Friday, January 12, 2024

കാന്തമല ചരിതം (1,2,3 ഭാഗങ്ങൾ)

 പുസ്തകം :  കാന്തമല ചരിതം (1,2,3 ഭാഗങ്ങൾ)

രചയിതാവ് : വിഷ്ണു എം സി

വിഭാഗം :  നോവൽ 

ഭാഷ : മലയാളം

പ്രസാധകർ : ലോഗോസ് ബുക്ക്സ്

Rating : 4/5


പുസ്തക പരിചയം :


സാഹസിക വായനകൾ ഇഷ്ടപ്പെടുന്ന ആർക്കും, ഏതു പ്രായക്കാർക്കും വായിക്കാവുന്ന  പുസ്തകങ്ങൾ ആണ് വിഷ്ണു എം സി യുടെ കാന്തമല ചരിതം പരമ്പരയിലെ മൂന്ന് പുസ്തകങ്ങൾ. ഹിസ്റ്റോറിക്കൽ മിത്തിക്കൽ ഫിക്ഷൻ വിഭാഗത്തിൽ പെടുത്താവുന്നവയാണു ഈ പുസ്തകങ്ങൾ.

 കാന്തമലയുടെ  ചരിത്രം ഈ മൂന്നു പുസ്തകങ്ങളിലായി വായിച്ചറിയുന്ന നേരമത്രയും വായനക്കാരൻ മലയാളികൾ മുൻപ് പരിചയിയ്ക്കാത്ത മറ്റൊരു ലോകത്ത്  ആയിരിയ്ക്കും എന്നുറപ്പാണ്.

നീണ്ട നാളുകളുടെ പ്രയത്നങ്ങൾക്ക് ഒടുവിൽ ആണ് കഥാകൃത്ത് ഈ നോവൽ ത്രയത്തിലെ ആദ്യ പുസ്തകം  എഴുതി തുടങ്ങിയത് തന്നെ. മൂന്നു ഭാഗങ്ങൾ ഇറങ്ങാനും മൂന്നിലധികം വർഷങ്ങളും വേണ്ടി വന്നു. വ്യക്തമായ, ആഴത്തിലുള്ള ഗവേഷണമില്ലാതെ എഴുതാനാകാത്ത വിഷയമായതു കൊണ്ടു തന്നെ ആ ദൈർഘ്യം സ്വാഭാവികം തന്നെയെന്ന് സമ്മതിയ്ക്കേണ്ടി വരും.

ഇതിൽ സ്വാമി അയ്യപ്പനുണ്ട്, ശബരിമലയുണ്ട്, കാന്തമലയുണ്ട്,  ഈജിപ്തിലെ ഒരു കാലഘട്ടമുണ്ട്,  അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളുണ്ട്. 

‘കാന്തമല ചരിതം, അഖിനാതെന്റെ നിധി’ എന്ന പുസ്തകത്തിൽ നിന്നാണ് ഈ കഥ പറയാൻ തുടങ്ങുന്നത്.  ആരും കാണാത്ത, ആരും പോകാത്ത കാന്തമലയിലെ  ക്ഷേത്രത്തെ കുറിച്ച് അറിയാനാണ് നായകനായ മിഥുൻ യാത്ര തുടങ്ങുന്നത്. എന്നാൽ കാന്തമലയെ ചുറ്റി ഒരു വലിയ രഹസ്യം തന്നെയുണ്ട്. അതിനുള്ളിലുള്ളത് ലോകത്തെത്തന്നെ തകർക്കാൻ ശേഷിയുള്ള ഒരു രഹസ്യമാണ്, അതിനെ തേടി അവിടേയ്ക്ക് പോയവരാരും തിരികെ വന്നിട്ടില്ല.   നിഗൂഢ ശക്തികളുടെ നിയന്ത്രണത്തിലുള്ള ആ കാട്ടിലേക്കാണ് അതിന്റെ രഹസ്യമന്വേഷിച്ച് മിഥുൻ യാത്ര പോകുന്നത്.  അവിടെ വച്ച് അവന് ഒന്നുമെഴുതാത്ത ഒരു പുസ്തകം ലഭിക്കുന്നു, എന്നാൽ അതിലൂടെ അവൻ തിരിച്ചറിഞ്ഞതും അനുഭവിച്ചറിഞ്ഞതും കാന്തമലയുടെ ചരിത്രം തന്നെ ആയിരുന്നു.

