‌ക്കുമ്പോള്‍‌ മനോജേട്ടന്റെ മുഖം ഒരു വേദനയോടെ ഓര്‍‌മ്മ വരും.

Tuesday, December 4, 2007

ഒരു കലാലയ ഓര്‍‌മ്മക്കുറിപ്പ്

എന്റെ സ്കൂള്‍‌ ജീവിതം രണ്ട് സ്കൂളുകളിലായിട്ടായിരുന്നു. നഴ്സറി മുതല്‍‌ മൂന്നാം ക്ലാസ്സു വരെ കൊരട്ടി ലിറ്റില്‍‌ ഫ്ലവര്‍‌ സ്കൂളില്‍‌ (കൊരട്ടി മഠം സ്കൂള്‍‌) ആയിരുന്നെങ്കില്‍‌ നാലു മുതല്‍‌ പത്തു വരെ ഞങ്ങളുടെ നാട്ടിലെ തന്നെ നായര്‍‌ സമാജം സ്കൂളിലായിരുന്നു (വാളൂര്‍‌ NSHS). കുട്ടിക്കാലത്തെ പഠനത്തോടുള്ള മടിയും വെറുപ്പുമെല്ലാം വളര്‍‌ന്നു വരുന്തോറും കുറഞ്ഞു വരുന്നതിനും, പഠിയ്ക്കുന്നതെല്ലാം ആസ്വദിച്ചു മനസ്സിലാക്കി പഠിയ്ക്കാന്‍‌ ആരംഭിച്ചതുമെല്ലാം ഞങ്ങളുടെ വാളൂര്‍‌ സ്കൂളിലെ അദ്ധ്യാപകരുടെ സഹായം മൂലമായിരുന്നു. (മാത്രമല്ല, ആ വാളൂര്‍‌ സ്കൂളില്‍‌ ഞാനാദ്യമായി നാലാം ക്ലാസ്സില്‍‌ വന്ന് ചേര്‍‌ന്നപ്പോള്‍‌ എനിക്കൊരു സുഹൃത്തിനെ കൂടി ലഭിച്ചു. അന്നും ഇന്നും എന്റെ ഒരു നല്ല സുഹൃത്തായ, നിങ്ങള്‍‌‌ ബൂലോകര്‍‌ക്കും പരിചിതനായ സുനില്‍‌[ഉപാസന])


സാമാന്യം ചെറിയ സ്കൂളായിരുന്നതിനാല്‍‌ അവിടുത്തെ എല്ലാ അദ്ധ്യാപകര്‍‌ക്കും തന്നെ ആ സ്കൂളിലെ എല്ലാ കുട്ടികളേയും നന്നായി അറിയാമായിരുന്നു. ഞങ്ങളെല്ലാം പത്താം ക്ലാസ്സിലേയ്ക്കെത്തിയപ്പോഴേയ്ക്കും അവിടുത്തെ എല്ലാ അദ്ധ്യാപകരുമായും ഞങ്ങള്‍‌ക്കെല്ലാം നല്ല അടുപ്പമായി. ഞങ്ങളുടെ ബാച്ച് പത്തിലെത്തിയപ്പോള്‍‌ സ്കൂളില്‍‌ ഇലക്ഷന്‍‌ പോലും നടത്തേണ്ടി വന്നില്ല എന്നതും കൌതുകകരമായിരുന്നു. സ്കൂള്‍‌ ലീഡറാകാന്‍‌ പോലും തര്‍‌ക്കമുണ്ടായില്ല എന്നതു തന്നെ പ്രധാന കാരണം. സ്കൂള്‍‌ ലീഡറായി എന്റെ സുഹൃത്തായ അജീഷ് ഏകകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. പത്താം ക്ലാസ്സുകാര്‍‌ക്കു വേണ്ടാത്ത ഇലക്ഷനെന്തിന് മറ്റു ക്ലാസ്സുകാര്‍‌ക്ക് എന്ന ചിന്ത കൊണ്ട് ആ വര്‍‌ഷം ഇലക്ഷനും നടത്തേണ്ടി വന്നില്ല. മറ്റൊരു എടുത്തു പറയേണ്ട സംഗതി എന്തെന്നാല്‍‌ ആ വര്‍‌ഷം ഞങ്ങളുടെ സ്കൂള്‍‌ ഒറ്റ സമരം പോലും ഇല്ലാതെ വളരെ ശാന്തമായിരുന്നു എന്നതാണ്. (അതല്ലെങ്കില്‍‌ ഒരു വര്‍‌ഷം മിനിമം 2 സമരം ഉറപ്പായിരുന്നു) അതു കൊണ്ടെല്ലാം തന്നെ അദ്ധ്യാപകര്‍‌ക്കും ഞങ്ങളുടെ ബാച്ചിനെ ഇഷ്ടമായിരുന്നു.


പത്താം ക്ലാസ്സില്‍‌ പഠിയ്ക്കുമ്പോള്‍‌ പാര്‍‌വ്വതി ടീച്ചറായിരുന്നു, ഞങ്ങളുടെ ഹെഡ് മിസ്ട്രസ്. ക്ലാസ്സ് ടീച്ചര്‍‌ ഇന്ദിരാ ടീച്ചറും. മറ്റ് അദ്ധ്യാപകരില്‍‌ നിന്നും കുറച്ചു വ്യത്യസ്തയായിരുന്നു, ഇന്ദിര ടീച്ചര്‍‌. ഞങ്ങളുടെ കണക്ക് ടീച്ചര്‍‌ കൂടിയായിരുന്ന ടീച്ചര്‍‌ മിക്കവാറും നല്ല നര്‍‌മ്മത്തോടെയായിരിക്കും ക്ലാസ്സിലെ ഓരോ സംഭവങ്ങളോടും പ്രതികരിക്കുന്നത്. എങ്കിലും ടീച്ചറുടെ ചില തീരുമാനങ്ങളെ ക്ലാസ്സിലെ ഒരു വിഭാഗം തമാശയായിട്ടേ കണക്കാക്കിയിരുന്നുള്ളൂ എന്നതും സത്യമായിരുന്നു. ക്ലാസ്സില്‍ ആരെങ്കിലുമൊക്കെ ശബ്ദം കുറച്ച് സംസാരിച്ചാലും അത് തന്റെ ക്ലാസ്സിനെ അലോസരപ്പെടുത്തുന്നില്ലെങ്കില്‍‌ ടീച്ചര്‍‌ അതൊന്നും അത്ര കാര്യമാക്കിയിരുന്നില്ല. അനാവശ്യമായ അഥവാ അനവസരത്തിലുള്ള ചിലരുടെ പരിഹാസരൂപേണയുള്ള കമന്റുകളും ടീച്ചര്‍‌ കേട്ടില്ല എന്നേ ഭാവിക്കാറുള്ളൂ
അതു കൊണ്ട് പലരുടേയും ധാരണ ടീച്ചര്‍‌ അതൊന്നും കേള്‍‌ക്കുന്നില്ല എന്നായിരുന്നു. ടീച്ചര്‍‌ക്ക് ചെവിയ്ക്കെന്തോ കുഴപ്പമുണ്ട് എന്ന് പലപ്പോഴും പലരും കളിയായി പറയുന്നതു കേട്ടിട്ടുണ്ട്. [ഒരു സ്പെഷല്‍‌ ക്ലാസ്സ് ദിവസം മറ്റെന്തോ സംസാരിക്കുന്നതിനിടെ യാദൃശ്ചികമായി, ഇതെല്ലാം താന്‍‌ കേള്‍‌ക്കുന്നുണ്ടെന്നും ഇവരോടൊന്നും അത് ഇപ്പോള്‍‌ പറഞ്ഞിട്ടു കാര്യമില്ല, വലുതാകുമ്പോള്‍‌ തിരിച്ചറിവായിക്കോളും എന്ന് ഒരിക്കല്‍‌ ടീച്ചര്‍‌ ഞങ്ങളോട് പറഞ്ഞപ്പോളാണ് ടീച്ചര്‍‌ മന:പൂര്‍‌വ്വം മിണ്ടാതിരിക്കുന്നതാണ് എന്ന് ഞങ്ങളും തിരിച്ചറിയുന്നത്]


അന്ന് യൂണിഫോം ധരിക്കുന്നത് നിര്‍‌ബന്ധമാണ്. എങ്കിലും പത്താം ക്ലാസ്സുകാരല്ലേ, കുറച്ചൊക്കെ നിയമ ലംഘനം ആകാം എന്ന് കരുതിയിട്ടോ എന്തോ, ചിലരൊക്കെ ഇടയ്ക്ക് യൂണിഫോം ഇല്ലാതെ വരുന്നത് പതിവാക്കി. ഇതു ശ്രദ്ധയില്‍‌ പെട്ടപ്പോള്‍‌ ടീച്ചര്‍‌ ഒരു വഴി കണ്ടെത്തി. യൂണിഫോം ഇല്ലാതെ വന്നാല്‍‌ അവര്‍‌ക്ക് 50 പൈസ ഫൈന്‍‌. [പത്താം ക്ലാസ്സുകാരല്ലേ? അതു കൊണ്ട് തല്ലുന്നതിലും നല്ലത് ഫൈനാണെന്നായിരുന്നു ടീച്ചറുടെ പക്ഷം]. അതു കേട്ട് എല്ലാവരും ഹാപ്പി. ഇനി ഒരു ദിവസം പുതിയ ഡ്രെസ്സ് ഇടണമെന്ന് തോന്നിയാല്‍‌ ഫൈനടച്ചാല്‍‌ മതിയല്ലൊ.


ഏറ്റവും അധികം തവണ യൂണിഫോം ഇല്ലാതെ വരാറുള്ള കണ്ണനായിരുന്നു
ഞങ്ങളുടെ കൂട്ടത്തില്‍‌ പ്രധാനി. ടീച്ചറുടെ ഈ തീരുമാനത്തേയും പുച്ഛത്തോടെ ആണ് അവന്‍ സ്വീകരിച്ചത്. മാത്രമല്ല, ഒരിക്കല്‍‌ യൂണിഫോമില്ലാതെ വന്നിട്ടും “50 പൈസ തികച്ചില്ല ടീച്ചറേ 10 പൈസയേ ഉള്ളൂ മതിയോ?” എന്ന് ക്ലാസ്സില്‍‌ എഴുന്നേറ്റു നിന്ന് ധൈര്യമായി ചോദിച്ച് ഒന്നു ഷൈന്‍‌ ചെയ്യാനും അവനായി. എല്ലാവരുടേയും ശ്രദ്ധ തന്നിലേയ്ക്കു ക്ഷണിക്കാനും ഒപ്പം ടീച്ചറെ ഒന്നു പ്രകോപിപ്പിക്കാനുമായിരുന്നു കണ്ണന്റെ ലക്ഷ്യം. എന്നാല്‍‌ എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് കോപിക്കുന്നതിനു പകരം “പത്തെങ്കില്‍‌ പത്ത്. ആ 10 പൈസ ഇങ്ങു തന്നേക്കൂ” എന്നും പറഞ്ഞ് ടീച്ചര്‍‌ പൈസയും വാങ്ങി പോയി. മറ്റൊരിക്കല്‍‌ യൂണിഫോമില്ലാതെ വന്ന കണ്ണന്‍‌ നേരെ ടീച്ചറുടെ റ്റേബിളിനരികില്‍‌ പോയി 2 രൂപ ടീച്ചര്‍‌ക്കു കൊടുത്തു. ടീച്ചര്‍‌ ബാക്കി 1 രൂപ 50 പൈസ കൊടുക്കാന് തുടങ്ങിയപ്പോഴും അവനല്‍പ്പം പരിഹാസത്തോടെ പറഞ്ഞു “ബാക്കി വച്ചോ ടീച്ചറേ ഇനി ഒരു മൂന്നു ദിവസം കൂടി യൂണിഫോം ഇല്ലാതെ വരാമല്ലോ”

എല്ലാവരുടേയും കൂട്ടച്ചിരിക്കിടയില്‍‌ ടീച്ചര്‍‌ നിര്‍‌വ്വികാരയായി അതും സമ്മതിച്ചു. ഇങ്ങനെ കിട്ടുന്ന ചില്ലറ വാങ്ങിയിട്ട് ടീച്ചര്‍‌ക്കെന്തിന് എന്ന് ഞാനുള്‍‌പ്പെടെ പലരും ചിന്തിക്കാതിരുന്നില്ല.


പിന്നെയും നാളുകള്‍‌ കടന്നു പോയി. ഫെബ്രുവരി മാസം തുടങ്ങി. പത്താം ക്ലാസ്സിലെ അഥവാ ആ സ്കൂളിലെ ഞങ്ങളുടെ അവസാന നാളുകള്‍‌
പൊട്ടിച്ചിരികള്‍‌ക്കും തമാശകള്‍‌ക്കും കളിവാക്കുകള്‍‌ക്കും കൊച്ചു തല്ലുപിടുത്തങ്ങള്‍‌ക്കും പകരം ഒരു മ്ലാനത മാത്രം ബാക്കിയായ നാളുകള്‍‌ എവിടെ നോക്കിയാലും പരീക്ഷയെക്കുറിച്ച് മാത്രം സംസാരിക്കുന്ന സഹപാഠികള്‍‌ വാത്സല്യത്തോടെ ഉപദേശങ്ങള്‍‌ കൊണ്ട് പൊതിയുന്ന അദ്ധ്യാപകര്‍‌


അങ്ങനെ അവസാ‍ന ആഴ്ചയിലെ ഒരു ദിവസം. രാവിലെ ഞങ്ങളുടെ ക്ലാസ്സിലേയ്ക്ക് ഇന്ദിരാ ടീച്ചര്‍‌ കടന്നു വന്നത് ചെറിയ ഒരു പൊതിയുമായിട്ടായിരുന്നു. പതിവില്ലാത്ത ഒരു ചിരിയോടെ എല്ലാവരേയും അഭിസംബോധന ചെയ്ത ശേഷം പതിവ് ഉപദേശങ്ങള്‍ക്കൊപ്പം ടീച്ചര്‍‌ ഇതു കൂടി പറഞ്ഞു.


“ നിങ്ങളുടെ ഈ സ്കൂളിലെ, ഈ ക്ലാസ്സിലെ അവസാന ദിവസങ്ങളാണ് കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. നിങ്ങളുടെ ക്ലാസ് ടീച്ചറായി എന്റെയും അവസാന നാളുകളാണ് ഇത്. നിങ്ങളോട് ഒരു കാര്യം കൂടി പറയാനുണ്ട്. മറ്റൊന്നുമല്ല. നിങ്ങളാരും മറന്നു കാണില്ല, ഈ കഴിഞ്ഞ ഒരു വര്‍‌ഷം നിങ്ങള്‍‌ യൂണിഫോം ധരിക്കാതെ വരുമ്പോള്‍‌ ഞാന്‍‌ ഫൈനായി 50 പൈസ വീതം വാങ്ങാറുള്ളത്. നിങ്ങളില്‍‌ പലരും തമാശയ്ക്കെങ്കിലും പറയുന്നതു പോലെ അതെനിക്കു വേണ്ടി വാങ്ങിയതൊന്നുമല്ല. ”


ഇത്രയും പറഞ്ഞ ശേഷം ടീച്ചര്‍‌ ഒന്നു നിര്‍‌ത്തി, തിരിഞ്ഞ് മേശയ്ക്കു മുകളില്‍‌ വച്ചിരുന്ന ആ പൊതി കയ്യിലെടുത്തു. അത് തുറന്ന് അതിനുള്ളിലെ മറ്റൊരു ചെറിയ പൊതി അഴിച്ച് അതില്‍‌ നിന്ന് “luxor” ന്റെ 3 പേന പുറത്തെടുത്തു. എന്നിട്ട് തുടര്‍‌ന്നു.


“നിങ്ങളുടെ കയ്യില്‍‌ നിന്നും പിരിച്ചെടുത്ത ആ പൈസ കൊണ്ട് വാങ്ങിയതാണ് ഈ 3 പേനയും. ഇത് ഈ ക്ലാസ്സിലെ ആദ്യത്തെ 3 റാങ്കുകാര്‍‌ക്ക് സമ്മാനമായി കൊടുക്കുകയാണ്. അതായത് അവര്‍‌ക്ക് നിങ്ങളുടെ തന്നെ സമ്മാനം പോലെ


തുടര്‍‌ന്ന് ക്ലാസ്സിലെ നീണ്ടു നിന്ന കരഘോഷങ്ങള്‍‌ക്കിടയില്‍ അതു വരെയുള്ള റാങ്ക് ക്രമത്തില്‍‌ ടീച്ചര്‍‌ ആ 3 പേനയും വിതരണം ചെയ്തു.