എന്താണ് കാന്തമലയും ഈജിപ്തിലെ ഫറവോയും തമ്മിലുള്ള ബന്ധം? ഒരുപാട് രഹസ്യങ്ങളുടെ ഉത്തരങ്ങൾ ആണ് മൂന്ന് പുസ്തകങ്ങളിലായി നമ്മെ കാത്തിരിയ്ക്കുന്നത്.   ചരിത്രവും കൽപ്പനയും വിശ്വാസവും കെട്ടുപിണഞ്ഞു കിടക്കുന്ന ഈ കഥയിലൂടെ കടന്നു പോകുമ്പോൾ ഇവ തമ്മിലുള്ള അതിരുകൾ ഇല്ലാതാകുന്നതും വായനക്കാർക്ക് അനുഭവിച്ചറിയാം. 

ഒന്നാം ഭാഗം റിലീസ് ചെയ്ത് കൃത്യം ഒരു വർഷത്തിനു ശേഷം ഇറങ്ങിയ 'അറോലക്കാടിന്റെ രഹസ്യം' എന്ന രണ്ടാം ഭാഗത്തിൽ ആഴവർ നമ്പിയും ഉദയനും ചിന്നത്തായിയും കരിമലയരയനും ബാബറും കടുത്തയും നീലിയും കാളിയനും ആദം സബ്രയും നേഫ്രിതിതിയും  മലയരയരും തുറയരയരും ശബരിമല കാടുകളും പാണ്ട്യ രാജ്യവും  മൂവായിരം വർഷം മുൻപത്തെ ഈജിപ്തും അവിടുത്തെ ഫറവോമാരും ഒക്കെ നിറഞ്ഞാടുകയാണ്.  രത്തപ്പറവൈ എന്ന പ്രാകൃതവും ക്രൂരവുമായ ശിക്ഷാരീതിയിലൂടെ നിലയ്ക്കൽ കാവൽ പടത്തലവനായ കുഞ്ഞമ്പു ചേകോനെ ചിന്ന കൊലപ്പെടുത്ത വിവരണം  ഏതൊരു വായനക്കാരനും ഉൾക്കിടിലത്തോടെ അല്ലാതെ വായിച്ചു മുഴുമിപ്പിയ്ക്കാൻ ആകില്ലെന്നുറപ്പ്.

ഈ രണ്ടു പുസ്തകങ്ങൾക്ക് ശേഷം ഏതാണ്ടു രണ്ടര വർഷങ്ങങ്ങൾക്ക് ശേഷമാണ് മൂന്നാമത്തെയും അവസാനത്തെയും ഭാഗമായ യുദ്ധകാണ്ഠം ഇറങ്ങുന്നത്.

"ജീവന്റെ കല്ല്" വീണ്ടെടുക്കാനും സംരക്ഷിയ്ക്കാനും സ്വന്തം ജീവൻ പോലും കളയാൻ തയ്യാറായ ഒരു കൂട്ടം ആളുകളുടെ ത്രസിപ്പിയ്ക്കുന്ന പോരാട്ടം ആണ് മൂന്നാം ഭാഗം. ഇതിൽ മണികണ്ടനും മിഥുനും ശ്രീജിത്തിനും ഒപ്പം  വാവരും വെളുത്തച്ചനും  പഞ്ചമിയും പൂങ്കൊടിയും കമ്മാരപ്പണിക്കരുമെല്ലാം വായനക്കാരെ ഹരം കൊള്ളിയ്ക്കുന്നുണ്ട്. ഇവർക്ക്  ഒപ്പം മൂവായിരം വർഷങൾക്ക് മുൻപത്തെ ഈജിപ്തിൽ നിന്ന്  തുത്തമോസ്,   അഖിനാതെൻ,  നെഫ്രിതിതി,  നെഹസി,  താമോസ്, സെമ്പുലി ... അങ്ങനെ ഒരുപിടി കഥാപാത്രങ്ങൾ.  ഒന്നാം ഭാഗവും രണ്ടാം ഭാഗവും ബാക്കി വച്ചത് എല്ലാം ഈ മൂന്നാം ഭാഗത്തിൽ പൂരിപ്പിയ്ക്കപ്പെടുന്നുണ്ട്.