“പിന്നെയും ബാക്കിയായ കുറച്ചു പൈസയുടെ കൂടെ കുറച്ചു കൂടി ഇട്ടിട്ട് നിങ്ങള്‍‌ക്കെല്ലാവര്‍‌ക്കും വേണ്ടി വാങ്ങിയതാണ് ഇത്” ആ കവറിലെ മിഠായിപ്പൊതി പുറത്തെടുത്തു കൊണ്ട് ടീച്ചര്‍‌ പറഞ്ഞു.


എല്ലാവരും ഒരു നിമിഷം സന്തോഷവും സങ്കടവും കാരണം ഒന്നും മിണ്ടാനാകാതെ ഇരുന്നു പോയി. ആ മിഠായി ഓരോരുത്തര്ക്കായി സമ്മാനിക്കുമ്പോള്‍‌ ടീച്ചര്‍‌ കൂട്ടിച്ചേര്‍‌ത്തു. “ഇതിലേയ്ക്കായി ഏറ്റവും കൂടുതല്‍‌ ‘സംഭാവന’ ചെയ്തത് നമ്മുടെ കണ്ണനാണ് കേട്ടോ.”

[ എത്രയായാലും ഞങ്ങളില്‍‌ നിന്ന് ഒരു ആ ചുരുങ്ങിയ കാലം കൊണ്ട് പിരിച്ചെടുത്ത തുക അത്തരം ഒരു പേന വാങ്ങാന്‍‌ പോലും തികയില്ല എന്ന് ഞങ്ങള്‍‌ക്കെല്ലാവര്‍‌ക്കും അറിയാമായിരുന്നു. ബാക്കി പണം മുഴുവനും ടീച്ചറുടേതാണെന്നും. എങ്കിലും ആരും ഒന്നും പറഞ്ഞില്ല. ടീച്ചറെ എല്ലാവരും മനസ്സിലാക്കിയ ഒരു സന്ദര്‍‌ഭമായിരുന്നു അത്]


ഈ സംഭവം മുഴുവന്‍‌ നടക്കുമ്പോള്‍‌ തല കുമ്പിട്ട് കുറ്റബോധം കൊണ്ടെന്ന പോലെ ഇരിക്കുകയായിരുന്ന കണ്ണന്‍‌ തന്റെ പങ്ക് മിഠായി വാങ്ങുമ്പോഴും ടീച്ചറുടെ മുഖത്തേയ്ക്ക് നോക്കിയില്ല. മിഠായിയും വാങ്ങി സീറ്റിലിരിക്കുമ്പോള്‍‌ അവന്റെ കണ്ണിലും ചെറിയ നനവു പടര്‍‌ന്നിരുന്നു എന്നു തോന്നി.


പിന്നീട് രണ്ടു മൂന്നു ദിവസത്തിനുള്ളില്‍‌ ക്ലാസ്സുകള്‍‌ അവസാനിച്ചു. എല്ലാവരും പരീക്ഷാച്ചൂടിലായി. ഒരു സാധാരണ ഗ്രാമത്തിലെ ഞങ്ങളുടെ ആ ഇടത്തരം സ്കൂളില്‍‌ നിന്നും ആ സ്കൂളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാര്‍‌ജ്ജിനിലുള്ള വിജയവുമായി ഞങ്ങളുടെ ബാച്ച് പടിയിറങ്ങി.


ഇന്നും എന്റെ പ്രിയപ്പെട്ട, വിലയേറിയ സമ്പാദ്യങ്ങളുടെ കൂട്ടത്തില്‍‌ ഒരു സമ്മാനം വേറിട്ടു നില്‍ക്കുന്നു. ഒരു നിധി പോലെ ഞാനിന്നും കാത്തു സൂക്ഷിക്കുന്ന, അന്ന് ഇന്ദിരാ ടീച്ചറുടെ കയ്യില്‍‌ നിന്നും എനിക്കു സമ്മാനമായി കിട്ടിയ ഒരു നീല മഷിയുള്ള luxor പേന. അത് കാണുമ്പോഴൊക്കെ ഞാനോര്‍‌മ്മിയ്ക്കും
എനിക്കു കൈമോശം വന്ന ആ പഴയ ബാല്യത്തെക്കുറിച്ച് എന്റെ വിദ്യാലയത്തെക്കുറിച്ച് എന്റെ പഴയ സുഹൃത്തുക്കളെക്കുറിച്ച് എന്റെ പ്രിയപ്പെട്ട അദ്ധ്യാപകരെക്കുറിച്ച്


ഈ പോസ്റ്റ് ഞാന്‍‌ എന്റെ പ്രിയപ്പെട്ട വാളൂര്‍‌ സ്കൂളിനും അവിടെ എന്റെ കൂടെപ്പഠിച്ച സഹപാഠികള്‍‌ക്കും ഞങ്ങളുടെ അദ്ധ്യാപകര്‍‌ക്കുമായി സമര്‍‌പ്പിയ്ക്കുന്നു.

Wednesday, November 28, 2007

♫ ശരണമയ്യപ്പാ ♫

മണ്ഡല മാസമല്ലേ? വെറുതേയെങ്കിലും കുറച്ചു നാള്‍‌ മുന്‍‌പ് ഭക്തിപൂര്‍‌വ്വം കുറിച്ചിട്ട ചില വരികള്‍‌ ഇവിടെ പോസ്റ്റാക്കുന്നു. കവിത പോലെയല്ല, ഒരു പ്രാര്‍‌ത്ഥനാ ഗാനം പോലെ... അയ്യപ്പ സ്വാമിയ്ക്ക് മനസ്സു കൊണ്ട് ഒരു സാഷ്ടാംഗ പ്രണാമം അര്‍‌പ്പിച്ചു കൊണ്ട് ...

സ്വാമിയേ... ശരണമയ്യപ്പാ...


ശബരിപീഠം ലക്ഷ്യമാക്കി ശരണം വിളികള്‍‌ നാവിലേറ്റി

പതിനെട്ടാം പടിചവിട്ടാന്‍‌ വരുന്നൂ ഞങ്ങള്‍‌

മണ്ഡലം നോമ്പ് നോറ്റ് മാലയിട്ട്, കെട്ടുമേന്തി

മലമുകളില്‍‌ ദര്‍‌ശനത്തിനു വരുന്നയ്യപ്പാ

സ്വാമി ശരണം അയ്യപ്പാ ശരണം സ്വാമിയേ ശരണം


എരുമേലി പേട്ട തുള്ളി പമ്പയാറില്‍‌ കുളി കഴിഞ്ഞ്

നിന്‍‌ ദിവ്യ ദര്‍‌ശനത്തിനു വരുന്നയ്യപ്പാ

നിന്‍‌ ശരണം മന്ത്രമാക്കി, നിന്റെ രൂപം മനസ്സിലേറ്റി

പുണ്യമലയേറി ഞങ്ങള്‍‌ വരുന്നയ്യപ്പാ

സ്വാമി ശരണം അയ്യപ്പാ ശരണം സ്വാമിയേ ശരണം


മകരമഞ്ഞില്‍‌ മൂടി നില്‍‌ക്കും കാനനത്തിനുള്ളിലൂടെ

ശബരീശാ മല കയറി വരുന്നൂ ഞങ്ങള്‍‌

ദര്‍‌ശനത്തിന്‍‌ പുണ്യമേകി, പാപമെല്ലാം തൂത്തെറിഞ്ഞ്

മോക്ഷമാര്‍‌ഗ്ഗം നല്‍‌കിടേണേ സ്വാമി അയ്യപ്പാ

സ്വാമി ശരണം അയ്യപ്പാ ശരണം സ്വാമിയേ ശരണം

സ്വാമി ശരണം അയ്യപ്പാ ശരണം സ്വാമിയേ ശരണം

പണിക്കര്‍ സാര്‍ ഈ ഗാനം ഈണം നല്‍കി ഇവിടെ പാടിയിരിയ്ക്കുന്നു. യു ട്യൂബ് വീഡിയോ ഇവിടെ.

Thursday, November 22, 2007

ഒരു നവംബര് ദിനത്തിന്റെ ഓര്‍‌മ്മയ്ക്ക്...

കഴിഞ്ഞ ദിവസം ഞാന്‍‌ ഓഫീസില്‍‌ നിന്നും വീട്ടിലേയ്ക്ക് വരുകയായിരുന്നു. ബസ്സിറങ്ങി ഒരു 10 മിനുട്ട് കൂടി നടക്കണം, താമസിക്കുന്ന റൂമിലെത്തണമെങ്കില്‍‌. അടുത്ത കാലത്ത് പരിചയപ്പെട്ട ഒരു തമിഴ് സുഹൃത്തിനെയും വഴിയില്‍‌ വച്ചു കണ്ടു. അന്ന് പതിവിലേറെ വര്‍‌ക്കുണ്ടായിരുന്നതിനാല്‍‌ നല്ല ക്ഷീണം തോന്നിയതു കൊണ്ട് (ഒപ്പം വിശപ്പും)എങ്ങും തങ്ങാതെ അവനോട് സംസാരിച്ചു കൊണ്ട് നേരെ റൂമിലേയ്ക്ക് നടന്നു.

ഞങ്ങളുടെ റൂമിലേയ്ക്ക് പോകുന്ന വഴിയ്ക്ക് ഒരു കൊച്ചു തട്ടുകടയുണ്ട്. അതിനു മുന്നിലെത്തിയപ്പോഴാണ് ആ കടക്കാരന്‍‌ ശബ്ദമുയര്‍‌ത്തി ആരെയോ ചീത്ത പറയുന്നതു പോലെ തോന്നിയത്. നോക്കിയപ്പോള്‍‌ ശരിയാണ്. ആ കടയ്ക്കു മുന്നില്‍‌ ഒരാള്‍‌ ഭക്ഷണത്തിനു വേണ്ടിയെന്ന പോലെ കൈ നീട്ടി നില്‍‌ക്കുന്നു. കാഴ്ചയില്‍‌ തന്നെ എന്തോ ഒരു പോരായ്മ തോന്നുന്നുണ്ട്. ബുദ്ധി സ്ഥിരത കുറഞ്ഞ ഒരാളെന്ന് ഒറ്റ നോട്ടത്തില്‍‌ പറയാം. ആ കടക്കാരന്‍‌ എത്രയൊക്കെ പറഞ്ഞിട്ടും പിടിച്ചു തള്ളിയിട്ടും മുഖത്ത് വലിയ ഭാവ ഭേദമൊന്നും കൂടാതെ അയാള്‍‌ കൈയും നീട്ടിപ്പിടിച്ച് അവിടെ തന്നെ നില്‍ക്കുകയാണ്. ഒപ്പം എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്. അവിടെ നില്‍‌ക്കുന്നവരാരും അതൊന്നും കാര്യമാക്കുന്നതേയില്ല.

എന്തായാലും അതു കണ്ടപ്പോള്‍‌ എനിക്കെന്തോ ഒരു വല്ലായ്മ തോന്നി. ഞാന്‍‌ ആ സുഹൃത്തിനോട് പറഞ്ഞു “നമുക്ക് എന്തെങ്കിലും കഴിക്കാം”. അവന്‍‌ അനുകൂല ഭാവത്തില്‍‌ തല കുലുക്കി. ഞാന്‍‌ ആ കടയില്‍‌ നിന്നും വടയും ബജ്ജിയും വാങ്ങി. കടക്കാരന്‍‌ അത് പൊതിഞ്ഞു തന്നു. ഞാനാ പൊതിയില്‍‌ നിന്നും 2 വടയും 2 ബജ്ജിയും അയാള്‍‌ക്ക് നേരെ നീട്ടി. അയാള്‍‌ കുറച്ചു നേരം എന്നെത്തന്നെ നോക്കി. എന്നിട്ട് എന്റെ കയ്യില്‍‌ നിന്നും അത് തട്ടിപ്പറിച്ച് വാങ്ങുന്നതു പോലെ വാങ്ങി. എന്നിട്ട് എന്തൊക്കെയോ പറഞ്ഞു (അത് കന്നടയിലായിരുന്നതിനാല്‍‌ നന്ദി പറഞ്ഞതാണോ ചീത്ത വല്ലതും പറഞ്ഞതാണോ എന്ന് എനിക്കു സംശയം തോന്നാതിരുന്നില്ല. എങ്കിലും ആ കടക്കാരന്റെ മുഖഭാവത്തില്‍‌ നിന്നും ‘കുഴപ്പമില്ല’ എന്നു മാത്രം മനസ്സിലായി). “യു ആര്‍‌ ഗ്രേറ്റ് യാര്‍‌“ ബാക്കിയുള്ള വട പങ്കിട്ട് കഴിച്ച് പിരിയാന്‍‌ നേരത്ത് ആ തമിഴ് സുഹൃത്ത് പുറത്ത് തട്ടിക്കൊണ്ട് എന്നോട് പറഞ്ഞു. ഞാന്‍‌ വെറുതേ ഒന്നു ചിരിച്ചിട്ട് എന്റെ റൂമിലേയ്ക്കുള്ള നടത്തം തുടര്‍‌ന്നു.

അങ്ങനെ നടക്കുമ്പോള്‍‌ ഒരു പഴയ സംഭവം ഓര്‍‌മ്മ വന്നു. അതും ഒരു നവംബറിലായിരുന്നു എന്നത് തികച്ചും യാദൃശ്ചികമായിരിക്കാം. അത് കൃത്യമായി ഓര്‍‌ക്കാന്‍‌ കാരണമുണ്ട്. അന്ന് ഞങ്ങള് പിറവത്ത് പഠിയ്ക്കുകയാണ്. ഒരു നവംബര്‍‌ മാസത്തിലായിരുന്നു ഞങ്ങളുടെ ആദ്യത്തെ NSS 3 ഡേ ക്യാമ്പ് നടന്നത്. അതിനോടടുത്ത സമയത്താണ് ഇതു നടന്നത്.

അന്ന് ഞങ്ങളുടെ റൂമില്‍‌ ഞാന്‍‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബിട്ടുവും കുല്ലുവും വീട്ടില്‍‌ പോയിരിക്കുകയായിരുന്നു. അവിടെ ഞായറാഴ്ചകള്‍‌ പൊതുവേ വിരസമാണ്. സുഹൃത്തുക്കളാരും ഉണ്ടാകുകയില്ല. ഹോട്ടലോ കടകളോ തുറക്കുകയില്ല. കാലേകൂട്ടി അരി വാങ്ങി വച്ചില്ലെങ്കില്‍‌ അന്ന് പട്ടിണി കിടക്കേണ്ടി വരുകയും ചെയ്യും.(പല തവണ അങ്ങനെ വേണ്ടി വന്നിട്ടുമുണ്ട്) അന്നും പതിവു പോലെ ഉച്ചയ്ക്ക് വിശന്നപ്പോള്‍‌ മാത്രമാണ് അരിയുണ്ടോ എന്നു നോക്കിയതു തന്നെ. കൃത്യം ഒരാള്‍‌ക്ക് ഒരു നേരത്തേയ്ക്കുള്ള അരിയുണ്ട്. അതായത് അന്ന് രാത്രി വല്ലതും കഴിക്കണമെങ്കില്‍‌ മത്തന്‍‌ വന്നിട്ട് അവന്റെ കൂടെ ബൈക്കില്‍‌ വല്ലയിടത്തും പോകേണ്ടി വരും. (മത്തന്റെ വീട് ഒരു വിധം അടുത്തു തന്നെ ആണെങ്കിലും മിക്കവാറും എല്ലാ രാത്രിയും അവന്‍‌ ഞങ്ങളുടെ റൂമില്‍‌ കിടക്കാന്‍‌ വരാറുണ്ടായിരുന്നു). ഭാഗ്യത്തിന് തലേ ദിവസം വാങ്ങിയ മുട്ട ഒരെണ്ണം ബാക്കിയുണ്ടായിരുന്നു. പിന്നെ കുറച്ചു തൈരും അച്ചാറും. (ഇതൊക്കെ തന്നെയായിരിക്കും മിക്ക ദിവസവും ഭക്ഷണം).

അങ്ങനെ അരിയും അടുപ്പത്തിട്ട് ഞാനൊന്നു കറങ്ങാനായി ജംക്ഷനിലേക്കിറങ്ങി. അരി വേവാനുള്ള സമയം എല്ലാം നന്നായി അറിയാമായിരുന്നതിനാല്‍‌ അതിനുള്ളില്‍‌ പോയി വരാമെന്നായിരുന്നു പ്ലാന്‍‌. കാരണം, ഭാഗ്യവശാല്‍‌ കട വല്ലതും തുറന്നിട്ടുണ്ടെങ്കില്‍‌ വൈകുന്നേരത്തേയ്ക്കുള്ള അരി കൂടി വാങ്ങാമല്ലോ. എന്തായാലും ആ പ്രതീക്ഷയ്ക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. ഒറ്റ കട പോലും തുറന്നിട്ടുണ്ടായിരുന്നില്ല. ഞാന്‍‌ കുറച്ചു നിരാശയോടെ തിരിച്ചു റൂമിലേയ്ക്കു മടങ്ങാന്‍‌ നേരത്താണ് കുട്ടന്‍‌ എന്റെ മുന്നില്‍‌ വന്നു ചാടിയത്. [കുട്ടന്‍‌ എന്നത് യഥാര്‍‌ത്ഥ പേരല്ല] ആ നാട്ടുകാരനായ ഒരു പയ്യനായിരുന്നു, കുട്ടന്‍‌. പ്രായത്തിനൊത്ത ബുദ്ധി വളര്‍‌ച്ചയില്ല. എങ്കിലും മിക്കവാറും സമയത്ത് അവന്‍‌ ആ കോളേജ് ജംക്ഷനില്‍‌ തന്നെ കാണും. അങ്ങനെ ഞങ്ങളെ എല്ലാവരേയും അവനു നന്നായി അറിയാം.

പതിവു പോലെ എന്നെ കണ്ട ഉടനേ അവന്‍‌ ഓടിയെത്തി, എന്റെ കയ്യില്‍‌ പിടിച്ചു. എന്നിട്ടു ചോദിച്ചു “ചേട്ടായീ, നീ എനിക്കൊരു ചായ വാങ്ങിത്തരാവോ?”

[അവന്‍‌ ഞങ്ങളെ എല്ലാവരേയും ‘ചേട്ടാ’ എന്നും ‘എടാ’ എന്നും എല്ലാം വിളിക്കാറുണ്ട്. പിന്നെ, പരിചയമുള്ളവരോടെല്ലാം ചായ വാങ്ങിത്തരാമോ എന്നും ചോദിയ്ക്കും] അതു പതിവായുള്ളതാണ്. മിക്കവാറും എല്ലാവരും എന്തെങ്കിലുമൊക്കെ പറഞ്ഞ് ഒഴിയാറാണ് പതിവ്. അതുപോലെ അന്ന് അവന്‍‌ ചായ ചോദിച്ചപ്പോള്‍‌ അടഞ്ഞു കിടക്കുന്ന ശശി ചേട്ടന്റെ ഹോട്ടല്‍‌ ചൂണ്ടിക്കാട്ടിക്കൊണ്ട് ഞാന്‍‌ പറഞ്ഞു “കട അടച്ചിട്ടിരിക്കുകയല്ലേ കുട്ടാ”


അവന്‍‌ കുറച്ചൊരു വിഷമത്തോടെ പറഞ്ഞു “എന്നാല്‍‌ ഒരു വട വാങ്ങിത്തന്നാലും മതി”


“അതിനും കട തുറക്കണ്ടേ” എന്ന എന്റെ ചോദ്യത്തിന് എന്തോ ആലോചിച്ചിട്ട് അവന്‍‌ പതുക്കെ പറഞ്ഞു “ ആണോ? അതു ശരിയാണല്ലേ
എന്നാല്‍‌ വേണ്ട. പിന്നെ മതി”

അവന്റെ മുഖത്തെ ദു:ഖ ഭാവം കണ്ടപ്പോള്‍‌ എനിക്കും ചെറിയ വിഷമം തോന്നി. “നീ എന്റെ കൂടെ റൂമിലേയ്ക്കു വരുന്നോ? ചായ ഞാന്‍‌ തരാം” അപ്പോഴത്തെ തോന്നലില്‍‌ ഞാന്‍ പെട്ടെന്നു ചോദിച്ചു.

അവന്റെ മുഖം വിടര്‍‌ന്നു. തലകുലുക്കി സമ്മതിച്ചു കൊണ്ട് ഉത്സാഹത്തോടെ അവനെന്റെ കൂടെ വന്നു. സാധാരണ അത് പതിവില്ലാത്തതാണ്. കഴിവതും അവനെ അവിടെ എല്ലാവരും ഒഴിവാക്കാറേയുള്ളൂ, ഞങ്ങള്‍‌ ഉള്‍‌പ്പെടെ. എന്നാലും അന്നെനിക്ക് അങ്ങനെ തോന്നിയില്ല.

“കുട്ടാ നിനക്ക് കട്ടന്‍‌ ചായ മതിയല്ലോ അല്ലേ? പാലുണ്ടാകില്ല”

“മതി ചേട്ടായീ. വീട്ടിലും പാലില്ലാത്തപ്പോ ഞാന്‍‌ കട്ടന്‍‌ ചായയാ കുടിക്കാറ്”

അവന്‍‌ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നപ്പോഴേയ്ക്കും വീടെത്തി. അപ്പോഴാണ് ഞാന്‍‌ അരി അടുപ്പത്തിട്ടിരുന്നത് ഓര്‍‌ത്തത്. വേഗം ചെന്ന് നോക്കുമ്പോള്‍‌ കഞ്ഞി പാകമായിട്ടുണ്ട്. ഞങ്ങള്‍‌ അവിടെ മിക്കവാറും കഞ്ഞിയാണ് കഴിക്കാറുള്ളത്. ഉണ്ടാക്കാനുള്ള എളുപ്പം കൂടെ കണക്കിലെടുത്താണ് അത്.

“കഞ്ഞിയാണോ ചേട്ടായീ?” അവന്‍‌ എത്തി നോക്കിക്കൊണ്ട് ചോദിച്ചു.

“ ഉം. എന്താ നിനക്ക് കഞ്ഞി വേണോ? വെറുതേ അവനോട് ചോദിച്ചു.

“എന്നാലെനിക്ക് കഞ്ഞി മതി. എനിക്കു വിശന്നിട്ടാ ഞാന്‍‌ ചായ ചോദിച്ചത്”

അവന്റെ മറുപടി കേട്ട് ഞാന്‍‌ കുറച്ചൊരു ആശ്ചര്യത്തോടെ ചോദിച്ചു “അതെന്താ നീ ഊണു കഴിച്ചില്ലേ?”

“ഇല്ല. വീട്ടില്‍‌ ആരുമില്ല. എല്ലാവരും കല്യാണത്തിനു‌ പോയിരിക്കുവാ”

അവനേതോ ദൂരെയുള്ള സ്ഥലത്തിന്റെ പേരും പറഞ്ഞു. എനിക്കു വിഷമം തോന്നി. പാവം! വീട്ടില്‍‌ ഭക്ഷണം ഉണ്ടാകില്ലായിരിക്കും. മാത്രമല്ല, ബുദ്ധിയ്ക്ക് അല്‍പ്പം സ്ഥിരത കുറവുള്ളതു കൊണ്ട് അവന്റെ വീട്ടുകാരു പോലും അവനെ വേണ്ടത്ര ശ്രദ്ധിക്കുന്നുമില്ല എന്നു തോന്നുന്നു.

ഞാനെന്തായാലും എനിക്കു വേണ്ടി തയ്യാറാക്കിയ കഞ്ഞി അവനു കൊടുത്തു. വറുത്ത മുട്ടയും അച്ചാറും കൂട്ടി അവനത് മുഴുവനും ആസ്വദിച്ചു കഴിച്ചു. തൈര് ഇഷ്ടമല്ലെന്നും പറഞ്ഞ് അതു മാത്രം കഴിച്ചില്ല.

ഭക്ഷണം കഴിച്ചു കഴിഞ്ഞ് അവന്‍‌ കുറച്ചു നേരം കൂടി അവിടെ എന്തൊക്കെയോ സംസാരിച്ചിരുന്നു. പതിവു പോലെ പരസ്പര ബന്ധമില്ലാത്ത പലതും അവന്‍‌ പറഞ്ഞു. ആ കൂട്ടത്തില്‍‌ ഒരു കാര്യം കൂടി പറഞ്ഞു. അന്നവന്റെ പിറന്നാളാണത്രെ.

അവന്‍ പറഞ്ഞത് ശരിയാണോ അതോ വെറുതേ പറഞ്ഞതാണോ എന്ന് എനിക്ക് ഇന്നും ഉറപ്പില്ല. എങ്കിലും അതു കേട്ടപ്പോള്‍‌ അറിയാതെയാണെങ്കിലും ഞാന്‍‌ ചെയ്ത പ്രവൃത്തിയില്‍‌ എനിക്കൊരു സംതൃപ്തി തോന്നി. വിശന്നിരിക്കുന്ന ഒരാളുടെ വിശപ്പു മാറ്റാന്‍‌ കഴിഞ്ഞല്ലോ. അതും അവന്റെ പിറന്നാള്‍‌ ദിനത്തില്‍‌.

കുട്ടനെന്നോട് യാത്ര പറഞ്ഞ് പോയ ശേഷം, കഞ്ഞി തീര്‍‌ന്നതിനാലും വേറെ അരി ബാക്കി ഇല്ലാത്തതിനാലും ഞാനൊരു കട്ടന്‍‌ ചായയും തിളപ്പിച്ചു. അതും പതുക്കെ കുടിച്ചു കൊണ്ട് ഞങ്ങളുടെ റൂമിലെ ആ നീണ്ട ബെഞ്ചില്‍‌ ചാരിക്കിടക്കുമ്പോള്‍‌ വിശപ്പു മാറി വയറു നിറഞ്ഞില്ലെങ്കിലും എന്റെ മനസ്സു നിറഞ്ഞിരുന്നു.

*************************************************************************************

പിറവത്തു നിന്നും പോന്ന ശേഷം കുട്ടനെപ്പറ്റി ഒന്നുമറിയില്ല. ഇന്ന് അവനെവിടെയാണെന്നോ എന്തു ചെയ്യുകയാണെന്നോ അറിയില്ല. ഇപ്പോള്‍‌ ഞങ്ങളെയാരെയെങ്കിലും അവനോര്‍‌ക്കുന്നുണ്ടാകുമോ? ...സാധ്യതയില്ല.

Monday, November 12, 2007

ഒരു കിഡ്നാപ്പിങ്ങ് ശ്രമം

സമയം അര്‍‌ദ്ധരാത്രി കഴിഞ്ഞു. ഞാന്‍‌‌ കുറച്ചൊരു അക്ഷമയോടെ റോഡിലേയ്ക്കു നോക്കി. പ്രതീക്ഷിച്ചതു പോലെ വണ്ടികളൊന്നും കാണുന്നില്ല. സുഹൃത്തുക്കളെ ബുദ്ധിമുട്ടിക്കേണ്ടല്ലോ എന്നു കരുതിയാണ് അവരോട് വീണ്ടും ബൈക്കുമായി തിരിച്ചു വരേണ്ട എന്നു പറഞ്ഞത്. ഈ രാത്രി സമയത്ത് പത്തിരുപത് കിലോമീറ്റര്‍‌ പോരാത്തതിന് നല്ല മഴയും. എന്റെ റൂട്ടില്‍‌ സധാരണ ഇഷ്ടം പോലെ വണ്ടികള്‍‌ കാണാറുള്ളതാണ് ടെമ്പോയോ, ജീപ്പോ എന്തെങ്കിലുമൊക്കെ. എന്നാല്‍‌ ഇന്നിതെന്തു പറ്റി?

പെട്ടെന്ന് ശക്തമായ ഒരു മിന്നല്‍‌! തൊട്ടടുത്ത നിമിഷം ആ പ്രദേശം മൊത്തം ഇരുളിലായി. തുടര്‍‌ന്ന് മാലപ്പടക്കം പോലെ ഇടിമുഴക്കവും “നാശം! കറന്റും പോയി. ഇതിനി എപ്പോ വരുമോ ആവോ?” ഞാന്‍‌ മനസ്സില്‍‌ പറഞ്ഞു.

‌ അന്ന് ഞാന്‍‌ ഓഫീസില്‍‌ നിന്നിറങ്ങിയത് കുറച്ചു വൈകിയായിരുന്നു. വെള്ളിയാഴ്ചയാണ്. ശനിയും ഞായറും അവധി. ഇതെല്ലാം ഓര്‍‌ത്തിട്ടാണ് സുഹൃത്തുക്കള്‍‌ സെക്കന്റ് ഷോയ്ക്കു വിളിച്ചപ്പോള്‍‌ പോകാമെന്നു കരുതിയത്. ഞാന്‍‌ കൂടിയായാല്‍‌ നാലു പേരാകും. ബൈക്കു സ്വന്തമായുള്ള രണ്ടു സുഹൃത്തുക്കളുമുണ്ട് എന്ന കാരണം കൊണ്ടു തന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ സമ്മതിച്ചു. വൈകുന്നേരം വരെ മഴയുടെ ലക്ഷണം പോലുമുണ്ടായിരുന്നുമില്ല. എന്നാല്‍‌ സിനിമയ്ക്കിടയിലെപ്പോഴാണ് മഴ തുടങ്ങിയതെന്ന്‍ അറിയില്ല. പുറത്തിറങ്ങുമ്പോള്‍‌ ശക്തമായ മഴ. ഉടനെയൊന്നും അതിനു ശമനമുണ്ടാവില്ലെന്നു മനസ്സിലാക്കി, നനഞ്ഞാണെങ്കിലും സമയം കളയാതെ പോകാന്‍‌ ഇറങ്ങുമ്പോഴാണ് ശ്രദ്ധിക്കുന്നത് ഒരു ബൈക്കിന്റെ ടയര്‍ വെടി തീര്‍‌ന്നിരിക്കുന്നു.

ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചു എന്ന അവസ്ഥ. ആ ബൈക്ക് കൊണ്ടു പോകാനൊരു നിവൃത്തിയുമില്ല. അത് അവിടെ തന്നെ പൂട്ടി വച്ചു. ഇനിയെങ്ങനെ പോകുമെന്ന് ആലോചനയായി. ഞാനൊഴികെ 3 പേരുടെ വീടുകളും ഒരുവിധം അടുത്താണ്. അതുകൊണ്ട് ഞാന്‍‌ അവരോട് 3 പേരോടും ആ ഒരു ബൈക്കില്‍‌ പോയ്ക്കോളാന്‍‌ പറഞ്ഞു തന്റെ റൂട്ടില്‍‌ ഏതെങ്കിലും വണ്ടി കിട്ടുമല്ലോ എന്നു കരുതി. രണ്ടു പേരെ കൊണ്ടു വിട്ടിട്ട് തിരിച്ചു വന്ന് എന്നെക്കൂടി വീട്ടില്‍‌ കൊണ്ടുവിടാമെന്ന് അതിലൊരു സുഹൃത്തു പറഞ്ഞതാണ്. അവനോട് വേണ്ട എന്നു പറഞ്ഞു. ഞാന്‍‌ വളരെ ആത്മവിശ്വാസത്തോടെയാണ് അവരോട് പറഞ്ഞത്, എന്റെ റൂട്ടില്‍‌ വണ്ടി ഉറപ്പായും കിട്ടും എന്ന്. അതു കേട്ട് സമാധാനത്തോടെ അവര്‍‌ പോയി. അവരു പോയിട്ട് അര മണിക്കൂറോളമായി. വണ്ടി കാത്തു നിന്ന് ക്ഷമ നശിച്ചു തുടങ്ങി.

ദൂരെ നിന്ന് ഒരു വാഹനത്തിന്റെ വെളിച്ചം കണ്ടപ്പോള്‍‌ പ്രതീക്ഷയായി.മഴയത്തേയ്ക്ക് ഇറങ്ങി നിന്നു, കൈ കാണിച്ചു. ഒരു സുമോ ആയിരുന്നു. സാമാന്യം വേഗത്തിലായിരുന്ന ആ വണ്ടി ഒന്നു സംശയിച്ചെന്നവണ്ണം കുറച്ചു മുന്നോട്ടു കയറി നിന്നു ഡ്രൈവറുടെ മുഖത്ത് ചോദ്യഭാവം. ഞാന്‍‌ എനിക്കു പോകണ്ട സ്ഥലപ്പേരു പറഞ്ഞു. കുറച്ചു നേരം ആലോചിച്ച ശേഷം അയാള്‍‌ ഫ്രണ്ട് സീറ്റില്‍‌ അപ്പുറത്തിരുന്ന ആളോടെന്തോ പറഞ്ഞു. പിന്നെ ഫ്രണ്ടില്‍ കയറിക്കോളാന്‍‌ ആംഗ്യം കാണിച്ചു. എനിക്ക് ആശ്വാസമായി. മുന്‍‌പില്‍‌ ഡ്രൈവറെ കൂടാതെ ഇരുന്നിരുന്നത് ഒരു കറുത്ത തടിയനായിരുന്നു. സിനിമയിലെ ഗുണ്ടകളുടെ ഒക്കെ ഒരു ലുക്ക്! എനിക്ക് ഇരിക്കാനായി അയാള്‍‌ അല്പം ഒതുങ്ങിയിരുന്നു. അത്ര താല്പര്യത്തോടെ ആണെന്നു തോന്നിയില്ല. വണ്ടിയിലേയ്ക്ക് കയറും നേരം ഞാനൊന്ന് തിരിഞ്ഞു നോക്കി. ആ വണ്ടിയിലിരിക്കുന്നവരെല്ലാം നല്ല തടിമാടന്‍‌മാര്‍‌ എല്ലാവരും വലിയ ഗൌരവത്തിലെന്ന പോലെ. അപ്പോഴേയ്ക്കും ഡ്രൈവര്‍‌ വണ്ടിയ്ക്കകത്തെ ലൈറ്റ് വീണ്ടും ഓഫാക്കി. വണ്ടി മുന്നോട്ടെടുത്തു.