 ചരിത്രകഥകളിലെ വീര മണികണ്ഠനെ  മലയരയരുടെ കണ്ടന്റെ മകൻ മണികണ്ടനായി അവതരിപ്പിക്കുന്ന കഥാകൃത്ത് നാമറിയാത്ത, അഥവാ സൗകര്യപൂർവ്വം വിസ്മൃതിയിലാക്കിയ  ഗോത്രവംശജരുടേതു കൂടിയായ യഥാർത്ഥ  ചരിത്രത്തിലേയ്ക്കുള്ള ഒരു തിരിച്ചുപോക്കു കൂടിയാണ് ഈ പുസ്തകങ്ങങ്ങളിലൂടെ നമുക്ക് നൽകുന്നത്.  

മൂവായിരം വർഷങ്ങൾക്ക് മുൻപുള്ള ഈജിപ്തിലെ ഫറവോമാരെയും നെഹസിയുടെ മെഡ്ജെയ് പ്രസ്ഥാനത്തിലെ പോരാളികളെയും ആയിരം വർഷം മുൻപുള്ള പാണ്ട്യരെയും ആഴ് വർ നമ്പിയുടെ കൊണ്ടെയ് വീരന്മാരെയും ഈ ആധുനിക കാലത്തുള്ളവരെയും ഒരുമിച്ചു ഒരൊറ്റ ക്യാൻവാസിൽ യുക്തിഭദ്രമായി അവതരിപ്പിയ്ക്കുക എന്നത് നിസ്സാര കാര്യമല്ല. അവിടെ അറോലക്കാടിനെ കൊള്ളയടിയ്ക്കാൻ വന്നവരും ആ രഹസ്യം സംരക്ഷിക്കാൻ ഇറങ്ങിയവരും എല്ലാം ഒത്തു ചേരുന്നു. 

ഈ കഥാപാത്രങ്ങൾക്കൊപ്പം ഈജിപ്തിലെ മരുഭൂമിയിലൂടെയും അറോല കാടുകളിലൂടെയും ഉള്ള ഒരു ഗംഭീര യാത്രയാണ് ഈ പുസ്തകം. അവിടെ നാം നടുക്കുന്ന യുദ്ധ രംഗങ്ങൾ കാണും...  രക്തം മരവിപ്പിയ്ക്കുന്ന കൊടും ക്രൂരതകൾക്ക് സാക്ഷിയാകും... ചിലപ്പോൾ  ടൈം ട്രാവൽ ചെയ്യും. ടൈം ലൂപ്പിൽ പെട്ട് ഉഴറും. 

മലയാളത്തിൽ  ഇത്തരത്തിലുള്ള കഥകൾ തീർച്ചയായും ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. ഈ പുസ്തകങ്ങൾക്കായി വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾ നടത്തിയ വിഷ്ണുവിന് എല്ലാ ഭാവുകളും... ഒപ്പം കാന്തമല ചരിതം പുസ്തകങ്ങൾ കൂടുതൽ വായനക്കാരിലേയ്ക്ക് എത്തട്ടെ എന്നും ആശംസിയ്ക്കുന്നു. പുതിയ പുസ്തകങ്ങൾക്കായി കാത്തിരിയ്ക്കുന്നു.