ആരും ഒന്നും സംസാരിക്കുന്നില്ല. ആകെ ഒരു മൂകത. മഴ കുറച്ചു കൂടെ ശക്തമായി. വല്ലപ്പോഴും വരുന്ന മിന്നലിന്റെ വെളിച്ചം മാത്രമുണ്ട് റോട്ടില്‍‌. എനി‌ക്കെന്തോ ഒരു വല്ലായ്മ തോന്നി. ഒപ്പം യാത്ര ചെയ്യുന്നവര്‌ക്കെല്ലാം എന്തോ പന്തികേട്. ഡ്രൈവറാകട്ടെ വണ്ടി നല്ല വേഗത്തില്‍‌ തന്നെയാണ് പറപ്പിക്കുന്നത്. എന്നാല്‍‌ പതിവായി വണ്ടികള്‍‌ പോകാറുള്ള വഴിയിലൂടെയല്ല ഇപ്പോഴത്തെ പോക്ക് എന്ന് മാത്രം മനസ്സിലായി. ഇതെന്താ ചേട്ടാ ഈ വഴി എന്ന ചോദ്യത്തിന് മറ്റേ വഴിയിലൂടെ ഇപ്പോ പോകാന്‍‌ പറ്റില്ല എന്നു മാത്രം കനത്തിലൊരു മറുപടി. എനിക്കാകെ ആശയക്കുഴപ്പമായി. പെട്ടെന്നാണ് മനസ്സിലൊരു സംശയം തോന്നിയത്. ഇവന്മാരു വല്ല കുഴപ്പക്കാരുമായിരിക്കുമോ? ഈയിടെയായി കിഡ്നാപ്പിങ്ങ് എന്നത് ഒരു പതിവായിക്കഴിഞ്ഞു. പത്രത്തില്‍‌ പല തവണ വായിച്ചിരിക്കുന്നു. അറിയാതെ ഒരു പേടി മനസ്സിനെ കീഴ്പ്പെടുത്തി. എന്നെ കിഡ്നാപ്പു ചെയ്താലും ഇവന്മാര്‍‌ക്കൊന്നും കിട്ടാന്‍‌ പോകുന്നില്ല എന്ന് എനിക്കല്ലേ അറിയൂ. (വല്ലതും ഉണ്ടായാലല്ലേ) എന്തായാലും മനസ്സില്‍‌ ഒന്നു കണക്കു കൂട്ടി പേഴ്സില്‍‌ അധികം പൈസ കാണില്ല. എന്നാല്‍ ‌ എ.ടി.എം കാര്‍‌ഡ് അതിലുണ്ട്. അധികമൊന്നുമില്ലേലും ഉള്ളത് ഇവന്മാരടിച്ചോണ്ടു പോയാലോ പൈസ മാത്രമല്ല, ദേഹോപദ്രവം വല്ലതും ഏല്‍‌പ്പിച്ചാല്‍‌???

സിനിമയ്ക്കു പോകാന്‍‌ തോന്നിയ ബുദ്ധിയെ മനസ്സാ ശപിച്ചു. എന്തു ചെയ്യണമെന്ന ആവലാതിയോടെ ഇരിക്കപ്പൊറുതിയില്ലാതെ അങ്ങോട്ടുമിങ്ങോട്ടും നോക്കാന്‍‌ തുടങ്ങി. വണ്ടി നല്ലൊരു ഗട്ടറു ചാടിയപ്പോള്‍‌ ഒന്നിളകിയിരുന്നു. പെട്ടെന്ന് ഒന്നു ഞെട്ടി. കഴുത്തിനു പുറകില്‍‌ എന്തോ നല്ല തണുപ്പ്. മനസ്സില്‍‌ ഒരു കൊള്ളിയാന്‍‌ മിന്നി. ലോഹമാണ്ഒരു കത്തി! ധൈര്യമെല്ലാം ചോര്‍‌ന്നുപോകും പോലെ വായിലെ ഉമിനീരു വറ്റി. ശബ്ദം പുറത്തേയ്ക്കു വരുന്നില്ല. അല്ല, ശബ്ദമെടുത്തിട്ടു തന്നെ എന്തു കാര്യം. ഇവന്മാരെന്തോ കരുതിക്കൂട്ടി തന്നെ. എല്ലാ ദൈവങ്ങളേയും ഉള്ളുരുകി വിളിച്ചു.

തല തിരിച്ചു നോക്കാനൊരു പേടി. കഴുത്തിലിരിക്കുന്ന കത്തി അനങ്ങിയാല്‍‌??? അതിന്റെ മുന വണ്ടിയുടെ കുലുക്കത്തിനൊപ്പം കഴുത്തില്‍‌ കൊള്ളുന്നുണ്ട്, ഇടയ്ക്ക്. ചെറുതായി നീറുന്നുമുണ്ട്. എന്തു ചെയ്യും വീട്ടുകാരെ പറ്റി എല്ലാം ഓര്‍‌ത്തു എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍‌പിന്നെ ധൈര്യം സംഭരിക്കാന്‍‌ ശ്രമിച്ചു. എന്തായാലും നേരിടുക തന്നെ. എന്തെങ്കിലും സംഭവിക്കുകയാനെങ്കില്‍‌ തന്നെ കീഴടങ്ങുന്നതെന്തിന്? ഒരു അവസരം പ്രതീക്ഷിച്ച് അനങ്ങാതെ കാത്തിരുന്നു.

പെട്ടെന്നാണ് മുന്നില്‍‌ ആ വളവ് കണ്ണില്‍‌ പെട്ടത്. വണ്ടി ഇപ്പോഴും സാമാന്യം സ്പീഡില്‍‌ തന്നെയാണ്. ഡ്രൈവര്‍‌ വണ്ടി ആ വളവില്‍‌ വീശി വളച്ചു. ഞാനുള്‍‌പ്പെടെ എല്ലാവരും ഒരു വശത്തേയ്ക്കൊന്നു ചെറുതായൊന്ന് ചെരിഞ്ഞു. ഞാന്‍‌ പ്രതീക്ഷിച്ചതു പോലെ തന്നെ കഴുത്തിലെ ആ കത്തിമുന തെന്നി മാറി. ഞാന്‍‌ പെട്ടെന്ന് വെട്ടിത്തിരിഞ്ഞ് സര്‍‌വ്വ ശക്തിയുമെടുത്ത് കഴുത്തില്‍‌ നിന്നും ആ കത്തി തട്ടി മാറ്റി.

സംഭവിക്കുന്നതെന്തായാലും നേരിടാനായി തിരിഞ്ഞ ഞാന്‍‌ ആകെ വിളറിപ്പോയി. പുറകില്‍‌ ഞാന്‍‌ കണ്ടത് എന്തു പറ്റി എന്ന ഭാവത്തില്‍‌ എന്നെ നോക്കുന്ന പിന്‍‌സീറ്റിലെ യാത്രക്കാരെയാണ്. എന്തു പറ്റിയെന്നു മനസ്സിലാകാതെ അവരെന്നെ നോക്കുമ്പോള്‍ ഞാന്‍ ചുറ്റും നോക്കി. അതാ, ആ വണ്ടിയുടെ ഒരു വശത്തെ ഡോറിന്റെ ബീഡിങ്ങ് പൊളിഞ്ഞ് തള്ളി നില്‍‌ക്കുന്നു. അതിന്റെ അറ്റമായിരുന്നു എന്റെ കഴുത്തിനു പുറകില്‍‌ തട്ടിക്കൊണ്ടിരുന്നത്. ഉള്ളിലെ ഭയം കൊണ്ടോ എന്തോ, എനിക്കത് ഒരു കത്തി ആയിട്ടായിരുന്നു തോന്നിയത്.

എന്തായാലും ലൈറ്റിടാതിരുന്നതിനാല്‍‌ എന്റെ മുഖഭാവം ആരും കണ്ടുകാണില്ല. ഞാന്‍‌ പറ്റിയ ചമ്മല്‍‌ മറച്ചു വയ്ക്കാന്‍‌ പാടുപെട്ട് നേരെ ഇരിക്കുമ്പോള്‍‌ അടുത്തിരുന്ന ആ വലിയ മനുഷ്യന്‍‌ ചോദിച്ചു, വളരെ സൌമ്യമായ ശബ്ദത്തില്‍‌ “എന്താ, എന്തു പറ്റി?”

“ഏയ്, ഒന്നുമില്ല, എന്തോ പ്രാണി” എന്നു പറഞ്ഞ് ഒരു വളിച്ച ചിരിയും ചിരിച്ചു കൊണ്ട് ഞാന്‍‌ നേരെയിരുന്നു. അയാളുടെ ശരീരപ്രകൃതിക്കു തീരെ വിപരീതമായ രിതിയിലായിരുന്നു അയാളുടെ പെരുമാറ്റവും സംസാരവും.

അവസാനം എനിക്കിറങ്ങാനുള്ള സ്റ്റോപ്പില്‍‌ വണ്ടി നിര്‍‌ത്തിത്തരുമ്പോള്‍‌ ഞാന്‍‌ പേഴ്സെടുക്കാനായി പോക്കറ്റില്‍‌ കയ്യിടുമ്പോള്‍‌ അയാളെന്നെ വീണ്ടും അത്ഭുതപ്പെടുത്തി. “ഒന്നും വേണ്ട, അനിയാ ഈ നേരത്ത് സഹായിച്ചില്ലെങ്കിലോ നമ്മളൊക്കെ മനുഷ്യരല്ലേ?” എന്നാണ് അയാള്‍‌ പറഞ്ഞത്. അവസാനം പോകാന്‍‌ നേരത്ത് ഇവിടെ നിന്നും വീട്ടിലെത്താന്‍‌ ബുദ്ധിമുട്ടുണ്ടാകില്ലല്ലൊ എന്നു കൂടെ ചോദിച്ച് ഉറപ്പു വരുത്തിയിട്ടാണ് അവര്‍‌ യാത്രയായത്.

അപ്പോഴേയ്ക്കും മഴയും ഏതാണ്ട് ശമിച്ചിരുന്നു. അവിടെ നിന്ന് ആ രാത്രി 5 കിലോമീറ്റര്‍‌ കൂടെ നടന്നാണ് ഞാന്‍‌ വീടെത്തിയത്. എങ്കിലും ആ പൊടിമഴയും നനഞ്ഞ് വീട്ടിലേയ്ക്ക് നടക്കുമ്പോള്‍‌ പറ്റിപ്പോയ അബദ്ധത്തേക്കുറിച്ചും കാഴ്ചയില്‍‌ നിന്നും വ്യത്യസ്തരായ മനുഷ്യരെക്കുറിച്ചും ചിന്തിക്കുകയായിരുന്നു ഞാന്‍‌.

Thursday, November 1, 2007

വിശപ്പിന്റെ ഒരു രാത്രി


ഞങ്ങള്‍‌ പിറവം ബിപിസി കോളേജിലെ രണ്ടാം വര്‍‌ഷമായിരുന്നു ഏറ്റവും രസകരമായി ആഘോഷിച്ചത്. ഒന്നാം വര്‍‌ഷത്തില്‍‌ ജൂനിയേഴ്സ് എന്ന പരിചയക്കുറവും മൂന്നാം വര്‍‌ഷം സീനിയേഴ്സ് എന്ന ഉത്തരവാദിത്വങ്ങളും ഉണ്ടായിരുന്നതിനാല്‍‌ രണ്ടാം വര്‍‌ഷം പോലെ കോളേജില്‍‌ ‘അര്‍‌മ്മാദിച്ചു’ നടക്കാന്‍‌ കഴിഞ്ഞിട്ടില്ല.

ഞങ്ങളുടെ ബിപിസി കോളേജില്‍ അന്ന് മൂന്ന് അസ്സോസിയേഷനുകളാണ് ഉണ്ടായിരുന്നത്. പണച്ചാക്കുകളെക്കൊണ്ടു നിറഞ്ഞ ബി.ബി.എ. അസ്സോസിയേഷന്‍‌, അവരോട് കിടപിടിക്കുന്ന ബി.സി.എ. അസ്സോസിയേഷന്‍‌, പിന്നെ ഇടത്തരക്കാരായ ഞങ്ങളുടെ സ്വന്തം ഇലക്ട്രോണിക്സ് അസ്സോസിയേഷനും. ഇതില്‍‌ എന്തു പരിപാടികള്‍‌ക്കും ബി.ബി.എ. യും ബി.സി.എ.യും പണം വാരിയെറിഞ്ഞ് പരിപാടികള്‍‌ ഗംഭീരമാക്കാറുള്ളപ്പോ‌ള്‍‌ കൂട്ടായ്മ കൊണ്ടും പരിപാടികളിലെ വൈവിദ്ധ്യം കൊണ്ടും മാത്രമാണ് ഞങ്ങള്‍‌ ഇലക്ട്രോണിക്സുകാര്‍‌ അവിടെ പിടിച്ചു നിന്നിരുന്നത്. ഈ മൂന്ന് അസ്സോസിയേഷനും തമ്മില്‍‌ ആരോഗ്യപരമായ ഒരു മത്സരവും അവിടെ നില നിന്നിരുന്നു.

രണ്ടാം വര്‍‌ഷത്തില്‍‌ ഞങ്ങള്‍‌ക്കു കിട്ടിയ ഒരു ഉത്തരവാദിത്വമുള്ള ജോലിയായിരുന്നു ഇലക്ട്രോണിക്സ് അസോസിയേഷന്‍‌ സംഘടിപ്പിച്ച എക്സിബിഷന്‍‌. അസ്സോസിയേഷന്റെ സെക്രട്ടറി ഞങ്ങളുടെ ബിട്ടു ആയിരുന്നതിനാല്‍‌ പരിപാടി ഭംഗിയാക്കേണ്ടത് ഞങ്ങളുടെ ക്ലാസ്സുകാരുടെ ആവശ്യമായിരുന്നു. പ്രത്യേകിച്ചും ഞങ്ങള്‍‌ 7 പേരുടെ. സീനിയേഴ്സിന്റെയും ജൂനിയേഴ്സിന്റെയും സഹകരണം വേണ്ടുവോളം കിട്ടിയിരുന്നുവെങ്കിലും ഞങ്ങളുടെ പ്രധാന എതിരാളികള്‍‌ മറ്റു അസ്സോസ്സിയേഷനുകളല്ലായിരുന്നു. മറിച്ച്, ഞങ്ങളുടെ അസ്സോസിയേഷന്റെ ഫണ്ട് തന്നെയായിരുന്നു. കാരണം മറ്റ് അസ്സോസിയേഷനുകളെല്ലാം ആ വര്‍‌ഷം തുടക്കത്തിലെ ഫണ്ട് ബാലന്‍‌സ് 20,000/- എന്നും 12000/- എന്നുമെല്ലാം അനൌണ്‍‌സ് ചെയ്തു കൊണ്ടാണ് തുടങ്ങിയതെങ്കില്‍‌ ഞങ്ങളുടെ ഫണ്ട് -2000/- ആയിരുന്നു. കോളേജ് ഫണ്ടിലേയ്ക്ക് 2000/- കടം. എന്നു വച്ചാല്‍‌ കോളേജ് കോമ്മണ്‍‌ ഫണ്ടിലേയ്ക്ക് 2000 എടുത്തു കൊടുത്താലേ അവര്‍‌ ബാലന്‍‌സ് ‘പൂജ്യം’ എന്ന ഒരു സ്ലിപ്പെഴുതി തിരിച്ചു തരൂ എന്ന അവസ്ഥ.

എങ്കിലും ഒരു ടാലന്റ് എക്സിബിഷന്‍‌ നടത്തണമെന്നുള്ള ഞങ്ങളുടെ ആവശ്യം അസ്സോസിയേഷന്‍ മീറ്റിങ്ങില്‍‌ വച്ച് എല്ലാവരുടേയും സമ്പൂര്‍‌ണ്ണ പിന്തുണയോടെ അംഗീകരിക്കപ്പെട്ടു. അദ്ധ്യാപകരുടേയും വിദ്യാര്‍‌ത്ഥികളുടേയും പിന്തുണ ഉണ്ടെങ്കിലും പ്രശ്നം അപ്പോഴും ഫണ്ട് മാത്രമാണ്. അവസാനം അതിനും ഒരു വഴി കണ്ടു. എല്ലാ വിദ്യാര്‍‌ത്ഥികളുടേയും വീട്ടില്‍‌ പോയി അവരെ ക്ഷണിക്കുക. ഒപ്പം ഒരു സംഭാവന പിരിവും. കൂടാതെ നാട്ടിലുള്ള എല്ലാ കടകളിലും മറ്റും പരസ്യം പിടിക്കുക. അങ്ങനെ അതിന്റെ ഉത്തരവാദിത്വവും ഞങ്ങളുടെ തലയില്‍‌ തന്നെയായി.(എന്നു വച്ച് പഠന സമയത്തല്ല, ദിവസവും ക്ലാസ്സു കഴിഞ്ഞ് 5 മണിയ്ക്കു ശേഷം മാത്രം ഇറങ്ങും. അര്‍‌ദ്ധരാത്രിയോടെ തിരിച്ചെത്തും). അങ്ങനെ പോകുന്ന മിക്ക ദിവസങ്ങളിലും ഭക്ഷണം കഴിയ്ക്കുന്നതെല്ലാം വളരെ വൈകിയായിരിക്കും. എല്ലാ വീടുകളിലും കറങ്ങി, അവസാനം തിരികെ പോരും വഴി എവിടെ നിന്നെങ്കിലുമായിരിക്കും കഴിയ്ക്കുക.

അതു പോലൊരു ദിവസം യാത്ര മൂവാറ്റുപുഴ - കോതമംഗലം ഭാഗത്തേയ്ക്കായിരുന്നു. ഞങ്ങള്‍‌ക്കൊപ്പം സാധാരണ ഫിലിപ്പും തോമാ‍യും വിവേകും വരാറുണ്ടെങ്കിലും അന്ന് അവരുണ്ടായിരുന്നില്ല. 2001 മാര്‍‌ച്ച് അവസാനമാണ് സംഭവം. കൂട്ടത്തിലുള്ള ഭൂരിഭാഗം പേര്‍‌ക്കും ഈസ്റ്റര്‍ നോമ്പുണ്ട്. അന്ന്‍ കോതമംഗലം ഭാഗത്തുള്ള രണ്ടു മൂന്നു സുഹൃത്തുക്കളുടെ വീടുകളായിരുന്നു ലക്ഷ്യം. മുന്‍‌കൂട്ടി അറിയിച്ചു സമ്മതം വാങ്ങിയിരുന്നുവെങ്കിലും ചമ്മലോടെയാണ് ഞങ്ങള്‍‌ അവരുടെ വീടുകളില്‍‌ ചെന്നു കയറിയത്. വളരെ അടുത്ത സുഹൃത്തുക്കളായിട്ടും ആദ്യമായി അവരുടെ വീട്ടില്‍‌ ചെല്ലുന്നത് സംഭാവന പിരിയ്ക്കാനാണല്ലോ എന്നതു തന്നെ ചമ്മലിന്റെ കാരണം. എന്നാലും അസ്സോസിയേഷനു വേണ്ടി ആണല്ലോ എന്ന സമാധാനത്തില്‍‌ രണ്ടും കല്‍പ്പിച്ചു കയറി. ആദ്യം ജേക്കബിന്റെ വീട്ടില്‍‌. പിന്നെ, സോമിയുടെ വീട്ടില്‍‌. എല്ലായിടത്തു നിന്നും വളരെ സ്നേഹപൂര്‍‌വ്വമായ സ്വീകരണം. ചായ, നാരങ്ങാ വെള്ളം, സ്വീറ്റ്സ് അങ്ങനെ. രണ്ടിടത്തു നിന്നും എന്തെങ്കിലുമൊക്കെ കഴിച്ചെന്നു വരുത്തി, അവരെ എക്സിബിഷനു ക്ഷണിച്ച് അവസാനം സുമയുടെ വീട്ടിലേയ്ക്ക്. വഴി അറിയാത്തതിനാല്‍‌ സോമിയുടെ ചേട്ടനും കൂടെ വന്ന് വീട് കാണിച്ചു തന്നു. അപ്പോഴേയ്ക്കും രാത്രിയായിരുന്നു. അവിടെ നിന്നും കിട്ടി, എല്ലായിടത്തേയും പോലെ ചായയും ചിപ്സും. അവരുടെ വീട്ടുകാരെയും പരിപാടിയ്ക്ക് ക്ഷണിച്ച് അവിടെ നിന്നും സംഭാവനയും വാങ്ങി ഇറങ്ങാന്‍‌ തുടങ്ങുമ്പോള്‍‌ അവര്‍‌ നിര്‍‌ബന്ധിച്ചു, രാത്രിയായില്ലേ, ഭക്ഷണം കഴിച്ചിട്ടു പോകാമെന്നും പറഞ്ഞ്. എന്നാല്‍‌ സംഭാവന പിരിയ്ക്കാന്‍‌ വന്നതും പോരാഞ്ഞ് ഭക്ഷണം കൂടെ കഴിച്ച് അവരെ ബുദ്ധിമുട്ടിയ്ക്കാനുള്ള മടി കാരണം ഞങ്ങള്‍‌ അതു നിരസിച്ചു. സുമയും അവളുടെ അമ്മയും വീണ്ടും വീണ്ടും നിര്‍‌ബന്ധിച്ചപ്പോള്‍‌ ഞാന്‍‌ ചാടിക്കയറി പറഞ്ഞു , ‘ഞങ്ങള്‍‌ വരുന്ന വഴി ഫുഡ് കഴിച്ചതേയുള്ളൂ, അതു കൊണ്ടാണ് വേണ്ടാത്തത്‘ എന്ന്. പിന്നെ അവരും നിര്‍‌ബന്ധിച്ചില്ല.

അവരോടും യാത്ര പറഞ്ഞ് ഞങ്ങള്‍ തിരികെ യാത്ര തുടങ്ങി. അവരുടെ വീട്ടില്‍‌ നിന്നും കുറച്ചങ്ങു പോയതേയുള്ളൂ… മത്തന്‍‌ ബൈക്ക് ചവിട്ടി നിര്‍‌ത്തി. അതു കണ്ട് പുറകേ വന്നിരുന്നവരും നിര്‍‌ത്തി. “എന്താടാ നിര്‍‌ത്തിയത്” എന്ന് ഞാന്‍‌ ചോദിച്ചു തീരും മുന്‍‌പ് അവനെന്റെ കഴുത്തിനു പിടിച്ചു. എന്നിട്ടു ചോദിച്ചു.

“നമ്മളെല്ലാവരും ഒരുമിച്ചല്ലേടാ പട്ടീ കോളേജില്‍‌ നിന്നും ഇറങ്ങിയത്? എന്നിട്ട് ഇതിനിടയില്‍‌ നീ മാത്രമെപ്പൊഴാ വരുന്ന വഴി ഭക്ഷണം കഴിച്ചത്? നീ സുമയുടെ അമ്മയോട് പറയുന്നുണ്ടായിരുന്നല്ലോ നമ്മളെല്ലാവരും കഴിച്ചൂ എന്ന്”
“എടാ, അതു പിന്നെ, അവിടെ നിന്നും സംഭാവന പിരിച്ചതും പോരാ, ഇനി ഭക്ഷണവും കൂടെ കഴിയ്ക്കുന്നതെങ്ങനെയാടാ… അതാണ് ഞാനങ്ങനെ…” ഞാന്‍‌ ന്യായീകരിക്കാന്‍‌ ശ്രമിച്ചു.

“അളിയാ…വല്ലാതെ വിശക്കുന്നെടാ...” സുധിയപ്പനും മത്തനൊപ്പം കൂടി.

“എന്തായാലും സാരമില്ലെടാ, പോകുന്ന വഴി വല്ല തട്ടുകടയിലും കയറാം, ഹോട്ടലെല്ലാം അടച്ചു കാണും … മത്താ നീ വേഗം വിട് , സമയം 10 കഴിഞ്ഞു” ബിട്ടു ഒരു സമാധാനം കണ്ടെത്തി.

അങ്ങനെ എല്ലാവരും വീണ്ടും യാത്ര തുടര്‍‌ന്നു. മൂവാറ്റുപുഴ എത്തിയപ്പോള്‍‌ അവിടുത്തെ ഒരുവിധം തട്ടുകടകളും പൂട്ടിക്കഴിഞ്ഞു. ബാക്കിയുള്ളിടത്ത് ആകെയുള്ളത് മുട്ടയും ബ്രെഡും മാത്രം.

“മുട്ട ഏതായാലും വേണ്ട, നോമ്പുള്ളതാ” ബിമ്പുവിന്റെ അഭിപ്രായത്തെ ബിട്ടുവും ജോബിയും ന്യായീകരിച്ചു.

“എന്നാല്‍‌ പിറവത്തു നിന്നാകാം… ദോശ കാണാതിരിയ്ക്കില്ല” സുധി പറഞ്ഞു.

എല്ലാവരും സമ്മതിച്ചു. വീണ്ടും യാത്ര തുടര്‍‌ന്നു. പിറവത്ത് എത്തിയപ്പോള്‍‌ ഒരു തട്ടുകട മാത്രം തുറന്നിരിപ്പുണ്ട്. ബാക്കിയെല്ലാം അടച്ചു. അവിടെയാണെങ്കില്‍‌ ആകെയുള്ളത് പുട്ടു മാത്രവും.

“ഏയ്… ഈ രാത്രി സമയത്ത് പുട്ടു കഴിച്ചാല്‍‌ ശരിയാകില്ല. നമുക്ക് കൂത്താട്ടുകുളം വരെ പോകാമെടാ…10 കിലോമീറ്ററു കൂടെ പോയാല്‍‌ പോരെ? നല്ല കപ്പയും ദോശയും കിട്ടും”. മത്തന്‍‌ തന്റെ ഐഡിയ പുറത്തെടുത്തു.

രാത്രി പുട്ടിനേക്കാള്‍‌ എല്ലാവര്‍‌ക്കും പ്രിയം കപ്പയോ ദോശയോ ആയതിനാല്‍‌ ആരും എതിരു പറഞ്ഞില്ല. വിശപ്പു കാരണം സുധിയപ്പന്‍‌ മാത്രം ‘അതു വേണോടാ, പുട്ടു പോരേ’ എന്ന സന്ദേഹത്തില്‍‌ നിന്നു.

“ആദ്യം ഇവിടെ നിന്നും പുട്ടടിച്ചിട്ട് കൂത്താട്ടുകുളത്തു നിന്നും നമുക്ക് കപ്പയും പിന്നെ അഞ്ചാറു ദോശയുമായാലോ” കയ്യിലെ മസിലു വിറപ്പിച്ചു കൊണ്ട് ചോദിയ്ക്കുന്നതിനിടെ ജോബി പുട്ടിനെ നോക്കി വെള്ളമിറക്കി..

എന്നാല്‍‌ ഭൂരിഭാഗത്തിന്റെ അഭിപ്രായം മാനിച്ച് എല്ലാവരും കൂത്താട്ടുകുളത്തേയ്ക്ക് പറന്നു. പോകും വഴി ബിട്ടു മത്തനോട് ഒരിക്കല്‍‌ കൂടി ചോദിച്ചു “ മത്താ, സമയം 11.30 ആയീട്ടോ. അവിടെ ഫുഡ് ഉണ്ടാകുമോടാ?”

“എടാ, അവിടെ ഫുഡ് ഉണ്ടാകുമെന്ന് ഉറപ്പാ… നേരം വെളുക്കുന്നതു വരെ ഏതാണ്ട് 4 മണി - 5 മണി വരെ അവിടത്തെ ഒരു തട്ടുകട ഉണ്ടാകാറുണ്ട്. ഞാന്‍‌ പല തവണ അവിടെ നിന്നും അര്‍‌ദ്ധരാത്രി പോലും ഫുഡ് കഴിച്ചിട്ടുണ്ട്. നിങ്ങള്‍‌ ധൈര്യമായിപ്പോരേ…” മത്തന്‍‌ ഉറപ്പിച്ചു പറഞ്ഞു.

അങ്ങനെ വലിയ പ്രതീക്ഷയില്‍‌ രാത്രി 12 മണിയോടെ കൂത്താട്ടുകുളത്തെ ആ തട്ടുകടയിലെത്തുമ്പോള്‍‌ ഞങ്ങള്‍‌ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. അവിടുത്തെ ചേട്ടന്മാര്‍‌ വലിയ രണ്ടു മൂന്ന് ചെമ്പുകള്‍‌ കഴുകി വൃത്തിയാക്കുന്നു.

സംശയത്തോടെയെങ്കിലും ആ കടക്കാരോടുള്ള ചെറിയൊരു അടുപ്പം വച്ച് മത്തനവരോട് ചോദിച്ചു “ചേട്ടാ, കഴിയ്ക്കാനൊന്നുമില്ലേ?”

“അയ്യോ മാനെ, എല്ലാം തീര്‍‌ന്നുപോയല്ലോടാ. കുറച്ചു മുന്‍പ് ഒരു ടൂറിസ്റ്റ് ബസ്സ് ഇവിടെ നിര്‍‌ത്തി. ആ വണ്ടിയിലെ എല്ലാവരും ഇവിടെ നിന്നാണ് കഴിച്ചത്. അതോണ്ട് എല്ലാം നേരത്തേ തീര്‍‌ന്നു.”

അതും കേട്ടു കൊണ്ടാണ് ഞങ്ങള്‍‌ ബാക്കി എല്ലാവരും അങ്ങോട്ട് ചെല്ലുന്നത്. ഇനിയെന്തു പറയും എന്ന ദയനിയാവസ്ഥയില്‍‌ മത്തന്‍‌ സുധിയുടെ മുഖത്തേയ്ക്കു നോക്കുമ്പോള്‍‌ ഒന്നും മിണ്ടാതെ സുധി ഓടി വന്ന് ബൈക്കില്‍‌ കയറി. എന്നിട്ടു പറഞ്ഞു “ വേഗം വാടാ, പിറവത്തേയ്ക്ക് . പുട്ടെങ്കില്‍‌ പുട്ട്. അതും തീരുന്നതിനു മുന്‍പ് വാ”

പെട്ടെന്ന് എല്ലാവരും കര്‍‌മ്മ നിരതരായി. എല്ലാവരും ബൈക്ക് തിരിച്ചു വിട്ടു, വീണ്ടും പിറവത്തേയ്ക്ക്. വന്നതിനേയ്ക്കാള്‍‌ വേഗത്തിലാണ് തിരിച്ചു ചെന്നതെങ്കിലും അവിടേയും വൈകിപ്പോയിരുന്നു. അവിടുത്തെ ആ തട്ടുകടയും അടച്ചു പൂട്ടി പോയിക്കഴിഞ്ഞിരുന്നു.

ശൂന്യമായ ആ പിറവം ടൌണില്‍‌ ആരോടെന്നില്ലാതെ ഉറക്കെ രണ്ടു ചീത്തയും വിളിച്ച് കുറച്ചു നേരം കഴിഞ്ഞ് നിര്‍‌വ്വികാരമായ മുഖത്തോടെ സുധിയപ്പന്‍‌ അവന്റെ കയ്യിലിരുന്ന ബൈക്കിന്റെ താക്കോല്‍‌ എന്നെ ഏല്‍‌പ്പിച്ചു. ചോദ്യ ഭാവത്തില്‍‌ അവന്റെ മുഖത്തു നോക്കിയപ്പോള്‍‌ തളര്‍‌ന്ന ശബ്ദത്തില്‍ ദയനീയമായി അവന്‍‌ പറഞ്ഞു “നീ ഓടിച്ചാല്‍‌ മതി. വിശന്നിട്ട് കണ്ണു കാണാന്‍‌ വയ്യെടേയ്”

അവസാനം പിറവം മുതല്‍‌ റൂം എത്തുന്നതു വരെ സുഹൃത്തുക്കളുടെ വീടുകളില്‍‌ നിന്നുള്ള ഫുഡ് മുടക്കിയതിന് എന്നെയും, അവസാനം കിട്ടിയ ഭക്ഷണം പോരെന്നു പറഞ്ഞതിന് മത്തനേയും ചീത്ത പറഞ്ഞു കൊണ്ട് എല്ലാവരും ഞങ്ങളുടെ റൂമിലെത്തി. എന്നിട്ട് രണ്ടു കുപ്പി പച്ച വെള്ളം വീതം വലിച്ചു കേറ്റി ഉറങ്ങാന്‌ കിടക്കുമ്പോള്‍‌ ‘വിയറ്റ്നാം കോളനി’യില്‍‌ മോഹന്‍‌ ലാല്‍‌ ഇന്നസെന്റിനോട് പറയുന്ന ആ ഡയലോഗ് ഞാന്‍‌ ആത്മഗതം പോലെ പറഞ്ഞു.