- ശ്രീ

Monday, January 8, 2024

സസ്പെൻസ് ജീൻ

 പുസ്തകം :  സസ്പെൻസ് ജീൻ

രചയിതാവ് : രജത് ആർ

വിഭാഗം :  നോവൽ 

ഭാഷ : മലയാളം

പ്രസാധകർ :  ബുക്ക്സ്

പേജ് : 254

വില : 310

Rating : 4.25/5


പുസ്തക പരിചയം :


ഒന്നാം ഫോറൻസിക് അദ്ധ്യായം, ബോഡി ലാബ് എന്നീ നോവലുകൾക്ക് ശേഷം ഡോക്ടർ രജത് ന്റേതായി പുറത്തിറങ്ങിയ മെഡിക്കൽ ത്രില്ലർ ആണ് സസ്പെൻസ് ജീൻ.

അദ്ദേഹത്തിന്റെ മുൻ രചനകളിൽ ഒന്നെങ്കിലും വായിച്ചിട്ടുള്ളവർക്ക് എഴുത്തിൽ ഉള്ള രജത് ഡോക്ടറുടെ മികവിനെ പറ്റി ഒരു സംശയവും ഉണ്ടാകാനിടയില്ല. എന്നിരുന്നാൽ തന്നെയും മുൻ പുസ്തകങ്ങളെ ബഹുദൂരം പിന്നിലാക്കുന്നത്ര മികവ് അവകാശപ്പെടാൻ കഴിവുള്ള പുസ്തകം ആണ് സസ്പെൻസ് ജീൻ.

ഓരോ മനുഷ്യരിലും സവിശേഷമായ ചില ജീനുകള്‍ ഉണ്ടത്രേ! മനുഷ്യ ശരീരങ്ങളിലുള്ള ആ ജീനുകളുടെ ഘടനകളിൽ ഉണ്ടാകാവുന്ന വ്യതിയാനങ്ങൾക്കും പ്രത്യേകതകൾക്കും അനുസരിച്ച് ഓരോ മനുഷ്യനും വ്യത്യസ്ത കഴിവുകളും ശാരീരികാവസ്ഥകളും... എന്തിനു സ്വന്തം ഇഷ്ടങ്ങളും താല്പര്യങ്ങളും പോലും മാറിവരുന്നു. 

കർണ്ണാടകയിലെ പവിത്ര മഠ് മെഡിക്കൽ കോളേജിൽ  നടക്കുന്ന മരണങ്ങൾക്ക് പിന്നിലെ ദുരൂഹതകളിലെയ്ക്കുള്ള ഒരു അന്വേഷണം ആണ് ഈ നോവൽ.

മുൻപ് ബോഡി ലാബ് എന്ന പുസ്തകത്തിലേത് പോലെ തന്നെ ആ ആശുപത്രിയും പരിസരവും നാനോലാബിലെ ഇടനാഴികളും എല്ലാം തന്നെ ഒരു സിനിമയിൽ എന്നത് പോലെ നമ്മുടെ മനസ്സിൽ കാണിച്ചു തരുവാൻ സാധിയ്ക്കുന്നത്ര ഭംഗിയായിട്ടാണ് ഡോക്ടർ രജത് ഈ നോവൽ എഴുതിയിരിയ്ക്കുന്നത്.  ഇത് പോലുള്ള ഒരു  മെഡിക്കൽ  പശ്ചാത്തലത്തിലുള്ള കഥയെ നല്ല അച്ചടക്കത്തോടെ, വായനാ സുഖം നഷ്ടപ്പെടുത്താതെ ഒട്ടും തന്നെ ബോറടിപ്പിയ്ക്കാതെ... എന്നാൽ വിശദാംശങ്ങൾ സാധാരണക്കാരന് പോലും മനസ്സിലാക്കാൻ കഴിയും വിധം വിവരിച്ചു കൊണ്ട് എഴുതി തീർക്കുക എന്നത് തീർച്ചയായും അഭിനന്ദനാർഹമാണ്.