“ഒരു നേരം ഭക്ഷണം കഴിച്ചില്ലാന്നു വച്ച് ആരും ചത്തൊന്നും പോകില്ലല്ലോ”

എന്നാല്‍‌ അറിയാതെ അത് അല്പം ഉറക്കെ ആയിപ്പോയതിനാല്‍‌ അതിന് മറുപടിയായി ബാക്കിയുള്ളവന്മാരുടെ വായിലിരിക്കുന്ന അന്നത്തെ അവസാനത്തെ ചീത്തയും കൂടെ കേട്ടിട്ടാണ് ഞാനന്ന് ഉറങ്ങിയത്.

Wednesday, October 24, 2007

ഒരു റാഗിങ്ങ് കഥ

ഞങ്ങള്‍‌ ബിരുദാനന്തര ബിരുദ പഠനത്തിനായി തഞ്ചാവൂര്‍‌ക്ക് ചേക്കേറിയ 2 വര്‍‌ഷക്കാലം ഞങ്ങള്‍‌ക്ക് നല്ലതും ചീത്തയുമായ ഒട്ടേറെ അനുഭവങ്ങള്‍‌ പകര്‍‌ന്നു തന്നിട്ടുണ്ട്. ജീവിതത്തിന്റെ വിവിധ വശങ്ങള്‍‌ മനസ്സിലാക്കാനും, ഒരു പ്രശ്നം വന്നാല്‍‌ അതെങ്ങനെ നേരിടണമെന്നുമുള്ള അറിവുകള്‍‌ നേടാനും സഹായിച്ചു എന്നതൊഴിച്ചാല്‍‌ അവിടെ നിന്നും ലഭിച്ച നല്ല അനുഭവങ്ങള്‍‌ കുറവാണ്. അതു കൊണ്ടു കൂടിയാകണം ഇടയ്ക്കുവീണു കിട്ടിയിരുന്ന രസകരമായ അനുഭവങ്ങള്‍‌ ഞങ്ങള്‍‌ അങ്ങേയറ്റം ആസ്വദിച്ചിരുന്നതും ഇന്നും മറക്കാനാകാത്തതും. അത്തരം ഒരു സംഭവമാണ് ഇവിടെ വിവരിക്കുന്നത്.

ഞങ്ങള്‍‌ രണ്ടാം വര്‍‌ഷത്തിലേയ്ക്കു കടന്ന സമയം. ജൂനിയേഴ്സ് എല്ലാം വന്നു തുടങ്ങി ജൂനിയേഴ്സ് വരുന്നതിനും ഏതാണ്ട് ഒരു മാസത്തോളം മുന്‍‌പേ തന്നെ ഞങ്ങളുടെ റൂമിലെ ചങ്ങാതിമാരെല്ലാവരും ചര്‍‌ച്ച തുടങ്ങി. വേറൊന്നുമല്ല, നവാഗതരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു തന്നെ ഞങ്ങള്‍‌ ആദ്യ വര്‍‌ഷം വന്നെത്തിയപ്പോള്‍‌ ആരും മോശം പറയാത്ത രീതിയില്‍‌ തന്നെ ഞങ്ങളുടെ സീനിയേഴ്സ് ഞങ്ങളെ സ്വീകരിച്ചിരുന്നു (ചിലര്‍‌ ഇതിനെ റാഗിംങ് എന്നു വിളിക്കും). നമുക്കു കിട്ടിയതിനു പകരം ഇനി വരുന്നവരോടും അങ്ങനെ പെരുമാറുന്നതില്‍‌ അര്‍‌ത്ഥമില്ലെന്ന് അറിയാമായിരുന്നതിനാല്‍‌ ഞങ്ങള്‍‌ മൂന്നു നാലു പേര്‍ക്ക്‌ ഈ തീരുമാനത്തോട് യോജിപ്പില്ലായിരുന്നു എങ്കിലും ഞങ്ങള്‍‌ മാത്രമായി മാറി നില്‍‌ക്കരുതെന്നും വെറുതെ മറ്റുള്ളവരുടെ കൂടെ നിന്നാല്‍‌ മതിയെന്നു മൊക്കെ എല്ലാവരും വന്ന് പല തവണ പറഞ്ഞതിനാല്‍‌ താല്പര്യമില്ലെങ്കില്‍‌ കൂടി അവരുടെ കൂടെ കൂടാ‍മെന്നു ഞങ്ങളും സമ്മതിച്ചു. മാത്രമല്ല, ആരെയും ഉപദ്രവിക്കില്ലെന്നും, ഒരു നേരം പോക്കെന്ന രീതിയില്‍‌ മാത്രമേ നീങ്ങൂ എന്നും അവരും തീരുമാനിച്ചിരുന്നു.

അങ്ങനെ ആ സമയം വന്നെത്തി ജൂനിയേഴ്സ് എത്തിത്തുടങ്ങി. പ്രതീക്ഷിച്ചതു പോലെ തന്നെ, കുറച്ചു പേര്‍‌ താമസിക്കാനായി എത്തിയത് ഞങ്ങളുടെ റൂമിനടുത്തു തന്നെ. അന്നൊരു ദിവസം ഞങ്ങളില്‍‌ രണ്ടു മൂന്നു പേര്‍‌ അവരെ പരിചയപ്പെടാനായി ഞങ്ങളുടെ റൂമിലേയ്ക്കു വിളിച്ചു. എല്ലാവരും വലിയ ഗൌരവത്തിലൊക്കെ അവരെ നേരിടാന്‍‌ ഒരുങ്ങിയിരുന്നു. എന്നാലും ഉള്ളില്‍‌ ചെറിയൊരു പേടിയൊക്കെ എല്ലാവര്‍‌ക്കും ഉണ്ടായിരുന്നു. ഞങ്ങള്‍‌ വിരട്ടിയെന്നും പറഞ്ഞ് അവന്‍‌മാരെങ്ങാനും പോയി കോളേജില്‍‌ പരാതി പറഞ്ഞാല്‍‌ ഗുലുമാലാകുമല്ലോ.

അപ്പോഴാണ് മത്തന്‍ ഒരു ഐഡിയ തോന്നിയത്. എന്നു വച്ചാല്‍‌ ജൂനിയേഴ്സ് ഉള്ളപ്പോള്‍‌ ഞങ്ങളാരും സ്വന്തം പേരു വച്ച് പരസ്പരം സംബോധന ചെയ്യാതിരിക്കുക. അപ്പോള്‍‌ അവര്‍‌ക്കു ഞങ്ങളുടെ ശരിയായ പേരുകള്‍‌ കിട്ടില്ലല്ലോ. എന്തായാലും ആ ഐഡിയ എല്ലാവര്‍‌ക്കും സ്വീകാര്യമായി. മത്തന്‍‌ സ്വന്തം പേരിനു പകരം “അലക്സ്’“ എന്ന പേരു സ്വീകരിച്ചു. മറ്റുള്ളവര്‍‌ ജെയിംസ്, സ്റ്റീഫന്‍‌,ഉണ്ണി തുടങ്ങി തോന്നിയ പോലെ പേരുകള്‍‌ തിരഞ്ഞെടുത്തു.

കുറച്ചു നേരം കഴിഞ്ഞു ജൂനിയേഴ്സ് കുറച്ചൊക്കെ ആശങ്കയോടെ ഞങ്ങളുടെ റൂമിലെത്തി മത്തനും ബിമ്പുവും സുധിയപ്പനുമുള്‍‌പ്പെടെ എന്തിന് പിള്ളേച്ചന്‍‌ പോലും ഉഷാറായി. ഓരോന്നും പറഞ്ഞും ചോദിച്ചും അവര്‍‌ പിള്ളേരെ വിരട്ടുന്നു... ഇതിനിടെ ജോബി, തനിക്കു മുന്‍‌ വര്‍‌ഷം ഏറ്റവും കൂടുതലായി ചെയ്യേണ്ടി വന്ന ഒരു പ്രത്യേക തരം സല്യൂട്ട് അവരെക്കൊണ്ട് ചെയ്യിക്കാന്‍‌ ശ്രമിക്കുന്നു പിള്ളേച്ചന്‍‌ എല്ലാം ആസ്വദിച്ചു കൊണ്ട് ചിരിച്ചു കൊണ്ട് കൂടെ നില്‍‌ക്കുന്നു.

അതിനിടയില്‍‌ ഞാനും സുധിയും എന്തോ സംസാരിച്ചു കൊണ്ട് വരാന്തയില്‍‌ നില്‍‌ക്കുകയായിരുന്നു. ഞങ്ങള്‍‌ക്കു കാണാവുന്ന രീതിയില്‍‌ അടുത്ത മുറിയില്‍‌ മത്തന്‍‌ സ്വന്തം ആരോഗ്യ സ്ഥിതി പോലും വക വയ്ക്കാതെയാണ് ഒച്ചയിട്ടു കൊണ്ട് അവരെ പേടിപ്പിക്കുന്നത്. അപ്പോള്‍‌ ഞാന്‍‌ എന്തോ കാര്യത്തെ പറ്റി സുധിയപ്പനോടു സംസാരിക്കുകയാണ്. അതെപ്പറ്റി അവനും അത്ര ഉറപ്പില്ല. അവന്‍‌ പറഞ്ഞത് അത് മത്തനേ അറിയൂ എന്നാണ്. മത്തനോട് ചോദിക്കണം അതിനെന്താ ഇപ്പോ തന്നെ ചോദിച്ചേക്കാമെന്നും പറഞ്ഞ് സുധിയപ്പന്‍‌ അവനെ വിളിക്കാനൊരുങ്ങി. പെട്ടെന്ന് ഞാന്‍‌ അവനെ ഓര്‍‌മ്മപ്പെടുത്തി-“ എടാ, സ്വന്തം പേരില്‍‌ വിളിക്കരുതെന്ന് അവന്‍‌ പറഞ്ഞിട്ടുണ്ട് കേട്ടോ”

അപ്പോഴാണ് അവനും അത് ഓര്‍‌ത്തത്” ആ അതു ശരിയാ ഞാന്‍‌ മറന്നുഎന്താടാ അവന്റെ പേര്‍ ? അലക്സ് എന്നല്ലേ?”

ഞാന്‍‌ തല കുലുക്കി.

“അലക്സേ ഇങ്ങോട്ടൊന്നു വന്നേടാ” സുധി വിളിച്ചു.

എവിടെ? മത്തന്‍‌ കേട്ട ഭാവമില്ല. അവന്‍‌ ജൂനിയേഴ്സിനെ നിരത്തി നിര്‍‌ത്തി ചൂടാവുകയാണ്.

സുധിയപ്പന്‍‌ പിന്നെയും വിളിച്ചു. ഒരു രക്ഷയുമില്ല. കുറച്ചു കൂടി ഉറക്കെ വിളിച്ചു നോക്കി മത്തന്റെ അടുത്തു നില്‍‌ക്കുന്ന ജൂനിയേഴ്സ് ആ വിളി കേട്ട് തല പൊക്കി ഞങ്ങളെ നോക്കി. എന്നിട്ടും മത്തന്‍ അനക്കമില്ല.

സുധിയപ്പനു കലി കയറി.”ഈ **** ന് ചെവിയും കേള്‍‌ക്കില്ലേ? ഡാ അലക്സേ നിന്നെ വിളിച്ചത് കേട്ടില്ലേ ഇവിടെ വാടാ” അവന്‍‌ അലറി.

ഇത്തവണ മത്തന്‍‌ ഗൌരവത്തോടെ തിരിഞ്ഞു നോക്കി. എന്നിട്ട് ജൂനിയേഴ്സിനോടായി ദേഷ്യത്തില്‍‌ പറഞ്ഞു.” ഇതിലാരാടാ അലക്സ്? നിന്നെയൊക്കെ വിളിക്കുന്നതു കേട്ടില്ലേടാ‍? വിളിക്കുന്നിടത്തു ചെന്നു കൂടേ? ആരാടാ ഈ അലക്സ്?”

ഒരു നിമിഷം!

വിളിച്ച സുധിയപ്പനും ഇതു കേട്ടു കൊണ്ടു നിന്ന ഞാനും മറ്റു കൂട്ടുകാരും വല്ലാത്തൊരു അവസ്ഥയിലായി. എന്തിന്? ജൂനിയേഴ്സു പോലും ഇതെന്തു കഥ എന്ന അര്‍‌ത്ഥത്തില്‍‌ ഞങ്ങളെ പകച്ചു നോക്കി നിന്നു. ചിരിയടക്കാന്‍‌ പാടു പെട്ട ഞാന്‍‌ പെട്ടെന്ന് അവിടെ നിന്നും വലിഞ്ഞു. രണ്ടു മൂന്നു നിമിഷങ്ങള്‍‌ക്കകം എല്ലാവരും എന്റെ അടുത്തെത്തി, കൂടെ മത്തനും. പിന്നെ, കുറെ നേരത്തേയ്ക്ക് ഞങ്ങള്‍‌ ചിരിയോടു ചിരിയായിരുന്നു. അവന്‍‌ തന്നെ സ്വന്തം പേരായി തിരഞ്ഞെടുത്തതാണ് അലക്സ് എന്ന പേര്‍ എന്നുള്ള കാര്യം മത്തന്‍‌ മറന്നു പോയിരുന്നു. എന്തായാലും ആ വിദ്യ പൊളിഞ്ഞതു കാരണം ജൂനിയേഴ്സും രക്ഷപ്പെട്ടു.

Tuesday, October 23, 2007

കമ്പയിന്‍‌ സ്റ്റഡിയും വല്യമ്മച്ചിയും


ഞങ്ങള്‍‌ പിറവം ബിപിസി കോളേജില്‍‌ പഠിക്കുന്ന കാലം. അക്കാലത്ത് ഞാനും ബിട്ടുവും കുല്ലുവും മാത്രമാണ് അവിടെ കോളേജിനടുത്ത് ഒരു റൂമെടുത്ത് താമസിച്ചിരുന്നത്. ബാക്കി എല്ലാവരുടേയും വീടുകള്‍‌ ഒരുവിധം അടുത്തു തന്നെയാണ്. അവരെല്ലാം ‘മിക്കവാറും’ എല്ലാ ദിവസവും സ്വന്തം വീട്ടില്‍‌ നിന്നും തന്നെയാണ് കോളേജില്‍‌ വന്നുപോയ്ക്കോണ്ടിരുന്നത്. (ലവന്മാരൊക്കെ ഒരുമാതിരി ദിവസങ്ങളിലെല്ലാം ഞങ്ങളുടെ റൂമില്‍‌ തന്നെ കാണും കേട്ടോ. അതുകൊണ്ടാണ് ‘മിക്കവാറും’ എന്നു സൂചിപ്പിച്ചത്.)

എന്തായാലും ഇതിനൊരു പ്രായ്ശ്ചിത്തം എന്ന പോലെയാകണം, ഇടയ്ക്ക് ഒരു അവധി ദിവസം വന്നാല്‍‌ അപ്പോള്‍‌ തന്നെ ഇവന്മാരാരെങ്കിലും ഞങ്ങളെയെല്ലാവരേയും അവരുടെ വീട്ടിലേയ്ക്കു ക്ഷണിക്കുമായിരുന്നു. ആദ്യം കുറച്ചൊക്കെ ജാഢ കാണിക്കുമെങ്കിലും ഞങ്ങള്‍‌ ചെല്ലാമെന്നു സമ്മതിക്കും... എല്ലാവരും കൂടെ ചെല്ലുകയും ചെയ്യും. എന്നു കരുതി, ആ വീട്ടുകാര്‍‌ക്ക് ശല്യമൊന്നുമാകില്ല. പക്ഷേ, ഒരു കുഞ്ഞു സദ്യയ്ക്കു വേണ്ട ഏര്‍‌പ്പാടുകളൊക്കെ അവരു ചെയ്യേണ്ടി വരുമെന്നു മാത്രം. കാരണം വിളിക്കുന്നത് ഞങ്ങളെ മൂന്നു പേരെയുമാണെങ്കിലും ചെല്ലുന്നത് ഞങ്ങള്‍‌ ഏഴും കൂടിയാണേയ്. എങ്ങനെയൊക്കെ ആയാലും ഞങ്ങളെ എല്ലാവരേയും ഇപ്പറഞ്ഞ എല്ലാവരുടേയും വീട്ടുകാര്‍‌ക്ക് നല്ലവണ്ണം അറിയാമായിരുന്നു. (കുറച്ചൊന്നുമല്ലല്ലോ, ഞങ്ങളെ സഹിച്ചിരിക്കുന്നത് അവരാരും അതൊന്നും ഈ ജന്മത്തു മറക്കാനിടയില്ല)

വല്ലപ്പോഴുമുള്ള ഈ വിസിറ്റിനു പുറമേ പരീക്ഷാക്കാലമടുത്താല്‍ ഞങ്ങള്‍‌ ചിലപ്പോഴെല്ലാം കമ്പയിന്‍‌ സ്റ്റഡി നടത്താറുള്ളത് ഇവന്മാരുടെ ആരുടെയെങ്കിലും വീട്ടിലായിരിക്കും. ഈ ‘കമ്പയിന്‍‌ സ്റ്റഡി’യെപ്പറ്റി ഞാന്‍‌ വിശദീകരിക്കേണ്ടല്ലോ. പഠിക്കുന്നതിനിടയില്‍‌ ‘ഒരു ചോദ്യം കണ്ടാല്‍ അതേതു ചാപ്റ്ററില്‍‌ നിന്നാണെന്ന് ആര്‍‌ക്കും പറയാനറിയില്ലായിരുന്നുവെങ്കിലും അടുക്കളയില്‍‌ നിന്നും ഒരു മണം വന്നാല്‍‌ അതേതു കറിയായിരിക്കും’ എന്നു പറയാനുള്ള ഒരു പ്രത്യേക വൈദഗ്ദ്ധ്യം ഞങ്ങള്‍‌ക്കു കൈ വന്നതിനു കാരണം ഈ കമ്പയിന്‍‌ സ്റ്റഡി ആയിരുന്നു എന്ന് നിസ്സംശയം പറയാം.

അങ്ങനെ മൂന്നാം വര്‍‌ഷം, അഞ്ചാം സെമസ്റ്ററിലോ മറ്റോ സ്റ്റഡിലീവ് സമയത്ത് ബിമ്പു ഒരു അബദ്ധം കാണിച്ചു…. എന്നു വച്ചാല്‍‌ ഞങ്ങളെ അവന്റെ വീട്ടിലേയ്ക്ക് കമ്പയിന്‍‌ സ്റ്റഡിയ്ക്കു ക്ഷണിച്ചു. ഇതു കേട്ടതോടെ രണ്ടു ദിവസം അവിടെ നില്‍ക്കാനുള്ള പ്ലാനില്‍‌ പതിവു പോലെ എല്ലാവരും കൂടെ പുസ്തകങ്ങളും അത്യാവശ്യം വസ്ത്രങ്ങളുമായി അങ്ങോട്ട് കെട്ടിയെടുത്തു.

സാധാരണ, ആദ്യത്തെ ദിവസം പഠനമൊന്നും നടക്കില്ല. ആ വീട്ടുകാരോടെല്ലാം വിശേഷങ്ങളും പറഞ്ഞ് ആ നാടും പറമ്പുമെല്ലാം ചുറ്റി നടന്ന്, പഠനസാമഗ്രികളെല്ലാം തയ്യാറാക്കി ഇടയ്ക്ക് ഭക്ഷണവും കഴിച്ചങ്ങനെ ഇരിക്കും. അതുപോലെ തന്നെ അന്നും തുടര്‍ന്നു. ചെന്നു കയറിയതു തന്നെ സന്ധ്യയ്ക്കായിരുന്നു. പറമ്പിലെല്ലാം ഒന്നു ചുറ്റി, ഒന്നു കുളിച്ചു റെഡിയായപ്പോഴേയ്ക്കും സമയം രാത്രിയായി. പുസ്തകങ്ങളും മറ്റും നിരത്തിയപ്പോഴേയ്ക്കും ബിമ്പുവിന്റെ മമ്മി വന്നു ഭക്ഷണം കഴിക്കാന്‍‌ വിളിച്ചു. എല്ലാവരും അതു കേള്‍‌ക്കാനിരിക്കുകയായിരുന്നു എന്ന പോലെ ഡൈനിങ്ങ് ടേബിളിലേയ്ക്ക് ഓടി. പതിവു പോലെ ആദ്യമെത്തിയത് സുധിയപ്പന്‍‌ തന്നെ. (ഞങ്ങളുടെ കൂട്ടത്തില്‍‌ ഇടയ്ക്കിടെ ഈ വിശപ്പിന്റെ അസുഖമുള്ള ആളായിരുന്നു ഈ സുധിയപ്പന്‍‌). എല്ലാവരും ടേബിളിനു ചുറ്റും നിരന്നിരുന്നു. കൂടെ ബിമ്പുവും അവന്റെ പപ്പയും അനുജനും കുഞ്ഞനുജത്തിയും.

അപ്പോഴേയ്ക്കും ബിമ്പുവിന്റെ വല്യമ്മച്ചിയും (പപ്പയൂടെ അമ്മ)എത്തി. പ്രായാധിക്യം കൊണ്ട് കാഴ്ചയ്ക്ക് അല്‍പ്പം പ്രശ്നമുണ്ടായിരുന്നു വല്യമ്മച്ചിക്ക്. ഒപ്പം കുറച്ച് ഓര്‍‌മ്മക്കുറവും. ഞങ്ങളെയെല്ലാവരേയും മുന്‍പ് കണ്ടു പരിചയമുണ്ടായിരുന്നുവെങ്കിലും മറന്നുകാണുമല്ലോ എന്ന ശങ്കയില്‍‌ ഞങ്ങള്‍‌ ഭക്ഷണം കഴിക്കുന്നതിന്റെ വേഗം ഒരല്പം കുറച്ചു. വെട്ടി വിഴുങ്ങുന്നത് ഒരു മയത്തിലാക്കി എന്നര്‍‌ത്ഥം. അവന്റെ പപ്പയ്ക്കും മമ്മിയ്ക്കുമെല്ലാം ഞങ്ങളെ മുന്‍‌പേ അറിയാമായിരുന്നതിനാല്‍‌ അവരുടെ മുന്‍‌പില്‍‌ ഇനിയും ഇമേജ് കുറയുമോ എന്ന ശങ്ക ഇല്ലായിരുന്നു. (വല്ലതും ഉണ്ടേലല്ലേ കുറയൂ) ഞങ്ങളുടെ സ്ട്രൈക്ക് റേറ്റ് കുറയാന്‍‌ കാരണം വല്യമ്മച്ഛിയുടെ സാന്നിധ്യമാണെന്ന് മനസ്സിലാക്കിയ ബിമ്പു ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. “നിങ്ങള്‍‌ കഴിക്ക് അളിയന്മാരേ… വല്യമ്മച്ഛിയ്ക്ക് നിങ്ങളെയൊക്കെ അറിയാവുന്നതാ”

ഒപ്പം വല്യമ്മച്ഛിയോടൊരു ചോദ്യവും “ വല്യമ്മച്ഛീ… ഇവരെയൊക്കെ മനസ്സിലായില്ലേ?”

ബിമ്പുവിന്റെ കൂട്ടുകാരാണെന്ന് മനസ്സിലാക്കിയ വല്യമ്മച്ഛി പരിചയഭാവത്തില്‍‌ ചിരിച്ചു കൊണ്ട് പറഞ്ഞു “പിന്നില്ലാതെ…!”

എന്നിട്ട് പതിയെ ഇതൊന്നും അത്ര ശ്രദ്ധിക്കാതെ ഒരു ചിക്കന്‍‌ പീസില്‍‌ നിന്ന് ശ്രദ്ധയോടെ അവസാന തരി ഇറച്ചിയും കൂടെ കടിച്ചെടുക്കുന്നതില്‍‌ മാത്രം വ്യാപൃതനായിരുന്ന സുധിയപ്പന്റെ അടുത്തെത്തി. എന്നിട്ടവന്റെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.

“ അല്ലാ, കൊച്ച് ആണോ പെണ്ണോ?”

തിന്നു കൊണ്ടിരുന്ന ചിക്കന്‍‌ പീസ് തൊണ്ടയില്‍‌ കുടുങ്ങിയതു പോലെ സുധിയപ്പനൊന്ന് ഞെട്ടി. ഒപ്പം ഞങ്ങളെല്ലാവരും. ‘വല്യമ്മച്ഛിയ്ക്ക് കണ്ണിന് ഇത്രയും കാഴ്ചക്കുറവുണ്ടോ?’ ‘സുധിയെ കണ്ടിട്ടാണോ ആണാണോ പെണ്ണാണോ എന്നു ചോദിക്കുന്നത്?’ ‘ഭാഗ്യം! ഞങ്ങളോടാരോടും ചോദിച്ചില്ലല്ലോ’ എന്നെല്ലാമുള്ള ചിന്തകള്‍‌ക്കു പുറമേ ഒരറ്റത്തു നിന്നും മത്തന്‍‌ മാലപ്പടക്കത്തിനു തിരി കൊളുത്തിയതു പോലെ ചിരി തുടങ്ങി. പിന്നെ, പിടിച്ചു നിര്‍‌ത്താനാകാതെ ഞങ്ങളും കൂടെ കൂടി. ആ കൂട്ടച്ചിരിക്കിടയില്‍‌ സുധിയപ്പന്‍‌ മാത്രം അത്രയും നേരം വാരി വിഴുങ്ങിയതെല്ലാം ആവിയായിപ്പോയ പോലെ ചിരിക്കണോ കരയണോ എന്നറിയാതെ ഇരുന്നു.

അപ്പോഴേയ്ക്കും സംഭവം മനസ്സിലാക്കിയ ബിമ്പു ഇടപെട്ടു. അവന്‍‌ വിശദീകരിച്ചപ്പോഴാണ് എല്ലാവര്‍‌ക്കും കാര്യം മനസ്സിലായത്. ഈ സംഭവം നടക്കുന്നതിനും ഒന്നു രണ്ടാഴ്ച മുന്‍‌പ് ബിട്ടു ബിമ്പുവിന്റെ വീട്ടില്‍‌ പോയിരുന്നു. അന്ന് ബിട്ടു വല്യമ്മച്ചിയോട് കുറേ നേരം സംസാരിച്ച കൂട്ടത്തില്‍‌ മഞ്ജുവേച്ചി (അവന്റെ സഹോദരി) പ്രസവിക്കാന്‍‌ കിടക്കുന്ന കാര്യവും സൂചിപ്പിച്ചിരുന്നു. അതിനു ശേഷം വല്യമ്മച്ചി എല്ലാവരേയും ഒരുമിച്ചു കണ്ടപ്പോഴാണ് ആ കാര്യം ഓര്‍‌മ്മ വന്നത്. അപ്പോഴെന്തോ, ബിട്ടുവാണെന്നു തെറ്റിദ്ധരിച്ച് സുധിയപ്പനോട് ചേച്ചിയുടെ കൊച്ച് ആണാണോ പെണ്ണാണോ എന്ന് ചോദിച്ചതായിരുന്നു. എന്നാല്‍‌ ആളു മാറിയതു കൊണ്ടും ആ പഴയ സംഭവം ബിമ്പുവിനല്ലാതെ ആര്‍‌ക്കുമറിയില്ലായിരുന്നതു കൊണ്ടും സുധിയപ്പനുള്‍‌പ്പെടെ എല്ലാവര്ക്കും അതൊരു നേരം പോക്കായി മാറുകയായിരുന്നു. എന്തായാലും ആ സംഭവം സുധിയപ്പനും ബിമ്പുവിന്റെ വീട്ടുകാരുമുള്‍‌പ്പെടെ എല്ലാവരും ആസ്വദിച്ച് ആഘോഷിച്ചു.

സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കിയ ആശ്വാസത്തില്‍‌ സുധിയപ്പനാകട്ടെ, തേഡ് അമ്പയറുടെ തീരുമാനത്തില്‍‌ ഔട്ടാകാതെ രക്ഷപ്പെട്ട ബാറ്റ്സ്മാന്റെ ആത്മവിശ്വാസത്തോടെ അടുത്ത ചിക്കന്‍‌ പീസുമായി മല്‍പ്പിടുത്തത്തിലേര്‍‌പ്പെട്ടു, കൂടെ ഞങ്ങളും.

അതിനു ശേഷം വളരെക്കാലത്തേയ്ക്ക് ഞങ്ങള്‍‌ക്ക് പറഞ്ഞു ചിരിക്കാനും സുധിയപ്പനെ കളിയാക്കാനും ഉള്ള ഒരു സംഭവമായിരുന്നു അത്. അങ്ങനെ എല്ലാവരും ഒരുമിച്ചുള്ളപ്പോള്‍‌ ഞങ്ങളവനോട് പറയും ‘അന്ന് ബിമ്പു അവനെ രക്ഷിക്കാന്‍‌ വേണ്ടി മാത്രമാണ് ബിട്ടുവിന്റെ കാര്യം എടുത്തിട്ടത്’ എന്ന്. ‌ അപ്പോള്‍ അതിന്റെ തുടര്‍‌ച്ചയായി &%***&#@% എന്നെല്ലാം പറഞ്ഞു കൊണ്ട് സുധിയപ്പന്‍‌ ആരും കാണാതെ കണ്ണാടിയിലേയ്ക്ക് ഒന്നു പാളി നോക്കുമായിരുന്നു.

സാധാരണ ക്ലീന്‍‌ ഷേവ് ചെയ്തു നടക്കാറുള്ള അവന്‍‌ പിന്നെ കുറേക്കാലത്തേയ്ക്ക് മീശയും താടിയും വളര്‍‌ത്തുന്ന കാര്യത്തിലും വളരെയേറെ ശ്രദ്ധിച്ചിരുന്നു എന്നതും എടുത്തു പറയേണ്ടതാണ്.

Sunday, October 14, 2007

ഒരു തണുത്ത വെളുപ്പാന് കാലത്ത്

2001 നവംബര്‍‌ മാസത്തിലെ ഒരു തണുത്ത വെളുപ്പാന്‍‌കാലം. അക്കാലത്ത് ഞാന്‍‌ പിറവത്ത് ബിരുദപഠനം നടത്തുകയാണ്. മിക്കവാറും രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോള്‍‌ നേരെ എന്റെ നാട്ടിലേയ്ക്ക് പോരും. എന്നിട്ട് അടുത്ത തിങ്കളാഴ്ച രാവിലെ 5 മണിയോടെ വീട്ടില്‍‌ നിന്നും ഇറങ്ങും. ആ സമയത്ത് ബസ്സ് കിട്ടാത്തതിനാല്‍‌ കൊരട്ടി വരെയുള്ള 5 കി. മീ. ഞാന്‍‌ സൈക്കിളിനു പോകുകയാണ് പതിവ്. എങ്കിലേ 9 മണിക്കു മുന്‍പ് കോളേജില്‍‌ എത്തിപ്പെടാന്‍‌ കഴിയൂ.

അങ്ങനെ രണ്ടാം വര്‍‌ഷപഠനത്തിനിടയ്ക്ക് ഒരു ദിവസം ഞാന്‍‌ നാട്ടിലെത്തി. ആയിടയ്ക്കാണ് അടുത്ത വീട്ടിലെ സുഹൃത്തായ ജിബീഷേട്ടന്‍‌ ഒരു പഴയ സ്കൂട്ടര്‍‌ തരപ്പെടുത്തിയത്. ആ വണ്ടിയെ പറ്റി പറയാനാണെങ്കില്‍‌ തന്നെ ഒരുപാടുണ്ട്. ചുരുക്കി പറഞ്ഞാല്‍‌ പഴയ ആ വിജയ് സൂപ്പര്‍‌ ഒരു സംഭവം തന്നെ ആയിരുന്നു. അത് സ്റ്റാര്‍‌ട്ട് ചെയ്യണമെങ്കില്‍‌ 10 മിനുട്ട് വേണം. സ്റ്റാര്‍‌ട്ടായാല്‍‌ 2-3 കിലോമീറ്റര്‍‌ ചുറ്റളവിലുള്ള നാട്ടുകാരെല്ലാം പിറുപിറുത്തു തുടങ്ങും “ദേ, മാഷ് വണ്ടി സ്റ്റാര്‍‌ട്ടാക്കി” (കൂട്ടത്തില്‍- സൂചിപ്പിക്കട്ടെ, ഈ ജിബീഷേട്ടന്‍‌ ഒരു അദ്ധ്യാപകനാണ് കേട്ടോ).

നാട്ടില്‍‌ ചെന്നിറങ്ങിയ ഉടനേ ഈ വിജയ് സൂപ്പറും കൊണ്ടായി ഞങ്ങളുടെ യാത്ര. എന്നു വച്ചാല്‍‌ ഞാനും ജിബീഷേട്ടനും എവിടേയ്ക്ക് പോയാലും ഇതും കൊണ്ട് പോകും. അന്ന് പെട്രോളിനും വിലക്കുറവായിരുന്നല്ലോ. വിജയ് സൂപ്പറായിരുന്നുവെങ്കിലും അന്ന് ഞങ്ങള്‍‌ക്കത് വലിയൊരു സഹായമായിരുന്നു. നാട്ടുകാര്‍‌ക്കായിരുന്നു അതു കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍‌ ചെവി പൊളിക്കുന്ന ശബ്ദവും, പറക്കും തളികയിലെ ബസ്സ് പോയതിനു ശേഷം കാണുന്ന പോലത്തെ കറുത്ത പുകയും. അതായത്, ഞങ്ങള്‍‌ ഈ വണ്ടിയും കൊണ്ട് പോയാല്‍‌ പിന്നെ ഒരു മൂന്നു മിനിട്ടു നേരത്തേയ്ക്ക് ആ വഴിയില്‍‌ ഒന്നും കാണാനാകുമായിരുന്നില്ല.