കേന്ദ്ര കഥാപാത്രമായി വരുന്ന ഡോക്ടർ ഹരീഷിന്റെ പഠന കാലം മുതൽ പത്ത് പതിനഞ്ചു  വർഷത്തോളം വരുന്ന കാലയളവുകൾക്കുള്ളിൽ  പവിത്ര മഠ് മെഡിക്കൽ കോളേജിലും അതിനോട് ചേർന്നു നിൽക്കുന്ന റിസർച്ച് ലാബായ നാനോ ലാബിലും  നടക്കുന്ന ചില സംഭവങ്ങൾ ആണ് കഥയുടെ കാതൽ.

 അര്‍ബുദത്തിനെതിരേ പ്രയോഗിയ്ക്കാവുന്ന  'നാനോ മരുന്ന്‌' വികസിപ്പിച്ചെടുക്കാനുള്ള ലക്ഷ്യത്തിൽ ആണു ഡോക്ടർ ഹരീഷ്. ഒരു രാത്രിയിൽ എന്തോ ശബ്ദം കേട്ട് പുറത്തിറങ്ങുന്ന ഹരീഷ് ആശുപത്രിയിലെ ഒരു  ഇരുട്ടുമുറിയില്‍ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ തിളങ്ങുന്ന ശവശരീരം കണ്ട് ഭയക്കുന്നു. എന്നാൽ അത് ഒരു മായക്കാഴ്ച ആണോ എന്ന് ഉറപ്പിയ്ക്കാൻ കഴിയാതെ ഹരീഷ് വിഷമിയ്ക്കുന്നു, പതിയെ ആ സംഭവം മറക്കുന്നു. എന്നാൽ ഒന്നിന് പുറകെ ഒന്നായി അസ്വാഭാവികവും ദുരൂഹവുമായ സംഭവങ്ങൾ നടക്കാനിരിയ്ക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

 ജീവൻ രക്ഷിക്കാനുള്ള മരുന്നിനായി വർഷങ്ങളോളം പരീക്ഷണങ്ങൾ നടത്തുന്നത് പലപ്പോഴും വലിയ വാർത്തയാകാറുണ്ട്. എന്നാൽ മരുന്നു പരീക്ഷണങ്ങൾ പരാജയമാകുന്നതിന്റെ അനന്തര ഫലമായുണ്ടാകുന്ന,  ഉപയോഗ്യശൂന്യമായതെന്ന് കരുതുന്ന പല ബൈ പ്രോഡക്റ്റുകളുടെയും മാരകശേഷി നാം അറിയാതെ പോകുന്നു. അപ്പോൾ അവ അനർഹമായ കൈകളിൽ എത്തിയാലോ?

ദുരൂഹമായ അനുഭവങ്ങളും മരണങ്ങളും അവിടെ ഒരു തുടർക്കഥ ആകുമ്പോൾ ആ ദുരൂഹതയുടെ ചുരുളഴിയ്ക്കാൻ ഇൻസ്‌പെകടർ ശേഖറിന് ഒപ്പം ഡോക്ടർ ഹരീഷും കൈ കോർക്കുന്നു.  

ഏതുനിമിഷവും നമുക്ക് പ്രിയപ്പെട്ടവരെ വേർപിരിയേണ്ടിവന്നേക്കാം. അതൊന്നും നമ്മുടെ കൈയിലല്ല. എന്നാൽ അവസാനശ്വാസംവരെ അവർക്കു വേണ്ടി കഴിയുന്നതെല്ലാം ചെയ്യാനാവുമ്പോഴാണ് ബന്ധങ്ങൾക്ക് പൂർണ്ണതയുണ്ടാവുന്നത്.

കോവിഡ് കാലഘട്ടത്തിലൂടെ കടന്നു പോകുന്ന നോവലിന്റെ അവസാന ഭാഗത്ത് ഈ വാചകം നമ്മെ ഒന്ന് മനസ്സിരുത്തി ചിന്തിപ്പിയ്ക്കുന്നുണ്ട് .