ജിബീഷേട്ടന്‍‌ ഒരു അദ്ധ്യാപകനായിരുന്നതു കൊണ്ടാണോ നാട്ടുകാര്‍‌ ഒന്നും പറയാതിരുന്നത് എന്നറിയില്ല. മാത്രമല്ല, അന്ന് ഇന്നത്തേപ്പൊലെ അധികം വണ്ടികളൊന്നും ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നുമില്ല. അതു കൊണ്ടു കൂടിയാകാം വല്ലപ്പോഴുമുള്ള ഈ വണ്ടിയെ നാട്ടുകാര്‍‌ വിട്ടുകളഞ്ഞത്.

അങ്ങനെ ഒരവസരത്തിലാണ് ജിബീഷേട്ടന്‍‌ പറഞ്ഞത് “ നീ രാവിലെ പോകുമ്പോള്‍ എന്തിന് സൈക്കിളിനു പോണം നമുക്ക് ഈ സ്കൂട്ടറിനു പോകാമല്ലോ. കൂടെ ഞാനോ നിന്റെ ചേട്ടനോ വരാം. എന്നിട്ട് വണ്ടി ഞങ്ങള്‍‌ തിരിച്ചു കൊണ്ടു വരാം” ( മറ്റെല്ലാവരും അതിനെ ലൂണ/ ലാമ്പി എന്നൊക്കെ കളിയാക്കി വിളിക്കുമ്പോള്‍‌‍ ജിബീഷേട്ടന്‍‌ മാത്രമാണ് അതിനെ സ്കൂട്ടര്‍‌ എന്നു വിളിച്ചിരുന്നത്).

അതൊരു കൊള്ളാവുന്ന ഐഡിയ ആയി എനിക്കും തോന്നി. രാവിലെ തന്നെ സൈക്കിള്‍‌ ചവിട്ടേണ്ടല്ലോ. അങ്ങനെ തുടര്‍‌ന്നുള്ള എന്റെ മടക്കയാത്രയില്‍‌ ആ വണ്ടി എനിക്കും ഒരുപകാരമായി.

പക്ഷേ, ഒരു പ്രശ്നമുണ്ട്. ആ ശകടം സ്റ്റാര്‍‌ട്ടായി കിട്ടുന്നതിന് മിനിമം 15 മിനുട്ടെടുക്കും. (പ്രത്യേകിച്ചും വെളുപ്പിന്) എഞ്ചിനൊക്കെ ഒന്നു ചൂടു പിടിക്കുന്നതു വരെ അതിന്‍‌ മേല്‍‌ ഗുസ്തി പിടിക്കണം. ആ പത്തു പതിനഞ്ചു മിനുട്ടു കൊണ്ട് ചുറ്റുവട്ടത്തുള്ളവരെല്ലാം എഴുന്നേറ്റിട്ടുണ്ടാകും. എന്നാലും വീട്ടുകാരെ ഓര്‍‌ത്തിട്ടോ എന്തോ അതിനും നാട്ടുകാര്‌ ഒന്നും പറയാറില്ല, പാവങ്ങള്‍‌! എല്ലാം സഹിച്ചു.

അങ്ങനെ ഒരു തവണ ഞാന്‍‌ നാട്ടിലെ അവധിക്കാലവും കഴിഞ്ഞ് തിരികെ പിറവത്തേയ്ക്ക് പോകാനൊരുങ്ങുകയായിരുന്നു. അന്നൊരു ദിവസം ജിബീഷ് ചേട്ടനെ ബുദ്ധിമുട്ടിക്കേണ്ടല്ലോ എന്നു കരുതി, എന്റെ കൂടെ ചേട്ടന്‍‌ (ഇപ്പോള്‍‌ ഹരിശ്രീ എന്ന ബ്ലോഗര്‍‌)വരാമെന്നേറ്റു. അന്ന് എന്തോ ഒരു കാരണം കൊണ്ട് ഒരല്‍പ്പം താമസിച്ചാണ് ഞങ്ങള്‍‌ ഇറങ്ങിയത്. സാധാരണ ഇറങ്ങുന്ന 5.00 നു പകരം 5.15 ആയി. അതായത് ഇനി കഷ്ടിച്ച് 10 മിനുട്ടു കൊണ്ട് കൊരട്ടിയിലെത്തണം. 5.25 ന് സാധാരണ കിട്ടാറുള്ള ഒരു പുനലൂര്‍‌ ഫാസ്റ്റ് പാസഞ്ചറുണ്ട്. അതു പോയാല്‍‌ പിന്നെ ഉടനെയൊന്നുമില്ല, ഞാന്‍‌ കോളേജിലെത്താന്‍‌ വൈകുകയും ചെയ്യും.

അതു കൊണ്ട് ഞാനും ചേട്ടനും കുറച്ചു ധൃതിയിലാണ് ഇറങ്ങിയത്. കുറച്ചു കൂടി എക്സ്പര്‍‌ട്ട് ഡ്രൈവറായതിനാല്‍‌ വണ്ടി ഓടിക്കുന്ന ദൌത്യം ഞാനേറ്റെടുത്തു. (ഉവ്വ!)

എന്തായാലും ആ വളവും തിരിവും നിറയെ ഗട്ടറുകളുമുള്ള അ വഴിയിലൂടെ ഞാന്‍- വണ്ടി പറപ്പിച്ചു വിട്ടു.(എന്നു വച്ചാല്‍‌ ഒരു പഴഞ്ചന്‍‌ വിജയ് സൂപ്പറിന്റെ പരമാവധി വേഗം ഊഹിക്കാമല്ലൊ. എന്നാലും അതിന്റെ മാക്സിമം വേഗത്തില്‍‌) .ആ വണ്ടിയുടെ ഹെഡ് ലൈറ്റാണെങ്കില്‍‌ ഒരു മെഴുകുതിരിയുടെ വെട്ടമേ ഉണ്ടായിരുന്നുമുള്ളൂ. എങ്കിലും വെളുപ്പിനേ ആയിരുന്നതിനാല്‍‌ റോഡില്‍‌ കാര്യമായി ആരുമുണ്ടാകില്ലെന്നുള്ള ധൈര്യത്തിലുമാണ് ഞാന്‍‌ ഫുള്‍‌സ്പീഡില്‍‌ ഓടിച്ചത്. മാത്രമല്ല, നല്ല പരിചയമുള്ള വഴി ആയതിനാല്‍‌ എവിടെയൊക്കെയാണ് ഗട്ടറുകള്‍‌, എവിടെയൊക്കെയാണ് ഹമ്പുകള്‍‌ ,വളവുകള്‍‌ എന്നെല്ലാം നന്നായി അറിയാമായിരുന്നു.

പിറകിലിരുന്ന ചേട്ടന്‍‌ എന്റെ പോക്കു കണ്ട് “പതുക്കെ പോടാ…”, “ നീ നിര്‍‌ത്ത്, ഞാനോടിക്കാം” എന്നെല്ലാം വിളിച്ചു കൂവുന്നതൊന്നും മുഖവിലയ്ക്കെടുക്കാതെ ഞാന്‍‌ വണ്ടി കത്തിച്ചു വിടുകയാണ്. മറ്റൊന്നുമല്ല, ബസ്സ് മിസ്സാകുമെന്ന പേടി തന്നെ കാരണം.

അങ്ങനെ പകുതി ദൂരം കഴിഞ്ഞു. കുലയിടം എന്ന സ്ഥലവും കഴിഞ്ഞ് റോഡ് കുറേ ദൂരം വളവുകളൊന്നുമില്ലാതെ കിടക്കുകയാണ്. അങ്ങു ദൂരെ വരെ കാണാം. ആ ധൈര്യത്തില്‍- ഞാന്‍‌ വണ്ടി ഫോര്‍‌ത്ത് ഗിയറില്‍‌ തന്നെ ഫുള്‍‌ ആക്സിലറേറ്റരില്‍‌ ഓടിക്കുകയാണ്. റോട്ടിലെങ്ങും ആരുമില്ല. ഇരുട്ടു മാറിയിട്ടില്ലെങ്കിലും ഇടയ്ക്കിടെ സ്ടീറ്റ് ലൈറ്റുമുണ്ട്. അങ്ങു ദൂരെ ഒരാള്‍‌ സൈക്കിളില്‍‌ പോകുന്നതു മാത്രം കാണാം. അല്ലാതെ ആരുമില്ല.

ദൂരെ ഒരാള്‍‌ മാത്രമല്ലേ സൈക്കിളില്‍‌ എനിക്കു മുന്‍പേ പോകുന്നതായുള്ളൂ. എതിരേ ആരും വരുന്നുമില്ല. എങ്കില്‍‌ അയാളെക്കൂടെ ഓവര്‍‌ടേക്ക് ചെയ്ത് പോയേക്കാമെന്ന് ഞാന്‍‌ കുറേ ദൂരെ നിന്നേ മനസ്സില്‍‌ തീരുമാനിച്ചു. അയാളപ്പോള്‍‌ സൈക്കിള്‍‌ ഓടിക്കുന്നത് ഏതാണ്ട് റോഡിനു നടുവിലൂടെയാണ്. ‘ഞാനടുത്തെത്തുമ്പോഴേയ്ക്കും അയാള്‍‌ ഇടത്തോട്ടു മാറുമായിരിക്കും. അപ്പോള്‍‌ വലതു ഭാഗത്തു കൂടെ എനിക്ക് അയാളെ ഓവര്‍‌ടേക്ക് ചെയ്യാം‘ എന്നെല്ലാം മനസ്സില്‍‌ കണക്കു കൂട്ടി ഞാനും ഏതാണ്ട് റോഡിനു നടുക്കു കൂടെ തന്നെ ഓടിക്കുകയാണ്.

അയാളും ഞാനും തമ്മിലുള്ള ദൂരം കുറഞ്ഞു വരികയാണ്. ആ ഭാഗത്താണെങ്കില്‍‌ 2 സ്ടീറ്റ് ലൈറ്റുകള്‍‌ കത്തുന്നുണ്ടായിരുന്നുമില്ല. അതു കൊണ്ട്, സൈക്കിളില്‍‌ ഒരു രൂപത്തെ കാണാമെന്നല്ലാതെ അയാളെ എനിക്കപ്പോഴും വ്യക്തമായി കാണാനാകുന്നില്ല. അങ്ങനെ ഞാനയാളുടെ അടുത്തേയ്ക്ക് അടുക്കുകയാണ്. അപ്പോഴാണ് ഞാനത് ശ്രദ്ധിക്കുന്നത്. എനിക്കു വലതു ഭാഗത്തു കൂടെ കടന്നു പോകാന്‍‌ വഴി തരുന്നതിനു പകരം അയാളും വലത്തോട്ട് നീങ്ങി നീങ്ങി വരുകയാണ്. വലത്തു ഭാഗത്തു കൂടെ ഓവര്‍‌ടേക്കു ചെയ്യുന്നതാണല്ലോ ശരി എന്നും കരുതി, ഞാനും വണ്ടി വലത്തോട്ടു തന്നെ നീക്കുകയാണ്.

അയാളെന്താ ഇടത്തേയ്ക്കു മാറാത്തത് എന്ന് ആലോചിക്കുമ്പോഴേയ്ക്കും ഞാനയാളുടെ ഏതാണ്ട് ഒരു 50 മീറ്ററോളം അടുത്തെത്തി. അപ്പോഴാണ് എനിക്കയാളെ ശരിക്കും കാണാന്‍‌ കഴിഞ്ഞത്. ഞാന്‍‌ കരുതിയതു പോലെ അയാള്‍‌ എനിക്കു മുന്‍പേ പോകുകയായിരുന്നില്ല. എനിക്കെതിരേ സൈക്കിളിനു വരുകയായിരുന്നു. ആ സമയമായതിനാലും റോഡില്‍‌ ആവശ്യത്തിന് വെളിച്ചമില്ലാതിരുന്നതിനാലും അയാള്‍‌ എനിക്കു നേരെയാണ് വരുന്നതെന്ന് എനിക്കു മനസ്സിലായിരുന്നില്ല. അയാള്‍‌ സൈക്കിള്‍‌ സൈഡിലേക്കൊതുക്കാമെന്നു കരുതിയായിരിക്കണം വലത്തോട്ടു നീങ്ങിയത്. എന്നാല്‍‌ അയാള്‍‌‌ മുന്‍പേ പോകുകയാണെന്നു കരുതി അയാളെ വലത്തു ഭാഗത്തു കൂടി ഓവര്‍‌ടേക്ക് ചെയ്യാനായി എന്റെ വണ്ടിയുമായി റോഡിനു വലത്തു ഭാഗത്തേയ്ക്ക് അതിവേഗം വരുകയായിരുന്നല്ലോ ഞാന്‍‌.

സംഭവം എനിക്കു വ്യക്തമായപ്പോഴേയ്ക്കും ഞാനയാളുടെ തൊട്ടടുത്തെത്തിയിരുന്നു. ആസന്നമായ, ഒഴിവാക്കാനാകാത്ത ഒരു ദുരന്തം മനസ്സിലാക്കിയ അയാള്‍‌ ഒഴിഞ്ഞു മാറാനിട കിട്ടാതെ, വരുന്നതു നേരിടുവാനെന്ന വണ്ണം നില്‍‌ക്കുകയായിരുന്നു. പെട്ടെന്ന് സംഭവം പിടി കിട്ടിയ ഞാന്‍‌ അതിവേഗം വണ്ടി ഒന്നു പാളിച്ച് ഏതാണ്ട് റോഡില്‍‌ ഒരു “S” എഴുതിയതു പോലെ വണ്ടി വളച്ചു ചവിട്ടി നിര്‍‌ത്തി. എങ്കിലും വന്ന വേഗത കാരണം സ്കൂട്ടറിന്റെ ഒരു സൈഡ് ആ സൈക്കിളിന്റെ പുറകിലെ സ്റ്റാന്‍‌ഡുമായി ചെറുതായൊന്ന് ഉരഞ്ഞു. അപ്പോഴേയ്ക്കും സൈക്കിള്‍‌ അയാള്‍‌ നിര്‍‌ത്തിയതിനാല്‍‌ ഒന്നു ഉലഞ്ഞതല്ലാതെ അയാള്‍‌ക്കും ഒന്നും പറ്റിയില്ല. സ്കൂട്ടര്‍‌ റോഡിനു വട്ടം നിര്‍‌ത്തി, സ്റ്റാന്‍‌ഡിട്ട് ഞാന്‍‌ ചാടിയിറങ്ങി, അയാളുടെ അടുത്തേയ്ക്കോടി ചെന്നു.

അപ്പോള്‍‌ അയാളാകട്ടെ ഉറപ്പിച്ചു എന്നു കരുതി ഉപേക്ഷിക്കാന്‍‌ തയ്യാറായ ജീവന്‍‌ അപ്രതീക്ഷിതമായി തിരികെ കിട്ടിയ സന്തോഷത്തിലും അവിശ്വാസത്തിലും ശ്വാ‍സം പോലും വിടാനാകാതെ നില്‍‌ക്കുകയായിരുന്നു.

“സോറി ചേട്ടാ, എന്തെങ്കിലും പറ്റിയോ?” എന്ന എന്റെ ചോദ്യത്തിന് “ഇല്ല. നോക്കിപ്പോകണ്ടേ മോനേ” എന്നു മാത്രമാണ് അയാള്‍‌ പറഞ്ഞത്.

(സത്യമായിട്ടും ആ ‘മോനെ’ എന്ന വിളിക്കു മുന്‍‌പോ പിന്‍‌പോ അയാള്‍‌ ഒന്നും ചേര്‍‌ത്തില്ലാട്ടോ.ജീവന്‍‌ തിരിച്ചു കിട്ടിയ സന്തോഷം കാരണമായിരിക്കും )

എന്തായാലും വലിയോരു അപകടം ഒഴിവായിക്കിട്ടിയതിന്റെ സന്തോഷത്തോടെയാണ് ഞാനന്ന് എന്റെ യാത്ര തുടര്‍‌ന്നത്.

[എന്തായാലും കഷ്ടപ്പെട്ടത് വെറുതെയായില്ലാട്ടോ, ഞാന്‍‌ കൊരട്ടിയില്‍‌ വണ്ടി നിര്‍‌ത്തി ഓടിച്ചെല്ലുമ്പോഴേയ്ക്കും പുനലൂര്‍‌ ഫാസ്റ്റ് സ്റ്റോപ്പില്‍‌ നിന്നും എടുക്കുന്നതേയുണ്ടായിരുന്നുള്ളൂ]