ആ കാലഘട്ടത്തിലെ ഡോക്ടർമാരുടെയും സന്നദ്ധപ്രവർത്തകരുടെയും ബുദ്ധിമുട്ടുകളും അവരുടെ ആത്മാർഥതയും പരിശ്രമങ്ങളും എല്ലാം  ഒരിയ്ക്കൽ കൂടി   ഓർമ്മപ്പെടുത്തുവാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട് നോവലിലൂടെ.

ത്രില്ലർ പ്രേമികളായ വായനക്കാർക്ക് ഒരു സംശയവും കൂടാതെ വായിയ്ക്കാൻ തിരഞ്ഞെടുക്കാവുന്ന നല്ലോരു നോവൽ ആണ് സസ്പെൻസ് ജീൻ


ശ്രീ

Friday, December 15, 2023

ആനോ

 പുസ്തകം :  ആനോ

രചയിതാവ് : ജി. ആർ ഇന്ദുഗോപൻ

വിഭാഗം :  നോവൽ 

ഭാഷ : മലയാളം

പ്രസാധകർ :  ഡി സി ബുക്ക്സ്

പേജ് : 544

വില : 699

Rating : 4/5

പുസ്തക പരിചയം :

1962ൽ വിശുദ്ധനഗരമായ വത്തിക്കാനിൽ ഗ്രന്ഥശാലയ്ക്ക് സമീപം കുഴിയെടുത്തപ്പോൾ അതിൽ നിന്നും അസാധാരണ വലിപ്പമുള്ള അസ്ഥിക്കഷണങ്ങളും പല്ലും കിട്ടി. ഇതിന്റെ രഹസ്യമറിയാൻ പിന്നെയും 25 വർഷങ്ങൾക്ക് ശേഷം ഒരു അമേരിക്കൻ ചരിത്രകാരൻ എത്തി. അദ്ദേഹമാണു അഞ്ച് നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന ഒരു ആനക്കുട്ടിയുടെ വിസ്മയചരിത്രം ലോകത്തിനു മുൻപിൽ പരസ്യമാക്കുന്നത്.

 1511 ഡിസംബറിൽ, കൊച്ചിയിൽനിന്ന് മാലിണ്ടി (കെനിയ) വഴി ഗുഡ് ഹോപ്‌ മുനമ്പിലെയ്ക്കും ഏതാണ്ട് ആറു മാസത്തെ യാത്രയ്ക്ക് ഒടുവിൽ പൊർച്ചുഗലിലെ ലിസ്ബൻ വഴി റോമിലേയ്ക്കും എത്തി, ലിയോ പത്താമൻ മാർപ്പാപ്പയുടെ ഓമനയായി മാറിയ ഒരു മലയാളിയായ ആനക്കുട്ടി - കേശവന്റെ അഥവാ "ആനോ"യുടെ കഥ. 

 മലയാളികളുടെ ദീർഘദൂര പ്രവാസം ഒരു പക്ഷെ ഈ കാലഘട്ടത്തിൽ ആകാം ആരംഭിച്ചത്. റോമിൽ നിന്ന് ഒരു ആനയും (കേശവൻ/ആനോ) പാപ്പാനും(ചീരൻ)  കഥ പറയുന്ന അപൂർവ്വമായ നോവൽ ആണ് ജി ആർ ഇന്ദുഗോപന്റെ ആനോ.

 ദീർഘ ഗവേഷണങ്ങളുടെ സഹായത്തോടെ, ഏതാണ്ടു പത്ത് വർഷത്തെ പ്രയത്നം കൊണ്ട് ഒരുപാട് റിസർച്ചുകൾക്ക് ശേഷം രൂപപ്പെടുത്തി എടുത്തത് ആണ് ഈ നോവൽ എന്ന് കഥാകൃത്ത് പറയുന്നു.

1500 കളിലെ കേരളത്തിലെ നാട്ടു രാജ്യങ്ങളുടെ രാഷ്ട്രീയ സാഹചര്യങ്ങളും ഭരണാധികാരികളുടെയും പ്രഭുക്കന്മാരുടെയും അടിയാളന്മാരുടെയും അവസ്ഥകളും വ്യക്തമായും മനസ്സിലാക്കാൻ നോവലിന്റെ തുടക്കം മുതൽ സാധിയ്ക്കുന്നുണ്ട്. 

വാസ്കോ ഡ ഗാമ 1498ൽ കോഴിക്കോട് കപ്പലിറങ്ങിയതിന്റെ കഥകളേ നമ്മൾ  കൂടുതലും പറഞ്ഞു കേട്ടിട്ടുള്ളൂ. എന്നാൽ മാർക്കോപോളോ നടത്തിയ ലോക യാത്രകൾക്ക് ശേഷം വെനീഷ്യക്കാരൻ നിക്കോളോ ഡി കോൻടി തന്റെ മുപ്പത് വർഷങ്ങൾ കൊണ്ട് നടത്തിയ യാത്രകളിൽ നിന്ന് കിട്ടിയ അറിവുകൾ ചേർത്ത്  എഴുതിയ പുസ്തകം പിന്നീട് സഭയുടെ ഉടമസ്ഥതയിൽ പല ഭാഷകളിൽ  പ്രസിദ്ധീകരിച്ചതും ആ പുസ്തകത്തിന്റെയും, പ്രതീക്ഷാ മുനമ്പ് വരെ യാത്ര ചെയ്ത് അതിനപ്പുറം ഇന്ത്യ ഉണ്ട് എന്ന് ഉറപ്പ് നൽകിയ ബാർത്തലോമിയൊ ഡയസ് ന്റെയും സഹായത്തോടെയാണു ഗാമ പിന്നീട് ഇന്ത്യയിലെയ്ക്ക് വന്നത് എന്നതും പലർക്കും അജ്ഞാതമാണ്.  

ആദ്യമായി കേരളത്തിൽ കാലു കുത്തിയത് ഗാമ അല്ല, 'ജോവോ നൂനിസ്' എന്ന തടവുകാരനെ ആണു ഗാമ പരീക്ഷണാർത്ഥം തീരത്തെയ്ക്ക് അയച്ചത് എന്നും രണ്ടു ദിവസം കഴിഞ്ഞ് എല്ലാം സുരക്ഷിതം ആണെന്ന് ഉറപ്പ് കിട്ടിയിട്ടാണ് ഗാമ കപ്പലിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കിയുള്ളൂ എന്നും ഈ നോവൽ വഴി കഥാകൃത്ത്  വെളിപ്പെടുത്തുന്നു. നില നിൽപ്പിനു വേണ്ടിയുള്ള പ്രാദേശിക നാട്ടു രാജാക്കന്മാരുടെ തമ്മിലടികളും മത്സരവും വിദേശികൾ മുതലെടുത്തത് എങ്ങനെ എന്ന് നോവലിൽ വ്യക്തമാക്കുന്നുണ്ട്.  

ബ്രസീൽ കണ്ടെത്തിയ പെഡ്രോ അൽവാരിസ് കബ്രാൾ ന്റെ കേരളാ സന്ദർശനവും അറബികളുമായ് നടത്തിയ യുദ്ധവും എല്ലാം പരാമർശ വിധേയമാകുന്നുണ്ട്. അതു പോലെ കോളമ്പസ് ആണ് അമേരിയ്ക്ക ആദ്യമായി കണ്ടെത്തിയത് എന്നിരിയ്ക്കലും അമരിഗോ വെസ്പൂചിയുടെ കുടുംബത്തിന്റെ സ്വാധീനം കാരണം കൊണ്ടാണ് ആ ഭൂഖണ്ഡത്തിനു പേരിട്ടപ്പോൾ അമേരിക്ക എന്നായത് എന്നതുമെല്ലാം വായനക്കാരിൽ കൗതുകം ജനിപ്പിയ്ക്കുന്ന അറിവുകളാണ്.  

അതു പോലെ റോമിൽ മാർപ്പാപ്പയാകാൻ പരസ്പരം പോരടിച്ചിരുന്ന നിലവിലെ കർദ്ദിനാൾമാരിൽ ശക്തരായ റിയെറിയൊയുടെ റോവറ കുടുംബവും ജോവന്നയുടെ മെഡിചി കുടുംബവും തമ്മിൽ നില നിന്നിരുന്ന മത്സരവും രക്തപങ്കിലമായ കുടുംബ ചരിത്രവുമെല്ലാം വായനക്കാരെ അതിശയിപ്പിയ്ക്കും. അധികാരത്തിനും ആർഭാടത്തിനും വേണ്ടി ശക്തമായ മത്സരം എന്നും എക്കാലവും ഉണ്ടെന്ന് ഈ അറിവുകൾ സാക്ഷ്യപ്പെടുത്തുന്നു.

കശുവണ്ടി അഥവാ പറങ്കിയണ്ടി പോർച്ചുഗലിന്റെ സംഭാവന ആയിരുന്നുവെന്ന് അറിയുമായിരുന്നുവെങ്കിലുംപപ്പായ (അഥവാ കപ്പങ്ങ/ഒമയ്ക്ക) യും കപ്പലണ്ടിയും എല്ലാം അതു പോലെ കടൽ കടന്നു വന്നവർ ആണെന്നും കപ്പലിൽ യാത്ര ചെയ്ത് വന്നത് കൊണ്ടാണ് അവയ്ക്ക് ആ പേര് വന്നതെന്നും ഉള്ളതെല്ലാം എനിയ്ക്കും പുതിയ അറിവുകൾ ആയിരുന്നു.

ഈ നോവലിന്റെ കഥ നടക്കുന്ന കാലഘട്ടത്തിൽ മലയാള ഭാഷ രൂപപ്പെട്ടിട്ടില്ല. ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ചന്റെ ഭാഷയെ ഏകോപിപ്പിയ്ക്കാനുള്ള ശ്രമങ്ങളെ പറ്റിയും ജാതി വിവേചനം ഇല്ലാതെ എല്ലാവർക്കും അറിവ് പകരാനുള്ള ശ്രമങ്ങളെ പറ്റിയും ചെറുതായ പരാമർശം നോവലിൽ വരുന്നുണ്ട്. അതു പോലെ ആനോയും ചീരനും ഒപ്പം റോമിൽ ആക്കാലത്തെ പ്രശസ്ത ചിത്രകാരന്മാരും ശില്പികളും ആയ ലിയാണാർഡൊ ഡാവിഞ്ചി, മൈക്കലാഞ്ചലോ, റാഫേൽ എന്നിവർക്കും പുരൊഹിതനായിരുന്ന മാർട്ടിൻ ലൂഥറിനും എല്ലാം കഥയിൽ പ്രസക്തമായ റോളുകൾ  ഉണ്ട്.

ആനോ എന്ന ഈ നോവൽ വെറുമൊരു ആനയുടെയും ആനക്കാരന്റെയും കഥ മാത്രമല്ല മണ്മറഞ്ഞു പോയ അഞ്ഞൂറ് കൊല്ലം മുൻപത്തെ ചരിത്രത്തിന്റെ ഒരു ഓർമ്മപ്പെടുത്തൽ കൂടി ആകുകയാണ്.

എന്നും ഉദ്വേഗപൂർണ്ണമായ  വായനകൾ നമുക്ക് സമ്മാനിക്കാറുള്ള ഇന്ദുഗോപനിൽ നിന്ന് ലഭിച്ച വേറിട്ട ഒരു പുസ്തകം തന്നെ ആണ് ആനോ.


ശ്രീ